പഠനചതുരം 19ബി
ഒരു അരുവി വൻ ജലപ്രവാഹമാകുന്നു!
യഹോവയുടെ വിശുദ്ധമന്ദിരത്തിൽനിന്ന് അല്പാല്പമായി ഒഴുകിത്തുടങ്ങുന്ന ചെറിയ അരുവി വെറും ഒരു മൈൽ ദൂരം പിന്നിട്ടപ്പോഴേക്കും നല്ല ആഴമുള്ള വൻ ജലപ്രവാഹമായി മാറുന്ന അത്ഭുതകരമായ കാഴ്ച യഹസ്കേൽ കണ്ടു. നദീതീരത്ത് തഴച്ചുവളരുന്ന വൃക്ഷങ്ങൾ ഭക്ഷണത്തിനും രോഗശാന്തിക്കും ഉപകരിക്കുന്നവയായിരുന്നു. എന്തായിരുന്നു ഇതിന്റെയെല്ലാം അർഥം?
അനുഗ്രഹങ്ങൾ ചൊരിയുന്ന നദി
പുരാതനകാലം: മാതൃദേശത്ത് തിരികെ എത്തിയ പ്രവാസികൾ ദേവാലയത്തിലെ ശുദ്ധാരാധന പുനഃസ്ഥാപിക്കാനായി പ്രവർത്തിച്ചപ്പോൾ അവരിലേക്ക് അനുഗ്രഹങ്ങൾ ഒഴുകിയെത്തി
ആധുനികകാലം: 1919-ൽ ശുദ്ധാരാധന പുനഃസ്ഥാപിക്കപ്പെട്ടു; അപ്പോൾമുതൽ ദൈവത്തിന്റെ വിശ്വസ്തസേവകരിലേക്ക് ആത്മീയാനുഗ്രഹങ്ങൾ മുമ്പെന്നത്തെക്കാൾ അധികമായി ഒഴുകിയെത്താൻതുടങ്ങി
ഭാവികാലം: അർമഗെദോനു ശേഷം യഹോവയിൽനിന്ന് ആത്മീയാനുഗ്രഹങ്ങൾക്കു പുറമേ ഭൗതികാനുഗ്രഹങ്ങളും ഒഴുകിയെത്തും
ജീവൻ പകരുന്ന ജലം
പുരാതനകാലം: അനുസരണമുള്ള തന്റെ ജനം എണ്ണത്തിൽ പെരുകിയപ്പോഴും യഹോവ സമൃദ്ധമായി അവരെ അനുഗ്രഹിച്ചു; അങ്ങനെ അവർ ആത്മീയമായി തഴച്ചുവളർന്നു
ആധുനികകാലം: വളർന്നുവികസിച്ചുകൊണ്ടിരിക്കുന്ന ആത്മീയപറുദീസയിൽ കഴിയുന്നവരുടെ സംഖ്യ അടിക്കടി വർധിക്കുന്നതനുസരിച്ച് യഹോവ അവർക്കു നൽകുന്ന ആത്മീയാനുഗ്രഹങ്ങളും വർധിച്ചിരിക്കുന്നു; അങ്ങനെ ഒരു ആത്മീയാർഥത്തിൽ അവർ ജീവനിലേക്കു വന്നിരിക്കുന്നു
ഭാവികാലം: പുനരുത്ഥാനപ്പെട്ട് വരുന്ന ദശലക്ഷങ്ങൾ, അർമഗെദോനെ അതിജീവിക്കുന്നവരോടൊപ്പം ചേരും; അവർക്കെല്ലാം യഹോവയിൽനിന്ന് സമൃദ്ധമായ അനുഗ്രഹങ്ങൾ ലഭിക്കും
ഭക്ഷണത്തിനും രോഗശാന്തിക്കും ഉപകരിക്കുന്ന വൃക്ഷങ്ങൾ
പുരാതനകാലം: മാതൃദേശത്ത് തിരികെ എത്തിയ തന്റെ വിശ്വസ്തജനത്തെ യഹോവ ഒരു ആത്മീയാർഥത്തിൽ പോഷിപ്പിച്ചു; ഏറെ കാലമായി അവരെ ബാധിച്ചിരുന്ന ആത്മീയരോഗവും യഹോവ സുഖപ്പെടുത്തി
ആധുനികകാലം: ഇന്നത്തെ ലോകം ആത്മീയാർഥത്തിൽ രോഗത്തിന്റെയും പട്ടിണിയുടെയും പിടിയിലാണെങ്കിലും അതിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന സമൃദ്ധമായ ആത്മീയഭക്ഷണം ലഭ്യമാണ്
ഭാവികാലം: ക്രിസ്തുവും 1,44,000 സഹഭരണാധികാരികളും അനുസരണമുള്ള മനുഷ്യവർഗത്തെ പൂർണതയിലേക്കു കൈപിടിച്ചുയർത്തും; അങ്ങനെ അവർ നല്ല ആരോഗ്യത്തോടെയും ഓജസ്സോടെയും എന്നെന്നും ജീവിക്കും!