അധ്യായം 88
ധനികനും ലാസറിനും വന്ന മാറ്റം
ധനികന്റെയും ലാസറിന്റെയും ദൃഷ്ടാന്തകഥ
ധനത്തിന്റെ ഉപയോഗത്തെക്കുറിച്ച് യേശു തന്റെ ശിഷ്യന്മാർക്കു നല്ല ഉപദേശം നൽകിയതേ ഉള്ളൂ. യേശുവിന്റെ ശിഷ്യന്മാർ മാത്രമല്ല അവിടെയുള്ളത്, പരീശന്മാരുമുണ്ട്. യേശുവിന്റെ ഈ ഉപദേശം അവർ സ്വീകരിക്കേണ്ടതാണ്. എന്തുകൊണ്ട്? കാരണം, അവർ ‘പണക്കൊതിയന്മാരാണ്.’ എന്നാൽ യേശു പറയുന്നതു കേട്ട് അവർ ‘യേശുവിനെ പുച്ഛിക്കാൻ’ തുടങ്ങി.—ലൂക്കോസ് 15:2; 16:13, 14.
യേശു അത് കേട്ട് അവിടം വിട്ട് പോയില്ല. യേശു അവരോട് ഇങ്ങനെ പറഞ്ഞു: “മനുഷ്യരുടെ മുമ്പാകെ നീതിമാന്മാരെന്നു നടിക്കുന്നവരാണു നിങ്ങൾ. എന്നാൽ ദൈവത്തിനു നിങ്ങളുടെ ഹൃദയം അറിയാം. മനുഷ്യരുടെ കണ്ണിൽ ശ്രേഷ്ഠമായതു ദൈവമുമ്പാകെ മ്ലേച്ഛമാണ്.”—ലൂക്കോസ് 16:15.
‘മനുഷ്യരുടെ കണ്ണിൽ ശ്രേഷ്ഠർ’ ആയിരുന്നു പരീശന്മാർ. കാലങ്ങളായി അത് അങ്ങനെയാണ്. എന്നാൽ ഈ സ്ഥിതിവിശേഷം മാറാനുള്ള സമയം ഇപ്പോൾ വന്നിരിക്കുന്നു. ധാരാളം സമ്പത്തുള്ള, രാഷ്ട്രീയാധികാരമുള്ള, മതസ്വാധീനമുള്ള, ശ്രേഷ്ഠരായി കണക്കാക്കപ്പെട്ട അവരെ താഴ്ത്തേണ്ടതാണ്. എന്നാൽ ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുന്ന സാധാരണജനത്തെ ഉയർത്തണം. ഒരു വലിയ മാറ്റം സംഭവിക്കാൻ പോകുന്നെന്ന് യേശുവിന്റെ പിൻവരുന്ന വാക്കുകൾ വ്യക്തമാക്കുന്നു:
“നിയമവും പ്രവാചകവചനങ്ങളും യോഹന്നാൻ വരെയായിരുന്നു. യോഹന്നാന്റെ കാലംമുതൽ ദൈവരാജ്യത്തെക്കുറിച്ചുള്ള കാര്യങ്ങൾ ഒരു സന്തോഷവാർത്തയായി പ്രസംഗിച്ചുവരുന്നു. എല്ലാ തരം ആളുകളും അങ്ങോട്ടു കടക്കാൻ കഠിനശ്രമം ചെയ്യുന്നു. ആകാശവും ഭൂമിയും നീങ്ങിപ്പോയാലും നിയമത്തിലെ ഒരു വള്ളിയോ പുള്ളിയോ നിറവേറാതെപോകില്ല.” (ലൂക്കോസ് 3:18; 16:16, 17) മാറ്റം സംഭവിക്കുമെന്ന് യേശുവിന്റെ ഈ വാക്കുകൾ കാണിക്കുന്നത് എങ്ങനെ?
ജൂതമതനേതാക്കന്മാർ മോശയുടെ നിയമം അനുസരിക്കുന്നവരാണെന്ന് അഭിമാനപൂർവം അവകാശപ്പെട്ടിരുന്നു. ഒരിക്കൽ, അന്ധനായ ഒരാൾക്ക് യരുശലേമിൽവെച്ച് യേശു കാഴ്ച കൊടുത്തപ്പോൾ പരീശന്മാർ അഹങ്കാരപൂർവം പറഞ്ഞത് ഓർക്കുന്നില്ലേ? “ഞങ്ങൾ മോശയുടെ ശിഷ്യന്മാരാണ്. മോശയോടു ദൈവം സംസാരിച്ചിട്ടുണ്ടെന്നു ഞങ്ങൾക്ക് അറിയാം.” (യോഹന്നാൻ 9:13, 28, 29) ദൈവം അവർക്ക് നിയമം നൽകിയതിന്റെ ഒരു ഉദ്ദേശ്യം താഴ്മയുള്ളവരെ മിശിഹയിലേക്കു നയിക്കുക എന്നതായിരുന്നു, അതായത് യേശുവിലേക്ക്. ആ യേശുവിനെ ദൈവത്തിന്റെ കുഞ്ഞാടായി സ്നാപകയോഹന്നാൻ പരിചയപ്പെടുത്തുകയും ചെയ്തു. (യോഹന്നാൻ 1:29-34) യോഹന്നാന്റെ ശുശ്രൂഷമുതൽ ‘ദൈവരാജ്യത്തെക്കുറിച്ചുള്ള’ പ്രസംഗപ്രവർത്തനം തുടങ്ങി. താഴ്മയുള്ള ജൂതന്മാർ, പ്രത്യേകിച്ച് ദരിദ്രരിൽപ്പെട്ട താഴ്മയുള്ളവർ, അതിനു ശ്രദ്ധകൊടുത്തു. ദൈവരാജ്യത്തിന്റെ പ്രജകളായിരിക്കാനും ആ രാജ്യത്തിൽനിന്ന് പ്രയോജനം നേടാനും ആഗ്രഹിക്കുന്ന എല്ലാവർക്കും ഉള്ളതായിരുന്നു ഈ “സന്തോഷവാർത്ത.”
മോശയുടെ നിയമം നിറവേറാതെ പോയില്ല. ജൂതന്മാരെ അത് മിശിഹയിലേക്ക് നയിച്ചു. എന്നാൽ താമസിയാതെ അത് അനുസരിക്കാനുള്ള കടപ്പാട് അവസാനിക്കും. ഉദാഹരണത്തിന്, പല കാരണങ്ങൾ പറഞ്ഞ് വിവാഹമോചനം ചെയ്യാൻ മോശയുടെ നിയമം അനുവദിച്ചിരുന്നു. എന്നാൽ യേശു പറഞ്ഞത് ഇങ്ങനെയാണ്: “ഭാര്യയെ വിവാഹമോചനം ചെയ്ത് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു. വിവാഹമോചിതയെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.” (ലൂക്കോസ് 16:18) തൊട്ടതിനും പിടിച്ചതിനും നിയമത്തിൽ കടിച്ചുതൂങ്ങുന്ന പരീശന്മാരെ യേശുവിന്റെ ഈ പ്രസ്താവന എന്തുമാത്രം പ്രകോപിപ്പിച്ചിരിക്കണം!
നടന്നുകൊണ്ടിരിക്കുന്ന വലിയ മാറ്റത്തിന്റെ വ്യാപ്തി മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു ദൃഷ്ടാന്തകഥ യേശു ഇപ്പോൾ പറയുന്നു. രണ്ടു പേരെക്കുറിച്ചുള്ളതാണ് ഈ കഥ. അവരുടെ അവസ്ഥ നാടകീയമായ വിധത്തിൽ മാറുന്നു. ഈ കഥ വായിക്കുമ്പോൾ, ഒരു കാര്യം ഓർക്കുക. മനുഷ്യരുടെ പുകഴ്ച നേടുന്ന പണക്കൊതിയന്മാരായ പരീശന്മാരുമുണ്ട് യേശുവിന്റെ ഈ കഥ കേൾക്കാൻ.
യേശു പറഞ്ഞുതുടങ്ങുന്നു: “ധനികനായ ഒരു മനുഷ്യനുണ്ടായിരുന്നു. അയാൾ വില കൂടിയ പർപ്പിൾവസ്ത്രങ്ങളും ലിനൻവസ്ത്രങ്ങളും ധരിച്ച് ആഡംബരത്തോടെ സുഖിച്ചുജീവിച്ചു. എന്നാൽ ദേഹമാസകലം വ്രണങ്ങൾ നിറഞ്ഞ, ലാസർ എന്നു പേരുള്ള ഒരു യാചകനെ ഈ ധനികന്റെ പടിവാതിൽക്കൽ ഇരുത്താറുണ്ടായിരുന്നു. ധനികന്റെ മേശപ്പുറത്തുനിന്ന് വീഴുന്നതുകൊണ്ട് വിശപ്പടക്കാമെന്ന ആഗ്രഹത്തോടെ ലാസർ അവിടെ ഇരിക്കും. അപ്പോൾ നായ്ക്കൾ വന്ന് ലാസറിന്റെ വ്രണങ്ങൾ നക്കും.”—ലൂക്കോസ് 16:19-21.
ഈ കഥയിൽ ‘ധനികനായ മനുഷ്യൻ’ എന്ന് പറഞ്ഞപ്പോൾ പണക്കൊതിയന്മാരായ പരീശന്മാരെത്തന്നെയാണു യേശു ഉദ്ദേശിച്ചത്. വില കൂടിയ വിശേഷവസ്ത്രങ്ങൾ ധരിച്ച് നടക്കാൻ പ്രിയപ്പെടുന്നവരാണ് ഈ ജൂതമതനേതാക്കന്മാർ. അവർക്കുള്ള സമ്പത്തിനു പുറമേ അവർക്ക് വലിയ സ്ഥാനമാനങ്ങളും അവസരങ്ങളും ഉണ്ടായിരുന്നു. ആ രീതിയിലും അവർ സമ്പന്നരായിരുന്നു. പർപ്പിൾ നിറമുള്ള വസ്ത്രം സമൂഹത്തിലെ അവരുടെ ഉന്നതസ്ഥാനത്തെയും വെള്ള നിറമുള്ള ലിനൻവസ്ത്രം അവരുടെ സ്വയനീതിയെയും ആണ് പ്രതീകപ്പെടുത്തിയത്.—ദാനിയേൽ 5:7.
പണക്കൊതിയന്മാരും അഹങ്കാരികളും ആയ ഈ നേതാക്കന്മാർ ദരിദ്രരും സാധാരണക്കാരും ആയ ആളുകളെ എങ്ങനെയാണ് വീക്ഷിച്ചിരുന്നത്? പരീശന്മാർ അത്തരം ആളുകളെ അംഹാരെറ്റ്സ്, നിലത്തെ (ഭൂമിയിലെ) ആളുകൾ, എന്നു വിളിച്ചുകൊണ്ട് അവജ്ഞയോടെയാണ് വീക്ഷിച്ചിരുന്നത്. സാധാരണക്കാർക്ക് മോശയുടെ നിയമം അറിയില്ല എന്നു മാത്രമല്ല അതു പഠിക്കാനുള്ള അർഹതയും അവർക്കില്ല എന്നു പരീശന്മാർ ചിന്തിച്ചു. (യോഹന്നാൻ 7:49) ഈ സാഹചര്യത്തെ നന്നായി ചിത്രീകരിക്കുന്നതാണ് ‘ലാസർ എന്നു പേരുള്ള ഒരു യാചകന്റെ അവസ്ഥ.’ അയാൾ “ധനികന്റെ മേശപ്പുറത്തുനിന്ന് ” വീഴുന്നതുകൊണ്ടാണ് വിശപ്പടക്കുന്നത്. ദേഹമാസകലം വ്രണങ്ങൾ നിറഞ്ഞ ലാസറിനെപ്പോലെ സാധാരണക്കാരായ ജനം ആത്മീയ രോഗാവസ്ഥയിലാണെന്ന് മുദ്രകുത്തി പരീശന്മാർ അവരെ പുച്ഛത്തോടെ വീക്ഷിച്ചു.
കുറച്ച് നാളായി ഈ സാഹചര്യം തുടരുന്നു. പക്ഷേ ധനികനെപ്പോലെയും ലാസറിനെപ്പോലെയും ഉള്ളവർക്ക് അവരുടെ ജീവിതത്തിൽ വലിയ ഒരു മാറ്റത്തിനുള്ള സമയം വന്നെത്തിയെന്ന് യേശുവിന് അറിയാം.
ധനികനും ലാസറിനും വന്ന വലിയ മാറ്റം
ധനികന്റെയും ലാസറിന്റെയും ജീവിതത്തിൽ ഉണ്ടായ നാടകീയമായ മാറ്റത്തെക്കുറിച്ച് യേശു പറയുന്നു: “അങ്ങനെയിരിക്കെ ഒരു ദിവസം ആ യാചകൻ മരിച്ചു. ദൂതന്മാർ അയാളെ എടുത്തുകൊണ്ടുപോയി അബ്രാഹാമിന്റെ അടുത്ത് ഇരുത്തി. ധനികനും മരിച്ചു. അയാളെ അടക്കം ചെയ്തു. ശവക്കുഴിയിൽ ദണ്ഡനത്തിലായിരിക്കെ അയാൾ മുകളിലേക്കു നോക്കി, അങ്ങു ദൂരെ അബ്രാഹാമിനെയും അബ്രാഹാമിന്റെ അടുത്ത് ലാസറിനെയും കണ്ടു.”—ലൂക്കോസ് 16:22, 23.
യേശുവിനെ ശ്രദ്ധിക്കുന്നവർക്ക് അറിയാം, അബ്രാഹാം മരിച്ചിട്ട് ഒരുപാട് നാളായെന്ന്. അബ്രാഹാം ഉൾപ്പെടെ ശവക്കുഴിയിലായിരിക്കുന്ന ആർക്കും കാണാനോ സംസാരിക്കാനോ കഴിയില്ലെന്ന് തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. (സഭാപ്രസംഗകൻ 9:5, 10) പിന്നെ യേശു എന്താണ് ഈ പറയുന്നതെന്ന് പരീശന്മാർ ചിന്തിച്ചിരിക്കാം. സാധാരണക്കാരെയും പണക്കൊതിയന്മാരായ മതനേതാക്കന്മാരെയും കുറിച്ച് യേശു എന്തായിരിക്കാം ഉദ്ദേശിച്ചത്?
“നിയമവും പ്രവാചകവചനങ്ങളും യോഹന്നാൻ വരെയായിരുന്നു. യോഹന്നാന്റെ കാലംമുതൽ ദൈവരാജ്യത്തെക്കുറിച്ചുള്ള കാര്യങ്ങൾ ഒരു സന്തോഷവാർത്തയായി പ്രസംഗിച്ചുവരുന്നു” എന്ന് പറഞ്ഞുകൊണ്ട് യേശു ഒരു മാറ്റത്തെക്കുറിച്ച് കുറച്ച് മുമ്പ് സൂചിപ്പിച്ചതേ ഉള്ളൂ. യോഹന്നാന്റെയും യേശുക്രിസ്തുവിന്റെയും പ്രസംഗപ്രവർത്തനത്തോടെയാണ് ധനവാനും ലാസറും ആലങ്കാരികമായി ‘മരിക്കുന്നത്,’ അതായത് അവരുടെ മുമ്പിലത്തെ സാഹചര്യം മാറി ദൈവത്തോടുള്ള ബന്ധത്തിൽ അവർ പുതിയ സ്ഥാനങ്ങളിലാകുന്നു.
വ്യക്തമായി പറഞ്ഞാൽ, താഴ്മയുള്ള ദരിദ്രവിഭാഗം നാളുകളായി ആത്മീയപോഷണം ലഭിക്കാത്ത അവസ്ഥയിലായിരുന്നു. എന്നാൽ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത സ്നാപകയോഹന്നാനും, പിന്നീട് യേശുവും അറിയിച്ചപ്പോൾ അവർക്ക് വേണ്ട ആത്മീയപോഷണം ലഭിച്ചു. അവരിൽ പലരും ആ സന്ദേശത്തോട് അനുകൂലമായി പ്രതികരിച്ചു. മുമ്പ് അവർക്ക് മതനേതാക്കന്മാരുടെ ‘ആത്മീയ മേശപ്പുറത്തുനിന്ന് വീഴുന്നതുകൊണ്ട് ’ തൃപ്തിയടയണമായിരുന്നു. എന്നാൽ ഇപ്പോൾ യേശു വിശദീകരിക്കുന്ന അത്ഭുതകരമായ കാര്യങ്ങളിലൂടെ അവർക്ക് പ്രധാനപ്പെട്ട തിരുവെഴുത്തുസത്യങ്ങൾ ലഭിക്കുന്നു. അങ്ങനെ ഒടുവിൽ അവർ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ ഒരു ഉന്നതമായ സ്ഥാനത്തേക്ക് വന്നതുപോലെയായി.
ഇതിനു നേർവിപരീതമായി, സമൂഹത്തിൽ നല്ല സ്വാധീനമുള്ള സമ്പന്നരായ മതനേതാക്കന്മാർ യോഹന്നാൻ ഘോഷിച്ചതും ദേശമൊട്ടാകെ ഇപ്പോൾ യേശു പ്രസംഗിക്കുന്നതും ആയ ദൈവരാജ്യസന്ദേശം സ്വീകരിക്കാൻ വിസമ്മതിക്കുന്നു. (മത്തായി 3:1, 2; 4:17) മാത്രമല്ല ദൈവത്തിൽനിന്നുള്ള ശക്തമായ ആ ന്യായവിധിസന്ദേശം അവരെ ദണ്ഡിപ്പിക്കുകപോലും ചെയ്തു, അതായത് അവരെ പ്രകോപിപ്പിച്ചു. (മത്തായി 3:7-12) യേശുവും ശിഷ്യന്മാരും ഈ സന്ദേശം പ്രസംഗിക്കുന്നത് നിറുത്തുകയാണെങ്കിൽ അത് പണക്കൊതിയന്മാരായ മതനേതാക്കന്മാർക്ക് ഒരു ആശ്വാസമായിരിക്കും. ദൃഷ്ടാന്തത്തിലെ ധനികനെപ്പോലെയാണ് ആ നേതാക്കന്മാർ. അവർ ഇങ്ങനെ പറയുന്നു: “അബ്രാഹാം പിതാവേ, എന്നോടു കരുണ തോന്നി ലാസറിനെ ഒന്ന് അയയ്ക്കേണമേ. ലാസർ വിരൽത്തുമ്പു വെള്ളത്തിൽ മുക്കി എന്റെ നാവ് തണുപ്പിക്കട്ടെ. ഞാൻ ഈ തീജ്വാലയിൽ കിടന്ന് യാതന അനുഭവിക്കുകയാണല്ലോ.”—ലൂക്കോസ് 16:24.
പക്ഷേ അവർ ആഗ്രഹിക്കുന്നതുപോലെ സംഭവിക്കില്ല. കാരണം മിക്ക മതനേതാക്കന്മാരും മാറ്റം വരുത്താൻ തയ്യാറല്ലായിരുന്നു. അവർ ‘മോശയുടെയും പ്രവാചകന്മാരുടെയും വാക്കു കേൾക്കാൻ’ കൂട്ടാക്കിയില്ല. ആ ദൈവപ്രചോദിതമായ കാര്യങ്ങൾ അറിയാമായിരുന്ന മതനേതാക്കന്മാർ, യേശുവിനെ ദൈവത്തിന്റെ മിശിഹയായും രാജാവായും അംഗീകരിക്കണമായിരുന്നു. (ലൂക്കോസ് 16:29, 31; ഗലാത്യർ 3:24) അവർക്കു താഴ്മയും ഇല്ല. യേശുവിനെ സ്വീകരിച്ച് ദൈവപ്രീതിയിലേക്കു വന്ന ദരിദ്രരായ ആളുകൾ പറയുന്നതു കേൾക്കാൻ അവർക്കു മനസ്സുണ്ടായിരുന്നില്ല. എന്നാൽ മതനേതാക്കന്മാരെ തൃപ്തിപ്പെടുത്തുന്നതിനും ആശ്വസിപ്പിക്കുന്നതിനും വേണ്ടി യേശുവിന്റെ ശിഷ്യന്മാർക്കു ചില വിട്ടുവീഴ്ചകൾ ചെയ്യാനോ സത്യത്തിൽ വെള്ളം ചേർക്കാനോ പറ്റില്ല. ഈ സത്യാവസ്ഥ വ്യക്തമാക്കുന്നതാണ് യേശുവിന്റെ ദൃഷ്ടാന്തത്തിൽ ‘അബ്രാഹാം പിതാവ് ’ ധനികനോടു പറഞ്ഞ വാക്കുകൾ:
“മകനേ, ഓർക്കുക. നിന്റെ ആയുഷ്കാലത്ത് നീ സകല സുഖങ്ങളും അനുഭവിച്ചു; ലാസറിനാകട്ടെ എന്നും കഷ്ടപ്പാടായിരുന്നു. ഇപ്പോഴോ ലാസർ ഇവിടെ ആശ്വസിക്കുന്നു; നീ യാതന അനുഭവിക്കുന്നു. അതു മാത്രമല്ല, ഞങ്ങൾക്കും നിങ്ങൾക്കും ഇടയിൽ വലിയൊരു ഗർത്തവുമുണ്ട്. അതുകൊണ്ട് ഇവിടെനിന്ന് ആരെങ്കിലും നിങ്ങളുടെ അടുത്തേക്കു വരാമെന്നുവെച്ചാൽ അതിനു കഴിയില്ല. അവിടെനിന്നുള്ളവർക്കു ഞങ്ങളുടെ അടുത്തേക്കും വരാൻ പറ്റില്ല.”—ലൂക്കോസ് 16:25, 26.
നാടകീയമായ ഇത്ര വലിയൊരു മാറ്റം എത്ര ന്യായവും ഉചിതവും ആയിരുന്നു! അഹങ്കാരികളായ മതനേതാക്കന്മാരുടെയും യേശുവിന്റെ നുകം ഏറ്റെടുത്ത താഴ്മയുള്ളവരുടെയും സ്ഥാനങ്ങൾ മാറിമറിഞ്ഞിരിക്കുന്നു. യേശുവിന്റെ നുകം ഏറ്റെടുത്തിരിക്കുന്നവർ ആത്മീയമായി നവോന്മേഷിതരും പോഷിപ്പിക്കപ്പെട്ടവരും ആയിത്തീർന്നു. (മത്തായി 11:28-30) ഈ വലിയ മാറ്റം ഏതാനും മാസങ്ങൾക്കുള്ളിൽ കൂടുതൽ വ്യക്തമാകുമായിരുന്നു, നിയമ ഉടമ്പടി മാറി പുതിയ ഉടമ്പടി വരുമ്പോൾ. (യിരെമ്യ 31:31-33; കൊലോസ്യർ 2:14; എബ്രായർ 8:7-13) ദൈവത്തിന്റെ അംഗീകാരം പരീശന്മാർക്കും അവരുടെ കൂട്ടാളികൾക്കും അല്ല, യേശുവിന്റെ ശിഷ്യന്മാർക്കുതന്നെയാണെന്ന് എ.ഡി. 33 പെന്തിക്കോസ്ത് ദിവസത്തിൽ വ്യക്തമാകുമായിരുന്നു. കാരണം അന്ന് ദൈവം യേശുവിന്റെ ശിഷ്യന്മാർക്ക് പരിശുദ്ധാത്മാവിനെ പകർന്നു.