പാഠം 13
മതത്തെക്കുറിച്ചുള്ള സന്തോഷവാർത്ത എന്താണ്?
1. എല്ലാ മതങ്ങളും നല്ലതാണോ?
എല്ലാ മതങ്ങളിലും ആത്മാർഥഹൃദയമുള്ള ആളുകളുണ്ട്. ദൈവം അവരെ കാണുന്നു, അവരെക്കുറിച്ച് ദൈവത്തിനു ചിന്തയുണ്ട് എന്നൊക്കെ അറിയുന്നത് എത്ര സന്തോഷമാണ്! എന്നാൽ സങ്കടകരമെന്നു പറയട്ടെ, മതത്തിന്റെ പേരിൽ പല ക്രൂരതകളും നടന്നിട്ടുണ്ട്. (2 കൊരിന്ത്യർ 4:3, 4; 11:13-15) ചില മതങ്ങൾ ഭീകരപ്രവർത്തനം, വംശഹത്യ, യുദ്ധം, കുട്ടികളെ ചൂഷണം ചെയ്യൽ തുടങ്ങിയ കാര്യങ്ങളിൽപ്പോലും ഉൾപ്പെട്ടിരിക്കുന്നെന്ന് വാർത്താറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത്തരം കാര്യങ്ങൾ ദൈവത്തിൽ ആത്മാർഥമായി വിശ്വസിക്കുന്ന ആളുകളെ എത്രയധികം വേദനിപ്പിക്കുന്നു!—മത്തായി 24:3-5, 11, 12 വായിക്കുക.
സത്യമതം ദൈവത്തിനു മഹത്ത്വം കരേറ്റുന്നു. പക്ഷേ വ്യാജമതം ദൈവത്തെ അപ്രീതിപ്പെടുത്തുന്നു. ബൈബിളിൽ ഇല്ലാത്ത കാര്യങ്ങളാണ് അതു പഠിപ്പിക്കുന്നത്. ദൈവത്തെക്കുറിച്ചും മരിച്ചവരെക്കുറിച്ചും അവ പഠിപ്പിക്കുന്ന കാര്യങ്ങൾ തെറ്റാണ്. എന്നാൽ തന്നെക്കുറിച്ചുള്ള സത്യം ആളുകൾ അറിയാനാണ് യഹോവ ആഗ്രഹിക്കുന്നത്.—യഹസ്കേൽ 18:4; 1 തിമൊഥെയൊസ് 2:3-5 വായിക്കുക.
2. മതത്തെക്കുറിച്ചുള്ള സന്തോഷവാർത്ത എന്താണ്?
ദൈവത്തെ സ്നേഹിക്കുന്നെന്ന് അവകാശപ്പെടുകയും വാസ്തവത്തിൽ സാത്താന്റെ ലോകത്തെ സ്നേഹിക്കുകയും ചെയ്തുകൊണ്ട് ദൈവത്തെ വഞ്ചിക്കാൻ മതങ്ങൾക്കു കഴിയില്ല. (യാക്കോബ് 4:4) ദൈവവചനം വ്യാജമതങ്ങളെ ഒന്നാകെ വിളിക്കുന്നത് “ബാബിലോൺ എന്ന മഹതി” എന്നാണ്. ബാബിലോൺ എന്ന പേരിൽ പുരാതനകാലത്ത് ഒരു നഗരമുണ്ടായിരുന്നു. നോഹയുടെ നാളിലെ ജലപ്രളയം കഴിഞ്ഞ് വ്യാജമതവിശ്വാസങ്ങൾ ആരംഭിച്ചത് അവിടെയാണ്. മനുഷ്യരെ വഞ്ചിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്ന മതങ്ങളെ ദൈവം പെട്ടെന്നുതന്നെ നശിപ്പിക്കും.—വെളിപാട് 17:1, 2, 5, 16, 17; 18:8 വായിക്കുക.
എന്നാൽ മറ്റൊരു സന്തോഷവാർത്തയുമുണ്ട്. ലോകത്ത് എല്ലായിടത്തുമുള്ള വ്യാജമതങ്ങളിൽ ചിതറിക്കിടക്കുന്ന ആത്മാർഥഹൃദയമുള്ള ആളുകളെ യഹോവ മറന്നുകളഞ്ഞിട്ടില്ല എന്നതാണ് അത്. സത്യം പഠിപ്പിച്ചുകൊണ്ട് ദൈവം അവരെ കൂട്ടിവരുത്തുന്നു.—മീഖ 4:2, 5 വായിക്കുക.
3. ആത്മാർഥഹൃദയമുള്ള ആളുകൾ എന്തു ചെയ്യണം?
സത്യം അറിയാനും നല്ലതു ചെയ്യാനും ആഗ്രഹിക്കുന്നവരെക്കുറിച്ച് യഹോവയ്ക്കു ചിന്തയുണ്ട്. വ്യാജമതം ഉപേക്ഷിക്കാൻ ദൈവം അവരെ പ്രോത്സാഹിപ്പിക്കുന്നു. ദൈവത്തെ യഥാർഥത്തിൽ സ്നേഹിക്കുന്നവർ ദൈവത്തെ പ്രസാദിപ്പിക്കുന്നതിനു മാറ്റങ്ങൾ വരുത്താൻ തയ്യാറാകും.—വെളിപാട് 18:4 വായിക്കുക.
ഒന്നാം നൂറ്റാണ്ടിൽ, അപ്പോസ്തലന്മാർ പ്രസംഗിച്ച സന്തോഷവാർത്ത കേട്ടപ്പോൾ ആത്മാർഥഹൃദയമുള്ള ആളുകൾ സന്തോഷത്തോടെ അതു സ്വീകരിച്ചു. അങ്ങനെ അവർക്കു പുതിയൊരു ജീവിതരീതിയെക്കുറിച്ച് യഹോവയിൽനിന്നു പഠിക്കാനായി. ജീവിതത്തിന് ഉദ്ദേശ്യവും പ്രത്യാശയും തരുന്ന, വളരെ സന്തോഷമുള്ള ഒരു ജീവിതരീതിയായിരുന്നു അത്. ഇന്നു ജീവിക്കുന്ന നമുക്ക് അവർ ഒരു ഉത്തമമാതൃകയാണ്; കാരണം, സന്തോഷവാർത്ത സ്വീകരിച്ച അവർ യഹോവയ്ക്കു ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകി.—1 തെസ്സലോനിക്യർ 1:8, 9; 2:13 വായിക്കുക.
വ്യാജമതം ഉപേക്ഷിക്കാൻ തയ്യാറാകുന്നവരെ യഹോവ തന്റെ ആരാധകരുടെ കുടുംബത്തിലേക്കു സ്വാഗതം ചെയ്യുന്നു. സ്നേഹത്തോടെ യഹോവ തരുന്ന ആ ക്ഷണം സ്വീകരിക്കുന്നെങ്കിൽ, നിങ്ങൾക്ക് യഹോവയുടെ സ്നേഹിതരാകാം. കൂടാതെ സത്യാരാധകർ അടങ്ങുന്ന സ്നേഹമുള്ള പുതിയ ഒരു കുടുംബവും നിത്യജീവനും നിങ്ങൾക്കു കിട്ടുകയും ചെയ്യും.—മർക്കോസ് 10:29, 30; 2 കൊരിന്ത്യർ 6:17, 18 വായിക്കുക.
4. ദൈവം എങ്ങനെയാണ് എല്ലാ ദേശങ്ങളിലും സന്തോഷമുള്ള അവസ്ഥ കൊണ്ടുവരുന്നത്?
വ്യാജമതങ്ങളുടെ മേൽ ന്യായവിധി വരാനിരിക്കുന്നു എന്നത് ഒരു സന്തോഷവാർത്തയാണ്. ആ ന്യായവിധി നടപ്പാക്കുമ്പോൾ ലോകമെങ്ങുമുള്ള എല്ലാവർക്കും അടിച്ചമർത്തലിൽനിന്ന് ഒരു മോചനം കിട്ടും. അതിനു ശേഷം ഒരിക്കലും വ്യാജമതം മനുഷ്യരെ വഴിതെറ്റിക്കുകയോ ഭിന്നിപ്പിക്കുകയോ ഇല്ല. അന്നു ജീവിച്ചിരിക്കുന്ന എല്ലാവരും ഐക്യത്തോടെ ഏകസത്യദൈവത്തെ ആരാധിക്കും.—വെളിപാട് 18:20, 21; 21:3, 4 വായിക്കുക.