അധ്യായം രണ്ട്
ബൈബിൾ ദൈവത്തിൽനിന്നുള്ള ഒരു ഗ്രന്ഥം
ഏതെല്ലാം വിധങ്ങളിലാണ് ബൈബിൾ മറ്റു പുസ്തകങ്ങളിൽനിന്നു വ്യത്യസ്തമായിരിക്കുന്നത്?
വ്യക്തിപരമായ പ്രശ്നങ്ങൾ തരണംചെയ്യാൻ ബൈബിളിനു നിങ്ങളെ സഹായിക്കാനാകുന്നത് എങ്ങനെ?
നിങ്ങൾക്കു ബൈബിളിലെ പ്രവചനങ്ങൾ വിശ്വസിക്കാവുന്നത് എന്തുകൊണ്ട്?
1, 2. ബൈബിൾ ദൈവത്തിൽനിന്നുള്ള വിശിഷ്ടമായ ഒരു സമ്മാനമായിരിക്കുന്നത് ഏതെല്ലാം വിധങ്ങളിൽ?
ഒരു ഉറ്റ സുഹൃത്തിൽനിന്നു വിലപ്പെട്ട ഒരു സമ്മാനം ലഭിച്ച സന്ദർഭം നിങ്ങൾ ഓർക്കുന്നുണ്ടോ? അതു നിങ്ങൾക്കു വളരെ ഉത്സാഹവും സന്തോഷവും പകർന്ന അനുഭവമായിരുന്നിരിക്കണം. സമ്മാനം അതു നൽകുന്ന വ്യക്തിയെക്കുറിച്ച് ഒരു കാര്യം നിങ്ങളോടു പറയുന്നു: അയാൾ നിങ്ങളുടെ സൗഹൃദം വിലമതിക്കുന്നുവെന്ന്. സുഹൃത്ത് സ്നേഹപൂർവം നൽകിയ ആ സമ്മാനത്തിനു നിങ്ങൾ നന്ദി പ്രകടിപ്പിച്ചുവെന്നതിനു സംശയമില്ല.
2 ദൈവത്തിൽനിന്നുള്ള ഒരു സമ്മാനമാണു ബൈബിൾ. അതിനായി നാം തീർച്ചയായും നന്ദിയുള്ളവർ ആയിരിക്കണം. മറ്റൊരിടത്തും ലഭിക്കുകയില്ലാത്ത വിവരങ്ങളാണ് ഈ അതുല്യഗ്രന്ഥം വെളിപ്പെടുത്തുന്നത്. ഉദാഹരണത്തിന്, ഭൂമിയുടെയും താരനിബിഡമായ ആകാശത്തിന്റെയും ആദ്യ സ്ത്രീയുടെയും പുരുഷന്റെയും സൃഷ്ടിയെക്കുറിച്ച് അതു നമ്മോടു പറയുന്നു. ജീവിത പ്രശ്നങ്ങളും ഉത്കണ്ഠകളും കൈകാര്യം ചെയ്യാനുതകുന്ന ആശ്രയയോഗ്യമായ തത്ത്വങ്ങൾ ബൈബിളിൽ അടങ്ങിയിരിക്കുന്നു. ദൈവം തന്റെ ഉദ്ദേശ്യം നിറവേറ്റുകയും ഭൂമിയിൽ മെച്ചപ്പെട്ട അവസ്ഥകൾ കൊണ്ടുവരുകയും ചെയ്യുന്നത് എങ്ങനെയായിരിക്കുമെന്ന് അതു വിശദീകരിക്കുന്നു. ഉത്സാഹവും താത്പര്യവും ജനിപ്പിക്കാൻപോന്ന എത്ര വിശിഷ്ടമായ ഒരു സമ്മാനമാണു ബൈബിൾ!
3. യഹോവ നമുക്കു ബൈബിൾ നൽകിയിരിക്കുന്നുവെന്നത് അവനെക്കുറിച്ച് എന്തു വെളിപ്പെടുത്തുന്നു, അതു ഹൃദയോഷ്മളമായിരിക്കുന്നത് എന്തുകൊണ്ട്?
3 ബൈബിൾ അങ്ങേയറ്റം സന്തോഷം പകരുന്ന, ഹൃദയോഷ്മളമായ ഒരു സമ്മാനം കൂടിയാണ്. കാരണം, ആ സമ്മാനം നൽകിയ വ്യക്തിയെ, അതായത് യഹോവയാം ദൈവത്തെ കുറിച്ച് അതു ചില കാര്യങ്ങൾ വെളിപ്പെടുത്തുന്നു. ഇത്തരമൊരു ഗ്രന്ഥം നൽകിയിരിക്കുന്നു എന്നത് നാം അവനെ അടുത്തറിയാൻ അവൻ ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ്. യഹോവയോട് അടുത്തുചെല്ലുന്നതിനു നിങ്ങളെ സഹായിക്കാൻ ബൈബിളിനു കഴിയും.
4. ബൈബിളിന്റെ വിതരണത്തോടു ബന്ധപ്പെട്ട എന്താണു നിങ്ങളിൽ മതിപ്പുളവാക്കുന്നത്?
4 നിങ്ങൾക്ക് ഒരു ബൈബിൾ ഉണ്ടായിരിക്കുമല്ലോ, മറ്റനേകരുടെയും കൈവശം അതുണ്ട്. ബൈബിൾ പൂർണമായോ ഭാഗികമായോ 2,300-ലധികം ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ലോകജനതയുടെ 90 ശതമാനത്തിലധികത്തിനും അതു ലഭ്യമാണ്. ശരാശരി പത്തു ലക്ഷത്തിലധികം ബൈബിളുകളാണ് ഓരോ ആഴ്ചയും വിതരണം ചെയ്യപ്പെടുന്നത്! മുഴു ബൈബിളിന്റെയോ അതിന്റെ ഭാഗങ്ങളുടെയോ ശതകോടിക്കണക്കിനു പ്രതികൾ അച്ചടിക്കപ്പെട്ടിട്ടുണ്ട്. ബൈബിൾപോലെ വേറൊരു ഗ്രന്ഥവുമില്ല എന്നതു തർക്കമറ്റ വസ്തുതയാണ്.
5. ഏതു വിധത്തിലാണ് ബൈബിൾ “ദൈവശ്വാസീയ”മായിരിക്കുന്നത്?
5 ബൈബിൾ “ദൈവശ്വാസീയ”വുമാണ്. (2 തിമൊഥെയൊസ് 3:16) ഏതു വിധത്തിൽ? ബൈബിൾതന്നെ ഉത്തരം നൽകുന്നു: “ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.” (2 പത്രൊസ് 1:21) അത് ഇങ്ങനെ ദൃഷ്ടാന്തീകരിക്കാം: ഒരു ബിസിനസ്സുകാരൻ തന്റെ സെക്രട്ടറിയെക്കൊണ്ട് ഒരു കത്തെഴുതിച്ചേക്കാം. അതിലെ ആശയങ്ങളും നിർദേശങ്ങളും ബിസിനസ്സുകാരന്റേതാണ്. അതിനാൽ കത്ത് അദ്ദേഹത്തിന്റേതാണ്, സെക്രട്ടറിയുടേതല്ല. സമാനമായി, ബൈബിളിൽ അടങ്ങിയിരിക്കുന്ന സന്ദേശം ദൈവത്തിന്റേതാണ്, അല്ലാതെ അത് എഴുതിയ മനുഷ്യരുടേതല്ല. അതുകൊണ്ട് മുഴു ബൈബിളും യഥാർഥത്തിൽ “ദൈവവചന”മാണ്.—1 തെസ്സലൊനീക്യർ 2:13.
യോജിപ്പും കൃത്യതയും ഉള്ളത്
6, 7. ബൈബിളിലെ വിവരങ്ങളുടെ യോജിപ്പ് വളരെ ശ്രദ്ധേയമായിരിക്കുന്നത് എന്തുകൊണ്ട്?
6 ബൈബിൾ എഴുതപ്പെട്ടത് 1,600-ലധികം വർഷംകൊണ്ടാണ്. അതിന്റെ എഴുത്തുകാർ വ്യത്യസ്ത കാലഘട്ടങ്ങളിൽ ജീവിച്ചിരുന്നവരും വ്യത്യസ്ത പശ്ചാത്തലത്തിൽനിന്നുള്ളവരും ആയിരുന്നു. അവരിൽ ചിലർ കൃഷിക്കാരും മീൻപിടുത്തക്കാരും ഇടയന്മാരും ആയിരുന്നു. മറ്റുചിലരാകട്ടെ, പ്രവാചകന്മാരും ന്യായാധിപന്മാരും രാജാക്കന്മാരും. സുവിശേഷ എഴുത്തുകാരനായ ലൂക്കൊസ് ഒരു വൈദ്യനായിരുന്നു. എഴുത്തുകാരുടെ പശ്ചാത്തലം വ്യത്യസ്തമായിരുന്നിട്ടും ബൈബിളിന് ആദിയോടന്തം പൊരുത്തമുണ്ട്.a
7 മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾ തുടങ്ങിയത് എങ്ങനെയാണെന്നു ബൈബിളിന്റെ ആദ്യപുസ്തകം നമ്മോടു പറയുന്നു. ഭൂമി മുഴുവനും ഒരു പറുദീസ അഥവാ ഉദ്യാനം ആയിത്തീരുമെന്ന് അതിന്റെ അവസാന പുസ്തകം വ്യക്തമാക്കുന്നു. ബൈബിളിലെ മുഴു വിവരങ്ങളും ആയിരക്കണക്കിനു വർഷങ്ങളിലെ ചരിത്രം ഉൾക്കൊള്ളുന്നതാണ്. ദൈവോദ്ദേശ്യം എന്താണെന്നും അത് എങ്ങനെ നിറവേറുമെന്നും മനസ്സിലാക്കാൻ ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ അവ നമ്മെ സഹായിക്കുന്നു. ബൈബിളിന്റെ യോജിപ്പ് ശ്രദ്ധേയമാണ്. അതുതന്നെയാണ് ദൈവത്തിൽനിന്നുള്ള ഒരു ഗ്രന്ഥത്തിൽനിന്നു നാം പ്രതീക്ഷിക്കുക, അല്ലേ?
8. ബൈബിളിന്റെ ശാസ്ത്രീയ കൃത്യതയ്ക്ക് ഉദാഹരണങ്ങൾ നൽകുക.
8 ബൈബിൾ ശാസ്ത്രീയമായി കൃത്യതയുള്ളതാണ്. ശാസ്ത്രജ്ഞരും മറ്റും ദീർഘകാലത്തിനുശേഷം മാത്രം മനസ്സിലാക്കിയ വിവരങ്ങൾപോലും അതിലുണ്ട്. ഉദാഹരണത്തിന്, ശുചിത്വവും രോഗികളെ മാറ്റിപ്പാർപ്പിക്കലും സംബന്ധിച്ച് പുരാതന ഇസ്രായേലിനുള്ള നിയമങ്ങൾ ലേവ്യപുസ്തകത്തിൽ അടങ്ങിയിരുന്നു. എന്നാൽ, അവർക്കു ചുറ്റുമുണ്ടായിരുന്ന ജനതകൾക്കാകട്ടെ അത്തരം കാര്യങ്ങളെക്കുറിച്ചു യാതൊരു അറിവുമുണ്ടായിരുന്നില്ല. ഭൂമിയുടെ ആകൃതി സംബന്ധിച്ചു തെറ്റിദ്ധാരണകൾ നിലനിന്നിരുന്ന ഒരു കാലത്ത് ബൈബിൾ അതിനെ വൃത്തം അല്ലെങ്കിൽ ഗോളം എന്ന് അർഥമുള്ള മണ്ഡലം എന്നു വിളിച്ചു. (യെശയ്യാവു 40:22) “ഭൂമിയെ നാസ്തിത്വത്തിന്മേൽ തൂക്കുന്നു” അതായത് ഭൂമി യാതൊരു താങ്ങുമില്ലാതെയാണു സ്ഥിതിചെയ്യുന്നതെന്ന് ബൈബിൾ കൃത്യമായി പറഞ്ഞു. (ഇയ്യോബ് 26:7) ബൈബിൾ ഒരു ശാസ്ത്രഗ്രന്ഥമല്ല എന്നതു ശരിതന്നെ. എങ്കിലും, ശാസ്ത്രീയ കാര്യങ്ങളെപ്പറ്റി പറയുമ്പോൾ അതു കൃത്യതയുള്ളതാണ്. ദൈവത്തിൽനിന്നുള്ള ഒരു ഗ്രന്ഥത്തിൽ നാം പ്രതീക്ഷിക്കുന്നതും ഇതുതന്നെയല്ലേ?
9. (എ) ബൈബിൾ ചരിത്രപരമായി കൃത്യതയുള്ളതും ആശ്രയയോഗ്യവും ആണെന്ന് അതുതന്നെ പ്രകടമാക്കുന്നത് ഏതു വിധങ്ങളിൽ? (ബി) എഴുത്തുകാരുടെ സത്യസന്ധത ബൈബിളിനെക്കുറിച്ചു നിങ്ങളോട് എന്തു പറയുന്നു?
9 കൂടാതെ, ബൈബിൾ ചരിത്രപരമായി കൃത്യതയുള്ളതും ആശ്രയയോഗ്യവും ആണ്. അതിലെ വിവരണങ്ങൾ വസ്തുനിഷ്ഠമാണ്. അതിൽ വ്യക്തികളുടെ പേരു മാത്രമല്ല അവരുടെ വംശപരമ്പരയും ഉൾപ്പെടുത്തിയിരിക്കുന്നു.b സ്വന്തം ജനതയുടെ പരാജയങ്ങളെക്കുറിച്ചു പലപ്പോഴും പരാമർശിക്കുകയില്ലാത്ത ലൗകിക ചരിത്രകാരന്മാരിൽനിന്നു വ്യത്യസ്തരായിരുന്നു ബൈബിളെഴുത്തുകാർ. തങ്ങൾക്കുതന്നെയും തങ്ങളുടെ ജനതയ്ക്കും വന്ന വീഴ്ചകൾപോലും അവർ സത്യസന്ധമായി രേഖപ്പെടുത്തുകയുണ്ടായി. ഉദാഹരണത്തിന്, തനിക്കു കടുത്ത ശിക്ഷ ലഭിച്ച ഗുരുതരമായ ഒരു തെറ്റിനെക്കുറിച്ചു ബൈബിളിലെ സംഖ്യാപുസ്തകത്തിൽ എഴുത്തുകാരനായ മോശെ സമ്മതിച്ചു പറയുന്നുണ്ട്. (സംഖ്യാപുസ്തകം 20:2-12) മറ്റു ചരിത്രവിവരണങ്ങളിൽ അത്തരം സത്യസന്ധത കാണുക പ്രയാസമാണ്. എന്നാൽ അതു ബൈബിൾ വിവരണങ്ങളിൽ കാണാം. കാരണം, അതു ദൈവത്തിൽനിന്നുള്ള ഒരു ഗ്രന്ഥമാണ്.
പ്രായോഗിക ജ്ഞാനം ഉൾക്കൊള്ളുന്ന ഒരു ഗ്രന്ഥം
10. ബൈബിൾ പ്രായോഗിക ജ്ഞാനം ഉൾക്കൊള്ളുന്ന ഒരു ഗ്രന്ഥമായിരിക്കുന്നത് അതിശയമല്ലാത്തത് എന്തുകൊണ്ട്?
10 ബൈബിൾ ദൈവനിശ്വസ്തമായതിനാൽ അത്, “ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും . . . പ്രയോജനമുള്ള”താണ്. (2 തിമൊഥെയൊസ് 3:16, 17) അതേ, പ്രായോഗിക ജ്ഞാനം ഉൾക്കൊള്ളുന്ന ഒരു ഗ്രന്ഥമാണു ബൈബിൾ. മനുഷ്യ പ്രകൃതം സംബന്ധിച്ച ആഴമായ അറിവ് അതിൽ പ്രതിഫലിച്ചു കാണാം. ബൈബിൾ അത്തരമൊരു ഗ്രന്ഥമായിരിക്കുന്നതിൽ അതിശയമില്ല. കാരണം, സ്രഷ്ടാവായ യഹോവയാം ദൈവമാണ് അതിന്റെ ഗ്രന്ഥകർത്താവ്! നമ്മുടെ ചിന്താരീതിയും വികാരങ്ങളും നമ്മെക്കാൾ മെച്ചമായി അവൻ മനസ്സിലാക്കുന്നു. മാത്രമല്ല, സന്തുഷ്ടരായിരിക്കുന്നതിനു നമുക്ക് എന്താണ് ആവശ്യമായിരിക്കുന്നതെന്ന് അവനറിയാം. അതുപോലെ, നാം ഒഴിവാക്കേണ്ട പ്രവർത്തനഗതികളും.
11, 12. (എ) ഗിരിപ്രഭാഷണത്തിൽ യേശു ചർച്ച ചെയ്ത ചില വിഷയങ്ങളേവ? (ബി) മറ്റ് ഏതു പ്രായോഗിക കാര്യങ്ങളാണു ബൈബിളിൽ അടങ്ങിയിരിക്കുന്നത്, അതിലെ ബുദ്ധിയുപദേശം എക്കാലത്തും മൂല്യവത്തായിരിക്കുന്നത് എന്തുകൊണ്ട്?
11 ഗിരിപ്രഭാഷണമെന്ന് അറിയപ്പെടുന്ന, യേശുവിന്റെ പ്രസംഗത്തെക്കുറിച്ചു ചിന്തിക്കുക. മത്തായി 5 മുതൽ 7 വരെയുള്ള അധ്യായങ്ങളിലാണ് അതു രേഖപ്പെടുത്തിയിരിക്കുന്നത്. യേശുവിന്റെ അതിവിശിഷ്ട പഠിപ്പിക്കലിനുള്ള ഒരു ഉദാഹരണമാണ് അത്. യഥാർഥ സന്തുഷ്ടിയിലേക്കുള്ള മാർഗം, തർക്കങ്ങൾ പരിഹരിക്കേണ്ട രീതി, പ്രാർഥിക്കേണ്ട വിധം, ഭൗതിക കാര്യങ്ങൾ സംബന്ധിച്ച് ഉചിതമായ വീക്ഷണം പുലർത്താനാകുന്ന വിധം തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ച് ആ അവസരത്തിൽ അവൻ സംസാരിച്ചു. യേശുവിന്റെ വാക്കുകൾ അന്നത്തെപ്പോലെ ശക്തവും പ്രായോഗികവുമാണ് ഇന്നും.
12 കുടുംബജീവിതം, തൊഴിൽശീലങ്ങൾ, മറ്റുള്ളവരുമായുള്ള ബന്ധം എന്നിവയോടു ബന്ധപ്പെട്ടതാണ് ചില ബൈബിൾ തത്ത്വങ്ങൾ. ഈ തത്ത്വങ്ങൾ സകലർക്കും ബാധകമാകുന്നതും അതിലെ ബുദ്ധിയുപദേശം എല്ലായ്പോഴും പ്രയോജനപ്രദവും ആണ്. യെശയ്യാപ്രവാചകൻ രേഖപ്പെടുത്തിയ ദൈവത്തിന്റെ പിൻവരുന്ന വാക്കുകൾ ബൈബിളിൽ അടങ്ങിയിരിക്കുന്ന ജ്ഞാനം എങ്ങനെയുള്ളതാണെന്നു ചുരുക്കമായി സൂചിപ്പിക്കുന്നു: ‘ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ.’—യെശയ്യാവു 48:17.
ഒരു പ്രവചനഗ്രന്ഥം
13. ബാബിലോണിനെക്കുറിച്ച് ഏതു വിശദാംശങ്ങൾ രേഖപ്പെടുത്താൻ യഹോവ യെശയ്യാപ്രവാചകനെ നിശ്വസ്തനാക്കി?
13 ബൈബിളിൽ നിരവധി പ്രവചനങ്ങളുണ്ട്. അവയിൽ മിക്കതും നിറവേറിക്കഴിഞ്ഞിരിക്കുന്നു. ഒരു ഉദാഹരണം നോക്കുക. ബാബിലോൺ നഗരം നശിപ്പിക്കപ്പെടുമെന്ന് പൊതുയുഗത്തിനു മുമ്പ് (പൊ.യു.മു.) 8-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യെശയ്യാപ്രവാചകനിലൂടെ യഹോവ മുൻകൂട്ടിപ്പറഞ്ഞു. (യെശയ്യാവു 13:19; 14:22, 23) നഗരം പിടിച്ചടക്കപ്പെടുന്നത് എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങളും അവൻ നൽകി. ശത്രുസേന ബാബിലോണിലെ നദി വറ്റിച്ച് ബലപ്രയോഗം കൂടാതെതന്നെ നഗരത്തിനുള്ളിൽ പ്രവേശിക്കുമായിരുന്നു. അതു മാത്രമല്ല, ബാബിലോണിനെ കീഴടക്കുമായിരുന്ന രാജാവിന്റെ പേരുപോലും യെശയ്യാപ്രവചനം മുൻകൂട്ടിപ്പറഞ്ഞു. കോരെശ് (സൈറസ്) ആയിരുന്നു അത്.—യെശയ്യാവു 44:27-45:2.
14, 15. ബാബിലോണിനെക്കുറിച്ചുള്ള യെശയ്യാപ്രവചനത്തിലെ ചില വിശദാംശങ്ങൾ നിറവേറിയത് എങ്ങനെ?
14 ഏകദേശം 200 വർഷത്തിനുശേഷം, അതായത് പൊ.യു.മു. 539 ഒക്ടോബർ 5/6 രാത്രിയിൽ ഒരു സൈന്യം ബാബിലോണിനു സമീപത്തായി താവളമടിച്ചു. ആരായിരുന്നു അതിന്റെ സൈന്യാധിപൻ? കോരെശ് എന്നു പേരുള്ള പേർഷ്യൻ രാജാവ്. അങ്ങനെ ശ്രദ്ധേയമായ ഒരു പ്രവചനത്തിന്റെ നിവൃത്തിക്കു കളമൊരുങ്ങി. എന്നാൽ മുൻകൂട്ടിപ്പറഞ്ഞപ്രകാരം ഒരു ബലപ്രയോഗവും കൂടാതെ കോരെശിന്റെ സൈന്യം ബാബിലോണിൽ പ്രവേശിക്കുമായിരുന്നോ?
15 ബാബിലോണ്യർ അന്നു രാത്രി ഒരു ആഘോഷത്തിമിർപ്പിലായിരുന്നു. നഗരത്തിന്റെ കൂറ്റൻ മതിലുകൾക്കുള്ളിൽ തങ്ങൾ സുരക്ഷിതരാണെന്ന് അവർക്കു തോന്നി. ഈ സമയത്ത് കോരെശ്, നഗരത്തിലൂടെ ഒഴുകിയിരുന്ന നദിയിലെ ജലത്തിന്റെ ഗതി വിദഗ്ധമായി തിരിച്ചുവിട്ടു. താമസിയാതെ ജലനിരപ്പു താഴ്ന്നു, സൈന്യം നദിയിലൂടെ നടന്ന് നഗരമതിലിനോട് അടുത്തു. എന്നാൽ കോരെശിന്റെ സൈന്യം ബാബിലോണിന്റെ മതിലുകൾക്കുള്ളിൽ എങ്ങനെ പ്രവേശിക്കുമായിരുന്നു? ഏതോ കാരണത്താൽ, ആ രാത്രിയിൽ നഗരകവാടങ്ങൾ അശ്രദ്ധമായി തുറന്നിട്ടിരുന്നു!
16. (എ) ബാബിലോണിന് ഒടുവിൽ സംഭവിക്കാനിരുന്നതു സംബന്ധിച്ച് യെശയ്യാവ് എന്തു മുൻകൂട്ടിപ്പറഞ്ഞു? (ബി) ബാബിലോൺ ശൂന്യമായിത്തീരുമെന്ന യെശയ്യാവിന്റെ പ്രവചനം നിറവേറിയത് എങ്ങനെ?
16 ബാബിലോണിനെക്കുറിച്ച് ഇപ്രകാരം മുൻകൂട്ടിപ്പറഞ്ഞിരുന്നു: “അതിൽ ഒരു നാളും കുടിപാർപ്പുണ്ടാകയില്ല; തലമുറതലമുറയോളം അതിൽ ആരും വസിക്കയുമില്ല; അറബിക്കാരൻ അവിടെ കൂടാരം അടിക്കയില്ല; ഇടയന്മാർ അവിടെ ആടുകളെ കിടത്തുകയും ഇല്ല.” (യെശയ്യാവു 13:20) നഗരത്തിന്റെ വീഴ്ച മാത്രമല്ല ഈ പ്രവചനം മുൻകൂട്ടിപ്പറഞ്ഞത്. ബാബിലോൺ എന്നേക്കും ശൂന്യമായിക്കിടക്കുമെന്നുകൂടി അതു വ്യക്തമാക്കി. ഈ വാക്കുകൾ നിവൃത്തിയായതിന്റെ തെളിവ് ഇന്നും നിങ്ങൾക്കു കാണാൻ കഴിയും. ഇറാക്കിലെ ബാഗ്ദാദിന് ഏകദേശം 80 കിലോമീറ്റർ തെക്കു മാറിയാണ് പുരാതന ബാബിലോണിന്റെ സ്ഥാനം. അവിടം ഇന്ന് ശൂന്യമായി കിടക്കുന്നുവെന്നുള്ളത് “ഞാൻ അതിനെ നാശത്തിന്റെ ചൂലുകൊണ്ടു തൂത്തുവാരും” എന്നു യഹോവ യെശയ്യാവിലൂടെ മുൻകൂട്ടിപ്പറഞ്ഞതു നിറവേറിയെന്നതിന്റെ തെളിവാണ്.—യെശയ്യാവു 14:22, 23.c
17. ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തി വിശ്വാസത്തെ ബലിഷ്ഠമാക്കുന്നത് എങ്ങനെ?
17 ബൈബിൾ ആശ്രയയോഗ്യമായ പ്രവചനങ്ങളടങ്ങിയ ഒരു ഗ്രന്ഥമായിരിക്കുന്നത് എങ്ങനെയെന്നു പരിചിന്തിക്കുന്നത് വിശ്വാസത്തെ ബലിഷ്ഠമാക്കുന്നു, അല്ലേ? യഹോവയാം ദൈവം കഴിഞ്ഞകാലത്ത് വാഗ്ദാനങ്ങൾ നിറവേറ്റിയെങ്കിൽ ഒരു പറുദീസാഭൂമിയെ സംബന്ധിച്ചുള്ള വാഗ്ദാനവും അവൻ നിവർത്തിക്കുമെന്ന് ഉറച്ചുവിശ്വസിക്കാൻ നമുക്കു സകല കാരണവുമുണ്ട്. (സംഖ്യാപുസ്തകം 23:19) വാസ്തവത്തിൽ, “ഭോഷ്കില്ലാത്ത ദൈവം സകലകാലത്തിന്നും മുമ്പെ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശ”യാണ് നമുക്കുള്ളത്.—തീത്തൊസ് 1:2, 3.d
‘ദൈവവചനം ജീവനുള്ളത്’
18. “ദൈവത്തിന്റെ വചന”ത്തെക്കുറിച്ച് ക്രിസ്തീയ അപ്പൊസ്തലനായ പൗലൊസ് ശക്തമായ ഏതു പ്രസ്താവന നടത്തുന്നു?
18 ബൈബിൾ യഥാർഥത്തിൽ ഒരു അതുല്യഗ്രന്ഥമാണെന്ന് ഈ അധ്യായത്തിൽ നാം പരിചിന്തിച്ച വിവരങ്ങൾ വ്യക്തമാക്കുന്നു. എങ്കിലും, ഇതിന്റെ മൂല്യം ആന്തരിക യോജിപ്പിലും ശാസ്ത്രീയവും ചരിത്രപരവുമായ കൃത്യതയിലും പ്രായോഗിക ജ്ഞാനത്തിലും ആശ്രയയോഗ്യമായ പ്രവചനത്തിലും മാത്രമായി ഒതുങ്ങിനിൽക്കുന്നില്ല. ക്രിസ്തീയ അപ്പൊസ്തലനായ പൗലൊസ് ഇപ്രകാരം എഴുതി: “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.”—എബ്രായർ 4:12.
19, 20. (എ) ആത്മപരിശോധന നടത്താൻ ബൈബിൾ നിങ്ങളെ സഹായിക്കുന്നത് എങ്ങനെ? (ബി) ദൈവത്തിന്റെ അതുല്യ സമ്മാനമായ ബൈബിളിനോട് എങ്ങനെ വിലമതിപ്പു പ്രകടിപ്പിക്കാം?
19 ദൈവ“വചന”ത്തിലെ അഥവാ ബൈബിളിലെ സന്ദേശത്തിന് നമ്മുടെ ജീവിതത്തിനു മാറ്റം വരുത്താൻ കഴിയും. മുമ്പൊരിക്കലും ചെയ്തിട്ടില്ലാത്ത വിധത്തിൽ ആത്മപരിശോധന നടത്താൻ ഇതു നമ്മെ സഹായിക്കും. ദൈവത്തെ സ്നേഹിക്കുന്നുവെന്ന് നാം അവകാശപ്പെട്ടേക്കാം. എന്നാൽ, അവന്റെ നിശ്വസ്ത വചനമായ ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങളോടുള്ള പ്രതികരണം നമ്മുടെ ചിന്തകളെ, മനോവികാരങ്ങളെപ്പോലും വെളിപ്പെടുത്തും.
20 ബൈബിൾ യഥാർഥമായും ദൈവത്തിൽനിന്നുള്ള ഒരു ഗ്രന്ഥമാണ്, വായിക്കുകയും പഠിക്കുകയും അമൂല്യമായി കരുതുകയും ചെയ്യേണ്ട ഒന്ന്. ഈ ദിവ്യസമ്മാനത്തിന്റെ ഉള്ളടക്കം പരിശോധിക്കുന്നതിൽ തുടർന്നുകൊണ്ട് അതിനോടുള്ള നിങ്ങളുടെ വിലമതിപ്പു പ്രകടമാക്കുക. അങ്ങനെ ചെയ്യവേ, മനുഷ്യവർഗത്തെ സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ആഴമായ ഗ്രാഹ്യം നിങ്ങൾ നേടും. ആ ഉദ്ദേശ്യം എന്താണെന്നും അത് എങ്ങനെ നിറവേറുമെന്നും ആണ് അടുത്ത അധ്യായം ചർച്ചചെയ്യുന്നത്.
a ബൈബിളിലെ ചില ഭാഗങ്ങൾ മറ്റു ഭാഗങ്ങളുമായി ചേർച്ചയിലല്ലെന്നു ചിലർ പറഞ്ഞേക്കാമെങ്കിലും അത്തരം അവകാശവാദങ്ങൾക്ക് അടിസ്ഥാനമില്ല. യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ 7-ാം അധ്യായം കാണുക.
b ഉദാഹരണത്തിന്, യേശുവിന്റെ വംശപരമ്പരയെക്കുറിച്ചുള്ള വിശദമായ വിവരണം ലൂക്കൊസ് 3:23-38-ൽ കൊടുത്തിരിക്കുന്നതു ശ്രദ്ധിക്കുക.
c ബൈബിൾ പ്രവചനങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്ന ലഘുപത്രികയുടെ 27-9 പേജുകൾ കാണുക.
d നിവൃത്തിയേറിയ ബൈബിൾ പ്രവചനങ്ങളിൽ ഒന്നു മാത്രമാണു ബാബിലോണിന്റെ നാശം. മറ്റ് ഉദാഹരണങ്ങളിൽ സോരിന്റെയും നീനെവേയുടെയും നാശം ഉൾപ്പെടുന്നു. (യെഹെസ്കേൽ 26:1-5; സെഫന്യാവു 2:13-15) കൂടാതെ, ബാബിലോണിനെത്തുടർന്ന് ഒന്നിനുപുറകേ ഒന്നായി അധികാരത്തിൽ വരുമായിരുന്ന ലോകസാമ്രാജ്യങ്ങളെക്കുറിച്ച് ദാനീയേൽ പ്രവചനം മുൻകൂട്ടിപ്പറഞ്ഞു. മേദോ-പേർഷ്യയും ഗ്രീസും ഇതിൽപ്പെടുന്നതാണ്. (ദാനീയേൽ 8:5-7, 20-22) യേശുക്രിസ്തുവിൽ നിറവേറിയ നിരവധി മിശിഹൈക പ്രവചനങ്ങൾ സംബന്ധിച്ച ഒരു ചർച്ചയ്ക്ക് 199-201 പേജുകളിലെ അനുബന്ധം കാണുക.