അധ്യായം 2
നിത്യജീവന്റെ ഒരു ശത്രു
1. മിക്കപ്പോഴും സന്തുഷ്ടിയും സമാധാനവും ആസ്വദിക്കാൻ ലഭിക്കാത്തതിനാൽ എന്തു ചോദ്യങ്ങൾ ഉദിക്കുന്നു?
1 ഭൂമിയിലെ സന്തുഷ്ടി—മിക്കവാറും എല്ലാവരും അതാഗ്രഹിക്കുന്നു. അങ്ങനെയെങ്കിൽ, വളരെയധികം പേർ അസന്തുഷ്ടരായിരിക്കുന്നതെന്തുകൊണ്ട്? എന്താണു കുഴപ്പം? മിക്കവാറും എല്ലാവരുംതന്നെ സമാധാനം ആഗ്രഹിക്കുന്നുവെന്നിരിക്കെ, രാഷ്ട്രങ്ങൾ യുദ്ധം ചെയ്യുന്നതും ആളുകൾ അന്യോന്യം വെറുക്കുന്നതും എന്തുകൊണ്ട്? ഈ ദുഷ്കാര്യങ്ങൾ ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്ന ഏതെങ്കിലും ശക്തിയുണ്ടോ? ഒരു പൊതു അദൃശ്യശക്തി രാഷ്ട്രങ്ങളെ നിയന്ത്രിക്കുന്നുണ്ടായിരിക്കുമോ?
2. ചരിത്രത്തിലെ ഏതു കുററകൃത്യങ്ങൾ, ഒരു അദൃശ്യ ദുഷ്ടശക്തി മനുഷ്യരെ നിയന്ത്രിക്കുന്നുണ്ടായിരിക്കുമോയെന്ന് അനേകർ സംശയിക്കാനിടയാക്കിയിരിക്കുന്നു?
2 അനേകർ മനുഷ്യവർഗത്തിന്റെ ഭയങ്കര ക്രൂരതയെക്കുറിച്ചു പരിചിന്തിച്ചിട്ടുളളപ്പോൾ അവർ സംഗതി അങ്ങനെയല്ലേ എന്നു ശങ്കിച്ചിട്ടുണ്ട്—യുദ്ധത്തിൽ ശത്രുക്കളെ ശ്വാസംമുട്ടിച്ചും കരിച്ചും കൊല്ലാൻ ഭയാവഹങ്ങളായ വാതകങ്ങളും നാപാം ബോംബുകളും അണുബോംബുകളും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, അഗ്നിക്ഷേപണായുധങ്ങളെയും തടങ്കൽ പാളയങ്ങളെയും അടുത്തകാലത്തു കംബോഡിയായിൽ നടന്നതുപോലെയുളള നിസ്സഹായരായ ദശലക്ഷങ്ങളുടെ കൂട്ടക്കൊലയെയും കുറിച്ചു ചിന്തിക്കുക. ഈ ഹീനകാര്യങ്ങളെല്ലാം കേവലം യാദൃച്ഛികമായി സംഭവിച്ചതാണെന്നു നിങ്ങൾ വിചാരിക്കുന്നുവോ? മനുഷ്യനുതന്നെ ഭയങ്കരകാര്യങ്ങൾ ചെയ്യാൻ പ്രാപ്തിയുണ്ടായിരിക്കെ, അവന്റെ പ്രവൃത്തികളിലെ കടുത്ത ദുഷ്ടതയെക്കുറിച്ചു പരിചിന്തിക്കുമ്പോൾ അവനെ ഒരു അദൃശ്യദുഷ്ടശക്തി സ്വാധീനിച്ചുകളഞ്ഞിരിക്കുകയാണെന്നു തോന്നുന്നില്ലേ?
3. ലോകത്തിന്റെ ഭരണാധിപത്യത്തെക്കുറിച്ചു ബൈബിൾ എന്തു പറയുന്നു?
3 ഈ സംഗതി സംബന്ധിച്ച് ഊഹിക്കേണ്ട ആവശ്യമില്ല. ബുദ്ധിശക്തിയുളള ഒരു അദൃശ്യവ്യക്തി മനുഷ്യരെയും രാഷ്ട്രങ്ങളെയും നിയന്ത്രിച്ചുവരുന്നുവെന്നു ബൈബിൾ വ്യക്തമായി പ്രകടമാക്കുന്നു. ബൈബിളിൽ യേശുക്രിസ്തു ഈ ശക്തനെ “ഈ ലോകത്തിന്റെ ഭരണാധിപൻ” എന്നാണു വിളിക്കുന്നത്. (യോഹന്നാൻ 12:31; 14:30; 16:11) അവൻ ആരാണ്?
4. പിശാച് യേശുവിനെ എന്തു കാണിച്ചുകൊടുത്തു, അവൻ യേശുവിന് എന്തു വാഗ്ദാനം ചെയ്തു?
4 അവൻ ആരാണെന്നു കണ്ടുപിടിക്കുന്നതിനു യേശുവിന്റെ ഭൂമിയിലെ ശുശ്രൂഷയുടെ ആരംഭത്തിൽ എന്തു സംഭവിച്ചുവെന്നു ചിന്തിക്കുന്നതു സഹായകമാണ്. യേശു സ്നാനമേററശേഷം വിജനസ്ഥലത്തേക്കു പോയെന്നു ബൈബിൾ പറയുന്നു. അവിടെ അവൻ പിശാചായ സാത്താൻ എന്നു വിളിക്കപ്പെടുന്ന ഒരു അദൃശ്യജീവിയാൽ പരീക്ഷിക്കപ്പെട്ടു. ആ പരീക്ഷയുടെ ഒരു ഭാഗം ഇങ്ങനെ വർണിക്കപ്പെട്ടിരിക്കുന്നു: “വീണ്ടും, പിശാച് അവനെ സാധാരണയിൽ കവിഞ്ഞ ഉയരമുളള ഒരു പർവതത്തിലേക്കു കൊണ്ടുപോകുകയും ലോകത്തിലെ സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും അവനു കാണിച്ചുകൊടുക്കുകയും ചെയ്തു; അവൻ അവനോട്: ‘നീ കുമ്പിട്ട് എന്റെ മുമ്പാകെ ഒരു ആരാധനാക്രിയ ചെയ്താൽ ഇവയെല്ലാം ഞാൻ നിനക്കു തരാം’ എന്നു പറഞ്ഞു.”—മത്തായി 4:8, 9.
5. (എ) എല്ലാ ലോകഗവൺമെൻറുകളും പിശാചിന്റെ വകയാണെന്നു പ്രകടമാക്കുന്നതെന്ത്? (ബി) ബൈബിളനുസരിച്ച് “ഈ വ്യവസ്ഥിതിയുടെ ദൈവം” ആരാണ്?
5 പിശാച് യേശുക്രിസ്തുവിനു വാഗ്ദാനം ചെയ്തതെന്തെന്നു ചിന്തിക്കുക. അത് “ലോകത്തിലെ സകല രാജ്യങ്ങളും” ആയിരുന്നു. ഈ ലോകഗവൺമെൻറുകളെല്ലാം യഥാർഥത്തിൽ പിശാചിന്റേതായിരുന്നോ? അതെ, അല്ലായിരുന്നെങ്കിൽ അവന് അവയെല്ലാം യേശുവിന് എങ്ങനെ വാഗ്ദാനം ചെയ്യാൻ കഴിയുമായിരുന്നു? അവയെല്ലാം സാത്താന്റേതായിരുന്നുവെന്നതിനെ യേശു നിഷേധിച്ചില്ല. അവ സാത്താന്റേതല്ലായിരുന്നുവെങ്കിൽ യേശു നിഷേധിക്കുകതന്നെ ചെയ്യുമായിരുന്നു. യഥാർഥത്തിൽ സാത്താൻ ലോകത്തിലെ സകല രാഷ്ട്രങ്ങളുടെയും അദൃശ്യഭരണാധികാരിയാണ്! “മുഴുലോകവും ദുഷ്ടനായവന്റെ അധികാരത്തിൽ സ്ഥിതിചെയ്യുന്നു” എന്നു ബൈബിൾ വ്യക്തമായി പറയുന്നു. (1 യോഹന്നാൻ 5:19) യഥാർഥത്തിൽ ദൈവവചനം സാത്താനെ “ഈ വ്യവസ്ഥിതിയുടെ ദൈവം” എന്നു വിളിക്കുന്നു.—2 കൊരിന്ത്യർ 4:4.
6. (എ) സാത്താന്റെ ഭരണാധിപത്യത്തെക്കുറിച്ചുളള ഈ വിവരം എന്തു മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു? (ബി) സാത്താൻ നമ്മോട് എന്തു ചെയ്യാൻ ആഗ്രഹിക്കും? അതുകൊണ്ടു നാം എന്തു ചെയ്യണം?
6 “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല” എന്നു യേശു പറഞ്ഞതെന്തുകൊണ്ടെന്നു മനസ്സിലാക്കാൻ ഈ വിവരം നമ്മെ സഹായിക്കുന്നു. (യോഹന്നാൻ 18:36) സമാധാനത്തിൽ ജീവിക്കണമെന്നുളളതാണു സുബുദ്ധിയുളള എല്ലാവരുടെയും ആഗ്രഹമെന്നിരിക്കെ, രാഷ്ട്രങ്ങൾ അന്യോന്യം വെറുക്കുന്നതും അന്യോന്യം നശിപ്പിക്കാൻ ശ്രമിക്കുന്നതും എന്തുകൊണ്ടെന്നു മനസ്സിലാക്കാനും അതു നമ്മെ സഹായിക്കുന്നു. അതെ, “സാത്താൻ. . . മുഴു നിവസിതഭൂമിയെയും വഴിതെററിച്ചുകൊണ്ടിരിക്കു”കയാണ്. (വെളിപ്പാട് 12:9) നമ്മെയും വഴിതെററിക്കാൻ അവൻ ആഗ്രഹിക്കും. നിത്യജീവനാകുന്ന ദൈവദാനം നമുക്കു കിട്ടാൻ അവൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു തിൻമചെയ്യാൻ അവൻ സ്വാധീനിച്ചുകളയാതിരിക്കാൻ നാം പോരാടേണ്ടതുണ്ട്. (എഫേസ്യർ 6:12) നമ്മെ വഴിതെററിക്കാനുളള സാത്താന്റെ ശ്രമങ്ങളെ ചെറുത്തുതോല്പിക്കുന്നതിനു നാം അവനെക്കുറിച്ചും അവന്റെ പ്രവർത്തനവിധത്തെക്കുറിച്ചും അറിയേണ്ട ആവശ്യമുണ്ട്.
പിശാച് ആര്?
7. നമുക്കു പിശാചിനെ കാണാൻ കഴിയാത്തതെന്തുകൊണ്ട്?
7 പിശാചായ സാത്താൻ ഒരു യഥാർഥ വ്യക്തിയാണ്. ചിലർ വിശ്വസിക്കുന്നതുപോലെ അവൻ കേവലം മനുഷ്യവർഗത്തിലെല്ലാമുളള തിൻമയല്ല. തീർച്ചയായും ദൈവത്തെ കാണാൻ പാടില്ലാത്തതിന്റെ അതേ കാരണത്താൽ പിശാചിനെയും മനുഷ്യർക്കു കാണാൻ പാടില്ല. ദൈവവും പിശാചും ആത്മവ്യക്തികളാണ്, മനുഷ്യരെക്കാൾ ഉയർന്ന ജീവരൂപങ്ങളാണ്, അവർ നമ്മുടെ കണ്ണുകൾക്ക് അദൃശ്യരുമാണ്.—യോഹന്നാൻ 4:24.
8. ദൈവം പിശാചിനെ സൃഷ്ടിച്ചുവെന്ന് അനേകർ വിശ്വസിക്കുന്നതെന്തുകൊണ്ട്?
8 ‘എന്നാൽ ദൈവം സ്നേഹമാണെങ്കിൽ അവൻ പിശാചിനെ ഉണ്ടാക്കിയതെന്തിന്?’ എന്നു ചിലർ ചോദിച്ചേക്കാം. (1 യോഹന്നാൻ 4:8) ദൈവം പിശാചിനെ സൃഷ്ടിച്ചില്ലെന്നുളളതാണു സത്യം. ‘സകലരെയും സൃഷ്ടിച്ചതു ദൈവമാണെങ്കിൽ അവൻ പിശാചിനെയും സൃഷ്ടിച്ചിരിക്കണം. വേറെ ആർ സൃഷ്ടിക്കാനാണ്? പിശാച് എവിടെനിന്നു വന്നു?’ എന്ന് ഒരു വ്യക്തി പറഞ്ഞേക്കാം.
9. (എ) ദൂതൻമാർ ഏതുതരം ആളുകളാണ്? (ബി) “പിശാച്” എന്നും “സാത്താൻ” എന്നുമുളള പദങ്ങളുടെ അർഥമെന്ത്?
9 ദൈവം തന്നോടു സമാനരായ അനേകമനേകം ആത്മവ്യക്തികളെ സൃഷ്ടിച്ചതായി ബൈബിൾ വിശദീകരിക്കുന്നുണ്ട്. ബൈബിളിൽ ഈ ആത്മാക്കളെ ദൈവദൂതൻമാർ എന്നാണു വിളിക്കുന്നത്. അവരെ ദൈവപുത്രൻമാരെന്നും വിളിക്കുന്നുണ്ട്. (ഇയ്യോബ് 38:7; സങ്കീർത്തനം 104:4; എബ്രായർ 1:7, 13, 14) ദൈവം അവരെയെല്ലാം പൂർണരായിട്ടാണു സൃഷ്ടിച്ചത്. അവരിൽ ഒരാൾപോലും ഒരു പിശാചോ സാത്താനോ ആയിരുന്നില്ല. “പിശാച്” എന്ന വാക്കിന്റെ അർഥം ദൂഷകൻ എന്നാണ്. “സാത്താൻ” എന്ന പദത്തിന്റെ അർഥം എതിരാളി എന്നാണ്.
10. (എ) ആരാണു പിശാചായ സാത്താനെ ഉണ്ടാക്കിയത്? (ബി) ഒരു നല്ല മനുഷ്യൻ തന്നേത്തന്നെ ഒരു കുററപ്പുളളിയാക്കിത്തീർക്കാവുന്നതെങ്ങനെ?
10 ഏതായാലും ദൈവത്തിന്റെ ഈ ആത്മപുത്രൻമാരിലൊരാൾ ഒരിക്കൽ തന്നേത്തന്നെ പിശാച്, അതായത് മറെറാരാളെക്കുറിച്ചു ദുഷിപറയുന്ന വിദ്വേഷം നിറഞ്ഞ ഒരു നുണയൻ, ആക്കിത്തീർത്തു. അവൻ തന്നേത്തന്നെ സാത്താനുമാക്കിത്തീർത്തു, അതായത് ദൈവത്തിന്റെ ഒരു എതിരാളിതന്നെ. അവൻ ആ വിധത്തിൽ ആയിരുന്നില്ല സൃഷ്ടിക്കപ്പെട്ടത്, എന്നാൽ പിന്നീട് അത്തരമൊരു വ്യക്തിയായിത്തീരുകയാണു ചെയ്തത്. ദൃഷ്ടാന്തമായി, ഒരു കളളൻ കളളനായി ജനിക്കുന്നില്ല. അയാൾ ഒരു നല്ല കുടുംബത്തിൽപ്പെട്ടവനായിരിക്കാം. സത്യസന്ധരായ മാതാപിതാക്കൻമാരും നിയമമനുസരിക്കുന്ന സഹോദരീസഹോദരൻമാരുമായിരിക്കാം അയാൾക്കുളളത്. എന്നാൽ പണംകൊടുത്തു വാങ്ങാൻ കഴിയുന്നതിനോടുളള സ്വന്തം മോഹമായിരിക്കാം അയാൾ ഒരു കളളനായിത്തീരാനിടയാക്കിയത്. ആ സ്ഥിതിയ്ക്ക് ദൈവത്തിന്റെ ആത്മപുത്രൻമാരിലൊരാൾ തന്നേത്തന്നെ പിശാചായ സാത്താനാക്കിത്തീർത്തതെങ്ങനെയാണ്?
11. (എ) ഒരു മത്സരിയായ ദൂതന് ദൈവത്തിന്റെ ഏത് ഉദ്ദേശ്യത്തെക്കുറിച്ച് അറിയാമായിരുന്നു? (ബി) ഈ ദൂതന് ഏത് ആഗ്രഹം ഉണ്ടായിരുന്നു? അത് എന്തു ചെയ്യുന്നതിലേയ്ക്ക് അവനെ നയിച്ചു?
11 ദൈവം ഭൂമിയെയും പിന്നീട് ആദ്യമനുഷ്യജോടിയായിരുന്ന ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ചപ്പോൾ പിശാചായിത്തീർന്ന ദൂതൻ ഹാജരുണ്ടായിരുന്നു. (ഇയ്യോബ് 38:4, 7) അതുകൊണ്ട് മക്കളെ ഉളവാക്കാൻ ദൈവം അവരോടു പറയുന്നത് അവൻ കേട്ടിരിക്കണം. (ഉല്പത്തി 1:27, 28) കുറേക്കാലം കഴിയുമ്പോൾ ദൈവത്തെ ആരാധിക്കുന്ന നീതിനിഷ്ഠരായ ആളുകളെക്കൊണ്ടു മുഴുഭൂമിയും നിറയുമെന്ന് അവൻ അറിഞ്ഞിരുന്നു. അതു ദൈവത്തിന്റെ ഉദ്ദേശ്യമായിരുന്നു. എന്നിരുന്നാലും, ഈ ദൂതൻ സ്വന്തം സൗന്ദര്യത്തെയും ബുദ്ധിയെയുംകുറിച്ചു വളരെയധിക ചിന്തിച്ച് അഹങ്കരിച്ചു. ദൈവത്തിനു കൊടുക്കപ്പെടുന്ന ആരാധന തനിക്കു കിട്ടണമെന്ന് അവൻ ആഗ്രഹിച്ചു. (യെഹെസ്കേൽ 28:13-15; മത്തായി 4:10) ഈ തെററായ ആഗ്രഹത്തെ മനസ്സിൽനിന്നു ദൂരീകരിക്കുന്നതിനുപകരം അവൻ അതിനെക്കുറിച്ചു ചിന്തിച്ചുകൊണ്ടേയിരുന്നു. ഇത് താൻ ആഗ്രഹിച്ച മാന്യതയും പ്രാധാന്യവും ലഭിക്കുന്നതിന് അവൻ നടപടി സ്വീകരിക്കുന്നതിലേക്കു നയിച്ചു. അവൻ എന്തു ചെയ്തു?—യാക്കോബ് 1:14, 15.
12. (എ) ഈ ദൂതൻ ഹവ്വായോട് എങ്ങനെ സംസാരിച്ചു, അവൻ അവളോട് എന്തു പറഞ്ഞു? (ബി) ഈ ദൂതൻ പിശാചായ സാത്താനായിത്തീർന്നതെങ്ങനെ? (സി) പിശാചിന്റെ ആകാരം സംബന്ധിച്ചുളള തെററായ ഒരു വീക്ഷണമെന്ത്?
12 മത്സരിയായ ആ ദൂതൻ ആദ്യസ്ത്രീയായ ഹവ്വായോടു സംസാരിക്കാൻ ഒരു താണ സർപ്പത്തെ ഉപയോഗിച്ചു. അടുത്തുളള ഒരു മൃഗമോ പാവയോ സംസാരിക്കുന്നതായി തോന്നിക്കാൻ ഒരു വിദഗ്ധനു കഴിയുന്നതുപോലെ അവൻ ഇതു ചെയ്തു. എന്നാൽ യഥാർഥത്തിൽ ബൈബിളിൽ “ആദ്യപാമ്പ്” എന്നു വിളിക്കപ്പെട്ടിരിക്കുന്ന ഈ മത്സരിയായ ദൂതനായിരുന്നു ഹവ്വായോടു സംസാരിച്ചത്. (വെളിപ്പാട് 12:9) ദൈവം അവളോടു സത്യമല്ല പറയുന്നതെന്നും അവൾക്കു ലഭിക്കേണ്ട അറിവ് അവളിൽനിന്നു പിൻവലിച്ചിരിക്കുകയാണെന്നും അവൻ പറഞ്ഞു. (ഉല്പത്തി 3:1-5) ഇതു വിദ്വേഷം നിറഞ്ഞ ഒരു ഭോഷ്ക് ആയിരുന്നു. അത് അവനെ ഒരു പിശാചാക്കി. അങ്ങനെ അവൻ ദൈവത്തിന്റെ ഒരു എതിരാളി അഥവാ സാത്താൻകൂടി ആയിത്തീർന്നു. നിങ്ങൾക്കു മനസ്സിലാക്കാൻ കഴിയുന്നപ്രകാരം, ഭൂമിക്കുളളിലെ ഏതോ ദണ്ഡനസ്ഥലത്തിന്റെ മേൽവിചാരകനായി പ്രവർത്തിക്കുന്ന കൊമ്പുകളും മുപ്പല്ലിയുമുളള ഒരു ജീവിയെന്ന നിലയിൽ പിശാചിനെക്കുറിച്ചു ചിന്തിക്കുന്നതു തെററാണ്. അവൻ യഥാർഥത്തിൽ വളരെ ശക്തനായ ഒരു ദൂതനാണ്, പക്ഷേ, ദുഷ്ടനുമാണ്.
ലോകകുഴപ്പങ്ങളുടെ ഉറവ്
13. (എ) ഹവ്വാ പിശാചിന്റെ ഭോഷ്കിനോട് എങ്ങനെ പ്രതിവർത്തിച്ചു? (ബി) പിശാച് എന്ത് അവകാശവാദങ്ങൾ ഉന്നയിച്ചു?
13 പിശാച് ഹവ്വായോടു പറഞ്ഞ വ്യാജം അവൻ ആസൂത്രണം ചെയ്തിരുന്നതുപോലെതന്നെ പ്രാവർത്തികമായി. അവൾ അതു വിശ്വസിക്കുകയും അങ്ങനെ ദൈവത്തോട് അനുസരണക്കേടു കാണിക്കുകയും ചെയ്തു. അവളുടെ ഭർത്താവിനെക്കൊണ്ടും ദൈവനിയമം ലംഘിപ്പിക്കാൻ അവൾക്കു കഴിഞ്ഞു. (ഉല്പത്തി 3:6) ദൈവത്തെ കൂടാതെ മനുഷ്യർക്കു കഴിഞ്ഞുകൂടാമെന്നായിരുന്നു പിശാചിന്റെ വാദം. ദൈവത്തിന്റെ സഹായം കൂടാതെ ആളുകൾക്കു തങ്ങളേത്തന്നെ വിജയകരമായി ഭരിക്കാൻ കഴിയുമെന്ന് അവൻ വാദിച്ചു. ആദാമിന്റെയും ഹവ്വായുടെയും സന്തതികളായിരിക്കുന്ന എല്ലാവരെയും തനിക്കു ദൈവത്തിൽനിന്ന് അകററാൻ കഴിയുമെന്നും പിശാച് വാദിച്ചു.
14. ദൈവം സാത്താനെ ഉടനെ നശിപ്പിക്കാഞ്ഞതെന്തുകൊണ്ട്?
14 തീർച്ചയായും ദൈവത്തിനു സാത്താനെ ഉടൻതന്നെ നശിപ്പിക്കാമായിരുന്നു. എന്നാൽ അതു സാത്താൻ ഉന്നയിച്ച പ്രശ്നങ്ങൾക്ക് ഉത്തരമായിരിക്കുകയില്ലായിരുന്നു. നിരീക്ഷിച്ചുകൊണ്ടിരുന്ന ദൂതൻമാരുടെ മനസ്സുകളിൽ ആ പ്രശ്നങ്ങൾ പിന്നെയും തങ്ങിനില്ക്കുമായിരുന്നു. അതുകൊണ്ട് തന്റെ അവകാശവാദങ്ങൾ തെളിയിക്കാൻ ശ്രമിക്കുന്നതിനു സാത്താനു ദൈവം സമയം അനുവദിച്ചു. ഫലങ്ങൾ എന്തായിരുന്നു?
15, 16. (എ) പിശാചിന്റെ അവകാശവാദങ്ങൾ സംബന്ധിച്ചു കാലം എന്തു തെളിയിച്ചിരിക്കുന്നു? (ബി) ഏതു സംഭവം സമീപിച്ചിരിക്കുന്നു?
15 കാലം കടന്നുപോയതോടെ ദൈവസഹായം കൂടാതെ മനുഷ്യർക്കു തങ്ങളേത്തന്നെ വിജയകരമായി ഭരിക്കാൻ കഴിയുകയില്ലെന്നു തെളിഞ്ഞിരിക്കുന്നു. അവരുടെ ശ്രമങ്ങൾ പരിപൂർണമായി പരാജയപ്പെട്ടിരിക്കുന്നു. മനുഷ്യരുടെ ഭരണകൂടങ്ങളിൻകീഴിൽ ആളുകൾ ഭയങ്കരമായി കഷ്ടപ്പെട്ടിരിക്കുന്നു. തിരുവെഴുത്തുകൾ തെളിയിക്കുന്നപ്രകാരം പിശാച് ആ ഭരണകൂടങ്ങളെ പിന്നിൽനിന്നു നിയന്ത്രിച്ചുകൊണ്ടാണിരിക്കുന്നത്. കൂടാതെ ദൈവത്തെ ആരാധിക്കുന്നതിൽനിന്നു സകലരെയും അകററാൻ സാത്താനു കഴിഞ്ഞിട്ടില്ലെന്ന്, ദൈവം സമയമനുവദിച്ചതിനാൽ വ്യക്തമായി തെളിഞ്ഞിരിക്കുകയാണ്. ദൈവത്തിന്റെ ഭരണാധിപത്യത്തോടു വിശ്വസ്തരായി നിലകൊണ്ടിട്ടുളള കുറേപ്പേർ എല്ലാ കാലത്തും ഉണ്ടായിരുന്നിട്ടുണ്ട്. ദൃഷ്ടാന്തമായി, ദൈവത്തെ സേവിക്കുന്നതിൽനിന്ന് ഇയ്യോബിനെ തടയാൻ സാത്താൻ ശ്രമിച്ചിട്ടു വിജയിച്ചില്ലെന്നു ബൈബിളിൽനിന്നു നിങ്ങൾക്കു വായിക്കാൻ കഴിയും.—ഇയ്യോബ് 1:6-12.
16 അങ്ങനെ പിശാചിന്റെ അവകാശവാദങ്ങൾ തെററാണെന്നു തെളിയിക്കപ്പെട്ടിരിക്കുന്നു. ദൈവത്തിനെതിരെ ഒരു ദുഷ്ടമത്സരം തുടങ്ങിയതിനാൽ അവൻ ഏററവും തീർച്ചയായും നാശമർഹിക്കുന്നു. സാത്താന്റെ ഭരണത്തിന് അറുതിവരുത്താനുളള ദൈവത്തിന്റെ സമയം ഇപ്പോൾ വന്നെത്തിയിരിക്കുന്നതിൽ നമുക്കു സന്തോഷിക്കാവുന്നതാണ്. അതിന്റെ ആദ്യ നടപടിയെ വർണിച്ചുകൊണ്ടു ബൈബിൾ സ്വർഗത്തിൽ നടക്കുന്ന ഒരു പ്രധാനപ്പെട്ട യുദ്ധത്തെക്കുറിച്ചു പറയുന്നു. തീർച്ചയായും ഭൂമിയിലെ ആളുകൾ അതു കാണുകയോ കേൾക്കുകയോ ചെയ്തില്ല. ചുവടെ ചേർക്കുന്ന ബൈബിൾ വിവരണം ശ്രദ്ധാപൂർവം വായിക്കുക:
17. (എ) ബൈബിൾ സ്വർഗത്തിലെ യുദ്ധത്തെ വർണിക്കുന്നതെങ്ങനെ? (ബി) സ്വർഗത്തിലുളളവർക്കും ഭൂമിയിലുളളവർക്കും അതിന്റെ ഫലങ്ങളെന്ത്?
17 “സ്വർഗത്തിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു: [പുനരുത്ഥാനം പ്രാപിച്ച യേശുക്രിസ്തുവായ] മീഖായേലും അവന്റെ ദൂതൻമാരും മഹാസർപ്പത്തോടു പടവെട്ടി, മഹാസർപ്പവും അതിന്റെ ദൂതൻമാരും പടവെട്ടിയെങ്കിലും അതു ജയിച്ചില്ല, മേലാൽ അവർക്കു സ്വർഗത്തിൽ ഒരു സ്ഥലം കാണപ്പെട്ടില്ല. അങ്ങനെ മുഴുനിവസിതഭൂമിയെയും വഴിതെററിക്കുന്ന പിശാചെന്നും സാത്താനെന്നും വിളിക്കപ്പെട്ട ആദ്യപാമ്പായ മഹാസർപ്പം താഴോട്ടു വലിച്ചെറിയപ്പെട്ടു, അവൻ ഭൂമിയിലേക്കു താഴോട്ടു വലിച്ചെറിയപ്പെട്ടു. അവനോടുകൂടെ അവന്റെ ദൂതൻമാരും താഴോട്ടു വലിച്ചെറിയപ്പെട്ടു. ‘ഈ കാരണത്താൽ സ്വർഗങ്ങളേ നിങ്ങളും അവയിൽ വസിക്കുന്നവരേ നിങ്ങളും സന്തോഷിപ്പിൻ! ഭൂമിക്കും സമുദ്രത്തിനും മഹാകഷ്ടം, എന്തുകൊണ്ടെന്നാൽ തനിക്ക് അല്പകാലഘട്ടമാണുളളതെന്ന് അറിഞ്ഞുകൊണ്ടു പിശാച് മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങി വന്നിരിക്കുന്നു.’”—വെളിപ്പാട് 12:7-9, 12.
18. (എ) സ്വർഗത്തിലെ ആ യുദ്ധം നടന്നതെപ്പോൾ? (ബി) സാത്താൻ താഴോട്ട് എറിയപ്പെട്ടശേഷം ഭൂമിയിൽ എന്തു സംഭവിച്ചുകൊണ്ടാണിരിക്കുന്നത്?
18 എപ്പോഴാണു സ്വർഗത്തിലെ ഈ യുദ്ധം നടന്നത്? തെളിവു പ്രകടമാക്കുന്നത് 1914-ൽ തുടങ്ങിയ ഒന്നാം ലോകമഹായുദ്ധകാലത്ത് അതു സംഭവിച്ചുവെന്നാണ്. വെളിപ്പാട് ചൂണ്ടിക്കാണിക്കുന്ന പ്രകാരം, ആ സമയത്തു സാത്താൻ സ്വർഗത്തിൽനിന്നു നീക്കം ചെയ്യപ്പെട്ടു. അതിന്റെ അർഥം നാം അന്നുമുതലുളള അവന്റെ “അല്പകാലഘട്ട”ത്തിലാണു ജീവിക്കുന്നതെന്നാണ്. അങ്ങനെ ഇതു സാത്താന്റെ ലോകത്തിന്റെ “അന്ത്യനാളുകളാണ്.” നിയമരാഹിത്യത്തിന്റെ വർധനവ്, ഭയം, യുദ്ധങ്ങൾ, ഭക്ഷ്യക്ഷാമങ്ങൾ, രോഗങ്ങൾ, നമുക്കനുഭവപ്പെടുന്ന മററു ദുരിതാവസ്ഥകൾ എന്നിവ ഈ വസ്തുതക്കു തെളിവാണ്.—മത്തായി 24:3-12; ലൂക്കോസ് 21:26; 2 തിമൊഥെയോസ് 3:1-5.
19. (എ) ഇപ്പോൾ സാത്താൻ എന്തു ചെയ്യാൻ കഠിനശ്രമം ചെയ്തുകൊണ്ടിരിക്കുകയാണ്? (ബി) നാം എന്തു ചെയ്യുന്നതു ബുദ്ധിപൂർവകമായിരിക്കും?
19 തന്റെ “അല്പകാലഘട്ടം” മിക്കവാറും തീരാറായിരിക്കുന്നുവെന്നു സാത്താന് അറിയാവുന്നതുകൊണ്ട്, ദൈവത്തെ സേവിക്കുന്നതിൽനിന്ന് ആളുകളെ തടയാൻ അവൻ പൂർവാധികം കഠിനമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കഴിയുന്നിടത്തോളം ആളുകളെ തന്നോടുകൂടെ നാശത്തിലേക്കു വീഴിക്കാൻ അവൻ ആഗ്രഹിക്കുന്നു. ആരെയെങ്കിലും ഭക്ഷിക്കുവാൻ തെരയുന്ന അലറുന്ന സിംഹമെന്ന നിലയിൽ ബൈബിൾ അവനെ വർണിക്കുന്നതു നല്ല കാരണത്തോടെയാണ്. (1 പത്രോസ് 5:8, 9) നാം അവനാൽ പിടികൂടപ്പെടാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അവൻ ആക്രമിക്കുന്ന വിധവും അവൻ ജനങ്ങളെ വഴിതെററിക്കുന്ന വിധങ്ങളും നാം മനസ്സിലാക്കേണ്ടയാവശ്യമുണ്ട്.—2 കൊരിന്ത്യർ 2:11.
സാത്താൻ ജനങ്ങളെ വഴിതെററിക്കുന്ന വിധം
20. (എ) സാത്താന്റെ ആക്രമണം എത്ര വിജയപ്രദമാണ്? (ബി) മിക്കപ്പോഴും അവന്റെ പദ്ധതികൾ നിരുപദ്രവകരങ്ങളും പ്രയോജനപ്രദങ്ങൾപോലും ആയി കാണപ്പെടുമെന്നു നമുക്കു പ്രതീക്ഷിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
20 തനിക്ക് അനുഗാമികളെ സമ്പാദിക്കുവാനുളള സാത്താന്റെ വിധങ്ങൾ എല്ലായ്പ്പോഴും നിഷ്പ്രയാസം മനസ്സിലാക്കാമെന്നു വിചാരിക്കരുത്. ആളുകളെ കബളിപ്പിക്കുന്നതിൽ അവൻ അതിവിദഗ്ധനാണ്. ആയിരക്കണക്കിനു വർഷങ്ങളിലെ അവന്റെ രീതികൾ യഥാർഥത്തിൽ വളരെ സമർഥമായിരുന്നതുകൊണ്ട് അവൻ സ്ഥിതിചെയ്യുന്നതായി അനേകർ ഇന്നു വിശ്വസിക്കുന്നുപോലുമില്ല. ദുഷ്ടതയും തിൻമയും എക്കാലത്തുമുണ്ടായിരിക്കുന്ന സാധാരണ അവസ്ഥകൾ മാത്രമാണ് എന്നാണ് അവരുടെ മതം. സാത്താൻ പ്രവർത്തിക്കുന്നത് അധികമായി ആധുനിക നാളിലെ അക്രമത്തലവൻമാരെപ്പോലെയാണ്. അവർ ബഹുമാന്യരായി ഭാവിക്കുകയും മറഞ്ഞുനിന്നു തികച്ചും ദുഷ്ടമായ കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നു. “സാത്താൻതന്നെ ഒരു വെളിച്ചദൂതനായി സ്വയം രൂപാന്തരപ്പെടുത്തിക്കൊണ്ടിരിക്കുന്നു”വെന്നു ബൈബിൾ വിശദീകരിക്കുന്നു. (2 കൊരിന്ത്യർ 11:14) അങ്ങനെ ആളുകളെ വഴിതെററിക്കാനുളള അവന്റെ പദ്ധതികൾ മിക്കപ്പോഴും നിരുപദ്രവകരങ്ങളും പ്രയോജനപ്രദങ്ങൾപോലുമായി കാണപ്പെടുമെന്നു നമുക്കു പ്രതീക്ഷിക്കാൻ കഴിയും.
21. സാത്താൻ ഉപയോഗിച്ചിരുന്ന ഒരു പദ്ധതി എന്ത്?
21 സാത്താൻ ഹവ്വായുടെ മുമ്പിൽ ഒരു സുഹൃത്തെന്നപോലെ നടിച്ചുവെന്ന് ഓർക്കുക. അനന്തരം തന്റെ സ്വന്തം നൻമയ്ക്കെന്ന് അവൾ വിചാരിച്ചതു ചെയ്യാൻതക്കവണ്ണം അവൻ അവളെ വഞ്ചിച്ചു. (ഉല്പത്തി 3:4-6) ഇന്നും അങ്ങനെതന്നെയാണ്. ദൃഷ്ടാന്തമായി, തങ്ങളുടെ ദൈവസേവനത്തിന് ഉപരിയായിപ്പോലും മാനുഷഗവൺമെൻറുകളുടെ താല്പര്യങ്ങളെ കരുതാൻ സാത്താൻ തന്റെ മാനുഷപ്രതിനിധികൾ മുഖേന ആളുകളെ ഉപായരൂപേണ പ്രോത്സാഹിപ്പിക്കുകയാണ്. ഇതു ദേശീയവാദത്തിന്റെ ആത്മാവു സംജാതമാക്കിയിരിക്കുന്നു, അതു ഭയങ്കരയുദ്ധങ്ങളിലും കലാശിച്ചിരിക്കുന്നു. അടുത്ത കാലങ്ങളിൽ സമാധാനത്തിനും സുരക്ഷിതത്വത്തിനും വേണ്ടിയുളള പരക്കംപാച്ചിലിൽ വിവിധ പദ്ധതികളാവിഷ്കരിക്കാൻ സാത്താൻ ആളുകളെ പ്രേരിപ്പിച്ചിട്ടുണ്ട്. അവയിലൊന്നാണ് ഐക്യരാഷ്ട്രങ്ങൾ. എന്നാൽ അത് ഒരു സമാധാനപൂർണമായ ലോകം സൃഷ്ടിച്ചിട്ടുണ്ടോ? അശേഷമില്ല! പകരം അതു മനുഷ്യവർഗത്തിനു സമാധാനം കൈവരുത്താനുളള ദൈവത്തിന്റെ ക്രമീകരണത്തിൽനിന്ന് ആളുകളുടെ ശ്രദ്ധയെ തിരിച്ചുകളയാനുളള ഒരു ഉപാധിയാണെന്നു തെളിഞ്ഞിരിക്കുകയാണ്. സമാധാനത്തിനുവേണ്ടിയുളള ദൈവത്തിന്റെ ക്രമീകരണമാകട്ടെ “സമാധാനപ്രഭു”വായ യേശുക്രിസ്തുവിൻ കീഴിലെ ആസന്നമായിരിക്കുന്ന അവന്റെ രാജ്യമാണ്.—യെശയ്യാവ് 9:6; മത്തായി 6:9, 10.
22. നമുക്ക് ഏത് അറിവുണ്ടായിരിക്കാൻ സാത്താൻ ആഗ്രഹിക്കുന്നില്ല?
22 നിത്യജീവൻ കിട്ടണമെങ്കിൽ നമുക്കു ദൈവത്തെയും അവന്റെ രാജാവാം പുത്രനെയും അവന്റെ രാജ്യത്തെയും കുറിച്ചുളള സൂക്ഷ്മപരിജ്ഞാനം ആവശ്യമാണ്. (യോഹന്നാൻ 17:3) നിങ്ങൾക്ക് ഈ പരിജ്ഞാനം ലഭിക്കാൻ പിശാചായ സാത്താൻ ആഗ്രഹിക്കുന്നില്ലെന്നു തീർച്ചയാണ്. അതു ലഭിക്കുന്നതിൽനിന്നു നിങ്ങളെ തടയാൻ അവൻ പരമാവധി ശ്രമിക്കുമെന്നും നിങ്ങൾക്കു തീർച്ചപ്പെടുത്താവുന്നതാണ്. അവൻ അത് എങ്ങനെയാണു ചെയ്യുക? ഒരുപക്ഷേ, പരിഹാസത്തിന്റെ രൂപത്തിൽ നിങ്ങൾക്ക് എതിർപ്പ് അനുഭവപ്പെടാൻ ഇടയാക്കുന്നതാണ് ഒരു മാർഗം. ബൈബിൾ നമ്മോടു പറയുന്നു: “ക്രിസ്തുയേശുവിനോടുളള ബന്ധത്തിൽ ദൈവഭക്തിയോടെ ജീവിക്കാനാഗ്രഹിക്കുന്ന എല്ലാവരും പീഡിപ്പിക്കപ്പെടുകയും ചെയ്യും.”—2 തിമൊഥെയോസ് 3:12.
23. (എ) സാത്താൻ നമ്മെ നിരുത്സാഹപ്പെടുത്താൻ സ്നേഹിതരെയും ബന്ധുക്കളെയും പോലും ഉപയോഗിച്ചേക്കാവുന്നതെങ്ങനെ? (ബി) നിങ്ങൾ എതിർപ്പിന് ഒരിക്കലും വഴങ്ങിക്കൊടുക്കരുതാത്തതെന്തുകൊണ്ട്?
23 അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ പോലും നിങ്ങൾ തിരുവെഴുത്തുകൾ പരിശോധിക്കുന്നതു തങ്ങൾക്ക് ഇഷ്ടപ്പെടുന്നില്ലെന്നു നിങ്ങളോടു പറഞ്ഞേക്കാം. “തീർച്ചയായും ഒരു മമനുഷ്യന്റെ ശത്രുക്കൾ അയാളുടെ സ്വന്തം കുടുംബത്തിൽപെട്ടവരായിരിക്കും. എന്നെക്കാളധികം അപ്പനോടോ അമ്മയോടോ പ്രിയമുളളവൻ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനോടോ പുത്രിയോടോ പ്രിയമുളളവനും എനിക്കു യോഗ്യനല്ല” എന്നു യേശുക്രിസ്തു മുന്നറിയിപ്പു നൽകുകപോലുമുണ്ടായി. (മത്തായി 10:36, 37) ബന്ധുക്കൾ നിങ്ങളെ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചേക്കാം. ബൈബിളിലെ വിശിഷ്ട സത്യങ്ങൾ അറിയാൻപാടില്ലാത്തതിനാൽ തികഞ്ഞ ആത്മാർഥതയോടെ അവർ അങ്ങനെ ചെയ്തേക്കാം. എന്നാൽ എതിർപ്പുണ്ടാകുമ്പോൾ നിങ്ങൾ ദൈവവചനത്തിന്റെ പഠനമുപേക്ഷിക്കുകയാണെങ്കിൽ ദൈവം നിങ്ങളെ എങ്ങനെ വീക്ഷിക്കും? കൂടാതെ നിങ്ങൾ ഉപേക്ഷിച്ചുകളയുകയാണെങ്കിൽ ബൈബിളിന്റെ സൂക്ഷ്മപരിജ്ഞാനം ജീവൻമരണ പ്രാധാന്യമുളളതാണെന്നു ഗ്രഹിക്കാൻ ആ സുഹൃത്തുക്കളേയും പ്രിയപ്പെട്ടവരേയും നിങ്ങൾക്കു സഹായിക്കാൻ എങ്ങനെ കഴിയും? ദൈവവചനത്തിൽനിന്നു നിങ്ങൾ പഠിക്കുന്ന കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതു കാലക്രമത്തിൽ സത്യം പഠിക്കാൻ അവരെയും സ്വാധീനിച്ചേക്കാം.
24. (എ) ജീവദായകമായ അറിവ് ഉൾക്കൊളളുന്നതിൽനിന്ന് ആളുകളെ തടയാൻ വേറെ ഏതു മാർഗങ്ങൾ പിശാച് ഉപയോഗിക്കുന്നു? (ബി) ദൈവവചനം പഠിക്കുന്നത് എത്ര പ്രധാനമാണെന്നു നിങ്ങൾ വിചാരിക്കുന്നു?
24 മറിച്ച്, ദൈവത്തിനിഷ്ടമില്ലാത്ത ഏതെങ്കിലും ദുർമാർഗപ്രവൃത്തിയിലേർപ്പെടാൻ നിങ്ങളെ പ്രലോഭിപ്പിക്കുന്നതിനു സാത്താൻ ഉത്തരവാദിയായിരിക്കാം. (1 കൊരിന്ത്യർ 6:9-11) അല്ലെങ്കിൽ ബൈബിൾ പഠിക്കാൻ സമയമില്ലാത്തവിധം നിങ്ങൾ അത്ര തിരക്കിലാണെന്നു വിചാരിക്കാൻ അവൻ ഇടയാക്കിയേക്കാം. എന്നാൽ നിങ്ങൾ അതിനെക്കുറിച്ചു ചിന്തിക്കുമ്പോൾ ഇത്തരം പരിജ്ഞാനം സമ്പാദിക്കുന്നതിനെക്കാൾ പ്രധാനമായി മറെറന്തെങ്കിലും ഉണ്ടായിരിക്കാൻ കഴിയുമോ? ഭൂമിയിൽ നിത്യജീവിതം ലഭിക്കുന്നതിലേക്കു നിങ്ങളെ നയിക്കാൻ കഴിയുന്ന ഈ പരിജ്ഞാനം നേടുന്നതിൽനിന്നു നിങ്ങളെ തടയുന്നതിനു യാതൊന്നിനെയും അനുവദിക്കരുത്!
25. നാം പിശാചിനെ എതിർക്കുന്നതിൽ തുടരുന്നുവെങ്കിൽ അവനു നമ്മോട് എന്തു ചെയ്യാൻ കഴികയില്ല?
25 “പിശാചിനെ എതിർക്കുക” എന്നു ബൈബിൾ ശക്തമായി ഉപദേശിക്കുന്നു. നിങ്ങൾ ഇതു ചെയ്യുന്നുവെങ്കിൽ “അവൻ നിങ്ങളെ വിട്ട് ഓടിപ്പോകും.” (യാക്കോബ് 4:7) നിങ്ങൾ സാത്താന്റെ ആക്രമണത്തെ ചെറുത്തുനിൽക്കുന്നുവെങ്കിൽ അവൻ പിൻമാറുകയും മേലാൽ നിങ്ങളെ ഉപദ്രവിക്കാതിരിക്കുകയും ചെയ്യുമെന്ന് ഇതിനർഥമുണ്ടോ? ഇല്ല, അവൻ ആഗ്രഹിക്കുന്നതു നിങ്ങളെക്കൊണ്ടു ചെയ്യിക്കുന്നതിനു വീണ്ടും വീണ്ടും അവൻ ശ്രമിക്കും. എന്നാൽ നിങ്ങൾ അവനെ എതിർത്തുകൊണ്ടേയിരിക്കുന്നുവെങ്കിൽ ദൈവത്തിനെതിരായ ഒരു ഗതി നിങ്ങളെക്കൊണ്ടു സ്വീകരിപ്പിക്കുന്നതിന് അവൻ ഒരിക്കലും പ്രാപ്തനാകുകയില്ല. അതുകൊണ്ട് സർവപ്രധാനമായ ബൈബിൾ പരിജ്ഞാനം നേടുന്നതിൽ ഉത്സുകരായിരിക്കുക. നിങ്ങൾ പഠിക്കുന്നതിനനുസരിച്ചു പ്രവർത്തിക്കുക. ആളുകളെ വഴിതെററിക്കുന്നതിനുളള സാത്താന്റെ മറെറാരു മാർഗമായ വ്യാജമതത്താൽ നിങ്ങൾ വഞ്ചിക്കപ്പെടാതിരിക്കാൻ ഇത് അത്യന്താപേക്ഷിതമാണ്.
[16, 17 പേജുകളിലെ ചിത്രം]
ഈ ലോകഗവൺമെൻറുകൾ എല്ലാം സാത്താന്റേതല്ലായിരുന്നുവെങ്കിൽ അവയെല്ലാം ക്രിസ്തുവിനു വാഗ്ദാനം ചെയ്യാൻ അവനു കഴിയുമായിരുന്നോ?
[19-ാം പേജിലെ ചിത്രം]
പിശാച് ഒരു “പിശാച്” ആയി സൃഷ്ടിക്കപ്പെടാഞ്ഞതുപോലെ ഈ കളളൻ ഒരു കളളനായി ജനിച്ചതല്ല
[20-ാം പേജിലെ ചിത്രം]
സ്വർഗത്തിലെ യുദ്ധം സാത്താനെയും ഭൂതങ്ങളെയും ഭൂമിയിലേക്കു വലിച്ചെറിയുന്നതിൽ കലാശിച്ചു. നിങ്ങൾ ഇപ്പോൾ അതിന്റെ ഫലങ്ങൾ അനുഭവിക്കുകയാണ്
[24-ാം പേജിലെ ചിത്രം]
നിങ്ങളുടെ തുടർന്നുളള ബൈബിൾ പഠനത്തോട് എതിർപ്പുണ്ടായേക്കാം