പാഠം 52
ഫലകരമായി ഉദ്ബോധിപ്പിക്കൽ
ക്രിസ്തീയ മൂപ്പന്മാർ “ആരോഗ്യാവഹമായ പഠിപ്പിക്കലിനാൽ ഉദ്ബോധിപ്പിക്കാൻ” പ്രാപ്തരായിരിക്കണം. (തീത്തൊ. 1:9, NW) ചിലപ്പോൾ ഇതു ചെയ്യേണ്ടി വരിക വളരെ ദുഷ്കരമായ സാഹചര്യങ്ങളിൻ മധ്യേ ആയിരിക്കും. തിരുവെഴുത്തു മാർഗനിർദേശങ്ങൾക്കു ചേർച്ചയിൽ ബുദ്ധിയുപദേശം നൽകുന്നതു പ്രധാനമാണ്. അതുകൊണ്ട്, ‘പ്രബോധനത്തിൽ [“ഉദ്ബോധനത്തിൽ,” NW] ശ്രദ്ധിച്ചിരിക്ക’ എന്ന ബുദ്ധിയുപദേശം മൂപ്പന്മാർ ചെവിക്കൊള്ളേണ്ടതുണ്ട്. (1 തിമൊ. 4:13) ഇവിടത്തെ നമ്മുടെ ചർച്ച മുഖ്യമായും മൂപ്പന്മാരെയോ ആ പദവി എത്തിപ്പിടിക്കാൻ ശ്രമിക്കുന്നവരെയോ ഉദ്ദേശിച്ചുള്ളതാണെങ്കിലും, ചിലപ്പോഴൊക്കെ മാതാപിതാക്കൾക്കു മക്കളെയും ബൈബിളധ്യയനങ്ങൾ എടുക്കുന്നവർക്കു ബൈബിൾ വിദ്യാർഥികളെയും ഉദ്ബോധിപ്പിക്കേണ്ടി വരാറുണ്ട്. അത്തരം സന്ദർഭങ്ങളിലും സമാനമായ മാർഗനിർദേശങ്ങൾ ബാധകമാണ്.
ഉദ്ബോധനം ആവശ്യമായ സാഹചര്യങ്ങൾ. ഉദ്ബോധനം ആവശ്യമായിരിക്കുന്നത് എപ്പോഴെന്നു നിർണയിക്കുന്നതിന്, ഉദ്ബോധനം നൽകിയിരിക്കുന്ന സാഹചര്യങ്ങളെ കുറിച്ചുള്ള ബൈബിൾ രേഖ പരിശോധിക്കുന്നതു സഹായകമാണ്. അപ്പൊസ്തലനായ പത്രൊസ് ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയ്ക്കുന്നവർ എന്ന നിലയിലുള്ള തങ്ങളുടെ ഉത്തരവാദിത്വത്തിനു ശ്രദ്ധ നൽകാൻ മൂപ്പന്മാരെ ഉദ്ബോധിപ്പിച്ചു. (1 പത്രൊ. 5:1, 2, NW) “ആത്മനിയന്ത്രണം പാലിക്കാൻ” [“സുബോധമുള്ളവരായിരിക്കാൻ,” NW] യൗവനക്കാരെ ഉദ്ബോധിപ്പിക്കുന്നതിന് പൗലൊസ് തീത്തൊസിനു ബുദ്ധിയുപദേശം നൽകി. (തീത്തൊ. 2:6, പി.ഒ.സി. ബൈ.) ‘യോജിപ്പിൽ സംസാരിക്കാനും’ സഹോദരങ്ങളുടെ ഇടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നവരിൽനിന്ന് അകന്നുനിൽക്കാനും പൗലൊസ് സഹക്രിസ്ത്യാനികളെ ഉദ്ബോധിപ്പിച്ചു. (1 കൊരി. 1:10, NW; റോമ. 16:17, NW; ഫിലി. 4:2, NW) പൗലൊസ്, തെസ്സലൊനീക്യ സഭയിലെ അംഗങ്ങളെ അവർ ചെയ്തുകൊണ്ടിരുന്ന നല്ല കാര്യങ്ങളെ പ്രതി അഭിനന്ദിച്ചെങ്കിലും അവർക്കു ലഭിച്ച പ്രബോധനം അധികം നന്നായി ബാധകമാക്കാൻ അവൻ അവരെ ഉദ്ബോധിപ്പിച്ചു. (1 തെസ്സ. 4:1, 10, NW) “ജഡമോഹങ്ങളെ വിട്ടകന്നു” നിൽക്കാൻ പത്രൊസ് സഹക്രിസ്ത്യാനികളെ ഉദ്ബോധിപ്പിച്ചു. (1 പത്രൊ. 2:11, NW) അഴിഞ്ഞ നടത്തയിൽ ഏർപ്പെടുന്ന ഭക്തികെട്ട മനുഷ്യരുടെ സ്വാധീനമുള്ളതിനാൽ “വിശ്വാസത്തിന്നു വേണ്ടി കഠിന പോരാട്ടം നടത്താൻ” യൂദാ തന്റെ സഹോദരങ്ങളെ ഉദ്ബോധിപ്പിച്ചു. (യൂദാ 3, 4, NW) ആരും പാപത്തിന്റെ വഞ്ചക ശക്തിയാൽ കഠിനപ്പെടാതിരിക്കുന്നതിന് അന്യോന്യം ഉദ്ബോധിപ്പിക്കാൻ ക്രിസ്ത്യാനികൾ ഒന്നടങ്കം പ്രേരിപ്പിക്കപ്പെട്ടു. (എബ്രാ. 3:13, NW) ക്രിസ്തുവിൽ അതുവരെ വിശ്വാസം അർപ്പിക്കാഞ്ഞ യഹൂദന്മാരെ പത്രൊസ് “‘ദുഷിച്ച ഈ തലമുറയിൽനിന്ന് നിങ്ങളെത്തന്നെ രക്ഷിച്ചുകൊള്ളുക’” എന്ന് ഉദ്ബോധിപ്പിച്ചു.—പ്രവൃ. 2:40, ഓശാന ബൈ.
അത്തരം സാഹചര്യങ്ങളിൽ ഉദ്ബോധനം നൽകാൻ എന്തെല്ലാം ഗുണങ്ങളാണ് ആവശ്യമായിരിക്കുന്നത്? ഉദ്ബോധനം നൽകുന്ന വ്യക്തിക്ക് ക്രൂരമോ പരുഷമോ ആകാത്ത വിധത്തിൽ തന്റെ അഭ്യർഥനയിൽ അടിയന്തിരത ധ്വനിപ്പിക്കാൻ എങ്ങനെ കഴിയും?
“സ്നേഹത്തിന്റെ അടിസ്ഥാനത്തിൽ.” നാം ഉദ്ബോധിപ്പിക്കുന്നത് “സ്നേഹത്തിന്റെ അടിസ്ഥാനത്തി”ലല്ലെങ്കിൽ കേൾക്കുന്നവർക്ക് അതു പരുഷമായി തോന്നാൻ ഇടയുണ്ട്. (ഫിലേ. 9, NW) സത്വര നടപടി ആവശ്യമായിരിക്കുമ്പോൾ ഉദ്ബോധനം നൽകുന്നയാളുടെ അവതരണത്തിൽ സാഹചര്യത്തിന്റെ അടിയന്തിരത ധ്വനിക്കണം എന്നതു ശരിതന്നെ—നിങ്ങൾ സംസാരിക്കുന്നത് മൃദുവായ സ്വരത്തിലാണെങ്കിൽ കേൾവിക്കാർക്കു ക്ഷമാപണം നടത്തുന്നതുപോലെയേ തോന്നൂ. അതേസമയം, ആത്മാർഥതയോടും ആഴമായ വികാരത്തോടുംകൂടി വേണം ഉദ്ബോധനം നൽകാൻ. ഉദ്ബോധനം സ്നേഹപൂർവം നൽകുമ്പോൾ അതു സദസ്സിനെ പ്രചോദിപ്പിക്കാൻ കൂടുതൽ സാധ്യതയുണ്ട്. തന്നെയും തന്നോടൊപ്പമുള്ളവരെയും കുറിച്ചു പൗലൊസ് തെസ്സലൊനീക്യരോട് ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ നിങ്ങളിൽ ഓരോരുത്തരെയും അപ്പൻ മക്കളെ എന്നപോലെ ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നു എന്ന കാര്യം നിങ്ങൾക്കു നല്ലവണ്ണം അറിയാമല്ലോ.” (1 തെസ്സ. 2:11, NW] ആ ക്രിസ്തീയ മേൽവിചാരകന്മാർ സഹോദരങ്ങളെ സ്നേഹത്തോടെയാണ് ഉദ്ബോധിപ്പിച്ചത്. നിങ്ങളുടെ വാക്കുകൾ ശ്രോതാക്കളോടുള്ള ആത്മാർഥ താത്പര്യത്തിൽനിന്നു വരുന്നതാകട്ടെ.
നയമുള്ളവരായിരിക്കുക. പടികൾ സ്വീകരിക്കാൻ നിങ്ങൾ ആരെ പ്രേരിപ്പിക്കുന്നുവോ, അവരെ വെറുപ്പിക്കരുത്. അതേസമയം, നിങ്ങളുടെ സദസ്യരിൽനിന്ന് “ദൈവത്തിന്റെ ആലോചന ഒട്ടും” മറച്ചുവെക്കാതിരിക്കുകയും വേണം. (പ്രവൃ. 20:27) വിലമതിപ്പുള്ളവർ, ശരി ചെയ്യാൻ നിങ്ങൾ അവരെ ദയാപൂർവം പ്രേരിപ്പിച്ചതിന്റെ പേരിൽ മുഷിപ്പു കാണിക്കില്ല, അതിന്റെ പേരിൽ അവർക്കു നിങ്ങളോടുള്ള സ്നേഹം കുറഞ്ഞുപോകുകയും ഇല്ല.—സങ്കീ. 141:5.
ഉദ്ബോധനം നൽകുന്നതിനു മുമ്പ് പ്രശംസ അർഹിക്കുന്ന കാര്യങ്ങൾ എടുത്തുപറഞ്ഞുകൊണ്ട്, അത് ആർക്കു നൽകുന്നുവോ അവരെ ആത്മാർഥമായി അഭിനന്ദിക്കുന്നതു പലപ്പോഴും പ്രയോജനകരമാണ്. അവരുടെ വേലയിൽ ദൃശ്യമായ വിശ്വാസം, കഠിന പ്രയത്നം ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്ന സ്നേഹം, പരിശോധനകളിൻ മധ്യേയുള്ള അവരുടെ സഹിഷ്ണുത എന്നിങ്ങനെ നിങ്ങളുടെ സഹോദരങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങളെ—യഹോവ തീർച്ചയായും പ്രസാദിക്കുന്ന കാര്യങ്ങളെ—കുറിച്ചു ചിന്തിക്കുക. (1 തെസ്സ. 1:2-8; 2 തെസ്സ. 1:3-5) തങ്ങളെ വിലമതിക്കുന്നുണ്ട്, മനസ്സിലാക്കുന്നുണ്ട് എന്നൊക്കെ തോന്നാൻ ഇതു സഹോദരങ്ങളെ സഹായിക്കും. ഇത്, തുടർന്നു നൽകുന്ന ഉദ്ബോധനത്തോടു സ്വീകാര്യക്ഷമരായിരിക്കാൻ അവരെ സഹായിക്കും.
‘സകല ദീർഘക്ഷമയോടും കൂടെ.’ ഉദ്ബോധനം നൽകേണ്ടത് ‘സകല ദീർഘക്ഷമയോടും കൂടെ’ ആയിരിക്കണം. (2 തിമൊ. 4:2, NW) ഇതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? ദീർഘക്ഷമയിൽ തെറ്റോ പ്രകോപനമോ ക്ഷമാപൂർവം സഹിക്കുന്നത് ഉൾപ്പെടുന്നു. ദീർഘക്ഷമയുള്ള ആൾ താൻ പറയുന്നത് തന്റെ ശ്രോതാക്കൾ ജീവിതത്തിൽ ബാധകമാക്കും എന്ന പ്രത്യാശ നിലനിറുത്തുന്നു. ഈ മനോഭാവത്തോടെ ഉദ്ബോധനം നൽകുന്നത് ശ്രോതാക്കളെ കുറിച്ചു നിങ്ങൾക്ക് അങ്ങേയറ്റം മോശമായ ധാരണയാണ് ഉള്ളതെന്ന് അവർ കരുതാതിരിക്കാൻ സഹായിക്കും. സഹോദരീസഹോദരന്മാർ ആവുന്നത്ര നന്നായി യഹോവയെ സേവിക്കാൻ ആഗ്രഹിക്കുന്നവരാണ് എന്ന ബോധ്യം നിങ്ങൾക്ക് ഉള്ളതായി കാണുന്നത് ശരിയായതു ചെയ്യാനുള്ള അവരുടെ ആഗ്രഹത്തെ ഉണർത്തും.—എബ്രാ. 6:9.
“ആരോഗ്യാവഹമായ പഠിപ്പിക്കലിനാൽ.” ഒരു മൂപ്പന് എങ്ങനെയാണ് “ആരോഗ്യാവഹമായ പഠിപ്പിക്കലിനാൽ ഉദ്ബോധിപ്പിക്കാൻ” കഴിയുക? “തന്റെ പഠിപ്പിക്കൽ കലയുടെ കാര്യത്തിൽ വിശ്വസ്ത വചനം മുറുകെ പിടിക്കുന്ന”തിനാൽ തന്നെ. (തീത്തൊ. 1:9, NW) സ്വന്തം അഭിപ്രായം പറയുന്നതിനു പകരം, നിങ്ങളുടെ അഭ്യർഥനയ്ക്ക് ആധാരമായി ദൈവവചനം ഉപയോഗിക്കുക. എന്താണു പറയേണ്ടതെന്ന് ബൈബിളിന്റെ അടിസ്ഥാനത്തിൽ നിർണയിക്കുക. ചർച്ച ചെയ്യുന്ന വിഷയത്തെ കുറിച്ച് ബൈബിൾ പറയുന്നതു ബാധകമാക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ എടുത്തുപറയുക. ദൈവവചനത്തിനു ചേർച്ചയിൽ പ്രവർത്തിക്കാതിരുന്നാൽ ഇപ്പോഴും ഭാവിയിലും ഉണ്ടാകുന്ന ഭവിഷ്യത്തുകൾ നന്നായി മനസ്സിൽ പിടിക്കുക. ഉചിതമായ നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ചു നിങ്ങളുടെ സദസ്സിനെ ബോധ്യപ്പെടുത്താൻ ഇവ ഉപയോഗിക്കുക.
എന്തു ചെയ്യണമെന്നും അത് എങ്ങനെ ചെയ്യണമെന്നും സദസ്സിന് നിങ്ങൾ വ്യക്തമായി വിശദീകരിച്ചുകൊടുക്കുന്നു എന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ ന്യായവാദം തിരുവെഴുത്തുകളിൽ അടിയുറച്ചതാണെന്നു വ്യക്തമാക്കുക. എടുക്കേണ്ട ഏതെങ്കിലും തീരുമാനത്തിന്റെ കാര്യത്തിൽ തിരുവെഴുത്തുകൾ കുറച്ചു സ്വാതന്ത്ര്യം അനുവദിക്കുന്നെങ്കിൽ, അത് എത്രത്തോളം ആകാമെന്നു സൂചിപ്പിക്കുക. എന്നിട്ട് ഉപസംഹാരത്തിൽ പടികൾ സ്വീകരിക്കാനുള്ള നിങ്ങളുടെ ശ്രോതാക്കളുടെ ദൃഢനിശ്ചയത്തെ ബലപ്പെടുത്തുന്ന ഒരു അന്തിമ ഉദ്ബോധനം നൽകുക.
“സംസാര സ്വാതന്ത്ര്യ”ത്തോടെ. മറ്റുള്ളവരെ ഫലകരമായി ഉദ്ബോധിപ്പിക്കുന്നതിന്, ഒരുവന് “വിശ്വാസത്തിൽ സംസാര സ്വാതന്ത്യം” ഉണ്ടായിരിക്കണം. (1 തിമൊ. 3:13, NW) സ്വാതന്ത്ര്യത്തോടെ സംസാരിക്കുന്നതിന് ഒരുവനെ പ്രാപ്തനാക്കുന്നത് എന്താണ്? തന്റെ സഹോദരന്മാരെ എന്തു ചെയ്യാനാണോ താൻ ഉദ്ബോധിപ്പിക്കുന്നത് അത് ‘സൽപ്രവൃത്തികളിൽ’ താൻ വെക്കുന്ന ‘മാതൃക’യുമായി ഒത്തുപോകുന്നു എന്ന വസ്തുത. (തീത്തൊ. 2:6, 7; 1 പത്രൊ. 5:3) അങ്ങനെയാകുമ്പോൾ, ഉദ്ബോധനം നൽകുന്നയാൾ സ്വയം ചെയ്യാത്ത കാര്യം മറ്റുള്ളവർ ചെയ്യണമെന്ന് അയാൾ ആവശ്യപ്പെടുന്നതായി ഉദ്ബോധിപ്പിക്കപ്പെടുന്നവർക്കു തോന്നുകയില്ല. അദ്ദേഹം ക്രിസ്തുവിനെ അനുകരിക്കാൻ ശ്രമിക്കവേ തങ്ങൾക്ക് അദ്ദേഹത്തിന്റെ വിശ്വാസം അനുകരിക്കാൻ കഴിയുമെന്ന് അവർ മനസ്സിലാക്കും.—1 കൊരി. 11:1; ഫിലി. 3:17.
ദൈവവചനത്തിൽ അധിഷ്ഠിതവും സ്നേഹപൂർവം നൽകപ്പെടുന്നതുമായ ഉദ്ബോധനം വളരെയേറെ നന്മ കൈവരുത്തും. അത്തരം ഉദ്ബോധനം നൽകാനുള്ള ഉത്തരവാദിത്വം ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നവർ അതു നന്നായി ചെയ്യുന്നതിൽ ഉത്സുകരായിരിക്കേണ്ടതുണ്ട്.—റോമ. 12:8, NW.