അധ്യായം 16
നിങ്ങൾ വ്യക്തിപരമായി എന്തു ചെയ്യും?
1. വ്യക്തിപരമായ അടിസ്ഥാനത്തിൽ എന്തു തീരുമാനം ചെയ്യപ്പെടണം?
യഹോവയെ സേവിക്കുന്നതിനുളള തീരുമാനം നിങ്ങൾക്കുവേണ്ടി മററാർക്കും ചെയ്യാവുന്നതല്ല. നിങ്ങളുടെ വിവാഹിത ഇണ ദൈവത്തിന്റെ ഒരു വിശ്വസ്ത ദാസനോ ദാസിയോ ആണെങ്കിൽ അത് വിലതീരാത്ത ഒരു അനുഗ്രഹമായിരിക്കാൻ കഴിയും. അതുപോലെ നിങ്ങളുടെ മാതാപിതാക്കൾ യഹോവയെ സ്നേഹിക്കുന്നെങ്കിൽ നിങ്ങൾ അനുഗൃഹീതമായ ഒരവസ്ഥയിലാണ്. അത്തരം കുടുംബ സാഹചര്യങ്ങൾ “യഹോവയെ സത്യത്തോടും ആത്മാവോടും കൂടെ” ആരാധിക്കുന്നവരുമായി സഹവസിക്കാൻ ഒരു പ്രേരണ നൽകിയേക്കാം. (യോഹന്നാൻ 4:23, 24) എന്നാൽ കാലക്രമത്തിൽ നിങ്ങൾതന്നെ വ്യക്തിപരമായി ഒരു തീരുമാനം ചെയ്യണം. നിങ്ങൾ യഥാർത്ഥത്തിൽ യഹോവയെ സ്നേഹിക്കുകയും അവന്റെ ദാസരിലൊരാളായിരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടോ? നീതി പ്രാബല്യം നേടുന്ന ഒരു ലോകത്തിൽ ജീവിക്കാൻ നിങ്ങൾ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നുവോ?
2. (എ) യഹോവയെ സേവിക്കുന്നതു സംബന്ധിച്ച ഒരു പിതാവിന്റെയോ മാതാവിന്റെയോ മനോഭാവം വിശേഷാൽ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) തങ്ങളുടെ കുട്ടികൾക്ക് ഒരു നല്ല തുടക്കമിട്ടുകൊടുക്കുന്നതിന് മാതാപിതാക്കൾക്ക് ചെയ്യാവുന്ന അഞ്ച് കാര്യങ്ങൾ ഏവ?
2 നിങ്ങൾ ഒരു പിതാവോ മാതാവോ ആണെങ്കിൽ നിങ്ങളുടെ കുട്ടികൾ തീർച്ചയായും ദൈവരാജ്യത്തിൻകീഴിൽ നിത്യജീവന്റെ അനുഗ്രഹം ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കും. ജീവിതത്തിൽ തങ്ങളുടെ സ്വന്തം വഴി തെരഞ്ഞെടുക്കാൻ പ്രായമാകുമ്പോൾ അവർ എന്തുചെയ്യും എന്നതിനെ നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുകയില്ല. എന്നാൽ സത്യാരാധനക്കുവേണ്ടി നിങ്ങൾ വ്യക്തിപരമായി ചെയ്യുന്നതിന്—നൻമയ്ക്കോ തിൻമയ്ക്കോ വേണ്ടി—ഒരു ശക്തമായ സ്വാധീനം പ്രയോഗിക്കാൻ കഴിയും. യഹോവയെ സേവിക്കുന്നതിൽനിന്ന് നിങ്ങൾ പിൻമാറിനിൽക്കുന്നുവെങ്കിൽ അതുവഴി നിത്യജീവന്റെ പാതയിൽ ഒരു തുടക്കമിടുന്നതിന് നിങ്ങളുടെ കുട്ടികൾക്ക് ലഭിക്കാവുന്നതിലേക്കും ഏററം നല്ല അവസരം നഷ്ടപ്പെടുത്തുകയായിരിക്കും ചെയ്യുന്നത്. അല്ലെങ്കിൽ നിങ്ങൾ ദൈവത്തിന് ഒരു സമർപ്പണം നടത്തുകയും പിന്നീട് അതനുസരിച്ച് ജീവിക്കുന്നതിന് താൽപര്യം കാട്ടാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ മഹോപദ്രവത്തിൽ എല്ലാം നഷ്ടമാകുന്നതു സഹിതം മുഴുകുടുംബത്തിന്റെയും ആത്മീയ വിപത്തിലേക്ക് അതു നയിച്ചേക്കാം. എന്നാൽ നിങ്ങൾ വിശ്വസ്തതയുടെ ഒരു മാതൃക വയ്ക്കുന്നുവെങ്കിൽ, നിങ്ങൾ വ്യക്തിപരമായി ദൈവവചനം പഠിക്കാൻ നിങ്ങളുടെ കുട്ടികളെ സഹായിക്കുന്നെങ്കിൽ, നിങ്ങൾ നിങ്ങളിൽത്തന്നെയും നിങ്ങളുടെ കുട്ടികളിലും യഹോവയോടുളള സ്നേഹവും അവന്റെ ദൃശ്യസ്ഥാപനത്തോട് ആദരവും നട്ടുവളർത്തുന്നെങ്കിൽ, ദൈവേഷ്ടം ചെയ്യുന്നതിനാൽ അവർ സംരക്ഷിക്കപ്പെടുന്നതെങ്ങനെയെന്ന് കാണാൻ അവരെ സഹായിക്കുന്നെങ്കിൽ, വിശുദ്ധസേവനത്തിൽ സന്തോഷം കണ്ടെത്തുന്നതെങ്ങനെയെന്ന് നിങ്ങൾ അവർക്ക് കാണിച്ചുകൊടുക്കുന്നെങ്കിൽ, അപ്പോൾ ജീവനിലേക്കു നയിക്കുന്ന പാതയിൽ നിങ്ങൾ അവർക്ക് ഒരു നല്ല തുടക്കം ഇട്ടുകൊടുക്കുകയാണ്. യഹോവയുടെ അനുഗ്രഹത്തോടെ മാത്രമേ ഇതു സാധിക്കുകയുളളു. (2 തിമൊഥെയോസ് 1:5 താരതമ്യം ചെയ്യുക.) അതിനായി നിരന്തരം പ്രാർത്ഥിക്കുക. നിങ്ങളുടെ ഭാഗത്ത് വളരെ ശ്രമവും ആവശ്യമാണ്. എന്നാൽ അതിന്റെ അനന്തരഫലം എത്ര വിലപ്പെട്ടതായിരിക്കും!
3. (എ) നിങ്ങൾക്ക് കുടുംബാംഗങ്ങളിൽനിന്ന് എതിർപ്പുണ്ടാകുന്നുവെങ്കിൽ എന്തു ചെയ്യാൻ കഴിയും? (ബി) എന്നാൽ എതിർപ്പ് തുടരുന്നുവെങ്കിലെന്ത്?
3 ഒരുപക്ഷേ നിങ്ങളുടെ കുടുംബത്തിലെ മററംഗങ്ങൾ യഹോവയോടുളള നിങ്ങളുടെ സ്നേഹത്തിൽ പങ്കുചേരുന്നില്ല എന്നതായിരിക്കാം നിങ്ങൾ അഭിമുഖീകരിക്കുന്ന സാഹചര്യം. “ഉൾപ്പെടുന്നതിൽനിന്ന്” നിങ്ങളെ നിരുൽസാഹപ്പെടുത്താൻ അവർ ശ്രമിക്കുന്നുണ്ടോ? അതോ നേരിട്ടുളള എതിർപ്പുണ്ടോ? ദൈവത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കുന്നതിലുളള നിങ്ങളുടെ സന്തോഷത്തിൽ പങ്കുചേരാൻ അവരെ സഹായിക്കുന്നതിന് നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിഞ്ഞേക്കും? മിക്കപ്പോഴും രാജ്യഹാളിൽ എന്താണ് നടക്കുന്നതെന്ന് അവർക്കു തന്നെ കാണാൻ കഴിയേണ്ടതിന് കുടുംബാംഗങ്ങളെ നിങ്ങളോടൊപ്പം അവിടേക്ക് ക്ഷണിക്കുന്നതിനാൽ പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ കഴിയും. അവിടെയായിരിക്കുമ്പോൾ യഹോവയുടെ സാക്ഷികളുടെ വിശ്വാസത്തെയും ആചാരങ്ങളെയും കുറിച്ച് അവർക്കുളള സംശയങ്ങൾ ദൂരീകരിക്കുന്നതിന് അവർ മൂപ്പൻമാരിൽ ഒരാളോട് സംസാരിച്ചേക്കാം. എന്നാൽ എതിർപ്പ് തുടരുന്നെങ്കിലെന്ത്? അപ്പോൾ നിങ്ങൾ നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കേണ്ടിയിരിക്കുന്നു: ‘എന്റെ സ്നേഹവും നന്ദിയും പ്രകടമാക്കാൻവേണ്ടി ചില കഷ്ടപ്പാടുകൾ സഹിക്കാൻ മനസ്സൊരുക്കമുണ്ടായിരിക്കത്തക്കവണ്ണം ഞാൻ യഹോവയെയും അവന്റെ പുത്രനായ യേശുക്രിസ്തുവിനെയും യഥാർത്ഥത്തിൽ സ്നേഹിക്കുന്നുണ്ടോ, അവർ നമുക്കുവേണ്ടി ചെയ്ത എല്ലാകാര്യങ്ങളും സംബന്ധിച്ച് എനിക്ക് വേണ്ടത്ര നന്ദിയുണ്ടോ? സാദ്ധ്യമെങ്കിൽ നിത്യജീവനുവേണ്ടിയുളള ദൈവത്തിന്റെ കരുതലുകളെ പിടിച്ചുകൊളളാൻ എന്റെ കുടുംബാംഗങ്ങളും സഹായിക്കപ്പെടുന്നതിന് ഒരു ശരിയായ മാതൃക വയ്ക്കാൻ തക്കവണ്ണം ഞാൻ എന്റെ സ്വന്തം കുടുംബത്തെ വേണ്ടത്ര സ്നേഹിക്കുന്നുണ്ടോ?’—മത്തായി 10:36-38; 1 കൊരിന്ത്യർ 7:12, 13, 16.
ജനതകൾ എന്തിലേക്ക് തിരിയുന്നുവോ ആ അടയാളം
4. നാം യഥാർത്ഥത്തിൽ യഹോവയെ സ്നേഹിക്കുന്നുവെന്ന് നമുക്ക് എങ്ങനെ പ്രകടമാക്കാം?
4 മശിഹൈക രാജ്യത്തിന്റെ പക്ഷത്ത് നിലയുറപ്പിച്ചുകൊണ്ട് യഹോവയോടുളള തങ്ങളുടെ സ്നേഹം പ്രകടമാക്കാൻ എല്ലായിടത്തുമുളള ജനങ്ങൾക്ക് ഇപ്പോൾ അവസരം വച്ചുനീട്ടപ്പെടുകയാണ്. യഹോവയുടെ നാമം സംസ്ഥാപിക്കപ്പെടുന്നത് ഈ രാജ്യം മുഖാന്തരമായിരിക്കും. രാജ്യത്തോടുളള നമ്മുടെ മനോഭാവം യഹോവയോടുതന്നെയുളള നമ്മുടെ വികാരം എന്താണ് എന്നതിന് തെളിവു നൽകുന്നു.
5. (എ) യെശയ്യാവ് 11:10-ൽ നമ്മുടെ നാളിലേക്ക് എന്താണ് മുൻകൂട്ടിപ്പറയപ്പെട്ടത്? (ബി) അതിന്റെ അർത്ഥമെന്താണ്?
5 ഇപ്രകാരം എഴുതാൻ യഹോവ പ്രവാചകനായ യെശയ്യാവിനെ നിശ്വസ്തനാക്കി: “അന്നാളിൽ ജനതകൾക്ക് ഒരു അടയാളമായി ഉയർന്നു നിൽക്കുന്ന യിശ്ശായിയുടെ വേര് ഉണ്ടായിരിക്കും. ജനതകൾ പോലും അന്വേഷണത്തോടെ അവങ്കലേക്കു തിരിയും, അവന്റെ വിശ്രമസ്ഥലം മഹത്വപൂർണ്ണമായിത്തീരുകയും വേണം.” (യെശയ്യാവ് 11:10) “യിശ്ശായിയുടെ വേര്” മഹത്വീകരിക്കപ്പെട്ട കർത്താവായ യേശുക്രിസ്തുവാണ്. ജീവദായകമായ “വേര്” എന്ന നിലയിൽ അവൻ രാജാധികാരം പ്രയോഗിച്ചുതുടങ്ങിയപ്പോൾ യിശ്ശായിയിൽനിന്ന് അവന്റെ പുത്രനായ ദാവീദിലൂടെ വന്ന മശിഹൈക രാജപരമ്പരക്ക് അവൻ പുതുജീവൻ നൽകി. (വെളിപ്പാട് 5:5; 22:16) 1914 മുതൽ അവൻ “ജനതകൾക്ക് ഒരു അടയാളമായി ഉയർന്നു നിൽക്കുക”യായിരുന്നു, നീതിയുളള ഒരു ഗവൺമെൻറിനുവേണ്ടി കൊതിക്കുന്നവർക്ക് കൂടിവരുന്നതിനുളള ഒരു സ്ഥാനം തന്നെ. യഹോവ തന്നെ അവനെ ആ അടയാളമായി, യഥാർത്ഥ മശിഹൈക രാജാവായി ഉയർത്തിയിരിക്കുന്നു.—യെശയ്യാവ് 11:12.
6. (എ) ഒരു സ്വർഗ്ഗീയ രാജാവിന് ചുററും കൂടാൻ മനുഷ്യർക്ക് സാധ്യമാക്കിത്തീർത്തിരിക്കുന്നതെന്താണ്? (ബി) “അടയാള”ത്തിലേക്ക് ‘അന്വേഷണത്തോടെ തിരിയുന്നതിൽ’നിന്ന് ആളുകൾ എന്തു പഠിച്ചിരിക്കുന്നു?
6 എന്നാൽ ഇവിടെ ഭൂമിയിലുളള മനുഷ്യർക്ക് ഒരു സ്വർഗ്ഗീയ രാജാവിനു ചുററും കൂടിവരാൻ കഴിയുന്നതെങ്ങനെയാണ്? അവർക്ക് അവനെ ഗ്രാഹ്യത്തിന്റെ കണ്ണുകളാൽ കാണാൻ കഴിയേണ്ടതിന് അവർക്ക് ബൈബിളിൽനിന്നുളള വിവരങ്ങൾ നൽകപ്പെടേണ്ടതുണ്ട്. പരിശുദ്ധാത്മാവിന്റെ മാർഗ്ഗനിർദ്ദേശത്തിൻകീഴിൽ ആത്മീയ യിസ്രായേലിന്റെ ശേഷിപ്പ് സ്ഥാപിതമായിരിക്കുന്ന മശിഹൈക ദൈവരാജ്യത്തെക്കുറിച്ചുളള സുവാർത്ത ഭൂവിസ്തൃതമായി ഘോഷിച്ചുകൊണ്ട് ഈ വേല ഉത്സാഹപൂർവം ചെയ്തുകൊണ്ടാണിരുന്നിട്ടുളളത്. എല്ലാ ജനതകളിൽനിന്നുമുളള വ്യക്തികൾ വിലമതിപ്പോടെ ശ്രദ്ധിച്ചിരിക്കുന്നു. പറുദീസാഭൂമിയിലെ നിത്യജീവൻ ആസ്വദിച്ചുകൊണ്ട് രാജ്യത്തിന്റെ പ്രജകളായിരിക്കുന്നതിനുളള ദിവ്യനിബന്ധനകളെക്കുറിച്ച് അവർ അന്വേഷിച്ചിരിക്കുന്നു. ബൈബിളിൽനിന്ന് നൽകപ്പെടുന്ന ഉത്തരങ്ങളിൽ തൃപ്തരായദ അവർ ആ നിബന്ധനകളോട് യോജിപ്പിൽ പ്രവർത്തിക്കുകയും യഹോവയുടെ മശിഹൈക രാജ്യത്തിന്റെ പക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങൾ അങ്ങനെ ചെയ്തിട്ടുണ്ടോ?
‘അവർ കേൾക്കും എന്നാൽ ചെയ്യുകയില്ല’
7. യെഹെസ്ക്കേൽ 33:30-33-ൽ ബൈബിൾ ദൂതിനോടുളള എന്തു പ്രതികരണമാണ് മുൻകൂട്ടിപ്പറയപ്പെട്ടത്?
7 യഹോവയുടെ സാക്ഷികളുടെ ഉത്സാഹപൂർവകമായ പ്രവർത്തനം നിമിത്തം അവർ മിക്കപ്പോഴും ആളുകൾക്കിടയിൽ ഒരു സംസാര വിഷയമാണ്. എന്നാൽ യഹോവയുടെ സാക്ഷികൾ ഘോഷിക്കുന്ന ദൂതിനെപ്പററി അവർ എന്തു വിചാരിക്കുന്നു? അനേകരുടെയും പ്രതികരണം യെഹെസ്ക്കേൽ പ്രവാചകനോടൊപ്പം ബാബിലോനിൽ പ്രവാസത്തിലായിരുന്നവരുടേതുപേലെയാണ്. അവരെപ്പററി യഹോവ പറഞ്ഞു: “നിന്നെ സംബന്ധിച്ചാണെങ്കിൽ മനുഷ്യപുത്രാ, നിന്റെ ജനത്തിന്റെ പുത്രൻമാർ ഇപ്രകാരം പറഞ്ഞുകൊണ്ട് തമ്മിൽ തമ്മിൽ സംസാരിക്കുന്നു . . . ‘ദയവായി വരുവിൻ, വന്നു യഹോവയിൽനിന്നുണ്ടായ അരുളപ്പാട് കേൾപ്പിൻ.’ എന്റെ ജനത്തിന്റെ വരവുപോലെ അവർ നിന്റെ അടുക്കൽ വന്ന് എന്റെ ജനത്തെപ്പോലെ നിന്റെ മുമ്പാകെ ഇരിക്കും; അവർ നിശ്ചയമായും നിന്റെ വാക്കുകൾ കേൾക്കും എന്നാൽ അവർ അവ ചെയ്യുകയില്ല, എന്തുകൊണ്ടെന്നാൽ അവരുടെ വായ് കൊണ്ട് അവർ അവരുടെ ദുരാഗ്രഹങ്ങൾ സംസാരിക്കുന്നു, അവരുടെ ഹൃദയം ദുരാദായത്തിന്റെ പിന്നാലെ പോകുന്നു. എന്നാൽ നോക്കു! നീ അവർക്ക് മധുരസ്വരവും വാദ്യനൈപുണ്യവുമുളള ഒരുത്തന്റെ പ്രേമഗീതംപോലെ ഇരിക്കുന്നു. അവർ തീർച്ചയായും നിന്റെ വചനം കേൾക്കും എന്നാൽ അവരിൽ ആരും അതു ചെയ്യുന്നില്ല. എന്നാൽ അതു സംഭവിക്കുമ്പോൾ—നോക്കു! അതു സംഭവിക്കുകതന്നെ ചെയ്യും—അവരുടെയിടയിൽ ഒരു പ്രവാചകനുണ്ടായിരുന്നുവെന്ന് അവർ അറിയേണ്ടിവരും.”—യെഹെസ്ക്കേൽ 33:30-33.
8. ചില വ്യക്തികൾ ആ മനോഭാവം ഉണ്ടായിരിക്കുന്നതിന്റെ തെളിവ് നൽകുന്നതെങ്ങനെ?
8 യഹോവയുടെ സാക്ഷികളെ ആദരിക്കുകയും അവരുടെ ബൈബിൾ സാഹിത്യം ഇഷ്ടപ്പെടുകയും ചെയ്യുന്ന ധാരാളം ആളുകളുണ്ട്. അവർ ഒരു സൗജന്യ ബൈബിളദ്ധ്യയനത്തിനുളള നിർദ്ദേശം സ്വീകരിക്കുകപോലും ചെയ്തേക്കാം. ചിലർ സുഹൃത്തുക്കളോടൊപ്പം സാക്ഷികളുടെ ചില പ്രത്യേക മീററിംഗുകൾക്ക് ഹാജരാകുന്നു. ഉദാഹരണത്തിന് യേശുക്രിസ്തുവിന്റെ മരണത്തിന്റെ വാർഷിക സസ്മാരകത്തിന് ഹാജരാകുന്നവരുടെ എണ്ണം സജീവ സാക്ഷികളുടെ എണ്ണത്തിന്റെ ഇരട്ടിയിൽ കവിയുന്നത് അസാധാരണമല്ല. ചില രാജ്യങ്ങളിൽ ഹാജർ സാക്ഷികളുടെ എണ്ണത്തിന്റെ അഞ്ചു മടങ്ങുവരെയാണ്. എന്നാൽ അവർ കേൾക്കുന്ന ബൈബിൾ സത്യങ്ങളെക്കുറിച്ച് അവർ എന്താണ് ചെയ്യാൻപോകുന്നത്? മുപ്പത്തിയേഴ് ലക്ഷത്തിലധികം ആളുകൾ വ്യക്തിപരമായി ഈ സത്യങ്ങൾ ഉൾക്കൊളളുകയും തങ്ങളുടെ ജീവിതത്തെ അവയോട് പൊരുത്തത്തിൽ കൊണ്ടുവരികയും ചെയ്തിരിക്കുന്നു. എന്നാൽ മററുളളവർ ഇതെല്ലാം തങ്ങളെ വിനോദിപ്പിക്കുന്ന സുഖദായകമായ സംഗീതമായി മാത്രം കരുതുന്നു. അവർ ഒരുപക്ഷേ പ്രോത്സാഹനവാക്കുകൾ പറഞ്ഞുകൊണ്ട്, എന്നാൽ തങ്ങളുടെ ജീവിതത്തെ ദൈവത്തിന് സമർപ്പിക്കുകയോ അവന്റെ വിശുദ്ധസേവനത്തിൽ പങ്കെടുക്കുകയോ ചെയ്യാതെ ഒഴിഞ്ഞുമാറി നിൽക്കുന്നു.
9. സംശയിക്കുകയും കാത്തിരിക്കുകയും ചെയ്യുന്നതിനു പകരം ജ്ഞാനികൾ എന്തു ചെയ്യും?
9 സംശയിക്കുന്നതിനാലും കാത്തിരിക്കുന്നതിനാലും എന്തു നേട്ടമാണുണ്ടാവുക? തീർച്ചയായും വരാനിരിക്കുന്ന പ്രതികാരദിവസത്തിൽ യഹോവയിൽനിന്നുളള ആനുകൂല്യവും സംരക്ഷണവും ലഭിക്കുകയില്ല. അതിജീവകരോടുകൂടെയായിരിക്കുന്നതിന് നിങ്ങൾ ‘യഹോവയുടെ പക്ഷം ചേർന്നിരിക്കുന്നുവെന്നും’ നിങ്ങൾ അവനുളളവനാണെന്നും ഉളളതിന് ബോദ്ധ്യം വരുത്തുന്ന തെളിവ് ഇപ്പോൾ നൽകണം.—സെഖര്യാവ് 2:11; മത്തായി 7:21.
അവർ ശരിയായ തീരുമാനം ചെയ്തു
10, 11. (എ) ഹോബാബ് ആരായിരുന്നു, അവന് എന്തു ക്ഷണം നീട്ടിക്കൊടുക്കപ്പെട്ടു? (ബി) അയാൾ എന്തു തീരുമാനമെടുത്തു എന്ന് നമുക്കെങ്ങനെ അറിയാം?
10 യേശുക്രിസ്തുവിന്റെ അനുഗാമികളെന്ന നിലയിൽ യഹോവയുടെ ആരാധകരായിത്തീർന്നിട്ടുളള എല്ലാവരും അങ്ങനെ ചെയ്യാൻ വ്യക്തിപരമായി തീരുമാനം ചെയ്തിട്ടുളളവരാണ്. സ്വർഗ്ഗീയരാജ്യാവകാശികളായിരിക്കുന്ന എല്ലാവരെയും സംബന്ധിച്ച് ഇതു സത്യമാണ്. ഇപ്പോൾ മഹോപദ്രവത്തെ അതിജീവിക്കുന്നതിനും പൂർണ്ണതയിൽ ഭൂമിയിൽ ജീവിക്കുന്നതിനുമുളള പ്രതീക്ഷയോടെ തങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തുന്നതിനുളള വിലപ്പെട്ട അവസരം മററുളളവരുടെ മുമ്പിൽ തുറന്നിരിക്കുകയാണ്. ഹോബാബ് അവർക്ക് അനുകരിക്കാൻകൊളളാവുന്ന ഒരു ദൃഷ്ടാന്തം വച്ചു.
11 ഹോബാബ് മോശയുടെ സ്യാലനായിരുന്നു. അവൻ ഒരു യിസ്രായേല്യനായിരുന്നില്ല, മറിച്ച് മിദ്യാന്യ പ്രദേശത്തു വസിച്ചിരുന്ന കേന്യഗോത്രത്തിലെ ഒരംഗമായിരുന്നു. മോശ മുഖാന്തരം യിസ്രായേല്യർക്ക് ന്യായപ്രമാണം ലഭിക്കുകയും യഹോവയുടെ ആരാധനക്കായി അവർ വിശുദ്ധ കൂടാരം നിർമ്മിക്കുകയും ചെയ്തശേഷം വടക്ക് വാഗ്ദത്തനാട്ടിലേക്ക് നീങ്ങാനുളള സമയം വന്നു. അവർ പോകേണ്ട വഴിയും പാളയമടിക്കേണ്ട സ്ഥാനവും സൂചിപ്പിച്ചുകൊണ്ട് യഹോവയുടെ സാന്നിദ്ധ്യത്തെ പ്രതിനിധാനം ചെയ്ത മേഘസ്തംഭം അവർക്ക് മുമ്പാകെ പോകേണ്ടിയിരുന്നു. എന്നാൽ ആ സ്ഥലം നിശ്ചയമുളള, പാളയത്തിന് ആവശ്യമായ സാധനങ്ങൾ എവിടെ കണ്ടെത്താമെന്ന് അറിയാവുന്ന, ആരെങ്കിലും കൂടെ ഉണ്ടായിരിക്കുന്നത് സഹായകമായിരിക്കുമായിരുന്നു. തങ്ങളോടൊപ്പം പോരാൻ മോശ ഹോബാബിനെ ക്ഷണിച്ചു, എന്നാൽ തന്റെ ബന്ധുക്കളോടൊപ്പം സ്വന്ത ജൻമസ്ഥലത്തു കഴിയുന്നതാണ് നല്ലതെന്ന് വിചാരിച്ച് ആദ്യം അയാൾ ആ ക്ഷണം നിരസിച്ചു. എന്നാൽ തന്റെ നിലപാട് പുന:പരിശോധിക്കുന്നതിനും യിസ്രായേലിന് “കണ്ണായി സേവിക്കേണ്ടതിന്” തങ്ങളോടൊപ്പം പോരുന്നതിനും അങ്ങനെ യഹോവ ജനത്തിനു നൽകുന്ന അനുഗ്രഹത്തിൽ പങ്കുപററാനുളള നിരയിലായിരിക്കുന്നതിനും മോശ അയാളെ പ്രേരിപ്പിച്ചു. ന്യായാധിപൻമാർ 1:16-ൽ സൂചിപ്പിച്ചിരിക്കുന്നപ്രകാരം ജ്ഞാനപൂർവം ഹോബാബ് അങ്ങനെ ചെയ്തു.—സംഖ്യാപുസ്തകം 10:29-32.
12. (എ) ഇന്ന് ആരാണ് ഹോബാബിനെപ്പോലെയായിരിക്കുന്നത്, ഏതു വിധങ്ങളിൽ? (ബി) ഇന്ന് ഏതു ക്ഷണമാണ് മോശ ഹോബാബിന് കൊടുത്ത ക്ഷണം പോലെയായിരിക്കുന്നത്?
12 ഹോബാബിനാൽ ചിത്രീകരിക്കപ്പെട്ടതരം ആളുകൾ ഇന്ന് ഭൂമിയിലുണ്ട്. ആത്മീയ യിസ്രായേല്യരല്ലെങ്കിലും ദൈവത്തിന്റെ നൂതനക്രമത്തിലേക്ക് യാത്രചെയ്യുന്ന ആത്മീയ യിസ്രായേല്യരോടൊപ്പം അവരും പോകുന്നു. അതു ചെയ്യുന്നതിന് അവർ ലോകക്കാരായ ബന്ധുക്കളുമായും മാനുഷഗവൺമെൻറുകളുമായും ഉളള ബന്ധം ഛേദിക്കേണ്ടതുണ്ട്. വലിപ്പമേറിയ മോശയായ യേശുക്രിസ്തുവിന്റെ നേതൃത്വത്തിൻകീഴിൽ, മിക്കപ്പോഴും സുവാർത്ത പ്രസംഗിക്കുന്നതിന് പുതിയ പ്രദേശങ്ങൾ തെരഞ്ഞുപിടിച്ചുകൊണ്ട് അവർ സന്തോഷപൂർവം ക്രിസ്തുവിന്റെ “സഹോദരൻമാരിൽ” ശേഷിപ്പുളളവരോടൊപ്പം സേവിച്ചിരിക്കുന്നു. അവരിൽ അനേകർ മനുഷ്യവർഗ്ഗത്തിന്റെ ഏക യഥാർത്ഥ പ്രത്യാശയെന്ന നിലയിൽ ദൈവരാജ്യത്തെ പ്രസിദ്ധമാക്കാൻ, മിക്കപ്പോഴും പയനിയർമാരോ മിഷനറിമാരോ എന്ന നിലയിൽ തങ്ങളുടെ സമയം മുഴുവൻ വിനിയോഗിക്കാൻ രാജ്യപ്രഘോഷകരുടെ ആവശ്യം വിശേഷാൽ കൂടുതലുളള പ്രദേശങ്ങളിലേക്ക് മാറിപ്പാർത്തിരിക്കുന്നു. അത്തരം വിശുദ്ധസേവനത്തിൽ പങ്കെടുക്കുന്നതിനുളള ധാരാളം അവസരങ്ങൾ ഇപ്പോഴുമുണ്ട്. തങ്ങളെത്തന്നെ ലഭ്യമാക്കുന്നതിനും അങ്ങനെ അത്തരം വിപുലമായ സേവനത്തോടൊത്തുപോകുന്ന അനുഗ്രഹങ്ങളിൽ പങ്കുകാരാകുന്നതിനും യോഗ്യതയുളള ആളുകൾ ക്ഷണിക്കപ്പെടുന്നു. നിങ്ങൾക്ക് അതിനു കഴിയുമോ?
13. (എ) യായേൽ ആരായിരുന്നു, യഹോവയുടെ ദാസൻമാരെ സംബന്ധിച്ച അവളുടെ ഭർത്താവിന്റെ നിലപാടെന്തായിരുന്നു? (ബി) യായേലിന് ഒരു പരിശോധനയെ നേരിടേണ്ടിവന്നതെങ്ങനെ?
13 ഹോബാബ് യിസ്രായേല്യരോടൊപ്പം പോകാൻ തീരുമാനിച്ച് ഏതാണ്ട് 180 വർഷങ്ങൾക്കുശേഷം അയാളുടെ അനന്തരഗാമികളിലൊരാൾ, ഹേബെർ എന്നു പേരുളള ഒരു മനുഷ്യൻ തന്റെ ഭാര്യ യായേലിനോടൊപ്പം മെഗിദ്ദോയിൽനിന്ന് അത്ര ദൂരത്തിലല്ലാതെ വസിച്ചിരുന്നു. ഹേബെർ ശേഷം കേന്യരിൽനിന്ന് തന്നെത്തന്നെ വേർപെടുത്തുകയും യിസ്രായേലിനെ കഠിനമായി ഞെരുക്കിയ കനാന്യരാജാവായ യാബീനുമായി സമാധാന ബന്ധങ്ങളിലേക്ക് വരികയും ചെയ്തിരുന്നു. യിസ്രായേലിന്റെ വിമോചകനായി യഹോവ ബാരാക്കിനെ എഴുന്നേൽപ്പിച്ചപ്പോൾ യാബീന്റെ സൈന്യാധിപനായ സീസെര രഥചക്രങ്ങളിൽ അരിവാൾ ഘടിപ്പിച്ച തൊളളായിരം യുദ്ധരഥങ്ങളോടുകൂടിയ ഒരു സൈന്യത്തെ ശേഖരിച്ചു. എന്നാൽ ശത്രുപാളയത്തിൽ കുഴഞ്ഞ അവസ്ഥ വരുത്തിക്കൊണ്ടും പെട്ടെന്നുണ്ടായ ഒരു വെളളപ്പൊക്കം നിമിത്തം രഥങ്ങൾ ചെളിയിൽ താണുപോകാനിടയാക്കിക്കൊണ്ടും യഹോവ തന്റെ ജനത്തിനുവേണ്ടി യുദ്ധം ചെയ്തു. സീസെര തന്നെയും തന്റെ രഥം ഉപേക്ഷിച്ച് ഹേബെരിന്റെ ഭാര്യയായ യായേലിന്റെ കൂടാരത്തിലേക്ക് ഓടിപ്പോയി. സീസെര പ്രതീക്ഷിച്ചതുപോലെ അവൾ അയാളെ കൂടാരത്തിനുളളിലേക്ക് ക്ഷണിച്ചു.—ന്യായാധിപൻമാർ 4:4-17; 5:20, 21.
14. യായേൽ എന്തു തീരുമാനം എടുത്തു, അത് എന്തിന്റെ തെളിവ് നൽകി?
14 അതൊരു പരിശോധനയായിരുന്നു. യഹോവയുടെ ജനത്തിന്റെ ഈ ശത്രുവിനോട് അവൾ എന്തു ചെയ്യും? അവൾ സീസെരയെ ഒരു പുതപ്പുകൊണ്ട് മൂടി, തൈര് കൊടുത്ത് അവന്റെ ദാഹം ശമിപ്പിച്ചു, എന്നിട്ട് അയാൾ ഉറക്കമാകുന്നതുവരെ കാത്തിരുന്നു. അതിങ്കൽ അവൾ “കൂടാരത്തിന്റെ ഒരു കുററിയും ഒരു ചുററികയും കൈയ്യിലെടുത്തു. പിന്നീട് അയാൾ തളർന്ന് ഉറങ്ങിക്കിടക്കുമ്പോൾ അവൾ നിശബ്ദയായി അയാളെ സമീപിച്ച് അയാളുടെ ചെന്നിയിലൂടെ കുററി അടിച്ചുകയററി തറയിൽ തറച്ചു. അങ്ങനെ അയാൾ മരിച്ചു.” അതു ചെയ്യാൻ അവൾക്ക് ധൈര്യവും യഹോവയോടും അവന്റെ ജനത്തോടുമുളള സ്നേഹവും ആവശ്യമായിരുന്നു. അതിൽ അവളുടെ ഭാഗത്ത് ക്രിയാത്മകമായ പ്രവർത്തനവും കഠിന ശ്രമവും ആവശ്യമായിരുന്നു.—ന്യായാധിപൻമാർ 4:18-22; 5:24-27, 31.
15. ഇന്ന് ആളുകളെങ്ങനെയാണ് തങ്ങൾ യായേലിനെപ്പോലെയാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നത്?
15 യഹോവയുടെ മററ് യിസ്രായേല്യേതര ആരാധകരുടെ കാര്യത്തിൽ സത്യമായിരിക്കുന്നതുപോലെ യായേൽ ക്രിസ്തുവിന്റെ ആത്മീയ സഹോദരൻമാർക്ക് നൻമ ചെയ്യുന്ന “വേറെ ആടുകളെ” ചിത്രീകരിക്കുന്നു. തങ്ങളുടെ അടുത്ത ബന്ധുക്കൾക്ക് ലോകത്തോടും അതിലെ ഭരണവർഗ്ഗത്തോടും എന്തു ബന്ധമുണ്ടായിരുന്നാലും ലോക ഭരണാധിപൻമാർ ദൈവത്തിന്റെ ജനത്തെ ഞെരുക്കുന്നത് “വേറെ ആടുകൾ” അംഗീകരിക്കുന്നില്ല. അവരുടെ വിശ്വസ്തത വലിപ്പമേറിയ ബാരാക്കായിരിക്കുന്ന കർത്താവായ യേശുക്രിസ്തുവിനോടും അവന്റെ യഥാർത്ഥ അനുഗാമികളോടുമാണ്. യായേൽ വർഗ്ഗത്തിൽപെട്ട ഇവർ വ്യക്തിപരമായി ലോക ഭരണാധിപൻമാർക്കെതിരെ കൈ ഉയർത്തുന്നില്ല, എന്നാൽ യഹോവയുടെ ദാസൻമാരെ ഞെരുക്കാനുളള ശ്രമങ്ങളെ പരാജയപ്പെടുത്താൻ അവർ തങ്ങൾക്ക് ലഭ്യമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിക്കുന്നു. തന്റെ എല്ലാ ശത്രുക്കളെയും നശിപ്പിക്കാനുളള യഹോവയുടെ ഉദ്ദേശ്യത്തോട് തങ്ങൾ പൂർണ്ണയോജിപ്പിലാണ് എന്ന് വ്യക്തമാക്കുന്നതിൽനിന്ന് അവർ പിൻമാറിനിൽക്കുന്നില്ല.
16, 17. (എ) പ്രവൃത്തികൾ 8-ാം അദ്ധ്യായത്തിൽ നമുക്ക് അനുകരിക്കാൻ കൊളളാവുന്ന എന്തു ദൃഷ്ടാന്തമാണ് രേഖപ്പെടുത്തിയിരിക്കുന്നത്? (ബി) അതിനുശേഷം നാം എന്തു ചെയ്യുന്നതിൽ തുടരണം?
16 നഷ്ടപ്പെടുത്താൻ സമയമില്ല. നിങ്ങൾക്ക് യഹോവയിലും അവന്റെ മശിഹൈക രാജ്യത്തിലും യഥാർത്ഥ വിശ്വാസമുണ്ടെങ്കിൽ, നിങ്ങൾ നിങ്ങളുടെ ജീവിതത്തെ ബൈബിൾ നിബന്ധനകളോട് യോജിപ്പിൽ കൊണ്ടുവന്നിട്ടുണ്ടെങ്കിൽ, ഒട്ടും വൈകാതെ അതു തുറന്നു പ്രകടമാക്കുക. പ്രവൃത്തികൾ എട്ടാം അദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്ന എത്യോപ്യൻ ഷണ്ഡന്റെ മനോഭാവം പ്രതിഫലിപ്പിക്കുക. തന്നിൽ നിന്ന് എന്താണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് മനസ്സിലാക്കിയ ഉടനെ യേശുവിനെ സംബന്ധിച്ച സുവാർത്ത തനിക്ക് വിശദീകരിച്ചുതന്ന ഫീലിപ്പോസിനോട് അയാൾ ചോദിച്ചു: “ഞാൻ സ്നാനപ്പെടുന്നതിൽനിന്ന് എന്നെ തടയുന്നതെന്ത്?” അയാൾ ഉടനെ തന്നെ വെളളത്തിൽ നിമജ്ജനം ചെയ്യപ്പെട്ടു.
17 അങ്ങനെ ഒരു നല്ല തുടക്കമിട്ടശേഷം ദിനംപ്രതി യഹോവയുമായുളള നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുക, അവന്റെ വചനം നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ പൂർണ്ണമായ രീതിയിൽ ബാധകമാക്കാനുളള വഴികൾ അന്വേഷിക്കുക, കൂടാതെ ഈ വ്യവസ്ഥിതിയുടെ അന്ത്യനാളുകളിൽ നടക്കുന്ന രാജ്യപ്രഘോഷണമെന്ന ജീവൽപ്രധാനമായ വേലയിൽ കഴിയുന്നത്ര പൂർണ്ണമായ ഒരു പങ്കുണ്ടായിരിക്കുക.