വർധിച്ചുവരുന്ന ഒരു പ്രശ്നമായിരിക്കുന്നത് എന്തുകൊണ്ട്?
ലോകത്തിലെ കുറ്റകൃത്യങ്ങളിൽ മയക്കുമരുന്നിന്റെയും ആയുധങ്ങളുടെയും വ്യാപാരം കഴിഞ്ഞാൽ മൂന്നാം സ്ഥാനം മനുഷ്യവ്യാപാരത്തിനാണ് എന്നുള്ളത് നിങ്ങൾക്ക് അറിയാമായിരുന്നോ? ഐക്യരാഷ്ട്ര വിദ്യാഭ്യാസ ശാസ്ത്രീയ സാംസ്കാരിക സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് എല്ലാ തരത്തിലുമുള്ള വേശ്യാവൃത്തി ഒന്നിനൊന്നു വർധിച്ചുവരികയാണ്.
വേശ്യാവൃത്തി നിയമ വിരുദ്ധമാക്കിയിരിക്കുന്ന ഒരു ലാറ്റിൻ അമേരിക്കൻ രാജ്യത്ത് 5,00,000-ത്തിലധികം ബാലികമാരായ വേശ്യകൾ ഉണ്ടെന്ന് അവിടത്തെതന്നെ ഒരു നിയമനിർമാണ അന്വേഷക കമ്മിറ്റി റിപ്പോർട്ടു ചെയ്യുന്നു.
മറ്റൊരു രാജ്യത്തെ തെരുവുകളിൽ ഏതാണ്ട് 3,00,000 ബാലവേശ്യകൾ ആണ് ഉള്ളത്, നിയമവിരുദ്ധ മയക്കുമരുന്നു കച്ചവടം നടക്കുന്ന പ്രദേശങ്ങളിലാണ് ഇവർ കൂടുതലായി ഉള്ളത്.
ഏഷ്യൻ രാജ്യങ്ങളിൽ ഏതാണ്ടു പത്തു ലക്ഷം കൊച്ചു പെൺകുട്ടികളെ വേശ്യകളായി ഉപയോഗിക്കുന്നു, അതും അടിമകളെപ്പോലെ. ചില നാടുകൾ ബാലവേശ്യാവൃത്തിയുടെയും ലൈംഗിക ടൂറിസത്തിന്റെയും കേളീരംഗങ്ങളാണ്.
എയ്ഡ്സ് പോലെ ലൈംഗികമായി പകരുന്ന രോഗങ്ങളുടെ ഉയർന്ന നിരക്കു കാരണം, ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരിക്കാൻ സാധ്യത കുറഞ്ഞ—അതുകൊണ്ടുതന്നെ സാധ്യതയനുസരിച്ച് രോഗാണുബാധിതരല്ലാത്ത—കുട്ടികൾക്കായി ഇടപാടുകാർ വളരെ വലിയ തുക കൊടുക്കാൻ തയ്യാറാകുന്നു. “എയ്ഡിനോടുള്ള ഭയം നിമിത്തം പുരുഷന്മാർ കൂടുതൽ ചെറുപ്പമായ പെൺകുട്ടികളെയും ആൺകുട്ടികളെയും തിരയുന്നു. ഇതു പ്രശ്നം കൂടുതൽ വഷളാക്കുന്നു” എന്ന് ബ്രസീലിന്റെ നീതിന്യായ മന്ത്രാലയത്തിലെ ലൂയിസ നാഷിബ് എലൂഫ് പറയുന്നു. അവർ ഇങ്ങനെ പറഞ്ഞു: “പെൺകുട്ടികളും കൗമാരപ്രായക്കാരും ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു എന്നതാണ് ബ്രസീലിലെ നിർധനരായ സ്ത്രീകൾക്കിടയിലെ ഏറ്റവും ഗുരുതരമായ സാമൂഹികപ്രശ്നം.”
ദാരിദ്ര്യവും ബാലവേശ്യാവൃത്തിയും
ദുരിതത്തിന്റെയും ദാരിദ്ര്യത്തിന്റെയും മറപിടിച്ച് ബാലവേശ്യാവൃത്തി തഴച്ചുവളരുന്നു. തന്റെ രാജ്യത്തു കുട്ടികളെ ചൂഷണം ചെയ്യുന്നതിന്റെയും ബാലവേശ്യാവൃത്തിയുടെയും കാരണം എന്താണെന്ന് ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥ പറയുന്നു: “വ്യക്തമായും കുടുംബം ശിഥിലമാകുന്നതു മൂലമാണ് അതു സംഭവിക്കുന്നത്, പട്ടിണിയുടെയും ദുരിതത്തിന്റെയും അനന്തരഫലങ്ങളാണ് അവ.” ദാരിദ്ര്യം മൂലമാണു തങ്ങളുടെ കുട്ടികളെ വേശ്യാവൃത്തിയിലേക്കു വിറ്റതെന്നു ചില മാതാപിതാക്കൾ പറയുന്നു. തെരുവുകുട്ടികൾ നിലനിൽപ്പിനു മറ്റൊരു മാർഗവും കാണാതെ വരുന്നതിനാൽ വേശ്യാവൃത്തിയെ അഭയം പ്രാപിക്കുന്നു.
ഒരു പെൺകുട്ടി വേശ്യയായിത്തീരുന്നത് എങ്ങനെയാണെന്ന് ഓ എസ്റ്റാഡോ ഡെ എസ്. പൗലൂ എന്ന വർത്തമാനപത്രം വിശദീകരിക്കുന്നു. ഒരു തെരുവു റൗഡി സംഘത്തോടൊപ്പം ചേരുന്ന ഒരു പെൺകുട്ടി ഭക്ഷണത്തിനുള്ള വക കണ്ടെത്താൻ മോഷണത്തിൽ ഏർപ്പെടുകയും ഇടയ്ക്കൊക്കെ മാത്രം തന്റെ ശരീരം വിൽക്കുകയും ചെയ്യുന്നു. അടുത്തതായി അവൾ ഒരു ലൈംഗിക തൊഴിലാളിയായി മാറുന്നു.
ചില കൗമാരപ്രായക്കാരെ വേശ്യാവൃത്തിക്കായി മറ്റു രാജ്യങ്ങളിലേക്ക് അയയ്ക്കാറുണ്ട്. “കുടിയേറ്റക്കാരായ ഇത്തരം വേശ്യകൾ തങ്ങളുടെ കുടുംബങ്ങൾക്ക് അയയ്ക്കുന്ന പണം ഏഷ്യയിലും ആഫ്രിക്കയിലും ഉള്ള ചില രാജ്യങ്ങളിലെ ദരിദ്രാവസ്ഥ കണക്കിലെടുക്കുമ്പോൾ മിക്കപ്പോഴും ഗണ്യമായ ഒരു തുകയാണ്” എന്ന് യുനെസ്കോ സോഴ്സസ് പറയുന്നു. “ഈ രാജ്യങ്ങൾക്ക് ഉള്ളിൽത്തന്നെയുള്ള വേശ്യാവൃത്തിയും പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. സമ്പന്ന രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾ, യുവജനങ്ങളുടെയും കുട്ടികളുടെയും ‘സേവനങ്ങളിൽ’നിന്നു പ്രയോജനം നേടാൻ വേണ്ടി കരുതിക്കൂട്ടി ഈ രാജ്യങ്ങൾ സന്ദർശിക്കുന്നു.”
ഒരു ലാറ്റിൻ അമേരിക്കൻ നഗരത്തിലെ വേശ്യകളായ തെരുവു കുട്ടികൾക്കു നേരിടേണ്ടിവരുന്ന ആപത്തുകളെ കുറിച്ചു വിവരിക്കവേ, ടൈം മാസിക ഇങ്ങനെ പറയുന്നു: “ചില വേശ്യകൾക്ക് 12 വയസ്സേ ഉള്ളൂ. ഇവരിൽ പലരും ഛിദ്രിച്ച കുടുംബങ്ങളിലെ കുട്ടികളാണ്. പകൽസമയം എവിടെയെങ്കിലുമൊക്കെ കിടന്ന് ഉറങ്ങിയിട്ട്, രാത്രിയാകുമ്പോൾ ഇവർ ഒരു ലൈംഗിക പങ്കാളിയെ തേടി നാവികർ സമയം ചെലവിടുന്ന ഡിസ്കോ ക്ലബ്ബുകളിലേക്കു പോകുന്നു.”
മയക്കുമരുന്നിന്റെ സ്വാധീന വലയത്തിലായിരിക്കുമ്പോൾ, സുബോധത്തോടെ തങ്ങൾ സമ്മതിക്കുകയില്ലാത്ത പല നീചകൃത്യങ്ങൾക്കും ബാലവേശ്യകൾ വഴങ്ങിക്കൊടുത്തേക്കാം. ഉദാഹരണത്തിന്, 50-ലധികം സ്ത്രീകളെ കിരാതമായ പീഡനമുറകൾക്കു വിധേയരാക്കിയതിന്റെ 92 വീഡിയോ ടേപ്പുകൾ ഒരു ഡോക്ടറുടെ പക്കൽ നിന്നു പോലീസ് കണ്ടെടുത്തതായി വേഴാ മാസിക പറയുന്നു. ഇവരിൽ ചിലർ പ്രായപൂർത്തിയാകാത്തവർ ആയിരുന്നു.
ഈ ബീഭത്സ യാഥാർഥ്യം നിലനിൽക്കെത്തന്നെ ചെറുപ്പക്കാരിയായ ഒരു വേശ്യ പറയുന്നതു ശ്രദ്ധിക്കുക: “ഒരു തൊഴിൽ തേടി നടന്നാൽ, ഭക്ഷണത്തിനുള്ള വക കണ്ടെത്താൻ എനിക്കു കഴിയില്ല. കാരണം എനിക്കു പ്രത്യേകിച്ച് തൊഴിൽ വൈദഗ്ധ്യങ്ങൾ ഒന്നുമില്ല. ഞാൻ എന്താണു ചെയ്യുന്നതെന്ന് എന്റെ വീട്ടുകാർക്കു നന്നായി അറിയാം. ഈ ജീവിതരീതി ഉപേക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ശരീരം എന്റേതാണ്, അതുപയോഗിച്ച് എനിക്കിഷ്ടമുള്ളതു ഞാൻ ചെയ്യും.”
എന്നിരുന്നാലും, വേശ്യാവൃത്തി ഒരിക്കലും ഈ പെൺകുട്ടികളുടെ ജീവിത ലക്ഷ്യം ആയിരുന്നില്ല. ചെറുപ്പക്കാരായ വേശ്യകളിൽ പലരും “വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു,” തങ്ങളുടെ “സ്വപ്നങ്ങളിലെ രാജകുമാരനെ” കുറിച്ച് അവർ കിനാവു കാണുന്നു എന്ന് ഒരു സാമൂഹിക പ്രവർത്തക അഭിപ്രായപ്പെടുന്നു. ഇവരെ വേശ്യാവൃത്തിയിലേക്കു തള്ളിവിട്ടതു ചില സങ്കീർണ സാഹചര്യങ്ങളാണെന്നതു ശരിയാണെങ്കിലും ഒരു ഗവേഷക ഇപ്രകാരം പറയുന്നു: “ഇവരിൽ ഭൂരിപക്ഷവും സ്വന്തം വീട്ടിൽ വെച്ചുതന്നെ ബലാത്സംഗത്തിന് ഇരയായവരാണ് എന്നതാണ് ഏറ്റവും ഞെട്ടിക്കുന്ന വസ്തുത.”
ബാലവേശ്യാവൃത്തിക്ക് അവസാനമോ?
എന്നാൽ, നിർഭാഗ്യരായ ഈ കുട്ടികൾക്ക് പ്രത്യാശയ്ക്കു വകയുണ്ട്. വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്ന എല്ലാ പ്രായത്തിലുമുള്ള വ്യക്തികൾ തങ്ങളുടെ ജീവിതഗതിക്കു മാറ്റം വരുത്തിയിട്ടുണ്ട്. (“ആളുകൾക്കു മാറ്റം വരുത്താൻ കഴിയും” എന്ന 7-ാം പേജിലെ ചതുരം കാണുക.) ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളെ നല്ല അയൽക്കാരും വിശ്വസ്തരായ കുടുംബാംഗങ്ങളും ആയി മാറുന്നതിനു ദൈവവചനമായ ബൈബിൾ സഹായിച്ചിരിക്കുന്നു. മുമ്പു വ്യഭിചാരികളും പരസംഗക്കാരും കള്ളന്മാരും അത്യാഗ്രഹികളും മദ്യപന്മാരും ആയിരുന്ന ആളുകളെ കുറിച്ച് ദൈവവചനത്തിൽ നാം ഇങ്ങനെ വായിക്കുന്നു: “നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങൾ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.”—1 കൊരിന്ത്യർ 6:9-11.
ബൈബിൾ കാലങ്ങളിലേതുപോലെ ഇന്നും പല വ്യക്തികളും തങ്ങളുടെ ജീവിതത്തിനു സമൂല പരിവർത്തനം വരുത്തി മെച്ചപ്പെട്ട വ്യക്തികൾ ആയിത്തീരുന്നുണ്ട്. എന്നാൽ ലൈംഗിക ചൂഷണം അവസാനിപ്പിക്കുന്നതിനു മറ്റു ചിലതും കൂടെ സംഭവിക്കേണ്ടതുണ്ട്. ലൈംഗിക ടൂറിസത്തിനും ബാലവേശ്യാവൃത്തിക്കും എതിരെ ശക്തമായി പോരാടിക്കൊണ്ടു ചില ഗവൺമെന്റുകളും സംഘടനകളും രംഗത്തുണ്ട് എന്നതു ശരിയാണ്. എന്നാൽ, ദുരിതത്തെയും ദാരിദ്ര്യത്തെയും ഇല്ലാതാക്കുന്നതിനായി ഏറെയൊന്നും ചെയ്യാൻ മനുഷ്യനു കഴിയില്ല എന്നതാണു യാഥാർഥ്യം. അധാർമികതയുടെ മൂലകാരണമായ ദുഷ്ചിന്തകളെയും മനോഭാവങ്ങളെയും തടുക്കാൻ നിയമനിർമാതാക്കൾക്കു കഴിയില്ല.
എന്നിരുന്നാലും മനുഷ്യ ശ്രമങ്ങൾക്കു പകരം ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ കഴിയുന്ന മറ്റൊരു സരണിയുണ്ട്—ദൈവരാജ്യമാണത്. അടുത്ത ലേഖനം അതിനെ കുറിച്ചു വിശദീകരിക്കുന്നതായിരിക്കും. (g03 2/08)
[6-ാം പേജിലെ ആകർഷക വാക്യം]
ദാരിദ്ര്യം മിക്കപ്പോഴും ബാലവേശ്യാവൃത്തിക്കു കാരണമാകുന്നു
[6-ാം പേജിലെ ചതുരം]
ഒരു കനത്ത വില
വെറും ആറു വയസ്സുള്ളപ്പോഴാണ് ഡെയ്സി തന്റെ ഒരു സഹോദരനിൽനിന്നുള്ള ലൈംഗിക പീഡനത്തിനു വിധേയയായത്. തുടർന്ന് 14-വയസ്സു വരെ അവൾ തന്റെ മൂത്ത സഹോദരനോടൊപ്പമാണു താമസിച്ചത്. 14-ാം വയസ്സിൽ അവൾ ഒരു നിശാക്ലബ്ബിൽ ജോലി ചെയ്യാൻ തുടങ്ങി. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവൾക്കു സുഖമില്ലാതായി. അവൾ സുഖം പ്രാപിച്ചപ്പോൾ, അവൾ അവർക്ക് ഒരു തുക കടപ്പെട്ടിരിക്കുന്നതായി ക്ലബ്ബ് ഉടമകൾ അറിയിച്ചു. ഒരു വേശ്യയായി ജോലിചെയ്തു കടം വീട്ടാൻ അവൾ നിർബന്ധിതയായി. ഒരു വർഷത്തോളം കടന്നുപോയി, അപ്പോഴും കടം വീട്ടിത്തീർക്കാൻ അവൾക്കു കഴിഞ്ഞിരുന്നില്ല. ആ കടം ഒരിക്കലും വീട്ടാൻ കഴിയില്ലെന്ന് അവൾക്കു തോന്നി. എന്നിരുന്നാലും, ഒരു നാവികൻ വന്ന് അവളുടെ ശേഷിക്കുന്ന കടം വീട്ടിയിട്ട് അവളെയും കൂട്ടി മറ്റൊരു നഗരത്തിലെത്തി. അവിടെ അയാൾ അവളോട് ഒരു അടിമയോട് എന്നപോലെ പെരുമാറി. അവൾ അവിടെനിന്നും പോയി, പിന്നീട് മറ്റൊരാളോടൊപ്പം മൂന്നു വർഷം താമസിച്ചു. പിന്നെ അവർ വിവാഹിതരായി. വൈവാഹിക ജീവിതത്തിൽ തലപൊക്കിയ ഗുരുതരമായ നിരവധി പ്രശ്നങ്ങൾ നിമിത്തം അവൾ മൂന്നു തവണ ആത്മഹത്യയ്ക്കു ശ്രമിച്ചു.
അങ്ങനെയിരിക്കെ, അവളും ഭർത്താവും ബൈബിൾ പഠിക്കാൻ തുടങ്ങി. പക്ഷേ യഹോവയുടെ സാക്ഷികളിൽ ഒരാൾ ആയിത്തീരാനുള്ള യോഗ്യത തനിക്കില്ലെന്നു ഡെയ്സിക്കു തോന്നി. എന്നാൽ ജീവിതത്തിൽ ആവശ്യമായ പരിവർത്തനങ്ങൾ വരുത്തുന്ന വ്യക്തികൾ യഹോവയാം ദൈവത്തിനു സ്വീകാര്യരാണെന്നു ബൈബിളിൽനിന്നു മനസ്സിലാക്കിയ അവൾ തന്റെ ജീവിതം യഹോവയ്ക്കു സമർപ്പിച്ചു. ശരിയായതു ചെയ്യാൻ ഡെയ്സി കഠിന ശ്രമംതന്നെ ചെയ്തു. എന്നാൽ അതുകൊണ്ടൊന്നും അവൾ തൃപ്തയായില്ല. തത്ഫലമായി ഇടയ്ക്കിടെ അവൾ കടുത്ത വിഷാദത്തിന് അടിമയായിത്തീർന്നു. എങ്കിലും സന്തോഷകരമെന്നു പറയട്ടെ, ലൈംഗിക ദുഷ്പെരുമാറ്റവും ബാലവേശ്യയായുള്ള ജീവിതവും മനസ്സിനേൽപ്പിച്ച വടുക്കൾ ഉണക്കി വൈകാരിക സമനില കൈവരിക്കാൻ തക്കവണ്ണം അവൾ സഹായം സ്വീകരിച്ചിരിക്കുന്നു.
[7-ാം പേജിലെ ചതുരം]
ആളുകൾക്കു മാറ്റം വരുത്താൻ കഴിയും
യേശുക്രിസ്തു ഭൂമിയിലായിരുന്നപ്പോൾ, ക്ലേശിതരും പാപികളും ആയിരുന്ന ആളുകളോട് അവനു മനസ്സലിവു തോന്നി. വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്നവർക്ക്, അവർ ഏതു പ്രായക്കാരായാലും തങ്ങളുടെ ജീവിതരീതിയിൽ മാറ്റം വരുത്താൻ കഴിയും എന്നു യേശുവിന് അറിയാമായിരുന്നു. അന്നത്തെ മതനേതാക്കന്മാരോട് അവൻ ഇങ്ങനെ പോലും പറഞ്ഞു: “ചുങ്കക്കാരും വേശ്യമാരും നിങ്ങൾക്കു മുമ്പായി ദൈവരാജ്യത്തിൽ കടക്കുന്നു എന്നു സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു.” (മത്തായി 21:31) തങ്ങളുടെ ജീവിതരീതി നിമിത്തം നിന്ദ്യരായി വീക്ഷിക്കപ്പെട്ടെങ്കിലും ദൈവപുത്രനിൽ വിശ്വാസം അർപ്പിക്കാനുള്ള ശരിയായ ഹൃദയനില ഉണ്ടായിരുന്നതിനാൽ അവർക്കു ക്ഷമ ലഭിച്ചു. അനുതാപം പ്രകടമാക്കിയ ഈ പാപികൾ ദൈവരാജ്യത്തിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കാൻ തക്കവണ്ണം തങ്ങളുടെ ജീവിതഗതിയായ വേശ്യാവൃത്തി ഉപേക്ഷിക്കാൻ ഒരുക്കമുള്ളവരായിരുന്നു. അതിനുശേഷം അവർ ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിച്ചു. ഇന്നും, എല്ലാ ജീവിതസാഹചര്യങ്ങളിൽ നിന്നുമുള്ള ആളുകൾ ദൈവവചനത്തിലെ സത്യം സ്വീകരിച്ച് തങ്ങളുടെ ജീവിതരീതിക്കു മാറ്റം വരുത്തുന്നു.
ആദ്യ ലേഖനത്തിൽ പരാമർശിച്ച മാരീയയ്ക്കും കരീനയ്ക്കും എസ്റ്റെലയ്ക്കും എന്തു സംഭവിച്ചുവെന്നു നോക്കുക. വേശ്യാവൃത്തിയിൽത്തന്നെ തുടരാനുള്ള അമ്മയുടെ നിർബന്ധത്തെ മാരീയയ്ക്കു ചെറുക്കേണ്ടതുണ്ടായിരുന്നു. ഒപ്പം, മയക്കുമരുന്നുകളുടെ ദുരുപയോഗം നിറുത്തുന്നതിന് അവൾക്കു കഠിന പോരാട്ടംതന്നെ വേണ്ടിവന്നു. അവൾ ഇങ്ങനെ വിശദീകരിക്കുന്നു: “ഒരു വേശ്യയായി ജീവിക്കേണ്ടി വന്നതുകൊണ്ട് എനിക്കുണ്ടായ, വിലകെട്ടവളാണെന്ന തോന്നലിനെ അടിച്ചമർത്താനായിരുന്നു ഞാൻ മയക്കുമരുന്നുകൾ ഉപയോഗിച്ചത്.” എന്നാൽ യഹോവയുടെ സാക്ഷികളുടെ ക്രിസ്തീയ സഭ അവളെ എങ്ങനെയാണു സ്വീകരിച്ചത് എന്നു മാരീയ പറയുന്നു: “സഭയിൽ എല്ലാവരും എന്നോടു കാണിച്ച സ്നേഹത്തിൽ എനിക്ക് ഏറെ മതിപ്പുതോന്നി. കുട്ടികളും മുതിർന്നവരും എല്ലാം എന്നോട് ആദരവോടെ ഇടപെട്ടു. വിവാഹിതരായ പുരുഷന്മാർ തങ്ങളുടെ ഇണകളോടു വിശ്വസ്തരായിരിക്കുന്നതായി എനിക്കു നിരീക്ഷിക്കാൻ കഴിഞ്ഞു. അവർ എന്നെ ഒരു സുഹൃത്തായി സ്വീകരിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.”
കരീനയ്ക്കു 17 വയസ്സുള്ളപ്പോഴായിരുന്നു യഹോവയുടെ സാക്ഷികൾ അവളെ സന്ദർശിച്ചത്. അവൾ ബൈബിൾ പഠിക്കാൻ തുടങ്ങി. പക്ഷേ കുറെക്കാലത്തേക്ക് അവൾ തുടർന്നും വേശ്യാവൃത്തിയിൽ ഏർപ്പെട്ടു. ക്രമേണ അവൾ ബൈബിൾ സത്യങ്ങളെ വിലമതിക്കാൻ തുടങ്ങി. അതുകൊണ്ട് അവൾ ദൂരെയുള്ള ഒരു നഗരത്തിലേക്കു താമസം മാറ്റി. അവിടെവെച്ച് കരീന യഹോവയുടെ സാക്ഷികളിൽ ഒരാൾ ആയിത്തീർന്നു.
വേശ്യാവൃത്തിയിലും വെറിക്കൂത്തുകളിലും അമിത മദ്യപാനത്തിലും ഏർപ്പെട്ടിരുന്ന എസ്റ്റെലയും ബൈബിളിൽ താത്പര്യം കാണിച്ചു. എങ്കിലും ദൈവം തന്നോട് ഒരിക്കലും ക്ഷമിക്കയില്ല എന്നാണ് അവൾ വിചാരിച്ചിരുന്നത്. എന്നാൽ അനുതാപം പ്രകടമാക്കുന്നവരോട് യഹോവയാം ദൈവം ക്ഷമിക്കുമെന്ന് അവൾക്കു ക്രമേണ മനസ്സിലായി. അവളിന്നു ക്രിസ്തീയ സഭയിലെ അംഗമാണ്. മാത്രമല്ല, വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമാണ്. എസ്റ്റെല ഇങ്ങനെ പറയുന്നു; “യഹോവ എന്നെ ചെളിക്കുണ്ടിൽ നിന്നു വലിച്ചെടുത്ത് തന്റെ ശുദ്ധമായ സംഘടനയിലേക്കു സ്വീകരിച്ചിരിക്കുന്നതിൽ ഞാൻ അവനോട് എത്ര നന്ദിയുള്ളവൾ ആണെന്നോ, അതിൽ ഞാൻ അങ്ങേയറ്റം സന്തോഷിക്കുകയും ചെയ്യുന്നു.”
ഈ വിവരണങ്ങൾ ദൈവം “സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു” എന്ന ബൈബിൾ പ്രസ്താവനയെ പിന്താങ്ങുന്നു.—1 തിമൊഥെയൊസ് 2:4.
[7-ാം പേജിലെ ചിത്രം]
ബാലവേശ്യകൾ പലപ്പോഴും മയക്കുമരുന്ന് ഉപയോഗിക്കുന്നു
[5-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
© Jan Banning/Panos Pictures, 1997