വാർധക്യം പ്രാപിക്കുന്നത് എന്തുകൊണ്ട്?
“സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനും ആകുന്നു.”—ഇയ്യോബ് 14:1.
എല്ലാ ജീവജാലങ്ങൾക്കും അപചയം സംഭവിച്ചേതീരൂ എന്നു നിങ്ങൾ കരുതുന്നുണ്ടാകാം. മൃഗങ്ങൾ പ്രായംചെന്നു ചാകുന്നു. നിത്യേന ഉപയോഗിക്കുന്ന വാഹനങ്ങളും മറ്റും കാലാന്തരത്തിൽ പ്രവർത്തനരഹിതമാകുന്നു. പക്ഷേ ജന്തുശാസ്ത്ര പ്രൊഫസറായ സ്റ്റീവൻ ഓസ്റ്റാഡ് വിശദീകരിക്കുന്നു, “യന്ത്രങ്ങളിൽനിന്നു വളരെ വ്യത്യസ്തമാണു ജീവജാലങ്ങൾ. വാസ്തവത്തിൽ, സ്വയം കേടുപോക്കാനുള്ള സചേതനവസ്തുക്കളുടെ പ്രാപ്തിയായിരിക്കാം മറ്റെല്ലാത്തിൽനിന്നും അവയെ വ്യത്യസ്തമാക്കുന്ന ഏറ്റവും പ്രമുഖ ഘടകം.”
ഒരു ക്ഷതമുണ്ടാകുന്നതിനെ തുടർന്ന് ശരീരം സ്വയം കേടുപോക്കുന്ന രീതി ആശ്ചര്യകരമാണ്, എന്നാൽ അതിനെക്കാൾ ആശ്ചര്യമുണർത്തുന്നതാണ് ശരീരത്തിൽ സദാ നടക്കുന്ന പുതുക്കൽ പ്രക്രിയ. ഉദാഹരണത്തിന് അസ്ഥികളുടെ കാര്യമെടുക്കുക. “പ്രത്യക്ഷത്തിൽ നിർജീവമെന്നു തോന്നാമെങ്കിലും അസ്ഥി ഒരു ജീവകലയാണ്. മുതിർന്ന ഒരു വ്യക്തിയുടെ ജീവിതത്തിലുടനീളം അത് നിരന്തരം നശിപ്പിക്കപ്പെടുകയും പുനർനിർമിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഈ പ്രക്രിയ നിമിത്തം മുഴു അസ്ഥിപജ്ഞരവും 10 വർഷത്തിലൊരിക്കൽ പുതുക്കപ്പെടുന്നു” എന്ന് സയന്റിഫിക് അമേരിക്കൻ മാസിക വിശദീകരിക്കുന്നു. മറ്റു ശരീരഭാഗങ്ങളാകട്ടെ കൂടെക്കൂടെ പുതുക്കപ്പെടുന്നു. ത്വക്ക്, കരൾ, കുടൽ എന്നിവയിലെ ചില കോശങ്ങൾ ദിനംപ്രതിയെന്നവണ്ണം പുതുക്കപ്പെടുന്നു. ഓരോ സെക്കൻഡിലും പഴയ കോശങ്ങൾക്കു പകരമായി ഏകദേശം 2.5 കോടി പുതിയ കോശങ്ങളെ ശരീരം ഉത്പാദിപ്പിക്കുന്നു. ഇതു സംഭവിക്കാതിരിക്കുകയും ശരീരഭാഗങ്ങളുടെ ക്രമമായ പുതുക്കലും കേടുപോക്കലും നിലയ്ക്കുകയുമാണെങ്കിൽ കുട്ടിക്കാലത്തുതന്നെ നിങ്ങൾ വൃദ്ധരാകും.
ജീവശാസ്ത്രജ്ഞർ കോശങ്ങളിലെ തന്മാത്രകളെക്കുറിച്ചു പഠിക്കാൻ തുടങ്ങിയപ്പോഴാണ്, നമുക്ക് അപചയം സംഭവിക്കുന്നില്ലെന്ന വസ്തുത കൂടുതൽ ശ്രദ്ധേയമായിത്തീർന്നത്. പുതുതായി രൂപംകൊള്ളുന്ന ഓരോ കോശത്തിലും ഡിഎൻഎ-യുടെ ഒരു പകർപ്പ് ഉണ്ടായിരിക്കണം. ഡിഎൻഎ-യിലാണ് ഒരു വ്യക്തിയുടെ മുഴുശരീരത്തെയും പുതുക്കാൻ ആവശ്യമായ ഒട്ടുമുക്കാലും വിവരങ്ങൾ അടങ്ങിയിരിക്കുന്നത്. അപ്പോൾ ഡിഎൻഎ എത്ര പ്രാവശ്യം പകർപ്പെടുപ്പിനു വിധേയമാകുന്നുവെന്നു ചിന്തിക്കുക. നിങ്ങളുടെ ശരീരത്തിൽ മാത്രമല്ല മറിച്ച് മനുഷ്യ ജീവന്റെ തുടക്കം മുതൽ ആ പകർപ്പെടുപ്പ് നിർവിഘ്നം തുടരുന്നുവെന്നും മനസ്സിൽപ്പിടിക്കുക. ഇത് എത്ര ആശ്ചര്യകരമാണെന്നു മനസ്സിലാക്കാൻ, ഒരു ഫോട്ടോസ്റ്റാറ്റ് യന്ത്രത്തിൽ ഒരു രേഖയുടെ പകർപ്പെടുക്കുകയും ആ പകർപ്പ് മറ്റൊരു പകർപ്പെടുക്കാൻ ഉപയോഗിക്കുകയും ചെയ്യുന്നതിനെക്കുറിച്ചു ചിന്തിക്കുക. നിങ്ങൾ ഇതു തുടർച്ചയായി ചെയ്യുന്നെങ്കിൽ, പകർപ്പുകളുടെ വ്യക്തത കുറയുന്നതായും അവസാനം വായിക്കാൻ പറ്റാത്തവിധം മങ്ങിയിരിക്കുന്നതായും നിങ്ങൾ നിരീക്ഷിക്കും. സന്തോഷകരമെന്നു പറയട്ടെ, ഓരോ തവണ കോശവിഭജനം ആവർത്തിക്കപ്പെടുമ്പോഴും പുതിയ കോശങ്ങളിൽ പകർത്തപ്പെടുന്ന ഡിഎൻഎ-യുടെ ഗുണനിലവാരം താഴുകയോ അതിനു തേയ്മാനം സംഭവിക്കുകയോ ചെയ്യുന്നില്ല. എന്തുകൊണ്ട്? ഡിഎൻഎ പകർത്തപ്പെടുമ്പോൾ ഉണ്ടാകുന്ന തകരാറുകൾ പരിഹരിക്കാൻ കോശങ്ങൾക്കു പല മാർഗങ്ങളും ഉള്ളതുകൊണ്ടാണത്. അതു വാസ്തവമല്ലായിരുന്നെങ്കിൽ, മനുഷ്യരാശി പണ്ടേ ഭൂമുഖത്തുനിന്നും തുടച്ചുനീക്കപ്പെടുമായിരുന്നു.
എല്ലാ ശരീരഭാഗങ്ങളും—വലിയ ഭാഗങ്ങൾ മുതൽ സൂക്ഷ്മ തന്മാത്രകൾ വരെ—ക്രമമായി കേടുപോക്കുകയും പുതുക്കപ്പെടുകയും ചെയ്യുന്നതിനാൽ, ശരീരത്തിലെ കോശങ്ങൾക്കു തേയ്മാനം സംഭവിക്കുന്നതാണ് വാർധക്യത്തിനു കാരണമെന്നു തീർത്തുപറയാനാവില്ല. ശരീരത്തിൽ നിരവധി വ്യവസ്ഥകൾ ഉണ്ട്. ദശാബ്ദങ്ങളോളം അവ ഓരോന്നും വ്യത്യസ്ത വിധങ്ങളിലും വേഗത്തിലും സ്വയം കേടുപോക്കുകയോ പുതുക്കുകയോ ചെയ്യുന്നു. അങ്ങനെയെങ്കിൽ ഒരേസമയത്തുതന്നെ അവയുടെയെല്ലാം പ്രവർത്തനം നിലയ്ക്കുന്നത് എന്തുകൊണ്ട്?
വാർധക്യം ജീനുകളിൽ എഴുതപ്പെട്ടിരിക്കുന്നുവോ?
ഒരു പൂച്ച 20 വർഷം ജീവിക്കുന്നു, എന്നാൽ പൂച്ചയുടെ അത്രയുംതന്നെ വലുപ്പമുള്ള ഒപ്പോസത്തിന്റെ ആയുസ്സ് വെറും 3 വർഷമാണ്.a ഒരു വവ്വാൽ 20-ഓ 30-ഓ വർഷം ജീവിക്കുന്നു, എന്നാൽ ഒരു ചുണ്ടെലി 3 വർഷമേ ജീവിക്കുന്നുള്ളൂ. ഭീമൻ കരയാമകൾ 150 വർഷം ജീവിക്കുമ്പോൾ ആനകൾ 70 വർഷമേ ജിവിക്കുന്നുള്ളൂ. ആയുസ്സിലെ ഇത്തരം ഏറ്റക്കുറച്ചിലുകൾ എന്തുകൊണ്ടാണ്? ഭക്ഷണക്രമം, ശരീരഭാരം, തലച്ചോറിന്റെ വലുപ്പം, ജീവിതത്തിന്റെ ഗതിവേഗം തുടങ്ങിയ ഘടകങ്ങളൊന്നും ഈ ഏറ്റക്കുറച്ചിലുകൾക്കു വിശദീകരണമാകുന്നില്ല. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇപ്രകാരം പറയുന്നു: “ജനിതക വസ്തുവിലെ ജനിതക കോഡിൽ, ഒരു ജീവിവർഗത്തിന്റെ പരമാവധി ആയുസ്സ് എത്രയായിരിക്കണമെന്നു വ്യക്തമാക്കുന്ന നിർദേശങ്ങൾ അടങ്ങിയിരിക്കുന്നു.” പരമാവധി ആയുർദൈർഘ്യം ജീനുകളിൽ എഴുതപ്പെട്ടിരിക്കുന്നു. ഈ ആയുസ്സ് തീരാറാകുമ്പോൾ, ശാരീരിക പ്രവർത്തനങ്ങളെല്ലാം നിലയ്ക്കാൻ തുടങ്ങും. അതിന് ഇടയാക്കുന്നത് എന്താണ്?
തന്മാത്രാജീവശാസ്ത്രജ്ഞനായ ഡോ. ജോൺ മെഡീന എഴുതുന്നു: “പ്രത്യേക ഘട്ടങ്ങളിൽ പൊടുന്നനെ പ്രത്യക്ഷപ്പെട്ട്, പൂർണ വളർച്ചയെത്തിയ കോശങ്ങളോട് അവയുടെ സാധാരണ ധർമങ്ങൾ നിറുത്താൻ ആവശ്യപ്പെടുന്ന അജ്ഞാത സന്ദേശങ്ങളുണ്ടെന്നു തോന്നുന്നു.” അദ്ദേഹം ഇങ്ങനെയും കൂട്ടിച്ചേർക്കുന്നു: “കോശങ്ങൾക്ക്, ഫലത്തിൽ മുഴു ജീവജാലങ്ങൾക്കും, വാർധക്യം പ്രാപിക്കാനും മരിക്കാനുമുള്ള നിർദേശങ്ങൾ നൽകാൻ കഴിയുന്ന ജീനുകളുണ്ട്.”
നമ്മുടെ ശരീരത്തെ, ദശാബ്ദങ്ങളോളം വിജയകരമായി ബിസിനസ്സ് നടത്തിക്കൊണ്ടുപോകുന്ന ഒരു കമ്പനിയോടു ഉപമിക്കാൻ കഴിയും. എന്നാൽ ഒരു സുപ്രഭാതത്തിൽ കമ്പനിയിലെ മാനേജർമാർ, പുതിയവരെ ജോലിക്കെടുത്ത് പരിശീലിപ്പിക്കുന്നതും യന്ത്രങ്ങൾ കേടുപോക്കുന്നതും പഴയ യന്ത്രങ്ങൾക്കു പകരം പുതിയവ സ്ഥാപിക്കുന്നതും കെട്ടിടങ്ങൾ യഥാസമയം കേടുപോക്കുന്നതും അവ പുനർനിർമിക്കുന്നതുമെല്ലാം നിറുത്തുന്നു. അധികം കഴിയുന്നതിനുമുമ്പ് ബിസിനസ്സ് ക്ഷയിക്കാൻ തുടങ്ങും. പക്ഷേ ആ മാനേജർമാരെല്ലാം തങ്ങളുടെ ഫലപ്രദമായ നയങ്ങൾക്കു മാറ്റം വരുത്തിയത് എന്തുകൊണ്ടാണ്? വാർധക്യത്തെക്കുറിച്ചു പഠിക്കുന്ന ജീവശാസ്ത്രജ്ഞർ സമാനമായ ഒരു ചോദ്യമാണു നേരിടുന്നത്. പ്രായത്തിന്റെ ഘടികാരം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു: “കോശവിഭജനം നിലയ്ക്കുന്നതിന്റെയും അവ നശിക്കാൻ തുടങ്ങുന്നതിന്റെയും കാരണം മനസ്സിലാക്കുകയെന്നുള്ളത് വാർധക്യത്തെക്കുറിച്ചുള്ള ഗവേഷണത്തിലെ ഒരു വലിയ സമസ്യയാണ്.”
വാർധക്യത്തിനു പരിഹാരമുണ്ടോ?
വാർധക്യത്തെ വിശേഷിപ്പിക്കുന്നത് “ജീവശാസ്ത്രപരമായ സമസ്യകളിൽ ഏറ്റവും സങ്കീർണമായത്” എന്നാണ്. ദശാബ്ദങ്ങളോളം ശ്രമിച്ചിട്ടും, വാർധക്യത്തിന്റെ കാരണം കണ്ടുപിടിക്കാൻ ശാസ്ത്രീയ ഗവേഷണങ്ങൾക്കു കഴിഞ്ഞിട്ടില്ല, പരിഹാരത്തിന്റെ കാര്യമൊട്ടു പറയുകയും വേണ്ട. വാർധക്യത്തെക്കുറിച്ചു പഠിക്കുന്ന 51 ശാസ്ത്രജ്ഞർ പുറപ്പെടുവിച്ച ഒരു മുന്നറിയിപ്പ് 2004-ൽ സയന്റിഫിക് അമേരിക്കൻ മാസിക പ്രസിദ്ധീകരിച്ചു. അത് ഇപ്രകാരമായിരുന്നു: “നിലവിൽ വിപണിയിൽ ലഭ്യമായ യാതൊരു ഉത്പന്നത്തിനും വാർധക്യത്തെ മന്ദഗതിയിലാക്കാനോ അതിനെ തടയാനോ മനുഷ്യരെ യുവത്വത്തിലേക്കു മടക്കിവരുത്താനോ കഴിയുമെന്നു തെളിയിക്കപ്പെട്ടിട്ടില്ല.” സമീകൃത ആഹാരക്രമവും വ്യായാമവും ആരോഗ്യം മെച്ചപ്പെടുത്തുകയും രോഗബാധ നിമിത്തം അകാലചരമമടയുന്നതിന്റെ അപകടസാധ്യത കുറയ്ക്കുകയും ചെയ്തേക്കാമെങ്കിലും, അതൊന്നും വാർധക്യത്തെ തടയുമെന്നു തെളിയിക്കപ്പെട്ടിട്ടില്ല. ഇത്തരം നിഗമനങ്ങൾ ബൈബിളിൽ കാണപ്പെടുന്ന യേശുവിന്റെ വാക്കുകൾ നമ്മുടെ ഓർമയിലേക്കു കൊണ്ടുവരുന്നു: “വിചാരപ്പെടുന്നതിനാൽ തന്റെ [ആയുസ്സിന്റെ] നീളത്തോടു ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും?”—മത്തായി 6:27.
വാർധക്യത്തിനു പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിൽ ഉണ്ടായിട്ടുള്ള പുരോഗതിയെ സംക്ഷേപിച്ചുകൊണ്ട് ഡോ. മെഡീന എഴുതുന്നു: “വാർധക്യത്തിന്റെ അടിസ്ഥാന കാരണംതന്നെ ഞങ്ങൾക്ക് അറിയില്ല. . . . ദശാബ്ദങ്ങൾക്കു മുമ്പ് അർബുദത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും അതിനൊരു പ്രതിവിധി കണ്ടെത്താനായിട്ടില്ല. അർബുദത്തിനു കാരണമാകുന്ന ഘടകങ്ങളെക്കാൾ അങ്ങേയറ്റം സങ്കീർണമാണ് വാർധക്യ പ്രക്രിയ.”
ഗവേഷകർ നിർണായക നിഗമനത്തിലെത്തുന്നു
സചേതന വസ്തുക്കളുടെ പ്രവർത്തന വിധത്തെയും അവ വാർധക്യം പ്രാപിക്കുന്നതിന്റെ കാരണത്തെയും കുറിച്ചുള്ള ഗവേഷണങ്ങൾ, ഏറെക്കാലം ജീവിച്ചിരിക്കാനുള്ള പ്രത്യാശയെ തച്ചുടച്ചിട്ടില്ല. വാർധക്യത്തെക്കുറിച്ചുള്ള ഗവേഷണങ്ങൾ നിർണായകമായ ഒരു നിഗമനത്തിലെത്തിച്ചേരാൻ തങ്ങളെ നിർബന്ധിതരാക്കിയിരിക്കുന്നുവെന്ന് ചിലർ മനസ്സിലാക്കുന്നു. തന്മാത്രാജീവരസതന്ത്രജ്ഞനായ മൈക്കൾ ബീഹീ എഴുതുന്നു: “കഴിഞ്ഞ നാലു ദശാബ്ദങ്ങളിലായി ആധുനിക ജൈവരസതന്ത്രം കോശങ്ങളുടെ രഹസ്യങ്ങൾ വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നു. . . . കോശത്തെപ്പറ്റി പഠിക്കാൻ അതും തന്മാത്രാ തലത്തിൽ ജീവനെക്കുറിച്ചു പഠിക്കാൻ പലരും നടത്തിയ ശ്രമത്തിന്റെ ഫലം വ്യക്തമായി വിളിച്ചോതുന്നത് സചേതന വസ്തുക്കളെ ആരോ രൂപകൽപ്പന ചെയ്തതാണെന്നാണ്.” ആരോ ബുദ്ധിവൈഭവത്തോടെ സചേതന വസ്തുക്കളെ രൂപകൽപ്പന ചെയ്തു. തീർച്ചയായും ഈ നിഗമനത്തിലെത്തിച്ചേർന്ന ആദ്യ വ്യക്തി ബീഹീ ആയിരുന്നില്ല. മനുഷ്യശരീരത്തിന്റെ രൂപകൽപ്പനയിൽ അദ്ഭുതംകൂറിയ ഒരു പുരാതന സങ്കീർത്തനക്കാരൻ ഇപ്രകാരം എഴുതി: “ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരി”ക്കുന്നു.—സങ്കീർത്തനം 139:14.
എല്ലാ ജീവജാലങ്ങളും രൂപകൽപ്പന ചെയ്യപ്പെട്ടതാണെങ്കിൽ, കൗതുകകരമായ ഒരു ചോദ്യം ഉയർന്നുവരുന്നു: വലിയ രൂപരചയിതാവായ ദൈവം, പല മൃഗങ്ങളുടെയും അതേ ആയുർദൈർഘ്യത്തോടെയാണോ മനുഷ്യരെ സൃഷ്ടിച്ചത്, അതോ മൃഗങ്ങളെക്കാൾ കൂടുതൽ കാലം അവർ ജീവിച്ചിരിക്കണമെന്ന് അവൻ ഉദ്ദേശിച്ചിരുന്നോ?
[അടിക്കുറിപ്പ്]
a വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന ഒരു സഞ്ചിമൃഗമാണ് ഒപ്പോസം.
[6-ാം പേജിലെ ആകർഷക വാക്യം]
‘അതിശയകരമായി നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു’
[4, 5 പേജുകളിലെ ചിത്രം]
അപചയമാണോ വാർധക്യത്തിനു കാരണം?
[6-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
ഡിഎൻഎ: Photo: www.comstock.com