പണത്തോടുള്ള സ്നേഹം നിങ്ങളുടെ സ്വസ്ഥത നശിപ്പിക്കുന്നുവോ?
നിങ്ങൾ നാളെ ഒരു കോടീശ്വരനായിത്തീരുന്നു എന്നിരിക്കട്ടെ, നിങ്ങൾ എന്തു ചെയ്യും? ജോലിയൊക്കെ ഉപേക്ഷിച്ച് ഇനി ‘സ്വസ്ഥം ഗൃഹഭരണം’ എന്നു തീരുമാനിക്കുമോ? രസകരമെന്നു പറയട്ടെ, ധനികരാകുന്ന പലരും അതല്ല ചെയ്യുന്നത്. പകരം കൂടുതൽ പണമുണ്ടാക്കാൻ അവർ ശിഷ്ട ജീവിതം ഉഴിഞ്ഞുവെക്കുന്നു—ഒന്നുകിൽ പുതിയ കടങ്ങൾ വീട്ടാൻ അല്ലെങ്കിൽ കുറെക്കൂടെ സമ്പാദിച്ചു കൂട്ടാൻ.
എന്നാൽ ഈ പാത പിന്തുടർന്നവരിൽ ചിലർ ഭൗതികത്വത്തിനു പിന്നാലെയുള്ള പരക്കംപാച്ചൽ തങ്ങളുടെ ആരോഗ്യത്തെയും കുടുംബജീവിതത്തെയും കുട്ടികളുടെ സ്വഭാവത്തെയും എത്രത്തോളം ദോഷകരമായി ബാധിച്ചിരിക്കുന്നുവെന്നു തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. അടുത്തകാലത്തായി, പുസ്തകങ്ങൾ, ലേഖനങ്ങൾ, ടെലിവിഷൻ പരിപാടികൾ, വീഡിയോകൾ എന്നിവ ആർഭാടബഹുലമായ ജീവിതരീതിക്കെതിരെ മുന്നറിയിപ്പു നൽകുകയും പകരം ലളിതജീവിതത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഭൗതികത്വ അനുധാവനങ്ങൾ നിങ്ങളെ മാനസികമായും വൈകാരികമായും ശാരീരികമായിപ്പോലും തളർത്തിക്കളഞ്ഞേക്കുമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
ഭൗതികത്വം വരുത്തിവെക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ് അത്ര പുതിയതൊന്നുമല്ല. ഏകദേശം 2,000 വർഷം മുമ്പ് ബൈബിൾ പ്രസ്താവിച്ചു: “ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു. ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.”—1 തിമൊഥെയൊസ് 6:9, 10.
എന്നാൽ ബൈബിൾ ഇപ്പറയുന്നതു സത്യമാണോ? പണവും വസ്തുവകകളും സമ്പാദിക്കാൻ വേണ്ടി മാത്രം ജീവിക്കുന്നവർക്ക് ശരിക്കും അതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരുന്നുണ്ടോ? അതോ അവർക്ക് എല്ലാമുണ്ടോ—സമ്പത്ത്, ആരോഗ്യം, സന്തുഷ്ടമായ കുടുംബം എല്ലാമെല്ലാം? അതറിയാൻ തുടർന്നു വായിക്കുക.