അധ്യായം 5
ദൈവരാജ്യത്തിന്മേൽ രാജാവ് പ്രകാശം ചൊരിയുന്നു
1, 2. യേശുവിനെ ജ്ഞാനിയായ വഴികാട്ടി എന്നു വിളിക്കാവുന്നത് എന്തുകൊണ്ട്?
അതിശയിപ്പിക്കുന്ന കാഴ്ചകൾ ഒളിപ്പിച്ച് കാത്തിരിക്കുന്ന അതിമനോഹരമായ ഒരു നഗരം ചുറ്റിക്കാണുകയാണു നിങ്ങൾ! കൂട്ടിന് അനുഭവപരിചയമുള്ള ഒരു വഴികാട്ടിയുമുണ്ട്. ആ നഗരത്തിൽ നിങ്ങൾ ഇത് ആദ്യമാണ്, കൂടെയുള്ളവരുടെ കാര്യവും അങ്ങനെതന്നെ. അതുകൊണ്ടുതന്നെ വഴികാട്ടിയുടെ ഓരോ വാക്കിനും നിങ്ങൾ കാതുകൂർപ്പിക്കുന്നുണ്ട്. കാണാനിരിക്കുന്ന ചില കാഴ്ചകളെക്കുറിച്ച് ഓർക്കുമ്പോൾ ഇടയ്ക്കൊക്കെ നിങ്ങൾക്കും കൂടെയുള്ളവർക്കും ആവേശം അടക്കാനാകുന്നില്ല. പക്ഷേ അതെക്കുറിച്ച് ചോദിക്കുമ്പോൾ അദ്ദേഹം ഒന്നും മിണ്ടുന്നില്ല. സമയമാകട്ടെ പറയാം എന്ന ഭാവമാണ് ആ മുഖത്ത്. മിക്കപ്പോഴും ഒരു കാഴ്ച നിങ്ങളുടെ കൺമുന്നിലേക്കു വരുമ്പോഴായിരിക്കും അദ്ദേഹം അതിന് ഉത്തരം തരുക. സമയം കടന്നുപോകുംതോറും നിങ്ങൾക്ക് അദ്ദേഹത്തിന്റെ ജ്ഞാനത്തിൽ കൂടുതൽക്കൂടുതൽ മതിപ്പു തോന്നുന്നു. കാരണം, നിങ്ങൾ ഒരു കാര്യം അറിയേണ്ട കൃത്യസമയത്താണ് അദ്ദേഹം അതു പറഞ്ഞുതരുന്നത്.
2 ഒരുതരത്തിൽ പറഞ്ഞാൽ സത്യക്രിസ്ത്യാനികളുടെയെല്ലാം സാഹചര്യം ആ വിനോദസഞ്ചാരികളുടേതുപോലെയാണ്. എന്തുകൊണ്ട്? എല്ലാ നഗരങ്ങളിലുംവെച്ച് ഏറ്റവും അതിശയിപ്പിക്കുന്ന ‘ഉറച്ച അടിസ്ഥാനങ്ങളുള്ള നഗരത്തെക്കുറിച്ച്,’ അതായത് ദൈവരാജ്യത്തെക്കുറിച്ച്, ഉത്സാഹത്തോടെ പഠിക്കുന്നവരാണു നമ്മൾ. (എബ്രാ. 11:10) ഭൂമിയിലായിരുന്നപ്പോൾ തന്റെ അനുഗാമികൾക്ക് ആ ദൈവരാജ്യത്തെക്കുറിച്ച് ആഴമായ അറിവ് പകർന്നുകൊടുത്തുകൊണ്ട് യേശു അവർക്ക് ഒരു വഴികാട്ടിയായി. എന്നാൽ അവരുടെ എല്ലാ ചോദ്യങ്ങൾക്കും യേശു ഉത്തരം കൊടുത്തോ? ദൈവരാജ്യത്തെക്കുറിച്ച് എല്ലാ കാര്യങ്ങളും അവർക്ക് ഉടനടി പറഞ്ഞുകൊടുത്തോ? ഇല്ല. യേശു പറഞ്ഞു: “ഇനിയും ഒരുപാടു കാര്യങ്ങൾ എനിക്കു നിങ്ങളോടു പറയാനുണ്ട്. പക്ഷേ ഇപ്പോൾ നിങ്ങൾക്ക് അതൊന്നും ഉൾക്കൊള്ളാൻ പറ്റില്ല.” (യോഹ. 16:12) തന്റെ ശിഷ്യന്മാർക്ക് ഉൾക്കൊള്ളാൻ പറ്റാത്ത രീതിയിൽ അറിവ് പകർന്നുകൊടുത്ത് അവരെ ഭാരപ്പെടുത്താൻ യേശു ഒരിക്കൽപ്പോലും മുതിർന്നില്ല. ഏറ്റവും ജ്ഞാനിയായ വഴികാട്ടിയായിരുന്നില്ലേ യേശു?
3, 4. (എ) യേശു ഇപ്പോഴും ദൈവരാജ്യത്തെക്കുറിച്ച് വിശ്വസ്തരെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് എങ്ങനെ? (ബി) ഈ അധ്യായത്തിൽ നമ്മൾ എന്തു പഠിക്കും?
3 യോഹന്നാൻ 16:12-ലെ ആ വാക്കുകൾ യേശു പറഞ്ഞതു തന്റെ ഭൗമികജീവിതത്തിന്റെ അവസാനരാത്രിയിലായിരുന്നു. എന്നാൽ മരണശേഷം യേശു ദൈവരാജ്യത്തെക്കുറിച്ച് വിശ്വസ്തരെ എങ്ങനെ പഠിപ്പിക്കും? അപ്പോസ്തലന്മാർക്ക് യേശു ഈ ഉറപ്പു കൊടുത്തു: “സത്യത്തിന്റെ ആത്മാവ് . . . നിങ്ങളെ നയിക്കും. അങ്ങനെ നിങ്ങൾക്കു സത്യം മുഴുവനായി മനസ്സിലാകും.”a (യോഹ. 16:13) നമുക്കു പരിശുദ്ധാത്മാവിനെ, ക്ഷമയുള്ള ഒരു വഴികാട്ടിയായി മനസ്സിൽ കാണാം. ദൈവരാജ്യത്തെക്കുറിച്ച് തന്റെ ശിഷ്യന്മാർ അറിയേണ്ട ഏതു കാര്യവും, അത് അവർ അറിയേണ്ട കൃത്യസമയത്ത് പഠിപ്പിക്കാൻ യേശു പരിശുദ്ധാത്മാവിനെ ഉപയോഗിക്കുന്നു.
4 ദൈവരാജ്യത്തെക്കുറിച്ച് കൂടുതൽ അറിവ് നേടാൻ ആത്മാർഥഹൃദയരായ ക്രിസ്ത്യാനികളെ യഹോവയുടെ പരിശുദ്ധാത്മാവ് നയിച്ചുപോന്നത് എങ്ങനെയാണെന്നു നമുക്ക് ഇപ്പോൾ നോക്കാം. ദൈവരാജ്യം ഭരിച്ചുതുടങ്ങിയ വർഷം നമുക്ക് എങ്ങനെ മനസ്സിലായെന്നാണ് ആദ്യമായി കാണാൻപോകുന്നത്. തുടർന്ന്, ദൈവരാജ്യത്തിന്റെ ഭരണാധികാരികളും പ്രജകളും ആരൊക്കെയാണെന്നും അവരുടെ പ്രത്യാശകൾ എന്താണെന്നും നമ്മൾ പരിശോധിക്കും. ഒടുവിൽ, ദൈവരാജ്യത്തോടുള്ള വിശ്വസ്തതയിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങളെപ്പറ്റി ക്രിസ്തുവിന്റെ അനുഗാമികൾക്കു വ്യക്തമായ അറിവ് കിട്ടിയത് എങ്ങനെയെന്നും നമ്മൾ പഠിക്കും.
അതിപ്രധാനമായ ഒരു വർഷം
5, 6. (എ) ദൈവരാജ്യം സ്ഥാപിതമാകുന്നതിനെക്കുറിച്ചും കൊയ്ത്തിനെക്കുറിച്ചും ബൈബിൾവിദ്യാർഥികൾക്ക് എന്തെല്ലാം തെറ്റിദ്ധാരണകളുണ്ടായിരുന്നു? (ബി) യേശുവിന്റെ അനുഗാമികൾക്ക് അത്തരം ചില തെറ്റിദ്ധാരണകളുണ്ടായിരുന്നെന്നു കരുതി, യേശു അവരെ വഴികാണിച്ചിരുന്നോ എന്നു നമ്മൾ സംശയിക്കേണ്ടതുണ്ടോ?
5 ഈ പുസ്തകത്തിന്റെ രണ്ടാം അധ്യായത്തിൽ കണ്ടതുപോലെ, ബൈബിൾപ്രവചനങ്ങളുടെ നിവൃത്തിയിൽ 1914 എന്ന വർഷത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് ദശകങ്ങളോളം ബൈബിൾവിദ്യാർഥികൾ മറ്റുള്ളവരോടു പറഞ്ഞുപോന്നിരുന്നു. എന്നാൽ ക്രിസ്തുവിന്റെ സാന്നിധ്യം 1874-ൽ തുടങ്ങിക്കഴിഞ്ഞെന്നാണ് അന്ന് അവർ വിശ്വസിച്ചിരുന്നത്. ക്രിസ്തു 1878-ൽ സ്വർഗത്തിൽ ഭരണം തുടങ്ങിയെന്നും 1914 ഒക്ടോബറിൽ മാത്രമേ ദൈവരാജ്യം പൂർണമായും സ്ഥാപിതമാകൂ എന്നും അവർ കരുതിയിരുന്നു. കൊയ്ത്ത് 1874 മുതൽ 1914 വരെ നീളുമെന്നും അഭിഷിക്തരെ സ്വർഗത്തിലേക്കു കൂട്ടിച്ചേർക്കുന്നതോടെ അത് അവസാനിക്കുമെന്നും അവർ ധരിച്ചുവെച്ചിരുന്നു. ആ വിശ്വസ്തർക്ക് ഇതുപോലുള്ള ചില തെറ്റിദ്ധാരണകളുണ്ടായിരുന്നെന്നു കരുതി, യേശു അവരെ ശരിക്കും പരിശുദ്ധാത്മാവിനെ ഉപയോഗിച്ച് വഴികാണിച്ചിരുന്നോ എന്നു നമ്മൾ സംശയിക്കണോ?
6 ഒരിക്കലും വേണ്ടാ! നമ്മൾ തുടക്കത്തിൽ പറഞ്ഞ ഉദാഹരണത്തിലേക്ക് ഒന്നുകൂടി ശ്രദ്ധ തിരിക്കൂ. ആ വിനോദസഞ്ചാരികൾ സമയത്തിനു മുമ്പേ പല കാര്യങ്ങൾ ചിന്തിച്ചുകൂട്ടി, അവർ ആവേശം കയറി ചില ചോദ്യങ്ങൾ ചോദിച്ചു. അവർക്ക് അതിനെല്ലാം ഉടനടി ഉത്തരം കിട്ടിയില്ലെന്നു കരുതി അദ്ദേഹം ഒരു നല്ല വഴികാട്ടിയല്ലെന്നോ അദ്ദേഹത്തെ ആശ്രയിക്കാൻ കൊള്ളില്ലെന്നോ ചിന്തിക്കുന്നതു ശരിയാണോ? അല്ല. അതുപോലെതന്നെയാണു ദൈവജനത്തിന്റെ കാര്യവും. യഹോവയുടെ ഉദ്ദേശ്യത്തിന്റെ വിശദാംശങ്ങളെക്കുറിച്ചുള്ള സത്യങ്ങളിലേക്കു പരിശുദ്ധാത്മാവ് ദൈവജനത്തെ നയിക്കാനുള്ള സമയമാകുന്നതിനു മുമ്പേ അതു മനസ്സിലാക്കാൻ അവർ ചിലപ്പോഴൊക്കെ ശ്രമിക്കാറുണ്ട്. എങ്കിലും യേശുവാണ് അവരെ നയിക്കുന്നതെന്ന കാര്യത്തിൽ സംശയം വേണ്ടാ! വിശ്വസ്തരായ അവരുടെ അത്തരം ശ്രമങ്ങൾ, അവർ തിരുത്തൽ സ്വീകരിക്കുന്നവരാണെന്നു തെളിയിക്കാനുള്ള അവസരം ഒരുക്കുന്നു. അവർ താഴ്മയോടെ തങ്ങളുടെ കാഴ്ചപ്പാടിനു വേണ്ട മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു.—യാക്കോ. 4:6.
7. ആത്മീയവെളിച്ചം പകർന്ന ഏതെല്ലാം ഒളിമിന്നലുകൾ ദൈവജനത്തിനു ലഭിച്ചു?
7 1919-നു ശേഷമുള്ള വർഷങ്ങളിൽ, ദൈവജനത്തിനു വീണ്ടുംവീണ്ടും ആത്മീയപ്രകാശത്തിന്റെ ഒളിമിന്നലുകൾ ലഭിച്ചു. (സങ്കീർത്തനം 97:11 വായിക്കുക.) 1925-ൽ “ഒരു ജനതയുടെ ജനനം” എന്നൊരു ചരിത്രപ്രധാനലേഖനം വീക്ഷാഗോപുരത്തിൽ പ്രത്യക്ഷപ്പെട്ടു. ദൈവത്തിന്റെ സ്വർഗീയസ്ത്രീ പ്രസവിക്കുന്നതിനെക്കുറിച്ച് വെളിപാട് 12-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനം നിറവേറ്റിക്കൊണ്ട് 1914-ൽ മിശിഹൈകരാജ്യം ജനിച്ചു എന്നു ബോധ്യപ്പെടുത്തുന്ന തിരുവെഴുത്തുതെളിവുകൾ ആ ലേഖനത്തിലുണ്ടായിരുന്നു.b സാത്താനെ സ്വർഗത്തിൽനിന്ന് താഴേക്കു വലിച്ചെറിഞ്ഞെന്നും തനിക്കു “കുറച്ച് കാലമേ ബാക്കിയുള്ളൂ എന്ന് അറിഞ്ഞ് (സാത്താൻ) ഉഗ്രകോപത്തോടെ” നടക്കുകയാണെന്നും യുദ്ധകാലത്ത് യഹോവയുടെ ജനം അനുഭവിച്ച ഉപദ്രവങ്ങളും കഷ്ടപ്പാടുകളും അതിന്റെ വ്യക്തമായ സൂചനകളാണെന്നും ആ ലേഖനം വിശദീകരിച്ചു.—വെളി. 12:12.
8, 9. (എ) ദൈവരാജ്യത്തിന്റെ പ്രാധാന്യത്തിന് ഊന്നൽ ലഭിച്ചത് എങ്ങനെ? (ബി) നമ്മൾ ഏതു ചോദ്യങ്ങളെക്കുറിച്ച് പഠിക്കും?
8 ദൈവരാജ്യത്തിന് എത്ര പ്രാധാന്യമുണ്ട്? നമുക്ക് ഓരോരുത്തർക്കും മോചനവിലയിലൂടെ സാധ്യമായ രക്ഷയെക്കാൾ പ്രധാനമാണു ദൈവരാജ്യം എന്ന കാര്യത്തിന് 1928 മുതൽ വീക്ഷാഗോപുരം ഊന്നൽ നൽകിത്തുടങ്ങി. അതെ, തന്റെ പേരിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കാനും തന്റെ പരമാധികാരമാണ് ഉചിതമെന്നു തെളിയിക്കാനും മനുഷ്യകുടുംബത്തെക്കുറിച്ചുള്ള തന്റെ ഉദ്ദേശ്യങ്ങളെല്ലാം നടപ്പാക്കാനും യഹോവ ഉപയോഗിക്കുന്നത് ആ മിശിഹൈകരാജ്യത്തെയായിരിക്കും.
9 ദൈവരാജ്യത്തിൽ ക്രിസ്തുവിന്റെകൂടെ ഭരിക്കുന്നത് ആരൊക്കെയായിരിക്കും? ആ രാജ്യത്തിനു ഭൂമിയിലുള്ള പ്രജകൾ ആരൊക്കെ? ക്രിസ്തുവിന്റെ അനുഗാമികൾ ഏതു പ്രവർത്തനത്തിലാണു മുഴുകേണ്ടത്?
കൊയ്ത്ത് അഭിഷിക്തരിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു
10. ദൈവജനത്തിനു പണ്ടുമുതലേ 1,44,000-ത്തെക്കുറിച്ച് എന്ത് അറിയാമായിരുന്നു?
10 ക്രിസ്തുവിന്റെ വിശ്വസ്താനുഗാമികളായ 1,44,000 പേർ ക്രിസ്തുവിന്റെകൂടെ സ്വർഗത്തിൽ ഭരിക്കുമെന്ന് 1914-നു ദശകങ്ങൾക്കു മുമ്പേ സത്യക്രിസ്ത്യാനികൾക്ക് അറിയാമായിരുന്നു.c അത് ഒരു അക്ഷരീയസംഖ്യയാണെന്നും അതിലേക്ക് എ.ഡി. ഒന്നാം നൂറ്റാണ്ടുമുതൽ ആളുകളെ കൂട്ടിച്ചേർക്കാൻ തുടങ്ങിയെന്നും ആ ബൈബിൾവിദ്യാർഥികൾ മനസ്സിലാക്കിയിരുന്നു.
11. ക്രിസ്തുവിന്റെ മണവാട്ടിയുടെ ഭാഗമാകാൻപോകുന്നവർക്കു ഭൂമിയിലെ തങ്ങളുടെ നിയമനത്തെക്കുറിച്ച് വ്യക്തമായ എന്തു ഗ്രാഹ്യം കിട്ടി?
11 എന്നാൽ, ക്രിസ്തുവിന്റെ മണവാട്ടിയുടെ ഭാഗമാകാൻപോകുന്ന അവർക്ക്, ഭൂമിയിൽ ശേഷിച്ചിരിക്കുന്ന കാലത്ത് ചെയ്യാൻ നിയമിച്ചുകിട്ടിയ ജോലി എന്തായിരുന്നു? യേശു പ്രസംഗപ്രവർത്തനത്തിന് ഊന്നൽ കൊടുത്തെന്നും അതിനെ ഒരു കൊയ്ത്തുകാലത്തോടു ബന്ധപ്പെടുത്തിയെന്നും അവർ മനസ്സിലാക്കി. (മത്താ. 9:37; യോഹ. 4:35) രണ്ടാം അധ്യായത്തിൽ കണ്ടതുപോലെ, കൊയ്ത്തുകാലം 40 വർഷം നീണ്ടുനിൽക്കുമെന്നും ആ കാലഘട്ടത്തിന്റെ ഒടുവിൽ അഭിഷിക്തരെ സ്വർഗത്തിലേക്കു കൂട്ടിച്ചേർക്കുമെന്നും അവർ ഒരു കാലത്ത് ധരിച്ചുവെച്ചിരുന്നു. പക്ഷേ ആ 40 വർഷത്തിനു ശേഷവും പ്രസംഗപ്രവർത്തനം തുടർന്നതോടെ കൂടുതൽ വിശദീകരണം ആവശ്യമായിവന്നു. കൊയ്ത്തുകാലം 1914-ലാണു തുടങ്ങിയതെന്ന് ഇന്നു നമുക്ക് അറിയാം. വിശ്വസ്ത അഭിഷിക്തക്രിസ്ത്യാനികളെ അഥവാ ഗോതമ്പിനെ കപടക്രിസ്ത്യാനികളായ കളകളിൽനിന്ന് വേർതിരിക്കാനുള്ളതാണ് ആ കാലഘട്ടമെന്നും നമ്മൾ ഇപ്പോൾ മനസ്സിലാക്കിയിരിക്കുന്നു. എന്നാൽ, സ്വർഗത്തിലേക്കു പോകാനുള്ളവരുടെ സംഖ്യ തികഞ്ഞിട്ടില്ലായിരുന്നു. ആ ഗണത്തിൽ ബാക്കിയുള്ളവരെയുംകൂടെ കൂട്ടിച്ചേർക്കുന്നതിനായിരുന്നു തുടർന്ന് പ്രധാനശ്രദ്ധ കൊടുക്കേണ്ടിയിരുന്നത്!
12, 13. അവസാനകാലത്ത്, പത്തു കന്യകമാരെക്കുറിച്ചും താലന്തുകളെക്കുറിച്ചും ഉള്ള യേശുവിന്റെ ദൃഷ്ടാന്തങ്ങൾ നിറവേറിയിരിക്കുന്നത് എങ്ങനെ?
12 1919 മുതൽ, പ്രസംഗപ്രവർത്തനത്തിന് ഊന്നൽ കൊടുക്കുക എന്ന ലക്ഷ്യത്തോടെ വിശ്വസ്തനും വിവേകിയും ആയ അടിമയെ ക്രിസ്തു വഴിനയിക്കുന്നുണ്ടായിരുന്നു. ഒന്നാം നൂറ്റാണ്ടിലാണു ക്രിസ്തു ആ നിയമനം കൊടുത്തത്. (മത്താ. 28:19, 20) ആ പ്രസംഗനിയമനം നിറവേറ്റാൻ തന്റെ അഭിഷിക്താനുഗാമികൾക്ക് ഏതെല്ലാം ഗുണങ്ങൾ ആവശ്യമാണെന്നും യേശു സൂചിപ്പിച്ചിരുന്നു. എങ്ങനെ? ആദ്യം പത്തു കന്യകമാരുടെ ദൃഷ്ടാന്തം നോക്കാം. 1,44,000 പേർ അടങ്ങുന്ന ‘മണവാട്ടിയുമായി’ ക്രിസ്തു ഒരുമിക്കുമ്പോൾ സ്വർഗത്തിൽവെച്ച് നടക്കുന്ന ഗംഭീര കല്യാണവിരുന്നിന്റെ ഭാഗമാകണമെങ്കിൽ, അതായത് തങ്ങളുടെ ആ ആത്യന്തികലക്ഷ്യത്തിൽ അഭിഷിക്തർ എത്തിച്ചേരണമെങ്കിൽ, അവരെല്ലാം ആത്മീയാർഥത്തിൽ ഉണർന്ന് ജാഗ്രതയോടിരിക്കണമെന്നു യേശു അതിലൂടെ വ്യക്തമാക്കി. (വെളി. 21:2) താലന്തുകളെക്കുറിച്ചുള്ള ദൃഷ്ടാന്തത്തിലും ഇതിനെപ്പറ്റി സൂചനയുണ്ടായിരുന്നു. താൻ ഏൽപ്പിച്ചുകൊടുത്ത പ്രസംഗപ്രവർത്തനം ചെയ്യുന്നതിൽ ശുഷ്കാന്തിയുള്ളവരായിരിക്കും തന്റെ അഭിഷിക്തദാസരെന്നാണു യേശു അതിലൂടെ സൂചിപ്പിച്ചത്.—മത്താ. 25:1-30.
13 തങ്ങൾ ജാഗ്രതയുള്ളവരും ശുഷ്കാന്തിയുള്ളവരും ആണെന്ന് അഭിഷിക്തർ കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലം തെളിയിച്ചതാണ്. ഉണർന്നിരിക്കുന്ന അവർക്ക് അതിനുള്ള പ്രതിഫലം ലഭിച്ചിരിക്കും! എന്നാൽ ആ വലിയ കൊയ്ത്തിന്റെ ഉദ്ദേശ്യം ക്രിസ്തുവിന്റെ 1,44,000 സഹഭരണാധികാരികളിൽ ബാക്കിയുള്ളവരെ കൂട്ടിച്ചേർക്കുക എന്നതു മാത്രമായിരുന്നോ? നമുക്കു നോക്കാം.
ദൈവരാജ്യം ഭൂമിയിലെ പ്രജകളെ കൂട്ടിച്ചേർക്കുന്നു
14, 15. പൂർത്തിയായ മർമം എന്ന പുസ്തകത്തിൽ ഏതു നാലു കൂട്ടങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു?
14 വെളിപാട് 7:9-14 വരെയുള്ള ഭാഗത്ത് പറഞ്ഞിരിക്കുന്ന “മഹാപുരുഷാരം” ആരാണെന്ന് അറിയാൻ വിശ്വസ്തരായ സ്ത്രീപുരുഷന്മാർക്കു പണ്ടുമുതലേ വലിയ താത്പര്യമായിരുന്നു. എന്നാൽ മുമ്പ് ഈ വിഷയത്തെക്കുറിച്ച് വന്നിട്ടുള്ള മിക്ക വിശദീകരണങ്ങളും നമുക്ക് ഇന്ന് അറിയാവുന്ന, നമ്മൾ പ്രിയപ്പെടുന്ന വ്യക്തവും ലളിതവും ആയ സത്യങ്ങളുമായി തീരെ യോജിക്കാത്തതായിരുന്നു. അതിൽ അതിശയിക്കാനില്ല. കാരണം ഈ വലിയ കൂട്ടം ആരാണെന്നു വെളിപ്പെടുത്താനുള്ള ക്രിസ്തുവിന്റെ സമയം അതുവരെ വന്നിട്ടില്ലായിരുന്നു.
15 1917-ൽ പുറത്തിറങ്ങിയ പൂർത്തിയായ മർമം (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ പ്രഖ്യാപിച്ചു: “സ്വർഗീയരക്ഷ രണ്ടു തരമുണ്ട്. ഭൗമികരക്ഷയും രണ്ടു തരമുണ്ട്.” എങ്കിൽ, ലഭിക്കാനിരിക്കുന്ന രക്ഷയെക്കുറിച്ച് വ്യത്യസ്തമായ പ്രത്യാശകളുള്ള ആ നാലു കൂട്ടങ്ങൾ ആരൊക്കെയായിരുന്നു? ക്രിസ്തുവിന്റെകൂടെ ഭരിക്കാനിരിക്കുന്ന 1,44,000 ആയിരുന്നു ഒന്നാമത്തെ കൂട്ടം. രണ്ടാമത്തെ കൂട്ടം മഹാപുരുഷാരമായിരുന്നു. അപ്പോഴും ക്രൈസ്തവലോകസഭകളുടെ ഭാഗമായി തുടർന്ന നാമമാത്രക്രിസ്ത്യാനികളാണു മഹാപുരുഷാരമെന്നാണ് അന്നു ധരിച്ചിരുന്നത്. അവർക്കു കുറെയൊക്കെ വിശ്വാസമുണ്ടായിരുന്നെങ്കിലും ഏതു സാഹചര്യത്തിലും നിഷ്കളങ്കത മുറുകെ പിടിക്കാൻമാത്രം വിശ്വാസമില്ലാത്തതുകൊണ്ട് സ്വർഗത്തിൽ താരതമ്യേന താഴ്ന്ന സ്ഥാനങ്ങളായിരിക്കും അവർക്കു ലഭിക്കുക എന്ന് അന്നു കരുതിപ്പോന്നു. ഭൂമിയിലെ കാര്യമോ? അബ്രാഹാമും മോശയും വിശ്വസ്തരായ മറ്റുള്ളവരും ഉൾപ്പെട്ട “പുരാതനകാല യോഗ്യർ” എന്ന മൂന്നാമതൊരു കൂട്ടം ഭൂമിയിലുണ്ടായിരിക്കുമെന്നും അവരുടെ അധികാരപദവികളിൻകീഴിൽ വരുന്നവരായിരിക്കും മനുഷ്യസമൂഹമെന്ന നാലാമത്തെ കൂട്ടമെന്നും അന്നു ധരിച്ചിരുന്നു.
16. 1923-ലും 1932-ലും ആത്മീയവെളിച്ചത്തിന്റെ ഏതെല്ലാം ഒളിമിന്നലുകൾ ലഭിച്ചു?
16 ഇന്നു നമ്മൾ മനസ്സിലാക്കിയിരിക്കുന്ന വിലയേറിയ സത്യങ്ങൾ ഗ്രഹിക്കാൻ പരിശുദ്ധാത്മാവ് ക്രിസ്തുവിന്റെ അനുഗാമികളെ വഴിനയിച്ചത് എങ്ങനെയാണ്? അത് ആത്മീയവെളിച്ചത്തിന്റെ പലപല ഒളിമിന്നലുകളിലൂടെ പടിപടിയായാണു വെളിപ്പെട്ടത്. ക്രിസ്തുവിന്റെ ഭരണത്തിൻകീഴിൽ ഭൂമിയിൽ ജീവിക്കുന്ന, സ്വർഗീയപ്രതീക്ഷകളില്ലാത്ത ഒരു കൂട്ടത്തെക്കുറിച്ച് 1923-ൽത്തന്നെ വീക്ഷാഗോപുരം പറഞ്ഞിരുന്നു. 1932-ലെ വീക്ഷാഗോപുരത്തിലും ഒരു ലേഖനം പ്രത്യക്ഷപ്പെട്ടു. ദൈവത്തിന്റെ അഭിഷിക്തനായിരുന്ന യേഹു എന്ന ഇസ്രായേല്യരാജാവിനെ വ്യാജാരാധനയ്ക്കെതിരെയുള്ള പോരാട്ടത്തിൽ പിന്തുണയ്ക്കാൻ അദ്ദേഹത്തിന്റെകൂടെ ചേർന്ന യോനാദാബ് (യഹോനാദാബ്) എന്ന വ്യക്തിയെക്കുറിച്ച് അതിൽ പറഞ്ഞിരുന്നു. (2 രാജാ. 10:15-17) യോനാദാബിനെപ്പോലെയുള്ള ഒരു ഗണം ആധുനികനാളിലുമുണ്ടെന്നും യഹോവ ആ ഗണത്തെ, “കഷ്ടത നിറഞ്ഞ അർമഗെദോന്റെ അപ്പുറത്ത് എത്തിക്കും” എന്നും ആ ലേഖനം കൂട്ടിച്ചേർത്തു.
17. (എ) ആത്മീയവെളിച്ചത്തിന്റെ ഉജ്ജ്വലമായ ഏത് ഒളിമിന്നലാണ് 1935-ൽ ലഭിച്ചത്? (ബി) മഹാപുരുഷാരത്തെക്കുറിച്ചുള്ള പുതിയ ഗ്രാഹ്യം വിശ്വസ്തക്രിസ്ത്യാനികളെ ബാധിച്ചത് എങ്ങനെയാണ്? (“ആശ്വാസത്തിന്റെ ഒരു നിശ്വാസം ഉയർന്നു” എന്ന ചതുരം കാണുക.)
17 അങ്ങനെയിരിക്കെ, 1935-ൽ ആത്മീയവെളിച്ചത്തിന്റെ ഉജ്ജ്വലമായൊരു ഒളിമിന്നൽ ലഭിച്ചു. മഹാപുരുഷാരം ഭൂമിയിൽ ജീവിക്കുന്ന ഒരു ഗണമായിരിക്കുമെന്നും അവർതന്നെയാണു ചെമ്മരിയാടുകളെയും കോലാടുകളെയും കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തകഥയിലെ ചെമ്മരിയാടുകളെന്നും വാഷിങ്ടൺ ഡി.സി.-യിൽവെച്ച് നടന്ന കൺവെൻഷനിൽ വിശദീകരിച്ചു. (മത്താ. 25:33-40) “ഈ തൊഴുത്തിൽപ്പെടാത്ത വേറെ ആടുകളും എനിക്കുണ്ട്. അവയെയും ഞാൻ അകത്ത് കൊണ്ടുവരേണ്ടതാണ്” എന്ന യേശുവിന്റെ വാക്കുകളിലെ ‘വേറെ ആടുകളുടെ’ ഭാഗമായിരിക്കും ആ മഹാപുരുഷാരം എന്നും അന്നു വിശദീകരിക്കുകയുണ്ടായി. (യോഹ. 10:16) ആ പ്രസംഗത്തിന് ഇടയിൽ ജെ.എഫ്. റഥർഫോർഡ് സഹോദരൻ, “ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശിക്കുന്ന എല്ലാവരും ദയവായി എഴുന്നേറ്റുനിൽക്കാമോ” എന്നു ചോദിച്ചപ്പോൾ സദസ്സിന്റെ പകുതിയിലധികം എഴുന്നേറ്റു! അപ്പോൾ അദ്ദേഹം പ്രഖ്യാപിച്ചു: “കാൺമിൻ! മഹാപുരുഷാരം!” അങ്ങനെ ഒടുവിൽ തങ്ങളുടെ ഭാവിപ്രത്യാശ വ്യക്തമാക്കിക്കിട്ടിയതു പലരെയും ആഴമായി സ്പർശിച്ചു.
18. ക്രിസ്തുവിന്റെ അനുഗാമികൾ ശുശ്രൂഷയിൽ ഏതു പ്രത്യേകകാര്യത്തിലാണു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്, ഫലം എന്താണ്?
18 ഒരു പ്രത്യേകകാര്യം ചെയ്യാൻ അന്നുമുതൽ ഇന്നോളം ക്രിസ്തു തന്റെ ജനത്തെ നയിച്ചിട്ടുണ്ട്. മഹാകഷ്ടതയെ അതിജീവിക്കുന്ന മഹാപുരുഷാരത്തിലെ അംഗങ്ങളാകാനുള്ളവരെ കൂട്ടിച്ചേർക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരുന്നു അത്. എന്നാൽ ആദ്യമൊന്നും ഈ കൂട്ടിച്ചേർക്കലിന് അത്ര വേഗതയില്ലായിരുന്നു. അതുകൊണ്ടുതന്നെ, “‘മഹാപുരുഷാരം’ ഇനിയും അധികം വർധിക്കുമെന്നു തോന്നുന്നില്ല” എന്നുപോലും റഥർഫോർഡ് സഹോദരൻ ഒരിക്കൽ അഭിപ്രായപ്പെട്ടു. എന്നാൽ അന്നുമുതൽ ഇന്നുവരെ യഹോവ കൊയ്ത്തിനെ എത്ര നന്നായി അനുഗ്രഹിച്ചിട്ടുണ്ടെന്നു നമുക്ക് അറിയാം. ഇന്നു യേശുവിന്റെയും പരിശുദ്ധാത്മാവിന്റെയും വഴിനടത്തിപ്പിൻകീഴിൽ അഭിഷിക്തരും ‘വേറെ ആടുകളിൽപ്പെട്ട’ അവരുടെ സഹകാരികളും യേശു മുൻകൂട്ടിപ്പറഞ്ഞതുപോലെതന്നെ ‘ഒരു ഇടയന്റെ’ കീഴിലെ ‘ഒറ്റ ആട്ടിൻകൂട്ടമായിരിക്കുന്നു.’
19. മഹാപുരുഷാരത്തിന്റെ സംഖ്യ ഇനിയും ഉയർത്താൻ നമുക്ക് എന്തു ചെയ്യാനാകും?
19 വിശ്വസ്തരായവരിൽ ബഹുഭൂരിപക്ഷം പേരും ക്രിസ്തുവിന്റെയും 1,44,000 സഹഭരണാധികാരികളുടെയും ഭരണത്തിൻകീഴിൽ ഭൂമിയിലെ ഒരു പറുദീസയിൽ എന്നെന്നും ജീവിക്കും. തിരുവെഴുത്തുകൾ നൽകുന്ന ഭാവിപ്രത്യാശയ്ക്ക് ഇത്രയും വ്യക്തതയേകാൻ ക്രിസ്തു ദൈവജനത്തെ വഴിനയിച്ചതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ വലിയ സന്തോഷം തോന്നുന്നില്ലേ? ശുശ്രൂഷയിൽ കണ്ടുമുട്ടുന്നവരോട് ആ പ്രത്യാശയെക്കുറിച്ച് പറയാനാകുന്നത് എത്ര വലിയൊരു പദവിയാണ്! സാഹചര്യം അനുവദിക്കുന്നിടത്തോളം നമുക്ക് അത് ഊർജസ്വലതയോടെ ചെയ്യാം. അങ്ങനെ മഹാപുരുഷാരത്തിന്റെ സംഖ്യ ഇനിയുമിനിയും ഉയരട്ടെ. അതുവഴി യഹോവയുടെ നാമത്തിനു മുമ്പെന്നത്തേതിലും ഉച്ചത്തിൽ സ്തുതി മുഴങ്ങട്ടെ!—ലൂക്കോസ് 10:2 വായിക്കുക.
ദൈവരാജ്യത്തോടുള്ള വിശ്വസ്തതയിൽ ഉൾപ്പെട്ടിരിക്കുന്നത് എന്താണ്?
20. സാത്താന്റെ സംഘടന പണിതുയർത്തിയിരിക്കുന്നത് ഏതെല്ലാം ഘടകങ്ങൾകൊണ്ടാണ്, അതും ക്രിസ്തീയവിശ്വസ്തതയും തമ്മിലുള്ള ബന്ധം എന്താണ്?
20 ദൈവരാജ്യത്തെക്കുറിച്ച് കൂടുതൽക്കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിക്കൊണ്ടിരുന്ന ദൈവജനത്തിനു വ്യക്തമായ ഗ്രാഹ്യം ലഭിക്കേണ്ട ഒരു കാര്യമുണ്ടായിരുന്നു. ആ സ്വർഗീയഗവൺമെന്റിനോടുള്ള വിശ്വസ്തത എന്താണെന്ന് അവർ മനസ്സിലാക്കണമായിരുന്നു. ഈ വിഷയം ചർച്ച ചെയ്ത 1922-ലെ ഒരു വീക്ഷാഗോപുരം, പ്രവർത്തനത്തിലുള്ള രണ്ടു സംഘടനകളെ പരിചയപ്പെടുത്തി—ഒന്ന് യഹോവയുടേതും മറ്റേതു സാത്താന്റേതും. വാണിജ്യ-മത-രാഷ്ട്രീയ ഘടകങ്ങൾകൊണ്ടാണു സാത്താന്റെ സംഘടന കെട്ടിപ്പൊക്കിയിരിക്കുന്നതെന്ന് അതിൽ വിശദീകരിച്ചു. സാത്താന്റെ സംഘടനയുടെ ഏതെങ്കിലുമൊരു ഘടകവുമായി ഉചിതമല്ലാത്ത വിധത്തിൽ പങ്കാളിത്തത്തിലായിക്കൊണ്ട്, ക്രിസ്തുവിന്റെ കീഴിലെ ദൈവരാജ്യത്തോടുള്ള വിശ്വസ്തത ആരും ബലികഴിക്കരുതെന്നും അതു വ്യക്തമാക്കി. (2 കൊരി. 6:17) എന്താണ് അതിന്റെ അർഥം?
21. (എ) വൻകിട ബിസിനെസ്സ് സംരംഭങ്ങളെക്കുറിച്ച് വിശ്വസ്തനായ അടിമ ദൈവജനത്തിന് എന്തു മുന്നറിയിപ്പു തന്നിട്ടുണ്ട്? (ബി) “ബാബിലോൺ എന്ന മഹതി”യെക്കുറിച്ച് 1963-ൽ വീക്ഷാഗോപുരം എന്തു വെളിപ്പെടുത്തി?
21 വിശ്വസ്തനായ അടിമ നൽകുന്ന ആത്മീയഭക്ഷണം, വൻകിട ബിസിനെസ്സ് സംരംഭങ്ങളുടെ വഴിവിട്ട രീതികൾ നിരന്തരം തുറന്നുകാട്ടിയിട്ടുണ്ട്. അവ ഉന്നമിപ്പിക്കുന്ന, കടിഞ്ഞാണില്ലാത്ത ഭൗതികാസക്തിക്കു വഴിപ്പെടരുതെന്നും അടിമയിൽനിന്ന് ദൈവജനത്തിനു മുന്നറിയിപ്പു ലഭിച്ചിട്ടുണ്ട്. (മത്താ. 6:24) അതുപോലെ, സാത്താന്റെ സംഘടനയുടെ മതഘടകത്തിന്റെ ഉള്ളുകള്ളികളും നമ്മുടെ പ്രസിദ്ധീകരണങ്ങൾ വെളിച്ചത്ത് കൊണ്ടുവന്നിട്ടുണ്ട്. “ബാബിലോൺ എന്ന മഹതി” പ്രതിനിധീകരിക്കുന്നതു ക്രൈസ്തവലോകത്തെ മാത്രമല്ല, മറിച്ച് വ്യാജമതങ്ങളുടെ ലോകസാമ്രാജ്യത്തെ മുഴുവനുമാണെന്ന് 1963-ൽ വീക്ഷാഗോപുരം വ്യക്തമാക്കി. അങ്ങനെ, ഈ പുസ്തകത്തിന്റെ പത്താം അധ്യായത്തിൽ നമ്മൾ വിശദമായി പഠിക്കാൻപോകുന്നതുപോലെ, പലപല നാടുകളിലും സംസ്കാരങ്ങളിലും നിന്നുള്ള ദൈവജനത്തിന് എല്ലാ വ്യാജമതാചാരങ്ങളിൽനിന്നും മുക്തി നേടി ‘അവളിൽനിന്ന് പുറത്ത് കടക്കാൻ’ സഹായം ലഭിച്ചിരിക്കുന്നു.—വെളി. 18:2, 4.
22. ഒന്നാം ലോകമഹായുദ്ധത്തിന്റെ സമയത്ത് ദൈവജനത്തിൽ പലർക്കും റോമർ 13:1-ലെ ഉദ്ബോധനം മനസ്സിലായത് എങ്ങനെയാണ്?
22 എന്നാൽ സാത്താന്റെ സംഘടനയുടെ രാഷ്ട്രീയഭാഗത്തിന്റെ കാര്യമോ? രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങളിലും ഏറ്റുമുട്ടലുകളിലും സത്യക്രിസ്ത്യാനികൾ പങ്കെടുക്കാൻ പാടുണ്ടോ? ക്രിസ്തുവിന്റെ അനുഗാമികൾ സഹമനുഷ്യരെ കൊല്ലാൻ പാടില്ലെന്ന കാര്യം ബൈബിൾവിദ്യാർഥികൾക്ക് ഒന്നാം ലോകമഹായുദ്ധകാലത്ത് ഏറെക്കുറെ വ്യക്തമായിരുന്നു. (മത്താ. 26:52) എന്നാൽ, റോമർ 13:1-ൽ ‘ഉന്നതാധികാരികളെ’ അനുസരിക്കാൻ പറഞ്ഞിരിക്കുന്നതിനെക്കുറിച്ച് ചിലർക്കുള്ള ധാരണ ഇതായിരുന്നു: തങ്ങൾ സൈന്യത്തിൽ ചേരണം, പട്ടാളവേഷം ധരിക്കണം, ആയുധവും കൈയിലെടുക്കണം; പക്ഷേ ശത്രുവിനെ കൊല്ലാൻ ആജ്ഞ കിട്ടിയാൽ വായുവിലേക്കു മാത്രമേ വെടി വെക്കാവൂ.
23, 24. രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്ത് നമ്മൾ റോമർ 13:1 മനസ്സിലാക്കിയിരുന്നത് എങ്ങനെയാണ്, ക്രിസ്തുവിന്റെ അനുഗാമികൾക്കു കൂടുതൽ കൃത്യതയുള്ള ഏതു വിശദീകരണം ലഭിച്ചു?
23 1939-ൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട അതേ സമയത്ത് വീക്ഷാഗോപുരത്തിൽ നിഷ്പക്ഷതയെക്കുറിച്ച് ഗഹനമായി ചർച്ച ചെയ്യുന്ന ഒരു ലേഖനം പ്രത്യക്ഷപ്പെട്ടു. സാത്താന്റെ ലോകത്തിലെ രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങളിലും ഏറ്റുമുട്ടലുകളിലും ക്രിസ്ത്യാനികൾ ഒരു വിധത്തിലും ഉൾപ്പെടില്ലെന്ന കാര്യം ആ ലേഖനം വ്യക്തമാക്കി. എത്ര കൃത്യമായ സമയത്തായിരുന്നു ആ ലേഖനം വന്നത്! ആ യുദ്ധത്തിൽ ഉൾപ്പെട്ട രാഷ്ട്രങ്ങൾക്കു വഹിക്കേണ്ടിവന്ന ഭയാനകമായ രക്തച്ചൊരിച്ചിലിന്റെ കുറ്റത്തിൽനിന്ന് ക്രിസ്തുവിന്റെ അനുഗാമികൾ അങ്ങനെ ഒഴിവുള്ളവരായി. എന്നാൽ റോമർ 13:1-ലെ ഉന്നതാധികാരികൾ എന്ന പ്രയോഗം ലൗകികഭരണാധികാരികളെ ഉദ്ദേശിച്ചുള്ളതല്ലെന്നും അതു കുറിക്കുന്നത് യഹോവയെയും യേശുവിനെയും ആണെന്നും 1929 മുതൽ നമ്മുടെ പ്രസിദ്ധീകരണങ്ങൾ വിശദീകരിച്ചിരുന്നു. പക്ഷേ അക്കാര്യത്തിൽ കുറച്ചുകൂടെ കൃത്യമായ ഒരു വിശദീകരണം ആവശ്യമായിരുന്നു.
24 പരിശുദ്ധാത്മാവ് വഴിനടത്തിയതുകൊണ്ട് ക്രിസ്തുവിന്റെ അനുഗാമികൾക്ക് 1962-ൽ അത്തരമൊരു വിശദീകരണം ലഭിച്ചു. ആ വർഷം, വീക്ഷാഗോപുരത്തിന്റെ നവംബർ 15 ലക്കത്തിലും ഡിസംബർ 1 ലക്കത്തിലും റോമർ 13:1-7 വാക്യങ്ങളെ ആധാരമാക്കി ചരിത്രപ്രധാനമായ ലേഖനങ്ങൾ പ്രത്യക്ഷപ്പെട്ടു. അങ്ങനെ ഒടുവിൽ, “സീസർക്കുള്ളതു സീസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക” എന്ന പ്രശസ്തമായ വാക്കുകളിലൂടെ യേശു വെളിപ്പെടുത്തിയ ആപേക്ഷികമായ കീഴ്പെടലിന്റെ തത്ത്വം ദൈവജനത്തിനു മനസ്സിലായി. (ലൂക്കോ. 20:25) ഉന്നതാധികാരികൾ ഈ ലോകത്തിലെ ലൗകികാധികാരികളാണെന്നും ക്രിസ്ത്യാനികൾ അവർക്കു കീഴ്പെട്ടിരിക്കണമെന്നും സത്യക്രിസ്ത്യാനികൾക്ക് ഇന്ന് അറിയാം. എന്നാൽ ആ കീഴ്പെടൽ ആപേക്ഷികമാണ്. ദൈവമായ യഹോവയോട് അനുസരണക്കേടു കാണിക്കാൻ ലൗകികാധികാരികൾ നമ്മളോട് ആവശ്യപ്പെട്ടാൽ, പണ്ട് അപ്പോസ്തലന്മാർ കൊടുത്ത അതേ ഉത്തരമായിരിക്കും നമ്മൾ കൊടുക്കുക. അവർ പറഞ്ഞു: “ഞങ്ങൾ മനുഷ്യരെയല്ല, ദൈവത്തെയാണ് അനുസരിക്കേണ്ടത്.” (പ്രവൃ. 5:29) ക്രിസ്തീയനിഷ്പക്ഷതയുടെ തത്ത്വം ക്രിസ്ത്യാനികൾ പ്രവൃത്തിപഥത്തിൽ കൊണ്ടുവന്നിരിക്കുന്നത് എങ്ങനെയെന്ന് ഈ പുസ്തകത്തിന്റെ 13, 14 അധ്യായങ്ങളിൽ നമ്മൾ കൂടുതലായി പഠിക്കുന്നതായിരിക്കും.
25. ദൈവരാജ്യത്തെക്കുറിച്ച് മനസ്സിലാക്കാൻ പരിശുദ്ധാത്മാവ് വഴിനയിച്ചതിൽ നിങ്ങൾക്കു നന്ദി തോന്നുന്നത് എന്തുകൊണ്ടാണ്?
25 കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ ദൈവരാജ്യത്തെക്കുറിച്ച് ക്രിസ്തുവിന്റെ അനുഗാമികൾക്ക് എന്തെല്ലാം കാര്യങ്ങളാണു പഠിക്കാനായത്! ദൈവരാജ്യം സ്വർഗത്തിൽ സ്ഥാപിതമായത് എന്നാണെന്നും അതിന് എത്രത്തോളം പ്രാധാന്യമുണ്ടെന്നും നമ്മൾ പഠിച്ചു. വിശ്വസ്തരായവർക്കു മുന്നിലുള്ള ആ രണ്ടു പ്രത്യാശകളെക്കുറിച്ച്, അതായത് സ്വർഗീയപ്രത്യാശയെക്കുറിച്ചും ഭൗമികപ്രത്യാശയെക്കുറിച്ചും, ഇന്നു നമുക്കുള്ള ഗ്രാഹ്യം സുവ്യക്തമാണ്. ഒരേ സമയം ദൈവരാജ്യത്തോടു വിശ്വസ്തരായിരിക്കാനും ലൗകികാധികാരികളോട് ആപേക്ഷികകീഴ്പ്പെടൽ കാണിക്കാനും സാധിക്കുന്നത് എങ്ങനെയെന്നും നമ്മൾ മനസ്സിലാക്കിയിരിക്കുന്നു. നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘അമൂല്യമായ ഈ സത്യങ്ങൾ മനസ്സിലാക്കാനും പഠിപ്പിക്കാനും യേശുക്രിസ്തു ഭൂമിയിലെ തന്റെ വിശ്വസ്തനായ അടിമയെ വഴിനയിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഇതിൽ ഏതെങ്കിലുമൊരു കാര്യം എന്നെങ്കിലും അറിയാൻ സാധ്യതയുണ്ടോ?’ നമുക്കു വഴി കാണിച്ചുതരാൻ ക്രിസ്തുവും പരിശുദ്ധാത്മാവും ഉള്ളതുകൊണ്ട് നമ്മൾ എത്ര അനുഗൃഹീതരാണ്!
a ഒരു ആധികാരികഗ്രന്ഥം പറയുന്നതനുസരിച്ച്, ഈ വാക്യത്തിലെ ‘നയിക്കുക’ എന്നതിനുള്ള ഗ്രീക്കുപദത്തിന്റെ അർഥം “വഴി കാണിച്ചുതരുക” എന്നാണ്.
b റോമൻ കത്തോലിക്കാസഭയും റോമാസാമ്രാജ്യത്തിലെ അക്രൈസ്തവമതങ്ങളും തമ്മിലുള്ള ഒരു യുദ്ധത്തെയാണ് ആ ദർശനം കുറിക്കുന്നതെന്നായിരുന്നു മുമ്പുള്ള ധാരണ.
c 1914-ഓടെ ക്രിസ്ത്യാനികളായിത്തീരുന്ന ജൂതവംശജരാണ് 1,44,000 എന്നായിരുന്നു 1880 ജൂൺ ലക്കം സീയോന്റെ വീക്ഷാഗോപുരം വിശദീകരിച്ചത്. എന്നാൽ ഈ വിശദീകരണത്തിൽ വന്ന ഒരു മാറ്റം 1880-ന്റെ അവസാനഭാഗത്ത് പ്രസിദ്ധീകരിച്ചു. ഇന്നും അതിനു വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല.