അധ്യായം 86
കാണാതെപോയ മകൻ മടങ്ങിവരുന്നു
കാണാതെപോയ മകനെക്കുറിച്ചുള്ള ദൃഷ്ടാന്തം
കാണാതെപോയ ആടിനെയും ദ്രഹ്മയെയും കുറിച്ചുള്ള ദൃഷ്ടാന്തം പറയുമ്പോൾ യേശു സാധ്യതയനുസരിച്ച് യോർദാൻ നദിയുടെ കിഴക്കുള്ള പെരിയയിൽത്തന്നെയാണ്. പാപിയായ ഒരാൾ മാനസാന്തരപ്പെട്ട് ദൈവത്തിലേക്കു മടങ്ങിവരുമ്പോൾ നമ്മൾ സന്തോഷിക്കണമെന്ന പാഠമാണ് ഈ രണ്ടു ദൃഷ്ടാന്തങ്ങളും പഠിപ്പിക്കുന്നത്. ഇത്തരം പാപികളെ യേശു സ്വീകരിക്കുന്നതുകൊണ്ട് പരീശന്മാരും ശാസ്ത്രിമാരും യേശുവിനെ വിമർശിക്കുന്നു. പക്ഷേ യേശു പറഞ്ഞ ആ രണ്ടു ദൃഷ്ടാന്തങ്ങളിൽനിന്ന് ഈ വിമർശകർ എന്തെങ്കിലും പഠിക്കുന്നുണ്ടോ? മാനസാന്തരപ്പെടുന്ന പാപികളോടു സ്വർഗീയപിതാവിന് എന്തു തോന്നുന്നെന്ന് ഇവർ തിരിച്ചറിയുന്നുണ്ടോ? സുപ്രധാനമായ അതേ വസ്തുത എടുത്തുകാട്ടുന്ന ഹൃദയസ്പർശിയായ ഒരു ദൃഷ്ടാന്തകഥയാണു യേശു ഇപ്പോൾ പറയുന്നത്.
അപ്പനും രണ്ട് ആൺമക്കളും ഉൾപ്പെടുന്നതാണു ദൃഷ്ടാന്തം. ഇളയമകനാണ് അതിലെ മുഖ്യകഥാപാത്രം. ആ ദൃഷ്ടാന്തകഥ കേട്ടുകൊണ്ടിരുന്ന പരീശന്മാർക്കും ശാസ്ത്രിമാർക്കും മറ്റുള്ളവർക്കും ഇളയമകനെക്കുറിച്ച് യേശു പറഞ്ഞതിൽനിന്ന് പലതും പഠിക്കാനാകും. അതേസമയം അപ്പനെക്കുറിച്ചും മൂത്തമകനെക്കുറിച്ചും യേശു പറഞ്ഞ കാര്യങ്ങൾ നമുക്ക് അവഗണിക്കാനും പറ്റില്ല. കാരണം അവരുടെ മനോഭാവത്തിൽനിന്നും നമുക്കു പാഠങ്ങൾ പഠിക്കാനുണ്ട്. അതുകൊണ്ട് യേശു ഈ ദൃഷ്ടാന്തകഥ പറയുമ്പോൾ ആ മൂന്നു പുരുഷന്മാരെക്കുറിച്ചും ചിന്തിക്കുക. ആ കഥ ഇതാണ്:
“ഒരു മനുഷ്യനു രണ്ട് ആൺമക്കളുണ്ടായിരുന്നു,” യേശു പറഞ്ഞുതുടങ്ങുന്നു. “അവരിൽ ഇളയവൻ അപ്പനോട്, ‘അപ്പാ, സ്വത്തിൽ എനിക്കു കിട്ടേണ്ട ഓഹരി തരൂ’ എന്നു പറഞ്ഞു. അപ്പൻ സ്വത്ത് അവർക്കു വീതിച്ചുകൊടുത്തു.” (ലൂക്കോസ് 15:11, 12) അപ്പൻ മരിച്ചതുകൊണ്ടല്ല ഇളയമകൻ തന്റെ അവകാശം ചോദിക്കുന്നത്. അപ്പൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. എങ്കിലും മകന് ഇപ്പോൾത്തന്നെ തന്റെ അവകാശം വേണം. കാരണം കിട്ടുന്ന പണംകൊണ്ട് സ്വാതന്ത്ര്യത്തോടെ അടിച്ചുപൊളിച്ച് ജീവിക്കാൻ മകൻ ആഗ്രഹിക്കുന്നു. ആ മകൻ എന്താണു ചെയ്യുന്നതെന്നു നോക്കാം.
യേശു പറയുന്നു: “കുറച്ച് ദിവസം കഴിഞ്ഞപ്പോൾ, ഇളയവൻ തനിക്കുള്ളതെല്ലാം വാരിക്കെട്ടി ഒരു ദൂരദേശത്തേക്കു പോയി. അവിടെച്ചെന്ന് അവൻ കുത്തഴിഞ്ഞ ജീവിതം നയിച്ച് തന്റെ സ്വത്തെല്ലാം ധൂർത്തടിച്ചു.” (ലൂക്കോസ് 15:13) തന്റെ മക്കൾക്കുവേണ്ടി കരുതുന്ന, അവർക്കു വേണ്ടതെല്ലാം ചെയ്തുകൊടുക്കുന്ന, ഒരു അപ്പന്റെ തണലിൽ സുരക്ഷിതമായി വീട്ടിൽ കഴിയുന്നതിനു പകരം ഈ മകൻ വേറൊരു ദേശത്തേക്കു പോകുന്നു. അധാർമികവും കുത്തഴിഞ്ഞതും ആയ ഒരു ജീവിതം നയിച്ചുകൊണ്ട് കിട്ടിയ സ്വത്തെല്ലാം അവൻ ധൂർത്തടിക്കുന്നു. കഷ്ടപ്പാടു നിറഞ്ഞതാണു പിന്നീട് അവന്റെ ജീവിതം. അതാണു യേശു തുടർന്നു വിവരിക്കുന്നത്:
“അവന്റെ കൈയിലുള്ളതെല്ലാം തീർന്നു. അങ്ങനെയിരിക്കെ ആ നാട്ടിലെങ്ങും കടുത്ത ക്ഷാമം ഉണ്ടായി. അവൻ ആകെ ഞെരുക്കത്തിലായി. അന്നാട്ടുകാരനായ ഒരാളുടെ അടുത്ത് അവൻ അഭയം തേടി. അയാൾ അവനെ അയാളുടെ വയലിൽ പന്നികളെ മേയ്ക്കാൻ അയച്ചു. പന്നിക്കു കൊടുക്കുന്ന പയറുകൊണ്ടെങ്കിലും വയറു നിറയ്ക്കാൻ അവൻ കൊതിച്ചു. പക്ഷേ ആരും അവന് ഒന്നും കൊടുത്തില്ല.”—ലൂക്കോസ് 15:14-16.
മോശയ്ക്കു ദൈവം കൊടുത്ത നിയമത്തിൽ പന്നികളെ അശുദ്ധമായിട്ടാണു കണക്കാക്കിയിരുന്നത്. എങ്കിലും ഇവന് ഇപ്പോൾ പന്നിയെ നോക്കുന്ന ജോലി ചെയ്യേണ്ടിവരുന്നു. വിശന്നു വലഞ്ഞപ്പോൾ മൃഗങ്ങൾക്കു സാധാരണ കൊടുക്കുന്ന തീറ്റയെങ്കിലും, പന്നികളുടെ തീറ്റയെങ്കിലും, കിട്ടിയാൽ മതിയെന്നായി അവന്. കഷ്ടപ്പാടും ദാരിദ്ര്യവും ഒക്കെ അനുഭവിച്ചപ്പോൾ അവനു “സുബോധ”മുണ്ടായി. അവൻ എന്തു ചെയ്യുന്നു? അവൻ തന്നോടുതന്നെ പറയുന്നു: “എന്റെ അപ്പന്റെ എത്രയോ കൂലിക്കാർ സുഭിക്ഷമായി കഴിയുന്നു. ഞാനോ ഇവിടെ പട്ടിണി കിടന്ന് ചാകാറായി! ഞാൻ അപ്പന്റെ അടുത്ത് ചെന്ന് പറയും: ‘അപ്പാ, ഞാൻ സ്വർഗത്തോടും അപ്പനോടും പാപം ചെയ്തു. അങ്ങയുടെ മകൻ എന്ന് അറിയപ്പെടാൻ ഇനി എനിക്ക് ഒരു യോഗ്യതയുമില്ല. എന്നെ അപ്പന്റെ കൂലിക്കാരനായെങ്കിലും ഇവിടെ നിറുത്തണേ.’” എന്നിട്ട് അവൻ എഴുന്നേറ്റ് അപ്പന്റെ അടുത്തേക്കു പോകുന്നു.—ലൂക്കോസ് 15:17-20.
ആ അപ്പൻ ഇപ്പോൾ എന്തു ചെയ്യും? വീടു വിട്ടുപോയതിന് ആ മകന്റെ നേരെ ദേഷ്യപ്പെടുകയും അവൻ കാണിച്ച വിഡ്ഢിത്തരത്തിനു വഴക്കു പറയുകയും ചെയ്യുമോ? തിരിച്ചുവന്ന ആ മകനോട് ഒരു താത്പര്യവും കാണിക്കാതെ അവനെ സ്വീകരിക്കാതിരിക്കുമോ? നിങ്ങളായിരുന്നു ആ സ്ഥാനത്തെങ്കിൽ എന്തു ചെയ്യുമായിരുന്നു? നിങ്ങളുടെ മകനോ മകളോ ആയിരുന്നു അതെങ്കിലോ?
കാണാതെപോയ മകനെ തിരിച്ചുകിട്ടുന്നു
ഈ അപ്പന് ഇപ്പോൾ എന്തു തോന്നുന്നു, അദ്ദേഹം എന്തു ചെയ്യുന്നു എന്നെല്ലാം യേശു വിവരിക്കുന്നു: “ദൂരെവെച്ചുതന്നെ അപ്പൻ (മകനെ) തിരിച്ചറിഞ്ഞു. മനസ്സ് അലിഞ്ഞ് അപ്പൻ ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ച് സ്നേഹത്തോടെ ചുംബിച്ചു.” (ലൂക്കോസ് 15:20) മകന്റെ കുത്തഴിഞ്ഞ ജീവിതത്തെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അപ്പൻ ഈ മകനെ സ്വീകരിക്കുന്നു. യഹോവയെ അറിയുന്നെന്നും ആരാധിക്കുന്നെന്നും അവകാശപ്പെടുന്ന ഈ ജൂതനേതാക്കന്മാർ, മാനസാന്തരപ്പെടുന്ന പാപികളോടുള്ള സ്വർഗീയപിതാവിന്റെ മനോഭാവം ഈ ദൃഷ്ടാന്തകഥയിൽനിന്ന് മനസ്സിലാക്കുമോ? മാനസാന്തരപ്പെടുന്ന പാപികളെ സ്വീകരിക്കുന്ന പിതാവിന്റെ അതേ മനോഭാവമാണു യേശുവും കാണിക്കുന്നതെന്ന് ഇവർ തിരിച്ചറിയുമോ?
അതിദുഃഖത്തോടെ തല കുനിച്ച് നിൽക്കുന്ന മകനെ കാണുമ്പോൾ അവൻ മാനസാന്തരപ്പെട്ടെന്ന്, കാര്യങ്ങൾ വിവേചിക്കാൻ പ്രാപ്തനായ അപ്പനു മനസ്സിലാക്കാൻ കഴിയുന്നുണ്ടാകും. സ്നേഹത്തോടെ മകനെ സ്വീകരിക്കാൻ അപ്പൻ മുൻകൈയെടുക്കുന്നതുകൊണ്ട് കുറ്റങ്ങൾ ഏറ്റുപറയാൻ മകന് കുറെക്കൂടി എളുപ്പമാകുന്നു. “അവൻ പറഞ്ഞു: ‘അപ്പാ, ഞാൻ സ്വർഗത്തോടും അപ്പനോടും പാപം ചെയ്തു. അങ്ങയുടെ മകൻ എന്ന് അറിയപ്പെടാൻ എനിക്ക് ഇനി ഒരു യോഗ്യതയുമില്ല.’”—ലൂക്കോസ് 15:21.
അപ്പൻ വീട്ടിലെ അടിമകൾക്ക് ഈ നിർദേശം കൊടുക്കുന്നു: “വേഗം ചെന്ന് ഏറ്റവും നല്ല കുപ്പായം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കൂ. കൈയിൽ മോതിരവും കാലിൽ ചെരിപ്പും ഇട്ടുകൊടുക്കൂ. കൊഴുത്ത കാളക്കുട്ടിയെ അറുക്കണം. നമുക്കു തിന്നുകുടിച്ച് ആഘോഷിക്കാം. എന്റെ ഈ മകൻ മരിച്ചവനായിരുന്നു. ഇപ്പോൾ ഇവനു ജീവൻ തിരിച്ചുകിട്ടി. ഇവനെ കാണാതെപോയിരുന്നു, ഇപ്പോൾ കണ്ടുകിട്ടി.” എന്നിട്ട്, “അവർ ആനന്ദിച്ചുല്ലസിക്കാൻ” തുടങ്ങുന്നു.—ലൂക്കോസ് 15:22-24.
ഈ സമയത്ത് ആ വീട്ടിലെ മൂത്ത മകൻ വയലിലാണ്. യേശു അവനെക്കുറിച്ച് പറയുന്നു: “അവൻ വീടിന് അടുത്ത് എത്തിയപ്പോൾ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ഒക്കെ ശബ്ദം കേട്ടു. അവൻ ജോലിക്കാരിൽ ഒരാളെ അടുത്ത് വിളിച്ച് കാര്യം തിരക്കി. അയാൾ അവനോടു പറഞ്ഞു: ‘അനിയൻ വന്നിട്ടുണ്ട്. ആപത്തൊന്നും കൂടാതെ മകനെ തിരിച്ചുകിട്ടിയതുകൊണ്ട് അങ്ങയുടെ അപ്പൻ കൊഴുത്ത കാളക്കുട്ടിയെ അറുത്തു.’ ഇതു കേട്ട് അവനു വല്ലാതെ ദേഷ്യം വന്നു. അകത്തേക്കു ചെല്ലാൻ അവൻ കൂട്ടാക്കിയില്ല. അപ്പോൾ അപ്പൻ പുറത്ത് വന്ന് അവനെ എങ്ങനെയെങ്കിലും പറഞ്ഞ് സമ്മതിപ്പിക്കാൻ നോക്കി. എന്നാൽ അവൻ അപ്പനോടു പറഞ്ഞു: ‘എത്രയോ കാലമായി ഞാൻ അപ്പനുവേണ്ടി കഷ്ടപ്പെട്ട് പണിയെടുക്കുന്നു. അപ്പന്റെ വാക്കു ഞാൻ ഒരിക്കൽപ്പോലും ധിക്കരിച്ചിട്ടില്ല. എന്നിട്ടും എന്റെ കൂട്ടുകാരുടെകൂടെ ഒന്ന് ഒത്തുകൂടാൻ അപ്പൻ ഇതുവരെ എനിക്ക് ഒരു ആട്ടിൻകുട്ടിയെപ്പോലും തന്നിട്ടില്ല. എന്നിട്ട് ഇപ്പോൾ, വേശ്യകളുടെകൂടെ അപ്പന്റെ സ്വത്തു തിന്നുമുടിച്ച ഈ മകൻ വന്ന ഉടനെ അപ്പൻ അവനുവേണ്ടി കൊഴുത്ത കാളക്കുട്ടിയെ അറുത്തിരിക്കുന്നു.’”—ലൂക്കോസ് 15:25-30.
ഈ മൂത്ത മകനെപ്പോലെ, സാധാരണക്കാരോടും പാപികളോടും യേശു കരുണയും താത്പര്യവും കാണിക്കുന്നതിനെ വിമർശിക്കുന്നത് ആരാണ്? ശാസ്ത്രിമാരും പരീശന്മാരും. യേശു പാപികളെ സ്വീകരിക്കുന്നതിനെ അവർ വിമർശിച്ചതുകൊണ്ടാണു യേശു ഇങ്ങനെയൊരു ദൃഷ്ടാന്തകഥ പറഞ്ഞത്. ദൈവം കരുണ കാണിക്കുന്നതിനെ വിമർശിക്കുന്ന എല്ലാവരും ഈ ദൃഷ്ടാന്തത്തിലെ പാഠം ഉൾക്കൊള്ളണം.
മൂത്ത മകനോട് അപ്പൻ ഇങ്ങനെ അപേക്ഷിക്കുന്നതായി പറഞ്ഞുകൊണ്ട് യേശു ആ ദൃഷ്ടാന്തം ഉപസംഹരിക്കുന്നു: “മോനേ, നീ എപ്പോഴും എന്റെകൂടെയുണ്ടായിരുന്നല്ലോ. എനിക്കുള്ളതെല്ലാം നിന്റേതല്ലേ? എന്നാൽ നിന്റെ ഈ അനിയൻ മരിച്ചവനായിരുന്നു. ഇപ്പോൾ അവനു ജീവൻ തിരിച്ചുകിട്ടി. അവനെ കാണാതെപോയിരുന്നു, ഇപ്പോഴോ കണ്ടുകിട്ടി. നമ്മൾ ഇത് ആഘോഷിക്കേണ്ടതല്ലേ?”—ലൂക്കോസ് 15:31, 32.
മൂത്തമകൻ അവസാനം എന്തു ചെയ്യുന്നെന്നു യേശു വെളിപ്പെടുത്തുന്നില്ല. എങ്കിലും യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം ‘വലിയൊരു കൂട്ടം പുരോഹിതന്മാർ വിശ്വാസം സ്വീകരിച്ചു.’ (പ്രവൃത്തികൾ 6:7) യേശു പറഞ്ഞ, കാണാതെപോയ മകനെക്കുറിച്ചുള്ള ശക്തമായ ഈ ദൃഷ്ടാന്തം കേട്ട ചിലർപോലും അക്കൂട്ടത്തിൽ ഉണ്ടായിരിക്കാം. അതെ, അവർക്കുപോലും സുബോധത്തിലേക്കു വരാനും മാനസാന്തരപ്പെട്ട് ദൈവത്തിലേക്കു തിരിയാനും കഴിഞ്ഞു.
യേശു പറഞ്ഞ ഈ നല്ല ദൃഷ്ടാന്തത്തിലെ പ്രധാനപ്പെട്ട പാഠങ്ങൾ ശിഷ്യന്മാർ മനസ്സിൽ സൂക്ഷിക്കണമായിരുന്നു. ആദ്യത്തെ പാഠം ഇതാണ്: ‘ഒരു ദൂരദേശത്തെ’ പ്രലോഭനങ്ങളുടെയും ഉല്ലാസങ്ങളുടെയും പിന്നാലെ പോകുന്നതിനു പകരം നമ്മളെ സ്നേഹിക്കുകയും നമുക്കുവേണ്ടി കരുതുകയും ചെയ്യുന്ന നമ്മുടെ പിതാവിന്റെ കരുതലിൻകീഴിൽ ദൈവജനത്തോടൊപ്പം സുരക്ഷിതരായി കഴിയുന്നതു ശരിക്കും എത്ര ജ്ഞാനമാണ്!
രണ്ടാമത്തെ പാഠം: നമ്മളിൽ ആരെങ്കിലും ദൈവത്തിന്റെ വഴിയിൽനിന്ന് വ്യതിചലിച്ചുപോയാൽ വീണ്ടും ദൈവത്തിന്റെ പ്രീതി ലഭിക്കുന്നതിനു സ്വർഗീയപിതാവിലേക്കു നമ്മൾ താഴ്മയോടെ മടങ്ങിവരണം.
ഇനിയുമുണ്ട് പാഠം: അനിയനോട് അമർഷം വെച്ചുകൊണ്ട് അവനെ സ്വീകരിക്കാൻ കൂട്ടാക്കാഞ്ഞ ചേട്ടനിൽനിന്ന് എത്ര വ്യത്യസ്തനാണ് മകനോടു ക്ഷമിച്ച് അവനെ സ്വീകരിക്കാൻ തയ്യാറായ അപ്പൻ! വഴിതെറ്റിപ്പോയ ഒരാൾ ആത്മാർഥമായി പശ്ചാത്തപിച്ച് ‘സ്വർഗീയപിതാവിന്റെ ഭവനത്തിലേക്ക് ’ മടങ്ങിവരുന്നെങ്കിൽ, ആ അപ്പനെപ്പോലെ ദൈവദാസർ അയാളോടു ക്ഷമിക്കുകയും അയാളെ സ്വീകരിക്കുകയും വേണം. ‘മരിച്ചവനും’ ‘കാണാതെപോയവനും’ ആയ നമ്മുടെ സഹോദരന് ‘ഇപ്പോൾ ജീവൻ തിരിച്ചുകിട്ടിയതിലും’ അവനെ ‘ഇപ്പോൾ കണ്ടുകിട്ടിയതിലും’ നമുക്കു സന്തോഷിക്കാം.