അധ്യായം പതിനൊന്ന്
മിശിഹായുടെ ആഗമന സമയം വെളിപ്പെടുത്തപ്പെടുന്നു
1. യഹോവ വലിയ സമയ പാലകൻ ആയതിനാൽ നമുക്ക് എന്ത് ഉറപ്പ് ഉണ്ടായിരിക്കാവുന്നതാണ്?
യഹോവ വലിയ സമയ പാലകൻ ആണ്. തന്റെ പ്രവർത്തനത്തോടു ബന്ധപ്പെട്ട എല്ലാ സമയങ്ങളും കാലങ്ങളും അവന്റെ നിയന്ത്രണത്തിൽ ആണ്. (പ്രവൃത്തികൾ 1:7) ഈ സമയങ്ങളിലേക്കും കാലങ്ങളിലേക്കുമായി അവൻ നിശ്ചയിച്ചിരിക്കുന്ന സകല സംഭവങ്ങളും നടക്കുമെന്ന് ഉറപ്പാണ്. അവ പരാജയപ്പെടില്ല.
2, 3. ദാനീയേൽ ഏതു പ്രവചനത്തിനാണു ശ്രദ്ധനൽകിയത്, ആ സമയത്ത് ഏതു സാമ്രാജ്യം ആയിരുന്നു ബാബിലോൺ ഭരിച്ചിരുന്നത്?
2 തിരുവെഴുത്തുകളുടെ ഉത്സാഹമുള്ള ഒരു പഠിതാവ് ആയിരുന്ന ദാനീയേൽ പ്രവാചകന്, സംഭവങ്ങൾ പട്ടികപ്പെടുത്താനും നടപ്പാക്കാനുമുള്ള യഹോവയുടെ കഴിവിൽ വിശ്വാസം ഉണ്ടായിരുന്നു. യെരൂശലേമിന്റെ ശൂന്യമാക്കലിനോടു ബന്ധപ്പെട്ട പ്രവചനങ്ങൾ ദാനീയേലിനു വിശേഷാൽ താത്പര്യമുള്ളവ ആയിരുന്നു. വിശുദ്ധ നഗരം എത്രകാലം ശൂന്യമായി കിടക്കും എന്നതു സംബന്ധിച്ചു യഹോവ വെളിപ്പെടുത്തിയിരുന്നത് യിരെമ്യാവ് രേഖപ്പെടുത്തിയിരുന്നു. ദാനീയേൽ ആ പ്രവചനം ശ്രദ്ധാപൂർവം വിചിന്തനം ചെയ്തു. അവൻ എഴുതി: “കല്ദയരാജ്യത്തിന്നു രാജാവായിത്തീർന്നവനും മേദ്യസന്തതിയിൽ ഉള്ള അഹശ്വേരോശിന്റെ മകനുമായ ദാര്യാവേശിന്റെ ഒന്നാം ആണ്ടിൽ, അവന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ തന്നേ, ദാനീയേൽ എന്ന ഞാൻ: യെരൂശലേമിന്റെ ശൂന്യാവസ്ഥ എഴുപതു സംവത്സരംകൊണ്ടു തീരും എന്നിങ്ങനെ യഹോവയുടെ അരുളപ്പാടു യിരെമ്യാപ്രവാചകന്നുണ്ടായ പ്രകാരം ഒരു കാലസംഖ്യ പുസ്തകങ്ങളിൽനിന്നു ഗ്രഹിച്ചു.”—ദാനീയേൽ 9:1, 2; യിരെമ്യാവു 25:11.
3 മേദ്യനായ ദാര്യാവേശ് അന്നു ‘കല്ദയരാജ്യം’ ഭരിക്കുകയായിരുന്നു. ചുവരിലെ കയ്യെഴുത്തു വ്യാഖ്യാനിച്ചുകൊണ്ട് ദാനീയേൽ മുൻകൂട്ടി പറഞ്ഞ സംഗതി സത്വരം നിവൃത്തിയേറിയിരുന്നു. ബാബിലോണിയൻ സാമ്രാജ്യം പൊയ്പ്പോയിരുന്നു. പൊ.യു.മു. 539-ൽ അതു “മേദ്യർക്കും പാർസികൾക്കും കൊടുത്തി”രുന്നു.—ദാനീയേൽ 5:24-28, 30, 31.
ദാനീയേൽ യഹോവയോടു താഴ്മയോടെ അപേക്ഷിക്കുന്നു
4. (എ) ദൈവത്തിൽനിന്നുള്ള വിടുതൽ അനുഭവിക്കാൻ എന്താണ് ആവശ്യമായിരുന്നത്? (ബി) ദാനീയേൽ യഹോവയെ സമീപിക്കാൻ ഒരുങ്ങിയത് എങ്ങനെ?
4 യെരൂശലേമിന്റെ 70 വർഷത്തെ ശൂന്യാവസ്ഥ അവസാനിക്കാറായെന്നു ദാനീയേൽ മനസ്സിലാക്കി. തുടർന്ന് അവൻ എന്തു ചെയ്യുമായിരുന്നു? അവൻതന്നെ നമ്മോടു പറയുന്നു: “അപ്പോൾ ഞാൻ ഉപവസിച്ചും രട്ടുടുത്തും വെണ്ണീരിൽ ഇരുന്നുംകൊണ്ടു പ്രാർത്ഥനയോടും യാചനകളോടുംകൂടെ അപേക്ഷിക്കേണ്ടതിന്നു ദൈവമായ കർത്താവിങ്കലേക്കു മുഖം തിരിച്ചു. എന്റെ ദൈവമായ യഹോവയോടു ഞാൻ പ്രാർത്ഥിച്ചു.” (ദാനീയേൽ 9:3, 4) ദൈവത്തിന്റെ കരുണാപൂർവകമായ വിടുതൽ അനുഭവിക്കാൻ ശരിയായ ഒരു ഹൃദയനില വേണമായിരുന്നു. (ലേവ്യപുസ്തകം 26:31-46; 1 രാജാക്കന്മാർ 8:46-53) വിശ്വാസവും താഴ്മയും പ്രവാസത്തിലേക്കും അടിമത്തത്തിലേക്കും നയിച്ച പാപങ്ങൾ സംബന്ധിച്ച പൂർണമായ അനുതാപവും ആവശ്യമായിരുന്നു. അതുകൊണ്ട് പാപപൂർണരായ തന്റെ ജനത്തിനു വേണ്ടി ദൈവത്തെ സമീപിക്കാൻ ദാനീയേൽ ഒരുങ്ങി. എങ്ങനെ? ഉപവസിക്കുകയും വിലപിക്കുകയും രട്ടുടുക്കുകയും ചെയ്തുകൊണ്ട്. അത് അനുതാപത്തിന്റെയും ഹൃദയപരമാർഥതയുടെയും ഒരു അടയാളം ആയിരുന്നു.
5. യഹൂദന്മാർ തങ്ങളുടെ സ്വദേശത്തു പുനഃസ്ഥിതീകരിക്കപ്പെടുമെന്ന് ദാനീയേലിന് ഉറപ്പുണ്ടായിരിക്കാൻ കഴിയുമായിരുന്നത് എന്തുകൊണ്ട്?
5 യിരെമ്യാവിന്റെ പ്രവചനം ദാനീയേലിനു പ്രത്യാശ പകർന്നിരുന്നു. കാരണം യഹൂദന്മാർ പെട്ടെന്നുതന്നെ തങ്ങളുടെ സ്വദേശമായ യഹൂദയിൽ പുനഃസ്ഥിതീകരിക്കപ്പെടുമെന്ന് അതു സൂചിപ്പിച്ചു. (യിരെമ്യാവു 25:12; 29:10) കീഴടക്കപ്പെട്ട യഹൂദന്മാർക്കു വിടുതൽ ലഭിക്കുമെന്നു ദാനീയേലിനു നല്ല ഉറപ്പുണ്ടായിരുന്നു. കാരണം, കോരെശ് എന്നു പേരായ ഒരുവൻ അപ്പോൾത്തന്നെ പേർഷ്യൻ രാജാവായി വാഴ്ച നടത്തുകയായിരുന്നു. യെരൂശലേമും അതിലെ ആലയവും പുനർനിർമിക്കാനായി യഹൂദന്മാരെ സ്വതന്ത്രരാക്കാൻ ഒരു ഉപകരണമായി ഉപയോഗിക്കപ്പെടുന്നതു കോരെശ് ആയിരിക്കുമെന്നു യെശയ്യാവ് മുൻകൂട്ടി പറഞ്ഞിരുന്നല്ലോ. (യെശയ്യാവു 44:28–45:3) എന്നാൽ അത് എപ്രകാരം സംഭവിക്കുമെന്നു ദാനീയേലിന് യാതൊരു നിശ്ചയവും ഇല്ലായിരുന്നു. അതുകൊണ്ട് അവൻ യഹോവയോട് അപേക്ഷിക്കുന്നതു തുടർന്നു.
6. പ്രാർഥനയിൽ ദാനീയേൽ എന്തു സമ്മതിച്ചു പറഞ്ഞു?
6 ദൈവത്തിന്റെ കരുണയിലേക്കും സ്നേഹദയയിലേക്കും ദാനീയേൽ ശ്രദ്ധ തിരിച്ചു. മത്സരിക്കുകയും യഹോവയുടെ കൽപ്പനകളിൽനിന്നു വ്യതിചലിക്കുകയും അവന്റെ പ്രവാചകന്മാരെ അവഗണിക്കുകയും ചെയ്തുകൊണ്ട് യഹൂദന്മാർ പാപം ചെയ്തെന്നു ദാനീയേൽ വിനീതമായി സമ്മതിച്ചു. “ദ്രോഹം [“അവിശ്വസ്തത,” NW] ഹേതുവായി [ദൈവം] അവരെ നീക്കിക്കളഞ്ഞ”ത് ഉചിതമായിരുന്നു. ദാനീയേൽ ഇങ്ങനെ പ്രാർഥിച്ചു: “കർത്താവേ, ഞങ്ങൾ നിന്നോടു പാപം ചെയ്തിരിക്കയാൽ ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പിതാക്കന്മാരും ലജ്ജിക്കേണ്ടതു തന്നേ. ഞങ്ങളുടെ ദൈവമായ കർത്താവിന്റെ പക്കൽ കരുണയും മോചനവും ഉണ്ടു; ഞങ്ങളോ അവനോടു മത്സരിച്ചു. അവൻ തന്റെ ദാസന്മാരായ പ്രവാചകന്മാർ മുഖാന്തരം ഞങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്ന ന്യായപ്രമാണപ്രകാരം നടപ്പാൻ ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേട്ടനുസരിച്ചില്ല. യിസ്രായേലൊക്കെയും നിന്റെ വചനം കേട്ടനുസരിക്കാതെ വിട്ടുമാറി നിന്റെ ന്യായപ്രമാണം ലംഘിച്ചിരിക്കുന്നു; ഇങ്ങനെ ഞങ്ങൾ അവനോടു പാപം ചെയ്തിരിക്കയാൽ ദൈവത്തിന്റെ ദാസനായ മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന ശാപവും ആണയും ഞങ്ങളുടെമേൽ ചൊരിഞ്ഞിരിക്കുന്നു.”—ദാനീയേൽ 9:5-11; പുറപ്പാടു 19:5-8; 24:3, 7, 8.
7. യഹൂദന്മാർ പ്രവാസത്തിലേക്കു പോകാൻ യഹോവ അനുവദിച്ചത് ഉചിതമായിരുന്നു എന്നു പറയാവുന്നത് എന്തുകൊണ്ട്?
7 യിസ്രായേല്യർ തന്നോട് അനുസരണക്കേടു കാണിക്കുകയും താൻ അവരുമായി ചെയ്തിരിക്കുന്ന ഉടമ്പടിയോട് അനാദരവു കാട്ടുകയും ചെയ്യുന്നതിന്റെ ഭവിഷ്യത്തുകളെ കുറിച്ചു ദൈവം അവർക്കു മുന്നറിയിപ്പു നൽകിയിരുന്നു. (ലേവ്യപുസ്തകം 26:31-33; ആവർത്തനപുസ്തകം 28:15; 31:17) ദൈവത്തിന്റെ പ്രവൃത്തികളുടെ നീതിയുക്തത സമ്മതിച്ചുകൊണ്ട് ദാനീയേൽ പറയുന്നു: “അവൻ വലിയ അനർത്ഥം ഞങ്ങളുടെമേൽ വരുത്തിയതിനാൽ ഞങ്ങൾക്കും ഞങ്ങൾക്കു ന്യായപാലനം നടത്തിവന്ന ന്യായാധിപന്മാർക്കും വിരോധമായി താൻ അരുളിച്ചെയ്ത വചനങ്ങളെ നിവർത്തിച്ചിരിക്കുന്നു; യെരൂശലേമിൽ സംഭവിച്ചതുപോലെ ആകാശത്തിൻ കീഴിലെങ്ങും സംഭവിച്ചിട്ടില്ലല്ലോ. മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഞങ്ങൾക്കു ഈ അനർത്ഥം ഒക്കെയും വന്നിരിക്കുന്നു; എന്നിട്ടും ഞങ്ങൾ ഞങ്ങളുടെ അകൃത്യങ്ങളെ വിട്ടുതിരിഞ്ഞു നിന്റെ സത്യത്താൽ ബുദ്ധിപഠിക്കേണ്ടതിന്നു ഞങ്ങളുടെ ദൈവമായ യഹോവയുടെ കൃപെക്കായി യാചിച്ചില്ല. അതുകൊണ്ടു യഹോവ അനർത്ഥത്തിന്നായി ജാഗരിച്ചിരുന്നു അതു ഞങ്ങളുടെ മേൽ വരുത്തിയിരിക്കുന്നു; ഞങ്ങളുടെ ദൈവമായ യഹോവ താൻ ചെയ്യുന്ന സകല പ്രവൃത്തികളിലും നീതിമാനാകുന്നു; ഞങ്ങളോ അവന്റെ വചനം കേട്ടനുസരിച്ചില്ല.”—ദാനീയേൽ 9:12-14.
8. യഹോവയോടുള്ള തന്റെ അഭ്യർഥനയെ ദാനീയേൽ എന്തിൽ അടിസ്ഥാനപ്പെടുത്തുന്നു?
8 തന്റെ ജനത്തിന്റെ പ്രവൃത്തികളെ ന്യായീകരിക്കാൻ ദാനീയേൽ തുനിയുന്നില്ല. അവരുടെ പ്രവാസം അവർ ന്യായമായും അർഹിക്കുന്നത് ആയിരുന്നു. അവൻ മനസ്സോടെ ഇങ്ങനെ കുറ്റസമ്മതം നടത്തുന്നു: “ഞങ്ങൾ പാപം ചെയ്തു ദുഷ്ടത പ്രവർത്തിച്ചിരിക്കുന്നു.” (ദാനീയേൽ 9:15) ദുരിതത്തിൽനിന്നുള്ള വിടുതൽ മാത്രമായിരുന്നില്ല അവന്റെ താത്പര്യം. അല്ല, അവൻ തന്റെ അപേക്ഷയെ യഹോവയുടെ മഹത്ത്വത്തിലും ബഹുമതിയിലും അടിസ്ഥാനപ്പെടുത്തുന്നു. യഹൂദന്മാരോടു ക്ഷമിച്ച് അവരെ സ്വദേശത്തു പുനഃസ്ഥാപിക്കുക വഴി ദൈവം യിരെമ്യാവിലൂടെയുള്ള തന്റെ വാഗ്ദാനം നിവർത്തിക്കുകയും തന്റെ വിശുദ്ധ നാമത്തെ പവിത്രീകരിക്കുകയും ചെയ്യുമായിരുന്നു. ദാനീയേൽ ഇങ്ങനെ അഭ്യർഥിക്കുന്നു: “കർത്താവേ, നിന്റെ സർവ്വനീതിക്കും ഒത്തവണ്ണം നിന്റെ കോപവും ക്രോധവും നിന്റെ വിശുദ്ധപർവ്വതമായ യെരൂശലേം നഗരത്തിൽനിന്നു നീങ്ങിപ്പോകുമാറാകട്ടെ; ഞങ്ങളുടെ പാപങ്ങൾനിമിത്തവും ഞങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങൾനിമിത്തവും യെരൂശലേമും നിന്റെ ജനവും ഞങ്ങൾക്കു ചുററും ഉള്ള എല്ലാവർക്കും നിന്ദയായി തീർന്നിരിക്കുന്നുവല്ലോ.”—ദാനീയേൽ 9:16.
9. (എ) ഏതു യാചനകളോടെയാണ് ദാനീയേൽ തന്റെ പ്രാർഥന ഉപസംഹരിക്കുന്നത്? (ബി) ദാനീയേലിനെ വിഷമിപ്പിക്കുന്നത് എന്ത്, എന്നാൽ ദൈവനാമത്തോട് അവൻ ആദരവു കാട്ടുന്നത് എങ്ങനെ?
9 തന്റെ ഉള്ളുരുകിയുള്ള പ്രാർഥന ദാനീയേൽ തുടരുന്നു: “ആകയാൽ ഞങ്ങളുടെ ദൈവമേ, അടിയന്റെ പ്രാർത്ഥനയും യാചനകളും കേട്ടു ശൂന്യമായിരിക്കുന്ന നിന്റെ വിശുദ്ധമന്ദിരത്തിന്മേൽ കർത്താവിൻനിമിത്തം തിരുമുഖം പ്രകാശിക്കുമാറാക്കേണമേ. എന്റെ ദൈവമേ, ചെവി ചായിച്ചു കേൾക്കേണമേ; കണ്ണു തുറന്നു ഞങ്ങളുടെ നാശങ്ങളെയും നിന്റെ നാമം വിളിച്ചിരിക്കുന്ന നഗരത്തെയും കടാക്ഷിക്കേണമേ; ഞങ്ങൾ ഞങ്ങളുടെ നീതിപ്രവൃത്തികളിൽ അല്ല, നിന്റെ മഹാകരുണയിൽ അത്രേ ആശ്രയിച്ചുകൊണ്ടു ഞങ്ങളുടെ യാചനകളെ തിരുസന്നിധിയിൽ ബോധിപ്പിക്കുന്നു. കർത്താവേ, കേൾക്കേണമേ; കർത്താവേ, ക്ഷമിക്കേണമേ; കർത്താവേ, ചെവിക്കൊണ്ടു പ്രവർത്തിക്കേണമേ; എന്റെ ദൈവമേ, നിന്നെത്തന്നെ ഓർത്തു താമസിക്കരുതേ; [നിന്റെ നഗരത്തിന്മേലും ജനത്തിന്മേലും] നിന്റെ നാമം വിളിച്ചിരിക്കുന്നുവല്ലോ.” (ദാനീയേൽ 9:17-19) ദൈവം തന്റെ ജനത്തോടു ക്ഷമിക്കാതിരിക്കുകയും അവരെ പ്രവാസത്തിൽ ഉപേക്ഷിച്ചുകൊണ്ട് തന്റെ വിശുദ്ധ നഗരമായ യെരൂശലേം അനിശ്ചിത കാലം ശൂന്യമായി കിടക്കാൻ അനുവദിക്കുകയും ചെയ്തിരുന്നെങ്കിൽ ജനതകൾ അവനെ അഖിലാണ്ഡ പരമാധികാരിയായി വീക്ഷിക്കുമായിരുന്നോ? ബാബിലോണിയൻ ദേവന്മാരുടെ ശക്തിക്കു മുന്നിൽ യഹോവ അശക്തൻ ആണെന്ന് അവർ നിഗമനം ചെയ്യുമായിരുന്നില്ലേ? ഉവ്വ്, യഹോവയുടെ നാമം നിന്ദിക്കപ്പെടുമായിരുന്നു. അതു ദാനീയേലിനെ വല്ലാതെ വിഷമിപ്പിക്കുന്നു. ദാനീയേൽ പുസ്തകത്തിൽ യഹോവ എന്ന ദിവ്യനാമം 19 പ്രാവശ്യം കാണപ്പെടുന്നു, അതിൽ 18-ഉം ഈ പ്രാർഥനയോടുള്ള ബന്ധത്തിലാണ്!
ഗബ്രീയേൽ വേഗം എത്തുന്നു
10. (എ) ദാനീയേലിന്റെ അടുത്തേക്ക് അയച്ചത് ആരെ, എന്തുകൊണ്ട്? (ബി) ദാനീയേൽ ഗബ്രീയേലിനെക്കുറിച്ച് ഒരു “പുരുഷൻ” എന്നപോലെ സംസാരിച്ചത് എന്തുകൊണ്ട്?
10 ദാനീയേൽ തുടർന്നും പ്രാർഥിച്ചുകൊണ്ടിരിക്കെ ഗബ്രീയേൽ ദൂതൻ പ്രത്യക്ഷപ്പെടുന്നു. അവൻ പറയുന്നു: “ദാനീയേലേ, നിനക്കു ബുദ്ധി ഉപദേശിച്ചുതരേണ്ടതിന്നു ഞാൻ ഇപ്പോൾ വന്നിരിക്കുന്നു. നീ ഏററവും പ്രിയനാകയാൽ നിന്റെ യാചനകളുടെ ആരംഭത്തിങ്കൽ തന്നേ കല്പന പുറപ്പെട്ടു, നിന്നോടു അറിയിപ്പാൻ ഞാൻ വന്നുമിരിക്കുന്നു; അതുകൊണ്ടു നീ കാര്യം ചിന്തിച്ചു ദർശനം ഗ്രഹിച്ചുകൊൾക.” എന്നാൽ ദാനീയേൽ അവനെക്കുറിച്ച് “ഗബ്രീയേൽ എന്ന പുരുഷൻ [“മനുഷ്യൻ,” NW]” എന്നു പറഞ്ഞത് എന്തുകൊണ്ട്? (ദാനീയേൽ 9:20-23) കൊള്ളാം, ആട്ടുകൊറ്റനെയും കോലാട്ടുകൊറ്റനെയും കുറിച്ചുള്ള മുൻ ദർശനത്തിന്റെ അർഥം ദാനീയേൽ ആരാഞ്ഞപ്പോൾ ‘ഒരു പുരുഷരൂപം [“മനുഷ്യരൂപം,” NW] അവന്റെ മുമ്പിൽ’ പ്രത്യക്ഷപ്പെട്ടു. ദാനീയേലിന് ഉൾക്കാഴ്ച നൽകാൻ അയയ്ക്കപ്പെട്ട ഗബ്രീയേൽ ദൂതൻ ആയിരുന്നു അത്. (ദാനീയേൽ 8:15-17) സമാനമായി, ദാനീയേലിന്റെ പ്രാർഥനയെ തുടർന്ന് ഈ ദൂതൻ മനുഷ്യസമാന രൂപത്തിൽ അവന്റെ അടുത്തു വന്ന് ഒരു മനുഷ്യൻ മറ്റൊരുവനോടു സംസാരിക്കുന്നതുപോലെ സംസാരിച്ചു.
11, 12. (എ) ബാബിലോണിൽ യഹോവയുടെ ആലയമോ യാഗപീഠമോ ഇല്ലായിരുന്നെങ്കിലും, ന്യായപ്രമാണം അനുശാസിച്ച യാഗങ്ങളോടു ദൈവഭക്തിയുള്ള യഹൂദന്മാർ ആദരവു കാട്ടിയത് എങ്ങനെ? (ബി) ദാനീയേലിനെ “ഏററവും പ്രിയനാ”യവൻ എന്നു വിളിച്ചത് എന്തുകൊണ്ട്?
11 “സന്ധ്യായാഗത്തിന്റെ നേര”ത്താണ് ഗബ്രീയേൽ എത്തുന്നത്. യെരൂശലേമിലെ ആലയത്തോടൊപ്പം യഹോവയുടെ യാഗപീഠവും നശിപ്പിക്കപ്പെട്ടിരുന്നു. യഹൂദന്മാരാകട്ടെ, പുറജാതീയ ബാബിലോണിയരുടെ തടവുകാരായിരുന്നു. അതുകൊണ്ട് ബാബിലോണിലെ യഹൂദന്മാർ ദൈവത്തിനു യാഗങ്ങൾ അർപ്പിച്ചിരുന്നില്ല. എന്നാൽ, മോശൈക ന്യായപ്രമാണം അനുസരിച്ച് യാഗങ്ങൾ അർപ്പിക്കേണ്ടിയിരുന്ന സമയങ്ങളിൽ യഹോവയെ സ്തുതിക്കുകയും അവനോടു അപേക്ഷിക്കുകയും ചെയ്യുന്നതു ബാബിലോണിലെ ദൈവഭക്തിയുള്ള യഹൂദന്മാരെ സംബന്ധിച്ചിടത്തോളം സമുചിതം ആയിരുന്നു. ദൈവത്തോട് ആഴമായ ഭക്തി ഉണ്ടായിരുന്ന ഒരുവൻ എന്ന നിലയിൽ ദാനീയേൽ “ഏററവും പ്രിയനാ”യവൻ എന്നു വിളിക്കപ്പെട്ടു. “പ്രാർത്ഥന കേൾക്കുന്നവനായ” യഹോവ അവനിൽ സംപ്രീതനായി. ദാനീയേലിന്റെ വിശ്വാസത്തോടു കൂടിയ പ്രാർഥനയ്ക്ക് ഉത്തരം നൽകാൻ ദൈവം ഗബ്രീയേലിനെ വേഗം അയച്ചു.—സങ്കീർത്തനം 65:2.
12 യഹോവയോടു പ്രാർഥിക്കുന്നതു തന്റെ ജീവനു ഭീഷണി ഉയർത്തിയപ്പോൾ പോലും ദിവസവും മൂന്നു പ്രാവശ്യം ദൈവത്തോടു പ്രാർഥിക്കുന്ന രീതി ദാനീയേൽ തുടർന്നു. (ദാനീയേൽ 6:10, 11) യഹോവ അവനെ വളരെ പ്രിയപ്പെട്ടവനായി കണ്ടതിൽ യാതൊരു അതിശയവുമില്ല! പ്രാർഥനയ്ക്കു പുറമേ, ദൈവവചനത്തെ കുറിച്ചുള്ള ധ്യാനവും യഹോവയുടെ ഹിതം തിട്ടപ്പെടുത്താൻ ദാനീയേലിനെ പ്രാപ്തനാക്കി. ദാനീയേൽ പ്രാർഥനയിൽ ഉറ്റിരുന്നു. പ്രാർഥനയ്ക്ക് ഉത്തരം ലഭിക്കാൻ തക്കവണ്ണം യഹോവയെ ഉചിതമായി സമീപിക്കേണ്ടത് എങ്ങനെയെന്നും ദാനീയേലിന് അറിയാമായിരുന്നു. അവൻ ദൈവനീതി ഉയർത്തിപ്പിടിച്ചു. (ദാനീയേൽ 9:7, 14, 16) അവന്റെ എതിരാളികൾക്ക് അവനിൽ യാതൊരു കുറ്റവും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും താൻ ദൈവദൃഷ്ടിയിൽ ഒരു പാപി ആണെന്നു ദാനീയേലിന് അറിയാമായിരുന്നു. അവൻ തന്റെ പാപം മനസ്സോടെ ഏറ്റുപറയുകയും ചെയ്തു.—ദാനീയേൽ 6:4; റോമർ 3:23.
പാപത്തെ ഇല്ലായ്മ ചെയ്യാൻ “എഴുപത് ആഴ്ചകൾ”
13, 14. (എ) ഗബ്രീയേൽ ഏതു പ്രധാനപ്പെട്ട വിവരം ദാനീയേലിനു വെളിപ്പെടുത്തി? (ബി) “എഴുപത് ആഴ്ചകൾ”ക്ക് എത്ര ദൈർഘ്യമുണ്ട്, നാം അത് അറിയുന്നത് എങ്ങനെ?
13 എത്ര മഹത്തായ ഒരു ഉത്തരമാണു പ്രാർഥനാ നിരതനായ ദാനീയേലിനു ലഭിക്കുന്നത്! യഹൂദന്മാർ തങ്ങളുടെ സ്വദേശത്തു പുനഃസ്ഥിതീകരിക്കപ്പെടും എന്ന ഉറപ്പു മാത്രമല്ല, വളരെയേറെ പ്രാധാന്യമുള്ള ഒരു സംഗതിയെ കുറിച്ച്, അതായത് മുൻകൂട്ടി പറയപ്പെട്ട മിശിഹായുടെ പ്രത്യക്ഷപ്പെടലിനെ കുറിച്ച്, ഉള്ള ഉൾക്കാഴ്ചയും യഹോവ അവനു നൽകി. (ഉല്പത്തി 22:17, 18; യെശയ്യാവു 9:6, 7) ഗബ്രീയേൽ ദാനീയേലിനോടു പറയുന്നു: “ലംഘനത്തിന് അന്തം വരുത്താനും പാപത്തെ ഇല്ലായ്മ ചെയ്യാനും തെറ്റിനു പ്രായശ്ചിത്തം ചെയ്യാനും അനിശ്ചിതകാലത്തോളം നീതി കൈവരുത്താനും ദർശനത്തിന്റെയും പ്രവാചകന്റെയും മേൽ മുദ്രയിടുവാനും വിശുദ്ധങ്ങളിൽ വിശുദ്ധത്തെ അഭിഷേകം ചെയ്യാനുമായി നിന്റെ ജനത്തിനും നിന്റെ വിശുദ്ധ നഗരത്തിനും എഴുപത് ആഴ്ചകൾ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. യെരൂശലേമിനെ പുനഃസ്ഥാപിക്കാനും പുനർനിർമിക്കാനുമുള്ള കൽപ്പന പുറപ്പെടുന്നതു മുതൽ നായകനായ മിശിഹാ വരെ ഏഴ് ആഴ്ചകളും അറുപത്തിരണ്ട് ആഴ്ചകളും ഉണ്ടായിരിക്കുമെന്നു നീ അറിഞ്ഞു ഗ്രഹിച്ചുകൊള്ളേണ്ടത് ആകുന്നു. അവൾ മടങ്ങിവന്ന് ഒരു പൊതു മൈതാനവും കിടങ്ങും സഹിതം, എന്നാൽ കഷ്ടകാലങ്ങളിൽത്തന്നെ, യഥാർഥമായി പുനർനിർമിക്കപ്പെടും.”—ദാനീയേൽ 9:24, 25, NW.
14 അതു തീർച്ചയായും ഒരു സുവാർത്തതന്നെ ആയിരുന്നു! യെരൂശലേം പുനർനിർമിക്കപ്പെടുകയും ഒരു പുതിയ ആലയത്തിൽ ആരാധന പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യുന്നതിനു പുറമേ “നായകനായ മിശിഹാ” ഒരു നിർദിഷ്ട സമയത്തു പ്രത്യക്ഷപ്പെടുകയും ചെയ്യുമായിരുന്നു. അത് “എഴുപത് ആഴ്ചകൾ”ക്കുള്ളിൽ സംഭവിക്കുമായിരുന്നു. ഗബ്രീയേൽ ദിവസങ്ങളെ കുറിച്ചു പരാമർശിക്കാത്തതിനാൽ, ഇവ 490 ദിവസങ്ങൾക്ക് അഥവാ ഒരു വർഷത്തിനും നാലു മാസത്തിനും തുല്യമായ ഏഴു ദിവസങ്ങളടങ്ങിയ ആഴ്ചകൾ അല്ല. “പൊതു മൈതാനവും കിടങ്ങും ഉൾപ്പെടെ”യുള്ള യെരൂശലേമിന്റെ മുൻകൂട്ടി പറയപ്പെട്ട പുനർനിർമാണത്തിന് അതിലും വളരെയേറെ സമയം എടുത്തു. ഈ ആഴ്ചകൾ വർഷങ്ങളുടെ ആഴ്ചകൾ ആണ്. ഓരോ ആഴ്ചയും ഏഴു വർഷം ദീർഘിച്ചതാണെന്ന് അനേകം ആധുനിക ഭാഷാന്തരങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ദൃഷ്ടാന്തത്തിന്, യഹൂദ പ്രസിദ്ധീകരണ സൊസൈറ്റി പ്രസിദ്ധീകരിച്ച താനാക്ക്—വിശുദ്ധ തിരുവെഴുത്തുകൾ (ഇംഗ്ലീഷ്) എന്ന ഭാഷാന്തരത്തിൽ ദാനീയേൽ 9:24-ന്റെ അടിക്കുറിപ്പിൽ “വർഷങ്ങളുടെ എഴുപത് ആഴ്ചകൾ” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഒരു അമേരിക്കൻ ഭാഷാന്തരത്തിൽ ഇങ്ങനെ വായിക്കുന്നു: “നിന്റെ ജനത്തിനും നിന്റെ വിശുദ്ധ നഗരത്തിനുമായി വർഷങ്ങളുടെ എഴുപത് ആഴ്ചകൾ നിശ്ചയിക്കപ്പെട്ടിരിക്കുന്നു.” മോഫറ്റിന്റെയും റോഥർഹാമിന്റെയും ഭാഷാന്തരങ്ങളിൽ സമാനമായ പരിഭാഷകൾ കാണപ്പെടുന്നു.
15. “എഴുപത് ആഴ്ചക”ളെ ഏതു മൂന്നു ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു, അവ എന്ന് ആരംഭിക്കുമായിരുന്നു?
15 ദൂതന്റെ വാക്കുകൾ അനുസരിച്ച് ‘എഴുപത് ആഴ്ചക’ളെ മൂന്നു ഘട്ടങ്ങളായി തിരിക്കാവുന്നതാണ്: (1) “ഏഴ് ആഴ്ചകൾ,” (2) “അറുപത്തിരണ്ട് ആഴ്ചകൾ,” (3) ഒരു ആഴ്ച. അതു മൊത്തം 490 വർഷം ആയിരിക്കുമായിരുന്നു, അതായത് 49 വർഷവും 434 വർഷവും 7 വർഷവും. രസാവഹമായി, പരിഷ്കൃത ഇംഗ്ലീഷ് ബൈബിൾ പറയുന്നു: “നിന്റെ ജനത്തിനും നിന്റെ വിശുദ്ധ നഗരത്തിനുമായി എഴുപത് സപ്ത വർഷങ്ങൾ വേർതിരിച്ചിരിക്കുന്നു.” 70 വർഷത്തെ ബാബിലോണിയൻ പ്രവാസത്തിനും യാതനയ്ക്കും ശേഷം യഹൂദന്മാർ 490 വർഷക്കാലം, അതായത് 70 വർഷത്തെ 7 കൊണ്ടു ഗുണിക്കുമ്പോൾ കിട്ടുന്ന കാലയളവിൽ, ദൈവത്തിന്റെ പ്രത്യേക പ്രീതി അനുഭവിക്കുമായിരുന്നു. അതു തുടങ്ങുന്നതാകട്ടെ, “യെരൂശലേം പുനഃസ്ഥാപിക്കാനും പുനർനിർമിക്കാനുമുള്ള കൽപ്പന പുറപ്പെടുന്ന” സമയത്തും. അത് എപ്പോൾ ആയിരിക്കുമായിരുന്നു?
“എഴുപത് ആഴ്ചകൾ” തുടങ്ങുന്നു
16. തന്റെ കൽപ്പനയിൽ പ്രകടമാക്കപ്പെട്ടിരിക്കുന്നത് അനുസരിച്ച് എന്ത് ഉദ്ദേശ്യത്തിലായിരുന്നു കോരെശ് യഹൂദന്മാരെ തങ്ങളുടെ സ്വദേശത്തു പുനഃസ്ഥിതീകരിച്ചത്?
16 “എഴുപത് ആഴ്ചക”ളുടെ തുടക്കം സംബന്ധിച്ച് ശ്രദ്ധേയമായ മൂന്നു സംഭവങ്ങൾ പരിഗണന അർഹിക്കുന്നു. ഒന്നാമത്തേതു സംഭവിച്ചത് പൊ.യു.മു. 537-ൽ ആയിരുന്നു. അന്ന്, കോരെശിന്റെ കൽപ്പനപ്രകാരം യഹൂദന്മാർ അവരുടെ സ്വദേശത്തു പുനഃസ്ഥിതീകരിക്കപ്പെട്ടു. അത് ഇങ്ങനെ വായിക്കുന്നു: “പാർസിരാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നു: സ്വർഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളെയും എനിക്കു തന്നിരിക്കുന്നു; യെഹൂദയിലെ യെരൂശലേമിൽ അവന്നു ഒരു ആലയം [“ഭവനം,” NW] പണിവാൻ എന്നോടു കല്പിച്ചുമിരിക്കുന്നു. നിങ്ങളിൽ അവന്റെ ജനമായിട്ടു ആരെങ്കിലും ഉണ്ടെങ്കിൽ അവന്റെ ദൈവം അവനോടുകൂടെ ഇരിക്കുമാറാകട്ടെ; അവൻ യെഹൂദയിലെ യെരൂശലേമിലേക്കു യാത്രപുറപ്പെട്ടു യിസ്രായേലിന്റെ ദൈവമായ യഹോവെക്കു ആലയം പണിയട്ടെ; അവനല്ലോ യെരൂശലേമിലെ ദൈവം. ശേഷിച്ചിരിക്കുന്ന ഏവന്നും അവൻ പ്രവാസിയായി പാർക്കുന്ന ഇടത്തൊക്കെയും അതതു സ്ഥലത്തിലെ സ്വദേശികൾ പൊന്നു, വെള്ളി, മററു സാധനങ്ങൾ, കന്നുകാലി എന്നിവയാലും യെരൂശലേമിലെ ദൈവാലയം വകെക്കായി ഔദാര്യദാനങ്ങളാലും സഹായം ചെയ്യേണം.” (എസ്രാ 1:2-4) വ്യക്തമായും, ‘യഹോവയുടെ ഭവന’മാകുന്ന ആലയം അതിന്റെ പഴയ സ്ഥാനത്തു പുനർനിർമിക്കപ്പെടണം എന്നതായിരുന്നു ആ കൽപ്പനയുടെ പ്രത്യേക ലക്ഷ്യം.
17. എസ്രാ യെരൂശലേമിലേക്കു യാത്ര ചെയ്തതിന്റെ കാരണത്തെപ്പറ്റി അവനു നൽകപ്പെട്ട കത്ത് എന്തു പറഞ്ഞു?
17 രണ്ടാമത്തെ സംഭവം നടന്നത് പേർഷ്യൻ രാജാവായ അർത്ഥഹ്ശഷ്ടാവിന്റെ (സെർക്സിസ് ഒന്നാമന്റെ മകനായ അർത്ഥഹ്ശഷ്ടാവ് ലോംഗിമാനസ്) വാഴ്ചയുടെ ഏഴാം വർഷത്തിൽ ആയിരുന്നു. അന്ന്, പകർപ്പെഴുത്തുകാരനായ എസ്രാ ബാബിലോണിൽനിന്ന് യെരൂശലേമിലേക്കു നാലു മാസം ദീർഘിച്ച ഒരു യാത്ര നടത്തി. രാജാവിൽനിന്നുള്ള ഒരു പ്രത്യേക കത്ത് അവന്റെ കൈവശം ഉണ്ടായിരുന്നു. എന്നാൽ യെരൂശലേം പുനർനിർമിക്കാൻ അത് അധികാരപ്പെടുത്തിയില്ല. പകരം, “യഹോവയുടെ ആലയത്തെ അലങ്കരി”ക്കുക മാത്രമായിരുന്നു എസ്രായുടെ ദൗത്യം. അതുകൊണ്ടാണ് പൊന്ന്, വെള്ളി, പവിത്ര പാത്രങ്ങൾ, ആലയത്തിലെ ആരാധനയെ പിന്തുണയ്ക്കാനായി ഗോതമ്പ്, വീഞ്ഞ്, എണ്ണ, ഉപ്പ്, കൂടാതെ അവിടെ സേവിക്കുന്നവരെ നികുതിയിൽനിന്ന് ഒഴിവാക്കൽ എന്നീ കാര്യങ്ങൾ ആ കത്തിൽ പരാമർശിച്ചിരുന്നത്.—എസ്രാ 7:6-27.
18. നെഹെമ്യാവിനെ അലോസരപ്പെടുത്തിയ വാർത്ത എന്ത്, അർത്ഥഹ്ശഷ്ടാവ് രാജാവ് അതു മനസ്സിലാക്കിയത് എങ്ങനെ?
18 മൂന്നാമത്തെ സംഭവം നടന്നത് 13 വർഷത്തിനു ശേഷം, പേർഷ്യൻ രാജാവായ അർത്ഥഹ്ശഷ്ടാവിന്റെ 20-ാം വർഷത്തിൽ ആയിരുന്നു. നെഹെമ്യാവ് “ശൂശൻരാജധാനിയിൽ” അദ്ദേഹത്തിന്റെ പാനപാത്രവാഹകനായി സേവിക്കുന്ന കാലം. ബാബിലോണിൽനിന്നു തിരിച്ചെത്തിയ ശേഷിപ്പ് യെരൂശലേം കുറെയൊക്കെ പുനർനിർമിച്ചിരുന്നു. എന്നാൽ കാര്യങ്ങൾ എല്ലാം തൃപ്തികരം ആയിരുന്നില്ല. “യെരൂശലേമിന്റെ മതിൽ ഇടിഞ്ഞും അതിന്റെ വാതിലുകൾ തീവെച്ചു ചുട്ടും കിടക്കുന്നു” എന്നു നെഹെമ്യാവിനു അറിവു കിട്ടി. അത് അവനെ വല്ലാതെ അലോസരപ്പെടുത്തി. അവന്റെ ഹൃദയം വ്യാകുലപ്പെട്ടു. അവന്റെ ദുഃഖത്തെ കുറിച്ചു ചോദിച്ചപ്പോൾ നെഹെമ്യാവു പറഞ്ഞു: “രാജാവു ദീർഘായുസ്സായിരിക്കട്ടെ; എന്റെ പിതാക്കന്മാരുടെ കല്ലറകൾ ഉള്ള പട്ടണം ശൂന്യമായും അതിന്റെ വാതിലുകൾ തീകൊണ്ടു വെന്തും കിടക്കെ എന്റെ മുഖം വാടാതെ ഇരിക്കുന്നതു എങ്ങനെ”?—നെഹെമ്യാവു 1:1-3; 2:1-3.
19. (എ) അർത്ഥഹ്ശഷ്ടാവ് രാജാവിന്റെ ചോദ്യത്തെ അഭിമുഖീകരിച്ചപ്പോൾ നെഹെമ്യാവ് ആദ്യം എന്തു ചെയ്തു? (ബി) നെഹെമ്യാവ് എന്ത് അഭ്യർഥന നടത്തി, കാര്യാദികളിലെ യഹോവയുടെ പങ്ക് അവൻ സമ്മതിച്ചു പറഞ്ഞത് എങ്ങനെ?
19 നെഹെമ്യാവ് ഉൾപ്പെട്ട ആ വിവരണം ഇങ്ങനെ തുടരുന്നു: “രാജാവു എന്നോടു: നിന്റെ അപേക്ഷ എന്തു എന്നു ചോദിച്ചു; ഉടനെ ഞാൻ സ്വർഗ്ഗത്തിലെ ദൈവത്തോടു പ്രാർത്ഥിച്ചിട്ടു, രാജാവിനോടു: രാജാവിന്നു തിരുവുള്ളമുണ്ടായി അടിയന്നു തിരുമുമ്പിൽ ദയ ലഭിച്ചു എങ്കിൽ അടിയനെ യെഹൂദയിൽ എന്റെ പിതാക്കന്മാരുടെ കല്ലറകളുള്ള പട്ടണത്തിലേക്കു അതു പണിയേണ്ടതിന്നു ഒന്നു അയക്കേണമേ എന്നുണർത്തിച്ചു.” ഈ നിർദേശം അർത്ഥഹ്ശഷ്ടാവിന് ഇഷ്ടപ്പെട്ടു. നെഹെമ്യാവിന്റെ തുടർന്നുള്ള അപേക്ഷയും അവൻ അനുവദിച്ചു: “രാജാവിന്നു തിരുവുള്ളമുണ്ടായി ഞാൻ യെഹൂദയിൽ എത്തുംവരെ നദിക്കു അക്കരെയുള്ള ദേശാധിപതിമാർ എന്നെ കടത്തിവിടേണ്ടതിന്നു അവർക്കു എഴുത്തുകളും ആലയത്തോടു ചേർന്ന കോട്ടവാതിലുകൾക്കും പട്ടണത്തിന്റെ മതിലിന്നും ഞാൻ ചെന്നു പാർപ്പാനിരിക്കുന്ന വീട്ടിന്നും വേണ്ടി ഉത്തരം മുതലായവ ഉണ്ടാക്കുവാൻ രാജാവിന്റെ വനവിചാരകനായ ആസാഫ് എനിക്കു മരം തരേണ്ടതിന്നു അവന്നു ഒരു എഴുത്തും നല്കേണമേ.” ഇതിന്റെയെല്ലാം പിന്നിൽ യഹോവയുടെ കരങ്ങളാണു പ്രവർത്തിച്ചതെന്നു സമ്മതിച്ചുകൊണ്ട് നെഹെമ്യാവു പറഞ്ഞു: “എന്റെ ദൈവത്തിന്റെ ദയയുള്ള കൈ എനിക്കു അനുകൂലമായിരുന്നതുകൊണ്ടു രാജാവു അതു എനിക്കു തന്നു.”—നെഹെമ്യാവു 2:4-8.
20. (എ) “യെരൂശലേമിനെ പുനഃസ്ഥാപിക്കാനും പുനർനിർമിക്കാനുമുള്ള കൽപ്പന” പ്രാബല്യത്തിൽ വന്നത് എന്ന്? (ബി) “എഴുപത് ആഴ്ചകൾ” എന്നു തുടങ്ങി, എന്ന് അവസാനിച്ചു? (സി) “എഴുപത് ആഴ്ചക”ൾ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്ത തീയതികളുടെ കൃത്യതയിലേക്ക് ഏതു തെളിവുകൾ വിരൽചൂണ്ടുന്നു?
20 അർത്ഥഹ്ശഷ്ടാവിന്റെ വാഴ്ചയുടെ 20-ാം ആണ്ടിന്റെ ആദ്യ ഭാഗത്ത്, നീസാൻ മാസത്തിൽ അനുവാദം നൽകപ്പെട്ടെങ്കിലും മാസങ്ങൾക്കു ശേഷമാണ് “യെരൂശലേമിനെ പുനഃസ്ഥാപിക്കാനും പുനർനിർമിക്കാനുമുള്ള കൽപ്പന” വാസ്തവത്തിൽ പ്രാബല്യത്തിൽ വന്നത്. നെഹെമ്യാവ് യെരൂശലേമിൽ എത്തി പുനർനിർമാണ വേല ആരംഭിച്ചപ്പോഴാണ് അതു സംഭവിച്ചത്. എസ്രാ നാലു മാസംകൊണ്ടാണ് അവിടെ എത്തിയത്. എന്നാൽ ശൂശൻ ബാബിലോണിൽ നിന്ന് 322-ലേറെ കിലോമീറ്റർ കിഴക്ക് ആയിരുന്നു. അതായത് യെരൂശലേമിൽ നിന്ന് അവിടേക്കു കൂടുതൽ ദൂരം ഉണ്ടായിരുന്നു. അപ്പോൾ സർവസാധ്യതയും അനുസരിച്ച്, നെഹെമ്യാവ് യെരൂശലേമിൽ എത്തിയത് അർത്ഥഹ്ശഷ്ടാവിന്റെ വാഴ്ചയുടെ 20-ാം വർഷത്തിന്റെ അവസാനത്തോട് അടുത്താണ്, അഥവാ പൊ.യു.മു. 455-ൽ. അന്നാണു മുൻകൂട്ടി പറയപ്പെട്ട “എഴുപത് ആഴ്ചകൾ,” അഥവാ 490 വർഷം തുടങ്ങിയത്. അതു പൊ.യു. 36-ന്റെ രണ്ടാം പകുതിയിൽ അവസാനിക്കുമായിരുന്നു—197-ാം പേജിലെ, “അർത്ഥഹ്ശഷ്ടാവ് വാഴ്ച തുടങ്ങിയത് എന്ന്?” എന്ന ഭാഗം കാണുക.
“നായകനായ മിശിഹാ” പ്രത്യക്ഷപ്പെടുന്നു
21. (എ) ആദ്യത്തെ “ഏഴ് ആഴ്ചക”ളിൽ എന്തു നിർവഹിക്കപ്പെടണമായിരുന്നു, ഏതു സാഹചര്യങ്ങൾ ഗണ്യമാക്കാതെ? (ബി) മിശിഹാ പ്രത്യക്ഷപ്പെടേണ്ടിയിരുന്നത് ഏതു വർഷത്തിൽ, ആ സമയത്തു സംഭവിച്ചതിനെ കുറിച്ചു ലൂക്കൊസിന്റെ സുവിശേഷം എന്തു പറയുന്നു?
21 യഥാർഥത്തിൽ എത്ര വർഷത്തിനു ശേഷമാണ് യെരൂശലേം പുനർനിർമിക്കപ്പെട്ടത്? യഹൂദന്മാരുടെ ഇടയിൽത്തന്നെയുള്ള പ്രശ്നങ്ങളും ശമര്യക്കാരിൽനിന്നും മറ്റുള്ളവരിൽനിന്നും ഉള്ള എതിർപ്പും നിമിത്തം നഗരത്തിന്റെ പുനർനിർമാണം പൂർത്തീകരിക്കപ്പെടുന്നത് “കഷ്ടകാലങ്ങളിൽ” ആയിരിക്കുമായിരുന്നു. തെളിവ് അനുസരിച്ച് പൊ.യു.മു. ഏകദേശം 406-ഓടെ, അതായത് “ഏഴ് ആഴ്ചകൾ”ക്ക് അഥവാ 49 വർഷത്തിനുള്ളിൽ, പ്രസ്തുത വേല അനിവാര്യമായിരുന്നത്ര പൂർത്തിയായി. (ദാനീയേൽ 9:25) അതേത്തുടർന്ന് 62 ആഴ്ചകളുടെ അതായത് 434 വർഷത്തിന്റെ ഒരു കാലഘട്ടം ഉണ്ടായിരിക്കുമായിരുന്നു. ആ കാലഘട്ടത്തിനു ശേഷം, ദീർഘകാലം മുമ്പു വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന മിശിഹാ പ്രത്യക്ഷപ്പെടുമായിരുന്നു. പൊ.യു.മു. 455-ൽ നിന്ന് 483 (49 + 434) വർഷം എണ്ണുമ്പോൾ, അതു നമ്മെ പൊ.യു. 29-ൽ കൊണ്ടെത്തിക്കുന്നു. അന്ന് എന്താണു സംഭവിച്ചത്? സുവിശേഷ എഴുത്തുകാരനായ ലൂക്കൊസ് നമ്മോടു പറയുന്നു: “തീബെര്യൊസ്കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടിൽ പൊന്തിയൊസ്പീലാത്തൊസ് യെഹൂദ്യനാടു വാഴുമ്പോൾ, ഹെരോദാവു ഗലീല[യിൽ] . . . ഇടപ്രഭു[വായി] . . . ഇരിക്കുംകാലം സെഖര്യാവിന്റെ മകനായ യോഹന്നാന്നു മരുഭൂമിയിൽവെച്ചു ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായി. അവൻ യോർദ്ദാന്നരികെയുള്ള നാട്ടിൽ ഒക്കെയും വന്നു പാപമോചനത്തിന്നായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു.” അന്നു മിശിഹായെ “ജനം പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു.”—ലൂക്കൊസ് 3:1-3, 15, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം [NIBV].
22. യേശു മുൻകൂട്ടി പറയപ്പെട്ട മിശിഹാ ആയിത്തീർന്നത് എന്ന്, എപ്രകാരം?
22 യോഹന്നാൻ വാഗ്ദത്ത മിശിഹാ ആയിരുന്നില്ല. പൊ.യു. 29-ലെ ശരത്കാലത്ത്, നസറായനായ യേശുവിന്റെ സ്നാപന സമയത്തു താൻ സാക്ഷ്യം വഹിച്ച കാര്യത്തെ കുറിച്ചു യോഹന്നാൻ പറഞ്ഞു: “ആത്മാവു ഒരു പ്രാവുപോലെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഞാൻ കണ്ടു: അതു അവന്റെമേൽ വസിച്ചു. ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെളളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു. അങ്ങനെ ഞാൻ കാണുകയും ഇവൻ ദൈവപുത്രൻ തന്നേ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു.” (യോഹന്നാൻ 1:32-34) തന്റെ സ്നാപന സമയത്ത് യേശു അഭിഷിക്തൻ—മിശിഹാ അഥവാ ക്രിസ്തു—ആയി. അതിനുശേഷം അധികം താമസിയാതെ, യോഹന്നാന്റെ ശിഷ്യനായ അന്ത്രെയാസ് അഭിഷേകം ചെയ്യപ്പെട്ട യേശുവിനെ കണ്ടുമുട്ടി. തുടർന്ന് അവൻ ശിമോൻ പത്രൊസിനോടു പറഞ്ഞു: “ഞങ്ങൾ മശീഹയെ . . . കണ്ടെത്തിയിരിക്കുന്നു.” (യോഹന്നാൻ 1:41) അങ്ങനെ, “നായകനായ മിശിഹാ” കൃത്യസമയത്ത്, 69 ആഴ്ചകളുടെ അവസാനത്തിങ്കൽത്തന്നെ, പ്രത്യക്ഷപ്പെട്ടു!
അവസാന ആഴ്ചയിലെ സംഭവങ്ങൾ
23. “നായകനായ മിശിഹാ” മരിക്കേണ്ടിയിരുന്നത് എന്തുകൊണ്ട്, അത് എപ്പോൾ സംഭവിക്കണമായിരുന്നു?
23 70-ാമത്തെ ആഴ്ചയിൽ എന്തു നിർവഹിക്കപ്പെടണമായിരുന്നു? “എഴുപത് ആഴ്ചക”ളുടെ കാലഘട്ടം നിശ്ചയിക്കപ്പെട്ടിരിക്കുന്നത് “ലംഘനത്തിന് അന്തം വരുത്താനും പാപത്തെ ഇല്ലായ്മ ചെയ്യാനും തെറ്റിനു പ്രായശ്ചിത്തം ചെയ്യാനും അനിശ്ചിതകാലത്തോളം നീതി കൈവരുത്താനും ദർശനത്തിന്റെയും പ്രവാചകന്റെയും മേൽ മുദ്രയിടുവാനും വിശുദ്ധങ്ങളിൽ വിശുദ്ധത്തെ അഭിഷേകം ചെയ്യാനുമാ”ണെന്ന് ഗബ്രീയേൽ പറഞ്ഞു. ഇതു നിർവഹിക്കപ്പെടണമെങ്കിൽ “നായകനായ മിശിഹാ” മരിക്കണമായിരുന്നു. എന്നാൽ എപ്പോൾ? ഗബ്രീയേൽ പറഞ്ഞു: “അറുപത്തുരണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തൻ ഛേദിക്കപ്പെടും; . . . അവൻ ഒരു ആഴ്ചവട്ടത്തേക്കു പലരോടും നിയമത്തെ കഠിനമാക്കും [“ഉടമ്പടിയെ പ്രാബല്യത്തിൽ നിലനിർത്തേണ്ടതാകുന്നു,” NW]; ആഴ്ചവട്ടത്തിന്റെ മദ്ധ്യേ അവൻ ഹനനയാഗവും ഭോജനയാഗവും നിർത്തലാക്കിക്കളയും.” (ദാനീയേൽ 9:26എ, 27എ) ആ നിർണായക സമയം “ആഴ്ചവട്ടത്തിന്റെ മദ്ധ്യേ” ആയിരുന്നു, അതായത് അവസാനത്തെ ‘വർഷങ്ങളുടെ ആഴ്ച’യുടെ മധ്യത്തിൽ.
24, 25. (എ) പ്രവചിക്കപ്പെട്ടതുപോലെ, ക്രിസ്തു മരിച്ചത് എന്നായിരുന്നു, അവന്റെ മരണവും പുനരുത്ഥാനവും എന്തിന് അന്തം വരുത്തി? (ബി) യേശുവിന്റെ മരണം എന്തു സാധ്യമാക്കിത്തീർത്തു?
24 യേശുക്രിസ്തുവിന്റെ പരസ്യ ശുശ്രൂഷ ആരംഭിച്ചത് പൊ.യു. 29-ന്റെ രണ്ടാം പകുതിയിൽ ആയിരുന്നു. അതു മൂന്നര വർഷം ദീർഘിച്ചു. പ്രവചിക്കപ്പെട്ട പ്രകാരം, പൊ.യു. 33-ന്റെ തുടക്കത്തിൽ, മനുഷ്യവർഗത്തിനു വേണ്ടി തന്റെ മാനുഷ ജീവൻ ഒരു മറുവിലയായി നൽകിക്കൊണ്ട് ഒരു ദണ്ഡന സ്തംഭത്തിൽ മരിച്ചപ്പോൾ ക്രിസ്തു “ഛേദിക്കപ്പെ”ട്ടു. (യെശയ്യാവു 53:8; മത്തായി 20:28) ബലികഴിച്ച തന്റെ മാനുഷ ജീവന്റെ മൂല്യം പുനരുത്ഥാനം പ്രാപിച്ച യേശു സ്വർഗത്തിൽ ദൈവത്തിന് അർപ്പിച്ചപ്പോൾ, ന്യായപ്രമാണം നിർദ്ദേശിച്ചിരുന്ന മൃഗബലികളുടെയും വഴിപാടുകളുടെയും ആവശ്യം ഇല്ലാതായി. പൊ.യു. 70-ൽ യെരൂശലേമിലെ ആലയം നശിപ്പിക്കപ്പെടുന്നതുവരെ യഹൂദ പുരോഹിതന്മാർ വഴിപാടുകൾ അർപ്പിച്ചിരുന്നെങ്കിലും അത്തരം യാഗങ്ങൾ മേലാൽ ദൈവത്തിനു സ്വീകാര്യം ആയിരുന്നില്ല. അവയുടെ സ്ഥാനത്തു മെച്ചപ്പെട്ട, ഒരിക്കലും ആവർത്തിക്കപ്പെടേണ്ടതില്ലാത്ത, ഒരു യാഗം നടന്നു. പൗലൊസ് അപ്പൊസ്തലൻ എഴുതി: “[യേശു] പാപങ്ങൾക്കുവേണ്ടി എന്നേക്കുമായി ഏകയാഗം അർപ്പി[ച്ചു] . . . ഏക യാഗത്താൽ അവിടുന്നു വിശുദ്ധീകരിക്കപ്പെടുന്നവരെ എന്നേക്കുമായി പരിപൂർണ്ണരാക്കിയിരിക്കുന്നു.”—എബ്രായർ 10:12, 14; NIBV.
25 മനുഷ്യവർഗം തുടർന്നും പാപത്തിന്റെയും മരണത്തിന്റെയും പിടിയിൽ ആയിരുന്നെങ്കിലും യേശു മരണത്തിൽ ഛേദിക്കപ്പെടുകയും സ്വർഗീയ ജീവനിലേക്കു പുനരുത്ഥാനം പ്രാപിക്കുകയും ചെയ്തതോടെ പ്രവചനം നിവൃത്തിയേറി. അതു ‘ലംഘനത്തിന് അന്തം വരുത്തുകയും പാപത്തെ ഇല്ലായ്മ ചെയ്യുകയും തെറ്റിനു പ്രായശ്ചിത്തം ചെയ്യുകയും നീതി കൈവരുത്തുകയും’ ചെയ്തു. യഹൂദന്മാരെ പാപികളായി തുറന്നുകാട്ടുകയും കുറ്റംവിധിക്കുകയും ചെയ്ത ന്യായപ്രമാണ ഉടമ്പടി ദൈവം നീക്കം ചെയ്തിരുന്നു. (റോമർ 5:12, 19, 20; ഗലാത്യർ 3:13, 19; എഫെസ്യർ 2:15; കൊലൊസ്സ്യർ 2:13, 14) ഇപ്പോൾ, അനുതാപമുള്ള ദുഷ്പ്രവൃത്തിക്കാരുടെ പാപങ്ങൾ റദ്ദാക്കാനും അതിന്റെ ശിക്ഷ നീക്കം ചെയ്യാനും കഴിയുമായിരുന്നു. വിശ്വാസം പ്രകടമാക്കുന്നവർക്കു മിശിഹായുടെ പ്രായശ്ചിത്ത യാഗത്തിലൂടെ ദൈവവുമായി അനുരഞ്ജനത്തിലാകാൻ സാധിക്കുമായിരുന്നു. ‘യേശുക്രിസ്തുവിനാലുള്ള നിത്യജീവൻ’ എന്ന ദൈവദാനത്തിനായി അവർക്കു കാത്തിരിക്കാനും കഴിയുമായിരുന്നു.—റോമർ 3:21-26; 6:22, 23; 1 യോഹന്നാൻ 2:1, 2.
26. (എ) ന്യായപ്രമാണ ഉടമ്പടി നീക്കം ചെയ്യപ്പെട്ടിരുന്നെങ്കിലും ഏത് ഉടമ്പടി ‘ഒരു ആഴ്ചത്തേക്കു പ്രാബല്യത്തിൽ നിലനിർത്തി’? (ബി) 70-ാമത്തെ ആഴ്ചയുടെ അവസാനം എന്തു സംഭവിച്ചു?
26 അതുകൊണ്ട്, പൊ.യു. 33-ലെ ക്രിസ്തുവിന്റെ മരണത്തിലൂടെ ന്യായപ്രമാണ ഉടമ്പടി നീക്കം ചെയ്തത് യഹോവ ആയിരുന്നു. അപ്പോൾ പിന്നെ, മിശിഹാ “അനേകർക്കായി ഒരു ആഴ്ചത്തേക്കു ഉടമ്പടിയെ പ്രാബല്യത്തിൽ നിലനിർത്തേണ്ടതാകുന്നു” എന്നു പറയാൻ കഴിയുമായിരുന്നത് എങ്ങനെ? കാരണം അവൻ അബ്രാഹാമ്യ ഉടമ്പടിയെ പ്രാബല്യത്തിൽ നിലനിർത്തി. 70-ാമത്തെ ആഴ്ച അവസാനിക്കുന്നതു വരെ, ദൈവം ആ ഉടമ്പടിയുടെ അനുഗ്രഹങ്ങൾ അബ്രാഹാമിന്റെ എബ്രായ സന്തതികൾക്കു നീട്ടിക്കൊടുത്തു. എന്നാൽ പൊ.യു. 36-ൽ വർഷങ്ങളുടെ “എഴുപത് ആഴ്ചകൾ” അവസാനിച്ചപ്പോൾ പത്രൊസ് അപ്പൊസ്തലൻ ദൈവഭക്തിയുള്ള, ഇറ്റലിക്കാരനായ കൊർന്നേല്യൊസിനോടും കുടുംബത്തോടും മറ്റു വിജാതീയരോടും പ്രസംഗിച്ചു. ആ ദിവസം മുതൽ, ജനതകളിലെ ആളുകളോടു സുവാർത്ത പ്രഖ്യാപിക്കാൻ തുടങ്ങി.—പ്രവൃത്തികൾ 3:25, 26; 10:1-48; ഗലാത്യർ 3:8, 9, 14.
27. അഭിഷേകം ചെയ്യപ്പെട്ട “വിശുദ്ധങ്ങളിൽ വിശുദ്ധം” ഏത്, അത് എങ്ങനെയാണ് അഭിഷേകം ചെയ്യപ്പെട്ടത്?
27 “വിശുദ്ധങ്ങളിൽ വിശുദ്ധത്തെ” അഭിഷേകം ചെയ്യുന്നതിനെ കുറിച്ചും പ്രവചനം മുൻകൂട്ടി പറഞ്ഞിരുന്നു. യെരൂശലേമിലെ ആലയത്തിന്റെ അതിവിശുദ്ധത്തെ അഥവാ ഏറ്റവും ഉള്ളിലെ അറയെ അഭിഷേകം ചെയ്യുന്നതിനെ അല്ല ഇതു പരാമർശിക്കുന്നത്. “വിശുദ്ധങ്ങളിൽ വിശുദ്ധത്തെ” എന്ന പ്രയോഗം ഇവിടെ ദൈവത്തിന്റെ സ്വർഗീയ വിശുദ്ധ മന്ദിരത്തെ പരാമർശിക്കുന്നു. അവിടെ, യേശു തന്റെ മാനുഷ ബലിയുടെ മൂല്യം തന്റെ പിതാവിന് അർപ്പിച്ചു. ഭൗമിക തിരുനിവാസത്തിലും പിന്നീട് ആലയത്തിലും ഉണ്ടായിരുന്ന അതിവിശുദ്ധത്താൽ പ്രതിനിധാനം ചെയ്യപ്പെട്ട ആ സ്വർഗീയ, ആത്മീയ യാഥാർഥ്യത്തെ ആ ബലി അഭിഷേകം ചെയ്തു അഥവാ വേർതിരിച്ചു നിർത്തി.—എബ്രായർ 9:11, 12.
ദൈവത്താൽ ഉറപ്പാക്കപ്പെട്ട പ്രവചനം
28. “ദർശനത്തിന്റെയും പ്രവാചകന്റെയും മേൽ മുദ്രയി”ട്ടതിനാൽ അർഥമാക്കപ്പെട്ടത് എന്ത്?
28 ഗബ്രീയേൽ ഉച്ചരിച്ച മിശിഹൈക പ്രവചനം “ദർശനത്തിന്റെയും പ്രവാചകന്റെയും മേൽ മുദ്രയിടു”ന്നതിനെ കുറിച്ചും പറഞ്ഞു. മിശിഹായെ കുറിച്ചു മുൻകൂട്ടി പറഞ്ഞതെല്ലാം—അവൻ തന്റെ ബലിയാലും പുനരുത്ഥാനത്താലും സ്വർഗത്തിലെ പ്രത്യക്ഷപ്പെടലിനാലും സാധിച്ച സകല കാര്യങ്ങളും അതുപോലെതന്നെ 70-ാമത്തെ ആഴ്ചയിൽ സംഭവിക്കുമായിരുന്ന മറ്റു സംഗതികളും—ദിവ്യ അംഗീകാരത്തിന്റെ മുദ്രയാൽ മുദ്രകുത്തപ്പെടുമെന്നും സത്യമാണെന്നു തെളിയുമെന്നും വിശ്വാസ്യമാണെന്നും അത് അർഥമാക്കി. ദർശനത്തിന് മുദ്രയിടുമായിരുന്നു, മിശിഹായ്ക്കായി പരിമിതപ്പെടുത്തപ്പെടുമായിരുന്നു. അതിന്റെ നിവൃത്തി അവനിലും അവനിലൂടെയുള്ള ദൈവത്തിന്റെ പ്രവൃത്തിയിലും ആയിരിക്കുമായിരുന്നു. മുൻകൂട്ടി പറയപ്പെട്ട മിശിഹായോടുള്ള ബന്ധത്തിൽ മാത്രമേ നമുക്കു പ്രസ്തുത ദർശനത്തിന്റെ ശരിയായ വ്യാഖ്യാനം കണ്ടെത്താൻ കഴിയൂ. മറ്റു യാതൊന്നും അതിന്റെ അർഥം അനാവരണം ചെയ്യുമായിരുന്നില്ല.
29. പുനർനിർമിക്കപ്പെട്ട യെരൂശലേമിന് എന്തു സംഭവിക്കുമായിരുന്നു, എന്തു കാരണത്താൽ?
29 യെരൂശലേം പുനർനിർമിക്കപ്പെടുമെന്നു മുമ്പു ഗബ്രീയേൽ പ്രവചിച്ചിരുന്നു. എന്നാൽ ഇപ്പോൾ അവൻ ആ പുനർനിർമിത നഗരത്തിന്റെ നാശം പിൻവരുന്ന പ്രകാരം മുൻകൂട്ടി പറയുന്നു: “വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും; അവന്റെ [“അതിന്റെ,” NW] അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാനത്തോളം യുദ്ധമുണ്ടാകും; ശൂന്യങ്ങളും നിർണ്ണയിക്കപ്പെട്ടിരിക്കുന്നു. . . . മ്ലേച്ഛതകളുടെ ചിറകിന്മേൽ ശൂന്യമാക്കുന്നവൻ വരും; നിർണ്ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം ശൂന്യമാക്കുന്നവന്റെ മേൽ [“ശൂന്യമായി കിടക്കുന്ന ഒന്നിന്റെമേൽ,” NW] കോപം ചൊരിയും.” (ദാനീയേൽ 9:26ബി, 27ബി) ഈ നാശം സംഭവിക്കുന്നത് “എഴുപത് ആഴ്ചകൾ”ക്കു ശേഷം ആണെങ്കിലും, യഹൂദന്മാർ ക്രിസ്തുവിനെ തള്ളിക്കളയുകയും കൊല്ലിക്കുകയും ചെയ്ത അവസാനത്തെ “ആഴ്ച”യിലെ സംഭവങ്ങളുടെ നേരിട്ടുള്ള ഒരു ഭവിഷ്യത്ത് ആയിരിക്കുമായിരുന്നു അത്.—മത്തായി 23:37, 38.
30. ചരിത്ര രേഖകൾ പ്രകടമാക്കുന്നത് അനുസരിച്ച്, വലിയ സമയ പാലകന്റെ കൽപ്പന നിവൃത്തിയായത് എങ്ങനെ?
30 പൊ.യു. 66-ൽ റോമൻ സൈന്യം സിറിയൻ ഗവർണർ ആയിരുന്ന സെസ്റ്റ്യസ് ഗാലസിന്റെ നേതൃത്വത്തിൽ യെരൂശലേമിനെ വളഞ്ഞെന്നു ചരിത്ര രേഖകൾ പ്രകടമാക്കുന്നു. തങ്ങളുടെ വിഗ്രഹാരാധനാപരമായ കൊടികൾ അഥവാ പതാകകൾ വഹിച്ചിരുന്ന റോമൻ സൈന്യം യഹൂദന്മാരുടെ ചെറുത്തുനിൽപ്പു ഗണ്യമാക്കാതെ നഗരത്തിൽ തള്ളിക്കയറി വടക്കുഭാഗത്തെ ആലയ മതിൽ തുരക്കാൻ തുടങ്ങി. അവിടെ നിലയുറപ്പിക്കുകവഴി അവർ പൂർണമായ നാശം കൈവരുത്തുന്ന “ശൂന്യമാക്കുന്ന മ്ലേച്ഛത” ആയിത്തീർന്നു. (മത്തായി 24:15, 16) പൊ.യു. 70-ൽ, ജനറൽ ടൈറ്റസിന്റെ നേതൃത്വത്തിൽ റോമാക്കാർ ഒരു “പ്രളയം” പോലെ വന്ന് ആ നഗരത്തെയും അതിലെ ആലയത്തെയും ശൂന്യമാക്കി. യാതൊന്നും അവരെ തടഞ്ഞുനിർത്തിയില്ല. കാരണം അതു ദൈവത്താൽ കൽപ്പിക്കപ്പെട്ടത്, “നിർണ്ണയിക്കപ്പെട്ട”ത് ആയിരുന്നു. വലിയ സമയപാലകനായ യഹോവ വീണ്ടും തന്റെ വചനം നിവർത്തിച്ചു!
നിങ്ങൾ എന്തു ഗ്രഹിച്ചു?
• യെരൂശലേമിന്റെ 70 വർഷത്തെ ശൂന്യാവസ്ഥ അവസാനിക്കാറായപ്പോൾ ദാനീയേൽ യഹോവയോട് ഏത് അഭ്യർഥനകൾ നടത്തി?
• “എഴുപത് ആഴ്ചക”ളുടെ ദൈർഘ്യം എത്രയായിരുന്നു, അവ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്തത് എന്ന്?
• “നായകനായ മിശിഹാ” പ്രത്യക്ഷപ്പെട്ടത് എന്ന്, ഏതു നിർണായക സമയത്തായിരുന്നു അവൻ “ഛേദിക്കപ്പെട്ട”ത്?
• “അനേകർക്കായി ഒരു ആഴ്ചത്തേക്കു നിലനിർത്ത”പ്പെട്ട ഉടമ്പടി ഏത്?
• “എഴുപത് ആഴ്ചക”ളെ തുടർന്ന് എന്തു സംഭവിച്ചു?
[197-ാം പേജിലെ ചതുരം/ചിത്രം]
അർത്ഥഹ്ശഷ്ടാവ് വാഴ്ച തുടങ്ങിയത് എന്ന്?
പേർഷ്യൻ രാജാവായ അർത്ഥഹ്ശഷ്ടാവ് വാഴ്ച തുടങ്ങിയ വർഷം സംബന്ധിച്ച് ചരിത്രകാരന്മാർക്ക് ഇടയിൽ വിയോജിപ്പുണ്ട്. അദ്ദേഹത്തിന്റെ പിതാവായ സെർക്സിസ് പൊ.യു.മു. 486-ൽ വാഴ്ച തുടങ്ങുകയും വാഴ്ചയുടെ 21-ാം വർഷം മരിക്കുകയും ചെയ്തതിനാൽ അർത്ഥഹ്ശഷ്ടാവിന്റെ സിംഹാസനാരോഹണം പൊ.യു.മു. 465-ൽ ആയിരുന്നെന്നു ചിലർ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും, അർത്ഥഹ്ശഷ്ടാവ് പൊ.യു.മു. 475-ൽ സിംഹാസനാരോഹണം ചെയ്തു എന്നതിനും അദ്ദേഹത്തിന്റെ ആദ്യത്തെ ഭരണ വർഷം പൊ.യു.മു. 474-ൽ തുടങ്ങി എന്നതിനും തെളിവ് ഉണ്ട്.
പുരാതന പേർഷ്യൻ തലസ്ഥാനമായ പെർസെപൊലിസിൽനിന്നു കുഴിച്ചെടുത്ത ആലേഖനങ്ങളും ശിൽപ്പങ്ങളും, സെർക്സിസിന്റെയും അദ്ദേഹത്തിന്റെ പിതാവായ ദാര്യാവേശ് ഒന്നാമന്റെയും സഹഭരണാധിപത്യത്തെ കുറിച്ചു സൂചിപ്പിക്കുന്നു. അത് 10 വർഷം ദീർഘിക്കുകയും പൊ.യു.മു. 486-ൽ ദാര്യാവേശ് മരിച്ച ശേഷം സെർക്സിസ് തനിച്ച് 11 വർഷം ഭരിക്കുകയും ചെയ്തെങ്കിൽ, അർത്ഥഹ്ശഷ്ടാവിന്റെ വാഴ്ചയുടെ ഒന്നാം വർഷം പൊ.യു.മു. 474 ആയിരിക്കുമായിരുന്നു.
പൊ.യു.മു. 480-ൽ സെർക്സിസിന്റെ സൈന്യത്തെ പരാജയപ്പെടുത്തിയ അഥീനിയൻ ജനറലായ തെമിസ്റ്റോക്ലിസ് ഉൾപ്പെടുന്നതാണു രണ്ടാമത്തെ തെളിവ്. പിൽക്കാലത്ത് അദ്ദേഹം ഗ്രീക്കു ജനതയുടെ അപ്രീതിക്കു പാത്രമാകുകയും അദ്ദേഹത്തിന്റെമേൽ രാജ്യദ്രോഹം ആരോപിക്കപ്പെടുകയും ചെയ്തു. ഒളിച്ചോടിയ തെമിസ്റ്റോക്ലിസ് പേർഷ്യൻ രാജധാനിയിൽ അഭയം തേടി. അവിടെ അദ്ദേഹത്തിനു നല്ല സ്വീകരണമാണു ലഭിച്ചത്. ഗ്രീക്കു ചരിത്രകാരനായ തുസിഡിഡെസ് പറയുന്നത് അനുസരിച്ച്, ഇതു സംഭവിച്ചത് അർത്ഥഹ്ശഷ്ടാവ് “സിംഹാസനാരോഹണം ചെയ്ത് അധികം താമസിയാതെ” ആയിരുന്നു. തെമിസ്റ്റോക്ലിസ് മരിച്ചതു പൊ.യു.മു. 471-ൽ ആണെന്നു ഗ്രീക്കു ചരിത്രകാരനായ ഡൈഡോറസ് സികലസ് പറയുന്നു. അർത്ഥഹ്ശഷ്ടാവ് രാജാവിനെ മുഖംകാണിക്കുന്നതിനു മുമ്പ്, പേർഷ്യൻ ഭാഷ പഠിക്കാനായി ഒരു വർഷം അനുവദിക്കണമെന്നു തെമിസ്റ്റോക്ലിസ് അഭ്യർഥിച്ച സ്ഥിതിക്ക്, അദ്ദേഹം ഏഷ്യാമൈനറിൽ എത്തിച്ചേർന്നതു പൊ.യു.മു. 473-ന് ശേഷം ആയിരിക്കില്ല. ജെറോമിന്റെ ക്രോണിക്കിൾ ഓഫ് യൂസേബിയസ് ഈ തീയതിയെ പിന്താങ്ങുന്നു. പൊ.യു.മു. 473-ൽ തെമിസ്റ്റോക്ലിസ് ഏഷ്യാമൈനറിൽ എത്തിച്ചേർന്നപ്പോൾ അർത്ഥഹ്ശഷ്ടാവ് ‘സിംഹാസനാരോഹണം ചെയ്തിട്ട് അധികം നാൾ ആയിരുന്നില്ലാ’ഞ്ഞ സ്ഥിതിക്ക് അർത്ഥഹ്ശഷ്ടാവ് ഭരണം ആരംഭിച്ചത് പൊ.യു.മു. 474-ൽ ആണെന്നു ജർമൻ പണ്ഡിതനായ ഏർനസ്റ്റ് ഹെൻസ്റ്റൻബെർച് പഴയനിയമ ക്രിസ്തുശാസ്ത്രം (ഇംഗ്ലീഷ്) എന്ന തന്റെ കൃതിയിൽ പ്രസ്താവിച്ചു. മറ്റു ഗ്രന്ഥകർത്താക്കളും ഇതേ അഭിപ്രായപ്രകടനം നടത്തുന്നു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “അർത്ഥഹ്ശഷ്ടാവിന്റെ ഇരുപതാം വർഷം ക്രിസ്തുവിനു മുമ്പ് 455 എന്ന വർഷമാണ്.”
[ചിത്രം]
തെമിസ്റ്റോക്ലിസിന്റെ അർധകായ പ്രതിമ
[188, 189 പേജുകളിലെ രേഖാചിത്രം/ചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
“എഴുപത് ആഴ്ചകൾ”
455 പൊ.യു.മു. 406 പൊ.യു.മു. 29 പൊ.യു. 33 പൊ.യു. 36 പൊ.യു.
‘യെരൂശലേമിനെ യെരൂശലേം മിശിഹാ മിശിഹാ “എഴുപത് പുനഃസ്ഥാപിക്കാനുള്ള പുനർനിർമിക്കപ്പെടുന്നു പ്രത്യക്ഷപ്പെടുന്നു ഛേദിക്കപ്പെടുന്നു ആഴ്ചക”ളുടെ കൽപ്പന’ അവസാനം
7 ആഴ്ച 62 ആഴ്ചകൾ 1 ആഴ്ച
49 വർഷം 434 വർഷങ്ങൾ 7 വർഷം
[180-ാം പേജ് നിറയെയുള്ള ചിത്രം]
[193-ാം പേജ് നിറയെയുള്ള ചിത്രം]