ബാഹ്യരേഖ തയ്യാറാക്കൽ
ഒരു പ്രസംഗം കിട്ടുമ്പോൾ പലരും വളരെ കഷ്ടപ്പെട്ട് മുഖവുര മുതൽ ഉപസംഹാരം വരെ സകലതും എഴുതിയുണ്ടാക്കുന്നു. പ്രസംഗം തയ്യാറായി കഴിയുമ്പോഴേക്കും എഴുതിയതും തിരുത്തിയെഴുതിയതും എല്ലാംകൂടി ഒരു കെട്ട് കടലാസു കാണും. ഇതിന് മണിക്കൂറുകൾതന്നെ എടുത്തേക്കാം.
അങ്ങനെയാണോ നിങ്ങൾ പ്രസംഗം തയ്യാറാകുന്നത്? എങ്കിൽ, കൂടുതൽ എളുപ്പമുള്ള ഒരു മാർഗം പഠിക്കാൻ നിങ്ങൾക്ക് ഇഷ്ടമാണോ? ഒരു ബാഹ്യരേഖ തയ്യാറാക്കേണ്ടത് എങ്ങനെയെന്നു പഠിച്ചാൽ ആദിയോടന്തം മുഴുവൻ എഴുതേണ്ടി വരില്ല. അങ്ങനെയാകുമ്പോൾ പ്രസംഗം പരിശീലിക്കുന്നതിനു നിങ്ങൾക്കു കൂടുതൽ സമയം ലഭിക്കും. പ്രസംഗം നടത്താൻ കൂടുതൽ എളുപ്പമായിരിക്കുമെന്നു മാത്രമല്ല, അതു കേട്ടിരിക്കാൻ കൂടുതൽ രസകരവും കൂടുതൽ പ്രചോദനാത്മകവും ആയിരിക്കും.
സഭയിൽ നടത്തുന്ന പരസ്യ പ്രസംഗങ്ങളുടെ കാര്യത്തിൽ ഒരു അടിസ്ഥാന ബാഹ്യരേഖ നൽകാറുണ്ട്. എന്നാൽ, മറ്റു മിക്ക പ്രസംഗങ്ങളുടെയും കാര്യത്തിൽ അങ്ങനെയല്ല. ഒരു വിഷയമോ പ്രതിപാദ്യവിഷയമോ മാത്രമായിരിക്കാം നിങ്ങൾക്കു നിയമിച്ചു തരുന്നത്. അല്ലെങ്കിൽ, അച്ചടിച്ച നിശ്ചിത വിവരങ്ങളെ അടിസ്ഥാനമാക്കി ഒരു പ്രസംഗം നടത്താൻ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. ചിലപ്പോൾ ഏതാനും നിർദേശങ്ങൾ മാത്രമായിരിക്കാം നിങ്ങൾക്കു ലഭിക്കുക. അത്തരം സന്ദർഭങ്ങളിലെല്ലാം നിങ്ങൾ സ്വന്തമായി ബാഹ്യരേഖ തയ്യാറാക്കേണ്ടതുണ്ട്.
നാൽപ്പത്തിയൊന്നാം പേജിൽ ഒരു മാതൃകാ ബാഹ്യരേഖ കൊടുത്തിട്ടുണ്ട്. അത് ഹ്രസ്വമായ ഒരു ബാഹ്യരേഖ ക്രമീകരിക്കാവുന്ന വിധം സംബന്ധിച്ച് ഒരു രൂപം കിട്ടാൻ നിങ്ങളെ സഹായിക്കും. ഓരോ മുഖ്യ പോയിന്റും ഇടത്തെ മാർജിനിൽനിന്നു തുടങ്ങിയിരിക്കുന്നതു ശ്രദ്ധിക്കുക. മാത്രമല്ല അവ വലിപ്പം കൂടിയ അക്ഷരങ്ങളിലാണ് എഴുതിയിരിക്കുന്നത്. ഓരോ മുഖ്യ പോയിന്റിനും കീഴിൽ അതിനെ പിന്താങ്ങുന്ന ആശയങ്ങൾ നൽകിയിരിക്കുന്നു. ആ ആശയങ്ങൾ വികസിപ്പിക്കാനുള്ള കൂടുതലായ പോയിന്റുകൾ അവയ്ക്കു കീഴിലായി, മാർജിനിൽനിന്നു വലത്തോട്ട് അൽപ്പം മാറ്റി എഴുതിയിരിക്കുന്നു. ഇനി ഈ ബാഹ്യരേഖ സുസൂക്ഷ്മം ഒന്നു പരിശോധിക്കുക. മുഖ്യ പോയിന്റുകൾ രണ്ടും പ്രതിപാദ്യവിഷയവുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. ഉപ പോയിന്റുകൾ കേവലം രസകരമായ ആശയങ്ങൾ അല്ല എന്നതും ശ്രദ്ധിക്കുക. പകരം, അവയിൽ ഓരോന്നും ഏതു മുഖ്യ പോയിന്റിനു കീഴിലാണോ കൊടുത്തിരിക്കുന്നത് അതിനെ പിന്താങ്ങുന്നു.
നിങ്ങളുടെ ബാഹ്യരേഖ ഈ മാതൃക പോലെതന്നെ കാണപ്പെട്ടെന്നു വരില്ല. എങ്കിലും, ഒരു ബാഹ്യരേഖ തയ്യാറാക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന തത്ത്വങ്ങൾ നിങ്ങൾ മനസ്സിലാക്കുന്നെങ്കിൽ അവ വിവരങ്ങൾ നല്ല രീതിയിൽ ചിട്ടപ്പെടുത്താനും ന്യായമായ സമയത്തിനുള്ളിൽ നല്ലൊരു പ്രസംഗം തയ്യാറാക്കാനും നിങ്ങളെ സഹായിക്കും. ഇക്കാര്യത്തിൽ നിങ്ങൾ എങ്ങനെ മുന്നോട്ടു പോകണം?
അപഗ്രഥിക്കുക, തിരഞ്ഞെടുക്കുക, ചിട്ടപ്പെടുത്തുക
നിങ്ങൾക്ക് ഒരു പ്രതിപാദ്യവിഷയം ആവശ്യമാണ്. ഇവിടെ അത് പ്രസംഗത്തിന്റെ ശീർഷകത്തെയാണു സൂചിപ്പിക്കുന്നത്. പ്രതിപാദ്യവിഷയം ഒരു വിഷയം പോലെ, ഒരൊറ്റ പദംകൊണ്ടു സൂചിപ്പിക്കാൻ കഴിഞ്ഞേക്കാവുന്ന വിശാലമായ അർഥവ്യാപ്തിയുള്ള ഒന്നല്ല. നിങ്ങൾ സദസ്സിനെ ധരിപ്പിക്കാൻ ആഗ്രഹിക്കുന്ന കേന്ദ്ര ആശയമാണത്. ഏതു കോണിൽനിന്നാണു നിങ്ങൾ വിഷയം ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന് അതു സൂചിപ്പിക്കുന്നു. ഒരു പ്രതിപാദ്യവിഷയം നിയമിച്ചുതന്നിട്ടുണ്ടെങ്കിൽ അതിലെ ഓരോ മുഖ്യ പദവും ശ്രദ്ധാപൂർവം അപഗ്രഥിക്കുക. നിയമിച്ചു തന്നിരിക്കുന്ന പ്രതിപാദ്യവിഷയം വികസിപ്പിക്കേണ്ടത് പ്രസിദ്ധീകരിക്കപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണെങ്കിൽ, പ്രതിപാദ്യവിഷയം മനസ്സിൽ പിടിച്ചുകൊണ്ട് ആ വിവരങ്ങൾ പഠിക്കുക. ഇനി ഒരു വിഷയം മാത്രമേ നിങ്ങൾക്കു നിയമിച്ചുതന്നിട്ടുള്ളുവെങ്കിൽ പ്രതിപാദ്യവിഷയം തിരഞ്ഞെടുക്കേണ്ടതു നിങ്ങളാണ്. എന്നാൽ, അതിനുമുമ്പ് കുറച്ചു ഗവേഷണം ചെയ്യുന്നതു സഹായകമായിരുന്നേക്കാം. തുറന്ന മനസ്സോടെ ഗവേഷണം നടത്തുന്ന പക്ഷം നിങ്ങൾക്കു പുതുമയുള്ള ആശയങ്ങൾ കിട്ടാൻ വളരെ സാധ്യതയുണ്ട്.
ഈ പടികളിലൂടെ കടന്നുപോകവേ, നിങ്ങളോടുതന്നെ ഇങ്ങനെ ചോദിച്ചുകൊണ്ടിരിക്കുക: ‘ഈ വിവരങ്ങൾ എന്റെ സദസ്സിനു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? എന്റെ ലക്ഷ്യം എന്താണ്?’ വിവരങ്ങൾ എങ്ങനെയെങ്കിലും ചർച്ചചെയ്തു തീർക്കുക എന്നതോ സദസ്സിന്റെ മുന്നിൽ കേവലം രസകരമായ ഒരു പ്രസംഗം കാഴ്ചവെക്കുക എന്നതോ ആയിരിക്കരുത് നിങ്ങളുടെ ലക്ഷ്യം. മറിച്ച്, നിങ്ങളുടെ സദസ്സിനു പ്രയോജനം ചെയ്യുന്ന എന്തെങ്കിലും അവതരിപ്പിക്കുക എന്നതായിരിക്കണം. ലക്ഷ്യം മനസ്സിലായിക്കഴിഞ്ഞാൽ അത് എഴുതിവെക്കുക. തയ്യാറാകുന്ന സമയത്ത് അതേക്കുറിച്ചു സ്വയം ഓർമപ്പെടുത്തിക്കൊണ്ടിരിക്കുക.
ലക്ഷ്യം എന്താണെന്നു നിർണയിക്കുകയും അതിനു ചേരുന്ന ഒരു പ്രതിപാദ്യവിഷയം തിരഞ്ഞെടുക്കുകയും (അല്ലെങ്കിൽ നിയമിച്ചുതന്നിരിക്കുന്ന പ്രതിപാദ്യവിഷയം ആ ലക്ഷ്യവുമായി ചേർച്ചയിലായിരിക്കുന്നത് എങ്ങനെയെന്ന് അപഗ്രഥിച്ചു മനസ്സിലാക്കുകയും) ചെയ്തുകഴിഞ്ഞാൽ, നിങ്ങൾക്കു കൂടുതൽ വ്യക്തമായ ഉദ്ദേശ്യത്തോടെ ഗവേഷണം നടത്താൻ കഴിയും. നിങ്ങളുടെ സദസ്സിനു പ്രത്യേകാൽ മൂല്യവത്തായ വിവരങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുക. പൊതുവായ ആശയങ്ങൾകൊണ്ടു തൃപ്തിയടയരുത്. വിജ്ഞാനപ്രദവും ശരിക്കും സഹായകവുമായ പ്രത്യേക ആശയങ്ങൾ അന്വേഷിക്കുക. എന്തുമാത്രം ഗവേഷണം ചെയ്യണം എന്ന കാര്യത്തിൽ യാഥാർഥ്യബോധം ഉള്ളവരായിരിക്കുക. മിക്കപ്പോഴും, നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്നതിനെക്കാൾ കൂടുതൽ വിവരങ്ങൾ പെട്ടെന്നുതന്നെ ലഭിക്കും. അതുകൊണ്ട് നിങ്ങൾ അതിൽനിന്ന് ആവശ്യമുള്ള വിവരങ്ങൾ മാത്രം തിരഞ്ഞെടുക്കേണ്ടതുണ്ട്.
പ്രതിപാദ്യവിഷയം വികസിപ്പിക്കാനും നിങ്ങളുടെ ലക്ഷ്യം കൈവരിക്കാനും നിങ്ങൾ ഏതു മുഖ്യ പോയിന്റുകളാണോ ചർച്ചചെയ്യേണ്ടത് അവ കണ്ടുപിടിക്കുക. ഇവയായിരിക്കും നിങ്ങളുടെ പ്രസംഗത്തിന്റെ ചട്ടക്കൂട് അല്ലെങ്കിൽ അടിസ്ഥാന ബാഹ്യരേഖ. എത്ര മുഖ്യ പോയിന്റുകൾ ഉണ്ടായിരിക്കണം? ഹ്രസ്വമായ ചർച്ചയാണെങ്കിൽ ഒരുപക്ഷേ രണ്ടെണ്ണം മതിയാകും. ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിനു പോലും സാധാരണഗതിയിൽ അഞ്ചെണ്ണം ധാരാളമാണ്. മുഖ്യ പോയിന്റുകളുടെ എണ്ണം കുറയുന്തോറും സദസ്സ് അവ ഓർത്തിരിക്കാനുള്ള സാധ്യതയും കൂടും.
പ്രതിപാദ്യവിഷയവും മുഖ്യ പോയിന്റുകളും വ്യക്തമായി കഴിഞ്ഞാൽ, ഗവേഷണ ഫലമായി കിട്ടിയ വിവരങ്ങൾ ചിട്ടപ്പെടുത്താൻ കഴിയും. മുഖ്യ പോയിന്റുകളുമായി നേരിട്ടു ബന്ധമുള്ള വിവരങ്ങൾ ഏവയാണെന്നു തീരുമാനിക്കുക. നിങ്ങളുടെ അവതരണത്തിനു പുതുമ പകരുന്ന വിശദാംശങ്ങൾ തിരഞ്ഞെടുക്കുക. മുഖ്യ പോയിന്റുകളെ പിന്താങ്ങാൻ തിരുവെഴുത്തുകൾ തിരഞ്ഞെടുക്കുമ്പോൾ, ആ വാക്യങ്ങളെ കുറിച്ച് അർഥവത്തായ വിധത്തിൽ ന്യായവാദം ചെയ്യാൻ നിങ്ങളെ സഹായിക്കുന്ന പോയിന്റുകൾ ശ്രദ്ധിക്കുക. ഓരോന്നും അതതിനു ചേരുന്ന മുഖ്യ പോയിന്റിനു കീഴിൽ ക്രമീകരിക്കുക. ചില വിവരങ്ങൾ വളരെ രസകരമാണെങ്കിലും മുഖ്യ പോയിന്റുകളിൽ ഒന്നുമായും ചേരാത്തവയായിരിക്കും. അവ വേണ്ടെന്നു വെക്കുക, അല്ലെങ്കിൽ മറ്റൊരു സന്ദർഭത്തിൽ ഉപയോഗിക്കുന്നതിന് ഒരു ഫയലിൽ സൂക്ഷിക്കുക. ഏറ്റവും അനുയോജ്യമായ വിവരങ്ങൾ മാത്രം ഉൾപ്പെടുത്തുക. കണക്കിലേറെ വിവരങ്ങൾ ഉൾപ്പെടുത്താൻ ശ്രമിച്ചാൽ നിങ്ങൾക്കു വളരെ വേഗത്തിൽ സംസാരിക്കേണ്ടി വരും. മാത്രമല്ല, വിവരങ്ങൾ ആഴത്തിൽ ചർച്ച ചെയ്യാനും കഴിയില്ല. സദസ്സിനു ശരിക്കും മൂല്യവത്തായ ഏതാനും പോയിന്റുകൾ നന്നായി അവതരിപ്പിക്കാൻ കഴിയുമെങ്കിൽ അതായിരിക്കും ഏറെ നല്ലത്. അനുവദിച്ചിരിക്കുന്നതിൽ കൂടുതൽ സമയം എടുക്കരുത്.
നിങ്ങളുടെ വിവരങ്ങൾ ഇതിനോടകം യുക്തിസഹമായി ക്രമീകരിച്ചിട്ടില്ലെങ്കിൽ ഇപ്പോൾ അങ്ങനെ ചെയ്യുക. സുവിശേഷ എഴുത്തുകാരനായ ലൂക്കൊസ് അപ്രകാരം ചെയ്തു. തന്റെ വിഷയവുമായി ബന്ധപ്പെട്ട ധാരാളം വസ്തുതകൾ ശേഖരിച്ച ശേഷം അവൻ അവ “യുക്തിസഹമായ ക്രമത്തിൽ” എഴുതി. (ലൂക്കൊ. 1:3, NW) നിങ്ങൾക്ക് വിവരങ്ങൾ കാലാനുക്രമത്തിലോ ഭാഗാനുക്രമത്തിലോ കാരണ-ഫല അല്ലെങ്കിൽ ഫല-കാരണ ക്രമത്തിലോ പ്രശ്ന-പരിഹാര ക്രമത്തിലോ, അതായത് നിങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതിന് ഏറ്റവും ഫലപ്രദം ഏതാണോ ആ ക്രമത്തിൽ, ക്രമീകരിക്കാവുന്നതാണ്. ഒരു പോയിന്റിൽനിന്നു മറ്റൊന്നിലേക്കു പെട്ടെന്നു കടക്കുന്നത് ഒഴിവാക്കുക. ശ്രോതാക്കൾ അടുത്ത പോയിന്റിലേക്കു സുഗമമായി നയിക്കപ്പെടണം. പോയിന്റുകൾക്കിടയിൽ എളുപ്പത്തിൽ നികത്താനാവാത്ത വിടവുകളൊന്നും ഉണ്ടായിരിക്കരുത്. പ്രസംഗകൻ നിരത്തുന്ന തെളിവുകൾ സദസ്സിനെ യുക്തിസഹമായ നിഗമനങ്ങളിലേക്കു നയിക്കണം. പോയിന്റുകൾ ക്രമീകരിക്കുന്ന സമയത്ത്, സദസ്സിനെ കുറിച്ചു ചിന്തിക്കുക. നിങ്ങൾ അവതരിപ്പിക്കുന്ന ചിന്താധാര അവർക്ക് എളുപ്പത്തിൽ പിടികിട്ടുമോ? നിങ്ങളുടെ മനസ്സിലുള്ള ലക്ഷ്യത്തിനു ചേർച്ചയിൽ, കേൾക്കുന്ന കാര്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാൻ അവർ പ്രേരിതരായിത്തീരുമോ?
അടുത്തതായി, നിങ്ങളുടെ വിഷയത്തിൽ താത്പര്യം ജനിപ്പിക്കുകയും ചർച്ചചെയ്യാൻ പോകുന്ന കാര്യങ്ങൾ സദസ്സിനെ സംബന്ധിച്ചിടത്തോളം യഥാർഥ മൂല്യമുള്ളവയാണെന്ന് അവർക്കു കാണിച്ചുകൊടുക്കുകയും ചെയ്യുന്ന ഒരു മുഖവുര തയ്യാറാക്കുക. ആദ്യത്തെ ഏതാനും വാചകങ്ങൾ എഴുതിവെക്കുന്നത് ഗുണം ചെയ്തേക്കാം. അവസാനമായി, നിങ്ങളുടെ ലക്ഷ്യവുമായി ചേരുന്ന പ്രചോദനാത്മകമായ ഒരു ഉപസംഹാരം തയ്യാറാക്കുക.
ബാഹ്യരേഖ കാലേകൂട്ടി തയ്യാറാകുന്ന പക്ഷം, പ്രസംഗം നടത്തുന്നതിനു മുമ്പ് ചില ഭേദഗതികൾ വരുത്തി അതു മെച്ചപ്പെടുത്തിയെടുക്കാൻ നിങ്ങൾക്കു സമയമുണ്ടായിരിക്കും. ചില പോയിന്റുകളെ പിന്താങ്ങുന്നതിന് ഏതാനും സ്ഥിതിവിവരക്കണക്കുകളോ ഒരു ദൃഷ്ടാന്തമോ അനുഭവമോ ഉപയോഗിക്കേണ്ടത് ആവശ്യമാണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം. ഒരു ആനുകാലിക സംഭവമോ പ്രാദേശിക താത്പര്യമുള്ള എന്തെങ്കിലും കാര്യമോ ഉൾപ്പെടുത്തുന്നത് വിവരങ്ങളുടെ പ്രസക്തി കൂടുതൽ എളുപ്പത്തിൽ മനസ്സിലാക്കാൻ സദസ്സിനെ സഹായിച്ചേക്കാം. പ്രസംഗം പുനരവലോകനം ചെയ്യവേ, വിവരങ്ങൾ നിങ്ങളുടെ സദസ്സിന് ഇണങ്ങുന്ന വിധത്തിൽ രൂപപ്പെടുത്താനുള്ള കൂടുതലായ വിധങ്ങൾ നിങ്ങളുടെ മനസ്സിലേക്കു വന്നേക്കാം. നല്ല വിവരങ്ങൾ ഫലപ്രദമായ ഒരു പ്രസംഗമാക്കിയെടുക്കുന്നതിൽ അപഗ്രഥനവും മെച്ചപ്പെടുത്തലും ഒരു സുപ്രധാന പങ്കുവഹിക്കുന്നു.
ചില പ്രസംഗകർക്ക് മറ്റുള്ളവരെക്കാൾ വലിയ നോട്ടുകൾ ആവശ്യമായിരിക്കാം. എന്നാൽ, ഏതാനും മാത്രം വരുന്ന മുഖ്യ പോയിന്റുകളുടെ കീഴിൽ വിവരങ്ങൾ ചിട്ടപ്പെടുത്തുകയും മുഖ്യ പോയിന്റുകളെ യഥാർഥത്തിൽ പിന്താങ്ങാത്ത വിവരങ്ങൾ നീക്കം ചെയ്യുകയും പോയിന്റുകൾ യുക്തിസഹമായ ക്രമത്തിൽ എഴുതുകയും ചെയ്യുന്ന പക്ഷം കുറച്ചു കാലത്തെ അനുഭവപരിചയംകൊണ്ട്, എല്ലാ കാര്യങ്ങളും എഴുതിവെക്കാതെതന്നെ പ്രസംഗം നടത്താൻ നിങ്ങൾക്കു കഴിയും. എത്രമാത്രം സമയമായിരിക്കും അതിലൂടെ നിങ്ങൾക്കു ലാഭിക്കാൻ കഴിയുക! നിങ്ങളുടെ പ്രസംഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുകയും ചെയ്യും. അങ്ങനെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ വിദ്യാഭ്യാസത്തിൽനിന്ന് നിങ്ങൾ ശരിക്കും പ്രയോജനം നേടുന്നുവെന്നു വ്യക്തമായിത്തീരും.