യുവജനങ്ങൾ ചോദിക്കുന്നു . . .
സഹതാമസക്കാരനുമായി പൊരുത്തപ്പെട്ടു പോകുക ഇത്ര ബുദ്ധിമുട്ടായിരിക്കുന്നത് എന്തുകൊണ്ട്?
“ഞാൻ വളരെ അടുക്കും ചിട്ടയും ഉള്ള ആളാണ്. പക്ഷേ എന്റെ കൂടെ താമസിക്കുന്നവന്റെ കാര്യം പറയാതിരിക്കുന്നതാണ് ഭേദം. ഞാൻ മുറിയിൽ തിരിച്ചെത്തുമ്പോൾ അവൻ ടിവിയും കണ്ട് നിലത്ത് വിസ്തരിച്ചങ്ങനെ ഇരിപ്പുണ്ടാകും, കടലാസ്സുകളും ചോളപ്പൊരിയുമെല്ലാം അവിടമെങ്ങും ചിതറിക്കിടക്കും. ഓരോ പ്രാവശ്യം മുറിയിലേക്കു പോകുമ്പോഴും എനിക്കറിയാം എന്തായിരിക്കും അവിടെ കാണേണ്ടിവരിക എന്ന്. തിരിച്ച് അങ്ങോട്ടു പോകേണ്ടെന്നു പോലും പലപ്പോഴും തോന്നാറുണ്ട്.”—ഡേവിഡ്.
“എന്റെ കൂടെ താമസിക്കുന്ന കുട്ടിയെ അവളുടെ വീട്ടുകാർ ലാളിച്ചു വഷളാക്കിയിരുന്നു. ചുറ്റും വേലക്കാർ ഉണ്ടെന്ന മട്ടിലായിരുന്നു അവളുടെ പെരുമാറ്റം. എല്ലാം തന്റെ ഇഷ്ടത്തിന് അവൾക്ക് നടന്നുകിട്ടണം.”—റെന്നേ.a
“പരിചയമില്ലാത്ത ഒരു വ്യക്തിയുടെ സ്വഭാവരീതികളുമായി പൊരുത്തപ്പെടാൻ പഠിക്കുന്നത് . . . വഴക്കവും വിട്ടുവീഴ്ചാ മനോഭാവവും വളർത്തിയെടുക്കാൻ സഹായിച്ചേക്കാം” എന്ന് യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ടിലെ ഒരു ലേഖനം പറയുന്നു. “എന്നാൽ ആ പഠനപ്രക്രിയ മിക്കപ്പോഴും വേദനാജനകമായിരിക്കും.” എപ്പോഴെങ്കിലും അങ്ങനെ താമസിക്കേണ്ടിവന്നിട്ടുള്ള ആരും അതിനോടു യോജിച്ചേക്കും.
കോളെജിൽ പഠിക്കുന്ന വിദ്യാർഥികളിൽ പലരും മറ്റൊരാളോടൊപ്പം മുറി പങ്കിടുന്നത് പഠനച്ചെലവു ചുരുക്കാൻ വേണ്ടിയാണ്. മറ്റു ചിലരാകട്ടെ അങ്ങനെ ചെയ്യുന്നത് മാതാപിതാക്കളിൽനിന്നു സ്വാതന്ത്ര്യം ആഗ്രഹിക്കുന്നതുകൊണ്ടും. എന്നാൽ യുവ ക്രിസ്ത്യാനികൾക്കിടയിൽ പലരും ആത്മീയ താത്പര്യങ്ങൾ പിന്തുടരാനാണ് അങ്ങനെ ചെയ്യുന്നത്. (മത്തായി 6:33) ചെലവുകൾ പങ്കുവെക്കാൻ ആരെങ്കിലും ഉള്ളത് മുഴുസമയ സുവിശേഷകരായി സേവിക്കാൻ തങ്ങളെ സഹായിക്കുന്നതായി അവർ കണ്ടെത്തിയിരിക്കുന്നു. മിഷനറിമാരായി പ്രവർത്തിക്കുന്നവർക്കും യഹോവയുടെ സാക്ഷികളുടെ വിവിധ ബ്രാഞ്ച് ഓഫീസുകളിൽ സേവിക്കുന്നവർക്കും ചിലപ്പോൾ മറ്റൊരു വ്യക്തിയോടൊപ്പം മുറി പങ്കിടേണ്ടി വരാറുണ്ട്.b
മറ്റൊരു വ്യക്തിയോടൊപ്പം മുറി പങ്കിടേണ്ടിവന്നിട്ടുള്ള ഒട്ടേറെ യുവതീയുവാക്കളുമായി ഉണരുക! സംസാരിച്ചു. വാടക പങ്കിടാൻ സഹായിക്കുന്നതിൽ കവിഞ്ഞ ധർമങ്ങൾ നിർവഹിക്കാൻ കൂടെ താമസിക്കുന്ന ഒരു വ്യക്തിക്കു കഴിയും എന്ന് എല്ലാവരും സമ്മതിക്കുകയുണ്ടായി. സൗഹൃദത്തിന്റെ ഒരു ഉറവായിരിക്കാൻ, വർത്തമാനം പറയാനും കാര്യങ്ങൾ ചെയ്യാനും ഒരു കൂട്ടായിരിക്കാൻ അവർക്കു സാധിക്കും. “വൈകുന്നതുവരെ ഞങ്ങൾ അതുമിതുമൊക്കെ പറഞ്ഞിരിക്കും അല്ലെങ്കിൽ ചിലപ്പോൾ ഒന്നിച്ചിരുന്നു സിനിമ കാണും,” ലിൻ അനുസ്മരിക്കുന്നു. “കൂടെ താമസിക്കുന്ന വ്യക്തിക്ക് നിങ്ങളെ പ്രോത്സാഹിപ്പിക്കാനും കഴിയും” എന്ന് റെന്നേ പറയുന്നു. “ജീവിക്കാനായി ജോലി ചെയ്യുമ്പോഴും ജീവിതച്ചെലവുകൾ വഹിക്കാൻ പാടുപെടുമ്പോഴും പ്രസംഗവേലയിൽ ഏർപ്പെടാൻ ശ്രമിക്കുമ്പോഴുമൊക്കെ പ്രോത്സാഹനം നൽകാൻ അങ്ങനെയൊരാൾ ഉള്ളതു നല്ലതാണ്.”
എന്നിരുന്നാലും, മറ്റൊരാളോടൊപ്പം—പ്രത്യേകിച്ചും മുമ്പ് ഒട്ടുംതന്നെ പരിചയമില്ലാത്ത ഒരു വ്യക്തിയോടൊപ്പം—മുറി പങ്കിടുന്നത് ഒരു വലിയ വെല്ലുവിളി ആയിരുന്നേക്കാം. കോളെജ് അന്തരീക്ഷത്തെപ്പറ്റി യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഒത്തുപോകാൻ സാധ്യതയുള്ള വ്യക്തികളെ ഒന്നിച്ചു താമസിപ്പിക്കാൻ പല വിദ്യാലയങ്ങളും വളരെ ശ്രമം നടത്തുന്നുണ്ടെങ്കിലും സാധാരണഗതിയിൽ ഫലങ്ങൾ തൃപ്തികരമല്ല.” കോളെജിൽ ഒരുമിച്ചു താമസിക്കുന്നവർ തമ്മിലുള്ള ശണ്ഠകൾ അക്രമസംഭവങ്ങളിൽ പോലും കലാശിച്ചിട്ടുണ്ട്! സഹ താമസക്കാരെ കുറിച്ചുള്ള തീരാത്ത പരാതികൾ തുറന്നു പ്രകടിപ്പിക്കാൻ വിദ്യാർഥികളെ അനുവദിക്കുന്ന നിരവധി ഇന്റർനെറ്റ് വെബ്സൈറ്റുകൾതന്നെ ഇന്ന് രൂപംകൊണ്ടിരിക്കുന്നു. മറ്റൊരാളുമായി മുറി പങ്കിട്ടു താമസിക്കുക എന്നത് മിക്കപ്പോഴും ബുദ്ധിമുട്ടായി തോന്നുന്നത് എന്തുകൊണ്ടാണ്?
മുൻപരിചയമില്ലാത്ത ഒരു വ്യക്തിയോടൊപ്പം താമസിക്കൽ
“പരിചയമില്ലാത്ത ഒരു വ്യക്തിയോടൊപ്പം താമസമാക്കാൻ പോകുന്നത് ആകാംക്ഷ ഉളവാക്കുന്ന ഒരു അനുഭവമാണ്,” മാർക്ക് പറയുന്നു. “അയാൾ എങ്ങനെയുള്ള ആളായിരിക്കുമെന്നു നിങ്ങൾക്ക് അറിയില്ല.” അതേ, തീർത്തും വ്യത്യസ്തനായിരുന്നേക്കാവുന്ന ഒരാളോടൊപ്പം താമസിക്കുന്നതിനെ കുറിച്ചുള്ള ചിന്ത അസ്വസ്ഥജനകമായിരുന്നേക്കാം. ക്രിസ്ത്യാനികൾക്കിടയിൽ പൊതുവായ പല കാര്യങ്ങളും ഉണ്ടെന്നതും അവർക്കു സംസാരിക്കാൻ പറ്റിയ പല കാര്യങ്ങളും ഉണ്ടെന്നതും ശരിയാണ്. എങ്കിൽപ്പോലും ഡേവിഡ് ഇങ്ങനെ സമ്മതിച്ചുപറയുന്നു: “ഒരു സഹതാമസക്കാരൻ ഉണ്ടായിരിക്കുന്നതു സംബന്ധിച്ച് എനിക്ക് പലവിധ ആശങ്കകൾ ഉണ്ടായിരുന്നു.”
ഡേവിഡിനു പക്ഷേ കൂടെ താമസിക്കാൻ കിട്ടിയത് സമാന പശ്ചാത്തലമുള്ള ഒരാളെ തന്നെയാണ്. എന്നാൽ എല്ലാവരുടെയും കാര്യത്തിൽ അങ്ങനെ സംഭവിച്ചെന്നു വരില്ല. മാർക്ക് പറയുന്നതു ശ്രദ്ധിക്കുക: “ആദ്യം എന്റെ കൂടെ താമസിച്ചവൻ ഒരു മിണ്ടാപ്പൂച്ചയായിരുന്നു. ഒരാളോടൊപ്പം ഒരേ മുറിയിൽ കഴിയുമ്പോൾ എന്തെങ്കിലുമൊക്കെ സംസാരിക്കാൻ നമ്മൾ ആഗ്രഹിക്കില്ലേ? പക്ഷേ അവൻ ഒരക്ഷരം മിണ്ടില്ലായിരുന്നു. എനിക്ക് ശരിക്കും ദേഷ്യം വന്നു.”
കുടുംബ പശ്ചാത്തലങ്ങളിലെ വ്യത്യാസങ്ങൾ കൂടുതലായ പിരിമുറുക്കങ്ങൾക്ക് ഇടയാക്കിയേക്കാം. ലിൻ പറയുന്നു: “ആദ്യമായി വീട്ടിൽനിന്നു മാറിത്താമസിക്കുമ്പോൾ എല്ലാം സ്വന്ത ഇഷ്ടപ്രകാരം ചെയ്യാൻ നാം ആഗ്രഹിക്കും. എന്നാൽ വേറെ ചിലരെ കൂടെ കണക്കിലെടുക്കേണ്ടതുണ്ടെന്ന് താമസിയാതെ നമ്മൾ മനസ്സിലാക്കുന്നു.” സ്വന്തം ഭവനത്തിന്റെ സുരക്ഷിതമായ അന്തരീക്ഷം വിട്ടുപോരുന്ന നിങ്ങളെ, മറ്റാളുകൾ എത്ര വ്യത്യസ്തമായാണ് കാര്യങ്ങളെ വീക്ഷിക്കുന്നത് എന്നറിയുന്നത് ഞെട്ടിച്ചേക്കാം.
വ്യത്യസ്ത പശ്ചാത്തലങ്ങൾ, വ്യത്യസ്ത രീതികൾ
ഒട്ടുമിക്ക കാര്യങ്ങളും മാതാപിതാക്കളിൽനിന്നുള്ള പരിശീലനത്തെ—അല്ലെങ്കിൽ പരിശീലനത്തിന്റെ അഭാവത്തെ—ആശ്രയിച്ചിരിക്കുന്നു. (സദൃശവാക്യങ്ങൾ 22:6) ഫെർണാൻഡോ എന്ന ആൺകുട്ടി പറയുന്നു: “ഞാൻ വളരെ അടുക്കും ചിട്ടയുമുള്ളവനാണ്, എന്റെ കൂടെ താമസിക്കുന്നവന്റെ സ്വഭാവമാകട്ടെ അതിനു നേരെ വിപരീതവും. അവൻ വസ്ത്രങ്ങളെല്ലാം വലിച്ചുവാരിയിടും, എനിക്കാണെങ്കിൽ എല്ലാം നല്ല വൃത്തിയായി തൂക്കിയിടുന്നതാണ് ഇഷ്ടം.” ചിലപ്പോൾ ഇരുകൂട്ടരുടെയും നിലവാരങ്ങൾ തമ്മിൽ ധ്രുവങ്ങളുടെ അന്തരം ഉണ്ടാകും.
റെന്നേ അനുസ്മരിക്കുന്നു: “എന്നോടൊപ്പം താമസിച്ചിരുന്ന ഒരു കുട്ടി ഉണ്ടായിരുന്നു, അവൾ മുറി ശരിക്കും ഒരു പന്നിക്കൂടു പോലെ ആക്കിയിടും! എന്റെ ഒപ്പം താമസിച്ചിരുന്ന മറ്റു ചിലരാണെങ്കിൽ ആഹാരം കഴിച്ച ശേഷം മേശ വൃത്തിയാക്കുമായിരുന്നില്ല. അതുപോലെ ഉപയോഗിച്ച പാത്രങ്ങൾ കഴുകാതെ രണ്ടോ മൂന്നോ ദിവസംവരെ സിങ്കിൽ ഇട്ടേക്കും.” അതേ, ഗൃഹജോലികളുടെ കാര്യത്തിൽ ചിലർ സദൃശവാക്യങ്ങൾ 26:14-ൽ പറഞ്ഞിരിക്കുന്ന വ്യക്തിയോട് ഒക്കുന്നു: “കതകു ചുഴിക്കുററിയിൽ എന്നപോലെ മടിയൻ തന്റെ കിടക്കയിൽ തിരിയുന്നു.”
ഇനി, അങ്ങേയറ്റത്തെ വൃത്തിയും വെടിപ്പുമുള്ള ഒരാളോടൊപ്പം കഴിയുന്നതും അത്ര രസമുള്ള കാര്യമല്ല. ലീ എന്ന യുവതി തന്റെ സഹതാമസക്കാരിയെ കുറിച്ചു പറയുന്നത് ഇങ്ങനെയാണ്: “എപ്പോഴും മുറി വൃത്തിയാക്കലായിരുന്നു അവളുടെ പണി. ഞാനും വൃത്തിയും വെടിപ്പും ഉള്ള ആൾതന്നെയാണ്. പക്ഷേ ഞാൻ എങ്ങാനും ഒരു പുസ്തകമോ മറ്റോ കിടക്കയിൽ ഇട്ടിട്ടുപോയാൽ അവൾ ഒരു വരവുവരും, എല്ലാം നേരെയാക്കാൻ എന്ന മട്ടിൽ.”
വ്യക്തിപരമായ ശുചിത്വത്തിന്റെ കാര്യത്തിലും ഓരോരുത്തർക്കും തങ്ങളുടേതായ വീക്ഷണങ്ങൾ കാണും. മാർക്ക് വിശദീകരിക്കുന്നു: “എന്റെ കൂടെ താമസിക്കുന്ന വ്യക്തി വളരെ വൈകിയേ ഉണരൂ. എഴുന്നേറ്റ ഉടനെ നേരെ സിങ്കിനടുത്തേക്കു ചെല്ലും. മുടിയിൽ പേരിന് അൽപ്പം വെള്ളം തളിച്ചിട്ട് ഒരു പോക്കാണ്.”
കുടുംബ പശ്ചാത്തലത്തിലെയും വ്യക്തിത്വത്തിലെയും വ്യത്യാസങ്ങൾ വിനോദങ്ങളുടെയും കളികളുടെയും തിരഞ്ഞെടുപ്പുകളെ ബാധിച്ചേക്കാം. “എനിക്ക് ഇഷ്ടമുള്ള സംഗീതം അവന് ഇഷ്ടപ്പെടില്ല” എന്ന് മാർക്ക് പറയുന്നു. എന്നാൽ പരസ്പര ആദരവുണ്ടെങ്കിൽ അത്തരം വ്യത്യാസങ്ങൾ പ്രയോജനകരമായിരുന്നേക്കാം, ഒരുപക്ഷേ തങ്ങളുടെ അഭിരുചികൾ വികസിപ്പിക്കാൻ അത് ഇരുവരെയും സഹായിച്ചേക്കാം. എന്നാൽ ഒട്ടുമിക്കപ്പോഴും ഇത്തരം വ്യത്യാസങ്ങൾ ശണ്ഠയിൽ കലാശിക്കുന്നു. “എനിക്ക് സ്പാനിഷ് സംഗീതം ഇഷ്ടമാണ്, പക്ഷേ എന്റെ സഹതാമസക്കാരനാകട്ടെ എപ്പോഴും അതിനെ വിമർശിക്കും” എന്ന് ഫെർണാൻഡോ പറയുന്നു.
ഫോണും ഒരു പ്രശ്നം
ശണ്ഠയ്ക്കു വഴിതെളിക്കുന്ന ഏറ്റവും വലിയ കാരണങ്ങളിൽ ഒന്നായിരിക്കാം ടെലിഫോണിന്റെ ഉപയോഗം. മാർക്ക് പറയുന്നു: “ഞാൻ ഉറങ്ങാൻ കിടന്നിട്ടുണ്ടാകും. പക്ഷേ എന്റെ കൂടെ താമസിക്കുന്നവൻ രാത്രി വൈകുന്നതുവരെ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കും. കുറച്ചു കഴിഞ്ഞാൽ ആർക്കായാലും അരിശം വരും.” ലിന്നിനും പറയാനുള്ളത് അതുതന്നെയാണ്: “ചിലപ്പോൾ എന്റെ കൂടെ താമസിക്കുന്ന കുട്ടിയുടെ കൂട്ടുകാർ വെളുപ്പിന് മൂന്നു മണിക്കും നാലു മണിക്കുമൊക്കെ അവളെ ഫോണിൽ വിളിക്കും. അവൾ ഇല്ലാത്തപ്പോൾ ഞാൻ ചെന്ന് ഫോണെടുക്കേണ്ടി വരുമായിരുന്നു.” അവർ പ്രശ്നം പരിഹരിച്ചത് എങ്ങനെയാണ്? “ഞാനും അവളും വെവ്വേറെ ഫോൺ ഉപയോഗിക്കാൻ തുടങ്ങി.”
എന്നാൽ എല്ലാ യുവജനങ്ങൾക്കും സ്വന്തമായി ഫോൺ വാങ്ങാൻ സാധിച്ചെന്നു വരില്ല, ഒരു ഫോൺതന്നെ പലർ ചേർന്ന് ഉപയോഗിക്കാൻ നിർബന്ധിതരാകുന്നു. ഇത് പിരിമുറുക്കത്തിന് ഇടയാക്കിയേക്കാം. റെന്നേ അനുസ്മരിക്കുന്നു: “എന്റെ കൂടെ താമസിച്ചിരുന്ന കുട്ടിക്ക് ഒരു ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു, മിക്കപ്പോഴും മണിക്കൂറുകളോളം അവൾ ഫോണിൽ സംസാരിച്ചിരിക്കും. ഒരു മാസം അവൾ 4,000-ത്തിലധികം രൂപയ്ക്ക് ഫോൺ വിളിച്ചു. ബില്ലിന്റെ പണം തുല്യമായി പങ്കിട്ട് അടയ്ക്കാൻ ഞങ്ങൾ മുമ്പ് സമ്മതിച്ചിരുന്നതുകൊണ്ട് ഞങ്ങൾ ഓരോരുത്തരും പണം നൽകാൻ അവൾ പ്രതീക്ഷിച്ചു.”
ഇനി ഫോൺ ഉപയോഗിക്കാൻ അവസരം ലഭിക്കാത്തതും ഒരു പ്രശ്നമായേക്കാം. “എന്റെ കൂടെ താമസിച്ചിരുന്ന വ്യക്തിക്ക് എന്നെക്കാൾ പ്രായം ഉണ്ടായിരുന്നു,” ലീ അനുസ്മരിക്കുന്നു. “ഞങ്ങൾക്ക് ഒരു ഫോൺ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് ഒത്തിരി കൂട്ടുകാർ ഉണ്ടായിരുന്നതുകൊണ്ട് ഞാൻ ഏതു സമയവും ഫോൺ ഉപയോഗിക്കും. പക്ഷേ അവൾ ഒരിക്കലും ഒന്നും പറഞ്ഞില്ല. ഫോൺ ഉപയോഗിക്കണമെന്നുണ്ടെങ്കിൽ അവൾ അത് എന്നോടു പറയുമെന്നു ഞാൻ കരുതി. ഒട്ടും പരിഗണന ഇല്ലാതെയാണ് ഞാൻ പെരുമാറിയത് എന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു.”
സ്വകാര്യതയില്ലായ്മ
“എല്ലാവരും കുറച്ചൊക്കെ സ്വകാര്യത ഇഷ്ടപ്പെടുന്നു,” ഡേവിഡ് പറയുന്നു. “ചിലപ്പോൾ, ഒന്നും ചെയ്യാതെ വെറുതെയങ്ങനെ കിടക്കാൻ എനിക്കിഷ്ടമാണ്.” എന്നാൽ, മറ്റൊരാളോടൊപ്പം മുറി പങ്കിടുമ്പോൾ സ്വകാര്യ നിമിഷങ്ങൾ കണ്ടെത്തുക വെല്ലുവിളി ആയേക്കാം. “തനിച്ചായിരിക്കാൻ എനിക്ക് ഇഷ്ടമാണ്,” മാർക്ക് പറയുന്നു. “അതുകൊണ്ട് സ്വകാര്യതയില്ലായ്മയാണ് എന്നെ ഏറ്റവും ബുദ്ധിമുട്ടിക്കുന്നത്. ഞാനും സഹതാമസക്കാരനും പുറത്തു പോകുന്നതും വരുന്നതുമൊക്കെ ഏതാണ്ട് ഒരേ സമയത്താണ്. അതുകൊണ്ട് തനിച്ചായിരിക്കാൻ എനിക്കു കഴിയുന്നില്ല.”
യേശുക്രിസ്തു പോലും ചിലപ്പോൾ തനിച്ചായിരിക്കാൻ ആഗ്രഹിച്ചു. (മത്തായി 14:13) അതുകൊണ്ട്, കൂടെ താമസിക്കുന്ന വ്യക്തിയുടെ സാന്നിധ്യം വായനയ്ക്കോ പഠനത്തിനോ ധ്യാനത്തിനോ വിഘാതം സൃഷ്ടിക്കുമ്പോൾ അതു നിരാശയ്ക്ക് ഇടയാക്കിയേക്കാം. മാർക്ക് പറയുന്നു: “എപ്പോഴും അവന് ഓരോന്നു ചെയ്യാനുണ്ടാകും, അത് എന്റെ പഠനത്തെ തടസ്സപ്പെടുത്തുന്നു. ചിലപ്പോൾ അവൻ കൂട്ടുകാരെ ക്ഷണിച്ചുവരുത്തും, അല്ലെങ്കിൽ ഫോണിൽ സംസാരിക്കുകയാവും, അതുമല്ലെങ്കിൽ ടിവി കാണുകയോ റേഡിയോ കേൾക്കുകയോ ചെയ്തുകൊണ്ടിരിക്കും.”
മറ്റൊരാളോടൊപ്പം മുറി പങ്കിടുന്നത് വെല്ലുവിളി ആയിരിക്കാമെങ്കിലും ആയിരക്കണക്കിനു യുവജനങ്ങൾ അതിൽ വിജയിച്ചിട്ടുണ്ട്. അങ്ങനെ താമസിക്കേണ്ടി വരുന്ന ഒരു സാഹചര്യത്തെ ഏറ്റവും നന്നായി പ്രയോജനപ്പെടുത്താൻ കഴിയുന്ന ചില പ്രായോഗിക വഴികൾ ഈ പരമ്പരയിലെ മറ്റു ലേഖനങ്ങൾ ചർച്ച ചെയ്യും. (g02 4/22)
[അടിക്കുറിപ്പുകൾ]
a ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
b ഈ ബുദ്ധിയുപദേശങ്ങൾ യുവജനങ്ങളെ ഉദ്ദേശിച്ചുള്ളവയാണെങ്കിലും സാഹചര്യങ്ങൾക്കു മാറ്റം വന്നതിനെ തുടർന്ന്—ഉദാഹരണത്തിന് ഭാര്യയെയോ ഭർത്താവിനെയോ നഷ്ടപ്പെട്ടതു നിമിത്തം—മറ്റൊരു വ്യക്തിയോടൊപ്പം മുറി പങ്കിടേണ്ടി വന്നിരിക്കുന്ന പ്രായമായവർക്കും അവ സഹായകമായേക്കാം.
[14, 15 പേജുകളിലെ ചിത്രം]
സംഗീതത്തിലെ വ്യത്യസ്ത അഭിരുചികൾ വെല്ലുവിളി ഉയർത്തിയേക്കാം
[16-ാം പേജിലെ ചിത്രം]
പരിഗണനയില്ലായ്മ പിരിമുറുക്കത്തിന് ഇടയാക്കിയേക്കാം