യുവജനങ്ങൾ ചോദിക്കുന്നു
അൽപ്പം സ്വകാര്യത ആഗ്രഹിക്കുന്നതിൽ തെറ്റുണ്ടോ?
പിൻവരുന്ന സന്ദർഭങ്ങളിൽ സാധ്യതയനുസരിച്ച് നിങ്ങളുടെ പ്രതികരണം എന്തായിരിക്കുമെന്ന് അടയാളപ്പെടുത്തുക ✓.
1. വാതിലടച്ച് നിങ്ങൾ ബെഡ്റൂമിൽ ഇരിക്കുകയാണ്. അപ്പോൾ നിങ്ങളുടെ സഹോദരനോ സഹോദരിയോ കതകു തള്ളിത്തുറന്ന് അകത്തു കയറിവരുന്നു.
❍ ‘അതിനെന്താ . . . ഞാനും അങ്ങനെയൊക്കെ ചെയ്യാറുണ്ടല്ലോ.’
❍ ‘എന്തൊരു മര്യാദകേട്! ഞാൻ ആ സമയത്ത് തുണിമാറുകയായിരുന്നെങ്കിലോ?’
2. നിങ്ങൾ ഒരു സുഹൃത്തിനോട് ഫോണിൽ സംസാരിക്കുകയാണ്. എല്ലാം കേട്ടുകൊണ്ട് അമ്മ ചുറ്റുവട്ടത്തുതന്നെ നിൽക്കുന്നു.
❍ ‘അതിനെന്താ. . . എനിക്ക് ഒളിച്ചുവെക്കാൻ ഒന്നുമില്ല.’
❍ ‘എത്ര മോശം! അമ്മ ചാരപ്രവർത്തനം ചെയ്യുന്നതുപോലെയാണ് എനിക്കു തോന്നുന്നത്!’
3. വീട്ടിൽ വന്നുകയറിയ ഉടനെ ചോദ്യശരങ്ങളുമായി അച്ഛനും അമ്മയും: “എവിടെപ്പോയി? എന്തിനു പോയി? ആരുടെകൂടെ പോയി?”
❍ ‘അതിനെന്താ . . . ഞാൻ ഒന്നുംതന്നെ അവരിൽനിന്നു മറച്ചുവെക്കാറില്ലല്ലോ.’
❍ ‘എന്തൊരു കഷ്ടം! അച്ഛനും അമ്മയ്ക്കും എന്നെ ഒട്ടും വിശ്വാസമില്ല!’
കുട്ടിയായിരുന്നപ്പോൾ നിങ്ങൾ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യമൊന്നും കൽപ്പിച്ചിരിക്കാൻ ഇടയില്ല. അനുജനോ അനുജത്തിയോ വാതിൽ തള്ളിത്തുറന്ന് നിങ്ങളുടെ മുറിയിലേക്ക് വന്നാൽപ്പോലും നിങ്ങൾക്ക് അതൊരു പ്രശ്നമായിരുന്നില്ല. മാതാപിതാക്കളുടെ ചോദ്യങ്ങൾക്ക് നിങ്ങൾ യാതൊരു മടിയും കൂടാതെ മറുപടി പറയുമായിരുന്നു. അന്നൊക്കെ നിങ്ങളുടെ ജീവിതം ഒരു തുറന്നപുസ്തകംപോലെ ആയിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾക്കു മാറ്റംവന്നിരിക്കുന്നു; ചില സമയങ്ങളിലെങ്കിലും അൽപ്പം സ്വകാര്യതയ്ക്കായി നിങ്ങൾ ആഗ്രഹിക്കുന്നു. “ചില കാര്യങ്ങളൊക്കെ സ്വകാര്യമായി സൂക്ഷിക്കാനാണ് എനിക്ക് ഇഷ്ടം,” 14 വയസ്സുകാരനായ കോറി പറയുന്നു.a
സ്വകാര്യതയ്ക്കായി പെട്ടെന്ന് ഇങ്ങനെയൊരു ആഗ്രഹം തോന്നാൻ കാരണമെന്താണ്? ഒരു കാരണം, നിങ്ങൾ വളർച്ചയുടെ പാതയിലാണെന്നതാണ്. ഉദാഹരണത്തിന്, കൗമാരപ്രായത്തിൽ സംഭവിക്കുന്ന ശാരീരിക മാറ്റങ്ങൾനിമിത്തം കുടുംബാംഗങ്ങളോടൊപ്പം ആയിരിക്കുമ്പോൾപ്പോലും ആകാരത്തെക്കുറിച്ചുംമറ്റും നിങ്ങൾ അങ്ങേയറ്റം വിചാരപ്പെട്ടേക്കാം. ഇനി, വളരുന്നതോടൊപ്പം ഒറ്റയ്ക്കിരുന്ന് കാര്യങ്ങൾ ചിന്തിച്ചുവിലയിരുത്താനുള്ള ആഗ്രഹവും ശക്തമായേക്കാം. നിങ്ങൾ ‘വകതിരിവുള്ള’ വ്യക്തിയായിത്തീരുന്നതിന്റെ ലക്ഷണമാണത്. ചെറുപ്പക്കാരിൽ ഈ ഗുണം ഉണ്ടായിരിക്കുന്നതിനെ ബൈബിൾ പ്രശംസിച്ചുപറയുന്നു. (സദൃശവാക്യങ്ങൾ 1:1, 4; ആവർത്തനപുസ്തകം 32:29) ധ്യാനിക്കാനായി യേശുപോലും ഒരു “ഏകാന്തസ്ഥലത്തേക്കു” പോയെന്ന് ബൈബിൾ പറയുന്നു.—മത്തായി 14:13.
എന്നാൽ ഇപ്പോഴും നിങ്ങൾ മാതാപിതാക്കളുടെ സംരക്ഷണയിലാണെന്ന് ഓർക്കുക. അതുകൊണ്ട് നിങ്ങളുടെ ജീവിതത്തിൽ എന്തു സംഭവിക്കുന്നുവെന്ന് അറിയാനുള്ള അവകാശം അവർക്കുണ്ട്. (എഫെസ്യർ 6:1) മാതാപിതാക്കളുടെ ആ അവകാശവും സ്വകാര്യതയ്ക്കായുള്ള നിങ്ങളുടെ ആഗ്രഹവും തമ്മിൽ ചേരാതെ വരുമ്പോഴാണ് പലപ്പോഴും പ്രശ്നങ്ങളുണ്ടാകുന്നത്. അത്തരം പ്രശ്നങ്ങൾ നിങ്ങൾക്ക് എങ്ങനെ കൈകാര്യംചെയ്യാനാകും? പ്രശ്നമുണ്ടാകാൻ സാധ്യതയുള്ള രണ്ടുസാഹചര്യങ്ങൾ നമുക്കിപ്പോൾ പരിശോധിക്കാം.
ഏകാന്തത കൊതിക്കുമ്പോൾ
തനിച്ചായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നതിനുപിന്നിൽ പല കാരണങ്ങൾ ഉണ്ടായിരുന്നേക്കാം. ഒരുപക്ഷേ, നിങ്ങൾക്ക് ‘അൽപ്പം വിശ്രമം’ ആവശ്യമായിരിക്കാം. (മർക്കോസ് 6:31) അല്ലെങ്കിൽ യേശു ശിഷ്യന്മാരോടു പറഞ്ഞതുപോലെ, ‘മുറിയിൽ കടന്നു വാതിലടച്ച് പിതാവിനോടു പ്രാർഥിക്കാൻ’ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാകാം. (മത്തായി 6:6; മർക്കോസ് 1:35) എന്നാൽ പ്രാർഥിക്കാനാണ് നിങ്ങൾ വാതിൽ അടച്ചിടുന്നത് എന്ന കാര്യം നിങ്ങളുടെ മാതാപിതാക്കൾക്ക് അറിയില്ലെങ്കിൽ പ്രശ്നം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങൾ എന്തുകൊണ്ടാണ് തനിച്ചിരിക്കുന്നതെന്ന് കൂടെപ്പിറപ്പുകൾക്കു മനസ്സിലാകാതെവരുമ്പോഴും പ്രശ്നങ്ങൾ ഉണ്ടാകാം.
ചെയ്യാൻ കഴിയുന്നത്. നിങ്ങളുടെ മുറി ഒരു യുദ്ധക്കളമാക്കി മാറ്റുന്നതിനുപകരം പിൻവരുന്ന കാര്യങ്ങൾ ചെയ്യുക.
● നിങ്ങളുടെ സഹോദരങ്ങളോടുള്ള ബന്ധത്തിൽ എന്തു ചെയ്യാം? കുറച്ചുസമയം തനിച്ചായിരിക്കാൻ കഴിയേണ്ടതിന് അവരുടെ കാര്യത്തിൽ ന്യായമായ ചില നിയമങ്ങൾ വെക്കുക. ഇക്കാര്യത്തിൽ നിങ്ങൾക്ക് ഒരുപക്ഷേ മാതാപിതാക്കളുടെ സഹായം തേടാനാകും.
● ഇനി, മാതാപിതാക്കളുടെ കാര്യത്തിലോ? അവരുടെ ആശങ്കകൾ മനസ്സിലാക്കാൻ ശ്രമിക്കുക. “മാതാപിതാക്കൾ ചിലപ്പോഴൊക്കെ രഹസ്യമായി എന്റെ നീക്കങ്ങളെക്കുറിച്ച് അന്വേഷിക്കാറുണ്ട്. എന്നാൽ അവരുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ കൗമാരത്തിലുള്ള എന്റെ മക്കളുടെ കാര്യത്തിൽ ഞാനും അതുതന്നെ ചെയ്യുമായിരുന്നു; കാരണം, ചെറുപ്പക്കാരെ കുടുക്കുന്ന കെണികൾ ഇന്ന് അത്രയധികമാണ്!” 16-കാരിയായ റിബേക്ക പറയുന്നു. റിബേക്കയെപ്പോലെ, മാതാപിതാക്കളുടെ ആശങ്കകൾ മനസ്സിലാക്കാൻ നിങ്ങൾക്കും ശ്രമിക്കരുതോ?—സദൃശവാക്യങ്ങൾ 19:11.
● സത്യസന്ധമായ ഒരു ആത്മപരിശോധന നടത്തുക: ‘അരുതാത്തതെന്തോ ചെയ്യാൻവേണ്ടിയാണ് ഞാൻ കതകടച്ചിടുന്നത് എന്ന സംശയം മാതാപിതാക്കൾക്ക് ഉണ്ടോ, അവർക്ക് ആ സംശയം തോന്നാൻ ഇടയാക്കുന്നവിധത്തിൽ മുമ്പ് എപ്പോഴെങ്കിലും ഞാൻ പ്രവർത്തിച്ചിട്ടുണ്ടോ? എന്റെ കാര്യങ്ങളെല്ലാം പരമരഹസ്യമാക്കി വെച്ചുകൊണ്ട്, എന്നെക്കുറിച്ചുള്ള വിവരങ്ങൾ വളരെ തന്ത്രപരമായി കണ്ടുപിടിക്കേണ്ട ഒരു സ്ഥിതിവിശേഷത്തിലേക്ക് മാതാപിതാക്കളെ ഞാൻ തള്ളിവിടുന്നുണ്ടോ?’ മാതാപിതാക്കളോടു നാം തുറന്ന് ഇടപെടുന്നെങ്കിൽ അവർ നമ്മെ സംശയിക്കാനുള്ള സാധ്യത കുറവായിരിക്കും.b
ചെയ്യേണ്ടത്. മാതാപിതാക്കളുടെ മുമ്പാകെ ഈ വിഷയം എങ്ങനെ അവതരിപ്പിക്കും എന്ന് എഴുതുക.
.....
സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ
കൗമാരപ്രായത്തിൽ, കുടുംബാംഗങ്ങൾ അല്ലാത്തവരുമായി സുഹൃദ്ബന്ധങ്ങൾ സ്ഥാപിക്കാൻ നിങ്ങൾ കൂടുതൽ ഇഷ്ടപ്പെട്ടേക്കാമെന്നതു സ്വാഭാവികമാണ്. എന്നാൽ നിങ്ങളുടെ കൂട്ടുകാർ ആരെല്ലാമാണ്, നിങ്ങൾ അവരോടൊപ്പം എന്തു ചെയ്യുന്നു എന്നൊക്കെ അറിയാൻ മാതാപിതാക്കൾ ആഗ്രഹിക്കുമെന്നതും സ്വാഭാവികമാണ്. നിങ്ങളുടെ കാര്യങ്ങളൊക്കെ അന്വേഷിച്ചറിയുന്നത് മാതാപിതാക്കളെന്നനിലയിലുള്ള തങ്ങളുടെ ഉത്തരവാദിത്വമായി അവർ കരുതുന്നു. എന്നാൽ ഇതൊക്കെ കാണുമ്പോൾ അവർക്ക് സംശയരോഗത്തിന്റെ ആരംഭമാണോ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. “എനിക്കെന്റെ സെൽഫോണും ഇ-മെയിലും സ്വസ്ഥമായൊന്ന് ഉപയോഗിക്കാനാവില്ലെന്നുവെച്ചാൽ . . . ആരോടാണ് സംസാരിക്കുന്നതെന്ന് ഓരോ പത്തുമിനിട്ടിലും അവരിങ്ങനെ ചോദിച്ചുകൊണ്ടിരിക്കും; അത് കുറച്ചു കഷ്ടംതന്നെയാണ്,” 16 വയസ്സുള്ള എമി.
ചെയ്യാൻ കഴിയുന്നത്. നിങ്ങളുടെ സുഹൃദ്ബന്ധങ്ങൾ മാതാപിതാക്കളുമായുള്ള ബന്ധത്തിന് ഒരു വിലങ്ങുതടിയാകാതിരിക്കാൻ സൂക്ഷിക്കുക.
● നിങ്ങളുടെ കൂട്ടുകാർ ആരൊക്കെയാണെന്ന് മാതാപിതാക്കളോടു പറയുക; അവർക്ക് അവരെ പരിചയപ്പെടുത്തിക്കൊടുക്കുക. സുഹൃത്തുക്കൾ ആരാണെന്ന് മാതാപിതാക്കളിൽനിന്നു മറച്ചുവെച്ചാൽ അവർ ഒരു ‘രഹസ്യാന്വേഷകന്റെ’ റോൾ ഏറ്റെടുത്തെന്നു വരും; അതിന് അവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. സുഹൃത്തുക്കൾക്ക് നിങ്ങളിൽ ശക്തമായ സ്വാധീനം ചെലുത്താനാകുമെന്ന് അവർക്കറിയാം. (1 കൊരിന്ത്യർ 15:33) മാതാപിതാക്കൾക്ക് നിങ്ങളുടെ കൂട്ടുകാരെ എത്ര നന്നായി അറിയാമോ അതനുസരിച്ച് അവർക്കുള്ള ഉത്കണ്ഠയും കുറവായിരിക്കും.
● മാതാപിതാക്കളോട് ഇതേക്കുറിച്ച് ആദരപൂർവം സംസാരിക്കുക. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ തലയിടുന്നു എന്നു പറഞ്ഞ് അവരെ കുറ്റപ്പെടുത്തരുത്. പകരം, നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്: “കൂട്ടുകാരോട് പറയുന്ന ഓരോ വാക്കിനും വിശദീകരണം നൽകേണ്ടിവരുന്നതുപോലെ എനിക്കു തോന്നുന്നു; നിസ്സാരകാര്യങ്ങൾപോലും അവരോട് പറയാൻ പറ്റാത്തതുപോലെ. . . ” ആദരവോടെ ഇക്കാര്യങ്ങൾ അവരുടെ ശ്രദ്ധയിൽപ്പെടുത്തുന്നെങ്കിൽ സുഹൃദ്ബന്ധങ്ങളുടെ കാര്യത്തിൽ അവർ അൽപ്പംകൂടെ സ്വകാര്യത അനുവദിച്ചുതരാനിടയുണ്ട്.—സദൃശവാക്യങ്ങൾ 16:23.
● സ്വകാര്യത ലഭിക്കുന്നില്ല എന്നതുതന്നെയാണോ യഥാർഥത്തിൽ നിങ്ങളുടെ പ്രശ്നം? അതോ നിങ്ങൾ കാര്യങ്ങൾ രഹസ്യമാക്കി വെക്കാൻ ശ്രമിക്കുന്നതാണോ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്? 22-കാരിയായ ബ്രിട്ടനി പറയുന്നതു ശ്രദ്ധിക്കുക: “മാതാപിതാക്കളോടൊപ്പം കഴിയുകയും എന്നാൽ അവരിൽനിന്ന് എല്ലാം ഒളിച്ചുവെക്കുന്നു എന്നൊരു പരാതി അവർക്കുണ്ടായിരിക്കുകയും ചെയ്യുന്നെങ്കിൽ ഇങ്ങനെ ചിന്തിച്ചുകൂടേ: ‘തെറ്റായ ഒന്നും ചെയ്യുന്നില്ലെങ്കിൽ പിന്നെന്തിനു ഞാനതു മറച്ചുവെക്കണം?’ ഇനി, എന്തെങ്കിലും മറച്ചുവെക്കണമെന്നു തോന്നുന്നെങ്കിൽ അതിന്റെയർഥം എന്തോ പന്തികേടുണ്ടെന്നല്ലേ?”
ചെയ്യേണ്ടത്. മാതാപിതാക്കളോട് ഈ വിഷയം എങ്ങനെ അവതരിപ്പിക്കും എന്ന് എഴുതുക.
.....
സ്വകാര്യത ലഭിക്കാൻ. . .
സ്വകാര്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം?
1: പ്രശ്നം തിരിച്ചറിയുക.
ഏതു കാര്യത്തിലാണ് കൂടുതൽ സ്വകാര്യത വേണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നത്?
.....
2: മാതാപിതാക്കളുടെ വികാരങ്ങൾ പരിഗണിക്കുക.
അവരെ ആകുലപ്പെടുത്തുന്നത് എന്തായിരിക്കും?
.....
3: പരിഹാരം കാണാൻ ശ്രമിക്കുക.
(എ) അറിയാതെയാണെങ്കിലും നിങ്ങൾ ഈ പ്രശ്നത്തിന് വഴിവെക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എങ്ങനെയെന്ന് താഴെ എഴുതുക.
.....
(ബി) ഇക്കാര്യത്തിൽ നിങ്ങളുടെ ഭാഗത്ത് എന്തു മാറ്റം വരുത്താനാകും?
.....
(സി) പ്രശ്നപരിഹാരത്തിനായി മാതാപിതാക്കൾ എന്തു ചെയ്യാനാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്?
.....
4: തുറന്നു സംസാരിക്കുക.
അനുയോജ്യമായ സന്ദർഭത്തിൽ, മാതാപിതാക്കൾ ചെയ്യണമെന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങൾ അവരുമായി ചർച്ചചെയ്യുക.
“യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്സൈറ്റിൽ കാണാവുന്നതാണ്.
[അടിക്കുറിപ്പുകൾ]
a ഈ ലേഖനത്തിൽ ചില പേരുകൾക്കു മാറ്റംവരുത്തിയിരിക്കുന്നു.
b ഇത്രയൊക്കെയായിട്ടും മാതാപിതാക്കൾ നിങ്ങളെ സംശയദൃഷ്ടിയോടെയാണു വീക്ഷിക്കുന്നതെങ്കിൽ, നിങ്ങളുടെ വികാരങ്ങൾ ശാന്തമായി, ആദരവോടെ അവരോടു തുറന്നുപറയുക. അവരുടെ ഉത്കണ്ഠയ്ക്കുള്ള കാരണങ്ങൾ ശ്രദ്ധിച്ചുകേൾക്കുക. അതിന് ഇടയാക്കുന്ന യാതൊന്നും ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുക.—യാക്കോബ് 1:19.
ചിന്തിക്കാൻ
● മാതാപിതാക്കൾക്ക് നിങ്ങളുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ അറിയാനുള്ള അവകാശം ഉള്ളത് എന്തുകൊണ്ട്?
● മാതാപിതാക്കളുമായി ആശയവിനിമയം നടത്താനുള്ള കഴിവ് മെച്ചപ്പെടുത്തുന്നത് മുതിരുമ്പോൾ മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നത് എളുപ്പമാക്കിത്തീർത്തേക്കാവുന്നത് എങ്ങനെ?
[11-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
നിങ്ങളുടെ സമപ്രായക്കാർ പറയുന്നത്
“മാതാപിതാക്കളോട് എല്ലാം തുറന്നുപറയുന്ന രീതി നമുക്കുണ്ടെങ്കിൽ, നമ്മുടെ ജീവിതത്തിൽ എന്താണു നടക്കുന്നതെന്ന് അറിയാൻ അവർക്ക് നമ്മുടെ ഇ-മെയിലോ മെസ്സേജുകളോ ഒന്നും വായിച്ചുനോക്കേണ്ടിവരില്ല.”
“മാതാപിതാക്കൾ എന്റെ ഇ-മെയിലുകൾ വായിച്ചുനോക്കിയാൽ എനിക്ക് അതിൽ പരിഭവമൊന്നും തോന്നില്ല. ചില സ്ഥലങ്ങളിൽ ജീവനക്കാരുടെ ഇ-മെയിലുകൾ പരിശോധിക്കാൻ മാനേജർക്ക് അവകാശമുണ്ട്, അങ്ങനെയാണെങ്കിൽ മാതാപിതാക്കൾ സ്വന്തം മക്കളുടെ ഇ-മെയിലുകൾ വായിച്ചുനോക്കുന്നതിൽ എന്താ കുഴപ്പം?”
“നമ്മൾ കുഴപ്പത്തിലൊന്നും പോയി ചാടരുത് എന്നാണ് മാതാപിതാക്കളുടെ ആഗ്രഹം. അതുകൊണ്ടുതന്നെ അവർ ചിലപ്പോഴൊക്കെ നമ്മുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെട്ടെന്നുവരാം. അത് ശരിയല്ലെന്നു നമുക്ക് തോന്നിയേക്കാം. എന്നാൽ സത്യംപറയാമല്ലോ, അവരുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ, മിക്കവാറും ഞാനും ഇങ്ങനെയൊക്കെത്തന്നെ ചെയ്യുമായിരുന്നു.”
[ചിത്രങ്ങൾ]
ഈഡൻ
കെവിൻ
അലേന
[13-ാം പേജിലെ ചതുരം]
മാതാപിതാക്കളോട് ഒരു വാക്ക്
● നിങ്ങളുടെ മകൻ വാതിലടച്ച് തന്റെ മുറിക്കുള്ളിലിരിക്കുകയാണ്. കതകിൽ മുട്ടാതെ നിങ്ങൾ തള്ളിത്തുറന്നു ചെല്ലുമോ?
● സ്കൂളിലേക്കു പോകുന്ന തിരക്കിൽ നിങ്ങളുടെ മകൾ സെൽഫോൺ മറന്നുവെച്ചിട്ടുപോകുന്നു. അതിലെ മെസ്സേജുകൾ നിങ്ങൾ വായിച്ചുനോക്കുമോ?
ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയുക അത്ര എളുപ്പമല്ലായിരിക്കാം. ഒരുവശത്ത്, നിങ്ങളുടെ മക്കളുടെ ജീവിതത്തിൽ എന്തു സംഭവിക്കുന്നുവെന്ന് അറിയാനുള്ള അവകാശവും അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വവും നിങ്ങൾക്കുണ്ട്. അതേസമയം, ഒരു ഹെലിക്കോപ്റ്റർ നിരീക്ഷണപ്പറക്കൽ നടത്തുന്നതുപോലെ കുട്ടിയുടെ ഓരോ നീക്കവും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് എന്നും അവരുടെ പിന്നാലെ നടക്കാനുമാവില്ല. നിങ്ങൾക്ക് എങ്ങനെ സമനിലയോടെ ഈ പ്രശ്നം കൈകാര്യം ചെയ്യാനാകും?
ഒന്നാമതായി, മക്കൾ അൽപ്പം സ്വകാര്യത ആഗ്രഹിക്കുന്നു എന്നുവെച്ച് അവർ കുഴപ്പത്തിൽ ചെന്നുചാടണമെന്നൊന്നുമില്ല എന്ന കാര്യം മനസ്സിൽപ്പിടിക്കുക. ആ ആഗ്രഹം അവരുടെ വളർച്ചയുടെ ഭാഗമാണ്. സ്വകാര്യത അനുവദിച്ചുകൊടുക്കുമ്പോൾ, ആരെ സുഹൃത്താക്കണമെന്നു തീരുമാനിക്കാനും തങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ “കാര്യബോധത്തോടെ” വിശകലനം ചെയ്യാനും അവർക്ക് അവസരം ലഭിക്കും. (റോമർ 12:1, 2) ചിന്താപ്രാപ്തി വളർത്തിയെടുക്കാനും അത് അവരെ സഹായിക്കും—ഉത്തരവാദിത്വബോധമുള്ള വ്യക്തികളായിത്തീരുന്നതിന് അവശ്യംവേണ്ട ഒരു ഗുണമാണത്. (1 കൊരിന്ത്യർ 13:11) വിശ്വാസങ്ങളെയോ മൂല്യങ്ങളെയോ കുറിച്ചുള്ള ചോദ്യങ്ങൾക്ക് എങ്ങനെ ഉത്തരം പറയാമെന്ന് ചിന്തിക്കാനും അത് അവസരമേകും.—സദൃശവാക്യങ്ങൾ 15:28.
രണ്ടാമതായി, മക്കളുടെ എല്ലാ കാര്യത്തിലും കൈകടത്താൻ ശ്രമിച്ചാൽ അത് വിദ്വേഷത്തിനും മത്സരത്തിനും ഇടയാക്കുമെന്ന് ഓർക്കുക. (എഫെസ്യർ 6:4; കൊലോസ്യർ 3:21) അതിന്റെയർഥം അവരെ വെറുതെ കയറൂരിവിടണമെന്നാണോ? അല്ല, കാരണം അവർ ഇപ്പോഴും നിങ്ങളുടെ സംരക്ഷണയിലാണ്. അതുകൊണ്ട് നിങ്ങളുടെ ഉത്തരവാദിത്വം, ബൈബിൾ തത്ത്വങ്ങൾക്ക് അനുസൃതമായി പരിശീലിപ്പിക്കപ്പെട്ട മനസ്സാക്ഷി നേടിയെടുക്കാൻ അവരെ സഹായിക്കുക എന്നതാണ്. (ആവർത്തനപുസ്തകം 6:6, 7; സദൃശവാക്യങ്ങൾ 22:6) പിന്നാലെ നടന്ന് സൂക്ഷ്മനിരീക്ഷണം നടത്തുന്നതല്ല, നല്ല മാർഗനിർദേശം നൽകുന്നതാണ് ആത്യന്തികമായി പ്രയോജനംചെയ്യുന്നത്.
മൂന്നാമതായി, മക്കളുമൊത്ത് കാര്യങ്ങൾ തുറന്നു ചർച്ചചെയ്യുക. അവർക്കു പറയാനുള്ളത് ശ്രദ്ധിച്ചുകേൾക്കുക. ചില കാര്യങ്ങളിലെങ്കിലും കുറച്ചു സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കാനാകുമോ എന്നു ചിന്തിക്കാവുന്നതാണ്. (ഫിലിപ്പിയർ 4:5) അവരിലുള്ള നിങ്ങളുടെ വിശ്വാസം നഷ്ടപ്പെടാൻ ഇടയാക്കാത്തിടത്തോളം, ഒരു പരിധിവരെയുള്ള സ്വകാര്യത അനുവദിച്ചുകൊടുക്കുന്നതായിരിക്കും എന്ന കാര്യം അവരോടു പറയുക. അനുസരണക്കേടു കാണിച്ചാൽ എന്തായിരിക്കും ഫലം എന്നു വ്യക്തമാക്കുക; ആവശ്യമായി വരുന്നപക്ഷം പറഞ്ഞതു നടപ്പിലാക്കുക. സ്നേഹവും കരുതലും ഉള്ള ഒരു മാതാവോ പിതാവോ ആയിരുന്നുകൊണ്ടുതന്നെ കൗമാരപ്രായത്തിലുള്ള മക്കൾക്ക് ഒരളവോളം സ്വകാര്യത അനുവദിച്ചുകൊടുക്കാൻ നിങ്ങൾക്കാകും.
[12-ാം പേജിലെ ചിത്രം]
മാതാപിതാക്കളുടെ വിശ്വാസം നേടിയെടുക്കേണ്ട ഒന്നാണ്, വേതനംപോലെ