അധ്യായം എട്ട്
അവൻ എല്ലാം സഹിച്ചുനിന്നു
1. ശീലോവിലെങ്ങും ദുഃഖവും വിലാപവും നിറഞ്ഞിരിക്കുന്നത് എന്തുകൊണ്ട്?
ശീലോവിലെങ്ങും ദുഃഖം തളംകെട്ടിനിൽക്കുന്നു. ശമുവേലും അതീവദുഃഖിതനാണ്. കണ്ണീരിൽ മുങ്ങിയ പട്ടണം! വീടുകളിൽനിന്ന് സ്ത്രീകളുടെയും കുട്ടികളുടെയും നിലവിളി ഉയരുകയാണ്. ഇനി ഒരിക്കലും വീട്ടിലേക്കു മടങ്ങിവരികയില്ലാത്ത പ്രിയപ്പെട്ടവരെ ഓർത്ത്! അച്ഛന്മാരെയും ഭർത്താക്കന്മാരെയും പുത്രന്മാരെയും ആങ്ങളമാരെയും ഓർത്ത്! എന്താണ് അവിടെ സംഭവിച്ചത്? ഫെലിസ്ത്യരുമായുള്ള ഘോരയുദ്ധത്തിൽ പരാജയം ഏറ്റുവാങ്ങിയ ഇസ്രായേല്യർക്കു നഷ്ടപ്പെട്ടത് ഏതാണ്ട് 30,000 പടയാളികളാണ്. മറ്റൊരു യുദ്ധത്തിൽ 4,000 പേർ കൊല്ലപ്പെട്ടിട്ട് അധികനാളായിട്ടില്ല. തൊട്ടുപിന്നാലെയാണ് ഈ ദുരന്തം!—1 ശമൂ. 4:1, 2, 10.
2, 3. ശീലോവിന്റെ മഹത്ത്വം നഷ്ടപ്പെടുത്തി അപമാനം വരുത്തിവെച്ച ഏതെല്ലാം സംഭവപരമ്പരകളുണ്ടായി?
2 വാസ്തവത്തിൽ ഇത് ദുരന്തപരമ്പരയിലെ ഒരു കണ്ണി മാത്രമായിരുന്നു. ദൈവസാന്നിധ്യത്തിന്റെ പ്രതീകമായിരുന്ന നിയമപെട്ടകം ശീലോവിലുണ്ടായിരുന്നു. സാധാരണയായി സമാഗമനകൂടാരത്തിന്റെ അന്തർമന്ദിരത്തിലെ വിശുദ്ധസ്ഥലത്താണ് ഇത് വെച്ചിരുന്നത്. എന്നാൽ ജനം ആവശ്യപ്പെട്ടതനുസരിച്ച് പാവനമായ ഈ നിയമപെട്ടകം ശീലോവിൽനിന്നു കൊണ്ടുപോയി. മഹാപുരോഹിതനായ ഏലിയുടെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും കൂടെപ്പോയി. പെട്ടകം കൊണ്ടുപോയത് യുദ്ധക്കളത്തിലേക്കാണ്. പെട്ടകം ഒരു ഭാഗ്യചിഹ്നമായി തങ്ങൾക്ക് വിജയം നേടിത്തരുമെന്ന് അവർ കരുതി. പക്ഷേ, ആ ധാരണ വെറും അബദ്ധമായിരുന്നു. നടന്നത് മറിച്ചാണ്. ഫെലിസ്ത്യർ പെട്ടകം പിടിച്ചെടുത്തു. ഹൊഫ്നിയും ഫീനെഹാസും കൊല്ലപ്പെട്ടു.—1 ശമൂ. 4:3-11.
3 നൂറ്റാണ്ടുകളായി ശീലോവിലെ സമാഗമനകൂടാരത്തിന് ഒരു മഹത്ത്വമായി പെട്ടകം അവിടെയുണ്ടായിരുന്നു. ഇപ്പോൾ അത് കൈവിട്ടുപോയിരിക്കുന്നു. ഈ വാർത്ത കേട്ട് 98 വയസ്സുള്ള ഏലി, തന്റെ ഇരിപ്പിടത്തിൽനിന്ന് പിറകോട്ടു മറിഞ്ഞുവീണ് മരിച്ചു. ഫീനെഹാസിന്റെ ഭാര്യ അന്നേദിവസം വിധവയായി. ഗർഭിണിയായിരുന്ന അവൾ പ്രസവത്തോടെ മരിക്കുകയും ചെയ്തു. മരിക്കുന്നതിനു മുമ്പ് അവൾ ഇങ്ങനെ പറഞ്ഞു: “മഹത്വം യിസ്രായേലിൽനിന്നു പൊയ്പോയി.” എന്തു പറയാൻ, ശീലോ ഇനിയൊരിക്കലും ആ പഴയ പ്രതാപത്തിലേക്ക് മടങ്ങിവരില്ല!—1 ശമൂ. 4:12-22.
4. ഈ അധ്യായത്തിൽ നാം എന്താണ് കാണാൻ പോകുന്നത്?
4 സകല പ്രതീക്ഷകളും തകർത്തുകളഞ്ഞ ഈ സാഹചര്യത്തിൽ ശമുവേൽ എങ്ങനെ പിടിച്ചുനിൽക്കും? യഹോവയുടെ സംരക്ഷണവും പ്രീതിയും നഷ്ടപ്പെട്ട ജനത്തെ പിന്തുണയ്ക്കാൻ ശമുവേലിന് കഴിയുമോ, അതിനു തക്ക വിശ്വാസം അവനുണ്ടോ? വിശ്വാസത്തിന്റെ മാറ്റുരയ്ക്കുന്ന കടുത്ത പരിശോധനകളും പ്രതിബന്ധങ്ങളും ഇടയ്ക്കൊക്കെ നമുക്കും ഉണ്ടാകാറില്ലേ? ശമുവേലിന്റെ ജീവിതാനുഭവത്തിൽനിന്ന് എന്തു പഠിക്കാനാകുമെന്നു നോക്കാം.
അവൻ “നീതി നടപ്പാക്കി”
5, 6. ശമുവേലിനെപ്പറ്റിയുള്ള വിവരണം ഇടയ്ക്കുവെച്ച് നിറുത്തി ബൈബിൾരേഖ ഏത് കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ആ 20 വർഷക്കാലയളവിൽ ശമുവേൽ എന്തു ചെയ്യുകയായിരുന്നു?
5 വിവരണം തുടർന്ന് പറയുന്നത് നിയമപെട്ടകത്തെക്കുറിച്ചാണ്. പെട്ടകം പിടിച്ചെടുത്തതിന്റെ പേരിൽ ഫെലിസ്ത്യർക്ക് അനുഭവിക്കേണ്ടിവന്ന ബാധയും, പെട്ടകം തിരിച്ചേൽപ്പിക്കാൻ അവർ നിർബന്ധിതരായതും മറ്റും. വീണ്ടും നമ്മൾ ശമുവേലിനെ കാണുന്നത് ഏതാണ്ട് 20 വർഷങ്ങൾക്കു ശേഷമാണ്. (1 ശമൂ. 7:2) ഈ കാലമത്രയും അവൻ എന്തു ചെയ്യുകയായിരുന്നു? നമുക്ക് ഊഹിക്കേണ്ട കാര്യമില്ല. ബൈബിൾ സൂചന നൽകുന്നുണ്ട്.
6 ശമുവേലിനെപ്പറ്റിയുള്ള വിവരണം ഇടയ്ക്കുവെച്ച് നിറുത്തി നിയമപെട്ടകത്തിലേക്കു ശ്രദ്ധ തിരിക്കുന്നതിനു മുമ്പ്, വിവരണം ഇങ്ങനെ പറയുന്നു: ‘ശമൂവേലിന്റെ വചനം എല്ലാ യിസ്രായേലിനും വന്നു.’ (1 ശമൂ. 4:1) ശമുവേലിനെക്കുറിച്ച് പരാമർശിക്കാത്ത ആ 20 വർഷങ്ങൾക്കു ശേഷം അവനെപ്പറ്റി വിവരണം പറയുന്നത്, അവൻ വർഷന്തോറും ഇസ്രായേലിലെ മൂന്നു പട്ടണങ്ങൾ സന്ദർശിച്ച് അവർക്ക് ന്യായപാലനം നടത്തിപ്പോന്നു എന്നാണ്. ജനത്തിന്റെ തർക്കങ്ങൾ പരിഹരിക്കുകയും സംശയങ്ങൾ തീർക്കുകയും ചെയ്ത് ഓരോ പര്യടനവും പൂർത്തിയാക്കി ശമുവേൽ രാമയിലെ തന്റെ ഭവനത്തിലേക്ക് മടങ്ങിപ്പോകുമായിരുന്നു. (1 ശമൂ. 7:15-17) ആ 20 വർഷത്തിലുടനീളം ശമുവേലിന് ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു. അവൻ എപ്പോഴും തിരക്കിലായിരുന്നെന്ന് വ്യക്തമല്ലേ?
ശമുവേലിന്റെ ജീവിതത്തിലെ 20 വർഷക്കാലത്തെക്കുറിച്ച് ബൈബിൾരേഖ ഒന്നും പറയുന്നില്ലെങ്കിലും യഹോവയുടെ സേവനത്തിൽ അവൻ വ്യാപൃതനായിരുന്നെന്ന് നമുക്ക് തീർച്ചയാണ്
7, 8. (എ) രണ്ടു പതിറ്റാണ്ടുകളിലെ ശുഷ്കാന്തിയോടെയുള്ള സേവനത്തിനു ശേഷം ശമുവേൽ ജനത്തിന് എന്ത് ഉപദേശമാണ് നൽകിയത്? (ബി) ശമുവേൽ ഉറപ്പ് കൊടുത്തപ്പോൾ ജനം എങ്ങനെ പ്രതികരിച്ചു?
7 ഏലിയുടെ പുത്രന്മാരുടെ കടുത്ത സദാചാരലംഘനവും ദുഷ്പ്രവൃത്തികളും ആളുകളുടെ വിശ്വാസം ക്രമേണ ചോർത്തിക്കളഞ്ഞു. പലരും വിഗ്രഹാരാധനയിലേക്കു തിരിയാൻ കാരണം അതായിരിക്കാം. രണ്ടു പതിറ്റാണ്ടുകാലം ഇസ്രായേല്യരെ ആത്മീയമായി ഉണർവുള്ളവരാക്കിയെടുക്കാൻ കഠിനാധ്വാനം ചെയ്ത ശമുവേൽ ഈ വാക്കുകൾ ജനത്തെ അറിയിക്കുന്നു: “നിങ്ങൾ പൂർണ്ണഹൃദയത്തോടെ യഹോവയിങ്കലേക്കു തിരിയുന്നു എങ്കിൽ അന്യദൈവങ്ങളെയും അസ്തോരെത്ത്പ്രതിഷ്ഠകളെയും നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളഞ്ഞു നിങ്ങളുടെ ഹൃദയങ്ങളെ യഹോവയിങ്കലേക്കു തിരിക്കയും അവനെ മാത്രം സേവിക്കയും ചെയ്വിൻ; എന്നാൽ അവൻ നിങ്ങളെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു വിടുവിക്കും.”—1 ശമൂ. 7:3.
8 ‘ഫെലിസ്ത്യരുടെ കൈ’ ജനത്തെ കഠിനമായി ഞെരുക്കി. ഇസ്രായേലിന്റെ സൈന്യത്തിന് കാര്യമായ തകർച്ച വരുത്തിയിരുന്നതിനാൽ, ദൈവജനത്തെ ഇനി എന്തും ചെയ്യാമെന്ന് ഫെലിസ്ത്യർക്കു തോന്നി. എന്നാൽ യഹോവയിലേക്കു തിരിഞ്ഞാൽ അവരുടെ പരിതാപകരമായ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്ന് ശമുവേൽ ജനത്തിന് ഉറപ്പുകൊടുത്തു. അവർക്കു സമ്മതമായിരുന്നോ? അവർ വിഗ്രഹങ്ങളെല്ലാം നീക്കിക്കളഞ്ഞ് “യഹോവയെ മാത്രം സേവിച്ചു”തുടങ്ങി. ശമുവേലിന് സന്തോഷമായി. ശമുവേൽ ജനത്തെ മിസ്പയിൽ ഒരുമിച്ചു കൂട്ടി. യെരുശലേമിന് വടക്കുമാറിയുള്ള ഒരു മലയോരപട്ടണമായിരുന്നു മിസ്പ. ജനമെല്ലാം കൂടിവന്ന് ഉപവസിച്ചു. വിഗ്രഹാരാധനയോടു ബന്ധപ്പെട്ട് ചെയ്തുകൂട്ടിയ നിരവധിയായ പാപങ്ങളെപ്രതി അവർ പശ്ചാത്തപിച്ചു.—1 ശമൂവേൽ 7:4-6 വായിക്കുക.
ദൈവജനം പശ്ചാത്താപത്തോടെ ഒത്തുകൂടിയത് അവരെ അടിച്ചമർത്താനുള്ള അവസരമായി ഫെലിസ്ത്യർ കണ്ടു
9. ഫെലിസ്ത്യർ അവസരം മുതലാക്കാൻ ശ്രമിച്ചത് എങ്ങനെ, അപകടം തിരിച്ചറിഞ്ഞ ജനം എന്തു ചെയ്തു?
9 ജനം ഒത്തുകൂടിയിരിക്കുന്നെന്ന് ഫെലിസ്ത്യർക്ക് അറിവ് കിട്ടി. ഇതുതന്നെ അവസരം, അവർ കണക്കുകൂട്ടി! യഹോവയുടെ ജനത്തെ ഒന്നാകെ മുടിച്ചുകളയാൻ അവർ മിസ്പയിലേക്കു സൈന്യത്തെ അയച്ചു. അടുത്തുകൊണ്ടിരുന്ന അപകടത്തെക്കുറിച്ച് ഇസ്രായേൽ ജനം കേട്ടു. ഭീതിയിലാണ്ട ജനം ശമുവേലിനോട് അവർക്കുവേണ്ടി പ്രാർഥിക്കാൻ അപേക്ഷിച്ചു. അവൻ പ്രാർഥിച്ചു, ഒപ്പം ഒരു യാഗവും അർപ്പിച്ചു. ആ വിശുദ്ധയാഗം നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ ഫെലിസ്ത്യസൈന്യം അവരോട് പടയ്ക്ക് അടുത്തു. അപ്പോൾ യഹോവ ശമുവേലിന്റെ പ്രാർഥനയ്ക്ക് ഉത്തരമരുളി. “യഹോവ അന്നു ഫെലിസ്ത്യരുടെമേൽ വലിയ ഇടിമുഴക്കി.” ഫലത്തിൽ, യഹോവയുടെ ധർമരോഷം ആ മേഘഗർജനത്തിലൂടെ വെളിപ്പെടുകയായിരുന്നു!—1 ശമൂ. 7:7-10.
10, 11. (എ) ഫെലിസ്ത്യസൈന്യത്തിനെതിരെ യഹോവ കേൾപ്പിച്ച ഇടിമുഴക്കം അസാധാരണമായിരുന്നെന്ന് പറയാവുന്നത് എന്തുകൊണ്ട്? (ബി) മിസ്പയിലെ യുദ്ധത്തിനു ശേഷം സ്ഥിതിഗതികൾക്ക് എങ്ങനെ മാറ്റം വന്നു?
10 ഒരു ഇടിമുഴക്കം കേട്ടാൽ ഭയന്ന്, വെപ്രാളപ്പെട്ട് അമ്മയുടെ പിന്നിൽ ഒളിക്കുന്ന കൊച്ചുകുട്ടികളെപ്പോലെ ആയിരുന്നോ ഈ ഫെലിസ്ത്യർ? നിങ്ങൾക്ക് എന്തു തോന്നുന്നു? ശത്രുക്കളെ കൊന്നും കൊലവിളിച്ചും തഴമ്പിച്ച പരുക്കൻ പടയാളികളായിരുന്നു അവർ. അങ്ങനെയുള്ളവർ ഭയപ്പെടണമെങ്കിൽ ഈ ഇടിമുഴക്കം അവർ ജീവിതത്തിൽ ഒരിക്കലും കേട്ടിരിക്കാൻ ഇടയില്ലാത്ത ഭീകരമായ ശബ്ദമായിരിക്കണം. ഇടിമുഴക്കത്തിന്റെ കാതടപ്പിക്കുന്ന ശബ്ദമാണോ അവരെ ഭയപ്പെടുത്തിയത്? ഇനി, ഒട്ടും പ്രതീക്ഷിക്കാതെ തെളിഞ്ഞ നീലാകാശത്തുനിന്നാണോ അതു വന്നത്? അതോ, കർണകഠോരമായ ഇടിനാദം മലനിരകളിൽനിന്ന് പ്രതിധ്വനിക്കുന്നതു കേട്ട്, അത് എന്താണെന്നു മനസ്സിലാകാതെ അവർ ഭ്രമിച്ചുപോയതാണോ? എന്തായിരുന്നാലും ഫെലിസ്ത്യപ്പട ഒന്നടങ്കം ഞെട്ടിവിറച്ചു. അവരാകെ സംഭ്രാന്തരായി! അവസരം പാഴാക്കാതെ ഇസ്രായേല്യയോദ്ധാക്കൾ മിസ്പയിൽനിന്ന് ഒരു പ്രവാഹംപോലെ ശത്രുക്കളുടെ നേരെ പാഞ്ഞടുത്തു. അവരെ ഓടിച്ച്, യെരുശലേമിന് തെക്കോട്ട് മൈലുകളോളം പിന്തുടർന്ന് സംഹരിച്ചു. എത്ര പെട്ടെന്നാണ് വേട്ടക്കാർ ഇരകളായി മാറിയത്!—1 ശമൂ. 7:11.
11 ദൈവജനത്തിന് ആ യുദ്ധം ഒരു വഴിത്തിരിവായിരുന്നു. പിന്നീടങ്ങോട്ട്, ശമുവേൽ ന്യായപാലനം ചെയ്തിരുന്ന കാലത്തെല്ലാം ഫെലിസ്ത്യർ പിൻവാങ്ങിക്കൊണ്ടിരുന്നു. പട്ടണങ്ങളെല്ലാം ഓരോന്നായി ദൈവജനം തിരിച്ചുപിടിച്ചു.—1 ശമൂ. 7:13, 14.
12. ശമുവേൽ “നീതി നടപ്പാക്കി”യെന്നു പറയുന്നതിന്റെ അർഥമെന്ത്, കർമോത്സുകനായിരിക്കാൻ അവനെ സഹായിച്ച ഗുണങ്ങൾ ഏവ?
12 പല നൂറ്റാണ്ടുകൾ കഴിഞ്ഞ്, പൗലോസ് അപ്പൊസ്തലൻ ശമുവേലിനെ, “നീതി നടപ്പാക്കി”യ വിശ്വസ്തരായ ന്യായാധിപന്മാരുടെയും പ്രവാചകന്മാരുടെയും ഗണത്തിൽപ്പെടുത്തി സംസാരിച്ചു. (എബ്രാ. 11:32, 33) ദൈവദൃഷ്ടിയിൽ നല്ലതും നീതിയായതും ആയ കാര്യങ്ങൾ ശമുവേൽ ചെയ്തു. അങ്ങനെ ചെയ്യാൻ മറ്റുള്ളവരെ ഉത്സാഹിപ്പിക്കുകയും ചെയ്തു. മനസ്സിടിച്ചുകളയുന്ന കാര്യങ്ങൾക്കിടയിലും അവൻ തന്റെ ചുമതലകളിൽ വ്യാപൃതനായി, അവൻ യഹോവയ്ക്കായി ക്ഷമയോടെ കാത്തിരുന്നു. അങ്ങനെ അവൻ കർമോത്സുകനായി ജീവിച്ചു. നന്ദി കാണിക്കാനും അവൻ മറന്നില്ല. മിസ്പയിലെ വിജയത്തിനുശേഷം, യഹോവ തന്റെ ജനത്തെ സഹായിച്ചതിന്റെ ഓർമയ്ക്കായി അവൻ ഒരു കല്ലെടുത്ത് നാട്ടിയത് അതിന് ഉദാഹരണമാണ്.—1 ശമൂ. 7:12.
13. (എ) ശമുവേലിനെ അനുകരിക്കണമെങ്കിൽ നമുക്ക് ആവശ്യമായ ഗുണങ്ങൾ ഏവ? (ബി) ശമുവേലിന്റേതുപോലുള്ള സദ്ഗുണങ്ങൾ വളർത്തിയെടുക്കാൻ പറ്റിയ സമയം ഏതാണെന്നാണ് നിങ്ങൾ കരുതുന്നത്?
13 ‘നീതി നടപ്പാക്കാൻ’ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? ഉണ്ടെങ്കിൽ ശമുവേലിന്റെ ക്ഷമയും താഴ്മയും അനുകരിക്കുക. അവനെപ്പോലെ നന്ദിയുള്ളവരായിരിക്കുക. (1 പത്രോസ് 5:6 വായിക്കുക.) ഈ ഗുണങ്ങൾ നമുക്കെല്ലാം വേണ്ടതല്ലേ? ചെറുപ്പത്തിൽത്തന്നെ ഈ സദ്ഗുണങ്ങൾ പഠിച്ചെടുക്കുകയും പ്രകടിപ്പിക്കുകയും ചെയ്തത് ശമുവേലിന് ഏറെ ഗുണം ചെയ്തു. കാരണം, പിൽക്കാലത്ത് അങ്ങേയറ്റം നിരാശപ്പെടുത്തുന്ന അനുഭവങ്ങളിലൂടെയാണ് അവൻ കടന്നുപോയത്.
“നിന്റെ പുത്രന്മാർ നിന്റെ വഴിയിൽ നടക്കുന്നില്ല”
14, 15. (എ) വൃദ്ധനായശേഷം, കടുത്ത നിരാശയ്ക്കിടയാക്കിയ എന്താണ് ശമുവേലിന്റെ ജീവിതത്തിലുണ്ടായത്? (ബി) ശമുവേൽ ഏലിയെപ്പോലെ നിന്ദാർഹനായ ഒരു പിതാവായിരുന്നോ? വിശദീകരിക്കുക.
14 ഇനി നമ്മൾ കാണുന്നത് വൃദ്ധനായ ശമുവേലിനെയാണ്. അപ്പോഴേക്കും ശമുവേലിന്റെ രണ്ടു പുത്രന്മാർ മുതിർന്നുകഴിഞ്ഞിരുന്നു. യോവേൽ എന്നും അബീയാവ് എന്നും ആയിരുന്നു അവരുടെ പേരുകൾ. ന്യായപാലനത്തിന് തന്നെ സഹായിക്കാനുള്ള ഉത്തരവാദിത്വം അവൻ അവർക്കു നൽകിയിരുന്നു. ഖേദകരമെന്നു പറയട്ടെ, അവർ വിശ്വാസയോഗ്യരായിരുന്നില്ല. ശമുവേൽ സത്യസന്ധനും നീതിമാനും ആയിരുന്നു. പക്ഷേ അവന്റെ ഈ പുത്രന്മാരാകട്ടെ, അവരുടെ പദവി സ്വന്തം ലാഭങ്ങൾക്കുവേണ്ടി ദുരുപയോഗം ചെയ്തു. അവർ ന്യായം മറിച്ചുകളയുകയും കൈക്കൂലിവാങ്ങുകയും ചെയ്തുപോന്നു.—1 ശമൂ. 8:1-3.
15 ഒരു ദിവസം ഇസ്രായേലിലെ മൂപ്പന്മാർ പരാതിയുമായി വൃദ്ധപ്രവാചകനായ ശമുവേലിനെ സമീപിച്ചു. “നിന്റെ പുത്രന്മാർ നിന്റെ വഴിയിൽ നടക്കുന്നില്ല” എന്ന് അവർ അവനെ അറിയിച്ചു. (1 ശമൂ. 8:4, 5) ശമുവേലിന് ഇക്കാര്യം അറിയാമായിരുന്നോ? വിവരണം അതേപ്പറ്റി ഒന്നും പറയുന്നില്ല. എന്തായാലും, ഏലിയെപ്പോലെ ചുമതലകളിൽ ഗുരുതരമായ വീഴ്ച വരുത്തുന്ന ഒരു പിതാവായിരുന്നില്ല ശമുവേൽ. പുത്രന്മാരുടെ ദുഷ്കൃത്യങ്ങൾ തിരുത്തി അവരെ നേർവഴിക്കു കൊണ്ടുവരാതിരുന്നതിനും അവരെ ദൈവത്തെക്കാളധികം ബഹുമാനിച്ചതിനും ഏലിയെ ദൈവം ശാസിക്കുകയും പിന്നീട് ശിക്ഷിക്കുകയും ചെയ്തു. (1 ശമൂ. 2:27-29) എന്നാൽ, ശമുവേലിൽ യഹോവ ഇങ്ങനെയുള്ള കുറ്റങ്ങളൊന്നും കണ്ടില്ല.
16. മക്കൾ മത്സരികളായാൽ മാതാപിതാക്കളുടെ മാനസികാവസ്ഥ എന്തായിരിക്കും, അങ്ങനെയുള്ള അച്ഛനമ്മമാർക്ക് ശമുവേലിന്റെ ജീവിതത്തിൽനിന്ന് എന്ത് ആശ്വാസവും പാഠവും ഉൾക്കൊള്ളാനാകും?
16 മക്കളുടെ പെരുമാറ്റദൂഷ്യത്തെക്കുറിച്ച് അറിഞ്ഞ ശമുവേലിന്റെ മാനസികാവസ്ഥ നിങ്ങൾക്ക് ഊഹിക്കാനാകുന്നുണ്ടോ? നാണക്കേടും ഉത്കണ്ഠയും നിരാശയും ആ വൃദ്ധമനസ്സിനെ വല്ലാതെ വേദനിപ്പിച്ചിരിക്കില്ലേ? അക്കാര്യങ്ങൾ ബൈബിൾ വെളിപ്പെടുത്തുന്നില്ല. പക്ഷേ, ഇന്നുള്ള അച്ഛനമ്മമാരിൽ നിരവധിപ്പേർക്ക് ശമുവേലിന്റെ മാനസികാവസ്ഥ നന്നായി മനസ്സിലാകും. ഇന്നത്തെ ഇരുണ്ട ലോകത്തിൽ, മാതാപിതാക്കളുടെ അധികാരത്തോടും ശിക്ഷണത്തോടും മക്കൾ മറുതലിക്കുന്നത് ഒരു പകർച്ചവ്യാധിപോലെ വ്യാപകമാണ്. (2 തിമൊഥെയൊസ് 3:1-5 വായിക്കുക.) മക്കളുടെ ആ പ്രവൃത്തി മാതാപിതാക്കൾക്ക് എത്ര കടുത്ത മനോവേദനയാണ് വരുത്തിവെക്കുന്നത്! അങ്ങനെയുള്ള അച്ഛനമ്മമാർക്ക് ശമുവേലിന്റെ അനുഭവത്തിൽനിന്ന് ഒരളവോളം ആശ്വാസംകൊള്ളാനാകും, ചിലതൊക്കെ പഠിക്കാനുമാകും. പുത്രന്മാരുടെ കൊള്ളരുതായ്മകൾ തന്റെ നീതിനിഷ്ഠമായ ജീവിതഗതിയെ അണുവിടപോലും വ്യതിചലിപ്പിക്കാൻ ശമുവേൽ സമ്മതിച്ചില്ല. കാര്യങ്ങൾ പറഞ്ഞുകൊടുത്തും നിയന്ത്രിച്ചും ശാസിച്ചും ശിക്ഷിച്ചും ഒക്കെ നോക്കിയിട്ടും നിങ്ങളുടെ മക്കൾ കൂടുതൽക്കൂടുതൽ കഠിനഹൃദയരാകുന്നെങ്കിലോ? അച്ഛനമ്മമാരായ നിങ്ങൾ അപ്പോഴും വെക്കുന്ന നല്ല മാതൃക സമർഥനായ ഒരു അധ്യാപകന്റെ ഫലം ചെയ്യുമെന്ന കാര്യം മറക്കരുത്! മാതാപിതാക്കളേ, ഇത്തരം സാഹചര്യങ്ങളിൽ നിങ്ങൾ ഓർക്കേണ്ട ഒരു കാര്യമുണ്ട്: നിങ്ങളും മക്കളാണെന്ന കാര്യം, യഹോവ എന്ന പിതാവിന്റെ മക്കൾ! ആ പിതാവിന് നിങ്ങളെക്കുറിച്ച് അഭിമാനം തോന്നുന്ന വിധത്തിൽ നിങ്ങൾ ജീവിക്കുക. ശമുവേൽ അതാണ് ചെയ്തത്.
‘ഞങ്ങൾക്ക് ഒരു രാജാവിനെ നിയമിച്ചുതരണം’
17. ശമുവേലിനോട് മൂപ്പന്മാർ ഉന്നയിച്ച ആവശ്യം എന്തായിരുന്നു, അവൻ എങ്ങനെ പ്രതികരിച്ചു?
17 ശമുവേലിന്റെ അടുക്കലെത്തിയ ഇസ്രായേലിലെ മൂപ്പന്മാർ പിന്നെ പറഞ്ഞത് ഇതാണ്: “സകല ജാതികൾക്കുമുള്ളതുപോലെ ഞങ്ങളെ ഭരിക്കേണ്ടതിന്നു ഞങ്ങൾക്കു ഒരു രാജാവിനെ നിയമിച്ചു”തരുക. തങ്ങളുടെ അത്യാർത്തിയും സ്വാർഥതയും കാരണം കാര്യങ്ങൾ ഇങ്ങനെയൊക്കെയായിത്തീരുമെന്ന് ശമുവേലിന്റെ പുത്രന്മാർ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല. മൂപ്പന്മാരുടെ ഈ ആവശ്യം കേട്ടപ്പോൾ, തന്നെ ഇനി വേണ്ടെന്ന് അവർ പറയുകയാണെന്ന് ശമുവേലിനു തോന്നിയോ? പതിറ്റാണ്ടുകളായി യഹോവയ്ക്കുവേണ്ടി അവൻ ജനത്തിന് ന്യായപാലനം ചെയ്തുവരുകയാണ്. ഇപ്പോൾ ജനം ചോദിക്കുന്നത് ന്യായപാലനത്തിന് ഒരു രാജാവിനെയാണ്, ശമുവേലിനെപ്പോലെ വെറുമൊരു പ്രവാചകനെയല്ല. ചുറ്റുമുള്ള സകല ജനതകൾക്കും രാജാവുണ്ട്, അങ്ങനെയൊരു നായകനെ തങ്ങൾക്കും വേണം, അതായിരുന്നു ഇസ്രായേല്യരുടെ ആവശ്യം. ശമുവേലിന് എന്തു തോന്നി? “അവർ പറഞ്ഞ കാര്യം ശമൂവേലിന്നു അനിഷ്ടമായി.”—1 ശമൂ. 8:5, 6.
18. യഹോവ ശമുവേലിനെ ആശ്വസിപ്പിച്ചതും, അതേസമയം ഇസ്രായേലിന്റെ പാപത്തിന്റെ ഗൗരവം അവർക്കു മനസ്സിലാക്കിക്കൊടുത്തതും എങ്ങനെ?
18 ശമുവേൽ ഇക്കാര്യവുമായി യഹോവയുടെ സന്നിധിയിൽ ചെന്നു. യഹോവ മറുപടി പറഞ്ഞത് എങ്ങനെയാണെന്നു നോക്കൂ: “ജനം നിന്നോടു പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേൾക്ക; അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതവണ്ണം എന്നെയാകുന്നു ത്യജിച്ചിരിക്കുന്നത്.” യഹോവയുടെ വാക്കുകൾ ശമുവേലിന് ആശ്വാസമായി. പക്ഷേ ഒന്നോർത്തുനോക്കൂ, ആ ജനം സർവശക്തനോടു കാണിച്ച എത്ര കടുത്ത അനാദരവായിരുന്നു അത്! ഒരു മനുഷ്യരാജാവുണ്ടായാൽ ജനം ഒടുക്കേണ്ടിവരുന്ന വില എത്ര കനത്തതായിരിക്കുമെന്ന് ജനത്തിനു മുന്നറിയിപ്പു കൊടുക്കാൻ യഹോവ തന്റെ പ്രവാചകനായ ശമുവേലിനോടു പറഞ്ഞു. യഹോവയുടെ ആജ്ഞപോലെ ശമുവേൽ ജനത്തോട് എല്ലാം വിവരിച്ചു. പക്ഷേ, ജനം ശാഠ്യംപിടിച്ചു. “അല്ല, ഞങ്ങൾക്കു ഒരു രാജാവു വേണം,” അവർ പറഞ്ഞു. തന്റെ ദൈവത്തെ എന്നും അനുസരിച്ചുപോന്ന ശമുവേൽ, യഹോവ തിരഞ്ഞെടുത്ത പുരുഷനെ രാജാവായി അഭിഷേകം ചെയ്തു.—1 ശമൂ. 8:7-19.
19, 20. (എ) ശൗലിനെ ഇസ്രായേലിനു രാജാവായി അഭിഷേകം ചെയ്യാനുള്ള യഹോവയുടെ നിർദേശം ശമുവേൽ ഏതെല്ലാം വിധങ്ങളിൽ അനുസരിച്ചു? (ബി) യഹോവയുടെ ജനത്തെ ശമുവേൽ തുടർന്നും സഹായിച്ചത് എങ്ങനെ?
19 ശമുവേൽ അനുസരിച്ചെന്നു നമ്മൾ കണ്ടു. എങ്ങനെയാണ് അവൻ അനുസരിച്ചത്? മുറുമുറുത്തുകൊണ്ടാണോ, മനസ്സില്ലാമനസ്സോടെയാണോ? നിരാശ ഹൃദയത്തെ വിഷലിപ്തമാക്കാനും അങ്ങനെ നീരസം വേരുപിടിക്കാനും അവൻ അനുവദിച്ചോ? ഇത്തരമൊരു സാഹചര്യത്തിൽ പലരും അങ്ങനെയാണ് പ്രതികരിക്കാറ്. പക്ഷേ ശമുവേൽ അങ്ങനെയായിരുന്നില്ല. അവൻ ശൗലിനെ അഭിഷേകം ചെയ്തിട്ട് യഹോവ തിരഞ്ഞെടുത്ത പുരുഷൻ ഇവനാണെന്ന് അംഗീകരിച്ച് പറഞ്ഞു. ശമുവേൽ ശൗലിനെ ചുംബിച്ചു. പുതിയ രാജാവിനെ സ്വാഗതം ചെയ്ത് അവനോടുള്ള കൂറും വിധേയത്വവും പ്രഖ്യാപിക്കുന്നതിന്റെ അടയാളമായിരുന്നു ഈ ചുംബനം. എന്നിട്ട് ശമുവേൽ ജനത്തോട് ഇങ്ങനെ പറഞ്ഞു: “യഹോവ തിരഞ്ഞെടുത്തവനെ നിങ്ങൾ കാണുന്നുവോ? സർവ്വജനത്തിലും അവനെപ്പോലെ ഒരുത്തനും ഇല്ലല്ലോ.”—1 ശമൂ. 10:1, 24.
20 യഹോവ തിരഞ്ഞെടുത്ത മനുഷ്യന്റെ നന്മകളാണ് ശമുവേൽ നോക്കിയത്, അല്ലാതെ കുറവുകളല്ല. സ്വന്തകാര്യത്തിലും അവൻ അതുതന്നെയാണ് ചെയ്തത്. ദൈവമുമ്പാകെ തനിക്കുള്ള വിശ്വസ്തരേഖയിലാണ് അവൻ മനസ്സു പതിപ്പിച്ചത്. അല്ലാതെ അഭിപ്രായസ്ഥിരതയില്ലാത്ത ആളുകളുടെ അംഗീകാരം ലഭിക്കുന്നതിലല്ല. (1 ശമൂ. 12:1-4) മാത്രമല്ല, ദൈവജനത്തിനു വരാവുന്ന ആത്മീയ അപകടങ്ങളെക്കുറിച്ച് അവർക്കു മനസ്സിലാക്കിക്കൊടുക്കുകയും യഹോവയോടു വിശ്വസ്തത പാലിക്കാൻ അവരെ ഉത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് തന്നെ ഏൽപ്പിച്ച നിയമനം അവൻ ഭംഗിയായി നിർവഹിച്ചുകൊണ്ടിരുന്നു. അവന്റെ ഉപദേശങ്ങൾ അവരുടെ ഉള്ളിൽത്തട്ടി. അവർക്കുവേണ്ടി പ്രാർഥിക്കാൻ അവർ അവനോട് അപേക്ഷിച്ചു. അപ്പോൾ ശമുവേൽ അതീവഹൃദ്യമായ ഒരു മറുപടി നൽകി: “ഞാനോ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാതിരിക്കുന്നതിനാൽ യഹോവയോടു പാപം ചെയ്വാൻ ഇടവരരുതേ; ഞാൻ നിങ്ങൾക്കു നല്ലതും ചൊവ്വുള്ളതുമായ വഴി ഉപദേശിക്കും.”—1 ശമൂ. 12:21-24.
അസൂയയും നീരസവും ഹൃദയത്തിൽ വേര് പടർത്താൻ ഒരിക്കലും ഇടനൽകരുതെന്ന് ശമുവേലിന്റെ മാതൃക നമ്മെ ഓർമിപ്പിക്കുന്നു
21. ഏതെങ്കിലും പദവിയിലേക്കോ സ്ഥാനത്തേക്കോ നിങ്ങൾക്കു പകരം വേറൊരാളെ തിരഞ്ഞെടുത്തപ്പോൾ നിരാശ തോന്നിയിട്ടുണ്ടെങ്കിൽ ശമുവേലിന്റെ മാതൃക നിങ്ങളെ സഹായിക്കുന്നത് എങ്ങനെ?
21 ഏതെങ്കിലും പദവിയിലേക്കോ സ്ഥാനത്തേക്കോ നിങ്ങൾക്കു പകരം വേറൊരാളെ തിരഞ്ഞെടുത്തപ്പോൾ നിങ്ങൾക്ക് നിരാശ തോന്നിയിട്ടുണ്ടോ? അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ, ശമുവേലിന്റെ ജീവിതമാതൃകയിൽ നമുക്കൊരു ശക്തമായ പാഠമുണ്ട്: അസൂയയും നീരസവും ഹൃദയത്തിൽ വേരു പിടിക്കാൻ ഒരിക്കലും ഇടനൽകരുതെന്ന പാഠം! (സദൃശവാക്യങ്ങൾ 14:30 വായിക്കുക.) തന്റെ എല്ലാ വിശ്വസ്തദാസന്മാർക്കും നൽകാൻ ദൈവത്തിന്റെ പക്കൽ ധാരാളം വേലയുണ്ട്. ചെയ്യുന്നവർക്കെല്ലാം തികഞ്ഞ സംതൃപ്തിയും ചാരിതാർഥ്യവും പകരുന്നതായിരിക്കും ഓരോ വേലയും!
“നീ അവനെക്കുറിച്ചു എത്രത്തോളം ദുഃഖിക്കും?”
22. ആദ്യകാലത്ത് ശൗലിനെ ശമുവേൽ വിലയിരുത്തിയത് തികച്ചും ശരിയായിരുന്നത് എന്തുകൊണ്ട്?
22 ശൗൽ എല്ലാംകൊണ്ടും നല്ല ഒരു വ്യക്തിയായി ശമുവേലിനു തോന്നിയതിൽ ഒരു തെറ്റുമില്ല. കാരണം, അവൻ അത്രയ്ക്ക് യോഗ്യനായിരുന്നു. ഒത്ത പൊക്കമുള്ള, കാഴ്ചയ്ക്ക് സുമുഖനായ ചെറുപ്പക്കാരൻ! ധീരൻ, കരുതലോടെ ഇടപെടാൻ അറിയാവുന്നവൻ! ശമുവേൽ ആദ്യം അവനെ കാണുമ്പോൾ ആകർഷകമായ ചില ഗുണങ്ങളും അവനുണ്ടായിരുന്നു: എളിമയും, വിനയശീലവും. (1 ശമൂ. 10:22, 23, 27) ഈ ഗുണങ്ങൾക്കു പുറമേ, എല്ലാവർക്കുമുള്ളതുപോലെ ഇച്ഛാസ്വാതന്ത്ര്യം എന്ന അമൂല്യമായ പ്രാപ്തിയും അവനുണ്ടായിരുന്നു. എന്നുവെച്ചാൽ, സ്വന്തം ജീവിതഗതി തിരഞ്ഞെടുക്കാനും സ്വയം തീരുമാനമെടുക്കാനും ഉള്ള പ്രാപ്തി. (ആവ. 30:19) ആ വരദാനം അവൻ ശരിയായി വിനിയോഗിച്ചോ?
23. ഏത് വിശിഷ്ടഗുണമാണ് ശൗലിന് ആദ്യം നഷ്ടമായത്, ഉള്ളിൽ അഹങ്കാരം വളരുകയാണെന്ന് അവൻ തെളിയിച്ചത് എങ്ങനെ?
23 പലപ്പോഴും സംഭവിക്കുന്ന ഖേദകരമായ ഒരു കാര്യമുണ്ട്: പുത്തനായി ലഭിച്ച അധികാരത്തിന്റെ സുഖമുള്ള ഇളവെയിൽ കാഞ്ഞ് സ്വയം മറന്നിരിക്കുമ്പോൾ ഒരുവനിൽനിന്ന് ആദ്യം ഉരുകിയൊലിച്ചുപോകുന്ന ഗുണം എളിമയാണ്. ശൗലിനും അതാണ് സംഭവിച്ചത്. ക്രമേണ അവൻ അഹങ്കാരിയായിത്തീർന്നു. യഹോവയുടെ കല്പനകൾ ശമുവേൽ അവനു കൈമാറിയപ്പോൾ അവൻ അനുസരിക്കാൻ കൂട്ടാക്കിയില്ല. ഒരു അവസരത്തിൽ, ക്ഷമ നശിച്ച ശൗൽ ശമുവേൽ അർപ്പിക്കേണ്ടിയിരുന്ന ഒരു യാഗം സ്വയം അർപ്പിക്കാൻപോലും മടിച്ചില്ല. ശമുവേൽ അവന് ശക്തമായ തിരുത്തൽ നൽകുകയും രാജസ്ഥാനം അവന്റെ കുടുംബത്തിൽ നിലനിൽക്കുകയില്ലെന്ന് മുന്നറിയിപ്പു കൊടുക്കുകയും ചെയ്തു. ഈ ശിക്ഷണംകൊണ്ട് പാഠം പഠിക്കാതെ ശൗൽ കടുത്ത അനുസരണക്കേട് കാണിച്ചുകൊണ്ടേയിരുന്നു.—1 ശമൂ. 13:8, 9, 13, 14.
24. (എ) അമാലേക്യരുമായുള്ള യുദ്ധത്തിൽ ശൗൽ യഹോവയോട് അനുസരണക്കേടു കാണിച്ചത് എങ്ങനെ? (ബി) തിരുത്തലിനോടും ശിക്ഷണത്തോടും ശൗൽ പ്രതികരിച്ചത് എങ്ങനെ, എന്തായിരുന്നു യഹോവയുടെ തീരുമാനം?
24 അമാലേക്യരോട് യുദ്ധം ചെയ്യാൻ ശമുവേലിലൂടെ യഹോവ ശൗലിനോട് ആവശ്യപ്പെട്ടു. യഹോവ കൊടുത്ത നിർദേശങ്ങളിൽ അവരുടെ ദുഷ്ടരാജാവായ ആഗാഗിനെ വധിക്കാനും കല്പനയുണ്ടായിരുന്നു. എന്നാൽ ശൗൽ ആഗാഗിനെ കൊന്നില്ല. നശിപ്പിച്ചുകളയാൻ പറഞ്ഞ കൊള്ളമുതലിൽനിന്ന് കൊള്ളാവുന്നവ മാറ്റിവെച്ചു. ശമുവേൽ അവനെ തിരുത്താൻ എത്തിയപ്പോൾ കണ്ടത് ആദ്യത്തേതിൽനിന്ന് പാടേ മാറിപ്പോയ ഒരു ശൗലിനെയാണ്! താഴ്മയോടെ തിരുത്തൽ സ്വീകരിക്കുന്നതിനു പകരം അവൻ തന്റെ ചെയ്തികൾ ന്യായീകരിച്ചു, താനല്ല കുറ്റക്കാരനെന്നു വരുത്തിത്തീർക്കാൻ കാരണങ്ങൾ നിരത്തി, വിഷയത്തിന്റെ ഗൗരവം ലഘൂകരിക്കാൻ ശ്രമിച്ചു, കുറ്റം ജനത്തിന്റെമേൽ ചാരാൻ നോക്കി. കൊള്ളമുതലിൽ കുറെ യഹോവയ്ക്ക് യാഗം അർപ്പിക്കാൻ കൊണ്ടുവന്നതാണെന്ന ന്യായം പറഞ്ഞ് ശിക്ഷണത്തിൽനിന്ന് തലയൂരാൻ ശ്രമിച്ചപ്പോഴാണ് ശമുവേൽ ആ പ്രശസ്തമായ പ്രസ്താവന നടത്തിയത്: “അനുസരിക്കുന്നതു യാഗത്തെക്കാളും . . . നല്ലത്.” എന്നിട്ട് ധൈര്യത്തോടെ ശമുവേൽ അവനെ ശാസിച്ച് യഹോവയുടെ തീരുമാനം വെളിപ്പെടുത്തി. രാജത്വം ശൗലിൽനിന്ന് ‘കീറിയെടുത്ത്’ നല്ലവനായ മറ്റൊരുവനു കൊടുക്കും എന്ന് അറിയിച്ചു.a—1 ശമൂ. 15:1-33.
25, 26. (എ) ശമുവേൽ ശൗലിനെക്കുറിച്ച് വിലപിച്ചത് എന്തുകൊണ്ട്, തന്റെ പ്രവാചകനെ യഹോവ മൃദുവായി ശാസിച്ചത് എങ്ങനെ? (ബി) യിശ്ശായിയുടെ വീട്ടിലെത്തിയപ്പോൾ ശമുവേൽ ഏതു കാര്യമാണ് പുതിയതായി പഠിച്ചത്?
25 ശൗൽ വരുത്തിയ പിഴവുകൾ ശമുവേലിനെ വല്ലാതെ സങ്കടപ്പെടുത്തി. യഹോവയോട് അക്കാര്യം പറഞ്ഞ് ആ രാത്രി മുഴുവൻ അവൻ കരഞ്ഞു. പിന്നെ ശൗലിനെയോർത്ത് അവൻ വിലപിക്കാനും തുടങ്ങി. ഒരു രാജാവിനു വേണ്ടുന്നതെല്ലാം ശമുവേൽ അവനിൽ കണ്ടിരുന്നു, ഏറെ നന്മകളും കണ്ടിരുന്നു. പക്ഷേ ആ പ്രതീക്ഷകളെല്ലാം തകർന്നടിഞ്ഞു. അന്നു താൻ കണ്ട ആ മനുഷ്യൻ ഇപ്പോൾ പഴയ ആളേ അല്ല. സദ്ഗുണങ്ങളെല്ലാം അവൻ കളഞ്ഞുകുളിച്ചു. പോരാത്തതിന് യഹോവയ്ക്കെതിരെ തിരിയുകയും ചെയ്തിരിക്കുന്നു. പിന്നെ ഒരിക്കലും ശമുവേൽ അവനെ കാണാൻപോലും കൂട്ടാക്കിയില്ല. അങ്ങനെയിരിക്കെ, ശമുവേലിനെ വിളിച്ച് ഒരു മൃദുശാസനയോടെ യഹോവ പറഞ്ഞു. “യിസ്രായേലിലെ രാജസ്ഥാനത്തിൽനിന്നു ഞാൻ ശൌലിനെ തള്ളിയെന്നറിഞ്ഞിരിക്കെ നീ അവനെക്കുറിച്ചു എത്രത്തോളം ദുഃഖിക്കും? കൊമ്പിൽ തൈലം നിറെച്ചു പുറപ്പെടുക; ഞാൻ നിന്നെ ബേത്ത്ലേഹെമ്യനായ യിശ്ശായിയുടെ അടുക്കൽ അയക്കും; അവന്റെ മക്കളിൽ ഞാൻ ഒരു രാജാവിനെ കണ്ടിരിക്കുന്നു” എന്നു പറഞ്ഞു.—1 ശമൂ. 15:34, 35; 16:1.
26 അപൂർണമനുഷ്യൻ ചിലപ്പോൾ ദൈവത്തോടുള്ള കൂറ് വിട്ടുകളഞ്ഞേക്കാം. എന്നാൽ, യഹോവയുടെ ഉദ്ദേശ്യങ്ങളെ അതൊന്നും ബാധിക്കുകയില്ല. ഒരാൾ അവിശ്വസ്തനായിത്തീർന്നാൽ യഹോവ തന്റെ ഉദ്ദേശ്യം നിറവേറ്റാൻ മറ്റൊരാളെ കണ്ടെത്തും. വൃദ്ധനായ ശമുവേൽ ഇതു തിരിച്ചറിഞ്ഞതോടെ ശൗലിനെക്കുറിച്ച് ദുഃഖിക്കുന്നതു മതിയാക്കി. യഹോവയുടെ ഉപദേശപ്രകാരം ശമുവേൽ ബേത്ത്ലെഹെമിൽ യിശ്ശായിയുടെ വീട്ടിലേക്കു പോയി. അവിടെ യിശ്ശായിയുടെ പല ആൺമക്കളെ അവൻ കണ്ടു. എല്ലാവരും കാഴ്ചയ്ക്ക് ഒന്നിനൊന്ന് സുമുഖരായിരുന്നു! എന്നാൽ, മൂത്തവനെ കണ്ടപ്പോൾത്തന്നെ യഹോവ ശമുവേലിനെ ഒരു കാര്യം ഓർമിപ്പിച്ചു, ബാഹ്യസൗന്ദര്യത്തിനും അപ്പുറം നോക്കണമെന്ന കാര്യം. (1 ശമൂവേൽ 16:7 വായിക്കുക.) അങ്ങനെ അവസാനം യിശ്ശായിയുടെ ഇളയമകനെ ശമുവേലിന്റെ മുമ്പാകെ കൊണ്ടുവന്നു. യഹോവ തിരഞ്ഞെടുത്തവൻ അവനായിരുന്നു, ദാവീദ്!
യഹോവയ്ക്കു സുഖപ്പെടുത്താനോ പരിഹരിക്കാനോ കഴിയാത്ത നിരാശകളില്ലെന്ന് ശമുവേൽ മനസ്സിലാക്കി. നിരാശകൾ അനുഗ്രഹമാക്കി മാറ്റാൻപോലും യഹോവയ്ക്കു കഴിയും
27. (എ) വിശ്വാസം ഒന്നിനൊന്ന് ശക്തമാകാൻ ശമുവേലിനെ സഹായിച്ചത് എന്താണ്? (ബി) ശമുവേൽ വെച്ച മാതൃകയെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു?
27 യഹോവ ശൗലിനെ തള്ളിക്കളഞ്ഞ്, ദാവീദിനെ തിരഞ്ഞെടുത്തത് എത്ര ശരിയായിരുന്നെന്ന് ശമുവേലിന് അവസാനകാലങ്ങളിൽ വ്യക്തമായിത്തീർന്നു. ശൗൽ ഒന്നിനൊന്ന് അധഃപതിച്ചുകൊണ്ടിരുന്നു. അസൂയ മൂത്ത് അവൻ കൊലപാതകത്തിനുവരെ മുതിർന്നു. ഒടുവിൽ വിശ്വാസത്യാഗിയുമായി. എന്നാൽ ദാവീദോ? ധൈര്യം, വിശ്വസ്തത, വിശ്വാസം, കൂറ് എന്നീ സദ്ഗുണങ്ങൾ ആ ചെറുപ്പക്കാരനിൽ തിളങ്ങിനിന്നു! ജീവിതാവസാനത്തോട് അടുത്തപ്പോൾ ശമുവേലിന്റെ വിശ്വാസം എന്നത്തേതിലും ശക്തമായി. ശമുവേൽ ജീവിതാനുഭവങ്ങളിൽനിന്ന് പഠിച്ച വേറെയും കാര്യങ്ങളുണ്ട്: നിരാശ, അത് പ്രശ്നങ്ങളാലോ സാഹചര്യങ്ങളാലോ എങ്ങനെ വന്നാലും ശരി, അതൊന്നും യഹോവയ്ക്കു സുഖപ്പെടുത്താനോ പരിഹരിക്കാനോ കഴിയാത്തവയല്ല. അതിനെ അനുഗ്രഹമാക്കിമാറ്റാൻപോലും അവനു കഴിയും! അങ്ങനെ, ഒരു നൂറ്റാണ്ടോളം ദീർഘിച്ച ധന്യമായൊരു ജീവിതത്തിന്റെ രേഖ പിന്നിൽ ശേഷിപ്പിച്ച് ശമുവേൽ മരിച്ചു. വിശ്വസ്തനായ ആ മനുഷ്യന്റെ വേർപാടിൽ ഇസ്രായേൽ മുഴുവനും വിലാപം കഴിച്ചു. ഇന്നുള്ള ദൈവദാസരായ നമുക്ക് ഓരോരുത്തർക്കും ഇങ്ങനെ ചോദിക്കാം: ‘ഞാൻ ശമുവേലിന്റെ വിശ്വാസം അനുകരിക്കുമോ?’
a ആഗാഗിനെ ശമുവേൽതന്നെ വധിച്ചു. ആ ദുഷ്ടരാജാവോ അവന്റെ കുടുംബക്കാരോ ദയയ്ക്ക് അർഹരല്ലായിരുന്നു. നൂറ്റാണ്ടുകൾ കഴിഞ്ഞ്, “ആഗാഗ്യനായ ഹാമാൻ” ദൈവജനത്തെ ഒന്നടങ്കം തുടച്ചുനീക്കാൻ പദ്ധതിയിട്ടു. ഇവൻ ആഗാഗിന്റെ പിന്തുടർച്ചക്കാരിൽ ഉൾപ്പെട്ട വ്യക്തിയായിരുന്നിരിക്കാം.—എസ്ഥേ. 8:3; ഈ പുസ്തകത്തിലെ 15-ഉം 16-ഉം അധ്യായങ്ങൾ കാണുക.