അധ്യായം 7
“യേശുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത” പ്രസംഗിക്കുന്നു
സുവിശേഷകനായ ഫിലിപ്പോസിനെ അനുകരിക്കുക
ആധാരം: പ്രവൃത്തികൾ 8:4-40
1, 2. ഒന്നാം നൂറ്റാണ്ടിൽ സന്തോഷവാർത്ത അറിയിക്കുന്നതിന് തടയിടാൻ നടത്തിയ ശ്രമങ്ങൾക്ക് വിപരീതഫലം ഉണ്ടായത് എങ്ങനെ?
ക്രിസ്തീയ സഭയ്ക്ക് എതിരെയുള്ള ഉപദ്രവം അതിശക്തമായി. ശൗൽ ക്രിസ്ത്യാനികളെ “ക്രൂരമായി ദ്രോഹിക്കാൻതുടങ്ങി”—മൂലഭാഷയിൽ മൃഗീയമായ പീഡനത്തെയാണ് അതർഥമാക്കുന്നത്. (പ്രവൃ. 8:3) ശിഷ്യന്മാർ പല ദിക്കുകളിലേക്ക് ചിതറിപ്പോയി. ക്രിസ്ത്യാനികളെ നിർമൂലമാക്കാനുള്ള ശൗലിന്റെ ശ്രമങ്ങൾ വിജയിക്കുമെന്ന് ചിലരെങ്കിലും വിചാരിച്ചിരുന്നിരിക്കാം. എന്നാൽ ആരും പ്രതീക്ഷിക്കാത്ത ചിലതാണു സംഭവിച്ചത്. എന്താണെന്നു നമുക്കു നോക്കാം.
2 ചിതറിപ്പോയ ക്രിസ്ത്യാനികൾ തങ്ങൾ പോയ സ്ഥലങ്ങളിലെല്ലാം “സന്തോഷവാർത്ത അറിയിച്ചു.” (പ്രവൃ. 8:4) വാസ്തവത്തിൽ, സന്തോഷവാർത്ത അറിയിക്കുന്നതിന് തടയിടുക എന്ന ഉദ്ദേശ്യത്തിൽ അഴിച്ചുവിട്ട ഉപദ്രവങ്ങൾ, അതിന്റെ വ്യാപനത്തിനാണ് സഹായിച്ചത്. അതെ, സന്തോഷവാർത്ത ദൂരദിക്കുകളിൽപ്പോലും എത്തുന്നതിന് അറിയാതെയാണെങ്കിലും ആ പീഡകർ വഴിയൊരുക്കി. ഇക്കാലത്തും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതേക്കുറിച്ചു നാം ഈ അധ്യായത്തിലൂടെ മനസ്സിലാക്കുന്നതായിരിക്കും.
“ചിതറിപ്പോയവർ” (പ്രവൃ. 8:4-8)
3. (എ) ഫിലിപ്പോസ് ആരായിരുന്നു? (ബി) ശമര്യയിൽ പ്രസംഗപ്രവർത്തനം അധികമൊന്നും നടന്നിട്ടില്ലായിരുന്നത് എന്തുകൊണ്ട്, എന്നാൽ യേശു എന്തു മുൻകൂട്ടിപ്പറഞ്ഞു?
3 ഉപദ്രവത്തെത്തുടർന്ന് ‘ചിതറിപ്പോയവരിൽ’ ഒരാളായിരുന്നു ഫിലിപ്പോസ്.a (പ്രവൃ. 8:4; “‘സുവിശേഷകനായ’ ഫിലിപ്പോസ്” എന്ന ചതുരം കാണുക.) ഫിലിപ്പോസ് പോയത് ശമര്യ എന്ന പട്ടണത്തിലേക്കാണ്. അവിടെ പ്രസംഗപ്രവർത്തനം അധികമൊന്നും നടന്നിട്ടില്ലായിരുന്നു; കാരണം, ഒരിക്കൽ യേശു അപ്പോസ്തലന്മാരോട്, ‘ശമര്യയിലെ ഏതെങ്കിലും നഗരത്തിൽ കടക്കരുത്; പകരം ഇസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുത്ത് മാത്രം പോകുക’ എന്ന് നിർദേശിച്ചിരുന്നു. (മത്താ. 10:5, 6) എന്നിരുന്നാലും കാലക്രമത്തിൽ ശമര്യക്കാരെയും സന്തോഷവാർത്ത സമഗ്രമായി അറിയിക്കുമെന്ന് യേശുവിന് അറിയാമായിരുന്നു. അതുകൊണ്ടാണ് സ്വർഗാരോഹണത്തിനു തൊട്ടുമുമ്പ് യേശു ഇപ്രകാരം പറഞ്ഞത്: “നിങ്ങൾ യരുശലേമിലും യഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും എന്റെ സാക്ഷികളായിരിക്കും.”—പ്രവൃ. 1:8.
4. ഫിലിപ്പോസിന്റെ പ്രസംഗത്തോട് ശമര്യക്കാർ പ്രതികരിച്ചത് എങ്ങനെ, എന്താണ് അവരെ അതിനു പ്രേരിപ്പിച്ചത്?
4 ശമര്യ ‘കൊയ്ത്തിനു പാകമായിരിക്കുന്നതായി’ ഫിലിപ്പോസ് കണ്ടെത്തി. (യോഹ. 4:35) അവിടെയുള്ളവർക്ക് അദ്ദേഹത്തിന്റെ സന്ദേശം നവോന്മേഷദായകമായിരുന്നു. എന്തായിരിക്കാം കാരണം? ജൂതന്മാർ ശമര്യക്കാരുമായി യാതൊരു സമ്പർക്കവും പുലർത്തിയിരുന്നില്ല; പലരും അവരോടു പുച്ഛത്തോടെയാണ് പെരുമാറിയിരുന്നത്. എന്നാൽ സന്തോഷവാർത്തയാകട്ടെ, വർഗവ്യത്യാസങ്ങളേതുമില്ലാതെ എല്ലാവർക്കും പ്രത്യാശ പകർന്നുകൊടുക്കുന്നതായി ശമര്യക്കാർ തിരിച്ചറിഞ്ഞു. അതെ, പരീശന്മാരുടെ സങ്കുചിത ചിന്താഗതിയിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു അത്. ശമര്യക്കാരോട് പക്ഷാഭേദം കൂടാതെ തീക്ഷ്ണതയോടെ സന്തോഷവാർത്ത പ്രസംഗിക്കുകവഴി ഫിലിപ്പോസ്, അന്ന് ജൂതന്മാർ പൊതുവെ വെച്ചുപുലർത്തിയിരുന്ന മുൻവിധി ഒരുതരത്തിലും തന്നെ ബാധിച്ചിട്ടില്ലെന്ന് തെളിയിച്ചു. അദ്ദേഹം പറഞ്ഞകാര്യങ്ങൾ ശമര്യയിലെ ജനക്കൂട്ടം “ഏകമനസ്സോടെ” ശ്രദ്ധിച്ചതിൽ അതിശയിക്കാനില്ല.—പ്രവൃ. 8:6.
5-7. ക്രിസ്ത്യാനികൾ ‘ചിതറിപ്പോയത്’ സന്തോഷവാർത്തയുടെ വ്യാപനത്തിന് ഇടയാക്കിയതിന്റെ ഉദാഹരണങ്ങൾ പറയുക.
5 ഒന്നാം നൂറ്റാണ്ടിലേതുപോലെ ഇന്നും ദൈവജനത്തിന്റെ പ്രസംഗപ്രവർത്തനത്തിനു തടയിടാൻ ഉപദ്രവങ്ങൾക്കു കഴിഞ്ഞിട്ടില്ല. ക്രിസ്ത്യാനികളെ നാടുകടത്തുന്നതും തടവിലാക്കുന്നതും മിക്കപ്പോഴും രാജ്യസന്ദേശം പുതിയപുതിയ സ്ഥലങ്ങളിൽ എത്തിച്ചേരുന്നതിനേ ഇടയാക്കിയിട്ടുള്ളൂ. ഉദാഹരണത്തിന് രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി തടങ്കൽപ്പാളയങ്ങളിൽ എത്തിയ യഹോവയുടെ സാക്ഷികൾ അവിടെയുള്ള മറ്റുള്ളവർക്ക് നല്ലൊരു സാക്ഷ്യം നൽകി. അവിടെവെച്ച് സാക്ഷികളെ കണ്ടുമുട്ടിയ ഒരു ജൂതൻ ഇങ്ങനെ പറയുന്നു: “യഹോവയുടെ സാക്ഷികളായിരുന്ന തടവുപുള്ളികളുടെ ഉൾക്കരുത്ത്, അവരുടെ വിശ്വാസം തിരുവെഴുത്തുകളിൽ അധിഷ്ഠിതമാണെന്ന് എന്നെ ബോധ്യപ്പെടുത്തി; ഞാനും ഒരു സാക്ഷിയായി.”
6 ചില സന്ദർഭങ്ങളിൽ എതിരാളികൾക്കുതന്നെ സന്തോഷവാർത്ത അറിയാൻ അവസരം ലഭിച്ചിട്ടുണ്ട്, അവർ നന്നായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, ഫ്രാന്റ്സ് ഡെഷ് എന്ന ഒരു സാക്ഷിയെ ഓസ്ട്രിയയിലെ ഗൂസൻ തടങ്കൽപ്പാളയത്തിലേക്കു മാറ്റിയപ്പോൾ അദ്ദേഹത്തിന് അവിടെയുള്ള ഒരു നാസി പട്ടാള ഉദ്യോഗസ്ഥനെ ബൈബിൾ പഠിപ്പിക്കാൻ കഴിഞ്ഞു. വർഷങ്ങൾക്കുശേഷം യഹോവയുടെ സാക്ഷികളുടെ ഒരു കൺവെൻഷൻ സ്ഥലത്തുവെച്ചു കണ്ടുമുട്ടിയപ്പോൾ അവർക്കുണ്ടായ ആ സന്തോഷം ഒന്നോർത്തുനോക്കൂ; ആ ഉദ്യോഗസ്ഥനും ഒരു രാജ്യഘോഷകനായിത്തീർന്നിരുന്നു!
7 ഉപദ്രവംനിമിത്തം ക്രിസ്ത്യാനികൾക്ക് മറ്റൊരു രാജ്യത്തേക്കു പലായനംചെയ്യേണ്ടിവന്നപ്പോഴും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, 1970-കളിൽ മലാവിയിൽനിന്നുള്ള സാക്ഷികൾക്ക് മൊസാമ്പിക്കിലേക്ക് ഓടിപ്പോകേണ്ടിവന്നപ്പോൾ അവിടെ നല്ലൊരു സാക്ഷ്യം കൊടുക്കാനായി. പിന്നീട് മൊസാമ്പിക്കിൽ എതിർപ്പുകൾ നേരിട്ടപ്പോഴും അവിടെ രാജ്യപ്രസംഗവേല അവിരാമം തുടർന്നു. “പ്രസംഗപ്രവർത്തനത്തിന്റെ പേരിൽ ഞങ്ങളിൽ ചിലരെ പല പ്രാവശ്യം അറസ്റ്റുചെയ്തിട്ടുണ്ട് എന്നതു സത്യമാണ്. എന്നാൽ രാജ്യസന്ദേശത്തോട് അനേകർ അനുകൂലമായി പ്രതികരിച്ചപ്പോൾ ദൈവം ഞങ്ങൾക്കു സഹായമേകുകയാണെന്നു ഞങ്ങൾ മനസ്സിലാക്കി, ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ സഹായിച്ചതുപോലെതന്നെ” എന്ന് ഫ്രാൻസിസ്കോ കോവാനാ പറയുന്നു.
8. രാഷ്ട്രീയ-സാമ്പത്തിക രംഗങ്ങളിലുണ്ടായ മാറ്റങ്ങൾ പ്രസംഗവേലയുടെ വളർച്ചയെ എങ്ങനെ സ്വാധീനിച്ചിരിക്കുന്നു?
8 എന്നാൽ ക്രിസ്ത്യാനിത്വം വ്യാപിക്കുന്നതിന് ഉപദ്രവം മാത്രമല്ല ഇടയാക്കിയിട്ടുള്ളത്. സമീപദശകങ്ങളിൽ രാഷ്ട്രീയ-സാമ്പത്തിക രംഗങ്ങളിലുണ്ടായ മാറ്റങ്ങൾ വ്യത്യസ്ത ദേശക്കാരും ഭാഷക്കാരും ആയ ആളുകളുടെ പക്കൽ രാജ്യസന്ദേശം എത്തിച്ചേരുന്നതിന് അവസരമൊരുക്കി. യുദ്ധബാധിത പ്രദേശങ്ങളിൽനിന്നും ദരിദ്രരാജ്യങ്ങളിൽനിന്നും കൂടുതൽ രാഷ്ട്രീയ-സാമ്പത്തിക സ്ഥിരതയുള്ള സ്ഥലങ്ങളിലേക്ക് കുടിയേറിയിട്ടുള്ള ചിലർ അവിടെവെച്ച് ബൈബിൾ പഠിക്കാൻ ഇടയായിട്ടുണ്ട്. ഇത്തരം അഭയാർഥി പ്രവാഹം, വിദേശഭാഷാ വയലുകൾ രൂപീകൃതമാകുന്നതിന് വഴിയൊരുക്കി. ആകട്ടെ, “എല്ലാ ജനതകളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും” നിന്നുള്ളവരോടു സാക്ഷീകരിക്കാൻ നിങ്ങൾ ശ്രമിക്കാറുണ്ടോ?—വെളി. 7:9.
“അധികാരം എനിക്കു തരണം” (പ്രവൃ. 8:9-25)
9. ആരായിരുന്നു ശിമോൻ, അയാളെ ഫിലിപ്പോസിലേക്ക് ആകർഷിച്ചത് എന്തായിരിക്കാം?
9 ഫിലിപ്പോസ് ശമര്യയിൽ പല അടയാളങ്ങളും പ്രവർത്തിച്ചു. അദ്ദേഹം വൈകല്യമുള്ളവരെ സൗഖ്യമാക്കുകയും അശുദ്ധാത്മാക്കളെ പുറത്താക്കുകയും ചെയ്തു. (പ്രവൃ. 8:6-8) മാന്ത്രിക വിദ്യകൾ കാണിച്ച് ആളുകളെ വിസ്മയിപ്പിച്ചിരുന്ന ശിമോൻ എന്നൊരാൾ അവിടെയുണ്ടായിരുന്നു. “മഹാൻ എന്ന് അറിയപ്പെടുന്ന ദൈവശക്തിയാണ് ഇദ്ദേഹം” എന്നാണ് ആളുകൾ അയാളെക്കുറിച്ചു പറഞ്ഞിരുന്നത്. ഫിലിപ്പോസിന്റെ അത്ഭുതവരങ്ങൾ അയാളെ തികച്ചും വിസ്മയഭരിതനാക്കി. ഫിലിപ്പോസ് പ്രവർത്തിച്ച അത്ഭുതങ്ങൾക്കു പിന്നിൽ യഥാർഥ ദൈവശക്തിയുണ്ടെന്നു മനസ്സിലാക്കിയ അയാൾ ഒരു വിശ്വാസിയായിത്തീർന്നു. (പ്രവൃ. 8:9-13) എന്നിരുന്നാലും പിന്നീട് ശിമോന്റെ ആന്തരം വെളിപ്പെടുത്തുന്ന ഒരു സംഭവം ഉണ്ടായി. എന്താണത്?
10. (എ) ശമര്യയിൽ എത്തിയ പത്രോസും യോഹന്നാനും എന്തു ചെയ്തു? (ബി) പത്രോസും യോഹന്നാനും കൈകൾ വെച്ചപ്പോൾ പുതിയ ശിഷ്യന്മാർക്കു പരിശുദ്ധാത്മാവ് ലഭിക്കുന്നതു കണ്ട ശിമോൻ എന്തു ചെയ്തു?
10 ശമര്യയിലെ പുരോഗതിയെക്കുറിച്ച് അറിഞ്ഞപ്പോൾ അപ്പോസ്തലന്മാർ പത്രോസിനെയും യോഹന്നാനെയും അവിടേക്ക് അയച്ചു. (“പത്രോസ് ‘രാജ്യത്തിന്റെ താക്കോലുകൾ’ ഉപയോഗിക്കുന്നു” എന്ന ചതുരം കാണുക.) ശമര്യയിലെത്തിയ ആ രണ്ട് അപ്പോസ്തലന്മാർ പുതിയ ശിഷ്യന്മാരുടെമേൽ കൈകൾ വെക്കുകയും അങ്ങനെ അവർക്കെല്ലാം പരിശുദ്ധാത്മാവ് ലഭിക്കുകയും ചെയ്തു.b അതു കണ്ടപ്പോൾ ശിമോന് ആകാംക്ഷ അടക്കാനായില്ല. “ഞാൻ ഒരാളുടെ മേൽ കൈകൾ വെച്ചാൽ അയാൾക്കു പരിശുദ്ധാത്മാവ് ലഭിക്കണം, അതിനുള്ള അധികാരം എനിക്കു തരണം” എന്ന് അയാൾ അപ്പോസ്തലന്മാരോടു പറഞ്ഞു. ദൈവദത്തമായ ഈ പ്രാപ്തി വിലയ്ക്കു വാങ്ങാമെന്നു മോഹിച്ച് ശിമോൻ അവർക്കു പണം വാഗ്ദാനംചെയ്യാൻപോലും മുതിർന്നു!—പ്രവൃ. 8:14-19.
11. പത്രോസ് എന്ത് ഉദ്ബോധനമാണ് ശിമോനു നൽകിയത്, അയാൾ എങ്ങനെ പ്രതികരിച്ചു?
11 പത്രോസ് കടുത്ത ഭാഷയിൽത്തന്നെ ശിമോനു മറുപടി കൊടുത്തു. “ദൈവം സൗജന്യമായി കൊടുക്കുന്ന സമ്മാനം പണം കൊടുത്ത് വാങ്ങാമെന്നു വ്യാമോഹിച്ചതുകൊണ്ട് നിന്റെ വെള്ളിപ്പണം നിന്റെകൂടെ നശിക്കട്ടെ. ദൈവമുമ്പാകെ നിന്റെ ഹൃദയം ശരിയല്ലാത്തതുകൊണ്ട് ഈ ശുശ്രൂഷയിൽ നിനക്ക് ഒരു ഓഹരിയുമില്ല.” പശ്ചാത്തപിക്കാനും ക്ഷമയ്ക്കായി ദൈവത്തോടു യാചിക്കാനും പത്രോസ് ശിമോനെ ഉദ്ബോധിപ്പിച്ചു. “നിന്റെ ഈ തെറ്റിനെക്കുറിച്ച് പശ്ചാത്തപിച്ച് യഹോവയോട് ഉള്ളുരുകി പ്രാർഥിക്കുക; നിന്റെ ഹൃദയത്തിലെ ദുഷ്ടവിചാരത്തിന് ഒരുപക്ഷേ, നിനക്കു മാപ്പു ലഭിച്ചേക്കാം” എന്ന് പത്രോസ് പറഞ്ഞു. ശിമോൻ ഒരു ദുഷ്ടനായിരുന്നില്ല; ശരി ചെയ്യണമെന്ന് ആഗ്രഹമുള്ള ആളായിരുന്നു; കാര്യങ്ങൾ സംബന്ധിച്ച് ശരിയായ ധാരണ ഇല്ലാത്തതായിരുന്നു അയാളുടെ പ്രശ്നം. അതുകൊണ്ട് അയാൾ അപ്പോസ്തലന്മാരോട്, “നിങ്ങൾ പറഞ്ഞതുപോലെ എനിക്കു സംഭവിക്കാതിരിക്കാൻ എനിക്കുവേണ്ടി യഹോവയോടു പ്രാർഥിക്കണേ” എന്നു യാചിച്ചു.—പ്രവൃ. 8:20-24.
12. ക്രൈസ്തവ ലോകത്തിൽ സ്ഥാനമാനങ്ങൾ വിലയ്ക്കുവാങ്ങുകയും വിൽക്കുകയും ചെയ്യുന്ന രീതി എത്ര വ്യാപകമാണ്?
12 ശിമോനു പത്രോസ് നൽകിയ ശാസന ഇന്നത്തെ ക്രിസ്ത്യാനികൾക്ക് ഒരു മുന്നറിയിപ്പാണ്. പ്രസ്തുത സംഭവത്തിൽനിന്നാണ് സ്ഥാനമാനങ്ങൾ—വിശേഷിച്ച് മതപരമായവ—വിലയ്ക്കുവാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിനെ കുറിക്കാനുള്ള ഒരു പദംതന്നെ ചില ഭാഷകളിൽ നിലവിൽവന്നത്. വിശ്വാസത്യാഗം ഭവിച്ച ക്രൈസ്തവ ലോകത്തിന്റെ ചരിത്രമെടുത്താൽ ഇങ്ങനെ ചെയ്തിട്ടുള്ളതിന്റെ നിരവധി ഉദാഹരണങ്ങൾ കാണാനാകും. പാപ്പായെ തിരഞ്ഞെടുക്കുന്ന യോഗങ്ങളുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ, ഇതിനാൽ പങ്കിലമാകാത്ത ഒരു തിരഞ്ഞെടുപ്പും ഇതുവരെ ഉണ്ടായിട്ടില്ലെന്നും പലപ്പോഴും ഒരു മറയുമില്ലാതെ അങ്ങേയറ്റം നികൃഷ്ടവും ലജ്ജാകരവും ആയ വിധത്തിലാണ് അവർ ഇത് ചെയ്തിട്ടുള്ളതെന്നും ഒരു വിദ്യാർഥിക്കു ബോധ്യമാകും എന്ന് ദി എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ 9-ാം പതിപ്പ് (1878) പറയുന്നു.
13. സ്ഥാനമാനങ്ങൾ വിലയ്ക്കുവാങ്ങുകയും വിൽക്കുകയും ചെയ്യുന്ന പാപത്തിനെതിരെ ക്രിസ്ത്യാനികൾ എങ്ങനെ ജാഗ്രതപാലിക്കണം?
13 സഭയിൽ സ്ഥാനമാനങ്ങളോ പദവികളോ വിലയ്ക്കുവാങ്ങുകയും വിൽക്കുകയും ചെയ്യുന്ന പാപത്തിനെതിരെ ക്രിസ്ത്യാനികൾ ജാഗ്രതയുള്ളവരായിരിക്കണം. ഉദാഹരണത്തിന്, മേൽവിചാരകസ്ഥാനത്ത് ആയിരിക്കുന്നവർക്കു സമ്മാനങ്ങൾ വാരിക്കോരി നൽകുകയോ അവരോടു മുഖസ്തുതി പറയുകയോ ചെയ്തുകൊണ്ട് അവരുടെ പ്രീതി പിടിച്ചുപറ്റാനോ സേവനപദവികൾ നേടിയെടുക്കാനോ ക്രിസ്ത്യാനികൾ ശ്രമിക്കരുത്. അതുപോലെതന്നെ മേൽവിചാരകസ്ഥാനത്തുള്ളവർ സമ്പന്നരായവരോട് പക്ഷപാതം കാണിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഈ രണ്ടു സാഹചര്യങ്ങളിലും ഉൾപ്പെട്ടിരിക്കുന്നത് ശിമോൻ ചെയ്തതുപോലുള്ള ഒരു പാപമാണ്. യഹോവ തന്റെ ആത്മാവിനാൽ ഒരാളെ സേവനപദവിയിൽ നിയമിക്കുന്ന സമയത്തിനായി കാത്തിരുന്നുകൊണ്ട് ഓരോരുത്തരും തങ്ങളെത്തന്നെ “ചെറിയവനായി” കണക്കാക്കേണ്ടതുണ്ട്. (ലൂക്കോ. 9:48) ‘സ്വന്തം മഹത്ത്വത്തിനായി പ്രവർത്തിക്കുന്നവർക്ക്’ ദൈവത്തിന്റെ സംഘടനയിൽ ഒരു സ്ഥാനവുമില്ല.—സുഭാ. 25:27.
“വായിക്കുന്നതിന്റെ അർഥം മനസ്സിലാകുന്നുണ്ടോ?” (പ്രവൃ. 8:26-40)
14, 15. (എ) ‘എത്യോപ്യക്കാരനായ ഷണ്ഡൻ’ ആരായിരുന്നു, ഫിലിപ്പോസ് അദ്ദേഹത്തെ കണ്ടുമുട്ടിയത് എങ്ങനെ? (ബി) ഫിലിപ്പോസ് കാര്യങ്ങൾ വിശദീകരിച്ചപ്പോൾ ഷണ്ഡൻ എങ്ങനെ പ്രതികരിച്ചു, അത് ചിന്തിക്കാതെ പെട്ടെന്നെടുത്ത ഒരു തീരുമാനമല്ലായിരുന്നത് എന്തുകൊണ്ട്? (അടിക്കുറിപ്പ് കാണുക.)
14 യരുശലേമിൽനിന്ന് ഗസ്സയിലേക്കുള്ള വഴിയിലൂടെ പോകാൻ യഹോവയുടെ ദൂതൻ ഫിലിപ്പോസിനോടു നിർദേശിച്ചു. തന്നെ അങ്ങോട്ട് അയയ്ക്കുന്നതിന്റെ കാരണം ഫിലിപ്പോസിന് അപ്പോൾ അറിയില്ലായിരുന്നിരിക്കാം. എത്യോപ്യക്കാരനായ ഒരു ഷണ്ഡൻ യാത്രചെയ്തിരുന്ന രഥത്തിനടുത്തേക്ക് യഹോവയുടെ ആത്മാവ് ഫിലിപ്പോസിനെ നയിച്ചു. (“എത്യോപ്യക്കാരനായ ‘ഷണ്ഡൻ’ ആരായിരുന്നു?” എന്ന ചതുരം കാണുക.) ആ ഷണ്ഡൻ “യശയ്യ പ്രവാചകന്റെ പുസ്തകം ഉറക്കെ വായിക്കുകയായിരുന്നു.” രഥത്തിനൊപ്പം ഓടിക്കൊണ്ട് ഫിലിപ്പോസ് അദ്ദേഹത്തോട്, “വായിക്കുന്നതിന്റെ അർഥം മനസ്സിലാകുന്നുണ്ടോ?” എന്നു ചോദിച്ചു. “ആരെങ്കിലും അർഥം പറഞ്ഞുതരാതെ ഞാൻ എങ്ങനെ മനസ്സിലാക്കാനാണ്” എന്നായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ മറുപടി.—പ്രവൃ. 8:26-31.
15 രഥത്തിൽ കയറി തന്നോടൊപ്പം ഇരിക്കാൻ ഷണ്ഡൻ ഫിലിപ്പോസിനെ ക്ഷണിച്ചു. തുടർന്നുള്ള അവരുടെ സംഭാഷണം എത്ര ആവേശഭരിതമായിരുന്നിരിക്കണം! യശയ്യയുടെ പ്രവചനത്തിൽ പരാമർശിച്ചിരിക്കുന്ന ‘ആട്’ അല്ലെങ്കിൽ “ദാസൻ” ആരാണെന്നുള്ളത് കാലങ്ങളായി ഒരു രഹസ്യമായിരുന്നു. (യശ. 53:1-12) യാത്ര തുടരവെ, യശയ്യയുടെ ഈ പ്രവചനം യേശുക്രിസ്തുവിൽ നിവൃത്തിയേറിയെന്ന കാര്യം ഫിലിപ്പോസ് അദ്ദേഹത്തിനു വിവരിച്ചുകൊടുത്തു. എ.ഡി. 33-ലെ പെന്തിക്കോസ്തിൽ സ്നാനമേറ്റവരെപ്പോലെതന്നെ, ജൂതമതം സ്വീകരിച്ചിരുന്ന ഈ എത്യോപ്യക്കാരനും താൻ എന്താണു ചെയ്യേണ്ടതെന്ന് പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. “ദാ, വെള്ളം! സ്നാനമേൽക്കാൻ ഇനി എനിക്ക് എന്താണു തടസ്സം” എന്ന് അദ്ദേഹം ഫിലിപ്പോസിനോടു ചോദിച്ചു. അദ്ദേഹത്തെ സ്നാനപ്പെടുത്താൻ ഫിലിപ്പോസ് പിന്നെ ഒട്ടും വൈകിയില്ല.c (“ക്രിസ്തീയ സ്നാനം—ഏതു വിധത്തിൽ?” എന്ന ചതുരം കാണുക.) പിന്നീട് ദൈവാത്മാവ് ഫിലിപ്പോസിനെ അസ്തോദിലേക്ക് നയിച്ചു; അവിടെ ഫിലിപ്പോസ് സന്തോഷവാർത്ത പ്രസംഗിക്കുന്നതിൽ തുടർന്നു.—പ്രവൃ. 8:32-40.
16, 17. ഇന്ന് പ്രസംഗപ്രവർത്തനത്തിൽ ദൂതന്മാർ എന്തു പങ്കുവഹിക്കുന്നു?
16 ഫിലിപ്പോസ് ചെയ്തതുപോലുള്ള വേലയിൽ പങ്കെടുക്കാനുള്ള പദവി ഇന്ന് ക്രിസ്ത്യാനികൾക്കുണ്ട്. യാത്രയിലായിരിക്കുമ്പോഴും മറ്റും അനൗപചാരികമായി സാക്ഷീകരിക്കാനുള്ള ധാരാളം അവസരങ്ങൾ അവർക്കു ലഭിക്കുന്നു. എന്നാൽ പലപ്പോഴും ആത്മാർഥഹൃദയരായ ആളുകളെ ഇത്തരത്തിൽ കണ്ടുമുട്ടുന്നത് കേവലം യാദൃച്ഛികമായ ഒരു സംഗതിയല്ല; കാരണം ‘എല്ലാ ജനതകളിലും ഗോത്രങ്ങളിലും ഭാഷകളിലും വംശങ്ങളിലും’ ഉള്ള ആളുകളുടെ പക്കൽ രാജ്യസന്ദേശം എത്തുന്നതിനായി ദൂതന്മാർ പ്രസംഗവേലയെ നയിക്കുന്നുവെന്ന് വെളിപാട് പുസ്തകം വ്യക്തമാക്കുന്നു. (വെളി. 14:6) പ്രസംഗവേലയിൽ ദൂതന്മാരുടെ വഴിനടത്തിപ്പ് ഉണ്ടായിരിക്കുമെന്ന് യേശുവും മുൻകൂട്ടിപ്പറഞ്ഞിരുന്നു. ഗോതമ്പിനെയും കളകളെയും കുറിച്ചുള്ള ദൃഷ്ടാന്തത്തിൽ കൊയ്ത്തുകാലത്ത്, അതായത് ‘വ്യവസ്ഥിതിയുടെ അവസാനകാലത്ത്,’ കൊയ്യുന്നത് ദൂതന്മാരായിരിക്കുമെന്ന് യേശു വ്യക്തമാക്കി. ഈ ആത്മവ്യക്തികൾ, ‘ആളുകളെ പാപത്തിൽ വീഴിക്കുന്ന എല്ലാത്തിനെയും നിയമലംഘകരെയും തന്റെ രാജ്യത്തുനിന്ന് ശേഖരിക്കുമെന്ന്’ യേശു പറഞ്ഞു. (മത്താ. 13:37-41) അതോടൊപ്പം, യഹോവ തന്റെ സംഘടനയിലേക്ക് ആകർഷിക്കാൻ ആഗ്രഹിക്കുന്നവരെ—രാജ്യത്തിന്റെ സ്വർഗീയ അവകാശികളാകാനുള്ളവരെയും ‘വേറെ ആടുകളുടെ’ ‘മഹാപുരുഷാരത്തെയും’—അവർ കൂട്ടിച്ചേർക്കുമെന്നും യേശു സൂചിപ്പിച്ചു.—വെളി. 7:9; യോഹ. 6:44, 65; 10:16.
17 ആത്മീയ മാർഗനിർദേശത്തിനായി തങ്ങൾ പ്രാർഥിക്കുകയായിരുന്നു എന്നു പറയുന്ന ചിലരെയെങ്കിലും നാം ശുശ്രൂഷയിൽ കണ്ടുമുട്ടുന്നത് ദൂതവഴിനടത്തിപ്പിന്റെ തെളിവായി കാണാവുന്നതാണ്. പിൻവരുന്ന അനുഭവംതന്നെ അതിനൊരു ഉദാഹരണമാണ്. രണ്ടു പ്രചാരകരും ഒരു കൊച്ചുകുട്ടിയും ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ഉച്ചയോടെ അവർ ശുശ്രൂഷ നിറുത്തി പോകാനൊരുങ്ങി. എന്നാൽ അടുത്ത വീട്ടിലുംകൂടെ പോകണമെന്നു കുട്ടി നിർബന്ധംപിടിച്ചു. കൂടെയുള്ളവർക്കുവേണ്ടി കാത്തുനിൽക്കാതെ അവൻ നേരെ ആ വീട്ടിൽച്ചെന്ന് കതകിൽ മുട്ടി. ഒരു ചെറുപ്പക്കാരി വന്ന് വാതിൽ തുറന്നപ്പോൾ സംസാരിക്കാനായി ആ പ്രചാരകർ അങ്ങോട്ടു ചെന്നു. ബൈബിൾ മനസ്സിലാക്കാൻ തന്നെ സഹായിക്കുന്നതിന് ആരെയെങ്കിലും അയയ്ക്കേണമേയെന്നു പ്രാർഥിക്കുകയായിരുന്നുവെന്ന് ആ സ്ത്രീ പറഞ്ഞപ്പോൾ അവർക്ക് അതിശയം തോന്നി. അങ്ങനെ ഒരു ബൈബിൾപഠനം ആരംഭിക്കാനായി!
18. ശുശ്രൂഷയെ നാം ഒരിക്കലും നിസ്സാരമായി കാണരുതാത്തത് എന്തുകൊണ്ട്?
18 മുമ്പെന്നത്തെക്കാൾ വലിയ അളവിൽ ഇന്ന് പ്രസംഗപ്രവർത്തനം നടക്കുമ്പോൾ, ക്രിസ്തീയ സഭയുടെ ഭാഗം എന്ന നിലയിൽ ദൂതന്മാർക്കൊപ്പം പ്രവർത്തിക്കാനുള്ള പദവിയാണ് നിങ്ങൾക്കുള്ളത്. ആ പദവിയെ ഒരിക്കലും നിസ്സാരമായി കാണരുത്. “യേശുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത” പ്രസംഗിക്കുന്നതിൽ സ്ഥിരോത്സാഹത്തോടെ തുടരുന്നെങ്കിൽ നിങ്ങൾക്ക് അളവറ്റ സന്തോഷം ആസ്വദിക്കാനാകും.—പ്രവൃ. 8:35.
a ഇത് അപ്പോസ്തലനായ ഫിലിപ്പോസ് അല്ല. 5-ാം അധ്യായത്തിൽ കണ്ടതുപോലെ, യരുശലേമിലെ ഗ്രീക്കുഭാഷക്കാരും എബ്രായഭാഷക്കാരുമായ ക്രിസ്തീയ വിധവമാരുടെയിടയിൽ ദിനന്തോറുമുള്ള ഭക്ഷ്യവിതരണത്തിന്റെ ചുമതലവഹിച്ചിരുന്ന, ‘സത്പേരുള്ള ഏഴു പുരുഷന്മാരിൽ’ ഒരാളായിരുന്ന ഫിലിപ്പോസാണ് ഇത്.—പ്രവൃ. 6:1-6.
b അക്കാലത്ത് സ്നാനമേൽക്കുമ്പോൾത്തന്നെ സാധാരണഗതിയിൽ പുതിയ ശിഷ്യന്മാർ പരിശുദ്ധാത്മാവിനാൽ അഭിഷേകംചെയ്യപ്പെട്ടിരുന്നു, അഥവാ അവർക്ക് പരിശുദ്ധാത്മാവ് ലഭിച്ചിരുന്നു. അതോടെ, സ്വർഗത്തിൽ യേശുവിനോടൊപ്പം രാജാക്കന്മാരും പുരോഹിതന്മാരും ആയി വാഴാനുള്ള പ്രത്യാശ അവർക്കു ലഭിക്കുമായിരുന്നു. (2 കൊരി. 1:21, 22; വെളി. 5:9, 10; 20:6) എന്നാൽ ഈ പുതിയ ശിഷ്യന്മാരുടെ കാര്യത്തിൽ, സ്നാനമേറ്റ സമയത്ത് അവർക്കു പരിശുദ്ധാത്മാവ് ലഭിച്ചില്ല. പുതുതായി സ്നാനമേറ്റ ഈ ക്രിസ്ത്യാനികൾക്ക് പരിശുദ്ധാത്മാവും ആത്മാവിനാലുള്ള കഴിവുകളും ലഭിച്ചത് പത്രോസും യോഹന്നാനും അവരുടെമേൽ കൈകൾ വെച്ചശേഷം മാത്രമാണ്.
c സ്നാനപ്പെടാനുള്ള ഈ തീരുമാനം ചിന്തിക്കാതെ പെട്ടെന്നെടുത്ത ഒന്നല്ലായിരുന്നു. ജൂതമതത്തിലേക്കു പരിവർത്തനംചെയ്തിരുന്ന ഒരു വ്യക്തിയെന്നനിലയിൽ ആ ഷണ്ഡന് മിശിഹൈക പ്രവചനങ്ങൾ ഉൾപ്പെടെയുള്ള തിരുവെഴുത്തുകളെക്കുറിച്ച് അറിവുണ്ടായിരുന്നു. ദൈവോദ്ദേശ്യത്തിൽ യേശുവിനുള്ള പങ്കിനെക്കുറിച്ച് ഇപ്പോൾ മനസ്സിലാക്കിയ സ്ഥിതിക്ക് അദ്ദേഹത്തിനു തന്റെ സ്നാനം ഒട്ടും വൈകിക്കേണ്ടതില്ലായിരുന്നു.