അധ്യായം 25
സ്വയംഭോഗം എന്ന ശീലത്തെ എനിക്ക് എങ്ങനെ കീഴടക്കാം?
“എട്ടു വയസ്സുള്ളപ്പോൾ ഞാൻ സ്വയംഭോഗം ചെയ്യാൻ തുടങ്ങി. ഇതു സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം മനസ്സിലാക്കിയതിനു ശേഷം ഈ ദുശ്ശീലത്തിനു വഴങ്ങിയപ്പോഴൊക്കെ എനിക്കു വല്ലാത്ത നിരാശ തോന്നി. എന്നെപ്പോലെ ഒരുവനെ ദൈവത്തിന് എങ്ങനെ സ്നേഹിക്കാൻ സാധിക്കും? ഞാൻ ചിന്തിച്ചു.”—ലൂയിസ്.
വളർച്ചയുടെ ഒരു ഘട്ടത്തിൽ ലൈംഗികാഗ്രഹങ്ങൾ വളരെ ശക്തമായിത്തീരാൻ സാധ്യതയുണ്ട്. അങ്ങനെ ഒരുപക്ഷേ നിങ്ങൾ സ്വയംഭോഗംa ചെയ്യുന്ന ശീലത്തിലേക്കു വീണുപോയേക്കാം. അതൊരു വലിയ കാര്യമല്ലെന്നാണു മിക്കവരുടെയും വിചാരം. “ഇതുകൊണ്ട് വേറെ ആർക്കും കുഴപ്പമൊന്നും ഇല്ലല്ലോ” എന്നായിരിക്കും അവർ പറയുന്നത്. പക്ഷേ നമ്മൾ ഇത് ഒഴിവാക്കണമെന്നു പറയുന്നതിന് ഒരു കാരണമുണ്ട്. അപ്പൊസ്തലനായ പൗലോസ് എഴുതി: “അതുകൊണ്ട് . . . അനിയന്ത്രിതമായ കാമാവേശം . . . എന്നിങ്ങനെയുള്ള കാര്യങ്ങളിൽ നിങ്ങളുടെ ഭൗമികാവയവങ്ങളെ കൊന്നുകളയുക.” (കൊലോസ്യർ 3:5) എന്നാൽ സ്വയംഭോഗം ചെയ്യുമ്പോൾ കാമാവേശത്തെ കൊന്നുകളയുകയല്ല അതിനെ ഉത്തേജിപ്പിക്കുകയാണ്. മാത്രമല്ല അതുകൊണ്ട് ഇങ്ങനെയും ചില പ്രശ്നങ്ങളുണ്ട്:
● സ്വയംഭോഗം എന്ന ദുശ്ശീലം ആളുകളുടെ ഉള്ളിൽ ഒരു സ്വാർഥമനോഭാവം വളർത്തും. ഉദാഹരണത്തിന്, സ്വയംഭോഗം ചെയ്യുമ്പോൾ സ്വന്തം ശരീരത്തിന്റെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുക എന്നതു മാത്രമായിരിക്കും അവരുടെ ലക്ഷ്യം.
● സ്വയംഭോഗം ചെയ്യുന്നവർ എതിർലിംഗത്തിൽപ്പെട്ടവരെ കാണുന്നതു സ്വന്തം ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താനുള്ള ഉപകരണങ്ങളോ വെറും വസ്തുക്കളോ മാത്രമായിട്ടായിരിക്കും.
● ഇതു ദാമ്പത്യബന്ധത്തെയും ബാധിച്ചേക്കാം. സ്വയംഭോഗം ചെയ്യുമ്പോൾ സ്വാർഥമനോഭാവം വരുന്നതുകൊണ്ട് ഇണയുടെ ലൈംഗിക ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താൻ അവർക്കു ബുദ്ധിമുട്ടായേക്കാം.
ഉള്ളിൽ ലൈംഗിക ആഗ്രഹങ്ങൾ നുരഞ്ഞുപൊങ്ങുമ്പോൾ അതു ശമിപ്പിക്കാൻ സ്വയംഭോഗത്തിലേക്കു തിരിയുന്നതിനു പകരം ആത്മനിയന്ത്രണം വളർത്തിയെടുക്കാൻ ശ്രമിക്കുക. (1 തെസ്സലോനിക്യർ 4:4, 5) ബൈബിൾ പറയുന്നതനുസരിച്ച് അതിനായി ആദ്യം ചെയ്യേണ്ടത് ലൈംഗിക ഉത്തേജനം തോന്നിപ്പിച്ചേക്കാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക എന്നതാണ്. (സുഭാഷിതങ്ങൾ 5:8, 9) എന്നാൽ ഇങ്ങനെയൊക്കെ ചെയ്തിട്ടും നിങ്ങൾക്ക് ആ ദുശ്ശീലത്തിൽനിന്ന് പുറത്തുകടക്കാൻ സാധിക്കുന്നില്ലെങ്കിലോ? നിങ്ങൾ നിറുത്താൻ ശ്രമിച്ചുകാണും. പക്ഷേ അതിനു പറ്റുന്നില്ല. അതുകൊണ്ട് ഇനി ഒരു രക്ഷയുമില്ലെന്നോ ദൈവം ആഗ്രഹിക്കുന്നതുപോലെ ജീവിക്കാൻ സാധിക്കില്ലെന്നോ നിങ്ങൾക്കു തോന്നിയേക്കാം. പെഡ്രോയ്ക്കും അങ്ങനെതന്നെയാണ് തോന്നിയത്. അവൻ പറയുന്നു: “പരാജയപ്പെട്ടപ്പോഴെല്ലാം എനിക്കു വളരെ വിഷമം തോന്നി. ഒരിക്കലും പ്രായശ്ചിത്തം ചെയ്യാനാകാത്ത ഒരു വലിയ തെറ്റു ചെയ്തെന്ന തോന്നലായിരുന്നു എനിക്ക്. പ്രാർഥിക്കാൻപോലും എനിക്കു വിഷമമായിരുന്നു.”
ഇങ്ങനെയൊക്കെയാണോ നിങ്ങൾക്കും തോന്നുന്നത്? വിഷമിക്കേണ്ട. പ്രതീക്ഷയ്ക്കു വകയുണ്ട്. പല ചെറുപ്പക്കാരും മുതിർന്നവർപോലും ഈ ദുശ്ശീലത്തിൽനിന്ന് പുറത്തുകടന്നിട്ടുണ്ട്. നിങ്ങൾക്കും അതിനു പറ്റും!
കുറ്റബോധം തോന്നിയാൽ
നമ്മൾ മുമ്പു കണ്ടതുപോലെ ഈ ദുശ്ശീലത്തിൽ പെട്ടുപോകുന്നവരെ കുറ്റബോധം വല്ലാതെ വേട്ടയാടിയേക്കാം. നിങ്ങളുടേത് ‘ദൈവികമായ ഒരു ദുഃഖമാണെങ്കിൽ’ അത് ഈ ദുശ്ശീലത്തെ മറികടക്കാൻ ഒരു ഉത്തേജനമാകും. (2 കൊരിന്ത്യർ 7:11) എന്നാൽ കുറ്റബോധം അമിതമായാൽ അതു വിപരീതഫലം ചെയ്യും. നിങ്ങൾ നിരാശയിൽ ആണ്ടുപോയിട്ട് ഈ ശീലത്തിന് എതിരെയുള്ള പോരാട്ടം മുഴുവനായി നിറുത്തിക്കളയാൻപോലും തോന്നിപ്പോയേക്കാം.—സുഭാഷിതങ്ങൾ 24:10.
അതുകൊണ്ട് കാര്യങ്ങളെ യാഥാർഥ്യബോധത്തോടെ കാണുക. ശരിയാണ് ഒരുതരം അശുദ്ധിയാണു സ്വയംഭോഗം. അതിനു നമ്മളെ ‘പല തരം മോഹങ്ങൾക്കും ജീവിതസുഖങ്ങൾക്കും അടിമകളാക്കാനാകും.’ തെറ്റായ ചില മനോഭാവങ്ങൾ നമ്മളിൽ വളർന്നുവരാനും ഇടയാക്കും. (തീത്തോസ് 3:3) അതേസമയം ഇത് കടുത്ത ലൈംഗിക അധാർമികതയുടെ കൂട്ടത്തിൽപ്പെടുന്ന ഒരു കാര്യമല്ലെന്നും ഓർക്കണം. (യൂദ 7) ഇങ്ങനെയൊരു പ്രശ്നം ഉണ്ടെങ്കിൽ നിങ്ങൾ ചെയ്തത് ഒരിക്കലും ക്ഷമ കിട്ടില്ലാത്ത ഒരു പാപമാണെന്നും വിചാരിക്കരുത്. ഓരോ പ്രാവശ്യവും തെറ്റു ചെയ്യാനുള്ള പ്രലോഭനം തോന്നുമ്പോൾ ചെറുത്തുനിൽക്കുക. അതിന് എതിരെയുള്ള നിങ്ങളുടെ പോരാട്ടം ഒരിക്കലും നിറുത്തിക്കളയരുത്!
വീണ്ടും ആ തെറ്റ് ആവർത്തിച്ചാൽ നിരാശയിൽ ആണ്ടുപോകാൻ സാധ്യതയുണ്ട്. ഒരു പരാജയം സംഭവിച്ചെന്ന് ഓർത്ത് നിങ്ങൾ ഒരു കൊള്ളരുതാത്തവനാണ് എന്ന് അർഥമില്ല. അതുകൊണ്ട് അതിന് എതിരെ പോരാടാനുള്ള ശ്രമം ഒരിക്കലും ഉപേക്ഷിക്കരുത്. വീണ്ടും ആ തെറ്റിലേക്കു നയിച്ചത് എന്താണെന്നു ചിന്തിക്കുക. എന്നിട്ട് അത് ഒഴിവാക്കാൻ ശ്രമിക്കുക.
ദൈവത്തിന്റെ സ്നേഹത്തെയും കരുണയെയും കുറിച്ച് ചിന്തിക്കാൻ സമയമെടുക്കുക. വ്യക്തിപരമായ ചില ബലഹീനതകളോടു പോരാടിയിരുന്ന സങ്കീർത്തനക്കാരനായ ദാവീദ് ഇങ്ങനെ പറഞ്ഞു: “ഒരു അപ്പൻ മക്കളോടു കരുണ കാണിക്കുന്നതുപോലെ യഹോവ തന്നെ ഭയപ്പെടുന്നവരോടു കരുണ കാണിച്ചിരിക്കുന്നു. കാരണം, നമ്മെ ഉണ്ടാക്കിയിരിക്കുന്നത് എങ്ങനെയെന്നു ദൈവത്തിനു നന്നായി അറിയാം; നാം പൊടിയെന്നു ദൈവം ഓർക്കുന്നു.” (സങ്കീർത്തനം 103:13, 14) അതെ, യഹോവയ്ക്കു നമ്മുടെ പരിമിതികൾ അറിയാവുന്നതുകൊണ്ട് നമ്മളോടു “ക്ഷമിക്കാൻ” ദൈവം ഒരുക്കമാണ്. (സങ്കീർത്തനം 86:5) എന്നാൽ മെച്ചപ്പെടാൻ വേണ്ട ശ്രമങ്ങൾ നമ്മൾ തുടർന്നും ചെയ്യാൻ യഹോവ പ്രതീക്ഷിക്കുന്നു. ഈ ദുശ്ശീലം ഉപേക്ഷിക്കാനും വീണ്ടും അതിലേക്കു വഴുതിവീഴാതിരിക്കാനും നിങ്ങൾക്ക് എന്തു ചെയ്യാനാകും?
നിങ്ങളുടെ വിനോദം എങ്ങനെയുള്ളതാണെന്നു വിലയിരുത്തുക. ലൈംഗിക ആഗ്രഹങ്ങളെ ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള സിനിമകളോ ടിവി പരിപാടികളോ വെബ്സൈറ്റുകളോ നിങ്ങൾ കാണാറുണ്ടോ? തന്റെ ബലഹീനത തിരിച്ചറിഞ്ഞ ദാവീദ് ദൈവത്തോട് ഇങ്ങനെ പ്രാർഥിച്ചു: “ഒരു ഗുണവുമില്ലാത്ത കാര്യങ്ങൾ കാണാതിരിക്കാൻ എന്റെ നോട്ടം തിരിച്ചുവിടേണമേ.”—സങ്കീർത്തനം 119:37.
മനസ്സിനെ വഴിതിരിച്ച് വിടുക. ഒരു ക്രിസ്ത്യാനിയായ വില്യമിന്റെ നിർദേശം ഇതാണ്: “കിടക്കാൻ പോകുന്നതിനു മുമ്പ് ആത്മീയകാര്യങ്ങൾ എന്തെങ്കിലും വായിക്കുക. മനസ്സിൽ ആത്മീയചിന്തകളുമായി ഉറങ്ങാൻ പോകുന്നതു വളരെ നല്ലതാണ്.”—ഫിലിപ്പിയർ 4:8.
ആരോടെങ്കിലും മനസ്സു തുറക്കുക. ചിലപ്പോൾ ഇതിനെക്കുറിച്ചൊക്കെ ആരോടെങ്കിലും പറയാൻതന്നെ നമുക്കു നാണം തോന്നിയേക്കാം. എങ്കിലും അങ്ങനെ ചെയ്യുന്നത് ആ ദുശ്ശീലം മറികടക്കാൻ നിങ്ങളെ സഹായിച്ചേക്കും. ഒരു ക്രിസ്ത്യാനിയായ ഡേവിഡിന്റെ അനുഭവവും അതുതന്നെയാണ്. അവൻ പറയുന്നു: “ഞാൻ എന്റെ പപ്പയോട് ഇക്കാര്യം പറഞ്ഞു. പപ്പ പറഞ്ഞത് ഞാൻ ഒരിക്കലും മറക്കില്ല. എന്റെ ടെൻഷനൊക്കെ മാറ്റുന്ന രീതിയിൽ ഒന്നു പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘എനിക്കു നിന്നെക്കുറിച്ച് അഭിമാനം തോന്നുന്നു മോനെ.’ എത്ര ധൈര്യം സംഭരിച്ചിട്ടായിരിക്കും ഞാൻ ഇതു പറഞ്ഞതെന്നു പപ്പയ്ക്കു മനസ്സിലായി. പപ്പയുടെ ആ വാക്കുകൾ എനിക്ക് എത്രമാത്രം ആത്മവിശ്വാസവും പ്രോത്സാഹനവും തന്നെന്നോ?
“എന്നെ എഴുതിത്തള്ളേണ്ട ഒരു സാഹചര്യം ഇതുവരെ വന്നിട്ടില്ലെന്നു സൂചിപ്പിക്കുന്ന ചില തിരുവെഴുത്തുകൾ പപ്പ എനിക്കു കാണിച്ചുതന്നു. അതേസമയം എന്റെ തെറ്റിന്റെ ഗൗരവം മനസ്സിലാക്കാൻ സഹായിക്കുന്ന മറ്റു ചില തിരുവെഴുത്തുകളും കാണിച്ചുതന്നു. എനിക്ക് ഒരു സമയം തന്നിട്ട് അത്രയും നാളത്തേക്കെങ്കിലും ഈ തെറ്റിലേക്കു വീണ്ടും വീണുപോകാതിരിക്കാൻ ശ്രമിക്കണമെന്നു പപ്പ എന്നോടു പറഞ്ഞു. അതിനുശേഷം വീണ്ടും ഇതിനെക്കുറിച്ച് സംസാരിക്കാമെന്നും പറഞ്ഞു. ഇതിനിടയ്ക്ക് എപ്പോഴെങ്കിലും ശ്രമം പരാജയപ്പെട്ടാലും നിരാശപ്പെടരുതെന്നും അടുത്ത തവണ ഇപ്രാവശ്യത്തേതിലും കൂടുതൽ ദിവസം പിടിച്ചുനിൽക്കാൻ പറ്റുമോ എന്നു നോക്കാനും പറഞ്ഞു.” ഡേവിഡ് ഇങ്ങനെ സമ്മതിച്ചുപറയുന്നു: “എന്റെ പ്രശ്നത്തെക്കുറിച്ച് അറിയാവുന്ന എന്നെ സഹായിക്കുന്ന ഒരാൾ ഉള്ളത് എനിക്ക് ശരിക്കും പ്രയോജനം ചെയ്തു.”
[അടിക്കുറിപ്പ്]
a അറിയാതെതന്നെ ലൈംഗിക ഉത്തേജനം ഉണ്ടാകുന്നതിനെയല്ല സ്വയംഭോഗം എന്നു പറയുന്നത്. ഉദാഹരണത്തിന് ആൺകുട്ടികൾ ചിലപ്പോൾ രാത്രിയിൽ ലൈംഗിക ഉത്തേജനം തോന്നി ഉണർന്നെണീക്കാറുണ്ട്. ഇങ്ങനെ ഉറക്കത്തിനിടെ അവർക്കു ബീജസ്ഘലനം ഉണ്ടായേക്കാം. അതുപോലെ പെൺകുട്ടികൾക്കും ചിലപ്പോൾ അവർ അറിയാതെ ലൈംഗിക ഉത്തേജനം തോന്നാറുണ്ട്. പ്രത്യേകിച്ച് ആർത്തവത്തിനു തൊട്ടുമുമ്പോ ശേഷമോ. എന്നാൽ ഇതൊന്നും സ്വയംഭോഗം അല്ല. മനഃപൂർവം തങ്ങളെത്തന്നെ ലൈംഗികമായി ഉത്തേജിപ്പിക്കുന്നതിനെയാണു സ്വയംഭോഗം എന്നു പറയുന്നത്.
ഓർത്തിരിക്കേണ്ട വാക്യം
“യൗവനത്തിന്റേതായ മോഹങ്ങൾ വിട്ടോടി, ശുദ്ധഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു ചേർന്ന് നീതി, വിശ്വാസം, സ്നേഹം, സമാധാനം എന്നിവ പിന്തുടരുക.”—2 തിമൊഥെയൊസ് 2:22.
നുറുങ്ങ്
ആഗ്രഹങ്ങൾ ശക്തമാകുന്നതിനു മുമ്പുതന്നെ പ്രാർഥിക്കണം. അങ്ങനെ പ്രാർഥിച്ചാൽ പ്രലോഭനത്തെ ചെറുത്തുനിൽക്കാനുള്ള “അസാധാരണശക്തി” ദൈവമായ യഹോവ തരും.—2 കൊരിന്ത്യർ 4:7.
നിങ്ങൾക്ക് അറിയാമോ . . . ?
ദുർബലരായ ആളുകളാണു തങ്ങളുടെ ലൈംഗികാഗ്രഹങ്ങൾക്ക് എളുപ്പം കീഴ്പെടുന്നത്. എന്നാൽ മറ്റ് ആരും കാണാത്തപ്പോൾപ്പോലും ആത്മനിയന്ത്രണം കാണിക്കുന്നതാണ് ഒരു യഥാർഥ പുരുഷന്റെയോ സ്ത്രീയുടെയോ ലക്ഷണം.
ചെയ്തുനോക്കൂ!
തെറ്റായ ചിന്തകൾ മനസ്സിലേക്കു വരാതിരിക്കാൻ ഞാൻ ചെയ്യേണ്ടത് ․․․․․
ലൈംഗികാഗ്രഹങ്ങൾ തോന്നുമ്പോൾ അതിനു കീഴ്പെടുന്നതിനു പകരം ഞാൻ ․․․․․
ഈ വിഷയത്തെക്കുറിച്ച് ഞാൻ മാതാപിതാക്കളോടു ചോദിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ․․․․․
നിങ്ങൾക്ക് എന്തു തോന്നുന്നു?
● യഹോവ ‘ക്ഷമിക്കാൻ സന്നദ്ധനാണെന്ന്’എപ്പോഴും ഓർക്കേണ്ടത് എന്തുകൊണ്ട്?—സങ്കീർത്തനം 86:5.
● ലൈംഗികാഗ്രഹങ്ങൾ തന്ന ദൈവംതന്നെ നമ്മളോട് ആത്മനിയന്ത്രണം വളർത്താൻ പറഞ്ഞ സ്ഥിതിക്ക്, ദൈവത്തിന് നമ്മളെക്കുറിച്ച് എന്ത് ഉറപ്പുണ്ടായിരിക്കും?
[ആകർഷകവാക്യം]
‘‘ഈ ദുശ്ശീലം കീഴടക്കിയപ്പോൾ മുതൽ എനിക്ക് യഹോവയുടെ മുമ്പാകെ നല്ല ഒരു മനസ്സാക്ഷിയുണ്ട്. അതു മറ്റൊന്നുമായും വെച്ചുമാറാൻ ഞാൻ തയ്യാറല്ല.’”—സാറ
[ചിത്രം]
ഓട്ടമത്സരത്തിനിടെ വീണുപോയാലും നിങ്ങൾ തുടക്കംമുതൽ വീണ്ടും ഓടേണ്ടതില്ല. അതുപോലെ തന്നെ സ്വയംഭോഗത്തെ കീഴടക്കാനുള്ള ശ്രമം ഇടയ്ക്ക് പരാജയപ്പെട്ടാലും നിങ്ങൾ അതുവരെ ചെയ്ത ശ്രമങ്ങൾ വെറുതെയാകുന്നില്ല