ആറു വഴികൾ—ആരോഗ്യ സംരക്ഷണത്തിന്
വികസ്വര നാടുകളിൽ ഒരു വെല്ലുവിളി
നല്ല ശ്രമം ചെയ്താലേ അനേകർക്കും ഇന്ന് ശുചിത്വം പാലിക്കാനൊക്കൂ, പ്രത്യേകിച്ചും ശുദ്ധജലവും വേണ്ടത്ര ശുചിത്വ സൗകര്യങ്ങളും നന്നേ കുറവായിരിക്കുന്ന നാടുകളിൽ. എങ്കിലും, ശുചിത്വം പാലിക്കുന്നത് ശ്രമത്തിനു തക്ക മൂല്യമുള്ള കാര്യമാണ്. കൊച്ചുകുട്ടികൾക്കിടയിലെ പകുതിയിലധികം രോഗങ്ങൾക്കും മരണങ്ങൾക്കും കാരണം വൃത്തിഹീനമായ കൈകൾ, മലിനമായ ആഹാര പദാർഥങ്ങൾ, വെള്ളം എന്നിവയിലൂടെ വായിൽ പ്രവേശിക്കുന്ന രോഗാണുക്കൾ ആണെന്ന് കണക്കാക്കപ്പെടുന്നു. ഐക്യരാഷ്ട്ര ശിശുക്ഷേമ നിധിയുടെ ഒരു പ്രസിദ്ധീകരണമായ ഫാക്റ്റ്സ് ഫോർ ലൈഫിൽ നൽകിയിരിക്കുന്ന പിൻവരുന്ന നിർദേശങ്ങൾ പിൻപറ്റുന്നതിലൂടെ പല രോഗങ്ങളും, പ്രത്യേകിച്ചും അതിസാരം, തടയാൻ സാധിക്കും.
1 വിസർജ്യങ്ങൾ വേണ്ടവിധത്തിൽ മറവുചെയ്യുക
വിസർജ്യങ്ങളിൽ ഒട്ടനവധി സൂക്ഷ്മാണുക്കൾ അടങ്ങിയിട്ടുണ്ട്. രോഗകാരികളായ അണുക്കൾ ഭക്ഷണം, വെള്ളം, കൈകൾ, ആഹാരം പാകം ചെയ്യാനും വിളമ്പിവെക്കാനും ഉപയോഗിക്കുന്ന പാത്രങ്ങൾ, പ്രതലങ്ങൾ എന്നിവയിൽ കടന്നുകൂടുമ്പോൾ വായിലൂടെ അവ വയറ്റിൽ എത്തിച്ചേർന്ന് രോഗം വരുത്തിവെച്ചേക്കാം. അത്തരം അണുസംക്രമണം തടയാനുള്ള ഏറ്റവും നല്ല മാർഗം വിസർജ്യങ്ങളെല്ലാം മറവുചെയ്യുക എന്നതാണ്. വിസർജന ആവശ്യങ്ങൾക്കായി എപ്പോഴും കക്കൂസ് ഉപയോഗിക്കുക. വീടിന്റെ പരിസരങ്ങളിലോ നടപ്പാതകളിലോ കുട്ടികൾ കളിക്കുന്ന ഇടങ്ങളിലോ ജന്തുക്കളുടെ വിസർജ്യം കിടപ്പില്ലെന്ന് ഉറപ്പുവരുത്തുക.
കക്കൂസ് ഇല്ലാത്തയിടങ്ങളിൽ വിസർജ്യം ഉടനടി കുഴിച്ചുമൂടുക. എല്ലാ വിസർജ്യങ്ങളിലും, ശിശുക്കളുടേതിൽ പോലും, രോഗാണുക്കൾ അടങ്ങിയിട്ടുണ്ട് എന്ന കാര്യം ഓർമിക്കുക. കുട്ടികളുടെ വിസർജ്യവും കക്കൂസിൽ ഇടുകയോ കുഴിച്ചുമൂടുകയോ വേണം.
കക്കൂസുകൾ കൂടെക്കൂടെ ശുചിയാക്കുക. അവ ഉപയോഗശേഷം വെള്ളം ഒഴിച്ചു വൃത്തിയാക്കിയിടുക. കുഴി കക്കൂസുകൾ മൂടിയിടുക.
2 കൈകൾ കഴുകുക
കൈകൾ കഴുകുന്നത് ഒരു പതിവാക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് അല്ലെങ്കിൽ ചാരവും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുന്നത് അണുക്കളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. വെറുതെ വെള്ളം ഒഴിച്ചു കഴുകിയാൽ പോരാ, രണ്ടു കൈകളും സോപ്പോ ചാരമോ ഉപയോഗിച്ച് കൂട്ടിത്തിരുമ്മിത്തന്നെ കഴുകണം.
മലവിസർജനം നടത്തിയ ശേഷവും മലവിസർജനം നടത്തിയ ഒരു കുഞ്ഞിനെയോ കുട്ടിയെയോ ശുചിയാക്കിയ ശേഷവും കൈകൾ കഴുകേണ്ടത് അനിവാര്യമാണ്. അതുപോലെതന്നെ മൃഗങ്ങളെയോ പക്ഷികളെയോ തൊട്ടതിനു ശേഷവും ആഹാരസാധനങ്ങൾ കൈകാര്യം ചെയ്യുന്നതിനു മുമ്പും കുട്ടികൾക്കു ഭക്ഷണം കൊടുക്കുന്നതിനു മുമ്പും കൈകൾ കഴുകുക.
കൈ കഴുകുന്നത് രോഗകാരികളായ വിരകളിൽനിന്നു സംരക്ഷണം നേടാൻ സഹായിക്കുന്നു. നഗ്നനേത്രംകൊണ്ട് കാണാൻ കഴിയാത്തത്ര ചെറുതാണ് ഈ വിരകൾ. മലമൂത്ര വിസർജ്യങ്ങൾ, ഉപരിതല ജലം, മണ്ണ്, പച്ചയോ നന്നായി പാകംചെയ്യാത്തതോ ആയ മാംസം ഇവയിലൊക്കെയാണ് അവയുടെ വാസം. വിരകൾ ശരീരത്തിൽ കടന്നുകൂടുന്നത് തടയാനുള്ള ഒരു പ്രധാന മാർഗം കൈകൾ കഴുകുക എന്നതാണ്. കൂടാതെ, കക്കൂസിന് അടുത്തേക്കു പോകുമ്പോൾ ചെരുപ്പിടുന്നത് പാദങ്ങളിലെ ചർമത്തിലൂടെ വിരകൾ ശരീരത്തിൽ കയറിക്കൂടാതിരിക്കാൻ സഹായിക്കും.
കുട്ടികൾക്ക് പൊതുവേ കൈ വായിലിടുന്ന ശീലം ഉള്ളതുകൊണ്ട് അവരുടെ കൈകൾ കൂടെക്കൂടെ കഴുകിക്കുക. അവർ മലവിസർജനം നടത്തിയശേഷവും ഭക്ഷണം കഴിക്കുന്നതിനു മുമ്പും ഇങ്ങനെ ചെയ്യേണ്ടത് വിശേഷാൽ ആവശ്യമാണ്. തനിയെ കൈകൾ കഴുകാൻ അവരെ പഠിപ്പിക്കുക. കക്കൂസിന്റെയോ മറ്റു വിസർജന സ്ഥലങ്ങളുടെയോ പരിസരത്ത് കളിക്കരുതെന്ന് അവർക്കു പറഞ്ഞുകൊടുക്കുക.
3 എല്ലാ ദിവസവും മുഖം കഴുകുക
അണുബാധയിൽനിന്ന് കണ്ണുകളെ സംരക്ഷിക്കുന്നതിന്, മുഖം എല്ലാ ദിവസവും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. കുട്ടികളുടെ മുഖവും കഴുകിക്കണം. മുഖം വൃത്തിഹീനമായിരുന്നാൽ അത് സൂക്ഷ്മാണുവാഹികളായ ഈച്ചകൾ വന്നിരിക്കുന്നതിന് ഇടയാക്കും. ഈ സൂക്ഷ്മാണുക്കൾക്ക് നേത്ര രോഗങ്ങളും അന്ധതയും പോലും വരുത്തിവെക്കാൻ കഴിയും.
നിങ്ങളുടെ കുട്ടികളുടെ കണ്ണുകൾ ക്രമമായി പരിശോധിക്കുക. ആരോഗ്യമുള്ള കണ്ണുകൾ നനവും തിളക്കവും ഉള്ളവയായിരിക്കും. കണ്ണുകൾ വരണ്ടോ ചുമന്നോ വിങ്ങിയോ ആണ് ഇരിക്കുന്നതെങ്കിൽ അല്ലെങ്കിൽ അവയിൽനിന്ന് എന്തെങ്കിലും ദ്രവം വരുന്നുണ്ടെങ്കിൽ കുട്ടിയെ ഒരു ഡോക്ടറെയോ ആരോഗ്യരംഗത്തു സേവിക്കുന്ന മറ്റാരെയെങ്കിലുമോ കാണിക്കണം.
4 ശുദ്ധജലം മാത്രം ഉപയോഗിക്കുക
ശുദ്ധജലം ഉപയോഗിക്കുകയും അത് രോഗാണുക്കൾ കടക്കാതെ സൂക്ഷിക്കുകയും ചെയ്യുമ്പോൾ കുടുംബങ്ങളിൽ അസുഖങ്ങൾ കുറയുന്നതായി കാണുന്നു. ശരിയായി നിർമിച്ച്, നല്ല നിലയിൽ സൂക്ഷിച്ചിരിക്കുന്ന പൈപ്പ് സംവിധാനത്തിൽനിന്നോ മലിനമാകാത്ത കിണറുകളിൽനിന്നോ ഉറവുകളിൽനിന്നോ ഉള്ള വെള്ളമാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ അത് ശുദ്ധമായിരിക്കാൻ ഇടയുണ്ട്. കുളങ്ങൾ, പുഴകൾ, തുറന്നു കിടക്കുന്ന ടാങ്കുകൾ അല്ലെങ്കിൽ കിണറുകൾ എന്നിവയിലെ വെള്ളം ശുദ്ധമായിരിക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ തിളപ്പിക്കുന്നത് അതിലെ അണുക്കളെ നീക്കം ചെയ്യാൻ സഹായിക്കും.
കിണറുകൾ മൂടിയിടണം. വെള്ളം കോരാൻ ഉപയോഗിക്കുന്ന തൊട്ടികൾ, കയറുകൾ, ഒഴിച്ചുവെക്കാൻ ഉപയോഗിക്കുന്ന കുടങ്ങൾ എന്നിവ പതിവായി കഴുകുകയും വൃത്തിയുള്ള സ്ഥലത്തു വെക്കുകയും വേണം. അവ മണ്ണിൽ വെക്കരുത്. ജന്തുക്കളെ കുടിവെള്ള ഉറവുകളിൽനിന്നും വീട്ടിൽനിന്നും അകറ്റിനിറുത്തണം. ജലസ്രോതസ്സുകൾക്കരികെ കീടനാശിനികളോ രാസവസ്തുക്കളോ ഉപയോഗിക്കരുത്.
വീടിനുള്ളിൽ വെള്ളം ശേഖരിച്ചുവെക്കുമ്പോൾ അത് വൃത്തിയുള്ള ഒരു പാത്രത്തിൽ അടച്ചുവെക്കാൻ ശ്രദ്ധിക്കണം. ടാപ്പുള്ള പാത്രത്തിൽ വെള്ളം ഒഴിച്ചുവെക്കുന്നതാണ് ഏറ്റവും നല്ലത്. ടാപ്പില്ലാത്ത പാത്രമാണെങ്കിൽ വൃത്തിയുള്ള ഒരു തവിയോ കപ്പോ ഉപയോഗിച്ചു വേണം അതിൽനിന്ന് വെള്ളം മുക്കിയെടുക്കാൻ. വൃത്തിഹീനമായ കൈകൾകൊണ്ട് ഒരിക്കലും കുടിവെള്ളത്തിൽ സ്പർശിക്കരുത്.
5 ആഹാരപദാർഥങ്ങൾ അണുക്കളിൽനിന്നു സംരക്ഷിക്കുക
ആഹാരം നന്നായി പാകം ചെയ്യുന്നതിലൂടെ രോഗാണുക്കളെ കൊല്ലാൻ കഴിയും. ആഹാരപദാർഥങ്ങൾ, പ്രത്യേകിച്ചും മാംസം, നന്നായി വേവിക്കണം. ചെറു ചൂടുള്ള ആഹാരസാധനങ്ങളിൽ അണുക്കൾ പെട്ടെന്നു പെരുകും. അതുകൊണ്ട് ആഹാരം പാകം ചെയ്തു കഴിഞ്ഞ് കഴിയുന്നതും വേഗം അതു കഴിക്കേണ്ടതാണ്. ഭക്ഷണം രണ്ടു മണിക്കൂറിലേറെ വെക്കേണ്ടതുണ്ടെങ്കിൽ അത് ഒന്നുകിൽ നല്ല ചൂടുള്ള അല്ലെങ്കിൽ തണുപ്പുള്ള ഒരിടത്തു വെക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പാകം ചെയ്ത ആഹാരം മറ്റൊരു നേരത്തേക്കു സൂക്ഷിക്കേണ്ടി വരുന്നെങ്കിൽ അത് മൂടിവെക്കുക. ഈച്ചകളും പ്രാണികളും കടക്കാതിരിക്കാൻ ഇതു സഹായിക്കും. കഴിക്കുന്നതിനു മുമ്പ് ആഹാരം വീണ്ടും ചൂടാക്കുക.
മുലപ്പാലാണ് ശിശുക്കൾക്കും കൊച്ചുകുഞ്ഞുങ്ങൾക്കും പറ്റിയ ഏറ്റവും നല്ലതും സുരക്ഷിതവുമായ പാൽ. പശുവിൻ പാലോ മറ്റോ കൊടുക്കുന്നെങ്കിൽ തിളപ്പിച്ചാറ്റിയതോ പാസ്ചറീകരണം നടത്തിയതോ നൽകുന്നതായിരിക്കും ഏറെ സുരക്ഷിതം. ഫീഡിങ് ബോട്ടിൽ തിളച്ച വെള്ളം ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം മാത്രമേ ഓരോ തവണയും ഉപയോഗിക്കാവൂ. അല്ലാത്തപക്ഷം അതിന്റെ ഉപയോഗം ഒഴിവാക്കുക. ഫീഡിങ് ബോട്ടിലുകളിൽ അതിസാരത്തിന് ഇടയാക്കുന്ന അണുക്കൾ ഉണ്ടാകാറുണ്ട്. കുഞ്ഞുങ്ങളെ മുലയൂട്ടുന്നതോ വൃത്തിയുള്ള ഒരു തുറന്ന കപ്പിൽനിന്ന് കുടിപ്പിക്കുന്നതോ ആണ് ഏറെ നല്ലത്.
പഴങ്ങളും പച്ചക്കറികളും ശുദ്ധജലം ഉപയോഗിച്ച് കഴുകുക. ശിശുക്കൾക്കും കൊച്ചുകുട്ടികൾക്കും ഇവ വേവിക്കാതെയാണ് നൽകുന്നതെങ്കിൽ ഇതു വിശേഷാൽ പ്രധാനമാണ്.
6 വീട്ടിൽനിന്ന് ചപ്പുചവറുകൾ പൂർണമായി നീക്കം ചെയ്യുക
ഈച്ചകൾ, പാറ്റകൾ, എലികൾ ഇവയെല്ലാം സൂക്ഷ്മാണുവാഹികളാണ്. ചപ്പുചവറുകൾ ഉള്ളിടത്ത് ഇവ പെരുകുന്നു. നിങ്ങൾ താമസിക്കുന്നിടത്ത് ചപ്പുചവറുകൾ എടുത്തുകൊണ്ടു പോകുന്ന ക്രമീകരണം ഇല്ലെങ്കിൽ അവ ഒരു കുഴിയുണ്ടാക്കി അതിലിട്ട് ദിവസേന മണ്ണിട്ടു മൂടുകയോ കത്തിക്കുകയോ ചെയ്യുക. നിങ്ങളുടെ വീട് വൃത്തിയുള്ളതും ചപ്പുചവറും മലിനജലവും ഇല്ലാത്തതുമായി സൂക്ഷിക്കുക.
പതിവായി ഈ നിർദേശങ്ങൾ പിൻപറ്റുന്നെങ്കിൽ അവ നിങ്ങളുടെ ദിനചര്യയുടെ ഭാഗമായിത്തീർന്നിരിക്കുന്നതായി നിങ്ങൾ പെട്ടെന്നുതന്നെ കണ്ടെത്തും. അവ നടപ്പാക്കുന്നത് ബുദ്ധിമുട്ടോ അത്ര പണച്ചെലവോ ഉള്ള കാര്യമല്ല. അതേസമയം അവ നിങ്ങളുടെയും കുടുംബത്തിന്റെയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. (g03 9/22)
[11-ാം പേജിലെ ചിത്രം]
കക്കൂസ് ഇല്ലാത്ത ഇടങ്ങളിൽ വിസർജ്യം ഉടനടി കുഴിച്ചുമൂടുക
[11-ാം പേജിലെ ചിത്രം]
കൈകൾ കഴുകുന്നത് ഒരു പതിവാക്കുക
[12, 13 പേജുകളിലെ ചിത്രം]
സോപ്പും വെള്ളവും ഉപയോഗിച്ച് എല്ലാ ദിവസവും മുഖം കഴുകുക
[12-ാം പേജിലെ ചിത്രം]
ശുദ്ധജലം ഉപയോഗിക്കുകയും അത് രോഗാണുക്കൾ കടക്കാതെ സൂക്ഷിക്കുകയും ചെയ്യുമ്പോൾ കുടുംബങ്ങളിൽ അസുഖങ്ങൾ കുറയുന്നതായി കാണുന്നു
[13-ാം പേജിലെ ചിത്രം]
പാകം ചെയ്ത ആഹാരം മറ്റൊരു നേരത്തേക്ക് സൂക്ഷിക്കേണ്ടി വരുന്നെങ്കിൽ അത് മൂടിവെക്കുക
[13-ാം പേജിലെ ചിത്രം]
വീട്ടിലെ ചപ്പുചവറുകൾ ദിവസേന മണ്ണിട്ടു മൂടുകയോ കത്തിക്കുകയോ ചെയ്യുക