കാർണിയോളൻ തേനീച്ചകൾ തിരക്കൊഴിയാത്ത ജോലിക്കാർ
സ്ലോവേനിയയിലെ ഉണരുക! ലേഖകൻ
തേനീച്ചകൾ പൊതുവേ കഠിനാധ്വാനികളാണ്. എന്നിരുന്നാലും, അവയിൽ ഒരിനം ഈ കാര്യത്തിൽ വിശേഷിച്ചും പ്രസിദ്ധി ആർജിച്ചിട്ടുണ്ട്. അവയാണ് കാർണിയോളൻ തേനീച്ചകൾ.a ഇപ്പോഴത്തെ പടിഞ്ഞാറൻ സ്ലോവേനിയയിലെ കാർണിയോള ജില്ലയുടെ പേരിലാണ് ഈ തേനീച്ച അറിയപ്പെടുന്നത്. ആദ്യമൊക്കെ, ഇവയെ ബാൾക്കൻ ഉപദ്വീപിൽ ഉടനീളവും അങ്ങു വടക്കു സ്ഥിതിചെയ്യുന്ന കാർപ്പാത്തിയൻ പർവതങ്ങൾ വരെയുള്ള പ്രദേശത്തും മാത്രമാണ് കാണാൻ കഴിഞ്ഞിരുന്നത്. എന്നാൽ, ഇന്ന് തേനീച്ചവളർത്തലുകാരുടെ ഇഷ്ടയിനമായ കാർണിയോളൻ തേനീച്ചയുടെ കീർത്തിക്കൊപ്പം ഈ തേനീച്ചകൾതന്നെയും ഗോളത്തിന്റെ നാലുകോണിലും എത്തിയിരിക്കുന്നു.
കാർണിയോളൻ തേനീച്ചയ്ക്ക് ഇത്ര പ്രശസ്തി നേടിക്കൊടുത്തിരിക്കുന്നത് എന്താണ്? ഒന്നാന്തരം തേൻ വൻതോതിൽ ഉത്പാദിപ്പിക്കുന്നതിനു പുറമേ ഇവ രോഗത്തോടും തണുത്ത കാലാവസ്ഥയോടും അങ്ങേയറ്റം പ്രതിരോധശേഷി ഉള്ളവയാണ്. അതുപോലെ ഇക്കൂട്ടർ ശാന്തസ്വഭാവികളും അക്രമവാസന ഇല്ലാത്തവയുമാണ്. ആദ്യ കോളനിയിൽനിന്ന് പിരിഞ്ഞുപോയി പുതിയ കോളനികൾ സ്ഥാപിക്കാനുള്ള ഇതിന്റെ ചായ്വ് വൻതോതിലുള്ള തേനീച്ചവളർത്തൽ കൂടുതൽ ബുദ്ധിമുട്ടാക്കിത്തീർക്കുന്ന ഒരു ഘടകമാണെങ്കിലും നിർധാരണ പ്രജനനത്തിലൂടെ (selective breeding) ഈ പ്രവണത കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ കാർണിയോളൻ തേനീച്ചകൾ തിരക്കിന്റെ കാര്യത്തിൽ മറ്റു തേനീച്ചകളെ കടത്തിവെട്ടുന്നതായി പറയുന്നത് എന്തുകൊണ്ടാണ്? ഇവ രാവിലെ മറ്റു തേനീച്ചകളെക്കാൾ നേരത്തേതന്നെ കൂട്ടിൽനിന്നു പുറത്തുപോയി ജോലി തുടങ്ങുന്നു എന്നതാണ് ഒരു സംഗതി. അതിനാൽ, തേൻ ഉത്പാദനത്തിനായി അവയ്ക്കു കൂടുതൽ പൂന്തേൻ—വളരെ ദൂരെനിന്നുള്ളതുപോലും—കൂട്ടിൽ എത്തിക്കുന്നതിനുള്ള സമയം കിട്ടുന്നു.
“തേനീച്ചവളർത്തലുകാരുടെ ഒരു ജനത”
സ്ലോവേനിയയ്ക്ക് തേനീച്ചവളർത്തലിന്റെ സുദീർഘവും രസകരവുമായ ഒരു ചരിത്രമുണ്ട്. സ്ലോവേനിയയിലെ ഒരു ജീവശാസ്ത്രജ്ഞനായ യാനെസ് ഗ്രിഗൊറി തന്റെ നാട്ടുകാരെ “തേനീച്ചവളർത്തലുകാരുടെ ഒരു ജനത” എന്നുപോലും വിളിക്കുകയുണ്ടായി. വാസ്തവത്തിൽ, വിദഗ്ധരായ തേനീച്ചവളർത്തലുകാരെന്ന നിലയിൽ പൊതുയുഗം (പൊ.യു.) എട്ടാം നൂറ്റാണ്ടിൽത്തന്നെ സ്ലോവേനിയക്കാർ പേരെടുത്തിരുന്നു. അന്നുമുതൽ 1800-കൾ വരെയുള്ള കാലഘട്ടത്തിൽ അവരുടെ തേനീച്ചക്കൂടുകൾ മരങ്ങളുടെ പൊള്ളയായ തായ്ത്തടികൾ കൊണ്ട് ഉണ്ടാക്കിയവ ആയിരുന്നു. ചില സ്ലോവേനിയൻ പ്രദേശങ്ങളിൽ ഈ കൂടുകൾ അറിയപ്പെട്ടിരുന്നത് കൊരീറ്റ അഥവാ തൊട്ടികൾ എന്നാണ്. എന്നിരുന്നാലും, 15-ാം നൂറ്റാണ്ടിനോടടുത്ത് തടിമില്ലുകളുടെ ആഗമനത്തോടെ പഴയ മരത്തൊട്ടികൾ, പലകകൾകൊണ്ടു നിർമിച്ച കൂടുകൾക്കു വഴിമാറാൻ തുടങ്ങി. ഈ കൂടുകളുടെ ദീർഘചതുരാകൃതി നിമിത്തം തമാശരൂപേണ ഇവയെ ട്രൂഗെ അഥവാ ശവപ്പെട്ടി എന്നു വിളിച്ചിരുന്നു.
തേൻ, മെഴുക് എന്നിവയ്ക്കുള്ള ആവശ്യം ഏറിവരികയും തേനീച്ചവളർത്തൽ വളരെ സാമ്പത്തിക പ്രാധാന്യം കൈവരിക്കുകയും ചെയ്തു. ദേശത്തെ ഭരണാധികാരികൾപോലും ഇതിൽ താത്പര്യമെടുക്കുകയും തേനീച്ചവളർത്തലിൽ ഏർപ്പെടുന്നതിനുള്ള കുത്തകാവകാശം തങ്ങൾക്ക് ഇഷ്ടപ്പെട്ട ചില വ്യക്തികൾക്കു നൽകുകയും ചെയ്തു. ഭരണാധികാരികൾക്ക് ഇതിൽ താത്പര്യമുണ്ടായിരുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ, കാരണം മെഴുകുതിരി ഉത്പാദിപ്പിക്കുന്നതിനു മെഴുക് ആവശ്യമായിരുന്നു, പ്രത്യേകിച്ചും പള്ളികളിലും സന്ന്യാസി മഠങ്ങളിലും ഉപയോഗിക്കുന്നതിന്. കൂടാതെ ഭക്ഷണസാധനങ്ങളിൽ മധുരത്തിനായി ചേർക്കാൻ അക്കാലത്തു ലഭ്യമായ ഏക വസ്തു തേൻ ആയിരുന്നു. 1500-കളിൽ കാർഷിക വിളയെന്ന നിലയിലുള്ള ബക്ക്വീറ്റിന്റെ ആഗമനം തേനീച്ചകൾക്ക് ഒരു ശരത്കാല ഭക്ഷ്യകലവറ തുറന്നു. തത്ഫലമായി തേൻ ഉത്പാദനം പിന്നെയും കുതിച്ചുയർന്നു. അധികം താമസിയാതെ, കാർണിയോളയിൽനിന്നു തേനും മെഴുകും വലിയ തോതിൽ കയറ്റുമതി ചെയ്യാൻ തുടങ്ങി. 1600-കളുടെ മധ്യത്തോടെ കാർണിയോള, വർഷം തോറും ഓസ്ട്രിയയിലെ സാൽസ്ബർഗിലേക്കു മാത്രമായി “ആയിരക്കണക്കിന് ക്വിന്റൽ” തേൻ കയറ്റി അയച്ചിരുന്നു എന്നു 17-ാം നൂറ്റാണ്ടിലെ ഒരു കാർണിയോളൻ പണ്ഡിതനായ വാർവാസോർ റിപ്പോർട്ടു ചെയ്യുകയുണ്ടായി.b
കാർണിയോളൻ തേനീച്ചയുടെ കീർത്തി പരക്കുന്നു
വർഷങ്ങളിലൂടെ, തേനീച്ചവളർത്തലിന്റെ ശാസ്ത്രീയവും കലാപരവുമായ മേഖലകളിലേക്ക് കാർണിയോള പ്രധാനപ്പെട്ട ഒട്ടനവധി സംഭാവനകൾ നൽകിയിട്ടുണ്ട്. വർഷങ്ങൾക്കു മുമ്പുതന്നെ, അതായത് 1770-ൽ, ചക്രവർത്തിനി മരിയ തെരേസ അപ്പർ കാർണിയോളയിലെ ഒരു തദ്ദേശവാസിയായ ആന്റൺ യാൻഷായെ, ഓസ്ട്രിയയിലെ വിയന്നയിൽ തേനീച്ചവളർത്തൽ പരിശീലിപ്പിക്കുന്നതിനു പുതുതായി സ്ഥാപിച്ച പരിശീലനസ്കൂളിലേക്ക് ആദ്യത്തെ അധ്യാപകനായി നിയമിക്കുകയുണ്ടായി. 1800-കളുടെ അവസാനത്തോടെ, പ്രതികൂലസാഹചര്യങ്ങളെ ചെറുത്തുനിൽക്കാൻ കഴിവുള്ള കാർണിയോളൻ തേനീച്ചകൾക്ക് പല പ്രദേശങ്ങളിലുമുള്ള തേനീച്ചവളർത്തലുകാരുടെ ആവശ്യങ്ങൾക്കൊത്ത് ഉയരാൻ കഴിയുമെന്നു തേനീച്ച ഗവേഷകർ തിരിച്ചറിഞ്ഞു. ഈ കാലഘട്ടത്തിലാണ് കാർണിയോളൻ തേനീച്ചകൾക്ക് ഈ പേരു ലഭിച്ചതും ഇവ ലോകമൊട്ടാകെ വ്യാപിക്കാൻ തുടങ്ങിയതും. വാസ്തവത്തിൽ, 20-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തോടെ കാർണിയോളയിൽനിന്ന്, “ചരക്കുതീവണ്ടികൾ നിറയെ തേനീച്ചക്കൂടുകൾ” മറ്റു സ്ഥലങ്ങളിലേക്കു കയറ്റി അയയ്ക്കാൻ തുടങ്ങിയിരുന്നു, കാർണിയോളൻ തേനീച്ചയുടെ ഒരു കുടുംബം അടങ്ങിയതായിരുന്നു ഓരോ കൂടും.
ഇതേ കാലഘട്ടത്തിൽത്തന്നെയാണ് പലകകൾകൊണ്ടുള്ള പരമ്പരാഗത തേനീച്ചക്കൂടിന് ക്രാൻയിക്ക് അഥവാ “കാർണിയോളൻ തേനീച്ചക്കൂട്” എന്ന പേരു കിട്ടിയത്. ഒരിക്കൽ അവയിൽ ഉണ്ടായിരുന്ന അനന്യസാധാരണമായ ചിത്രകലയാണ് ക്രാൻയിക്ക് കൂടുകൾക്കു വിശേഷാൽ കൗതുകം പകരുന്നത്. (26-ാം പേജിലെ “തേനീച്ചക്കൂടിന്മേലുള്ള പെയിന്റിങ്ങുകൾ” എന്ന ചതുരം കാണുക.) ഇന്ന് സ്ലോവേനിയയിൽ 7,000-ലേറെ തേനീച്ചവളർത്തലുകാർ 1,60,000-ത്തിലധികം തേനീച്ചക്കൂടുകൾ പരിപാലിക്കുന്നു. റഡോവ്ല്യട്സ പട്ടണത്തിൽ, സ്ലോവേനിയയിലെ തേനീച്ചവളർത്തലിന്റെ ചരിത്രത്തിനു സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒരു പ്രത്യേക തേനീച്ചവളർത്തൽ മ്യൂസിയം പോലുമുണ്ട്.
ഒരു ജനപ്രിയ ചിഹ്നം
കാലങ്ങളായി, സ്ലോവേനിയക്കാർ തേനീച്ചയെ കഠിനാധ്വാനത്തിന്റെയും പ്രായോഗിക ജ്ഞാനത്തിന്റെയും ചിഹ്നമായി കരുതിപ്പോരുന്നു. ഇപ്പോഴത്തെ സ്ലോവേനിയയിൽ 1693-ൽ സ്ഥാപിക്കപ്പെട്ട ആദ്യത്തെ ശാസ്ത്ര സംഘടന കഠിനാധ്വാനികളുടെ സംഘടന എന്നു വിളിക്കപ്പെട്ടു, തേനീച്ചയെയാണ് അതിന്റെ ചിഹ്നമായി തിരഞ്ഞെടുത്തത്. അതിലെ അംഗങ്ങൾ തങ്ങളെത്തന്നെ ലാറ്റിനിൽ “തേനീച്ചകൾ” എന്നർഥമുള്ള ആപിസ് എന്നു വിളിക്കുകപോലും ചെയ്തു. സ്ലോവേനിയക്കാരെ സംബന്ധിച്ചിടത്തോളം മിതവ്യയത്തിന്റെ ഒരു ചിഹ്നമെന്ന നിലയിൽ തേനീച്ച സാമ്പത്തികലോകത്തും സ്ഥാനം കൈയടക്കി. അക്കൗണ്ട് ബുക്കിന്റെ പുറംചട്ടയിലും ചില സ്ലോവേനിയൻ നാണയങ്ങളുടെ പുറകിലും ഒരു തേനീച്ചയുടെ രൂപം കാണാൻ കഴിയും.
സ്ലോവേനിയക്കാർക്കുതന്നെ കഠിനാധ്വാനികൾ എന്ന കീർത്തിയുള്ളത് അവർക്ക് തേനീച്ചകളോട് ഒരു പ്രത്യേക മമത തോന്നാൻ ഇടയാക്കിയിട്ടുണ്ട്. ഒരു സ്ലോവേനിയൻ പഴമൊഴി ഇപ്രകാരമാണ്, “തേനീച്ചകളെ നോക്കി അവയെ അനുകരിക്കുക.” അതുകൊണ്ട് ഇനിയിപ്പോൾ തിരക്കോടെ പണിയെടുക്കുന്ന തേനീച്ചകളെ കാണുകയോ അവയുടെ അധ്വാനത്തിന്റെ മധുരഫലമായ മധു നുകരുകയോ ചെയ്യുമ്പോഴെല്ലാം കഠിനാധ്വാനികളായ കാർണിയോളൻ തേനീച്ചകളെ കുറിച്ച് ഒരുപക്ഷേ നിങ്ങൾ ഓർത്തേക്കാം. (g04 3/22)
[അടിക്കുറിപ്പുകൾ]
a കാർണിയോളൻ തേനീച്ചയുടെ ഉദരത്തിനു ചുറ്റുമായി ചാരനിറമുള്ള നേർത്ത രോമങ്ങളുടെ വലയങ്ങൾ ഉള്ളതായി കാണാം.
b ഒരു ക്വിന്റൽ 100 കിലോഗ്രാമിന് അഥവാ ഏതാണ്ട് 220 പൗണ്ടിനു തുല്യമാണ്.
[26-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
തേനീച്ചക്കൂടിന്മേലുള്ള പെയിന്റിങ്ങുകൾ
സ്ലോവേനിയയിൽ സാധാരണ തേനീച്ചവളർത്തൽ നടക്കുന്നിടങ്ങളിൽ ദീർഘചതുരാകൃതിയിലുള്ള ഒരു അലമാരയിലെ വലിപ്പുകൾ പോലെ തേനീച്ചക്കൂടുകൾ ഒന്നിച്ച് അടുക്കിയിരിക്കുന്നതു കാണാം. വലിപ്പുകളുടെ വീതികുറഞ്ഞ ഭാഗം മുമ്പിലായിട്ടായിരിക്കും ക്രമീകരിക്കുക. കൂടുകളുടെ മുൻവശത്തെ പലകകളിൽ എണ്ണഛായാചിത്രങ്ങൾ രചിക്കുന്ന രീതി 1700-കളുടെ ആരംഭം മുതൽ 1900-കൾ വരെ തഴച്ചുവളർന്നിരുന്നു. അനുപമമായ ഈ കലയുടെ ഏകദേശം 3,000 ഉദാഹരണങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ വർഷങ്ങളിലുടനീളം നിർമിക്കുകയും അലങ്കരിക്കുകയും ചെയ്ത തേനീച്ചക്കൂടുകളുടെ എണ്ണത്തിന്റെ തീരെ ചെറിയ ശതമാനമേ ആകുന്നുള്ളൂ ഇത്.
പലകകളിലെ ഡിസൈനുകൾ മുഖ്യമായും മതപരമാണ്. “വിശുദ്ധന്മാരുടെ” ചിത്രങ്ങളും ബൈബിൾ കഥാ ചിത്രീകരണങ്ങളുമൊക്കെ അവയിൽ കാണാം. എന്നാൽ, മൃഗങ്ങളുടെയും തങ്ങളുടെ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന ജനങ്ങളുടെയും ചിത്രങ്ങളും അതോടൊപ്പം ഭാവനാദീപ്തവും നർമരസം കലർന്നതുമായ പല രംഗങ്ങളും പെയിന്റിങ്ങിൽ ഉൾപ്പെട്ടിരുന്നു. ചില പെയിന്റിങ്ങുകൾ കുടുംബബന്ധങ്ങളെ ചിത്രീകരിക്കുന്നവയാണ്. ഉദാഹരണത്തിന്, ഭർത്താവിനെ മദ്യഷാപ്പിൽനിന്നു വീട്ടിലേക്കു വലിച്ചിഴച്ചു കൊണ്ടുവരുന്ന ഒരു സ്ത്രീയുടെ ചിത്രമാണ് ചിലത്. മറ്റു ചിലവയാകട്ടെ, രണ്ടു ചെകുത്താന്മാർ ഒരു പരദൂഷണക്കാരിയുടെ നാവ് ചാണക്കല്ലിൽവെച്ച് മൂർച്ചവരുത്തുന്നതിനെ ചിത്രീകരിക്കുന്നു.
തേനീച്ചക്കൂടിന്മേലുള്ള പെയിന്റിങ്ങുകൾ “സ്ലോവേനിയൻ സാംസ്കാരിക പൈതൃകത്തിന്റെ മുത്തുകൾ,” “പഴമക്കാരുടെ ജ്ഞാനം വിളിച്ചോതുന്ന ചിരപുരാതന വിജ്ഞാനകോശം,” “ഒരുപക്ഷേ സ്ലോവേനിയക്കാരുടെ ഏറ്റവും തനതായ കല” എന്നെല്ലാം പ്രകീർത്തിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഈ പെയിന്റിങ്ങുകൾക്ക് ഈച്ചകളെ സഹായിക്കുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു. അതായത്, ഒരേ സ്ഥലത്തുതന്നെ ഒരുപാടു കൂടുകൾ ഉള്ള സ്ഥിതിക്ക് തേനീച്ച വഴിതെറ്റി മറ്റേതെങ്കിലും കൂട്ടിൽ വന്നു കയറാൻ സാധ്യതയുണ്ട്, അങ്ങനെ സംഭവിച്ചാൽ നുഴഞ്ഞു കയറ്റക്കാരനായി കരുതി മറ്റുള്ളവ അതിനെ വകവരുത്തും. അതിനാൽ, ഓരോ കൂടിന്റെയും മുൻവശത്ത് വ്യത്യസ്തമായ നിറപ്പകിട്ടാർന്ന ഡിസൈനുകൾ ഉള്ളത് തേനീച്ചകളെ അവയുടെ സ്വന്തം കൂട്ടിൽ വന്നണയാൻ സഹായിക്കുമെന്നു തേനീച്ചവളർത്തലുകാർ വിശ്വസിച്ചിരുന്നു.
[ചിത്രങ്ങൾ]
“ആദാമും ഹവ്വായും”
“യേശു യെരൂശലേമിൽ എത്തിച്ചേരുന്നു”
“ഈജിപ്തിലേക്കു വിൽക്കപ്പെട്ട യോസേഫ്”
പലകകളിൽ പരമ്പരാഗതമായ ചിത്രരചനകളുള്ള സാധാരണ സ്ലോവേനിയൻ തേനീച്ചക്കൂടുകളുടെ കൂട്ടം
[കടപ്പാട്]
തേനീച്ചക്കൂടുകളുടെ എല്ലാ ഫോട്ടോകളും: Z dovoljenjem upravitelja rojstne hiše pisatelja Josipa Jurčiča
[23-ാം പേജിലെ മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ഓസ്ട്രിയ
ഇറ്റലി
സ്ലോവേനിയ
കാർണിയോള
ക്രൊയേഷ്യ
അഡ്രിയാറ്റിക് കടൽ
[കടപ്പാട്]
ഭൂപടം: Mountain High Maps® Copyright © 1997 Digital Wisdom, Inc.
[24-ാം പേജിലെ ചിത്രം]
കാർണിയോളയിലെ വിഖ്യാതമായ തേനീച്ചയുടെ രൂപം വഹിക്കുന്ന സ്ലോവേനിയൻ നാണയം
[25-ാം പേജിലെ ചിത്രം]
ശാന്തസ്വഭാവിയും അക്രമവാസന ഇല്ലാത്തതും എന്നനിലയിൽ കാർണിയോളൻ തേനീച്ച പേരുകേട്ടതാണ്
[25-ാം പേജിലെ ചിത്രം]
ലാർവകൾ
[25-ാം പേജിലെ ചിത്രം]
പ്രായം കുറഞ്ഞ വേലക്കാരി തേനീച്ചകളാൽ ചുറ്റപ്പെട്ട റാണി ഈച്ച
[കടപ്പാട്]
ഫോട്ടോ: യാനെസ് ഗ്രിഗൊറി