യുവജനങ്ങൾ ചോദിക്കുന്നു
മാതാപിതാക്കൾ എനിക്ക് സ്വാതന്ത്ര്യം അനുവദിച്ചുതരാത്തത് എന്തുകൊണ്ട്?
ഓസ്ട്രേലിയക്കാരിയായ അലിസൻa പറയുന്നത്, തിങ്കളാഴ്ചകളിൽ സ്കൂളിൽ പോകുന്നത് വളരെ ടെൻഷനുണ്ടാക്കുന്ന കാര്യമാണെന്നാണ്. അതിന്റെ കാരണം അവൾ പറയുന്നത് ഇങ്ങനെ:
“തിങ്കളാഴ്ച സ്കൂളിൽ വന്നാൽ ശനിയും ഞായറും ചെയ്ത കാര്യങ്ങൾ വർണിക്കാനേ കുട്ടികൾക്കു സമയമുള്ളൂ. എന്തൊക്കെ കഥകളാണെന്നോ അവർക്കു പറയാൻ! പാർട്ടികൾക്കു പോയതും ബോയ്സിനോടൊപ്പം കറങ്ങിയതും പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടതും . . . അങ്ങനെ പോകും അവരുടെ വീരകഥകൾ! . . . കേൾക്കുമ്പോൾ പേടിതോന്നും. പക്ഷേ ഇതൊക്കെ ഒരു രസമല്ലേ! എല്ലാം കഴിഞ്ഞ് വെളുപ്പിന് വീട്ടിൽവരുന്നവർ പോലുമുണ്ട്. അവരുടെ വീട്ടുകാർക്കൊന്നും അതൊരു വിഷയമേയല്ല. എന്റെ വീട്ടിൽ സ്ഥിതി മറിച്ചാണ്. ഫ്രണ്ട്സെല്ലാം ആഘോഷം തുടങ്ങുന്ന സമയത്ത് ഞങ്ങളുടെ വീട്ടിൽ പാതിരാത്രി ആയിട്ടുണ്ടാകും!
“അവർ ചെയ്തതൊക്കെ പറഞ്ഞുകഴിഞ്ഞാൽ ഞാൻ എന്തൊക്കെ ചെയ്തു എന്ന് അവർ എന്നോടു ചോദിക്കും. പക്ഷേ, പ്രത്യേകിച്ച് എന്തെങ്കിലും ചെയ്തിട്ടുവേണ്ടേ പറയാൻ. സഭായോഗങ്ങൾക്കു പോയി. വയൽസേവനത്തിനു പോയി. ഇതല്ലാതെ മറ്റൊന്നും ഞാൻ ചെയ്തിട്ടുണ്ടാവില്ല. അവരെപ്പോലെ അടിച്ചുപൊളിക്കാൻ പറ്റുന്നില്ലല്ലോ എന്നോർത്ത് എനിക്കു സങ്കടംവരും. അതുകൊണ്ട്, പ്രത്യേകിച്ചൊന്നും ചെയ്തില്ല എന്നു പറഞ്ഞ് ഞാൻ രക്ഷപ്പെടും. ‘എങ്കിൽപ്പിന്നെ നിനക്ക് ഞങ്ങളുടെ കൂടെ വരാമായിരുന്നില്ലേ’ എന്ന് അവർ ചോദിക്കും.
“തിങ്കളാഴ്ച കഴിഞ്ഞാൽ പ്രശ്നം തീർന്നു എന്നു വിചാരിച്ചാൽ, അപ്പോഴും രക്ഷയില്ല. പിറ്റേന്നു തുടങ്ങും, അടുത്തയാഴ്ചത്തെ പരിപാടികളെക്കുറിച്ചുള്ള ചർച്ചകൾ. ഞാൻ ഒന്നും മിണ്ടാതെ എല്ലാം കേട്ടിരിക്കും. ആകെ ഒറ്റപ്പെട്ടതുപോലെ എനിക്കു തോന്നും.”
തിങ്കളാഴ്ച രാവിലെ സ്കൂളിൽ എത്തുമ്പോൾ ഇങ്ങനെയൊക്കെയാണോ നിങ്ങൾക്കും തോന്നുന്നത്? വീടിനു വെളിയിലുള്ള ലോകം സന്തോഷിച്ചു തിമിർക്കുമ്പോൾ വീട്ടിൽ പൂട്ടിയിട്ടതുപോലെ കഴിയേണ്ടിവരുക! അതുമല്ലെങ്കിൽ ഒരു അമ്യൂസ്മെന്റ് പാർക്കിൽ ചെന്നിട്ട് മറ്റുള്ളവർ കളിച്ചുരസിക്കുന്നത് അസൂയയോടെ നോക്കിനിൽക്കേണ്ടിവരുക! നിങ്ങളുടെ അവസ്ഥയെ നിങ്ങൾ അങ്ങനെയാണോ കാണുന്നത്? കൂട്ടുകാർ ചെയ്യുന്നതെല്ലാം ചെയ്യണമെന്നൊന്നും നിങ്ങൾക്ക് ആഗ്രഹമില്ല. വല്ലപ്പോഴുമൊന്ന് അടിച്ചുപൊളിക്കണം, അത്രയേയുള്ളൂ. ആകട്ടെ, ഈ വരുന്ന ശനിയും ഞായറും എന്തു ചെയ്യാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?
❍ ഡാൻസ് പ്രോഗ്രാം കാണാൻ പോകുക
❍ ഗാനമേളയ്ക്കു പോകുക
❍ സിനിമയ്ക്കു പോകുക
❍ പാർട്ടിക്കു പോകുക
❍ മറ്റെന്തെങ്കിലും
ശരിയാണ്, എന്തെങ്കിലുമൊക്കെ നേരമ്പോക്കുകൾ ഉണ്ടെങ്കിലേ ജീവിതത്തിന് രസമുള്ളൂ. (സഭാപ്രസംഗി 3:1, 4) ഈ പ്രായത്തിൽ നിങ്ങൾ ജീവിതം ആസ്വദിക്കണം എന്നുതന്നെയാണ് നിങ്ങളുടെ സ്രഷ്ടാവിന്റെയും ആഗ്രഹം. (സഭാപ്രസംഗി 11:9) ഇനി, നിങ്ങളുടെ മാതാപിതാക്കൾ ആഗ്രഹിക്കുന്നതും അതുതന്നെയാണെന്നു പറഞ്ഞാൽ, വിശ്വസിക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ടു തോന്നിയേക്കാം. പക്ഷേ അതാണു സത്യം! എന്നാൽ, നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു വസ്തുതയുണ്ട്. നിങ്ങൾ സന്തോഷമായിരിക്കാൻ അച്ഛനും അമ്മയും ആഗ്രഹിക്കുമ്പോഴും അവരെ അലട്ടിയേക്കാവുന്ന ചില കാര്യങ്ങളുണ്ട്: (1) എന്തുതരം വിനോദങ്ങളിൽ ആയിരിക്കും നിങ്ങൾ ഏർപ്പെടുന്നത്? (2) ആരൊക്കെയായിരിക്കും നിങ്ങളോടൊപ്പമുള്ളത്?
ഇങ്ങനെ ചിന്തിക്കുക: കൂട്ടുകാർ ഒരു പരിപാടിക്കായി നിങ്ങളെ ക്ഷണിക്കുന്നു. പക്ഷേ അച്ഛനും അമ്മയും സമ്മതിക്കുമോ എന്ന് നിങ്ങൾക്ക് ഉറപ്പില്ല. നിങ്ങൾ എന്തു ചെയ്യും? പല ചിന്തകൾ നിങ്ങളുടെ മനസ്സിലൂടെ കടന്നുപോകുന്നു. ഒരു തീരുമാനം എടുക്കുന്നതിനുമുമ്പ്, ആ ചിന്തകളെ വിലയിരുത്താനും അവയുടെ അനന്തരഫലങ്ങളെക്കുറിച്ച് ആലോചിക്കാനും ബൈബിൾ ആവശ്യപ്പെടുന്നു. (ആവർത്തനപുസ്തകം 32:29; സദൃശവാക്യങ്ങൾ 7:6-23) കൂട്ടുകാരിൽനിന്ന് ക്ഷണം ലഭിച്ചിരിക്കുന്ന സ്ഥിതിക്ക്, ഇപ്പോൾ നിങ്ങളുടെ മുമ്പിൽ പല വഴികളുണ്ട്.
1. വീട്ടിൽ ചോദിക്കാതെ പോകുക.
ഈ വഴി തിരഞ്ഞെടുക്കാനുള്ള കാരണം: നിങ്ങൾക്ക് എന്തു ചെയ്യാനും സ്വാതന്ത്ര്യമുണ്ടെന്ന് കൂട്ടുകാരെയൊന്നു ബോധ്യപ്പെടുത്തണം, അതായിരിക്കാം നിങ്ങളുടെ ലക്ഷ്യം. അല്ലെങ്കിൽ, നിങ്ങൾക്ക് അച്ഛനമ്മമാരെക്കാൾ അറിവുണ്ടെന്നും അവർ പറയുന്ന കാര്യങ്ങളിൽ വലിയ കഴമ്പില്ലെന്നും തോന്നുന്നതുകൊണ്ടാകാം.—സദൃശവാക്യങ്ങൾ 15:5.
അനന്തരഫലങ്ങൾ: നിങ്ങളെ വിശ്വസിക്കാൻ കൊള്ളില്ല എന്ന ധാരണയായിരിക്കും കൂട്ടുകാർക്കു കിട്ടുക. അച്ഛനമ്മമാരെ പറ്റിക്കുന്ന നിങ്ങൾക്ക് കൂട്ടുകാരെ പറ്റിക്കാനും മടികാണില്ലെന്ന് അവർ കരുതും. മാത്രമല്ല, അച്ഛനും അമ്മയും അതറിയുമ്പോൾ നിങ്ങൾ അങ്ങനെ ചെയ്തല്ലോ എന്നോർത്ത് വല്ലാതെ വിഷമിക്കും. ഉള്ള സ്വാതന്ത്ര്യംകൂടെ നിങ്ങൾക്ക് നഷ്ടപ്പെടാനും ഇടയുണ്ട്. മാതാപിതാക്കളുടെ സമ്മതമില്ലാതെ, തന്നിഷ്ടപ്രകാരം കൂട്ടുകാരോടൊപ്പം പോകുന്നത് ഒട്ടും ബുദ്ധിയായിരിക്കില്ല!—സദൃശവാക്യങ്ങൾ 12:15.
2. ചോദിക്കുന്നില്ല, പോകുന്നുമില്ല.
ഈ വഴി തിരഞ്ഞെടുക്കാനുള്ള കാരണം: കൂട്ടുകാരുടെ ആ ക്ഷണം നിങ്ങൾക്ക് സ്വീകരിക്കാൻ പറ്റിയ ഒന്നല്ലെന്നും അവിടെ വരുന്ന ചിലർ നിങ്ങൾക്കു കമ്പനികൂടാൻ പറ്റിയവർ ആയിരിക്കില്ലെന്നും നിങ്ങൾക്കു തോന്നുന്നു. (1 കൊരിന്ത്യർ 15:33; ഫിലിപ്പിയർ 4:8) അല്ലെങ്കിൽ, പോകണമെന്ന് ആഗ്രഹമുണ്ട്, പക്ഷേ വീട്ടിൽ ചോദിക്കാൻ ധൈര്യമില്ല.
അനന്തരഫലങ്ങൾ: അതൊരു നല്ല ഐഡിയ അല്ലെന്ന് സ്വയം ബോധ്യപ്പെട്ടതുകൊണ്ടാണ് പോകാതിരിക്കുന്നതെങ്കിൽ, കൂട്ടുകാർ ചോദിക്കുമ്പോൾ യാതൊരു ചമ്മലുമില്ലാതെ കാരണം വിശദീകരിക്കാനാകും. എന്നാൽ വീട്ടിൽ ചോദിക്കാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് പോകാതിരിക്കുന്നതെങ്കിൽ, പോകാൻ കഴിഞ്ഞില്ലല്ലോ എന്നു പരിതപിച്ച് വീട്ടിലിരിക്കേണ്ടിവരും.
3. ചോദിച്ചുനോക്കാം.
ഈ വഴി തിരഞ്ഞെടുക്കാനുള്ള കാരണം: മാതാപിതാക്കളുടെ സ്ഥാനത്തെ നിങ്ങൾ അംഗീകരിക്കുന്നു, അവർ പറയുന്നതിനെ മാനിക്കുന്നു. (കൊലോസ്യർ 3:20) മാതാപിതാക്കളോടു സ്നേഹമുള്ളതുകൊണ്ടും അവരെ വിഷമിപ്പിക്കാൻ ആഗ്രഹമില്ലാത്തതുകൊണ്ടും അവരുടെ കണ്ണുവെട്ടിച്ച് എന്തെങ്കിലും ചെയ്യാൻ നിങ്ങൾ ശ്രമിക്കുന്നില്ല. (സദൃശവാക്യങ്ങൾ 10:1) അല്ലെങ്കിൽ, നിങ്ങളുടെ ആവശ്യം അവരുടെ മുമ്പാകെ അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് നിങ്ങൾക്കു തോന്നുന്നു.
അനന്തരഫലങ്ങൾ: നിങ്ങൾ മാതാപിതാക്കളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെന്ന് അവർക്ക് മനസ്സിലാകും. തന്നെയുമല്ല, നിങ്ങളുടെ ആവശ്യം ന്യായമാണെന്നു കണ്ടാൽ അവർ അനുവാദം നൽകിയെന്നുംവരാം.
മാതാപിതാക്കൾ സമ്മതിക്കാത്തതിന്റെ കാരണങ്ങൾ
അച്ഛനും അമ്മയും അനുവാദം തരുന്നില്ലെങ്കിലോ? അതു നിങ്ങളെ വല്ലാതെ വിഷമിപ്പിക്കും, സംശയമില്ല. പക്ഷേ, അവരുടെ ഭാഗത്തുനിന്നു ചിന്തിച്ചാൽ അവർ പറയുന്നതു ശരിയാണെന്ന് നിങ്ങൾക്കു മനസ്സിലാകും. അവർ സമ്മതിക്കാതിരിക്കുന്നത് പല കാരണങ്ങൾകൊണ്ടാകാം. അതിൽ ചിലത് താഴെ കൊടുത്തിരിക്കുന്നു.
അവർക്ക് നിങ്ങളെക്കാൾ അറിവും അനുഭവപരിചയവും ഉണ്ട്. ബീച്ചിൽ നീന്താൻ പോകുന്നതിനെപ്പറ്റി നിങ്ങൾ ചിന്തിക്കുകയാണെന്നിരിക്കട്ടെ. ലൈഫ് ഗാർഡുകളുടെ കാവലുള്ള ഒരു ബീച്ചിൽ പോകാനായിരിക്കില്ലേ നിങ്ങൾ താത്പര്യപ്പെടുക? തീർച്ചയായും. കാരണം കടലിൽ നീന്തിരസിക്കുമ്പോൾ, പതിയിരിക്കുന്ന അപകടങ്ങൾ നിങ്ങൾ ശ്രദ്ധിച്ചെന്നുവരില്ല. പക്ഷേ, ലൈഫ് ഗാർഡുകളുണ്ടെങ്കിൽ അപകടങ്ങൾ പേടിക്കാതെ നിങ്ങൾക്ക് സുരക്ഷിതമായി നീന്താം. നിങ്ങൾക്കു കാണാനാകാത്ത അപകടങ്ങൾ അവർക്കു കാണാൻ കഴിയും.
അതുപോലെ, അച്ഛനും അമ്മയ്ക്കും നിങ്ങളെക്കാൾ അറിവും അനുഭവപരിചയവും ഉള്ളതിനാൽ നിങ്ങൾക്കു കാണാൻ കഴിയാത്ത പല അപകടങ്ങളും അവർക്കു കാണാൻ കഴിഞ്ഞേക്കും. ബീച്ചിലെ ലൈഫ് ഗാർഡുകളെപ്പോലെയാണ് നിങ്ങളുടെ മാതാപിതാക്കൾ. നിങ്ങളുടെ രസം കെടുത്തുകയല്ല അവരുടെ ലക്ഷ്യം; പകരം, നിങ്ങളുടെ സന്തോഷം കവർന്നുകളഞ്ഞേക്കാവുന്ന അപകടങ്ങളിൽനിന്ന് നിങ്ങളെ രക്ഷിക്കുകയാണ്.
അവർ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ സുരക്ഷിതരായിരിക്കണമെന്ന് മാതാപിതാക്കൾക്ക് നിർബന്ധമുണ്ട്. സാധ്യമാകുമ്പോഴൊക്കെ അവർ നിങ്ങളുടെ ആവശ്യങ്ങൾ അനുവദിച്ചുതരുന്നതും ചില സാഹചര്യങ്ങളിൽ അനുമതി നിഷേധിക്കുന്നതും നിങ്ങളോടുള്ള സ്നേഹംകൊണ്ടാണ്. നിങ്ങൾ ഒരു ആവശ്യവുമായി അവരുടെ മുന്നിൽ ചെല്ലുമ്പോൾ, അത് ഏതെങ്കിലും തരത്തിൽ നിങ്ങൾക്ക് ദോഷംചെയ്യുമോ എന്ന് അവർ ചിന്തിച്ചുനോക്കും. ഇല്ലെന്ന് ഏതാണ്ട് ഉറപ്പായാൽ മാത്രമേ അവർ അത് അനുവദിച്ചുതരൂ.
വേണ്ടത്ര വിവരങ്ങൾ ഇല്ലെങ്കിൽ. സ്നേഹമുള്ള മാതാപിതാക്കൾ ഒരിക്കലും മക്കളുടെ കാര്യത്തിൽ ‘റിസ്ക്’ എടുക്കാൻ തയ്യാറാവില്ല. നിങ്ങളുടെ ആവശ്യം ശരിക്കും മനസ്സിലാകാതിരിക്കുകയോ അറിയേണ്ട എല്ലാ വിവരങ്ങളും നിങ്ങളിൽനിന്ന് ലഭിക്കാതിരിക്കുകയോ ചെയ്താൽ അവർ അനുമതി നിഷേധിച്ചേക്കാം.
അനുവാദം നേടാൻ വഴിയുണ്ടോ?
അത് നാലുഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.
സത്യസന്ധത: ആദ്യംതന്നെ സത്യസന്ധമായി സ്വയം ചോദിക്കുക: ‘ഞാൻ പോകാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്? പരിപാടിയിൽ സംബന്ധിക്കാനുള്ള ആഗ്രഹംകൊണ്ടാണോ അതോ കൂട്ടുകാർ ചെയ്യുന്നതുപോലെയൊക്കെ ചെയ്യാനുള്ള ആഗ്രഹംകൊണ്ടാണോ? അതുമല്ലെങ്കിൽ ഞാൻ ഇഷ്ടപ്പെടുന്ന ‘ആൾ’ അവിടെ വരും എന്നതുകൊണ്ടാണോ?’ എന്തായാലും ഉള്ള കാര്യം മാതാപിതാക്കളോട് തുറന്നു പറയുക. അവരും നിങ്ങളുടെ പ്രായം കഴിഞ്ഞു വന്നവരാണ്. അതുകൊണ്ട് നിങ്ങൾ പറഞ്ഞില്ലെങ്കിലും അവർക്കു കാര്യം മനസ്സിലാകും. എന്നാൽ നിങ്ങൾ സത്യസന്ധമായി, മനസ്സിലുള്ളതു തുറന്നു പറഞ്ഞാൽ അവർ അത് വിലമതിക്കും. അവർ നൽകുന്ന ഉപദേശത്തിൽനിന്ന് പ്രയോജനം നേടാനും നിങ്ങൾക്കു കഴിയും. (സദൃശവാക്യങ്ങൾ 7:1, 2) എന്നാൽ ഒരിക്കൽ സത്യസന്ധതയില്ലായ്മ കാണിച്ചാൽ പിന്നെ മാതാപിതാക്കൾ നിങ്ങളെ വിശ്വസിച്ചെന്നുവരില്ല. നിങ്ങളുടെ ആവശ്യങ്ങൾ അവർ അനുവദിച്ചുതരാനുള്ള സാധ്യതയും കുറയും.
ചോദിക്കുന്ന സമയം: അച്ഛനോ അമ്മയോ ജോലികഴിഞ്ഞ് വീട്ടിലെത്തിയ ഉടനെയോ മറ്റുകാര്യങ്ങളിൽ മുഴുകിയിരിക്കുമ്പോഴോ ആവശ്യങ്ങളുമായി അവരെ ബുദ്ധിമുട്ടിക്കരുത്. അവർ സ്വസ്ഥമായിരിക്കുന്ന സമയം നോക്കി കാര്യം അവതരിപ്പിക്കാം. അതേസമയം അത് അവസാനനിമിഷത്തേക്ക് മാറ്റിവെച്ച് തിടുക്കത്തിൽ ഒരു തീരുമാനം പറയാൻ അവരെ നിർബന്ധിക്കുകയുമരുത്. സാധാരണഗതിയിൽ ആലോചിച്ച് ഒരു തീരുമാനം പറയാനാണ് അച്ഛനമ്മമാർ താത്പര്യപ്പെടുക. അതുകൊണ്ട് കാര്യം നേരത്തേ അവതരിപ്പിക്കുക. അത് അവരോടു കാണിക്കുന്ന പരിഗണനയായിരിക്കും. അവർ അത് വിലമതിക്കുകയും ചെയ്യും.
വ്യക്തമായ വിവരങ്ങൾ: വിവരങ്ങളെല്ലാം വ്യക്തമായി പറയുക. “ആരൊക്കെ അവിടെ ഉണ്ടാകും,” “മേൽനോട്ടം വഹിക്കാൻ മുതിർന്ന ആരെങ്കിലും കാണുമോ,” “പരിപാടി എപ്പോൾ കഴിയും” തുടങ്ങിയ ചോദ്യങ്ങൾക്ക് “എനിക്കറിയില്ല” എന്ന മറുപടിയാണ് കൊടുക്കുന്നതെങ്കിൽ, അനുവാദം തരാൻ മാതാപിതാക്കൾക്ക് ബുദ്ധിമുട്ടായിരിക്കും.
മനോഭാവം: അച്ഛനെയും അമ്മയെയും ശത്രുക്കളായി കാണാതിരിക്കുക. അച്ഛനും അമ്മയും നിങ്ങളും ഒരു ടീമാണെന്ന് ഓർക്കുക. ഇതുവരെ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ അതു ശരിയാണെന്നു തോന്നുന്നില്ലേ? അവരെ സുഹൃത്തുക്കളായി കണ്ടാൽ നിങ്ങൾക്ക് അവരോടു മറുത്തുനിൽക്കാൻ തോന്നില്ല. അതുപോലെ അവരും നിങ്ങളോടു സഹകരിക്കും. എന്നാൽ അനുവാദം തരാൻ പറ്റില്ലെന്ന് അവർ പറഞ്ഞാലോ? ആദരവോടെ കാരണം ചോദിക്കാം. ഉദാഹരണത്തിന്, ഒരു കലാപരിപാടിക്ക് പോകേണ്ടെന്ന് അവർ പറഞ്ഞാൽ, അതിന്റെ കാരണം മനസ്സിലാക്കാൻ ശ്രമിക്കുക. പരിപാടി അവതരിപ്പിക്കുന്നവരെക്കുറിച്ച് അവർക്ക് മോശമായ അഭിപ്രായമുള്ളതുകൊണ്ടാണോ? അതു നടക്കുന്ന സ്ഥലം അത്ര സുരക്ഷിതമല്ലെന്നുണ്ടോ? നിങ്ങളുടെ കൂടെയുള്ളത് എങ്ങനെയുള്ളവരായിരിക്കും എന്ന് അവർ ഉത്കണ്ഠപ്പെടുന്നുണ്ടോ? പ്രവേശന ഫീസ് കൂടുതലാണെന്ന് അവർ ചിന്തിക്കുന്നുണ്ടാകുമോ? “നിങ്ങൾക്ക് എന്നെ വിശ്വാസമില്ല,” “ബാക്കിയെല്ലാവരും പോകുന്നുണ്ടല്ലോ,” “എന്റെ ഫ്രണ്ട്സിന്റെയെല്ലാം വീട്ടിൽ സമ്മതിച്ചു” എന്നിങ്ങനെയുള്ള പരാതികൾ ഒഴിവാക്കുക. മാതാപിതാക്കളുടെ തീരുമാനം അംഗീകരിക്കാനും അതിനെ മാനിക്കാനുമുള്ള പക്വത കാണിക്കുക. അപ്പോൾ അവർ നിങ്ങളെയും മാനിക്കും. അടുത്ത പ്രാവശ്യം നിങ്ങളുടെ ആവശ്യം അനുവദിച്ചുതരാൻ അവർ കൂടുതൽ സന്നദ്ധത കാണിക്കുകയും ചെയ്യും. (g11-E 02)
“യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്സൈറ്റിൽ കാണാവുന്നതാണ്.
[അടിക്കുറിപ്പ്]
a പേരു മാറ്റിയിട്ടുണ്ട്.
[11-ാം പേജിലെ ചതുരം/ചിത്രം]
“എന്റെ മാതാപിതാക്കൾക്ക് എന്നെ വലിയ വിശ്വാസമാണ്. കാരണം ഇതുവരെ അവരുടെ കണ്ണുവെട്ടിച്ച് യാതൊന്നും ഞാൻ ചെയ്തിട്ടില്ല. എന്റെ കൂട്ടുകാരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഞാൻ അവരോടു പറയാറുണ്ട്. മാത്രമല്ല, എന്തെങ്കിലും പരിപാടിക്കു പോയിട്ട് പറ്റാത്ത എന്തെങ്കിലും കണ്ടാൽ ഉടനെ വീട്ടിലേക്കു തിരിച്ചുപോരാനും എനിക്കു മടിയില്ല.”
[ചിത്രം]
കിംബർലി
മാതാപിതാക്കളോടു ചോദിച്ചറിയുക
[12-ാം പേജിലെ ചതുരം]
ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സംബന്ധിച്ച് അച്ഛന്റെയും അമ്മയുടെയും വീക്ഷണം അറിയാൻ നിങ്ങൾക്കു താത്പര്യമുണ്ടോ? അതിന് ഒരു മാർഗമേയുള്ളൂ, അവരോടുതന്നെ ചോദിക്കുക. പറ്റിയ സമയംനോക്കി വിഷയം എടുത്തിടാം; എന്നിട്ട് അവരുടെ മനസ്സിലുള്ളത് അറിയാൻ ശ്രമിക്കാം. അവരോടു ചോദിക്കാൻ ആഗ്രഹിക്കുന്ന ഒരു ചോദ്യം താഴെ എഴുതുക.
․․․․․
[12-ാം പേജിലെ ചിത്രം]
മാതാപിതാക്കൾ ലൈഫ് ഗാർഡുകളെപ്പോലെയാണ്; നിങ്ങൾ കാണാത്ത അപകടങ്ങൾ കാണാനും മുന്നറിയിപ്പു തരാനും അവർക്കാകും