അധ്യായം 29
‘ക്രിസ്തുവിന്റെ സ്നേഹത്തെ അറിയാൻ’
1-3. (എ) തന്റെ പിതാവിനെപ്പോലെ ആയിരിക്കാൻ യേശുവിനെ പ്രേരിപ്പിച്ചത് എന്താണ്? (ബി) യേശുവിന്റെ സ്നേഹത്തിന്റെ ഏതു വശങ്ങൾ നാം പരിശോധിക്കും?
ഒരു കൊച്ചുകുട്ടി അവന്റെ പിതാവിനെ അനുകരിക്കാൻ ശ്രമിക്കുന്നതു നിങ്ങൾ കണ്ടിട്ടുണ്ടോ? പിതാവിന്റെ നടപ്പും സംസാരവും പ്രവർത്തനരീതിയുമൊക്കെ അവൻ അനുകരിച്ചേക്കാം. കാലക്രമത്തിൽ കുട്ടി പിതാവിന്റെ ധാർമികവും ആത്മീയവുമായ മൂല്യങ്ങൾ സ്വായത്തമാക്കുകപോലും ചെയ്തേക്കാം. അതേ, സ്നേഹനിധിയായ പിതാവിനോടു കുട്ടിക്കു തോന്നുന്ന സ്നേഹവും ആദരവും അദ്ദേഹത്തെ പോലെ ആയിരിക്കാൻ അവനെ പ്രേരിപ്പിക്കുന്നു.
2 യേശുവും അവന്റെ സ്വർഗീയ പിതാവും തമ്മിലുള്ള ബന്ധം സംബന്ധിച്ചെന്ത്? “ഞാൻ പിതാവിനെ സ്നേഹിക്കുന്നു” എന്ന് യേശു ഒരു സന്ദർഭത്തിൽ പറഞ്ഞു. (യോഹന്നാൻ 14:31) മറ്റ് ഏതൊരു സൃഷ്ടിയും അസ്തിത്വത്തിൽ വരുന്നതിനും വളരെ കാലങ്ങൾക്കു മുമ്പുതന്നെ യേശു യഹോവയോടൊപ്പം ആയിരുന്നതിനാൽ ഈ പുത്രനെക്കാൾ കൂടുതൽ യഹോവയെ സ്നേഹിക്കാൻ ഒരുപക്ഷേ ആർക്കും കഴിയില്ല. ആ സ്നേഹം തന്റെ പിതാവിനെപ്പോലെ ആയിരിക്കാൻ വിശ്വസ്തനും അർപ്പണ മനോഭാവമുള്ളവനുമായ ഈ പുത്രനെ പ്രേരിപ്പിച്ചു.—യോഹന്നാൻ 14:9.
3 യഹോവയുടെ ശക്തി, നീതി, ജ്ഞാനം എന്നീ ഗുണങ്ങളെ യേശു പൂർണമായി അനുകരിച്ചത് എങ്ങനെയെന്ന് ഈ പുസ്തകത്തിന്റെ മുൻ അധ്യായങ്ങളിൽ നാം പരിചിന്തിച്ചിരുന്നു. എന്നാൽ യേശു തന്റെ പിതാവിന്റെ സ്നേഹത്തെ പ്രതിഫലിപ്പിച്ചത് എങ്ങനെയാണ്? നമുക്ക് യേശുവിന്റെ സ്നേഹത്തിന്റെ മൂന്നു വശങ്ങൾ പരിശോധിക്കാം—ആത്മത്യാഗ മനോഭാവം, ആർദ്രാനുകമ്പ, ക്ഷമിക്കാനുള്ള സന്നദ്ധത.
‘ഇതിനെക്കാൾ വലിയ സ്നേഹം ആർക്കും ഇല്ല’
4. ആത്മത്യാഗപരമായ സ്നേഹത്തിന്റെ കാര്യത്തിൽ യേശു ഏറ്റവും വലിയ മാനുഷിക മാതൃകവെച്ചത് എങ്ങനെ?
4 ആത്മത്യാഗപരമായ സ്നേഹത്തിന്റെ കാര്യത്തിൽ യേശു മുന്തിയ മാതൃകവെച്ചു. ആത്മത്യാഗ മനോഭാവം ഉണ്ടായിരിക്കുന്നതിൽ നിസ്സ്വാർഥമായി മറ്റുള്ളവരുടെ ആവശ്യങ്ങൾക്കും താത്പര്യങ്ങൾക്കും നമ്മുടേതിനെക്കാൾ പരിഗണന കൊടുക്കുന്നത് ഉൾപ്പെടുന്നു. യേശു അത്തരം സ്നേഹം പ്രകടമാക്കിയത് എങ്ങനെ? അവൻതന്നെ ഇങ്ങനെ വിശദീകരിച്ചു: “സ്നേഹിതന്മാർക്കു വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുളള സ്നേഹം ആർക്കും ഇല്ല.” (യോഹന്നാൻ 15:13, 14എ) യേശു മനസ്സോടെ തന്റെ പൂർണതയുള്ള ജീവൻ നമുക്കുവേണ്ടി നൽകി. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ സ്നേഹപ്രകടനമായിരുന്നു അത്. എന്നാൽ യേശു മറ്റു വിധങ്ങളിലും ആത്മത്യാഗപരമായ സ്നേഹം പ്രകടമാക്കി.
5. സ്വർഗം വിട്ടുപോന്നത് ദൈവത്തിന്റെ ഏകജാത പുത്രന്റെ ഭാഗത്തെ സ്നേഹനിർഭരമായ ഒരു ത്യാഗമായിരുന്നത് എന്തുകൊണ്ട്?
5 തന്റെ മനുഷ്യ-പൂർവ അസ്തിത്വത്തിൽ ദൈവത്തിന്റെ ഏകജാത പുത്രന് സ്വർഗത്തിൽ മഹനീയമായ, ഒരതുല്യ സ്ഥാനമുണ്ടായിരുന്നു. അവൻ യഹോവയും ദശലക്ഷക്കണക്കിനു വരുന്ന ആത്മജീവികളുടെ സമൂഹവുമായി ഉറ്റ സഹവാസം ആസ്വദിച്ചിരുന്നു. ഈ പദവികളൊക്കെ ഉണ്ടായിരുന്നിട്ടും യഹോവയുടെ പ്രിയപുത്രൻ “ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു.” (ഫിലിപ്പിയർ 2:7, 8എ) ‘ദുഷ്ടന്റെ അധീനതയിൽ കിടക്കുന്ന’ ഒരു ലോകത്തിലെ പാപപൂർണരായ മനുഷ്യരുടെ ഇടയിൽ പാർക്കാൻ അവൻ മനസ്സോടെ ഇറങ്ങിവന്നു. (1 യോഹന്നാൻ 5:19) അത് ദൈവപുത്രന്റെ ഭാഗത്തെ സ്നേഹനിർഭരമായ ഒരു ത്യാഗമല്ലായിരുന്നോ?
6, 7. (എ) തന്റെ ഭൗമിക ശുശ്രൂഷക്കാലത്ത് യേശു ഏതു വിധങ്ങളിൽ ആത്മത്യാഗപരമായ സ്നേഹം പ്രകടമാക്കി? (ബി) യോഹന്നാൻ 19:25-27-ൽ നിസ്സ്വാർഥ സ്നേഹത്തിന്റെ ഹൃദയസ്പർശിയായ ഏതു ദൃഷ്ടാന്തം രേഖപ്പെടുത്തിയിരിക്കുന്നു?
6 തന്റെ ഭൗമിക ശുശ്രൂഷയിൽ ഉടനീളം യേശു വ്യത്യസ്ത വിധങ്ങളിൽ ആത്മത്യാഗപരമായ സ്നേഹം പ്രകടമാക്കി. അവൻ തികച്ചും നിസ്സ്വാർഥനായിരുന്നു. അവൻ തന്റെ ശുശ്രൂഷയിൽ ആമഗ്നനായിരുന്നതിനാൽ മനുഷ്യർക്കു പതിവുള്ള സാധാരണ സുഖങ്ങൾ അവൻ ബലികഴിച്ചു. അവൻ ഒരിക്കൽ ഇപ്രകാരം പറഞ്ഞു: “കുറുനരികൾക്കു കുഴികളും ആകാശത്തിലെ പറവകൾക്കു കൂടുകളും ഉണ്ടു; മനുഷ്യപുത്രന്നോ തല ചായിപ്പാൻ ഇടം ഇല്ല.” (മത്തായി 8:20) വിദഗ്ധനായ ഒരു മരപ്പണിക്കാരൻ ആയിരുന്നതിനാൽ തനിക്കുവേണ്ടി നല്ല ഒരു വീടു പണിയാനോ മനോഹരമായ ഗൃഹോപകരണങ്ങൾ ഉണ്ടാക്കി വിറ്റ് പണം സമ്പാദിക്കാനോ അവന് അൽപ്പം സമയം ചെലവഴിക്കാമായിരുന്നു. എന്നാൽ ഭൗതിക വസ്തുക്കൾ നേടാൻ അവൻ തന്റെ വൈദഗ്ധ്യങ്ങൾ ഉപയോഗിച്ചില്ല.
7 യേശുവിന്റെ ആത്മത്യാഗപരമായ സ്നേഹത്തിന്റെ തികച്ചും ഹൃദയസ്പർശിയായ ഒരു ദൃഷ്ടാന്തം യോഹന്നാൻ 19:25-27-ൽ രേഖപ്പെടുത്തിയിരിക്കുന്നു. യേശുവിന്റെ മരണത്തിനു തൊട്ടുമുമ്പ് അവന്റെ മനസ്സിനെയും ഹൃദയത്തെയും ഭാരപ്പെടുത്തിയിരിക്കാൻ സാധ്യതയുള്ള കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുക. സ്തംഭത്തിൽ കഠോരവേദനയാൽ പുളയുമ്പോഴും, ശിഷ്യന്മാരെയും പ്രസംഗവേലയെയും വിശേഷാൽ തന്റെ നിർമലതയെയും അത് തന്റെ പിതാവിന്റെ നാമത്തിന്മേൽ എന്തു ഫലം ഉളവാക്കും എന്നതിനെയും കുറിച്ചായിരുന്നു അവന്റെ ചിന്ത. യഥാർഥത്തിൽ, മുഴു മനുഷ്യവർഗത്തിന്റെയും ഭാവി അവന്റെ ചുമലിൽ ആയിരുന്നു! മരിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ള ആ നിർണായക സാഹചര്യത്തിലും, യേശു തന്റെ അമ്മയായ മറിയയെ കുറിച്ചും കരുതൽ പ്രകടമാക്കി. സാധ്യതയനുസരിച്ച്, മറിയ അപ്പോൾ ഒരു വിധവ ആയിരുന്നു. മറിയയെ സ്വന്തം അമ്മയെ പോലെ സംരക്ഷിക്കാൻ യേശു അപ്പൊസ്തലനായ യോഹന്നാനോട് ആവശ്യപ്പെട്ടു. അങ്ങനെ യേശു തന്റെ അമ്മയുടെ ശാരീരികവും ആത്മീയവുമായ പരിപാലനത്തിനു വേണ്ട ക്രമീകരണം ചെയ്തു. നിസ്സ്വാർഥ സ്നേഹത്തിന്റെ എത്ര ആർദ്രമായ പ്രകടനം!
‘അവന്റെ മനസ്സലിഞ്ഞു’
8. യേശുവിന്റെ അനുകമ്പയെ വർണിക്കാൻ ബൈബിൾ ഉപയോഗിക്കുന്ന ഗ്രീക്കു പദത്തിന്റെ അർഥമെന്ത്?
8 തന്റെ പിതാവിനെപ്പോലെ യേശു അനുകമ്പയുള്ളവനായിരുന്നു. അങ്ങേയറ്റത്തെ മനസ്സലിവോടെ അരിഷ്ടരെ സഹായിക്കാൻ കഠിനയത്നം ചെയ്ത ഒരുവനായി തിരുവെഴുത്തുകൾ അവനെ വർണിക്കുന്നു. യേശുവിന്റെ അനുകമ്പയെ കുറിക്കാൻ ബൈബിൾ “മനസ്സലിഞ്ഞു” എന്നു വിവർത്തനം ചെയ്തിരിക്കുന്ന ഒരു ഗ്രീക്കു പദം ഉപയോഗിക്കുന്നു. ഒരു പണ്ഡിതൻ ഇങ്ങനെ പറയുന്നു: “അത് . . . ഒരു വ്യക്തി തന്റെ ഉള്ളിന്റെയുള്ളിലെ വികാരത്താൽ പ്രേരിതനാകുന്നതിനെ അർഥമാക്കുന്നു. അനുകമ്പയെന്ന വികാരത്തിനുള്ള ഗ്രീക്കിലെ ഏറ്റവും ശക്തമായ പദമാണ് അത്.” ആഴമായ അനുകമ്പ യേശുവിനെ പ്രവർത്തനത്തിനു പ്രേരിപ്പിച്ച ചില സാഹചര്യങ്ങൾ പരിചിന്തിക്കുക.
9, 10. (എ) യേശുവും അവന്റെ അപ്പൊസ്തലന്മാരും ഒരു ഏകാന്ത സ്ഥലം തേടാൻ ഇടയാക്കിയ സാഹചര്യം ഏത്? (ബി) ഒരിക്കൽ ജനക്കൂട്ടം യേശുവിന്റെ സ്വകാര്യതയെ തടസ്സപ്പെടുത്തിയപ്പോൾ അവൻ എങ്ങനെ പ്രതികരിച്ചു, എന്തുകൊണ്ട്?
9 ആത്മീയ ആവശ്യങ്ങളോടു പ്രതികരിക്കാൻ പ്രേരിതനാകുന്നു. മർക്കൊസ് 6:30-34-ലെ വിവരണം, മനസ്സലിവു പ്രകടിപ്പിക്കാൻ യേശുവിനെ മുഖ്യമായി പ്രേരിപ്പിച്ചത് എന്താണെന്നു കാണിച്ചുതരുന്നു. ആ രംഗമൊന്നു ഭാവനയിൽ കാണുക. വിപുലമായ ഒരു പ്രസംഗപര്യടനം അപ്പോൾ പൂർത്തിയാക്കി കഴിഞ്ഞിരുന്നതിനാൽ അപ്പൊസ്തലന്മാർ ഉത്സാഹഭരിതരായിരുന്നു. അവർ യേശുവിന്റെ അടുക്കൽ മടങ്ങിവന്ന് തങ്ങൾ കണ്ടതും കേട്ടതുമായ സകലതും ആകാംക്ഷാപൂർവം അറിയിച്ചു. എന്നാൽ ഒരു വലിയ പുരുഷാരം അവനു ചുറ്റും തടിച്ചുകൂടി. യേശുവിനും അവന്റെ അപ്പൊസ്തലന്മാർക്കും ആഹാരം കഴിക്കാൻപോലും സമയമില്ലാതായി. എല്ലാം നിരീക്ഷിച്ചു മനസ്സിലാക്കാൻ കഴിവുള്ളവനായ യേശു, അപ്പൊസ്തലന്മാർ ക്ഷീണിതരാണെന്നു കണ്ടു. “നിങ്ങൾ ഒരു ഏകാന്തസ്ഥലത്തു വേറിട്ടുവന്നു അല്പം ആശ്വസിച്ചുകൊൾവിൻ” എന്ന് അവൻ അവരോടു പറഞ്ഞു. ഒരു വള്ളത്തിൽ കയറി അവർ ഗലീലക്കടലിന്റെ വടക്കേ അറ്റത്തുകൂടെ തുഴഞ്ഞ് ഒരു ഏകാന്ത സ്ഥലത്ത് എത്തി. എന്നാൽ അവർ വിട്ടുപോകുന്നത് ജനക്കൂട്ടം കണ്ടിരുന്നു. മറ്റു ചിലരും അതേക്കുറിച്ചു മനസ്സിലാക്കി. വള്ളം എത്തുന്നതിനു മുമ്പ് അവരെല്ലാം വടക്കേ തീരം വഴി മറുകരയിൽ എത്തി!
10 ആളുകൾ തന്റെ സ്വകാര്യതയെ തടസ്സപ്പെടുത്തിയപ്പോൾ യേശു അസ്വസ്ഥനായോ? അശേഷമില്ല! തനിക്കായി കാത്തുനിന്നിരുന്ന ആയിരങ്ങളെ കണ്ടപ്പോൾ അവന്റെ ഹൃദയം വികാരാധീനമായി. മർക്കൊസ് ഇങ്ങനെ എഴുതി: “അവൻ . . . വലിയ പുരുഷാരത്തെ കണ്ടു, അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ടു അവരിൽ മനസ്സലിഞ്ഞു പലതും ഉപദേശിച്ചുതുടങ്ങി.” ആത്മീയ ആവശ്യങ്ങളുള്ള വ്യക്തികളായി യേശു അവരെ കണ്ടു. നയിക്കാനോ സംരക്ഷിക്കാനോ ഒരു ഇടയൻ ഇല്ലാതെ, നിസ്സഹായരായി അലയുന്ന ആടുകളെ പോലെ ആയിരുന്നു അവർ. കരുതലുള്ള ഇടയന്മാർ ആയിരിക്കേണ്ടിയിരുന്ന മതനേതാക്കന്മാർ തികഞ്ഞ നിസ്സംഗതയോടെ, സാമാന്യജനത്തെ അവഗണിച്ചിരിക്കുകയാണെന്ന് യേശുവിന് അറിയാമായിരുന്നു. (യോഹന്നാൻ 7:47-49) അവനു ജനത്തോടു സഹതാപം തോന്നി. അതുകൊണ്ട് അവൻ “ദൈവരാജ്യത്തെക്കുറിച്ചു” അവരെ പഠിപ്പിച്ചുതുടങ്ങി. (ലൂക്കൊസ് 9:11) താൻ അവരെ പഠിപ്പിക്കുന്ന കാര്യങ്ങളോടുള്ള അവരുടെ പ്രതികരണം അറിയുന്നതിനു മുമ്പുതന്നെ യേശുവിന് അവരോട് അനുകമ്പ തോന്നി എന്നതു ശ്രദ്ധിക്കുക. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ആർദ്രാനുകമ്പ ജനക്കൂട്ടത്തെ അവൻ പഠിപ്പിച്ചതിന്റെ ഫലം അല്ലായിരുന്നു, പിന്നെയോ അങ്ങനെ ചെയ്യുന്നതിന്റെ പിന്നിലെ പ്രേരകഘടകം ആയിരുന്നു.
11, 12. (എ) ബൈബിൾ കാലങ്ങളിൽ കുഷ്ഠരോഗികളെ എങ്ങനെയാണ് വീക്ഷിച്ചിരുന്നത്, എന്നാൽ “കുഷ്ഠം നിറഞ്ഞോരു” മനുഷ്യൻ യേശുവിനെ സമീപിച്ചപ്പോൾ അവൻ എങ്ങനെ പ്രതികരിച്ചു? (ബി) യേശുവിന്റെ സ്പർശനം കുഷ്ഠരോഗിയിൽ എന്തു വികാരം ഉളവാക്കിയിരിക്കാം, ഒരു ഡോക്ടറുടെ അനുഭവം അതു വിശദമാക്കുന്നത് എങ്ങനെ?
11 യാതനയിൽനിന്നു മോചിപ്പിക്കാൻ പ്രേരിതനാകുന്നു. വിവിധ വ്യാധികളാൽ വലഞ്ഞിരുന്ന ആളുകൾ യേശു അനുകമ്പയുള്ള വ്യക്തിയാണെന്നു മനസ്സിലാക്കി, തന്നിമിത്തം അവർ അവനിലേക്ക് ആകർഷിക്കപ്പെട്ടു. പിൻവരുന്ന സംഭവം ഇതു വിശേഷാൽ വ്യക്തമാക്കുന്നു. ഒരിക്കൽ യേശു ഒരു ജനക്കൂട്ടത്തോടൊപ്പം ആയിരിക്കെ, “കുഷ്ഠം നിറഞ്ഞോരു” മനുഷ്യൻ സമീപിച്ചു. (ലൂക്കൊസ് 5:12) ബൈബിൾ കാലങ്ങളിൽ, രോഗവ്യാപനത്തിൽനിന്നു മറ്റുള്ളവരെ സംരക്ഷിക്കാൻ കുഷ്ഠരോഗികളെ മാറ്റിപ്പാർപ്പിച്ചിരുന്നു. (സംഖ്യാപുസ്തകം 5:1-4) എന്നിരുന്നാലും, കാലക്രമത്തിൽ, റബ്ബിമാരായ നേതാക്കന്മാർ കുഷ്ഠരോഗത്തോടുള്ള ബന്ധത്തിൽ നിർദയമായ ഒരു വീക്ഷണം വെച്ചുപുലർത്തുകയും അവരുടെ സ്വന്തം മർദക നിയമങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്തു.a എന്നാൽ യേശു കുഷ്ഠരോഗിയോടു പ്രതികരിച്ചത് എങ്ങനെയെന്നു കാണുക: “ഒരു കുഷ്ഠരോഗി അവന്റെ അടുക്കൽ വന്നു മുട്ടുകുത്തി: നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു അപേക്ഷിച്ചു. യേശു മനസ്സലിഞ്ഞു കൈ നീട്ടി അവനെ തൊട്ടു: മനസ്സുണ്ടു, ശുദ്ധമാക എന്നു പറഞ്ഞ ഉടനെ കുഷ്ഠം അവനെ വിട്ടുമാറി അവന്നു ശുദ്ധിവന്നു.” (മർക്കൊസ് 1:40-42) കുഷ്ഠരോഗി അവിടെ വന്നതുപോലും നിയമവിരുദ്ധമാണെന്നു യേശുവിന് അറിയാമായിരുന്നു. എന്നിട്ടും, അവനെ പറഞ്ഞുവിടുന്നതിനു പകരം, തികഞ്ഞ മനസ്സലിവോടെ യേശു അചിന്തനീയമായ ഒരു കാര്യം ചെയ്തു—യേശു അവനെ തൊട്ടു!
12 യേശുവിന്റെ സ്പർശനം ആ കുഷ്ഠരോഗിയെ സംബന്ധിച്ചിടത്തോളം എന്തർഥമാക്കി എന്നു നിങ്ങൾക്കു സങ്കൽപ്പിക്കാമോ? അതു മനസ്സിലാക്കാൻ ഒരു അനുഭവം പരിചിന്തിക്കുക. ഒരു കുഷ്ഠരോഗ വിദഗ്ധനായ ഡോ. പോൾ ബ്രാൻഡ് ഇന്ത്യയിൽ താൻ ചികിത്സിച്ച ഒരു കുഷ്ഠരോഗിയെ കുറിച്ചു പറയുന്നു. പരിശോധനാ സമയത്ത് ഡോക്ടർ രോഗിയുടെ തോളിൽ കൈ വെച്ചുകൊണ്ട് അയാൾ വിധേയനാകേണ്ട ചികിത്സയെ കുറിച്ച് ഒരു പരിഭാഷകയുടെ സഹായത്തോടെ വിശദീകരിച്ചു. പെട്ടെന്ന് രോഗി കരയാൻ തുടങ്ങി. “ഞാൻ അരുതാത്തത് എന്തെങ്കിലും പറഞ്ഞോ?” ഡോക്ടർ ചോദിച്ചു. പരിഭാഷക ആ ചെറുപ്പക്കാരന്റെ ഭാഷയിൽ അയാളോടു കാര്യം ചോദിച്ചറിഞ്ഞു, എന്നിട്ട് ഡോക്ടറോടായി പറഞ്ഞു: “ഇല്ല, ഡോക്ടർ. താങ്കൾ അയാളുടെ തോളിൽ കൈ വെച്ചതുകൊണ്ടാണ് അയാൾ കരയുന്നതെന്ന് അയാൾ പറയുന്നു. അയാൾ ഇവിടെ വരുന്നതിനു മുമ്പ് വർഷങ്ങളായി ആരും അയാളെ തൊട്ടിട്ടില്ലായിരുന്നു.” യേശുവിനെ സമീപിച്ച കുഷ്ഠരോഗിയെ സംബന്ധിച്ചിടത്തോളം ആ സ്പർശനത്തിന് അതിലും കൂടിയ അർഥമുണ്ടായിരുന്നു. ആ ഒരൊറ്റ സ്പർശനത്താൽ, അതുവരെ അയാളെ ഭ്രഷ്ടനാക്കിയിരുന്ന രോഗം അപ്രത്യക്ഷമായി.
13, 14. (എ) നയീൻ പട്ടണത്തെ സമീപിക്കവേ യേശു ഏതു വിലാപയാത്ര കണ്ടു, ഇതിനെ വിശേഷാൽ സങ്കടകരമായ ഒരു സാഹചര്യമാക്കിത്തീർത്തതെന്ത്? (ബി) യേശുവിന്റെ അനുകമ്പ നയീനിലെ വിധവയ്ക്കുവേണ്ടി എന്തു ചെയ്യാൻ അവനെ പ്രേരിപ്പിച്ചു?
13 ദുഃഖം അകറ്റാൻ പ്രേരിതനാകുന്നു. മറ്റുള്ളവരുടെ ദുഃഖവും യേശുവിനെ ആഴത്തിൽ സ്പർശിച്ചിരുന്നു. ദൃഷ്ടാന്തമായി, ലൂക്കൊസ് 7:11-15-ലെ വിവരണം പരിചിന്തിക്കുക. യേശുവിന്റെ ഭൗമിക ശുശ്രൂഷയുടെ ഏതാണ്ടു മധ്യത്തിലാണ് ഈ സംഭവം നടക്കുന്നത്. യേശു നയീൻ എന്ന ഗലീലാ പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് എത്തിയിരുന്നു. നഗരത്തിന്റെ പടിവാതിലിനോട് അടുത്തപ്പോൾ അവൻ ഒരു ശവസംസ്കാര യാത്ര കണ്ടു. വളരെ ദുഃഖകരമായ ഒരു സാഹചര്യമായിരുന്നു അത്. മരിച്ച യുവാവ് ഒരു വിധവയുടെ ഏക മകനായിരുന്നു. ഈ സ്ത്രീ ഇതിനുമുമ്പും അത്തരമൊരു വിലാപയാത്രയിൽ സംബന്ധിച്ചിരിക്കാനിടയുണ്ട്—തന്റെ ഭർത്താവിന്റെ ശവസംസ്കാര യാത്രയിൽ. ഇക്കുറി അത്, അവളുടെ ഏക ആശ്രയമായിരുന്ന മകന്റേതായിരുന്നു. അവളോടുകൂടെ ഉണ്ടായിരുന്ന ജനക്കൂട്ടത്തിൽ വിലാപഗീതങ്ങൾ ആലപിക്കുന്നവരും വാദ്യവൃന്ദക്കാരും ഉൾപ്പെട്ടിരിക്കാം. (യിരെമ്യാവു 9:17, 18; മത്തായി 9:23) എന്നിരുന്നാലും, യേശുവിന്റെ നോട്ടം ദുഃഖിതയായ മാതാവിൽ കേന്ദ്രീകരിച്ചു, തന്റെ പുത്രന്റെ മൃതദേഹം വഹിച്ചിരുന്ന മഞ്ചത്തിനോടു ചേർന്നായിരിക്കണം അവൾ നടന്നിരുന്നത് എന്നതിനു സംശയമില്ല.
14 ദുഃഖിതയായ ആ അമ്മയെ കണ്ട് യേശുവിന്റെ മനസ്സലിഞ്ഞു. സാന്ത്വനസ്വരത്തിൽ, അവൻ അവളോടു “കരയേണ്ട” എന്നു പറഞ്ഞു. ആരും ആവശ്യപ്പെടാതെതന്നെ അവൻ മഞ്ചത്തിനടുത്തേക്കു ചെന്ന് അതിനെ തൊട്ടു. മഞ്ചം ചുമക്കുന്നവരും സാധ്യതയനുസരിച്ച്, ഒപ്പമുണ്ടായിരുന്നവരും പെട്ടെന്നു നിന്നു. അധികാര ശബ്ദത്തിൽ യേശു നിർജീവ ശരീരത്തോടു: “ബാല്യക്കാരാ എഴുന്നേല്ക്ക എന്നു ഞാൻ നിന്നോടു പറയുന്നു” എന്നു പറഞ്ഞു. അപ്പോൾ എന്താണു സംഭവിച്ചത്? ഒരു ഗാഢനിദ്രയിൽനിന്ന് ഉണർന്നാലെന്നപോലെ “മരിച്ചവൻ എഴുന്നേറ്റു ഇരുന്നു സംസാരിപ്പാൻ തുടങ്ങി”! തുടർന്ന് അത്യന്തം ഹൃദയസ്പർശിയായ ഒരു പ്രസ്താവന നാം വായിക്കുന്നു: “[യേശു] അവനെ അമ്മെക്കു ഏല്പിച്ചുകൊടുത്തു.”
15. (എ) യേശുവിനു മനസ്സലിവു തോന്നിയതിനെ കുറിച്ചുള്ള ബൈബിൾ വിവരണങ്ങൾ, അനുകമ്പയും പ്രവർത്തനവും തമ്മിലുള്ള ബന്ധം പ്രകടമാക്കുന്നത് എങ്ങനെ? (ബി) ഈ കാര്യത്തിൽ യേശുവിനെ നമുക്ക് എങ്ങനെ അനുകരിക്കാനാകും?
15 ഈ വിവരണങ്ങളിൽനിന്ന് നാം എന്താണു പഠിക്കുന്നത്? ഓരോ സംഭവത്തിലും അനുകമ്പയും പ്രവർത്തനവും തമ്മിലുള്ള ബന്ധം കാണുക. മറ്റുള്ളവരുടെ ദുരവസ്ഥ കണ്ടപ്പോഴെല്ലാം യേശുവിന്റെ മനസ്സലിഞ്ഞു, അവരോടുള്ള അനുകമ്പ അവനെ പ്രവർത്തനത്തിനു പ്രേരിപ്പിച്ചു. നമുക്ക് അവന്റെ മാതൃക എങ്ങനെ പിന്തുടരാൻ കഴിയും? ക്രിസ്ത്യാനികളെന്ന നിലയിൽ സുവാർത്ത പ്രസംഗിക്കാനും ശിഷ്യരെ ഉളവാക്കാനുമുള്ള കടപ്പാടു നമുക്കുണ്ട്. മുഖ്യമായും ദൈവത്തോടുള്ള സ്നേഹമാണ് നമ്മെ പ്രചോദിപ്പിക്കുന്നത്. എന്നാൽ ഇത് അനുകമ്പ കൂടെ ആവശ്യമുള്ള ഒരു വേലയാണ് എന്ന് ഓർക്കുക. യേശുവിനെപ്പോലെ ആളുകളോടു നമുക്ക് സമാനുഭാവം തോന്നുമ്പോൾ, അവരുമായി സുവാർത്ത പങ്കുവെക്കാൻ സാധിക്കുന്നതെല്ലാം ചെയ്യാൻ നമ്മുടെ ഹൃദയം നമ്മെ പ്രേരിപ്പിക്കും. (മത്തായി 22:37-39) കഷ്ടപ്പെടുകയോ ദുഃഖിക്കുകയോ ചെയ്യുന്ന സഹവിശ്വാസികളോട് അനുകമ്പ പ്രകടമാക്കുന്നതു സംബന്ധിച്ചെന്ത്? നമുക്ക് അത്ഭുതകരമായി ശാരീരിക കഷ്ടപ്പാടു നീക്കാനോ മരിച്ചവരെ ഉയിർപ്പിക്കാനോ കഴിയില്ല. എന്നിരുന്നാലും, മറ്റുള്ളവരിലുള്ള നമ്മുടെ താത്പര്യം അറിയിക്കാനോ ആവശ്യമായ പ്രായോഗിക സഹായം കൊടുക്കാനോ മുൻകൈ എടുത്തുകൊണ്ട് നമുക്ക് അനുകമ്പ പ്രകടമാക്കാൻ കഴിയും.—എഫെസ്യർ 4:32.
‘പിതാവേ, ഇവരോടു ക്ഷമിക്കേണമേ’
16. ദണ്ഡനസ്തംഭത്തിലായിരുന്നപ്പോൾ പോലും ക്ഷമിക്കാനുള്ള തന്റെ സന്നദ്ധത യേശു പ്രകടമാക്കിയത് എങ്ങനെ?
16 മറ്റൊരു പ്രധാനപ്പെട്ട വിധത്തിൽ യേശു തന്റെ പിതാവിന്റെ സ്നേഹം പ്രതിഫലിപ്പിച്ചു—അവൻ ‘ക്ഷമിക്കാൻ ഒരുക്കമുള്ളവൻ’ ആയിരുന്നു. (സങ്കീർത്തനം 86:5, NW) ദണ്ഡനസ്തംഭത്തിലായിരിക്കെ പോലും ഈ സന്നദ്ധത പ്രകടമായിരുന്നു. ലജ്ജാകരമായ ഒരു മരണത്തിനു വിധേയമാക്കപ്പെട്ടപ്പോൾ, അവന്റെ കൈകളിലും പാദങ്ങളിലും ആണികൾ തറയ്ക്കപ്പെട്ടപ്പോൾ, യേശു എന്തിനെക്കുറിച്ചായിരുന്നു സംസാരിച്ചത്? വധാധികൃതരെ ശിക്ഷിക്കാൻ അവൻ യഹോവയോട് അപേക്ഷിച്ചോ? ഒരിക്കലുമില്ല, പകരം അവൻ അവസാനമായി പറഞ്ഞ കാര്യങ്ങളിൽ ഒന്ന് ഇതായിരുന്നു: “പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ.”—ലൂക്കൊസ് 23:34.b
17-19. അപ്പൊസ്തലനായ പത്രൊസ് തന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞത് താൻ ക്ഷമിച്ചുവെന്ന് ഏതു വിധങ്ങളിൽ യേശു പ്രകടമാക്കി?
17 ഒരുപക്ഷേ, ക്ഷമിക്കാനുള്ള യേശുവിന്റെ മനസ്സൊരുക്കത്തിന്റെ അതിലും ഹൃദയസ്പർശിയായ ഒരു ദൃഷ്ടാന്തം അവൻ അപ്പൊസ്തലനായ പത്രൊസിനോടു പെരുമാറിയ വിധത്തിൽ കാണാൻ കഴിയും. പത്രൊസ് യേശുവിനെ അതിയായി സ്നേഹിച്ചിരുന്നു എന്നതിനു സംശയമില്ല. യേശുവിന്റെ ജീവിതത്തിലെ അവസാന രാത്രിയായ നീസാൻ 14-നു പത്രൊസ് അവനോട് പറഞ്ഞു: “കർത്താവേ, ഞാൻ നിന്നോടുകൂടെ തടവിലാകുവാനും മരിപ്പാനും ഒരുങ്ങിയിരിക്കുന്നു.” എന്നിട്ടും ഏതാനും മണിക്കൂറുകൾ കഴിഞ്ഞ് തനിക്ക് യേശുവിനെ അറിയാമെന്ന വസ്തുതപോലും പത്രൊസ് മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞു! മൂന്നാമത്തെ പ്രാവശ്യം പത്രൊസ് യേശുവിനെ തള്ളിപ്പറഞ്ഞപ്പോൾ, “കർത്താവു തിരിഞ്ഞു പത്രൊസിനെ ഒന്നു നോക്കി” എന്നു ബൈബിൾ നമ്മോടു പറയുന്നു. തന്റെ പാപഭാരത്താൽ വ്യാകുലപ്പെട്ട് പത്രൊസ് “പുറത്തിറങ്ങി അതിദുഃഖത്തോടെ കരഞ്ഞു.” അന്നു കുറെ കഴിഞ്ഞ് യേശു മരിച്ചപ്പോൾ ‘എന്റെ കർത്താവു എന്നോടു ക്ഷമിച്ചോ?’ എന്ന് അപ്പൊസ്തലൻ സംശയിച്ചിരിക്കാം.—ലൂക്കൊസ് 22:33, 61, 62.
18 ഉത്തരത്തിനായി പത്രൊസിന് ദീർഘകാലം കാത്തിരിക്കേണ്ടി വന്നില്ല. നീസാൻ 16-നു രാവിലെ യേശു പുനരുത്ഥാനം പ്രാപിച്ചു. തെളിവനുസരിച്ച് അന്നേ ദിവസംതന്നെ അവൻ വ്യക്തിപരമായി പത്രൊസിനെ സന്ദർശിച്ചു. (ലൂക്കൊസ് 24:34; 1 കൊരിന്ത്യർ 15:4-8) ഇത്ര ശക്തമായി തന്നെ തള്ളിപ്പറഞ്ഞ അപ്പൊസ്തലന് യേശു സവിശേഷമായ ശ്രദ്ധ കൊടുത്തത് എന്തുകൊണ്ട്? അനുതാപമുണ്ടായിരുന്ന പത്രൊസിന്, അവന്റെ കർത്താവ് അവനെ അപ്പോഴും സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുകൊടുക്കാൻ യേശു ആഗ്രഹിച്ചിരിക്കാം. എന്നാൽ പത്രൊസിന് ഉറപ്പുകൊടുക്കാൻ യേശു അതിലധികം ചെയ്തു.
19 പിന്നീട് ഒരു സമയത്ത് ഗലീലക്കടലിൽവെച്ച് യേശു ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ടു. ഈ സന്ദർഭത്തിൽ (മൂന്നു പ്രാവശ്യം തന്റെ കർത്താവിനെ തള്ളിപ്പറഞ്ഞ) പത്രൊസിനു തന്നോടുള്ള സ്നേഹത്തെ സംബന്ധിച്ച് യേശു മൂന്നു പ്രാവശ്യം അവനോടു ചോദിക്കുകയുണ്ടായി. മൂന്നാം പ്രാവശ്യത്തിനുശേഷം പത്രൊസ് ഇങ്ങനെ മറുപടി പറഞ്ഞു: “കർത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ.” ഹൃദയങ്ങൾ വായിക്കാൻ കഴിവുള്ള യേശുവിനു തീർച്ചയായും തന്നോടുള്ള പത്രൊസിന്റെ സ്നേഹത്തെയും പ്രിയത്തെയും കുറിച്ചു പൂർണമായ അറിവുണ്ടായിരുന്നു. എന്നിട്ടും, തന്റെ സ്നേഹം സ്ഥിരീകരിക്കാൻ പത്രൊസിന് യേശു ഒരു അവസരം കൊടുത്തു. അതിലുപരി, യേശു തന്റെ “കുഞ്ഞാടുകളെ” ‘മേയ്ക്കാനും’ ‘പാലിക്കാനും’ പത്രൊസിനെ നിയോഗിച്ചു. (യോഹന്നാൻ 21:15-17) പ്രസംഗിക്കാനുള്ള നിയമനം നേരത്തേതന്നെ പത്രൊസിനു ലഭിച്ചിരുന്നു. (ലൂക്കൊസ് 5:10) എന്നാൽ ഇപ്പോൾ വിശ്വാസത്തിന്റെ ശ്രദ്ധേയമായ ഒരു പ്രകടനമായി യേശു അവനു ഘനമേറിയ മറ്റൊരു ഉത്തരവാദിത്വം കൊടുത്തു—ക്രിസ്തുവിന്റെ ശിഷ്യരായിത്തീരുന്നവരെ പരിപാലിക്കുക. പിന്നീട് അധികം താമസിയാതെ, ശിഷ്യന്മാരുടെ പ്രവർത്തനത്തിൽ ഒരു പ്രമുഖ പങ്കു വഹിക്കാൻ യേശു പത്രൊസിനെ ചുമതലപ്പെടുത്തി. (പ്രവൃത്തികൾ 2:1-41) യേശു തന്നോടു ക്ഷമിച്ചു എന്നും ഇപ്പോഴും തന്നെ വിശ്വസിക്കുന്നു എന്നും അറിഞ്ഞപ്പോൾ പത്രൊസിന് എത്ര ആശ്വാസം തോന്നിയിരിക്കണം!
നിങ്ങൾ ‘ക്രിസ്തുവിന്റെ സ്നേഹം അറിയുന്നുവോ?’
20, 21. നമുക്ക് എങ്ങനെ പൂർണമായി ‘ക്രിസ്തുവിന്റെ സ്നേഹത്തെ അറിയാൻ’ സാധിക്കും?
20 യഹോവയുടെ വചനം ക്രിസ്തുവിന്റെ സ്നേഹത്തെ മനോഹരമായി വർണിക്കുന്നു. എന്നാൽ, നാം എങ്ങനെ ക്രിസ്തുവിന്റെ സ്നേഹത്തോടു പ്രതികരിക്കണം? ‘പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിന്റെ സ്നേഹം അറിയാൻ’ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (എഫെസ്യർ 3:19) നാം കണ്ടുകഴിഞ്ഞതുപോലെ, യേശുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ചുള്ള സുവിശേഷ വിവരണങ്ങൾ അവന്റെ സ്നേഹത്തെ കുറിച്ചു നമ്മെ വളരെയധികം പഠിപ്പിക്കുന്നു. എന്നിരുന്നാലും, ‘ക്രിസ്തുവിന്റെ സ്നേഹം’ പൂർണമായി ‘അറിയുന്ന’തിൽ ബൈബിൾ അവനെക്കുറിച്ചു പറയുന്നതു മനസ്സിലാക്കുന്നതിലധികം ഉൾപ്പെടുന്നു.
21 ‘അറിയുക’ എന്നു വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്ക് പദത്തിന്റെ അർഥം “അനുഭവത്തിലൂടെ പ്രായോഗികമായ വിധത്തിൽ” അറിയുക എന്നാണ്. യേശുവിനെപ്പോലെ നാം മറ്റുള്ളവർക്കുവേണ്ടി നമ്മെത്തന്നെ നിസ്സ്വാർഥമായി വിട്ടുകൊടുത്തുകൊണ്ടും അവരുടെ ആവശ്യങ്ങളോട് അനുകമ്പാപൂർവം പ്രതികരിച്ചുകൊണ്ടും ഹൃദയപൂർവം അവരോടു ക്ഷമിച്ചുകൊണ്ടും സ്നേഹം പ്രകടമാക്കുമ്പോൾ നമുക്ക് യഥാർഥമായി അവന്റെ വികാരങ്ങൾ മനസ്സിലാക്കാൻ കഴിയും. ഈ വിധത്തിൽ, അനുഭവത്തിലൂടെ നാം ‘പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിന്റെ സ്നേഹം അറിയാൻ’ ഇടയാകുന്നു. നാം എത്രയധികം ക്രിസ്തുവിനെപ്പോലെ ആകുന്നുവോ അത്രയധികം, യേശു പൂർണമായി അനുകരിച്ച നമ്മുടെ സ്നേഹനിധിയാം ദൈവമായ യഹോവയോടു നാം അടുത്തു ചെല്ലും.
a ആളുകൾ ഒരു കുഷ്ഠരോഗിയിൽനിന്ന് 6 അടിയെങ്കിലും അകലം പാലിക്കണമെന്ന് റബ്ബിമാരുടെ നിയമങ്ങൾ നിഷ്കർഷിച്ചിരുന്നു. കാറ്റുള്ള സമയമാണെങ്കിൽ, കുഷ്ഠരോഗിയെ 150 അടി അകലത്തിൽ നിറുത്തണമായിരുന്നു. കുഷ്ഠരോഗികളെ കണ്ടാൽ ഓടിയൊളിച്ചിരുന്ന ഒരു റബ്ബിയെക്കുറിച്ചും കുഷ്ഠരോഗികളെ അകറ്റിനിറുത്താൻ അവരെ കല്ലെറിഞ്ഞിരുന്ന ഒരു റബ്ബിയെക്കുറിച്ചും മിദ്രാഷ് റബ്ബാ പറയുന്നു. അതുകൊണ്ട് കുഷ്ഠരോഗികൾ, പരിത്യജിക്കപ്പെടുന്നതിന്റെ വേദനയും നിന്ദിതരും വേണ്ടാത്തവരും ആയിരിക്കുന്നതിന്റെ ദുഃഖവും അറിഞ്ഞിരുന്നു.
b ലൂക്കൊസ് 23:34-ന്റെ ആദ്യഭാഗം ചില പുരാതന കൈയെഴുത്തു പ്രതികൾ വിട്ടുകളഞ്ഞിരിക്കുന്നു. എന്നിരുന്നാലും, മറ്റു പല പ്രാമാണിക കൈയെഴുത്തു പ്രതികളിലും ഈ വാക്കുകൾ കാണപ്പെടുന്നതുകൊണ്ട് പുതിയലോക ഭാഷാന്തരത്തിൽ അവ ഉൾപ്പെടുത്തിയിരിക്കുന്നു. തന്നെ സ്തംഭത്തിൽ തറച്ച റോമൻപടയാളികളെ കുറിച്ചാണ് യേശു സംസാരിച്ചത് എന്നു വ്യക്തമാണ്. അവർ എന്താണു ചെയ്യുന്നത് എന്ന് അവർക്ക് അറിയില്ലായിരുന്നു, കാരണം യേശു യഥാർഥത്തിൽ ആരാണെന്ന് അവർക്ക് അറിയാൻ പാടില്ലായിരുന്നു. തീർച്ചയായും, ആ വധത്തിനു പ്രേരണ നൽകിയ മതനേതാക്കന്മാർ അതിനെക്കാൾ കുറ്റക്കാരായിരുന്നു. കാരണം, അവർ മനഃപൂർവം ദ്രോഹം പ്രവർത്തിക്കുകയായിരുന്നു. അവരിൽ അനേകരും ക്ഷമ അർഹിക്കാത്ത പാപമാണു ചെയ്തത്.—യോഹന്നാൻ 11:45-53.