വിയന്നയുടെ പ്രിയപ്പെട്ട ‘ജയന്റ് വീൽ’
ഓസ്ട്രിയയിലെ ഉണരുക! ലേഖകൻ
കൺമുമ്പിൽ അതാ പ്രകൃതിരമണീയമായ വിയന്ന നഗരം. അങ്ങകലെയായി വിയന്നാ വുഡ്സിലെ പർവതനിരകൾ കാണാം. എന്തുകൊണ്ടും അനുയോജ്യമായ പശ്ചാത്തലം. സ്ട്രോസിന്റെ ശ്രുതിമധുരമായ വാൾട്ട്സ് സംഗീതമാണോ ആ കേൾക്കുന്നത്? ഒരു ചെറുപ്പക്കാരൻ മനഃപൂർവം ഈ പശ്ചാത്തലം തിരഞ്ഞെടുത്തിരിക്കുകയാണ്. എന്നാലിപ്പോൾ തന്റെ പ്രേമഭാജനത്തോട് വിവാഹാഭ്യർഥന നടത്താൻ ഒരുങ്ങുന്ന ഈ വേളയിൽ, പടപടാ മിടിക്കുന്ന തന്റെ ഹൃദയം ശാന്തമാക്കാൻ പാടുപെടുകയാണ് അയാൾ. നിലത്തുനിന്ന് 60 മീറ്റർ ഉയരത്തിൽ ആണവർ. അതെങ്ങനെ? ഇത്തരം വിശേഷതയാർന്ന ഒരു അവസരത്തിൽ വിയന്നയുടെ പ്രിയപ്പെട്ട റിസെന്റാഡ് അഥവാ ജയന്റ് വീൽ (ഫെറിസ് ചക്രം) സന്ദർശിക്കുന്ന ആദ്യത്തെയോ അവസാനത്തെയോ വ്യക്തിയല്ല ഇയാൾ.
വിയന്നയിലെ വലിയ പാർക്കായ പ്രാറ്റെറിലാണ് ജയന്റ് വീൽ സ്ഥാപിച്ചിരിക്കുന്നത്. 100-ലധികം വർഷമായി നഗരത്തിലെ ഒരു വിശിഷ്ട ദൃശ്യം എന്ന നിലയിൽ അത് അവിടെ നിലകൊണ്ടിരിക്കുന്നു. ‘വിയന്നയെ അറിയണമെങ്കിൽ അതിനെ ജയന്റ് വീലിൽനിന്നു കാണണം” എന്ന് ആകർഷണകേന്ദ്രത്തിന്റെ പ്രവേശന കവാടത്തിൽ എഴുതിവെച്ചിരിക്കുന്നതു കാണാം. എന്നാൽ ലോകത്തിലെ മറ്റേതൊരു ജയന്റ് വീലിനെക്കാളും പഴക്കമുള്ള ഇതിന് സംഭവബഹുലമായ ഒരു ചരിത്രമാണുള്ളത്. ഈ കൂറ്റൻ ഉരുക്കു നിർമിതിയുടെ ഉത്ഭവം എന്തായിരുന്നു? കാലത്തിന്റെ പ്രതിബന്ധങ്ങളെ അത് അതിജീവിച്ചത് എങ്ങനെയാണ്?
ആദ്യത്തെ ഫെറിസ് ചക്രം
ജയന്റ് വീലിന്റെ ഉത്ഭവം തേടിപ്പോയാൽ നാം ചെന്നെത്തുക 19-ാം നൂറ്റാണ്ടിലാണ്, അതായത് വ്യാവസായിക വിപ്ലവത്തിന്റെ കാലഘട്ടത്തിൽ. ആ സമയത്ത് വ്യാവസായിക രംഗത്ത് നിർമാണത്തിനായി ഉപയോഗിച്ചിരുന്ന വസ്തുക്കളിൽ ഏറ്റവും പ്രചാരം ഉരുക്കിന് ആയിരുന്നു. ലോകത്തിന്റെ വിവിധ പ്രധാന നഗരികളിൽ പുതുമയുള്ള പ്രൗഢഗംഭീരമായ രൂപമാതൃകകളോടു കൂടിയ ഉരുക്കു നിർമിതികൾ ഉയരാൻ തുടങ്ങി. ഉരുക്കും ചില്ലും ഉപയോഗിച്ചു നിർമിച്ച ലണ്ടനിലെ ക്രിസ്റ്റൽ പാലസ്, വിയന്നയിലെ പാം ഹൗസ്, പാരീസിലെ ഈഫൽ ഗോപുരം എന്നിവ അതിന് ഉദാഹരണങ്ങളാണ്. എന്നാൽ ഇത്തരത്തിലുള്ള വാസ്തുശിൽപ്പവിദ്യക്ക് ഏറ്റവും പേരുകേട്ട നഗരം ചിക്കാഗോ ആയിരുന്നു. അവിടെ, 1893-ൽ നടന്ന ലോകമേളയോട് അനുബന്ധിച്ചാണ് അമേരിക്കൻ എഞ്ചിനീയറായ ജോർജ് ഫെറിസ് ആദ്യത്തെ ജയന്റ് വീൽ നിർമിച്ചത്.
ഫെറിസിന്റെ കൗതുകമുണർത്തുന്ന ചക്രത്തിന്റെ വ്യാസം 76 മീറ്ററായിരുന്നു. അതിന്റെ 36 കമ്പാർട്ടുമെന്റുകളിൽ ഓരോന്നിലും 40 പേർക്കു വീതം ഇരിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. അതിൽ ഇരുന്നുകൊണ്ട് അവർക്ക് 20 മിനിട്ടു നേരത്തേക്ക് ചിക്കാഗോയുടെയും പരിസരത്തിന്റെയും നല്ല ഒരു വീക്ഷണം ആസ്വദിക്കാൻ കഴിയുമായിരുന്നു. മേളയ്ക്ക് എത്തിയ സന്ദർശകരിൽ അനേകരെയും ഏറ്റവുമധികം ആകർഷിച്ചത് ഈ ജയന്റ് വീൽ ആയിരുന്നു. എന്നാൽ ക്രമേണ ചിക്കാഗോയിലെ ഫെറിസ് ചക്രത്തിന് അതിന്റെ പുതുമ നഷ്ടപ്പെട്ടു. രണ്ടു വട്ടം സ്ഥലം മാറ്റി സ്ഥാപിച്ച ശേഷം 1906-ൽ ലോഹത്തിനു വേണ്ടി അതു പൊളിച്ചു മാറ്റി. എന്നിരുന്നാലും അതിനോടകം ജയന്റ് വീൽ നിർമിക്കുകയെന്ന ആശയം മറ്റിടങ്ങളിൽ തലപൊക്കി തുടങ്ങിയിരുന്നു.
ജയന്റ് വീൽ വിയന്നയിൽ എത്തുന്നു
ചിക്കാഗോയിലെ ജയന്റ് വീൽ, എഞ്ചിനീയറും ഒരു മുൻ ബ്രിട്ടീഷ് നാവിക ഉദ്യോഗസ്ഥനുമായ വോൾട്ടർ ബാസെറ്റിനെ വളരെയധികം ആകർഷിച്ചു. 1894-ൽ അദ്ദേഹം ലണ്ടനിലെ ഏൾസ് കോർട്ടിൽ സ്ഥാപിക്കുന്നതിനായി ഒരു ജയന്റ് വീൽ രൂപസംവിധാനം ചെയ്തുതുടങ്ങി. പിന്നീട് ഇംഗ്ലണ്ടിലെ ബ്ലാക്ക്പൂളിലും പാരീസിലും അദ്ദേഹം ജയന്റ് വീലുകൾ പണിതു. വിയന്നയിലെ വിനോദ വ്യവസായി ഗാബോർ ഷ്റ്റൈനെർ പുതിയ ആകർഷണങ്ങൾക്കായി അന്വേഷിച്ചുകൊണ്ടിരിക്കുന്ന സമയം ആയിരുന്നു അത്. ഒരു ദിവസം വാൾട്ടർ ബാസെറ്റിന്റെ ഒരു പ്രതിനിധി ഷ്റ്റൈനെറെ സന്ദർശിച്ച് വിയന്നയിൽ ഒരു ജയന്റ് വീൽ പണിയുന്നതിൽ പങ്കാളി ആകാൻ ക്ഷണിച്ചു. പെട്ടെന്നുതന്നെ അവർ ഒരു കരാർ ഉണ്ടാക്കുകയും ഇംഗ്ലണ്ടിൽ നിന്നുള്ള ആവേശജനകമായ പുതിയ കൗതുകവസ്തു സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തുകയും ചെയ്തു. എന്നാൽ പണി തുടങ്ങുന്നതിനുള്ള ഔദ്യോഗിക അനുമതിയുടെ കാര്യമോ?
ഷ്റ്റൈനെർ തന്റെ നിർമാണ പ്ലാൻ നഗരസഭയുടെ മുമ്പാകെ സമർപ്പിച്ചപ്പോൾ അവിടത്തെ ഉദ്യോഗസ്ഥൻ ആ കടലാസിലേക്കും ഷ്റ്റൈനെറിന്റെ മുഖത്തേക്കും മാറിമാറി നോക്കി. പിന്നെ നിഷേധാർഥത്തിൽ തലയാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു: “ഈ സത്ത്വത്തെ നിർമിക്കുന്നതിന് അനുമതി നൽകിയിട്ട് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരെങ്കിലും തയ്യാറാകുമെന്ന് ഡയറക്ടർ സാർ ശരിക്കും വിചാരിക്കുന്നുണ്ടോ?” ഷ്റ്റൈനെർ അപേക്ഷാസ്വരത്തിൽ പറഞ്ഞു: “ഇത്തരം ചക്രങ്ങൾ ലണ്ടനിലും ബ്ലാക്ക്പൂളിലുമൊക്കെ ഉണ്ട്. അവയെല്ലാം ഒരു കുഴപ്പവും കൂടാതെ പ്രവർത്തിക്കുന്നു!” എന്നാൽ ഉദ്യോഗസ്ഥനെ ഒരു തരത്തിലും പറഞ്ഞു ബോധ്യപ്പെടുത്താനായില്ല. “ഇംഗ്ലീഷുകാർ അവർക്കിഷ്ടമുള്ളതു പോലെ ചെയ്തുകൊള്ളട്ടെ, എന്നാൽ ഞാൻ എന്റെ തടികേടാക്കാൻ ഉദ്ദേശിക്കുന്നില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാൽ ഇതൊന്നും ഷ്റ്റൈനെറിന്റെ നിശ്ചയദാർഢ്യത്തെ കെടുത്തിക്കളഞ്ഞില്ല. അശ്രാന്ത പരിശ്രമത്തിലൂടെ ഒടുവിൽ അദ്ദേഹം നിർമാണ അനുമതി നേടിയെടുത്തു.
ഈ പടുകൂറ്റൻ ഉരുക്കു നിർമിതിയുടെ പണി അതിൽത്തന്നെ ഒരു മഹാസംഭവമായിരുന്നു. ആളുകൾ ദിവസവും പണിസ്ഥലത്തു വന്ന് കൗതുകപൂർവം പണി കാണുകയും അതിന്റെ പുരോഗതിയെ കുറിച്ച് അഭിപ്രായം പറയുകയും ചെയ്തിരുന്നു. വെറും എട്ടു മാസംകൊണ്ടു നിർമാണം പൂർത്തിയായി. 1897 ജൂൺ 21-ന് വിയന്ന രാജകൊട്ടാരത്തിലെ ഇംഗ്ലണ്ട് സ്ഥാനപതിയുടെ ഭാര്യ പ്രഭ്വി ഹോറെസ് റംബോൾഡ് അവസാനത്തെ ആണികൾ അടിച്ചിറക്കി. ഏതാനും ദിവസത്തിനകം ജയന്റ് വീൽ പ്രവർത്തനം ആരംഭിച്ചു. ഷ്റ്റൈനെർ പിന്നീടു പറഞ്ഞതുപോലെ “എല്ലാവരും ആഹ്ലാദഭരിതരായിരുന്നു. ടിക്കറ്റ് ഓഫീസുകളിലേക്ക് ജനങ്ങളുടെ പ്രവാഹമായിരുന്നു.”
ജയന്റ് വീലിന്റെ ഉയർച്ചകളും താഴ്ചകളും
ഓസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിന്റെ കിരീടാവകാശിയായ ഫ്രാൻസിസ് ഫെർഡിനാൻഡ് രാജകുമാരൻ ജയന്റ് വീലിന്റെ മുകളിലിരുന്നു സാമ്രാജ്യത്തിന്റെ തലസ്ഥാനം വീക്ഷിക്കുന്നത് ആസ്വദിച്ചിരുന്നു. 1914-ലെ അദ്ദേഹത്തിന്റെ വധം—ഒന്നാം ലോകമഹായുദ്ധത്തിലേക്കു നയിച്ച ഘടകമായിരുന്നു അത്—ജയന്റ് വീലിനെയും ബാധിച്ചു. ജയന്റ് വീലിന് അതിന്റെ പ്രശസ്ത അതിഥിയെ നഷ്ടമായെന്നു മാത്രമല്ല അത് ഒരു സൈനിക നിരീക്ഷണ സ്ഥാനമായിത്തീർന്നതിനാൽ പൊതുജനത്തിന് അതിൽ സവാരി നടത്താൻ കഴിയാതെയുമായി. 1915 മേയിൽ ജയന്റ് വീൽ വീണ്ടും പ്രവർത്തനം ആരംഭിച്ചു. എന്നാൽ ആ സമയത്ത് രാജ്യം വലിയ ഇരുമ്പ് ക്ഷാമം അനുഭവിക്കുകയായിരുന്നു. അതുകൊണ്ട് സ്വാഭാവികമായി ഏവരുടെയും ശ്രദ്ധ ജയന്റ് വീലിലായി. അതു പൊളിക്കാനുള്ള നിർദേശം ഉയർന്നു വന്നു. 1919-ൽ അത് പ്രാഗിലെ ഒരു കച്ചവടക്കാരനു വിറ്റു. മൂന്നു മാസത്തിനുള്ളിൽ അതു പൊളിച്ചു മാറ്റാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ സങ്കീർണമായ ആ നിർമിതി പൊളിച്ചുമാറ്റുന്നതിനു വലിയ ചെലവു വരുമായിരുന്നു. അത് അതിൽനിന്നു ലഭിക്കുമായിരുന്ന ഇരുമ്പിന്റെ മൂല്യത്തെക്കാൾ അധികം ആകുമായിരുന്നു. അങ്ങനെ, ഇതിനോടകംതന്നെ പ്രശസ്തമായിക്കഴിഞ്ഞിരുന്ന ജയന്റ് വീൽ ‘മരണശിക്ഷാവിധിയിൽ’ നിന്നു കഷ്ടിച്ചു രക്ഷപ്പെടുകയും സന്തുഷ്ടരായ പൊതുജനത്തെ ഉല്ലസിപ്പിക്കുന്നതിൽ തുടരുകയും ചെയ്തു.
യുദ്ധവും ഓസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിന്റെ തകർച്ചയും വിയന്നയിൽ വളരെ വലിയ മാറ്റങ്ങൾക്ക് ഇടയാക്കി. 1930-കളിൽ അവിടത്തെ സാമ്പത്തിക സ്ഥിതി വഷളായി, രാഷ്ട്രീയ രംഗത്തിന്റെ സ്ഥിരത നഷ്ടപ്പെട്ടു. ഒരിക്കൽ ആദരണീയനായി കണക്കാക്കപ്പെട്ടിരുന്ന ഷ്റ്റൈനെറിന് യഹൂദവംശജനായിരുന്നതിന്റെ പേരിൽ ജീവരക്ഷാർഥം ഓടിപ്പോകേണ്ടിവന്നു. എന്നിട്ടും 1939 മുതൽ 1940 വരെയുള്ള കാലഘട്ടത്തിൽ ജയന്റ് വീലിനു റെക്കോർഡ് സന്ദർശകരായിരുന്നു. അതിനോടകം പൊട്ടിപ്പുറപ്പെട്ടിരുന്ന രണ്ടാം ലോകമഹായുദ്ധം ആളുകൾക്കിടയിൽ ഉല്ലാസഭ്രാന്ത് ഇളക്കിവിട്ടതു പോലെ തോന്നിച്ചു. എന്നാൽ 1944 സെപ്റ്റംബറിൽ നഗരത്തിൽ ഞെട്ടിക്കുന്ന വാർത്ത പരന്നു—ജയന്റ് വീലിനു തീ പിടിച്ചിരിക്കുന്നു! അടുത്തുള്ള റോളർ കോസ്റ്ററിൽ ഉണ്ടായ വൈദ്യുത തകരാറിന്റെ ഫലമായി ഉണ്ടായ തീ ജയന്റ് വീലിലേക്കും പടർന്ന് അതിന്റെ ആറ് കമ്പാർട്ടുമെന്റുകൾ നശിപ്പിച്ചു. എന്നാൽ അതിനെക്കാൾ വലിയ ദുരന്തം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
രണ്ടാം ലോകമഹായുദ്ധം കെട്ടടങ്ങിക്കൊണ്ടിരുന്ന സമയമായ 1945 ഏപ്രിലിൽ ജയന്റ് വീലിനു വീണ്ടും തീപിടിച്ചു. ഇത്തവണ അതിന്റെ 30 കമ്പാർട്ടുമെന്റുകളും നിയന്ത്രണ സംവിധാനങ്ങളും കത്തിനശിച്ചു. ആകെക്കൂടെ അവശേഷിച്ചത് കേടുപാടു സംഭവിച്ച ഇരുമ്പ് ചട്ടക്കൂടു മാത്രമായിരുന്നു. എന്നാൽ ഇതിനു പോലും ജയന്റ് വീലിനെ നാമാവശേഷമാക്കാൻ ആയില്ല. യുദ്ധാനന്തരം വീടുകൾ കൂട്ടംകൂട്ടമായി തകർന്നുതരിപ്പണമായി കിടന്നപ്പോൾ ജയന്റ് വീൽ അടിയറവു പറയാൻ വിസമ്മതിച്ചുകൊണ്ട് തല ഉയർത്തി നിന്നു. അതു പൊളിച്ചു മാറ്റുന്നത് അങ്ങേയറ്റം ചെലവേറിയ കാര്യമാണെന്നു വീണ്ടും കണ്ടെത്തി. എന്തായിരുന്നു പരിഹാരം?
അത് വീണ്ടും പുതുക്കിപ്പണിതു! എന്നാൽ സുരക്ഷാകാരണങ്ങൾ നിമിത്തം മുമ്പുണ്ടായിരുന്നതിന്റെ നേർ പകുതി കമ്പാർട്ടുമെന്റുകൾ മാത്രമേ പുതുതായി പണിതുള്ളൂ. 1947 മേയ് മുതൽ ഇന്നോളം, ഉല്ലാസഭരിതരായ സവാരിക്കാരെയും കൊണ്ട് അതു കറങ്ങിക്കൊണ്ടിരിക്കുന്നു. അവിസ്മരണീയമായ സിതെർ സംഗീത്തോടുകൂടിയ ദ തേർഡ് മാൻ എന്നതു പോലുള്ള സിനിമകളിലൂടെ ഈ ജയന്റ് വീൽ വിയന്നയ്ക്കു പുറത്തും പ്രസിദ്ധമായിത്തീർന്നിരിക്കുന്നു.
ചിക്കാഗോ, ലണ്ടൻ, ബ്ലാക്ക്പൂൾ, പാരീസ് എന്നിവിടങ്ങളിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട ജയന്റ് വീലുകളെല്ലാം വെറും ഇരുമ്പ് തുണ്ടുകളായി തീർന്നിട്ടും വിയന്നയുടെ ജയന്റ് വീൽ ഇന്നും നിലനിൽക്കുന്നു. പുതുക്കി പണിയാനുള്ള യുദ്ധാനന്തര തലമുറയുടെ ദൃഢനിശ്ചയത്തിനുള്ള സാക്ഷ്യവും വിയന്നയുടെ പ്രതീകവുമെന്ന നിലയിൽ അത് നിലകൊള്ളുന്നു. എന്നെങ്കിലും വിയന്ന സന്ദർശിക്കുകയാണെങ്കിൽ ജയന്റ് വീലിൽ ഒരു സവാരി നടത്താൻ മറക്കരുതേ! ജയന്റ് വീലിൽ ഇരുന്നുകൊണ്ട് മുത്തശ്ശി തന്നെ വിവാഹം കഴിക്കാമെന്നു സമ്മതിച്ചപ്പോൾ പടപടാ മിടിക്കുന്ന ഹൃദയം ശാന്തമാക്കാൻ ശ്രമിച്ചതിനെകുറിച്ച് തന്റെ പേരക്കിടാങ്ങളോടു വിവരിക്കുന്ന ഒരു വൃദ്ധനെ നിങ്ങൾ അവിടെവെച്ച് ഒരുപക്ഷേ കണ്ടുമുട്ടിയെന്നും വരാം.(g01 11/8)
[13-ാം പേജിലെ ചതുരം/ചിത്രം]
റിസെന്റാഡ് (ജയന്റ് വീൽ)
നിർമാണം: 1897-ൽ
ഉയരം: 64.75 മീറ്റർ
ചക്രത്തിന്റെ വ്യാസം: 60.96 മീറ്റർ
ചക്രത്തിന്റെ ഭാരം: 245 ടൺ
ഇരുമ്പുനിർമിത ജയിന്റ് വീലിന്റെ മൊത്ത ഭാരം: 430 ടൺ
വേഗം: മണിക്കൂറിൽ 2.7 കിലോമീറ്റർ
[കടപ്പാട്]
ഉറവിടം: ഹെൽമൂട്ട് യാനും പേറ്റർ പേറ്റ്റിച്ചും 1989-ൽ പ്രസിദ്ധീകരിച്ച ദ വിയന്ന ജയന്റ് ഫെറിസ് വീൽ, പേജ് 39
[15-ാം പേജിലെ ചിത്രം]
ജയന്റ് വീലിൽനിന്നു കാണുന്ന വിയന്നയുടെ വടക്കുകിഴക്കൻ ചക്രവാളരേഖ