ബൈബിൾ പുസ്തക നമ്പർ 60—1 പത്രൊസ്
എഴുത്തുകാരൻ: പത്രൊസ്
എഴുതിയ സ്ഥലം: ബാബിലോൻ
എഴുത്തു പൂർത്തിയായത്: പൊ.യു. ഏകദേശം 62-64
1. ക്രിസ്ത്യാനികൾ പീഡാനുഭവങ്ങൾക്കു വിധേയരാകേണ്ടിയിരുന്നത് എന്തുകൊണ്ട്, പത്രൊസിന്റെ ഒന്നാമത്തെ ലേഖനം കാലോചിതമായിരുന്നത് എന്തുകൊണ്ട്?
ആദിമ ക്രിസ്ത്യാനികൾ ദൈവത്തിന്റെ മാഹാത്മ്യങ്ങൾ എല്ലായിടത്തും ഘോഷിച്ചപ്പോൾ റോമാസാമ്രാജ്യത്തിലുടനീളം രാജ്യവേല വളർന്നുവർധിച്ചു. എന്നിരുന്നാലും തീക്ഷ്ണതയുളള ഈ കൂട്ടത്തെക്കുറിച്ചു ചില തെററിദ്ധാരണകൾ പൊന്തിവന്നു. ഒരു സംഗതി പറഞ്ഞാൽ, അവരുടെ മതം യെരുശലേമിൽനിന്നും യഹൂദൻമാരുടെ ഇടയിൽനിന്നും ഉത്ഭവിച്ചിരുന്നു. അവർ റോമാനുകത്തിൻ കീഴിൽ കഷ്ടപ്പെട്ടവരും പ്രാദേശിക ഗവർണർമാർക്ക് എപ്പോഴും തലവേദന ഉണ്ടാക്കിക്കൊണ്ടിരുന്നവരുമായ രാഷ്ട്രീയമനഃസ്ഥിതിക്കാരായ യഹൂദ തീവ്രവാദികളാണെന്നു ചിലർ തെററിദ്ധരിച്ചു. കൂടാതെ, ചക്രവർത്തിക്കു ബലിയർപ്പിക്കുന്നതിന് അല്ലെങ്കിൽ അന്നത്തെ പുറജാതീയ മതചടങ്ങുകളിൽ കൂടിക്കലരുന്നതിനു വിസമ്മതിച്ചതിൽ ക്രിസ്ത്യാനികൾ വ്യത്യസ്തരായിരുന്നു. അവർ ദുഷിക്കപ്പെടുകയും വിശ്വാസംനിമിത്തം അനേകം പീഡാനുഭവങ്ങൾക്കു വിധേയരാകേണ്ടിവരുകയും ചെയ്തു. തക്കസമയത്ത്, ദിവ്യനിശ്വസ്തതയെ സൂചിപ്പിക്കുന്ന ദീർഘദൃഷ്ടിയോടെ, പത്രൊസ് ഉറച്ചുനിൽക്കാൻ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചുകൊണ്ടും അക്കാലത്തെ കൈസറായിരുന്ന നീറോയുടെ കീഴിൽ എങ്ങനെ വർത്തിക്കണമെന്നു ബുദ്ധ്യുപദേശിച്ചുകൊണ്ടും തന്റെ ഒന്നാമത്തെ ലേഖനം എഴുതി. അതിനുശേഷം മിക്കവാറും പൊടുന്നനേ പൊട്ടിപ്പുറപ്പെട്ട പീഡനക്കൊടുങ്കാററിന്റെ വീക്ഷണത്തിൽ ഈ ലേഖനം അത്യന്തം കാലോചിതമെന്നു തെളിഞ്ഞു.
2. പത്രൊസിന്റെ പേർ വഹിക്കുന്ന ലേഖനത്തിന്റെ എഴുത്തുകാരൻ അവൻതന്നെയാണെന്നു തെളിയിക്കുന്നത് എന്ത്, ലേഖനം ആരെയാണു സംബോധനചെയ്തത്?
2 പത്രൊസിന്റെ ലേഖനകർത്തൃത്വം പ്രാരംഭവാക്കുകളാൽ സ്ഥാപിക്കപ്പെടുന്നു. തന്നെയുമല്ല ഐറേനിയസ്, അലക്സാണ്ട്രിയയിലെ ക്ലെമൻറ്, ഓറിജൻ, തെർത്തുല്യൻ എന്നിവരെല്ലാം പത്രൊസിനെ എഴുത്തുകാരനായി തിരിച്ചറിയിച്ചുകൊണ്ടു ലേഖനത്തിൽനിന്ന് ഉദ്ധരിക്കുന്നു.a ഒന്നു പത്രൊസിന്റെ വിശ്വാസ്യതക്കു നിശ്വസ്തലേഖനങ്ങളിൽ ഏതൊന്നിനെയുംപോലെ നല്ല സാക്ഷ്യം നൽകപ്പെടുന്നുണ്ട്. സഭയിലെ മൂപ്പൻമാർ ലേഖനം യഥേഷ്ടം ഉപയോഗിച്ചുവെന്നു യൂസേബിയസ് നമ്മോടു പറയുന്നു; അദ്ദേഹത്തിന്റെ കാലത്ത് (പൊ.യു. ഏകദേശം 260-342) അതിന്റെ വിശ്വാസ്യതസംബന്ധിച്ചു തർക്കമില്ലായിരുന്നു. രണ്ടാം നൂററാണ്ടിന്റെ പ്രാരംഭത്തിലെ ഇഗ്നേഷ്യസ്, ഹെർമാസ്, ബർന്നബാസ് എന്നിവരെല്ലാം അതിനെ പരാമർശിക്കുന്നുണ്ട്.b ഒന്നു പത്രൊസ്, ശേഷിച്ച നിശ്വസ്ത തിരുവെഴുത്തുകളുമായി തികച്ചും ചേർച്ചയിലാണ്, ഏഷ്യാമൈനറിലെ പ്രദേശങ്ങളായ “പൊന്തൊസിലും ഗലാത്യയിലും കപ്പദൊക്യയിലും ആസ്യയിലും ബിഥുന്യയിലും ചിതറിപ്പാർക്കുന്ന പരദേശികളായ” യഹൂദൻമാരും യഹൂദൻമാരല്ലാത്തവരുമായ ക്രിസ്ത്യാനികൾക്കു ശക്തമായ ഒരു സന്ദേശം വിവരിക്കുകയും ചെയ്യുന്നു.—1 പത്രൊ. 1:1.
3. ഒന്നു പത്രൊസിന്റെ എഴുത്തിന്റെ സമയം സംബന്ധിച്ച് എന്തു തെളിവുണ്ട്?
3 ലേഖനം എപ്പോഴാണ് എഴുതപ്പെട്ടത്? ഒന്നുകിൽ പുറജാതികളിൽനിന്നോ അല്ലെങ്കിൽ പരിവർത്തനംചെയ്യാഞ്ഞ യഹൂദൻമാരിൽനിന്നോ ക്രിസ്ത്യാനികൾ പീഡാനുഭവങ്ങൾക്കു വിധേയരാകുകയായിരുന്നുവെന്നും എന്നാൽ പൊ.യു. 64-ൽ തുടക്കമിട്ട നീറോയുടെ പീഡനപ്രസ്ഥാനം അതുവരെ തുടങ്ങിയിരുന്നില്ലെന്നും അതിന്റെ സ്വരം സൂചിപ്പിക്കുന്നു. പത്രൊസ് അതിനു തൊട്ടുമുമ്പ്, സാധ്യതയനുസരിച്ച് പൊ.യു. 62-നും 64-നുമിടക്ക്, ഈ ലേഖനമെഴുതിയെന്നു സ്പഷ്ടമാണ്. മർക്കൊസ് അപ്പോഴും പൗലൊസിനോടുകൂടെ ഉണ്ടായിരുന്നുവെന്ന വസ്തുത ഈ നിഗമനത്തെ ബലവത്താക്കുന്നു. റോമിലെ പൗലൊസിന്റെ ഒന്നാമത്തെ തടവുവാസക്കാലത്തു (പൊ.യു. ഏകദേശം 59-61), മർക്കൊസ് പൗലൊസിനോടുകൂടെ ഉണ്ടായിരുന്നു, എന്നാൽ ഏഷ്യാമൈനറിലേക്കു യാത്രചെയ്യാനിരിക്കുകയായിരുന്നു; പൗലൊസിന്റെ രണ്ടാമത്തെ തടവുകാലത്തു (പൊ. യു. ഏകദേശം 65-ൽ) മർക്കൊസ് വീണ്ടും പൗലൊസിനോടു ചേരാനിരിക്കുകയായിരുന്നു. (1 പത്രൊ. 5:13; കൊലൊ. 4:10; 2 തിമൊ. 4:11) ഇതിനിടയിൽ അവനു ബാബിലോനിൽ പത്രൊസിനോടുകൂടെ ആയിരിക്കാനുളള അവസരമുണ്ടായിരിക്കുമായിരുന്നു.
4, 5. (എ) പത്രൊസ് തന്റെ ഒന്നാമത്തെ ലേഖനം റോമിൽനിന്ന് എഴുതിയെന്നു സൂചിപ്പിക്കുന്ന അവകാശവാദത്തെ ഖണ്ഡിക്കുന്നത് എന്ത്? (ബി) അവൻ അക്ഷരീയ ബാബിലോനിൽനിന്ന് എഴുതിയെന്നു സൂചിപ്പിക്കുന്നത് എന്ത്?
4 എവിടെവെച്ചാണ് ഒന്നു പത്രൊസ് എഴുതപ്പെട്ടത്? ബൈബിൾഭാഷ്യകാരൻമാർ അതിന്റെ വിശ്വാസ്യതയെയും കാനോനികതയെയും ലേഖനകർത്തൃത്വത്തെയും എഴുത്തിന്റെ ഏകദേശ തീയതിയെയും സംബന്ധിച്ചു യോജിപ്പിലാണെങ്കിലും എഴുത്തിന്റെ സ്ഥലംസംബന്ധിച്ച് അവർ വിയോജിക്കുകയാണ്. പത്രൊസിന്റെ സ്വന്തം സാക്ഷ്യപ്രകാരം അവൻ ബാബിലോനിലായിരുന്നപ്പോഴാണ് ഒന്നാമത്തെ ലേഖനം എഴുതുന്നത്. (1 പത്രൊ. 5:13) എന്നാൽ “ബാബിലോൻ” എന്നതു റോമിന്റെ ഒരു ഗൂഢാർഥ പ്രയോഗമാണെന്നു പറഞ്ഞുകൊണ്ട് അവൻ റോമിൽനിന്ന് എഴുതിയെന്നു ചിലർ അവകാശപ്പെടുന്നു. എന്നിരുന്നാലും തെളിവ് അത്തരം വീക്ഷണത്തെ പിന്താങ്ങുന്നില്ല. ബാബിലോൻ കൃത്യമായി റോമിനെ പരാമർശിക്കുന്നുവെന്നു ബൈബിൾ ഒരിടത്തും സൂചിപ്പിക്കുന്നില്ല. അക്ഷരീയ പൊന്തോസിലും ഗലാത്യയിലും കപ്പദോക്യയിലും ആസ്യയിലും ബിഥുന്യയിലുമുളളവരെ സംബോധന ചെയ്താണു പത്രൊസ് തന്റെ ലേഖനം എഴുതിയത് എന്നുളളതുകൊണ്ടു ബാബിലോനെക്കുറിച്ചുളള അവന്റെ പരാമർശം ആ പേരിലുളള അക്ഷരീയസ്ഥലത്തെയായിരുന്നെന്നു ന്യായമായി സിദ്ധിക്കുന്നു. (1:1) പത്രൊസ് ബാബിലോനിലായിരിക്കാൻ നല്ല കാരണമുണ്ടായിരുന്നു. അവനെ ‘പരിച്ഛേദനയേററവർക്കുവേണ്ടിയുളള സുവാർത്ത’ ഭരമേൽപ്പിച്ചിരുന്നു, ബാബിലോനിൽ ഒരു വലിയ യഹൂദസമൂഹമുണ്ടായിരുന്നു. (ഗലാ. 2:7-9, NW) ബാബിലോന്യ തൽമൂദിന്റെ ഉത്പാദനത്തെക്കുറിച്ചു ചർച്ചചെയ്യുമ്പോൾ എൻസൈക്ലോപീഡിയ ജൂഡായിക്ക പൊതുയുഗത്തിലെ യഹൂദമതത്തിന്റെ “ബാബിലോനിലെ വലിയ അക്കാദമികളെ” പരാമർശിക്കുന്നു.c
5 പത്രൊസ് എഴുതിയ രണ്ടു ലേഖനങ്ങൾ ഉൾപ്പെടെയുളള നിശ്വസ്ത തിരുവെഴുത്തുകൾ അവൻ റോമിൽ പോകുന്നതിനെക്കുറിച്ചു പറയുന്നില്ല. പൗലൊസ് റോമിലായിരിക്കുന്നതായി പറയുന്നുണ്ട്, എന്നാൽ പത്രൊസ് അവിടെയായിരിക്കുന്നതായി അവൻ ഒരിക്കലും പരാമർശിക്കുന്നില്ല. റോമർക്കുളള തന്റെ ലേഖനത്തിൽ പൗലൊസ് 35 പേരുകൾ പറയുകയും 26 പേർക്കു പേർപറഞ്ഞ് അഭിവാദനങ്ങൾ അയയ്ക്കുകയും ചെയ്യുന്നുവെങ്കിലും അവൻ പത്രൊസിന്റെ കാര്യം പറയാതിരിക്കുന്നത് എന്തുകൊണ്ട്? ആ സമയത്തു പത്രൊസ് അവിടെ ഇല്ലാഞ്ഞതുകൊണ്ടുമാത്രം! (റോമ. 16:3-15) പത്രൊസ് തന്റെ ഒന്നാമത്തെ ലേഖനം എഴുതിയ ഇടമായ “ബാബിലോൻ” തെളിവനുസരിച്ചു മെസപ്പൊട്ടേമിയയിലുളള യൂഫ്രട്ടീസ് നദീതീരങ്ങളിൽ സ്ഥിതിചെയ്ത അക്ഷരീയ ബാബിലോൻ ആയിരുന്നു.
ഒന്നു പത്രൊസിന്റെ ഉളളടക്കം
6. ഏതു പ്രത്യാശയെക്കുറിച്ചു പത്രൊസ് എഴുതുന്നു, എന്തടിസ്ഥാനത്തിൽ ഈ പ്രത്യാശയിലേക്കുളള “പുതുജനനം” സാധ്യമാണ്?
6 ക്രിസ്തുമൂലം ഒരു ജീവനുളള പ്രത്യാശയിലേക്കു പുതുജനനം (1:1-25). തുടക്കത്തിൽത്തന്നെ പത്രൊസ് തന്റെ വായനക്കാരുടെ ശ്രദ്ധയെ “ഒരു ജീവനുളള പ്രത്യാശയിലേക്കുളള പുതുജനന”ത്തിലേക്കും അവർക്കുവേണ്ടി സ്വർഗങ്ങളിൽ കരുതിവെച്ചിരിക്കുന്ന വാടിപ്പോകാത്ത അവകാശത്തിലേക്കും തിരിച്ചുവിടുന്നു. അതു യേശുക്രിസ്തുവിന്റെ പുനരുത്ഥാനം മുഖാന്തരമുളള ദൈവകരുണപ്രകാരമാണ്. അതുകൊണ്ട്, “തിരഞ്ഞെടുക്കപ്പെട്ടവർ” വിവിധ പീഡാനുഭവങ്ങളാൽ ദുഃഖിതരാണെങ്കിലും അതിയായി സന്തോഷിക്കുകയാണ്. തന്നിമിത്തം അവരുടെ പരിശോധിക്കപ്പെട്ട ഗുണം “യേശുക്രിസ്തുവിന്റെ വെളിപ്പാടിങ്കലെ സ്തുതിക്കും മഹത്ത്വത്തിനും മാനത്തിനും ഒരു കാരണമെന്നു” കണ്ടെത്തിയേക്കാം. പുരാതന കാലത്തെ പ്രവാചകൻമാരും ദൂതൻമാർപോലും ഈ രക്ഷയെക്കുറിച്ച് ആരാഞ്ഞിട്ടുണ്ട്. അതുകൊണ്ട്, തിരഞ്ഞെടുക്കപ്പെട്ടവർ തങ്ങളുടെ മനസ്സുകളെ പ്രവർത്തനത്തിനുവേണ്ടി ഉറപ്പിക്കുകയും തങ്ങളുടെ നടത്തയിലെല്ലാം വിശുദ്ധരായിത്തീർന്നുകൊണ്ട് ഈ അനർഹദയയിൽ തങ്ങളുടെ പ്രത്യാശ അർപ്പിക്കുകയും വേണം. ദുഷിച്ചുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല, പിന്നെയോ “നിഷ്കളങ്കവും കറയില്ലാത്തതുമായ ഒരു ആട്ടിൻകുട്ടിയുടേതുപോലെയുളള, ക്രിസ്തുവിന്റെ തന്നെ വിലപ്പെട്ട രക്തത്താൽ” തങ്ങൾ വിടുവിക്കപ്പെട്ടിരിക്കുന്നതിന്റെ വീക്ഷണത്തിൽ ഇത് ഉചിതമല്ലേ? അവരുടെ “പുതുജനനം” ജീവനുളളവനും നിലനിൽക്കുന്നവനുമായ ദൈവത്തിന്റെ, യഹോവയുടെ, വചനത്താലാണ്. അത് എന്നേക്കും നിലനിൽക്കുന്നു, സുവാർത്തയായി അവരോടു പ്രഖ്യാപിക്കപ്പെട്ടതും അതാണ്.—1:1, 3, 7, 19, 23, NW.
7. (എ) ക്രിസ്ത്യാനികൾ എന്തായി പണിയപ്പെടുന്നു, എന്തുദ്ദേശ്യത്തിനായി? (ബി) താത്കാലിക നിവാസികളെന്ന നിലയിൽ അവർ എങ്ങനെ വർത്തിക്കണം?
7 ജനതകളുടെ ഇടയിൽ നല്ല നടത്ത നിലനിർത്തൽ (2:1–3:22). ജീവനുളള കല്ലുകൾ എന്ന നിലയിൽ ക്രിസ്ത്യാനികൾ, അനുസരണംകെട്ടവർക്ക് ഒരു ഇടർച്ചക്കല്ലായിത്തീർന്ന, അടിസ്ഥാനമൂലക്കല്ലായ യേശുക്രിസ്തുമുഖാന്തരം ദൈവത്തിനു സ്വീകാര്യമായ യാഗങ്ങളർപ്പിക്കുന്ന ഒരു ആത്മീയ മന്ദിരമായി പണിയപ്പെടുകയാണ്. വിശ്വാസം പ്രകടമാക്കുന്നവർ ‘അന്ധകാരത്തിൽനിന്നു തന്റെ അത്ഭുതപ്രകാശത്തിലേക്കു തങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം ഒരു രാജകീയപുരോഹിതവർഗവും ഒരു വിശുദ്ധവംശവും ആയിത്തീർന്നിരിക്കുകയാണ്.’ ജനതകളുടെ ഇടയിലെ താത്കാലിക നിവാസികൾ എന്ന നിലയിൽ അവർ ജഡികമോഹങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയും നല്ല നടത്ത നിലനിർത്തുകയും ചെയ്യട്ടെ. അവർ ഒരു രാജാവിനായാലും അവന്റെ ഗവർണർമാർക്കായാലും “സകല മാനുഷനിയമത്തിന്നും” കീഴ്പ്പെട്ടിരിക്കട്ടെ. അതേ, അവർ ‘എല്ലാവരെയും ബഹുമാനിക്കട്ടെ, സഹോദരവർഗത്തെ സ്നേഹിക്കട്ടെ, ദൈവത്തെ ഭയപ്പെടട്ടെ, രാജാവിനെ ബഹുമാനിക്കട്ടെ.’ അതുപോലെതന്നെ, ദാസൻമാർ അന്യായമായ കഷ്ടപ്പാടിൽ സഹിച്ചുനിന്നുകൊണ്ട് ഒരു നല്ല മനഃസാക്ഷിയോടെ അവരുടെ ഉടമസ്ഥർക്കു കീഴ്പ്പെട്ടിരിക്കട്ടെ. പാപരഹിതനെങ്കിലും ക്രിസ്തുപോലും ശകാരത്തിനും കഷ്ടപ്പാടിനും വിധേയനായി, അവന്റെ കാൽചുവടുകളെ അടുത്തു പിന്തുടരാൻ കഴിയേണ്ടതിന് “ഒരു മാതൃക”വെച്ചുകൊണ്ടുതന്നെ.—2:9, 13, 17, 21.
8. (എ) ഭാര്യമാർക്കും ഭർത്താക്കൻമാർക്കും എന്തു നല്ല ബുദ്ധ്യുപദേശം നൽകപ്പെടുന്നു? (ബി) ദൈവമുമ്പാകെ ഒരുവന് ഒരു നല്ല മനഃസാക്ഷി ലഭിക്കാൻ എന്താവശ്യമാണ്?
8 കീഴ്പ്പെടൽ ഭാര്യമാർക്കും ബാധകമാകുന്നു, അവർ അഗാധമായ ബഹുമാനത്തോടൊപ്പം നിർമലനടത്തയാൽ തങ്ങളുടെ അവിശ്വാസികളായ ഭർത്താക്കൻമാരെ നേടുകപോലും ചെയ്തേക്കാം. അവരുടെ താത്പര്യം ബാഹ്യാലങ്കാരത്തിലായിരിക്കരുത്. അത് അനുസരണമുണ്ടായിരുന്ന സാറായുടെ കാര്യത്തിലെന്നപോലെ “സൌമ്യതയും സാവധാനതയുമുളള മനസ്സു എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്റെ ഗൂഢമനുഷ്യൻ തന്നേ ആയിരിക്കണം; അതു ദൈവസന്നിധിയിൽ വിലയേറിയതാകുന്നു.” ഭർത്താക്കൻമാർ ഭാര്യമാരെ ‘ബലഹീന പാത്രങ്ങൾ’ എന്നപോലെയും “ജീവന്റെ കൃപെക്കു കൂട്ടവകാശികൾ” എന്നപോലെയും ബഹുമാനിക്കണം. എല്ലാ ക്രിസ്ത്യാനികളും സഹോദരസ്നേഹം പ്രകടമാക്കണം. ‘ജീവനെ ആഗ്രഹിക്കുന്നവൻ . . . ദോഷം വിട്ടകന്നു ഗുണം ചെയ്കയും സമാധാനം അന്വേഷിച്ചു പിന്തുടരുകയും ചെയ്യട്ടെ. കർത്താവിന്റെ [“യഹോവയുടെ,” NW] കണ്ണു നീതിമാൻമാരുടെ മേലു’ണ്ട്. മനുഷ്യരെ ഭയപ്പെടാതെ അവർ എല്ലായ്പോഴും തങ്ങളുടെ പ്രത്യാശക്കുവേണ്ടി പ്രതിവാദം നടത്താൻ ഒരുങ്ങിയിരിക്കണം. തിൻമചെയ്തിട്ടല്ല, ദൈവേഷ്ടമെങ്കിൽ നൻമചെയ്തിട്ടു കഷ്ടമനുഭവിക്കുന്നതു നല്ലതാണ്. “ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവർക്കുവേണ്ടി പാപം നിമിത്തം ഒരിക്കൽ കഷ്ടമനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏല്ക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.” പെട്ടകംപണിയിൽ പ്രകടിതമായ നോഹയുടെ വിശ്വാസം അവന്റെയും കുടുംബത്തിന്റെയും സംരക്ഷണത്തിൽ കലാശിച്ചു. ഒരു അനുരൂപവിധത്തിൽ, പുനരുത്ഥാനം പ്രാപിച്ച ക്രിസ്തുവിലുളള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ തങ്ങളേത്തന്നെ ദൈവത്തിനു സമർപ്പിച്ച് ആ വിശ്വാസത്തിന്റെ പ്രതീകമായി സ്നാപനമേററ് തുടർന്നു ദൈവേഷ്ടംചെയ്യുന്നവർ രക്ഷിക്കപ്പെടുകയും ദൈവം അവർക്ക് ഒരു നല്ല മനഃസാക്ഷി കൊടുക്കുകയും ചെയ്യുന്നു.—3:4, 7, 10-12, 18.
9. ക്രിസ്ത്യാനികൾക്ക് ഏതു മാനസികഭാവം ഉണ്ടായിരിക്കണം? എന്തു ഗണ്യമാക്കാതെ?
9 കഷ്ടപ്പാടു ഗണ്യമാക്കാതെ, ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ ദൈവേഷ്ടം ചെയ്യുന്നതിൽ സന്തോഷിക്കൽ (4:1–5:14). ക്രിസ്ത്യാനികൾക്കു ക്രിസ്തുവിന്റേതുപോലെയുളള അതേ മാനസികഭാവം ഉണ്ടായിരിക്കണം. ജനതകളോടൊപ്പം “ദുർന്നടപ്പിന്റെ അതേ കവിച്ചലിൽ” നടക്കാതിരിക്കുന്നതിനാൽ ക്രിസ്ത്യാനികളെ അവർ ദുഷിക്കുന്നുവെങ്കിലും മേലാൽ ജനതകളുടെയല്ല, ദൈവത്തിന്റെ ഇഷ്ടം മാത്രം ചെയ്യാനാണു ജീവിക്കേണ്ടത്. എല്ലാററിന്റെയും അവസാനം അടുത്തിരിക്കുന്നതുകൊണ്ട് അവർ സുബോധമുളളവരും പ്രാർഥനാനിരതരുമായി അന്യോന്യം ഉററു സ്നേഹിക്കുകയും ദൈവം മഹത്ത്വീകരിക്കപ്പെടേണ്ടതിന് എല്ലാം ചെയ്യുകയും വേണം. അവരുടെ ഇടയിൽ പീഡാനുഭവങ്ങൾ കത്തിക്കാളുമ്പോൾ അവർ അന്ധാളിക്കരുത്, എന്നാൽ അവർ ക്രിസ്തുവിന്റെ കഷ്ടപ്പാടുകളിൽ പങ്കാളികളെന്ന നിലയിൽ സന്തോഷിക്കണം. എന്നിരുന്നാലും ആരും ദുഷ്പ്രവൃത്തിക്കാരനായി കഷ്ടം സഹിക്കാതിരിക്കട്ടെ. ന്യായവിധി ദൈവഭവനത്തിൽ തുടങ്ങുന്നതിനാൽ “ദൈവേഷ്ടപ്രകാരം കഷ്ടം സഹിക്കുന്നവർ നൻമ ചെയ്തുകൊണ്ടു തങ്ങളുടെ പ്രാണനെ വിശ്വസ്തനായ സ്രഷ്ടാവിങ്കൽ ഭരമേല്പിക്കട്ടെ.”—4:4, 19.
10. പ്രായമേറിയവർക്കും ഇളയവർക്കും എന്തു ബുദ്ധ്യുപദേശം നൽകപ്പെടുന്നു, ഏതു ശക്തമായ ഉറപ്പോടെ പത്രൊസ് തന്റെ ലേഖനം അവസാനിപ്പിക്കുന്നു?
10 പ്രായമേറിയ പുരുഷൻമാർ ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മനസ്സോടെ, അതേ, ആകാംക്ഷയോടെ മേയിക്കണം. ആട്ടിൻകൂട്ടത്തിനു മാതൃകകളായിരിക്കുന്നതു മുഖ്യ ഇടയന്റെ പ്രത്യക്ഷതയിങ്കൽ അവർക്കു മഹത്ത്വത്തിന്റെ വാടാത്ത കിരീടത്തിന് ഉറപ്പുകൊടുക്കും. പ്രായക്കുറവുളള പുരുഷൻമാർ പ്രായമേറിയ പുരുഷൻമാർക്കു കീഴ്പ്പെട്ടിരിക്കട്ടെ, എല്ലാവർക്കും മനസ്സിന്റെ എളിമ വേണം; കാരണം “ദൈവം നിഗളികളോടു എതിർത്തു നിൽക്കുന്നു; താഴ്മയുളളവർക്കോ കൃപ നൽകുന്നു.” അവർ വിശ്വാസത്തിൽ ഉറപ്പുളളവരായി ആ “അലറുന്ന സിംഹ”മായ പിശാചിനെ സൂക്ഷിക്കട്ടെ. പത്രൊസ് തന്റെ ഉദ്ബോധനം ഉപസംഹരിക്കുമ്പോൾ വീണ്ടും ഉറപ്പിന്റെ ശക്തമായ വാക്കുകൾ മുഴങ്ങുന്നു: “എന്നാൽ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്റെ നിത്യതേജസ്സിന്നായി വിളിച്ചിരിക്കുന്ന സർവ്വകൃപാലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും. ബലം എന്നെന്നേക്കും അവന്നുളളതു. ആമേൻ.”—5:5, 8, 10, 11.
എന്തുകൊണ്ടു പ്രയോജനപ്രദം
11. മേൽവിചാരകൻമാർക്കു ബുദ്ധ്യുപദേശം കൊടുക്കുമ്പോൾ പത്രൊസ് യേശുവിന്റെയും പൗലൊസിന്റെയും ബുദ്ധ്യുപദേശം പിൻപററുന്നത് എങ്ങനെ?
11 പത്രൊസിന്റെ ഒന്നാമത്തെ ലേഖനത്തിൽ മേൽവിചാരകൻമാർക്കുളള നല്ല ഉപദേശം അടങ്ങിയിരിക്കുന്നു. യോഹന്നാൻ 21:15-17-ലെ യേശുവിന്റെ സ്വന്തം ബുദ്ധ്യുപദേശത്തെയും പ്രവൃത്തികൾ 20:25-35-ലെ പൗലൊസിന്റെ ബുദ്ധ്യുപദേശത്തെയും പിൻപററിക്കൊണ്ടു മേൽവിചാരകന്റെ വേല നിസ്വാർഥമായും മനസ്സോടെയും ആകാംക്ഷയോടെയും ചെയ്യേണ്ട ഒരു ഇടയവേലയാണെന്നു പത്രൊസ് വീണ്ടും പ്രകടമാക്കുന്നു. മേൽവിചാരകൻ ഒരു കീഴിടയനാണ്, “ഇടയശ്രേഷ്ഠ”നായ യേശുക്രിസ്തുവിനു കീഴ്പ്പെട്ടു സേവിക്കുന്നവനും ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിനുവേണ്ടി അവനോടു കണക്കുബോധിപ്പിക്കേണ്ടവനും തന്നെ. ഒരു മാതൃകയായും സകല താഴ്മയോടെയും അയാൾ ആട്ടിൻകൂട്ടത്തിന്റെ താത്പര്യങ്ങൾ നോക്കേണ്ടതാണ്.—5:2-4.
12. (എ) ഭരണാധികാരികളോടും ഉടമകളോടും എന്ത് ആപേക്ഷികകീഴ്പ്പെടൽ പ്രകടമാക്കേണ്ടതാണ്? (ബി) ഭാര്യയുടെ കീഴ്പ്പെടലും ഭർത്താവിന്റെ ശിരഃസ്ഥാനവും സംബന്ധിച്ചു പത്രൊസ് എന്തു ബുദ്ധ്യുപദേശിക്കുന്നു? (സി) ലേഖനത്തിലുടനീളം ഏതു ക്രിസ്തീയ ഗുണത്തെ ഊന്നിപ്പറഞ്ഞിരിക്കുന്നു?
12 ക്രിസ്തീയ കീഴ്പ്പെടലിന്റെ മററനേകം വശങ്ങളെ പത്രൊസിന്റെ ലേഖനത്തിൽ സ്പർശിക്കുന്നുണ്ട്, മികച്ച ബുദ്ധ്യുപദേശം നൽകുന്നുമുണ്ട്. 1 പത്രൊസ് 2:13-17-ൽ രാജാവും ഗവർണറുംപോലെയുളള ഭരണാധികാരികളോട് ഉചിതമായ കീഴ്പ്പെടൽ കാട്ടാൻ ഉപദേശിക്കുന്നു. എന്നിരുന്നാലും, ഇതു “ദൈവഭയ”ത്തോടുകൂടെ കർത്താവിൻനിമിത്തമുളള ഒരു ആപേക്ഷിക കീഴ്പ്പെടലായിരിക്കണം, ക്രിസ്ത്യാനികൾ ദൈവത്തിന്റെ അടിമകളാണല്ലോ. വീട്ടുദാസൻമാർ അവരുടെ ഉടമകൾക്കു കീഴ്പെട്ടിരിക്കാനും “ദൈവത്തെക്കുറിച്ചുളള മനോബോധം [“മനഃസാക്ഷി,” NW] നിമിത്തം” കഷ്ടമനുഭവിക്കേണ്ടതുണ്ടെങ്കിൽ സഹിച്ചുനിൽക്കാനും ഉദ്ബോധിപ്പിക്കപ്പെടുന്നു. അവിശ്വാസികളായ ഭർത്താക്കൻമാർ ഉൾപ്പെടെ ഭർത്താക്കൻമാരോടുളള കീഴ്പ്പെടൽസംബന്ധിച്ച് അമൂല്യമായ ബുദ്ധ്യുപദേശം ഭാര്യമാർക്കും കൊടുക്കപ്പെടുന്നു. അവരുടെ നിർമലവും ആദരപൂർവകവുമായ നടത്ത “ദൈവസന്നിധിയിൽ വിലയേറിയതാകുന്നു”വെന്നും അതു ഭർത്താക്കൻമാരെ സത്യത്തിലേക്കു നേടുകപോലും ചെയ്തേക്കാമെന്നും കാണിക്കുന്നുമുണ്ട്. ഇവിടെ പത്രൊസ് ആശയത്തിന് അടിവരയിടുന്നതിന് അബ്രഹാമിനോടുളള സാറായുടെ വിശ്വസ്ത കീഴ്പ്പെടലിന്റെ ദൃഷ്ടാന്തം ഉപയോഗിക്കുന്നു. (1 പത്രൊ. 2:17-20; 3:1-6; ഉല്പ. 18:12) ക്രമത്തിൽ ഭർത്താക്കൻമാർ “ബലഹീനപാത്ര”ത്തോട് ഉചിതമായ പരിഗണനയോടെ ശിരഃസ്ഥാനം പ്രകടമാക്കണം. ഈ വിഷയം സംബന്ധിച്ചു പിന്നെയും ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “അവണ്ണം ഇളയവരേ, മൂപ്പൻമാർക്കു കീഴടങ്ങുവിൻ.” പിന്നീട് അവൻ തന്റെ ലേഖനത്തിലുടനീളം ഊന്നിപ്പറഞ്ഞിരിക്കുന്ന ഒരു ക്രിസ്തീയ ഗുണമായ മനസ്സിന്റെ എളിമക്ക്, താഴ്മക്ക്, ദൃഢത കൊടുക്കുന്നു.—1 പത്രൊ. 3:7-9; 5:5-7; 2:21-25.
13. (എ) ദൈവം ക്രിസ്തീയ സഭയെ വിളിച്ചുവേർതിരിച്ചിരിക്കുന്നതിന്റെ ഉദ്ദേശ്യം പത്രൊസ് തന്റെ ലേഖനത്തിൽ വ്യക്തമാക്കുന്നതെങ്ങനെ? (ബി) പത്രൊസ് ഏതു സന്തോഷകരമായ അവകാശത്തിലേക്കു വിരൽചൂണ്ടുന്നു, അത് ആർ പ്രാപിക്കുന്നു?
13 അഗ്നിപരിശോധനകളും പീഡനങ്ങളും വീണ്ടും ആളിക്കത്താൻ തുടങ്ങിക്കൊണ്ടിരുന്ന ഒരു സമയത്തു പത്രൊസ് ശക്തീകരിക്കുന്ന പ്രോത്സാഹനം നൽകി. അവന്റെ ലേഖനം ഇന്ന് അത്തരം പരിശോധനകളെ അഭിമുഖീകരിക്കുന്ന എല്ലാവർക്കും തീർച്ചയായും വിലതീരാത്തതാണ്. “ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ” എന്ന യഹോവയുടെ വചനങ്ങൾ ഉദ്ധരിക്കുന്നതിൽ അവൻ എബ്രായ തിരുവെഴുത്തുകളെ ഉപയോഗിക്കുന്നത് എങ്ങനെയെന്നു കാണുക. (1 പത്രൊ. 1:16; ലേവ്യ. 11:44) പിന്നീടു വീണ്ടും, മററു നിശ്വസ്ത തിരുവെഴുത്തുകളെ ധാരാളമായി പരാമർശിക്കുന്ന ഒരു ഭാഗത്ത് ക്രിസ്തു എന്ന അടിസ്ഥാനത്തിൻമേൽ ജീവനുളള കല്ലുകൾ കൊണ്ട് ഒരു ആത്മീയഗൃഹമായി ക്രിസ്തീയസഭ പണിയപ്പെടുന്നത് എങ്ങനെയെന്ന് അവൻ കാണിച്ചുതരുന്നു. എന്തുദ്ദേശ്യത്തിൽ? പത്രൊസ് ഉത്തരം പറയുന്നു: “നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവുമാകുന്നു.” (1 പത്രൊ. 2:4-10; യെശ. 28:16; സങ്കീ. 118:22; യെശ. 8:14; പുറ. 19:5, 6; യെശ. 43:21; ഹോശേ. 1:10; 2:23) ദൈവത്തിന്റെ മുഴു വിശുദ്ധജനതയുമുൾപ്പെടുന്ന പൊതു പുരോഹിതവർഗത്തിന്, ഈ “രാജകീയ പുരോഹിതവർഗ്ഗ”ത്തിനാണ്, പത്രൊസ് ‘ക്ഷയം, മാലിന്യം, വാട്ടം എന്നിവ ഇല്ലാത്ത അവകാശ’ത്തിന്റെ രാജ്യവാഗ്ദത്തം, “തേജസ്സിന്റെ വാടാത്ത കിരീടം,” ‘ക്രിസ്തുവിലെ നിത്യതേജസ്സ്’ വെച്ചുനീട്ടുന്നത്. അങ്ങനെ, അവർ “അവന്റെ തേജസ്സിന്റെ പ്രത്യക്ഷതയിങ്കൽ ഉല്ലസിച്ചാനന്ദി”ക്കേണ്ടതിനു സന്തോഷിച്ചുകൊണ്ടേയിരിക്കാൻ അതിയായി പ്രോത്സാഹിപ്പിക്കപ്പെടുന്നു.—1 പത്രൊ. 1:4; 5:4, 10; 4:13.
[അടിക്കുറിപ്പുകൾ]
a മക്ലിന്റോക്കിന്റെയും സ്ട്രോംഗിന്റെയും സൈക്ലോപീഡിയ, 1981 പുനർമുദ്രണം, വാല്യം VIII, പേജ് 15.
b പുതിയ ബൈബിൾ നിഘണ്ടു, രണ്ടാം പതിപ്പ്, 1986, ജെ. ഡി. ഡഗ്ലസ് സംവിധാനംചെയ്തത്, പേജ് 918.
c യെരുശലേം, 1971, വാല്യം 15, കോളം 755.