സ്പഞ്ചുകൾ ആഴിയിലെ അത്ഭുതജീവികൾ
ഓസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
തേച്ചുകുളിക്കാൻ ഒരു ജീവിയുടെ അസ്ഥിപഞ്ജരം ഉപയോഗിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്കു ചിന്തിക്കാനാകുമോ? കേട്ടപ്പോൾത്തന്നെ അറപ്പുതോന്നിക്കാണും, അല്ലേ? എന്നാൽ പ്രകൃതി സമ്മാനിക്കുന്ന ബാത്ത് സ്പഞ്ചുകൾ ഒരുതരം ജീവിയുടെ നേർത്ത അസ്ഥികൂടമാണ് എന്നതാണു യാഥാർഥ്യം.
“ജന്തുവംശത്തിന്റെ കുടുംബവൃക്ഷത്തിലെ ഏറ്റവും പുരാതനവും ഏറ്റവും കീഴ്ത്തട്ടിലുള്ളതുമായ ജീവരൂപമാണ് സ്പഞ്ചുകൾ” എന്ന് നാഷണൽ ജിയോഗ്രഫിക് ന്യൂസ് പ്രസ്താവിക്കുന്നു. അതുകൊണ്ടുതന്നെ പണ്ടുകാലത്തു ജീവിച്ചിരുന്ന ഒരു മുത്തശ്ശി സ്പഞ്ചിൽനിന്നാണ് ജന്തുക്കളും മനുഷ്യരും പരിണമിച്ചുണ്ടായത് എന്ന് അനേകർ നിഗമനം ചെയ്യുന്നു. “നമ്മുടെയെല്ലാം പൂർവിക”യെന്നും “ജന്തുലോകത്തിലെ ഹവ്വാ”യെന്നുമാണ് ഒരു ടെലിവിഷൻ ഡോക്യുമെന്ററി സ്പഞ്ചിനെ വിശേഷിപ്പിച്ചത്.
സ്പഞ്ചുകളെക്കുറിച്ച് ശാസ്ത്രജ്ഞന്മാർ എന്തു മനസ്സിലാക്കിയിരിക്കുന്നു? അവ തികച്ചും ലളിതമായ ജീവരൂപങ്ങളാണോ അതോ അമ്പരപ്പിക്കുന്ന രൂപകൽപ്പനയുടെ ദൃഷ്ടാന്തങ്ങളോ?
ഹൃദയവും തലച്ചോറുമില്ലാത്ത അത്ഭുതസൃഷ്ടി
സ്പഞ്ചുകൾ സസ്യങ്ങളാണെന്നു പ്രത്യക്ഷത്തിൽ തോന്നിയേക്കാമെങ്കിലും അവ യഥാർഥത്തിൽ ജന്തുവർഗത്തിൽപ്പെട്ടവയാണെന്ന് അരിസ്റ്റോട്ടിലും പ്ലിനി ദി എൽഡറും വ്യക്തമാക്കി. ലോകമെങ്ങുമുള്ള തടാകങ്ങളിലും സമുദ്രങ്ങളിലുമായി നാനാ രൂപങ്ങളിലും നിറങ്ങളിലും ഏകദേശം 15,000 ഇനം സ്പഞ്ചുകൾ ഉണ്ടെന്ന് വിദഗ്ധർ കണക്കാക്കുന്നു. നീണ്ടുമെലിഞ്ഞ വിരലുകൾ, ഉരുണ്ട വീപ്പകൾ, വിരിച്ചിട്ട പരവതാനികൾ, ലോലമായ വിശറികൾ എന്നിങ്ങനെ നിരവധി രൂപങ്ങളിൽ അവ കാണപ്പെടുന്നു. എന്തിന്, പളുങ്കു പൂപ്പാത്രങ്ങൾപോലെയുള്ള സ്പഞ്ചുകളുമുണ്ട്. വലുപ്പം നോക്കിയാൽ, നെന്മണിയെക്കാൾ ചെറിയവ മുതൽ മനുഷ്യനെക്കാൾ ഉയരമുള്ളവ വരെയുണ്ട്. ആയുസ്സിന്റെ കാര്യത്തിലും അവ പിമ്പിലല്ല. നൂറിലധികം വർഷംവരെ ജീവിക്കുന്നവ ഉണ്ടായിരുന്നേക്കാമെന്ന് ശാസ്ത്രജ്ഞന്മാർ വിശ്വസിക്കുന്നു.
“ഘടന, ധർമം, വളർച്ച എന്നീ കാര്യങ്ങളിൽ സ്പഞ്ചുകൾ മറ്റു ജന്തുക്കളിൽനിന്നു വ്യത്യസ്തമാണ്” എന്ന് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു. എങ്ങനെ? സ്പഞ്ചുകൾക്ക് മറ്റു ജന്തുക്കൾക്കെല്ലാം ഉള്ളതുപോലുള്ള ആന്തരാവയവങ്ങൾ ഇല്ല. ഹൃദയവും തലച്ചോറും നാഡീവ്യവസ്ഥയുമൊന്നും ഇല്ലാതെ അവ എങ്ങനെയാണ് ജീവിക്കുന്നത്? ശരീരത്തിലുള്ള സൂക്ഷ്മ കോശങ്ങൾ ജീവന് ആധാരമായ ഒട്ടനവധി ധർമങ്ങൾ നിറവേറ്റുന്നു. ആഹാരം തേടുന്നതിനും പോഷകങ്ങൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നതിനും ഉച്ഛിഷ്ടം പുറന്തള്ളുന്നതിനുമെല്ലാം പ്രത്യേക ഇനം കോശങ്ങളുണ്ട്. ചിലതരം കോശങ്ങൾ അസ്ഥികൂടത്തിനും പുറംതോടിനും രൂപംനൽകുന്നു. ആവശ്യമായിവരുന്നപക്ഷം ചില കോശങ്ങൾ മറ്റു കോശങ്ങളുടെ ധർമം ഏറ്റെടുക്കുകപോലും ചെയ്യുന്നു.
സ്പഞ്ചുകൾക്ക് മറ്റു ചില സവിശേഷതകളുമുണ്ട്. ജീവനുള്ള ഒരു സ്പഞ്ചിനെ ഒരു അരിപ്പയിലൂടെ കടത്തിവിട്ടു നോക്കൂ. പല ഭാഗങ്ങളായി വിഭജിക്കപ്പെടുന്നെങ്കിലും കോശങ്ങൾ കൂടിച്ചേർന്ന് അതു പൂർവസ്ഥിതി പ്രാപിക്കുന്നതു കാണാം. ഇനി രണ്ടു സ്പഞ്ചുകളെ ഒരുമിച്ചിട്ടു പൊടിച്ചാലോ? ഓരോന്നിന്റെയും നുറുങ്ങുകൾ കൃത്യമായി കൂടിച്ചേർന്ന് വീണ്ടും ആ പഴയ ജീവികളായിത്തീരുന്നു. “ഇത്തരത്തിൽ പുനർജീവിക്കാൻ മറ്റൊരു സസ്യത്തിനും ജന്തുവിനും കഴിയില്ല” എന്ന് നാഷണൽ ജിയോഗ്രഫിക് ന്യൂസ് പ്രസ്താവിക്കുന്നു.
സ്പഞ്ചുകൾ പ്രത്യുത്പാദനത്തിന് അവലംബിക്കുന്ന മാർഗങ്ങളും വിസ്മയാവഹമാണ്. ചില സ്പഞ്ചുകൾക്ക് ബഹിരാകാശ പേടകംപോലെ പ്രവർത്തിക്കുന്ന ആന്തരമുകുളങ്ങൾ (ജെമ്യൂളുകൾ) ഉണ്ട്
. മാതൃശരീരത്തിൽനിന്നു വേർപെട്ട് യാത്രചെയ്യവേ ശരീര ധർമങ്ങൾ നിറുത്തിവെക്കുന്ന ഈ ‘കുടിയേറ്റക്കാർ’ ലക്ഷ്യസ്ഥാനത്തെത്തിയശേഷം പ്രവർത്തനം പുനരാരംഭിക്കുകയും ‘പേടക’ത്തിൽനിന്ന് ഇറങ്ങി പുതിയ ഒരു സ്പഞ്ചിനു ജന്മം നൽകുകയും ചെയ്യുന്നു. അങ്ങനെ പുതിയ കോളനികൾതന്നെ രൂപംകൊള്ളുന്നു. ലൈംഗിക പ്രജനനവും സാധാരണമാണ്. അതിനായി ഒരു സ്പഞ്ചുതന്നെ സാഹചര്യത്തിനുചേർച്ചയിൽ ആണോ പെണ്ണോ ആയി മാറുന്നു. ചില സ്പഞ്ചുകൾ മുട്ടയിടുന്നവയാണ്. “കൂടുതൽ അടുത്തു നിരീക്ഷിക്കുന്തോറും ഏറ്റവും ലളിതമായ ജീവരൂപങ്ങൾപോലും ഏറെ സങ്കീർണതയുള്ളവയായി കാണപ്പെടുന്നു” എന്ന് എഴുത്തുകാരനായ പോൾ മോറീസ് ചൂണ്ടിക്കാട്ടുന്നു.
കടലിലെ വാക്വം ക്ലീനറുകൾ
“സ്പഞ്ചുകളുടെ ഭക്ഷ്യവ്യവസ്ഥ തികച്ചും അനുപമമാണ്” എന്ന് ജന്തുശാസ്ത്രജ്ഞനായ അലൻ കോളിൻസ് എഴുതുന്നു. ബാഹ്യാവരണത്തിലുള്ള സൂക്ഷ്മമായ സുഷിരങ്ങൾ ശരീരത്തിൽ തലങ്ങും വിലങ്ങുമുള്ള അസംഖ്യം ചെറുകുഴലുകളും അറകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ബൃഹത്തായ ഈ സഞ്ചാരവ്യവസ്ഥയുടെ ഭിത്തികൾ ദശലക്ഷക്കണക്കിനു കോളർ കോശങ്ങളാൽ ആവൃതമാണ്. അവ ഓരോന്നിനും ചാട്ടവാറുപോലെ മുമ്പോട്ടും പിമ്പോട്ടും ദ്രുതഗതിയിൽ ചലിക്കുന്ന ഒരു സ്പർശിനി ഉണ്ട്. “പായ്ക്കപ്പലിലെ തുഴക്കാരെപ്പോലെ പ്രവർത്തിക്കുന്ന ഈ കോശങ്ങൾ, വെള്ളത്തിലുള്ള ആഹാരകണികകളെ വേർതിരിച്ചെടുത്തു ദഹിപ്പിക്കാൻ കഴിവുള്ള മറ്റു കോശങ്ങൾക്കിടയിലേക്കു തുടർച്ചയായി വെള്ളം അടിച്ചുകയറ്റുന്നു” എന്ന് എഴുത്തുകാരനായ ബെൻ ഹാർഡർ വിശദീകരിക്കുന്നു. സ്വന്തം വ്യാപ്തത്തിന്റെ പത്തിരട്ടിയോളം വെള്ളം ഓരോ മണിക്കൂറിലും പമ്പ് ചെയ്യുന്ന സ്പഞ്ചുകൾ അതിലുള്ള ഏകദേശം 90 ശതമാനം ബാക്ടീരിയകളും പോഷകങ്ങളും വിഷലിപ്തമായ രാസവസ്തുക്കളും വലിച്ചെടുക്കുന്നു. സമുദ്രത്തിലെ ജലപ്രവാഹത്തിൽ വ്യതിയാനം ഉണ്ടാകുമ്പോഴോ ഉച്ഛിഷ്ടങ്ങൾ പുറന്തള്ളേണ്ടിവരുമ്പോഴോ ഈ പമ്പിങ് പ്രക്രിയയുടെ വേഗമോ ദിശയോ മാറ്റാൻപോലും സ്പഞ്ചുകൾക്കു കഴിയും. ഡോ. ജോൺ ഹൂപ്പർ പറയുന്നതനുസരിച്ച്, “സ്പഞ്ചുകൾ കടലിലെ ഏറ്റവും കാര്യക്ഷമതയുള്ള വാക്വം ക്ലീനറുകളാണ്.”
ചെമ്മീൻ, ഞണ്ട്, മറ്റു ചെറു ജീവികൾ എന്നിവയ്ക്ക് സ്പഞ്ചുകൾ നല്ലൊരു താവളമാണ്. സ്പഞ്ചിന്റെ ശരീരത്തിൽ പ്രവേശിക്കുന്ന വെള്ളത്തിലുള്ള ഭക്ഷ്യവസ്തുക്കൾ അവയ്ക്കു കുശാലായ ശാപ്പാടൊരുക്കുന്നു. ഒരു സ്പഞ്ച് 17,128 ജീവികളെ പാർപ്പിച്ചിരുന്നതായി കണ്ടെത്തുകയുണ്ടായി! അസംഖ്യം ബാക്ടീരിയകളും ആൽഗകളും ഫംഗസുകളും, സ്പഞ്ചുകളുമായി സഹജീവനബന്ധം പുലർത്തുന്നു. നനഞ്ഞിരിക്കുന്ന ഒരു സ്പഞ്ചിന്റെ മൊത്തം ഭാരത്തിന്റെ പകുതിയും അതിലെ ബാക്ടീരിയയുടെ ഭാരം ആയിരുന്നേക്കാം.
സ്പഞ്ചുകളെയും അവയുടെ ഈ ‘കൂടപ്പിറപ്പുകളെയും’ ഉപയോഗിച്ച് ഒന്നാന്തരം ഔഷധങ്ങൾ നിർമിക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിരിക്കുന്നു. എയ്ഡ്സ്, കാൻസർ, മലേറിയ എന്നിങ്ങനെയുള്ള രോഗങ്ങൾക്ക് അവ ഫലപ്രദമായേക്കാമെന്നാണ് അവരുടെ വിശ്വാസം. സ്പഞ്ചിൽനിന്നുള്ള അത്തരം ഒരു ഔഷധക്കൂട്ടിനെക്കുറിച്ചു സംസാരിക്കവേ, “കമ്പ്യൂട്ടറുകൾക്കു രൂപകൽപ്പന ചെയ്യാൻ സാധിക്കുന്നതിനെക്കാൾ വിസ്മയാവഹമായ തന്മാത്രകൾ പ്രകൃതി നമുക്കു സമ്മാനിക്കുന്നു” എന്ന് ഗവേഷകയായ ഷർലി പാമ്പോനി പറയുന്നു.
സ്ഫടികത്തിൽ മെനഞ്ഞതോ?
കുളിക്കാൻ ഉപയോഗിക്കുന്ന സ്പഞ്ചുകൾ മൃദുവാണ്. എന്നാൽ മിക്കതും വളരെ കട്ടിയുള്ളതാണ്. അവയിൽ ശൂകങ്ങൾ എന്നറിയപ്പെടുന്ന കോടിക്കണക്കിന് കൊച്ചു ക്രിസ്റ്റലുകൾ ഉണ്ട്. സൂക്ഷ്മദർശിനിയിലൂടെ നോക്കിയാൽ അവയുടെ അമ്പരപ്പിക്കുന്ന ഭംഗിയും വൈവിധ്യവും നമുക്കു കാണാൻ കഴിയും. പല വിധങ്ങളിൽ കൂടിച്ചേർന്നുകൊണ്ട് ആ ക്രിസ്റ്റലുകൾ സങ്കീർണമായ അസ്ഥികൂടം, പരിച, കേബിളുകൾ—അവയ്ക്ക് ഒരു സെന്റിമീറ്റർ വണ്ണവും മൂന്നു മീറ്റർവരെ നീളവുമുണ്ടായിരിക്കും—എന്നീ രൂപങ്ങൾ തീർക്കുന്നു. വെൽക്രോ മാതൃകയിലുള്ള വല ഉപയോഗിച്ചാണ് മാംസഭുക്കായ ഒരു സ്പഞ്ച് ഇര പിടിക്കുന്നത്.
ആഴക്കടലിൽ കാണപ്പെടുന്ന ‘വീനസിന്റെ പൂപ്പാത്രം’ അവയുടെ ശൂകങ്ങൾകൊണ്ട് സങ്കീർണവും അതിമനോഹരവുമായ ചില്ലുകൂടുകൾ തീർക്കുന്നു. പളുങ്കുപോലുള്ള സിലിക്കാനാരുകൾ കൃത്രിമമായി നിർമിക്കുന്ന ഫൈബർ ഓപ്റ്റിക് കേബിളുകൾപോലെ കാണപ്പെടുന്നു. “പ്രകൃതിജന്യമായ ഈ സ്ഫടിക നാരുകൾ വളരെ ഉറപ്പുള്ളതാണ്. കൃത്രിമനാരുകളിൽനിന്നു വ്യത്യസ്തമായി കെട്ടിട്ടാൽപ്പോലും അവ പൊട്ടിപ്പോകുകയില്ല” എന്ന് ഒരു ശാസ്ത്രജ്ഞൻ വിശദീകരിക്കുന്നു. കടൽവെള്ളത്തിൽ, കുറഞ്ഞ താപനിലയിൽ ഇത്ര സങ്കീർണമായ നാരുകൾ എങ്ങനെ രൂപപ്പെടുന്നുവെന്നത് ശാസ്ത്രജ്ഞന്മാരുടെ മുമ്പിൽ ഒരു നിഗൂഢതയായി അവശേഷിക്കുന്നു. “താരതമ്യേന ലളിതമായ ഒരു ജീവരൂപം മെറ്റീരിയൽസ് ഡിസൈൻ, ഇന്റഗ്രേറ്റഡ് ഒപ്റ്റിക്സ് എന്നീ മേഖലകൾ നേരിടുന്ന അതിസങ്കീർണമായ ഒരു പ്രശ്നത്തിനുള്ള പരിഹാരവുമായി രംഗത്തുവന്നിരിക്കുന്ന”തായി ബെൽ ലാബറട്ടറിയിലെ ചെറി മുറെ പറയുന്നു.
യാദൃച്ഛികമായി ഉത്ഭവിച്ചതോ അതോ രൂപകൽപ്പന ചെയ്യപ്പെട്ടതോ?
സ്പഞ്ചുകളുടെ അത്ഭുതകരമായ ജീവശാസ്ത്ര സവിശേഷതകൾ പുനരവലോകനം ചെയ്തശേഷം ഡോ. ഹൂപ്പർ ഇങ്ങനെ അഭിപ്രായപ്പെട്ടു: “നിസ്സാരമായി വീക്ഷിക്കപ്പെടുന്ന സ്പഞ്ച്’ യഥാർഥത്തിൽ അതിസങ്കീർണമായ ഒരു ജീവിയാണ്. ഇന്നും അതിനെക്കുറിച്ചു പൂർണമായി പഠിക്കാൻ നമുക്കു കഴിഞ്ഞിട്ടില്ല.” ‘ഈ സങ്കീർണത എങ്ങനെ, എന്തുകൊണ്ട് ഉണ്ടായി? അതു യാദൃച്ഛികമായി സംഭവിച്ചതായിരിക്കാൻ ഇടയുണ്ടോ? അതോ, ബുദ്ധിശാലിയായ ഒരു രൂപസംവിധായകന്റെ അസ്തിത്വത്തിനുള്ള വാചാലമായ സാക്ഷ്യമാണോ സ്പഞ്ചുകൾ?’ എന്നൊക്കെ ചോദിക്കുന്നത് തികച്ചും ന്യായയുക്തമാണ്.
ഒരു സ്രഷ്ടാവുണ്ടെന്നു വിശ്വസിക്കാൻ ചിലർ മടിച്ചേക്കാമെങ്കിലും പുരാതന സങ്കീർത്തനക്കാരന്റെ പിൻവരുന്ന പ്രസ്താവന സത്യമാണെന്ന് അനേകരും സമ്മതിക്കും: “യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു . . . ചെറിയതും വലിയതുമായ അസംഖ്യം ജന്തുക്കൾ ഉണ്ട്.”—സങ്കീർത്തനം 104:24, 25.
[23-ാം പേജിലെ രേഖാചിത്രം/ചിത്രങ്ങൾ]
ഒരു ശരാശരി സ്പഞ്ചിന്റെ രൂപഘടന. ജലം പമ്പുചെയ്യുന്ന കോളർ കോശങ്ങളുടെ വലുതാക്കിയ ചിത്രം
[24-ാം പേജിലെ ചിത്രം]
സ്പഞ്ചിന്റെ ശൂകങ്ങൾ
[24-ാം പേജിലെ ചിത്രം]
വീനസിന്റെ പൂപ്പാത്രം
[23-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
കടൽക്കുതിര: Rudie H Kuiter; വലതു വശത്ത് ഇൻസെറ്റിലുള്ള 3 ചിത്രങ്ങൾ: Dr. John Hooper, Queensland Museum
[24-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
മുകളിൽ: Eye of Science/Photo Researchers, Inc.; താഴെ: Kim Taylor / Warren Photographic