പാഠം 26
ആവർത്തനത്തിന്റെയും ആംഗ്യങ്ങളുടെയും ഉപയോഗം
1-3. ആവർത്തനം അത്യന്താപേക്ഷിതമായ ഒരു പഠിപ്പിക്കൽവിദ്യ ആയിരിക്കുന്നതെന്തുകൊണ്ട്?
1 പ്രസംഗിക്കുന്നതിലെ നിങ്ങളുടെ ലക്ഷ്യം, സദസ്സ് ഓർത്തിരിക്കേണ്ടതും ഉപയോഗിക്കാൻ പ്രാപ്തരായിരിക്കേണ്ടതുമായ വിവരങ്ങൾ പ്രദാനംചെയ്യുകയാണ്. അവർ അതു മറന്നുപോകുകയാണെങ്കിൽ പ്രയോജനം നഷ്ടപ്പെടുന്നു. നിങ്ങൾ പറയുന്നതു മനസ്സിൽ പതിപ്പിക്കുന്നതിന് അവരെ സഹായിക്കാൻ കഴിയുന്ന മുഖ്യമാർഗങ്ങളിലൊന്ന് ഏററവും പ്രധാനപ്പെട്ട പോയിൻറുകൾ ആവർത്തിക്കുകയാണ്. ആവർത്തനം ഓർമയുടെ മാതാവാണെന്ന് ഉചിതമായിത്തന്നെ പറയപ്പെട്ടിരിക്കുന്നു. ആവർത്തനം അത്യന്താപേക്ഷിതമായ പഠിപ്പിക്കൽവിദ്യകളിൽ ഒന്നാണ്. തിരുവെഴുത്തുകളുടെ ഉപയോഗത്തോടുളള ബന്ധത്തിൽ അതിന്റെ മൂല്യം നിങ്ങൾ പഠിച്ചുകഴിഞ്ഞു. എന്നാൽ “ദൃഢതക്കുവേണ്ടി ആവർത്തിക്കൽ” നിങ്ങളുടെ പ്രസംഗ ഗുണദോഷച്ചീട്ടിൽ വേറിട്ടു പട്ടികപ്പെടുത്തിയിരിക്കുന്നു, കാരണം നിങ്ങളുടെ പ്രസംഗത്തിന്റെ മററു ഭാഗങ്ങൾക്കും അതു ബാധകമാകുന്നു.
2 ദൃഢതക്കുവേണ്ടിയുളള ആവർത്തനം ഉപയോഗിക്കുന്നതിൽ പ്രവീണരായിത്തീരാൻ നിങ്ങളെ സഹായിക്കുന്നതിനു നമ്മൾ രണ്ടു വ്യത്യസ്തവശങ്ങളിൽ സംഗതി വീക്ഷിക്കാൻ പോകുകയാണ്. ഓരോന്നും ഒരു വ്യത്യസ്ത ആവർത്തനമാർഗത്തെ സംബന്ധിക്കുന്നതാണ്; ഓരോന്നും ഒരു വ്യത്യസ്ത ഉദ്ദേശ്യം മുൻനിർത്തിയുളളതാണ്. മുഖ്യ പോയിൻറുകളുടെ ആവർത്തനം ഓർമക്കുളള ഒരു സഹായമായി ഉതകുന്നു. മനസ്സിലാകാത്ത പോയിൻറുകളുടെ ആവർത്തനം ഗ്രാഹ്യത്തെ സഹായിക്കുന്നു.
3 ഈ ഗുണം പരിചിന്തിക്കുന്നതിൽ പ്രസംഗാവതരണം മാത്രമല്ല, തയ്യാറാകലും മർമപ്രധാനമാണ്. ഏതാശയങ്ങൾ ആവർത്തിക്കേണ്ടതാവശ്യമാണെന്നും അവ എപ്പോൾ ആവർത്തിക്കുന്നതാണ് ഏററവും നല്ലതെന്നും നിങ്ങൾ മുന്നമേ നിശ്ചയിക്കേണ്ടതുണ്ട്.
4-6. “പടിപടിയായുളള” സംഗ്രഹത്തെയും “ഉപസംഹാര” സംഗ്രഹത്തെയും മുഖ്യ പോയിൻറുകൾ ആവർത്തിക്കുന്നതിന് എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്നു വർണിക്കുക.
4 മുഖ്യ പോയിൻറുകളുടെ ആവർത്തനം. ഏതെങ്കിലും രൂപത്തിലുളള സംഗ്രഹത്താൽ മുഖ്യ പോയിൻറുകളുടെ ആവർത്തനം കൂടെക്കൂടെ സാധിക്കുന്നു. നമുക്കു മുന്തിയ രണ്ടുതരങ്ങൾ ചർച്ചചെയ്യുകയും അവയെ “പടിപടിയായുളള” സംഗ്രഹം എന്നും “ഉപസംഹാര” സംഗ്രഹം എന്നും വിളിക്കുകയും ചെയ്യാം.
5 പടിപടിയായുളള സംഗ്രഹത്തിൽ ഓരോ മുഖ്യ പോയിൻറും പരിചിന്തിക്കുമ്പോൾ അതിന്റെ സാരവത്തായ വശങ്ങൾ പുനരവലോകനം ചെയ്യുന്നത് ഉൾപ്പെടുന്നു, അതിനുമുമ്പത്തെ മുഖ്യ പോയിൻറുകളുടെ സാരവത്തായ വശങ്ങൾ തുടർച്ചയായ ഓരോ സംഗ്രഹത്തിലും ഉൾപ്പെടുത്തിക്കൊണ്ടുതന്നെ. ഈ വിധത്തിൽ പ്രസംഗതന്തു നിരന്തരം വലിച്ചുമുറുക്കപ്പെടുന്നു.
6 പ്രസംഗത്തിന്റെ അവസാനത്തിൽ, പടിപടിയായുളള സംഗ്രഹത്തോടുകൂടെ ഉപയോഗിച്ചാലും ഇല്ലെങ്കിലും, ഒരു ഉപസംഹാരസംഗ്രഹം സകലവും ഒന്നിച്ചുകൂട്ടുന്നു, മുഴു പ്രസംഗവും ഹ്രസ്വമായ ഏതാനും പ്രസ്താവനകളിൽ പുനരവലോകനംചെയ്യാൻ കഴിയും. ചിലപ്പോഴൊക്കെ പുനരവലോകനം ചെയ്യാൻ പോകുന്ന പോയിൻറുകളുടെ കൃത്യമായ എണ്ണം പറയുന്നതു സഹായകമായിരിക്കും. ഇത് ഓർക്കാനുളള കൂടുതലായ ഒരു സഹായമാണ്.
7-10. പോയിൻറുകളുടെ സംഗ്രഹരൂപത്തിലുളള ആവർത്തനത്തെ എങ്ങനെ രസകരമായി വികസിപ്പിക്കാൻ കഴിയും?
7 ഒരു സംഗ്രഹം പോയിൻറുകളുടെയോ ആശയങ്ങളുടെയോ വിരസമായ ഒരു ആവർത്തനമോ പുനഃപ്രസ്താവനയോ ആയിരിക്കേണ്ടതില്ല. അതു വിവിധവിധങ്ങളിൽ നിർവഹിക്കാൻ കഴിയും: ദൃഷ്ടാന്തത്താലും ഒരു തിരുവെഴുത്തിന്റെ ഉപയോഗത്താലും ഒരു വ്യത്യസ്ത കാഴ്ചപ്പാടിൽ സംഗതിയെ സമീപിക്കുന്നതിനാലും താരതമ്യങ്ങളാലും വിപരീതതാരതമ്യങ്ങളാലും സമാന്തരങ്ങൾ വരച്ചുകാട്ടുന്നതിനാലും പര്യായപദങ്ങളോ ചോദ്യങ്ങളോ ഉപയോഗിക്കുന്നതിനാലുംതന്നെ. ഉദാഹരണമായി, ഒരു പരസ്യപ്രസംഗത്തിന്റെ വളരെ പ്രായോഗികമായ ഒരു സംഗ്രഹം അടിസ്ഥാന തിരുവെഴുത്തുവാക്യങ്ങളും പ്രസംഗത്തിലെ മുഖ്യവാദമുഖങ്ങളും ഉപയോഗിച്ചുകൊണ്ടുളള അഞ്ചുമിനിററുനേരത്തെ ഒരു ഹ്രസ്വമായ ഭാഗമായിരിക്കാൻ കഴിയും. മുഴുപ്രസംഗവും ഗുളികരൂപത്തിൽ ഇവിടെയുണ്ട്, മിക്കവാറും എല്ലാവർക്കും കൊണ്ടുപോയി ഉപയോഗിക്കാവുന്നത്.
8 ആവർത്തനത്തിന്റെ സംഗ്രഹ രൂപം ന്യായവാദവും യുക്തിയും ഉൾപ്പെടുന്ന പ്രസംഗങ്ങളോടുളള ബന്ധത്തിൽ വിശേഷാൽ സഹായകമാണ്, ചർച്ചക്കും ഹ്രസ്വമായ പുനരവലോകനത്തിനുമിടക്കുളള സമയം സദസ്യരുടെ മനസ്സിൽ ആശയങ്ങൾ കൂടുതൽ ആഴത്തിൽ പതിയുന്നതിനു സഹായിക്കുന്നു. എന്നിരുന്നാലും, ഒരു പോയിൻറ് എല്ലായ്പോഴും സംഗ്രഹിക്കേണ്ടയാവശ്യമില്ല. അതു മിക്കപ്പോഴും വികസിപ്പിക്കാനുളള മറെറാരു പോയിൻറിന്റെ ഫലകരമായ അടിസ്ഥാനമായി പിന്നീട് കേവലം പുനഃപ്രസ്താവന നടത്താവുന്നതാണ്.
9 മുഖ്യാശയങ്ങൾ ആവർത്തിക്കാൻ കഴിയുന്ന മറെറാരു മാർഗം അവ പ്രസംഗത്തിന്റെ മുഖവുരയിൽ വിവരിക്കുന്നതും അനന്തരം ഉടലിൽ ഈ പോയിൻറുകളുടെ വിപുലമായ ഒരു വികസിപ്പിക്കലിനാൽ പിന്തുടരുന്നതുമാണ്. ഈ ആവർത്തനം ആശയങ്ങളെ മനസ്സിൽ കൂടുതലായി പതിപ്പിക്കുന്നു.
10 മുഖ്യ പോയിൻറുകൾ ആവർത്തിക്കുന്നതിനുളള ഈ വ്യത്യസ്ത മാർഗങ്ങൾ പരിചിതമാക്കുന്നതിനാൽ ഒരു പ്രസംഗത്തെ രസകരവും ആസ്വാദ്യവുമാക്കുന്നതിനും അത് ഓർക്കാൻ ഏറെ എളുപ്പമാക്കുന്നതിനും വളരെയധികം ചെയ്യാൻ കഴിയും.
11-14. മനസ്സിലാകാത്ത പോയിൻറുകൾ ആവർത്തിക്കുന്നതിൽ ഏതു മുഖ്യ ഘടകങ്ങൾ ഉൾപ്പെട്ടിരിക്കുന്നു?
11 മനസ്സിലാകാത്ത പോയിൻറുകളുടെ ആവർത്തനം. ഗ്രാഹ്യത്തിനുവേണ്ടി ഒരു പോയിൻറ് ആവർത്തിക്കണമോയെന്നത് ഏതാണ്ടു മുഴുവനായും നിങ്ങളുടെ സദസ്സിനെയാണ് ആശ്രയിച്ചിരിക്കുന്നത്. അതു സാരവത്തായ ഒരു പോയിൻറായിരിക്കുകയും ഒന്നിലധികം പ്രാവശ്യം പ്രസ്താവിച്ചുകേൾക്കാനുളള അവസരം കിട്ടിയില്ലെങ്കിൽ അത് അവർക്കു വ്യക്തമാകാതിരിക്കുകയുംചെയ്യുമെങ്കിൽ നിങ്ങൾ ഏതെങ്കിലും വിധത്തിൽ അതു വീണ്ടും പരിചിന്തിക്കണം. അതല്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ സദസ്സിനെക്കൂടാതെ ഉപസംഹാരത്തിലെത്തും. നേരേമറിച്ച്, ദൃഢതക്കുവേണ്ടിയല്ലാതെ ഉപയോഗിക്കുന്ന ആവശ്യമില്ലാത്ത ആവർത്തനം പ്രസംഗത്തെ വാചകക്കസർത്തും വിരസവുമാക്കിത്തീർക്കും.
12 പ്രസംഗം തയ്യാറാക്കുമ്പോൾ നിങ്ങളുടെ സദസ്സിനെ മനസ്സിൽപിടിക്കുക. അതു നിങ്ങളുടെ സദസ്സിന് ഉണ്ടായിരിക്കാവുന്ന പ്രത്യേകപ്രശ്നങ്ങൾ പ്രതീക്ഷിക്കുന്നതിനു നിങ്ങളെ ഏറെക്കുറെ പ്രാപ്തനാക്കേണ്ടതാണ്. അങ്ങനെയുളള ആശയങ്ങൾ അവർക്കു വ്യത്യസ്ത കാഴ്ചപ്പാടുകളിൽ കാണാൻ കഴിയേണ്ടതിന് അവ ഏതെങ്കിലും വിധത്തിൽ ആവർത്തിക്കാൻ തയ്യാറായിരിക്കുക.
13 നിങ്ങൾ പറയുന്നതു മനസ്സിലാക്കപ്പെടുന്നില്ലെങ്കിൽ നിങ്ങൾക്ക് എങ്ങനെ അറിയാൻ കഴിയും? നിങ്ങളുടെ സദസ്സിനെ നോക്കുക. മുഖഭാവങ്ങൾ നിരീക്ഷിക്കുക, അല്ലെങ്കിൽ ഒന്നോ രണ്ടോ പേരോടാണു സംസാരിക്കുന്നതെങ്കിൽ ചോദ്യങ്ങൾ ചോദിക്കുക.
14 എന്നാൽ ഇതു നന്നായി കുറിക്കൊളളുക: ഒരേ വാക്കുകൾ ആവർത്തിക്കുന്നത് എല്ലായ്പോഴും നിങ്ങളുടെ ഉദ്ദേശ്യങ്ങൾ സാധിപ്പിക്കുകയില്ല. പഠിപ്പിക്കലിൽ അതിലധികം അടങ്ങിയിരിക്കുന്നു. ആദ്യപ്രാവശ്യംതന്നെ നിങ്ങളുടെ സദസ്സിനു മനസ്സിലായില്ലെങ്കിൽ, നിങ്ങൾ പറയുന്നതു മെച്ചമായി മനസ്സിലാകാൻ അതേ പദങ്ങൾ കേവലം ആവർത്തിക്കുന്നതു മതിയാകയില്ലായിരിക്കാം. നിങ്ങൾക്ക് അതുസംബന്ധിച്ച് എന്തു ചെയ്യാൻ കഴിയും? നിങ്ങൾ അനുരൂപപ്പെടുത്തുന്നവർ ആയിരിക്കണം. അതു പ്രസംഗത്തോടു തൽക്ഷണകൂട്ടിച്ചേർപ്പുകൾ ആവശ്യമാക്കിത്തീർത്തേക്കാം. സദസ്സിന്റെ ആവശ്യങ്ങളെ നേരിടാൻ നിങ്ങൾ പഠിക്കുന്നത് ഒരു വലിയ പരിധിവരെ ഒരു ഉപദേഷ്ടാവായുളള നിങ്ങളുടെ ഫലപ്രദത്വത്തെ നിർണയിക്കും.
**********
15-18. ഒരുവനു വർണനാത്മകമായ ആംഗ്യങ്ങൾ ഉപയോഗിക്കുന്നതിന് എങ്ങനെ പഠിക്കാൻ കഴിയും?
15 ആംഗ്യങ്ങളും നിങ്ങൾ പറയുന്നതിനു ദൃഢത വർധിപ്പിക്കുന്നു, അവ മിക്കപ്പോഴും പ്രസ്താവിക്കപ്പെട്ട വാക്കിന്റെ അർഥത്തെ പ്രബലിതമാക്കുന്നു. ഈ വിധത്തിൽ അവ ആശയങ്ങളെ സംപൂരിതമാക്കുകയും ജീവത്താക്കുകയും ചെയ്യുന്നു. മിക്കവാറും ആരുംതന്നെ ഏതെങ്കിലും രൂപത്തിലുളള ആംഗ്യങ്ങൾ കാണിക്കാതെ സംസാരിക്കുന്നില്ല. അതുകൊണ്ട്, നിങ്ങൾ പ്ലാററ്ഫാറത്തിൽ ആംഗ്യം കാണിക്കുന്നില്ലെങ്കിൽ, നിങ്ങൾക്കു പ്രശാന്തത ഇല്ലെന്നു നിങ്ങളുടെ സദസ്സ് അറിയും. എന്നാൽ നിങ്ങൾ സ്വാഭാവികമായി ആംഗ്യം കാണിക്കുമ്പോൾ സദസ്സു നിങ്ങളെക്കുറിച്ചു ചിന്തിക്കുകയില്ല; അവർ നിങ്ങൾ പറയുന്നതിനെക്കുറിച്ചു ചിന്തിക്കും. ആംഗ്യങ്ങൾ നിങ്ങളെ സഹായിക്കുന്നു, നിങ്ങളെ ഉത്തേജിപ്പിച്ചുകൊണ്ടും നിങ്ങളുടെ വികാരങ്ങളെ ഉദ്ദീപിപ്പിച്ചുകൊണ്ടും അങ്ങനെ നിങ്ങളുടെ അവതരണത്തെ സജീവമാക്കിക്കൊണ്ടുംതന്നെ. അവ ഏതെങ്കിലും പുസ്തകത്തിൽനിന്ന് എടുക്കരുത്. മന്ദസ്മിതം തൂകാനോ ചിരിക്കാനോ കോപിക്കാനോ നിങ്ങൾ ഒരിക്കലും പഠിച്ചില്ല, അതുകൊണ്ട്, മറെറാരാളുടെ ആംഗ്യങ്ങൾ പകർത്തേണ്ടയാവശ്യമില്ല. അവ എത്രയധികം സ്വാഭാവികമായും സ്വതഃപ്രേരിതമായും വരുന്നുവോ അത്രയധികം അവ മെച്ചമായിരിക്കും. മുഖഭാവങ്ങൾ പ്രസ്താവിക്കപ്പെടുന്ന വാക്കിനു വികാരം പകരുന്നതിന് ആംഗ്യവുമായി കൈകോർത്തുനീങ്ങുന്നു.
16 ആംഗ്യങ്ങൾ അവയുടെ സ്വഭാവം സംബന്ധിച്ചു രണ്ടു വർഗങ്ങളിൽ പെടുന്നു: വർണനാത്മകമായവയും ദൃഢതക്കുവേണ്ടിയുളളവയും.
17 വർണനാത്മകമായ ആംഗ്യങ്ങൾ. വർണനാത്മകമായ ആംഗ്യങ്ങൾ പ്രവർത്തനത്തെ വെളിപ്പെടുത്തുന്നു അല്ലെങ്കിൽ പരിമാണത്തെയും സ്ഥാനത്തെയും പ്രകടമാക്കുന്നു. ഇവയാണു പഠിക്കാൻ ഏററവും എളുപ്പമുളളത്. അതുകൊണ്ട്, പ്ലാററ്ഫാറത്തിൽ ആംഗ്യം കാണിക്കുന്നതിൽ നിങ്ങൾക്ക് ഒരു പ്രശ്നമുണ്ടെങ്കിൽ ആദ്യം ലളിതവും വർണനാത്മകവുമായ ആംഗ്യങ്ങൾ പരീക്ഷിച്ചുനോക്കുക.
18 നിങ്ങൾ സ്കൂളിൽ ഈ ഗുണം മെച്ചപ്പെടുത്താൻ പരിശ്രമിക്കുമ്പോൾ കേവലം ഒന്നോ രണ്ടോ ആംഗ്യങ്ങൾ കൊണ്ടു തൃപ്തിപ്പെടരുത്. പ്രസംഗത്തിലുടനീളം മിക്കപ്പോഴും ആംഗ്യം കാണിക്കാൻ ശ്രമിക്കുക. ഇതു ചെയ്യുന്നതിന്, ദിശയും ദൂരവും വലിപ്പവും വിസ്തീർണവും വേഗവും സ്ഥാനവും വൈരുദ്ധ്യവും ആപേക്ഷികസ്ഥാനങ്ങളും അല്ലെങ്കിൽ താരതമ്യവും പ്രകടമാക്കുന്ന വാക്കുകൾക്കായി നോക്കുക. ആവശ്യമെങ്കിൽ, ആ പോയിൻറിൽ ആംഗ്യം കാണിക്കാൻ നിങ്ങളെ ഓർമിപ്പിക്കുന്നതിനു നിങ്ങളുടെ കുറിപ്പുകളിൽ ഏതെങ്കിലും വിധത്തിൽ ഈ വാക്കുകൾ അടയാളപ്പെടുത്തുക. ആദ്യപ്രാവശ്യം നിങ്ങൾക്ക് ഒരു “ന” കിട്ടിയാലും ഈ നടപടി തുടരുക. ഏതാനും പ്രസംഗങ്ങൾ കഴിയുമ്പോൾ നിങ്ങൾ മേലാൽ നിങ്ങളുടെ ആംഗ്യങ്ങൾ അടയാളപ്പെടുത്തുകയോ മുന്നമേ അവയെക്കുറിച്ചു ചിന്തിക്കുകയോ ചെയ്യേണ്ട ആവശ്യമില്ലെന്നു കണ്ടെത്തും, നിങ്ങൾ സ്വാഭാവികമായി ആംഗ്യം കാണിക്കും.
19, 20. ദൃഢതക്കുവേണ്ടിയുളള ആംഗ്യങ്ങൾ എന്ത് ഉദ്ദേശ്യത്തിന് ഉതകുന്നു?
19 ദൃഢത കൊടുക്കുന്ന ആംഗ്യങ്ങൾ. ദൃഢത കൊടുക്കുന്ന ആംഗ്യങ്ങൾ വികാരവും ബോധ്യവും പ്രകടമാക്കുന്നു. അവ ആശയങ്ങൾക്കു ചിഹ്നനം കൊടുക്കുകയും അവയെ ജീവത്താക്കുകയും പ്രബലിതമാക്കുകയും ചെയ്യുന്നു. അതുകൊണ്ടു ദൃഢത കൊടുക്കുന്ന ആംഗ്യങ്ങൾ അത്യന്താപേക്ഷിതമാണ്. എന്നാൽ സൂക്ഷിക്കുക! ദൃഢതക്കായുളള ആംഗ്യങ്ങളാണു സാധാരണയായി വികൃതശീലങ്ങളായിത്തീരുന്ന തരം ആംഗ്യങ്ങൾ. ഇതു തടയുന്നതിന് ആവർത്തിച്ചുളള ആംഗ്യങ്ങൾ ഒഴിവാക്കുക.
20 ആംഗ്യം കാണിക്കുന്നതിലെ വികൃതശീലങ്ങളാണു നിങ്ങളുടെ പ്രശ്നമെങ്കിൽ കുറേ കാലത്തേക്കു വർണനാത്മകമായ ആംഗ്യങ്ങളിൽ മാത്രമായി ഒതുങ്ങിനിൽക്കുക. നിങ്ങൾ ഇത്തരം ആംഗ്യങ്ങൾ കാണിക്കുന്നതിൽ പ്രവീണരായിക്കഴിയുമ്പോൾ ദൃഢതക്കുവേണ്ടിയുളള ആംഗ്യങ്ങൾ കാലക്രമത്തിൽ വശമായിത്തീരേണ്ടതാണ്. നിങ്ങൾ പരിചയം നേടുകയും പ്ലാററ്ഫാറത്തിൽ കൂടുതൽ പ്രശാന്തരായിത്തീരുകയും ചെയ്യുമ്പോൾ ദൃഢതക്കുവേണ്ടിയുളള നിങ്ങളുടെ ആംഗ്യങ്ങൾ സ്വാഭാവികമായി നിങ്ങളുടെ ആന്തരികവികാരങ്ങളെ വെളിപ്പെടുത്തുകയും നിങ്ങളുടെ ബോധ്യത്തെയും ആത്മാർഥതയെയും പ്രകടമാക്കുകയും ചെയ്യും. അവ നിങ്ങളുടെ പ്രസംഗത്തെ അർഥസമ്പുഷ്ടമാക്കും.