പാഠം 14
ദൈവത്തിന് ഒരു സംഘടന ഉള്ളത് എന്തുകൊണ്ട്?
1. ദൈവം പുരാതനകാലത്തെ ഇസ്രായേല്യരെ സംഘടിപ്പിച്ചത് എന്തുകൊണ്ടാണ്?
ദൈവം ഗോത്രപിതാവായ അബ്രാഹാമിന്റെ സന്തതികളെ ഒരു ജനതയായി സംഘടിപ്പിക്കുകയും അവർക്കു കുറെ നിയമങ്ങൾ കൊടുക്കുകയും ചെയ്തു. ആ ജനതയ്ക്ക് ‘ഇസ്രായേൽ’ എന്നു പേരും നൽകി. സത്യാരാധന പിൻപറ്റിയ ഒരേ ഒരു ജനതയായിരുന്നു അവർ. ദൈവം അവരെ തന്റെ വചനത്തിന്റെ സൂക്ഷിപ്പുകാരുമാക്കി. (സങ്കീർത്തനം 147:19, 20) അങ്ങനെ, എല്ലാ ജനതകൾക്കും ഇസ്രായേല്യരിൽനിന്നു പ്രയോജനം നേടാനാകുമായിരുന്നു.—ഉൽപത്തി 22:18 വായിക്കുക.
തന്റെ സാക്ഷികളായിരിക്കുന്നതിന് യഹോവ ഇസ്രായേല്യരെ തിരഞ്ഞെടുത്തു. ദൈവനിയമങ്ങൾ അനുസരിക്കുന്നത് ആളുകൾക്കു പ്രയോജനം ചെയ്യുന്നത് എങ്ങനെയെന്ന് അവരുടെ പുരാതനചരിത്രം വ്യക്തമാക്കുന്നു. (ആവർത്തനം 4:6) അങ്ങനെ, ഇസ്രായേല്യരെ നിരീക്ഷിച്ച്, അവരിൽനിന്നു പഠിക്കുന്നതിലൂടെ മറ്റുള്ളവർക്കു സത്യദൈവത്തെ അറിയാനാകുമായിരുന്നു.—യശയ്യ 43:10, 12 വായിക്കുക.
2. സത്യക്രിസ്ത്യാനികൾ സംഘടിതരായിരിക്കുന്നത് എന്തുകൊണ്ടാണ്?
കുറെ കാലം കഴിഞ്ഞ് ഇസ്രായേല്യർക്കു ദൈവത്തിന്റെ അംഗീകാരം നഷ്ടപ്പെട്ടു. ആ ജനതയ്ക്കു പകരം യഹോവ ക്രിസ്തീയസഭയെ തിരഞ്ഞെടുത്തു. (മത്തായി 21:43; 23:37, 38) ഇന്ന് ഇസ്രായേല്യർക്കു പകരം സത്യക്രിസ്ത്യാനികളാണ് യഹോവയുടെ സാക്ഷികളായി സേവിക്കുന്നത്.—പ്രവൃത്തികൾ 15:14, 17 വായിക്കുക.
എല്ലാ ജനതകളോടും പ്രസംഗിച്ച് ശിഷ്യരെ ഉളവാക്കാൻ യേശു തന്റെ അനുഗാമികളെ സംഘടിപ്പിച്ചു. (മത്തായി 10:7, 11; 24:14; 28:19, 20) ഇന്ന് ഈ വ്യവസ്ഥിതി അവസാനിക്കാറായ സമയത്ത് ആ പ്രവർത്തനം തീരാൻപോകുകയാണ്. ചരിത്രത്തിൽ ആദ്യമായി എല്ലാ ജനതകളിൽനിന്നുമുള്ള ലക്ഷക്കണക്കിന് ആളുകളെ യഹോവ സത്യാരാധനയിലേക്കു കൂട്ടിച്ചേർത്തിരിക്കുന്നു. (വെളിപാട് 7:9, 10) സത്യക്രിസ്ത്യാനികൾ ഇന്നു സംഘടിതരായിരിക്കുന്നതുകൊണ്ട് അവർക്കു പരസ്പരം പ്രോത്സാഹിപ്പിക്കാനും സഹായിക്കാനും കഴിയുന്നു. ലോകത്തിന്റെ ഏതു ഭാഗത്ത് ആയിരുന്നാലും തങ്ങളുടെ യോഗങ്ങളിൽ അവർ ഒരേ ബൈബിൾ പഠനപരിപാടി ആസ്വദിക്കുന്നു.—എബ്രായർ 10:24, 25 വായിക്കുക.
3. യഹോവയുടെ സാക്ഷികളുടെ ആധുനികകാലത്തെ സംഘടനയുടെ തുടക്കം എങ്ങനെയായിരുന്നു?
1870-കളിൽ, ബൈബിൾവിദ്യാർഥികളുടെ ഒരു ചെറിയ കൂട്ടം, കാലങ്ങളായി മറഞ്ഞുകിടന്നിരുന്ന ബൈബിൾസത്യങ്ങൾ വീണ്ടും കണ്ടെത്താൻതുടങ്ങി. ക്രിസ്തീയസഭയെ യേശു സംഘടിപ്പിച്ചതു പ്രസംഗവേലയ്ക്കുവേണ്ടിയാണെന്ന് അവർക്ക് അറിയാമായിരുന്നു. അതുകൊണ്ട് അവർ രാജ്യത്തിന്റെ സന്തോഷവാർത്ത ലോകമെങ്ങും പ്രസംഗിക്കുന്നതിനുള്ള ഒരു പ്രവർത്തനത്തിനു തുടക്കമിട്ടു. 1931-ൽ അവർ യഹോവയുടെ സാക്ഷികൾ എന്ന പേര് സ്വീകരിച്ചു.—പ്രവൃത്തികൾ 1:8; 2:1, 4; 5:42 വായിക്കുക.
4. യഹോവയുടെ സാക്ഷികൾ സംഘടിതരായിരിക്കുന്നത് എങ്ങനെയാണ്?
ഒന്നാം നൂറ്റാണ്ടിൽ, ക്രിസ്തീയ സഭകൾ പല ദേശങ്ങളിലായി വ്യാപിച്ചുകിടന്നിരുന്നു. അതുകൊണ്ട്, യേശുവിനെ സഭയുടെ തലയായി അംഗീകരിക്കുന്ന ഒരു കേന്ദ്രഭരണസംഘം ഉണ്ടായിരുന്നത് ഒരുപാടു പ്രയോജനം ചെയ്തു. (പ്രവൃത്തികൾ 16:4, 5) അതുപോലെതന്നെ ഇന്നും, ലോകമെങ്ങുമുള്ള യഹോവയുടെ സാക്ഷികൾ അനുഭവപരിചയമുള്ള മൂപ്പന്മാരുടെ ഒരു ഭരണസംഘം ഉണ്ടായിരിക്കുന്നതിൽനിന്ന് പ്രയോജനം നേടുന്നു. ബൈബിൾപഠനസഹായികൾ 750-ലധികം ഭാഷകളിൽ പരിഭാഷപ്പെടുത്തി, അച്ചടിച്ച്, വിതരണം ചെയ്യുന്ന യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസുകളുടെ ചുമതല വഹിക്കുന്നത് ഈ ഭരണസംഘമാണ്. അങ്ങനെ, ലോകമെങ്ങുമുള്ള 1,00,000-ത്തിലധികം സഭകൾക്കു തിരുവെഴുത്തുകളിൽനിന്നുള്ള പ്രോത്സാഹനവും മാർഗനിർദേശവും നൽകാൻ ഭരണസംഘത്തിനു കഴിയുന്നു. ഓരോ സഭയിലും മൂപ്പന്മാർ അഥവാ മേൽവിചാരകന്മാർ ആയി സേവിക്കുന്ന യോഗ്യതയുള്ള പുരുഷന്മാരുണ്ട്. അവർ ദൈവത്തിന്റെ ആടുകളെ സ്നേഹത്തോടെ പരിപാലിക്കുന്നു.—1 പത്രോസ് 5:2, 3 വായിക്കുക.
ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കാനും ശിഷ്യരെ ഉളവാക്കാനും യഹോവയുടെ സാക്ഷികൾ ഇന്നു സംഘടിതരാണ്. അപ്പോസ്തലന്മാരെപ്പോലെ അവർ വീടുതോറും പ്രസംഗിക്കുന്നു. (പ്രവൃത്തികൾ 20:20) സത്യത്തെ ആത്മാർഥമായി സ്നേഹിക്കുന്നവരെ ബൈബിൾ പഠിപ്പിക്കാൻ അവർ തയ്യാറാകുന്നു. എന്നാൽ യഹോവയുടെ സാക്ഷികൾ വെറുമൊരു സംഘടനയല്ല. സ്നേഹനിധിയായ പിതാവുള്ള ഒരു കുടുംബമാണ് അവർ. പരസ്പരം കരുതൽ കാണിക്കുന്ന സഹോദരീസഹോദരന്മാരാണ് അവർ. (2 തെസ്സലോനിക്യർ 1:3) ദൈവത്തെ പ്രസാദിപ്പിക്കാനും മറ്റുള്ളവരെ സഹായിക്കാനും സംഘടിതരായിരിക്കുന്നതുകൊണ്ട് ഭൂമിയിൽ ഏറ്റവും സന്തോഷം അനുഭവിക്കുന്ന കുടുംബമാണ് യഹോവയുടെ ജനം.—സങ്കീർത്തനം 33:12; പ്രവൃത്തികൾ 20:35 വായിക്കുക.