ബൈബിളിന്റെ വീക്ഷണം
ക്രിസ്ത്യാനികൾ മറ്റുള്ളവരോടു പ്രസംഗിക്കണമോ?
നിങ്ങൾ വളർന്നുവന്ന സാഹചര്യവും നിങ്ങളുടെ സംസ്കാരവും മതപരമായ ചർച്ചകൾ വീട്ടിനുള്ളിലും പള്ളിയിലും മാത്രം ഒതുക്കിനിറുത്തേണ്ടതാണെന്ന ധാരണ നിങ്ങളിൽ ഉളവാക്കിയിട്ടുണ്ടായിരിക്കാം. അതുകൊണ്ട് മുൻകൂട്ടി അറിയിക്കാതെ ആരെങ്കിലും കയ്യിലൊരു ബൈബിളുമായി നിങ്ങളുടെ വീട്ടുവാതിൽക്കൽ വന്നാൽ നിങ്ങൾക്കു നീരസം തോന്നാനിടയുണ്ട്. ജീവരക്ഷാകര പ്രവർത്തനത്തിന്റെ മറയും പിടിച്ച് മതം ചെയ്തുകൂട്ടിയിട്ടുള്ള അതിക്രമങ്ങളായിരിക്കാം ചിലർ ഇത്തരമൊരു മനോഭാവം സ്വീകരിക്കാൻ ഇടയാക്കിയിരിക്കുന്നത്.
പല രാഷ്ട്രങ്ങളുടെയും ചരിത്രം ആളുകൾ കൂട്ടത്തോടെ മതപരിവർത്തനം നടത്തിയിട്ടുള്ളതിനെ കുറിച്ചു പറയുന്നു. എന്നാൽ ക്രിസ്തുവിനോടുള്ള സ്നേഹമല്ല പിന്നെയോ വാളിനോടുള്ള ഭയമായിരുന്നു അവരെ അതിനു പ്രേരിപ്പിച്ചത്. തങ്ങളുടെ പീഡകരുടെ മതം സ്വീകരിക്കാൻ വിസമ്മതിച്ച പലർക്കും ഒളിവിൽ പോകേണ്ടതായും നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടതായും ജീവൻ പോലും വെടിയേണ്ടതായും—ചിലരെ സ്തംഭത്തിലേറ്റി ചുട്ടെരിച്ചു—വന്നു.
ബൈബിളിലെ നിശ്വസ്ത എഴുത്തുകൾ ഇത്തരം നിർബന്ധിത മതപരിവർത്തനത്തെ പിന്തുണയ്ക്കുന്നില്ല. ഒരുവന്റെ മതവിശ്വാസങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കരുത് എന്നാണോ ഇതിന്റെ അർഥം? ബൈബിൾ തന്നെ അതിന് ഉത്തരം നൽകുന്നു.
അധികാരപൂർവം പഠിപ്പിക്കുന്നു
ആദ്യമായി, യേശുക്രിസ്തു വെച്ച മാതൃക പരിചിന്തിക്കുക. തന്റെ ശ്രോതാക്കളുടെ ജീവിതത്തെ സ്വാധീനിച്ച ഒരു മികച്ച ഗുരു അഥവാ ഉപദേഷ്ടാവായിരുന്നു അവൻ. (യോഹന്നാൻ 13:13, 15) ഗിരിപ്രഭാഷണത്തിലെ അവന്റെ പഠിപ്പിക്കൽ ലളിതവും അതേസമയം ശക്തവും ആയിരുന്നു. അതിന്റെ ഫലമായി “പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു.” കാരണം, “അധികാരമുള്ളവനായിട്ടത്രേ അവൻ അവരോടു ഉപദേശിച്ചതു.” (മത്തായി 7:28, 29) ഏകദേശം 2,000 വർഷത്തിനു ശേഷം ഇപ്പോഴും അവന്റെ ആ പഠിപ്പിക്കലുകൾ അവ പരിശോധിക്കുന്നവരുടെ ജീവിതത്തെ സ്വാധീനിക്കുന്നു. ഇതു സ്ഥിരീകരിച്ചുകൊണ്ട് പ്രൊഫസർ ഹാൻസ് ഡീറ്റർ ബെറ്റ്സ് പറയുന്നു: “ഗിരിപ്രഭാഷണത്തിന്റെ സ്വാധീനം പൊതുവേ യഹൂദ-ക്രിസ്തീയ മതങ്ങളുടെയും, പാശ്ചാത്യ സംസ്കാരത്തിന്റെ പോലും അതിർ വരമ്പുകൾ കടന്ന് ബഹുദൂരം വ്യാപിക്കുന്നു.”
താൻ തുടങ്ങിവെച്ച പഠിപ്പിക്കൽ വേല തന്റെ മരണശേഷം തുടരുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുമെന്ന് ഉറപ്പു നൽകുന്ന ഒരു കൽപ്പന സ്വർഗാരോഹണത്തിനു തൊട്ടു മുമ്പ് യേശു നൽകി. (യോഹന്നാൻ 14:12) താൻ “കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു” സകലജാതികളുടെയും അടുക്കൽ പോകാൻ അവൻ തന്റെ ശിഷ്യന്മാരോടു നിർദേശിച്ചു. അതേ വാചകത്തിൽത്തന്നെ ആ നിയമനത്തിന്റെ മുഖ്യ ഉദ്ദേശ്യം എന്താണെന്നും യേശു വ്യക്തമാക്കി. അവൻ പറഞ്ഞു: ‘ആകയാൽ നിങ്ങൾ പുറപ്പെട്ട് അവരെ ശിഷ്യരാക്കിക്കൊൾവിൻ.’ (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.)—മത്തായി 28:19, 20; പ്രവൃത്തികൾ 1:8.
ഇനി, അപ്പൊസ്തലനായ പൗലൊസിന്റെ ദൃഷ്ടാന്തവും പരിചിന്തിക്കുക. ഒരു ക്രിസ്ത്യാനി ആയിത്തീർന്ന ശേഷം തന്റെ പുതിയ വിശ്വാസം മറ്റുള്ളവരുമായി പങ്കുവെക്കാൻ അവനു മടിയുണ്ടായിരുന്നില്ല. (പ്രവൃത്തികൾ 9:17-19, 22) സിന്നഗോഗുകളിൽ പോയി, ‘ക്രിസ്തു കഷ്ടമനുഭവിച്ചശേഷം മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്ക്കേണ്ടത് ആവശ്യമായിരുന്നു എന്ന് വിശദീകരിക്കുകയും തെളിയിക്കുകയും’ ചെയ്യുന്നത് അവന്റെ പതിവായിരുന്നു. ‘യഹൂദരെയും ഗ്രീക്കുകാരെയും ബോധ്യപ്പെടുത്താൻ’ തക്കവണ്ണം ‘അവൻ തിരുവെഴുത്തുകളെ ആധാരമാക്കി അവരുമായി സംവാദത്തിലേർപ്പെട്ടു.’ ഒരു പരാമർശ ഗ്രന്ഥം പറയുന്നതനുസരിച്ച് “ബോധ്യപ്പെടുത്തുക” എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കു പദത്തിന്റെ അർഥം “ന്യായയുക്തതയുടെയോ ധാർമിക പരിചിന്തനത്തിന്റെയോ സ്വാധീനത്താൽ മനംമാറ്റം വരുത്തുക” എന്നാണ്. പൗലൊസിന്റെ ബോധ്യംവരുത്തുന്ന ന്യായവാദത്തിന്റെ ഫലമായി, തങ്ങൾ വിശ്വസിച്ചിരുന്ന കാര്യങ്ങൾ തെറ്റാണെന്ന് ‘ഒട്ടധികം ആളുകൾക്കു ബോധ്യപ്പെട്ടു.’—പ്രവൃത്തികൾ 15:3; 17:1-4, 17; 18:4; 19:26, ന്യൂ ഇൻഡ്യാ ബൈബിൾ ഭാഷാന്തരം.
നിർബന്ധിക്കലോ ബോധ്യപ്പെടുത്തലോ?
ഇക്കാലത്ത് “മതപരിവർത്തനം” എന്ന പദത്തിന് ഏതെങ്കിലും തരത്തിൽ നിർബന്ധിച്ചു മതപരിവർത്തനം ചെയ്യിക്കുക എന്ന അർഥം കൈവന്നിരിക്കുന്നു. എന്നാൽ അത്തരമൊരു സംഗതിയെ ബൈബിൾ പിന്തുണയ്ക്കുന്നില്ല. നേരെ മറിച്ച് മനുഷ്യനെ പ്രവർത്തനസ്വാതന്ത്ര്യം ഉള്ളവനായാണ് സൃഷ്ടിച്ചതെന്നും സ്വന്തം ജീവിതംകൊണ്ട് എന്തു ചെയ്യണമെന്നു തീരുമാനിക്കാനുള്ള ഉത്തരവാദിത്വവും അതിനുള്ള അവസരവും അവനു നൽകിയിട്ടുണ്ടെന്നും അതു പഠിപ്പിക്കുന്നു. ദൈവത്തെ എങ്ങനെ ആരാധിക്കണമെന്ന തീരുമാനവും ഇതിൽ ഉൾപ്പെടുന്നു.—ആവർത്തനപുസ്തകം 30:19, 20; യോശുവ 24:15.
ദൈവം മനുഷ്യനു നൽകിയ ആ അവകാശത്തെ യേശു മാനിച്ചു. താൻ പറയുന്നത് മറ്റുള്ളവരെക്കൊണ്ടു നിർബന്ധിച്ച് അംഗീകരിപ്പിക്കാൻ വേണ്ടി അവൻ ഒരിക്കലും തന്റെ വലിയ അധികാരവും ശക്തിയും ഉപയോഗിച്ചില്ല. (യോഹന്നാൻ 6:66-69) ആളുകളുടെ ഹൃദയത്തിൽ എത്തിച്ചേരുക എന്ന ഉദ്ദേശ്യത്തിൽ അവൻ ഈടുറ്റ ന്യായവാദങ്ങളും ദൃഷ്ടാന്തങ്ങളും വീക്ഷണചോദ്യങ്ങളും ഉപയോഗിച്ചു. അങ്ങനെ അവരെ പ്രവർത്തനത്തിനു പ്രചോദിപ്പിക്കാൻ അവൻ ആഗ്രഹിച്ചു. (മത്തായി 13:34; 22:41-46; ലൂക്കൊസ് 10:36) മറ്റുള്ളവരോട് ഇതേ ആദരവു പ്രകടമാക്കാൻ യേശു തന്റെ ശിഷ്യന്മാരെയും പഠിപ്പിച്ചു.—മത്തായി 10:14.
പൗലൊസ് തന്റെ ശുശ്രൂഷയിൽ യേശുവിന്റെ മാതൃക പിൻപറ്റി എന്നതു വ്യക്തമാണ്. അവൻ ഈടുറ്റ തിരുവെഴുത്തു ന്യായവാദങ്ങളാൽ തന്റെ ശ്രോതാക്കൾക്കു ബോധ്യം വരുത്താൻ ശ്രമിച്ചപ്പോൾത്തന്നെ അവരുടെ വികാരങ്ങളെയും വീക്ഷണങ്ങളെയും മാനിക്കുകയും ചെയ്തു. (പ്രവൃത്തികൾ 17:22, 23, 32) സ്രഷ്ടാവിനെ സേവിക്കാൻ വേണ്ട പടികൾ സ്വീകരിക്കുന്നതിനുള്ള പ്രേരകഘടകം ദൈവത്തോടും ക്രിസ്തുവിനോടുമുള്ള ഓരോരുത്തരുടെയും സ്നേഹമായിരിക്കണം എന്ന് അവന് അറിയാമായിരുന്നു. (യോഹന്നാൻ 3:16; 21:15-17) അതുകൊണ്ട് നമ്മുടെ തീരുമാനം വ്യക്തിപരമായ ഒന്നാണ്.
വ്യക്തിപരമായ തീരുമാനം
എങ്ങനെയുള്ള വീടു വാങ്ങണം, എവിടെ ജോലി ചെയ്യണം, കുട്ടികളെ എങ്ങനെ വളർത്തണം എന്നിങ്ങനെയുള്ള സുപ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ ബുദ്ധിയുള്ളവരാരും പെട്ടെന്നു തോന്നുന്ന ഒരു ആവേശത്തിന്റെ പുറത്തു പ്രവർത്തിക്കുകയില്ല. സ്വീകരിക്കാവുന്ന വ്യത്യസ്ത ഗതികളെ കുറിച്ച് അവർ ഗവേഷണം നടത്തുകയും അവയെ കുറിച്ചു വിശകലനം ചെയ്യുകയും സാധ്യതയനുസരിച്ച് മറ്റുള്ളവരുടെ ഉപദേശം ആരായുകയും ചെയ്യും. ഇതെല്ലാം ചെയ്തതിനു ശേഷമേ അവർ ഒരു തീരുമാനം കൈക്കൊള്ളുകയുള്ളൂ.
ദൈവത്തെ എങ്ങനെ ആരാധിക്കണമെന്ന തീരുമാനം ജീവിതത്തിലെ മറ്റേതു തീരുമാനത്തെക്കാളും അധികം സമയവും ശ്രമവും അർഹിക്കുന്നു. അത് ഇപ്പോഴത്തെ നമ്മുടെ ജീവിതഗതിയെയും അതിലുപരി ഭാവിയിലെ നിത്യജീവന്റെ പ്രത്യാശയെയും ബാധിക്കും. ഒന്നാം നൂറ്റാണ്ടിൽ ബെരോവാ നഗരത്തിലുണ്ടായിരുന്ന ക്രിസ്ത്യാനികൾ ഈ വസ്തുത വളരെ നന്നായി മനസ്സിലാക്കിയിരുന്നു. പൗലൊസ് അപ്പൊസ്തലൻ അവർക്കു വ്യക്തിപരമായി സുവിശേഷം വിശദീകരിച്ചുകൊടുത്തെങ്കിലും തങ്ങൾ പഠിക്കുന്നതു സത്യമാണെന്ന് ഉറപ്പുവരുത്തുന്നതിന് അവർ ദിവസവും തിരുവെഴുത്തുകൾ ശ്രദ്ധാപൂർവം പരിചിന്തിച്ചു. അതിന്റെ ഫലമായി ‘അവരിൽ പലരും വിശ്വാസികളായി.’—പ്രവൃത്തികൾ 17:11, 12.
ഇന്ന് യഹോവയുടെ സാക്ഷികൾ യേശു ഏർപ്പെടുത്തിയ പഠിപ്പിച്ചു ശിഷ്യരാക്കുക എന്ന വേലയിൽ തുടരുന്നു. (മത്തായി 24:14) സ്വന്തം മതം ഉണ്ടായിരിക്കാനുള്ള മറ്റുള്ളവരുടെ അവകാശത്തെ അവർ മാനിക്കുന്നു. എന്നാൽ തങ്ങളുടെ മതവിശ്വാസങ്ങൾ മറ്റുള്ളവരുമായി പങ്കിടുന്ന കാര്യത്തിൽ അവർ ബൈബിളിൽ കാണുന്ന മാതൃക പിൻപറ്റുന്നു. അതേ, തിരുവെഴുത്തുകളിൽനിന്നുള്ള സത്യസന്ധമായ ന്യായവാദങ്ങൾ ഉപയോഗിച്ച് തങ്ങൾ ജീവരക്ഷാകരമായ ഒന്നായി കണക്കാക്കുന്ന വേലയിൽ അവർ ഏർപ്പെടുന്നു.—യോഹന്നാൻ 17:3; 1 തിമൊഥെയൊസ് 4:16. (g02 6/8)