പുനർജൻമം
നിർവ്വചനം: ഒരുവൻ ഒന്നോ ഒന്നിലധികമോ തുടർച്ചയായ അസ്തിത്വങ്ങളിൽ വീണ്ടും ജനിക്കുമെന്നുളള വിശ്വാസം, അത് മനുഷ്യനോ മൃഗമോ ആയിട്ടായിരിക്കാം. സാധാരണയായി സ്പർശിച്ചറിയാനാവാത്ത ഒരു “ദേഹി” മറെറാരു ശരീരത്തിൽ വീണ്ടും ജനിക്കുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഒരു ബൈബിൾ ഉപദേശമല്ല.
തികച്ചും പുതിയ പരിചയക്കാരും സ്ഥലങ്ങളുമായി നേരത്തെതന്നെ പരിചയമുണ്ടെന്നുളള ഒരു വിചിത്രമായ തോന്നൽ പുനർജൻമം ഒരു വസ്തുതയാണ് എന്ന് തെളിയിക്കുന്നുവോ?
ജീവനോടിരിക്കുന്ന ഏതെങ്കിലും പുരുഷനൊ സ്ത്രീയൊ ജീവിച്ചിരിക്കുന്ന മററാരെങ്കിലുമാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും തെററിദ്ധരിച്ചിട്ടുണ്ടോ? അനേകർക്ക് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ചിലർക്ക് സമാനമായ പെരുമാററ രീതികളോ അല്ലെങ്കിൽ നല്ല രൂപ സാമ്യമോ പോലും ഉണ്ടായിരുന്നേക്കാം. അതുകൊണ്ട് നിങ്ങൾ മുമ്പ് ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാളെ പരിചയമുണ്ട് എന്ന തോന്നൽ അയാളുമായി മുൻജീവിതത്തിൽ പരിചയമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നില്ല, ഉവ്വോ?
നിങ്ങൾ ഒരിക്കലും പോയിട്ടില്ലാത്ത ഒരു സ്ഥലത്തെ ഒരു വീടോ പട്ടണമോ നിങ്ങൾക്ക് പരിചയമുണ്ട് എന്ന് തോന്നിയേക്കാവുന്നത് എന്തുകൊണ്ടാണ്? അത് മുൻജീവിതത്തിൽ നിങ്ങൾ അവിടെ ജീവിച്ചിട്ടുളളതുകൊണ്ടാണോ? അനേകം വീടുകൾ സമാനമായ രൂപകൽപന അനുസരിച്ചാണ് പണിതിട്ടുളളത്. വിദൂരസ്ഥമായ നഗരങ്ങളിൽ ഉപയോഗിക്കപ്പെടുന്ന ഫർണിച്ചർ സമാന മാതൃകയനുസരിച്ചുളളവയായിരിക്കാം. പരസ്പരം ബഹുദൂരത്തായിരിക്കുന്ന സ്ഥലങ്ങളിലെ പ്രകൃതി ദൃശ്യം ചിലപ്പോൾ ഒരുപോലെയിരുന്നേക്കാമെന്നത് വാസ്തവമല്ലേ? അതുകൊണ്ട് പുനർജൻമത്തിന്റെ വിശദീകരണമൊന്നും കൂടാതെ നിങ്ങൾക്കു തോന്നിയേക്കാവുന്ന പരിചയം മനസ്സിലാക്കാവുന്നതേയുളളു.
മറെറാരു കാലത്ത് മറെറാരു സ്ഥലത്ത് ജീവിച്ചിരുന്നതിന്റെ ഓർമ്മകൾ ഹിപ്നോട്ടിസത്തിലൂടെ പുറത്തുകൊണ്ടുവരുന്നത് പുനർജൻമത്തിന്റെ തെളിവാണോ?
ഹിപ്നോട്ടിസത്തിലൂടെ തലച്ചോറിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന വളരെയധികം വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ കഴിയും. ഹിപ്നോട്ടിസ്ററുകൾ ഉപബോധമനസ്സിൽ നിന്ന് വിവരങ്ങൾ ചോർത്തിയെടുക്കുന്നു. എന്നാൽ ആ ഓർമ്മകൾ അവിടെ വന്നത് എങ്ങനെയാണ്? ഒരുപക്ഷേ നിങ്ങൾ ഒരു പുസ്തകം വായിക്കുകയോ ഒരു ചലച്ചിത്രം കാണുകയോ ടെലിവിഷനിൽ നിന്ന് ചിലയാളുകളെപ്പററി പഠിക്കുകയോ ചെയ്തിട്ടുണ്ടായിരിക്കാം. നിങ്ങൾ ആരെപ്പററി പഠിച്ചുവോ ആ ആളുകളുടെ സ്ഥാനത്ത് നിങ്ങളെത്തന്നെ നിർത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ ആ അനുഭവം നിങ്ങളുടേതായിരുന്നാലെന്നവണ്ണം അത് നിങ്ങളിൽ വ്യക്തമായ ധാരണ ഉളവാക്കിയിട്ടുണ്ടായിരിക്കാം. നിങ്ങൾ അങ്ങനെ ചെയ്തത് ദീർഘനാൾ മുമ്പായിരിക്കാം, നിങ്ങൾ അതു മറന്നുപോയിട്ടും ഉണ്ടായിരിക്കാം. എന്നാൽ ഹിപ്നോട്ടിസത്തിൻകീഴിൽ നിങ്ങൾ “മറെറാരു ജീവിതം” ഓർമ്മിക്കുന്നതുപോലെ ആ അനുഭവം ഓർമ്മയിലേക്ക് കൊണ്ടുവരാൻ കഴിയും. എന്നിരുന്നാലും അത് ശരിയാണെങ്കിൽ എല്ലാവർക്കും അത്തരം ഓർമ്മകൾ ഉണ്ടായിരിക്കേണ്ടതല്ലേ? എന്നാൽ എല്ലാവർക്കുമില്ല. ഐക്യനാടുകളിലെ കൂടുതൽ കൂടുതൽ സ്റേറററ് സുപ്രീം കോടതികൾ ഹിപ്നോട്ടിസം ഉപയോഗിച്ചു പുറത്തുകൊണ്ടുവരുന്ന തെളിവുകൾ സ്വീകരിക്കുന്നില്ല. മിനെസോട്ടാ സുപ്രീം കോടതി 1980-ൽ ഇപ്രകാരം പ്രഖ്യാപിച്ചു: “ഏററം ആധികാരികമായ സാക്ഷ്യം സൂചിപ്പിക്കുന്നത് യാതൊരു വിദഗ്ദ്ധനും ഹിപ്നോട്ടിസത്തിലൂടെ പുറത്തുകൊണ്ടുവരുന്ന ഓർമ്മകൾ അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും ഭാഗം സത്യമാണോ, വ്യാജമാണോ, അല്ലെങ്കിൽ ഭാവനാ സൃഷ്ടി—വിട്ടുപോയ ഭാഗങ്ങൾ ഭാവനയാൽ കൂട്ടിയിണക്കൽ—ആണോ എന്നു തീരുമാനിക്കാൻ കഴിയുകയില്ല എന്നാണ്. അത്തരം ഫലങ്ങൾ ശരിയെന്ന നിലയിൽ ശാസ്ത്രീയമായി ആശ്രയയോഗ്യമല്ല.” (സ്റേറററ് വേർസസ് മാക്ക്, 292 N.W.2d 764) ഹിപ്നോട്ടിസത്തിന് വിധേയനാകുന്നയാളിന് ഹിപ്നോട്ടിസ്ററ് നൽകുന്ന നിർദ്ദേശങ്ങളുടെ സ്വാധീനമാണ് ആശ്രയയോഗ്യമല്ലാതാക്കുന്ന ഒരു ഘടകം.
പുനർജൻമവിശ്വാസത്തിനുളള തെളിവ് ബൈബിളിൽ കാണപ്പെടുന്നുണ്ടോ?
മത്തായി 17:12, 13 പുനർജൻമവിശ്വാസം പ്രതിഫലിപ്പിക്കുന്നുണ്ടോ?
മത്താ. 17:12, 13: “[യേശു പറഞ്ഞു:] ‘ഏലിയാവ് വന്നു കഴിഞ്ഞു, എന്നാൽ അവർ അവനെ തിരിച്ചറിയാതെ തങ്ങൾക്ക് തോന്നിയതെല്ലാം അവനോട് ചെയ്തു. അതേ വിധത്തിൽ മനുഷ്യപുത്രനും അവരുടെ കൈയാൽ കഷ്ടം അനുഭവിക്കേണ്ടിയിരിക്കുന്നു.’ അപ്പോൾ അവൻ സ്നാപകയോഹന്നാനെക്കുറിച്ച് തങ്ങളോട് പറഞ്ഞു എന്ന് ശിഷ്യൻമാർ തിരിച്ചറിഞ്ഞു.”
യോഹന്നാൻ സ്നാപകൻ ഏലിയാപ്രവാചകന്റെ പുനർജൻമമായിരുന്നുവെന്ന് ഇതിനർത്ഥമുണ്ടോ? “നീ ഏലിയാവാണോ?” എന്ന് യഹൂദ പുരോഹിതൻമാർ യോഹന്നാനോട് ചോദിച്ചപ്പോൾ “അല്ല” എന്ന് അവൻ പറഞ്ഞു. (യോഹ. 1:21) അപ്പോൾ യേശു എന്താണ് അർത്ഥമാക്കിയത്? യഹോവയുടെ ദൂതൻ മുൻകൂട്ടിപ്പറഞ്ഞപ്രകാരം “അപ്പൻമാരുടെ ഹൃദയങ്ങളെ മക്കളിലേക്കും അനുസരണംകെട്ടവരെ നീതിമാൻമാരുടെ പ്രായോഗിക ജ്ഞാനത്തിലേക്കും തിരിക്കുന്നതിന് ഒരുക്കമുളള ഒരു ജനതയെ യഹോവക്കായി തയ്യാറാക്കുവാൻ ഏലിയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ” യോഹന്നാൻ യഹോവയുടെ മശിഹായുടെ മുമ്പാകെ നടന്നു. (ലൂക്കോ. 1:17) അതുകൊണ്ട് ഏലിയാപ്രവാചകന്റേതുപോലെ ഒരു വേല ചെയ്തുകൊണ്ട് സ്നാപകയോഹന്നാൻ പ്രവചനം നിവർത്തിക്കുകയായിരുന്നു.—മലാ. 4:5, 6.
യോഹന്നാൻ 9:1, 2-ലെ വിവരണം പുനർജൻമത്തെ സൂചിപ്പിക്കുന്നുണ്ടോ?
യോഹ. 9:1, 2: “അവൻ [യേശു] കടന്നുപോകുമ്പോൾ പിറവിയിലെ കുരുടനായ ഒരു മനുഷ്യനെ അവൻ കണ്ടു. അവന്റെ ശിഷ്യൻമാർ അവനോട്: ‘റബ്ബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപം ചെയ്തു, ഇവനോ ഇവന്റെ അമ്മയപ്പൻമാരോ?’”
“നല്ലയാളുകളുടെ ദേഹികൾ മാത്രമാണ് മററ് ശരീരങ്ങളിലേക്ക് മാററപ്പെടുക,” എന്ന് പറഞ്ഞ യഹൂദ പരീശൻമാരുടെ വിശ്വാസത്താൽ ഈ ശിഷ്യൻമാർ സ്വാധീനിക്കപ്പെട്ടിരിക്കാനിടയുണ്ടോ? (യഹൂദൻമാരുടെ യുദ്ധങ്ങൾ, ജോസീഫസ്, ബുക്ക് II, അദ്ധ്യായം VIII, ഖ. 14) അയാൾ ഒരു ‘നല്ല മനുഷ്യനാണ്’ എന്ന് അവർ വിചാരിച്ചതായി അവരുടെ ചോദ്യം സൂചിപ്പിക്കാത്തതുകൊണ്ട് അതിന് സാദ്ധ്യതയില്ല. യേശുവിന്റെ ശിഷ്യൻമാരെന്ന നിലയിൽ അവർ തിരുവെഴുത്തുകൾ വിശ്വസിക്കുകയും ദേഹി മരിക്കുന്നു എന്ന് അറിഞ്ഞിരിക്കുകയും ചെയ്യാനാണ് കൂടുതൽ സാദ്ധ്യത. എന്നാൽ ഗർഭാശയത്തിലുളള ഒരു ശിശുവിന് പോലും ജീവനുളളതിനാലും അത് പാപത്തിൽ ഗർഭം ധരിക്കപ്പെട്ടതായതിനാലും അതിന്റെ അന്ധതക്ക് ഇടയാക്കിക്കൊണ്ട് അത്തരം ഒരു അജാത ശിശുവിന് പാപം ചെയ്യാൻ കഴിയുമോ എന്ന് അവർ ചിന്തിച്ചിട്ടുണ്ടാവണം. ഏതായാലും യേശുവിന്റെ മറുപടി പുനർജൻമത്തെയോ ജനനത്തിന് മുമ്പ് ഗർഭാശയത്തിലായിരിക്കുന്ന ഒരു ശിശു പാപം ചെയ്യുന്നു എന്ന ആശയത്തെയോ പിന്താങ്ങിയില്ല. യേശു തന്നെ മറുപടി പറഞ്ഞു: “അവനോ അവന്റെ മാതാപിതാക്കളോ പാപം ചെയ്തിട്ടില്ല.” (യോഹ. 9:3) നാം ആദാമിന്റെ സന്തതികളായതുകൊണ്ട് മാനുഷികമായ വൈകല്യങ്ങളും അപൂർണ്ണതയും അവകാശമാക്കിയിട്ടുണ്ട് എന്ന് യേശുവിന് അറിയാമായിരുന്നു. ദൈവത്തെ മഹത്വപ്പെടുത്തുന്നതിന് ആ സാഹചര്യം ഉപയോഗിച്ചുകൊണ്ട് യേശു ആ അന്ധനെ സൗഖ്യമാക്കി.
ദേഹിയെയും മരണത്തെയും സംബന്ധിച്ചുളള ബൈബിൾ ഉപദേശം പുനർജൻമവിശ്വാസത്തോട് ചേർച്ചയിലാണോ?
ഉൽപത്തി 2:7 പ്രസ്താവിക്കുന്നു: “യഹോവയായ ദൈവം നിലത്തെ പൊടിയിൽ നിന്ന് മനുഷ്യനെ ഉണ്ടാക്കാനും അവന്റെ മൂക്കിലേക്ക് ജീവശ്വാസം ഊതാനും തുടങ്ങി, മനുഷ്യൻ ജീവനുളള ഒരു ദേഹിയായിത്തീർന്നു.” മനുഷ്യൻ തന്നെയായിരുന്നു ദേഹി എന്ന് കുറിക്കൊളളുക; ദേഹി ഭൗതിക വസ്തുക്കളെക്കൊണ്ടല്ലാതെ നിർമ്മിക്കപ്പെട്ടതോ ശരീരത്തിൽ നിന്ന് വേർപെട്ട് വ്യത്യസ്തമായിരുന്നതോ ആയ എന്തെങ്കിലുമായിരുന്നില്ല. “പാപം ചെയ്യുന്ന ദേഹി അതുതന്നെ മരിക്കും.” (യെഹെ. 18:4, 20) മരിച്ച ഒരാൾ “മരിച്ച ദേഹി” എന്ന് പരാമർശിക്കപ്പെട്ടിരിക്കുന്നു. (സംഖ്യ. 6:6) മരണത്തിങ്കൽ, “അവന്റെ ആത്മാവ് വിട്ടുപോകുന്നു, അവൻ നിലത്തേക്ക് തിരികെ പോകുന്നു; അന്നുതന്നെ അവന്റെ ചിന്തകൾ തീർച്ചയായും നശിക്കുന്നു.” (സങ്കീ. 146:4) അതുകൊണ്ട് ആരെങ്കിലും മരിക്കുമ്പോൾ മുഴു വ്യക്തിയും മരിക്കുന്നു; മറെറാരു ശരീരത്തിലേക്ക് പ്രവേശിക്കാൻ തക്കവണ്ണം യാതൊന്നും ജീവനോടെയിരിക്കുന്നില്ല. (കൂടുതൽ വിശദാംശങ്ങൾക്ക് “ദേഹി”, “മരണം” എന്നീ മുഖ്യ ശീർഷകങ്ങൾ കാണുക.)
സഭാ. 3:19: “മനുഷ്യപുത്രൻമാരെ സംബന്ധിച്ച് ഒരു സംഭവ്യതയും മൃഗത്തെ സംബന്ധിച്ച് ഒരു സംഭവ്യതയുമുണ്ട്, അവർക്ക് ഒരേ സംഭവ്യതയാണുളളത്. ഒന്നു മരിക്കുന്നതുപോലെ മറേറതും മരിക്കുന്നു.” (മനുഷ്യരുടെ കാര്യത്തിലെന്നപോലെ മൃഗങ്ങൾ ചാവുമ്പോഴും യാതൊന്നും അതിജീവിക്കുന്നില്ല. മറെറാരു ശരീരത്തിൽ പുനർജൻമം അനുഭവിക്കാൻ കഴിയുന്ന യാതൊന്നുമില്ല.)
സഭാ. 9:10: “നിന്റെ കൈ ചെയ്യാൻ കണ്ടെത്തുന്നതെല്ലാം നിന്റെ ശക്തിയോടെ ചെയ്യുക, എന്തുകൊണ്ടെന്നാൽ നീ ചെല്ലുന്ന സ്ഥലമായ ഷീയോളിൽ വേലയോ ആസൂത്രണമോ അറിവോ ജ്ഞാനമോ ഇല്ല.” (മറെറാരു ശരീരത്തിലേക്കല്ല മറിച്ച് മനുഷ്യവർഗ്ഗത്തിന്റെ പൊതുശവക്കുഴിയായ ഷീയോളിലേക്കാണ് മരിച്ചവർ പോകുന്നത്.)
പുനർജൻമവും ബൈബിൾ വച്ചുനീട്ടുന്ന പ്രത്യാശയും തമ്മിൽ എത്രത്തോളം വ്യത്യാസമുണ്ട്?
പുനർജൻമം: ഈ വിശ്വാസമനുസരിച്ച് ഒരാൾ മരിക്കുമ്പോൾ ദേഹി, “യഥാർത്ഥ വ്യക്തി” അയാൾ ഒരു നല്ല ജീവിതമാണ് നയിച്ചിട്ടുളളതെങ്കിൽ കൂടുതൽ മെച്ചപ്പെട്ട അസ്തിത്വത്തിലേക്കും എന്നാൽ അയാൾക്കു മോശമായ ഒരു രേഖയാണുളളതെങ്കിൽ സാദ്ധ്യതയനുസരിച്ച് ഒരു മൃഗമായുളള അസ്തിത്വത്തിലേക്കും പോകുന്നു. ഓരോ പുനർജൻമവും വ്യക്തിയെ ഈ വ്യവസ്ഥിതിയിലേക്കു തന്നെ തിരികെ കൊണ്ടുവരുന്നതായിട്ടും അയാൾ അവിടെ കൂടുതൽ കഷ്ടപ്പാടും അവസാനം മരണവും അനുഭവിക്കേണ്ടിവരുന്നതായും വിശ്വസിക്കപ്പെടുന്നു. പുനർജൻമ ചക്രങ്ങൾ ഏതാണ്ട് അനന്തമാണെന്ന് കരുതപ്പെടുന്നു. ഇതാണോ യഥാർത്ഥത്തിൽ നിങ്ങളെ കാത്തിരിക്കുന്ന ഭാവി? രക്ഷപെടാനുളള ഏകമാർഗ്ഗം ഇന്ദ്രിയങ്ങൾക്ക് ആസ്വാദ്യകരമായവക്കുവേണ്ടിയുളള എല്ലാ ആഗ്രഹങ്ങളും നിഗ്രഹിക്കുന്നതാണ് എന്ന് ചിലർ വിശ്വസിക്കുന്നു. എന്നാൽ എന്തിലേക്കാണ് അവർ രക്ഷപ്പെടുക? അബോധാവസ്ഥയിലുളള ജീവിതം എന്ന് ചിലർ വർണ്ണിക്കുന്നതിലേക്ക്.
ബൈബിൾ: ബൈബിൾ പറയുന്നതനുസരിച്ച് ദേഹി മുഴുവ്യക്തി തന്നെയാണ്. ഒരു വ്യക്തി കഴിഞ്ഞകാലത്ത് മോശമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടായിരിക്കാമെങ്കിലും അയാൾ അനുതപിക്കുകയും തന്റെ വഴികൾക്ക് മാററം വരുത്തുകയുമാണെങ്കിൽ യഹോവയാം ദൈവം അയാളോട് ക്ഷമിക്കും. (സങ്കീ. 103:12, 13) ഒരു വ്യക്തി മരിക്കുമ്പോൾ യാതൊന്നും അതിജീവിക്കുന്നില്ല. മരണം സ്വപ്നങ്ങളൊന്നുമില്ലാത്ത ഗാഢനിദ്രപോലെയാണ്. മരിച്ചവരുടെ ഒരു പുനരുത്ഥാനം ഉണ്ടായിരിക്കും. ഇത് ഒരു പുനർജൻമമല്ല, മറിച്ച് അതേ വ്യക്തിയെ വീണ്ടും ജീവനിലേക്ക് മടക്കികൊണ്ടുവരുന്ന സംഗതിയാണ്. (പ്രവൃ. 24:15) മിക്കയാളുകൾക്കും പുനരുത്ഥാനം ഭൂമിയിലെ ജീവനിലേക്കായിരിക്കും. ദൈവം ഇന്നത്തെ ദുഷ്ടവ്യവസ്ഥിതി അവസാനിപ്പിച്ചതിനുശേഷം അത് സംഭവിക്കും. രോഗവും, കഷ്ടപ്പാടും, മരിക്കേണ്ടതിന്റെ ആവശ്യകത പോലും, കഴിഞ്ഞകാല സംഗതികളായിരിക്കും. (ദാനി. 2:44; വെളി. 21:3, 4) ആ പ്രത്യാശ അതിൽ ആത്മവിശ്വാസമുണ്ടായിരിക്കുന്നതിനുളള കാരണങ്ങൾ പരിശോധിക്കുന്നതിന് നിങ്ങൾ പഠിക്കേണ്ട ഒരു സംഗതിയാണെന്ന് നിങ്ങൾക്ക് തോന്നുന്നുവോ?
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ—
‘ഞാൻ പുനർജൻമത്തിൽ വിശ്വസിക്കുന്നു’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘അത് കാലക്രമത്തിൽ ഒരു മെച്ചപ്പെട്ട ജീവിതത്തിൽ കലാശിക്കുമെന്ന് നിങ്ങൾ വിശ്വസിക്കുന്നു, ഇല്ലേ? . . . എന്നാൽ പറയൂ, ഇവിടെ വെളിപ്പാട് 21:1-5-ൽ വർണ്ണിച്ചിരിക്കുന്ന തരം ഒരു ലോകത്തിൽ ജീവിച്ചിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?’
അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: ‘നിങ്ങൾ അത് പറഞ്ഞത് ഞാൻ വിലമതിക്കുന്നു. ഇത് നിങ്ങൾ എന്നും വിശ്വസിച്ചിരുന്ന ഒരു സംഗതിയാണോ എന്ന് ഞാനൊന്നു ചോദിച്ചോട്ടേ? . . . നിങ്ങൾ നിങ്ങളുടെ മുൻവിശ്വാസങ്ങൾ വിട്ടുകളയാൻ ഇടയാക്കിയത് എന്തായിരുന്നു?’ (അതിനുശേഷം ഒരു പക്ഷേ 320-ാം പേജിലെ ശീർഷകത്തിൻ കീഴിലുളള ആശയങ്ങൾ ഉപയോഗിക്കുക.)
മറെറാരു സാദ്ധ്യത: ‘ഈ വിശ്വാസമുളള മററുളളവരുമായിട്ടുളള സംഭാഷണങ്ങൾ ഞാൻ ആസ്വദിച്ചിട്ടുണ്ട്. പുനർജൻമം ആവശ്യമാണ് എന്ന് നിങ്ങൾ വിശ്വസിക്കുന്നത് എന്തുകൊണ്ടാണ് എന്ന് ഞാനൊന്നു ചോദിച്ചോട്ടെ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘നിങ്ങൾക്കുണ്ടായിരുന്നു എന്ന് നിങ്ങൾ വിശ്വസിക്കുന്ന മുൻകാല ജീവിതത്തെ സംബന്ധിച്ച വിശദാംശങ്ങളെല്ലാം നിങ്ങൾ ഓർമ്മിക്കുന്നുണ്ടോ? . . . എന്നാൽ ഒരുവൻ തന്റെ മുൻകാല തെററുകൾ തിരുത്തുകയും മെച്ചപ്പെടുകയും ചെയ്യുന്നതിന് അത് ആവശ്യമായിരിക്കും, അല്ലേ?’ (2) നമുക്ക് മറക്കാൻ കഴിയുന്നതു ഒരു ദയയാണ് എന്ന് ആ വ്യക്തി പറയുന്നുവെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാൻ കഴിയും: ‘അനുദിന ജീവിതത്തിൽ ഓർമ്മശക്തിയില്ലായ്മ ഒരു നേട്ടമാണ് എന്ന് നിങ്ങൾ കരുതുമോ? അപ്പോൾ ഓരോ 70 വർഷമോ മറേറാ നാം പഠിച്ചതെല്ലാം മറക്കുന്നതിനാൽ നാം നമ്മുടെ നില മെച്ചപ്പെടുത്തുമോ?’ (3) നല്ലയാളുകൾ മാത്രമേ മനുഷ്യരായി ജനിക്കുന്നുളളു എന്ന് അയാൾ പറയുകയാണെങ്കിൽ നിങ്ങൾക്കിങ്ങനെ ചോദിക്കാൻ കഴിയും: ‘എങ്കിൽ പിന്നെ ലോകാവസ്ഥകൾ കൂടുതൽ കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണ്? . . . നമ്മുടെ നാളിൽ അവസ്ഥകൾ യഥാർത്ഥത്തിൽ മെച്ചപ്പെടുന്നത് എങ്ങനെയാണെന്ന് ബൈബിൾ കാണിച്ചു തരുന്നു. (ദാനി. 2:44)’