‘കിരാതമായ ഒരു കുറ്റകൃത്യം’
മാരീയa ബാലവേശ്യാവൃത്തി ആരംഭിച്ചപ്പോൾ അവൾക്കു 14 വയസ്സായിരുന്നു.b സ്വന്തം അമ്മയുടെ നിർബന്ധത്തിനു വഴങ്ങിയാണ് അവൾ ഈ ഹീനമായ ജീവിതശൈലി തിരഞ്ഞെടുത്തത്. സുന്ദരിയായതിനാൽ പുരുഷന്മാർക്ക് അവളെ വളരെ ഇഷ്ടമാകുമെന്നും അവൾക്കു ധാരാളം പണം സമ്പാദിക്കാമെന്നും അമ്മ അവളോടു പറഞ്ഞു. വൈകുന്നേരങ്ങളിൽ അമ്മ അവളെയും കൂട്ടി പുരുഷന്മാരെ കണ്ടുമുട്ടാനിടയുള്ള, പാർപ്പിട സൗകര്യവും പാർക്കിങ് സൗകര്യവും എല്ലാമുള്ള ഒരു ഹോട്ടലിൽ എത്തുമായിരുന്നു. അവിടെ ഓരോ രാത്രിയിലും മാരീയയ്ക്ക് മൂന്നും നാലും പുരുഷന്മാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടേണ്ടിവന്നു. അതിനുള്ള കൂലി കൈപ്പറ്റാനായി അവളുടെ അമ്മ ആ പരിസരത്തുതന്നെ കാണുമായിരുന്നു.
മാരീയയുടെ വീടിന്റെ അടുത്തുതന്നെയുള്ള കാരീന എന്ന 13 വയസ്സുകാരിയും വേശ്യാവൃത്തിയിലേക്കു വലിച്ചിഴയ്ക്കപ്പെട്ടതാണ്. കരിമ്പു കൃഷിയുമായി ബന്ധപ്പെട്ട തൊഴിലിൽ ഏർപ്പെട്ടിരുന്ന അവളുടെ സമുദായത്തിലെ മറ്റു പല കുടുംബങ്ങളെയും പോലെ കാരീനയുടെ കുടുംബവും തങ്ങളുടെ പരിമിതമായ വരുമാനം വർധിപ്പിക്കാനായി അവളുടെ ശരീരം വിൽക്കുകയായിരുന്നു. മറ്റൊരാൾ എസ്റ്റെല എന്ന പെൺകുട്ടിയാണ്. ചെറുപ്പത്തിലേതന്നെ അവൾ സ്കൂളിൽ പോകുന്നതു നിറുത്തി. അവൾക്ക് എഴുതാനും വായിക്കാനും പോലും അറിയില്ലായിരുന്നു. താമസിയാതെ അവൾ ഒരു തെരുവുവേശ്യയായി. ഡെയ്സിയാണ് മറ്റൊരു ഇര. ഏതാണ്ട് ആറു വയസ്സുള്ളപ്പോൾ അവളുടെ ജ്യേഷ്ഠന്മാരിൽ ഒരാൾ അവളെ ലൈംഗികമായി പീഡിപ്പിച്ചു. അതേത്തുടർന്നു പിന്നെയും പലതവണ അവൾക്കു നിഷിദ്ധ ബന്ധുവേഴ്ചയ്ക്ക് ഇരയാകേണ്ടിവന്നു. അവളും 14-ാം വയസ്സിൽ ഒരു വേശ്യയായി.
ലോകത്തിന്റെ നിരവധി ഭാഗങ്ങളിൽ ബാലവേശ്യാവൃത്തി ഞെട്ടിക്കുന്ന ഒരു യാഥാർഥ്യമാണ്. അതിന്റെ ഫലങ്ങളാകട്ടെ, അതിദാരുണവും. വേശ്യാവൃത്തിയിൽ ഇടയ്ക്കു മാത്രം ഏർപ്പെടുന്നവരോ മുഴുസമയം ഏർപ്പെടുന്നവരോ ആയിരുന്നാലും ബാലവേശ്യകൾ മിക്കപ്പോഴും കുറ്റകൃത്യങ്ങളിലും മയക്കുമരുന്നു ദുരുപയോഗങ്ങളിലും ഉൾപ്പെടുന്നു. തങ്ങളുടെ നികൃഷ്ടമായ ഈ ജീവിതത്തിൽനിന്നു പുറത്തുകടക്കാനുള്ള പഴുതുകൾ കാണാതെ വരുമ്പോൾ പലർക്കും കടുത്ത നിരാശയും വിലകെട്ടവരാണെന്നുള്ള തോന്നലും ഉണ്ടാകുന്നു.
ബാലവേശ്യാവൃത്തിയുടെ വിനാശകഫലങ്ങളെ കുറിച്ച് പ്രമുഖ വ്യക്തികൾ തിരിച്ചറിയുന്നുണ്ട്. ബ്രസീലിന്റെ മുൻ പ്രസിഡന്റായിരുന്ന ഫെർനാൻഡൂ എയ്ൻറിക് കാർഡോസൂ സമുചിതമായി ഇപ്രകാരം പറയുകയുണ്ടായി: “ബാലവേശ്യാവൃത്തി കിരാതമായ ഒരു കുറ്റകൃത്യമാണ്.” ഒരു ബ്രസീലിയൻ വർത്തമാനപത്രത്തിൽ ബാലവേശ്യാവൃത്തിയെ കുറിച്ച് ചിന്തോദ്ദീപകമായ ഒരു അഭിപ്രായം വരുകയുണ്ടായി. അത് ഇപ്രകാരമായിരുന്നു: “ഈ നടപടി സാധാരണമായിരിക്കുന്ന, അനുവദനീയവും സ്വീകാര്യവുമായി വീക്ഷിക്കുന്ന, എന്തിന്, [പണം] ലഭിക്കുന്നു എന്ന കാരണത്താൽ ഇതിനെ ഉന്നമിപ്പിക്കുകപോലും ചെയ്യുന്ന രാജ്യങ്ങൾ ഇതിന്റെ വിനാശകഫലങ്ങൾ ദൈനംദിനം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും ഇത് ഉണ്ടാക്കുന്ന വിപത്തുകൾ, ഇതുമൂലം ഉണ്ടായേക്കാവുന്ന ഏതൊരു സാമ്പത്തിക ലാഭത്തെയും തീർച്ചയായും നിർവീര്യമാക്കിക്കളയുന്നു.”
എന്നാൽ, ബാലവേശ്യാവൃത്തി അവസാനിപ്പിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്നവരുടെ സദുദ്ദേശ്യപരമായ ശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും ഈ പ്രശ്നം വർധിച്ചുവരുകയാണ്. ഈ ഞെട്ടിക്കുന്ന അവസ്ഥയ്ക്ക് ഇടയാക്കുന്നതെന്താണ്? വളരെയധികം പേർ ഇത്തരം കുറ്റകൃത്യം വെച്ചുപൊറുപ്പിക്കുകയോ അവയെ പ്രോത്സാഹിപ്പിക്കുകപോലുമോ ചെയ്യുന്നത് എന്തുകൊണ്ടാണ്? (g03 2/08)
[അടിക്കുറിപ്പുകൾ]
a ഈ ലേഖന പരമ്പരയിലെ പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
b വേശ്യ എന്ന പദം ഈ ലേഖന പരമ്പരയിൽ സ്ത്രീലിംഗത്തിലും പുല്ലിംഗത്തിലും ഉപയോഗിച്ചിരിക്കുന്നു.
[3-ാം പേജിലെ ആകർഷക വാക്യം]
“ബാലവേശ്യാവൃത്തി കിരാതമായ ഒരു കുറ്റകൃത്യമാണ്.”—ബ്രസീലിന്റെ മുൻ പ്രസിഡന്റ് ഫെർനാൻഡൂ എയ്ൻറിക് കാർഡോസൂ
[4-ാം പേജിലെ ആകർഷക വാക്യം]
“എല്ലാ തരത്തിലുള്ള ലൈംഗിക ചൂഷണവും മനുഷ്യന്റെ മാന്യതയ്ക്കു നിരക്കാത്തതാണ്. അതുകൊണ്ട് അതു ചെയ്യുന്നവർ, ഏതു പ്രായത്തിലും ലിംഗത്തിലും വർഗത്തിലും വശത്തിലും സാമൂഹികനിലയിലും പെട്ടവരെ ഇരകളാക്കിയാലും മൗലിക മനുഷ്യാവകാശ ധ്വംസനമാണു നടത്തുന്നത്.”—യുനെസ്കോ സോഴ്സസ്.