അപ്പോക്കാലിപ്സിലെ നിഗൂഢ കുതിരകൾ
പാറിപ്പറക്കുന്ന വാലും കുഞ്ചിരോമവും വിടർന്ന നാസികകളുമായി ഒരു വൻപാറച്ചെരുവിലൂടെ കുതിക്കുന്ന കുതിരയെ നിങ്ങൾ കൗതുകപൂർവ്വം നിരീക്ഷിക്കുന്നു. ദൃഢകായനായ സവാരിക്കാരൻ അതിന്റെ മുതുകത്ത് പററിച്ചേർന്നിരിക്കുന്നത് കണ്ടാൽ തോന്നും ചലിച്ചുകൊണ്ടിരിക്കുന്ന ആ തുടിക്കുന്ന അശ്വകായത്തിന്റെ ഭാഗമാണയാൾ എന്ന്.
ആസ്ത്രേലിയൻ ഉന്നതതടങ്ങളിലെ ഒരു കാലിവളർത്തു കേന്ദ്രമോ പകുതിലോകമപ്പുറമുള്ള അമേരിക്കൻ കുതിരാലയത്തിന്റെ മേടുകളോ സന്ദർശിച്ചാൽ അശ്വാരോഹണം നന്നായി വശമുള്ള ഒരു കുതിരക്കാരനെ കാണുക തീർച്ചയായും കൗതുകകരമായിരിക്കും. ഉയർന്ന പരിശീലനം സിദ്ധിച്ച കുതിരകളുടെയും കുതിരക്കാരുടെയും പരേഡിന്റെ പകിട്ടും തുല്യമായ വിധം കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ്.
അത്തരം കുതിരകളും കുതിരക്കാരും നമ്മുടെ മനം കവരുന്നുണ്ട്. എന്നാൽ വെളിപ്പാട് പുസ്തകത്തിന്റെ [അപ്പോക്കാലിപ്സിന്റെ] എഴുത്തുകാരൻ ദർശിച്ച കുതിരകളുടെയും അവയുടെ കുതിരക്കാരുടെയും ദൃശ്യം ഉദ്വേഗജനകമായ ഒരു കാഴ്ചയാണ്! അവ ഭയങ്കരവും നിഗൂഢവും ആണ്. ഈ കുതിരക്കാരാണ് അപ്പോക്കാലിപ്സിലെ കുതിരക്കാർ എന്ന് വ്യാപകമായി അറിയപ്പെടുന്നത്.
ഇപ്പോൾ നിങ്ങളുടെ അരികിലേക്ക് നാല് കുതിരക്കാർ, അവരിലൊരാൾ വാൾ ചുഴററിക്കൊണ്ടും കൊടുംങ്കാററുപോലെ പാഞ്ഞടുക്കുന്നതായി വിഭാവന ചെയ്യുക! അവരുടെ കുതിരകളുടെ വർണ്ണം നോക്കുക. ഓരോന്നും ഒന്നോടൊന്ന് ഭിന്നമാണ്. ഒരു കുതിര വെളുത്തതും ഒന്നു ചുവന്നതും ഒന്നു കറുത്തതും ഒന്നു പച്ചകലർന്നമഞ്ഞ എന്ന രോഗാതുരവർണ്ണത്തോട് കൂടിയതും ആണ്. അവ തികച്ചും അസാധാരണവും നിഗൂഢവുമായ ഒരു ദൃശ്യം കാഴ്ചവെക്കുന്നു.
ബൈബിൾ എഴുത്തുകാരനായ യോഹന്നാൻ അപ്പോസ്തലൻ കണ്ട ദൃശ്യത്തിന്റെ ഗതിവേഗമേറിയ വൃത്താന്തം പിൻതുടരുക. അവൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “അനന്തരം ഞാൻ ഒരു വെളുത്ത കുതിരയെ കണ്ടു. അതിന്റെ സവാരിക്കാരൻ ഒരു വില്ലു വഹിച്ചിരുന്നു. അവന് ഒരു കീരിടവും നൽകപ്പെട്ടു. അവൻ ഒരു ജയശാലിയെപ്പോലെ കീഴടക്കാൻ പുറപ്പെട്ടു. . . . മറെറാരു കുതിരയും മുമ്പോട്ട് വന്നു, ചുവന്ന് തിളങ്ങുന്നത്, അതിന്റെ സവാരിക്കാരന് ഭൂമിയിൽ നിന്ന് സമാധാനം എഴുത്തുകളയുന്നതിനും മനുഷ്യരെ അന്യോന്യം കൊല്ലിക്കുന്നതിനും അധികാരം ലഭിച്ചിരുന്നു; അവന് ഒരു വലിയ വാളും നൽകപ്പെട്ടു. . . . കൂടാതെ അതാ, ഞാൻ ഒരു കറുത്ത കുതിരയെ കണ്ടു, അതിന്റെ സവാരിക്കാരന് തന്റെ കൈയിൽ ഒരു ത്രാസ്സുണ്ടായിരുന്നു, ഞാൻ ഇങ്ങനെ പറയുന്നതായി കേൾക്കുകയും ചെയ്തു . . . ‘[ഒരു ദിവസത്തെ കൂലിക്ക്] ഒരിടങ്ങഴി കോതമ്പ്, ഒരു [ദിവസത്തെ കൂലിക്ക്] . . . മൂന്നിടങ്ങഴി യവം . . . തുടർന്നതാ ഞാൻ ഒരു ചാരനിറമുള്ള കുതിരയെ കണ്ടു, അതിൻമേൽ സവാരി ചെയ്യുന്നവന് മരണം എന്നു പേർ. ഹേഡിസ് അവനെ പിന്തുടർന്നു. വാൾ കൊണ്ടും ക്ഷാമം കൊണ്ടും മരണം കൊണ്ടും ഭൂമിയിലെ കാട്ടു മൃഗങ്ങളെക്കൊണ്ടും ജനങ്ങളെ കൊല്ലുവാൻ തക്കവണ്ണം അവർക്ക് ഭൂമിയുടെ കാൽ അംശത്തിൻമേൽ അധികാരം ലഭിച്ചു.”—വെളിപ്പാട് 6:2-8 ഒരു അമേരിക്കൻ ഭാഷാന്തരം.
ഈ ദർശനം ആദ്യമായി എഴുതപ്പെട്ട കാലം മുതൽക്ക് തന്നെ അതിന്റെ അർത്ഥം വായനക്കാരിൽ അസംഖ്യം പേരെ കുഴക്കിയിട്ടുണ്ട്. ഈ നിഗൂഢ കുതിരക്കാരും അവരുടെ കുതിരകളും എന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത്? അവയുടെ സവാരി എന്ന് തുടങ്ങി? അവരുടെ സവാരിക്ക് ഇന്നത്തെ ജീവിതവുമായി എന്തെങ്കിലും ബന്ധം ഉണ്ടോ? കുതിരകളാലും കുതിരക്കാരാലും പ്രതിനിധാനം ചെയ്യപ്പെടാനിടയുള്ളതെന്തെന്നും അവരുടെ സവാരി യഥാർത്ഥത്തിൽ എന്നു നടത്തപ്പെടും എന്നുമുള്ളതിന് വിശദീകരണങ്ങളുടെ ഒരു വൈവിധ്യം തന്നെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
വെളുത്ത കുതിരയെയും കുതിരക്കാരനെയും പററിയുള്ള വിശദീകരണത്തിലാണ് ഏററവും വലിയ വ്യത്യാസം കാണുന്നത്. ദൃഷ്ടാന്തത്തിന്, വെളുത്ത കുതിര ‘ഒന്നുകിൽ സുവിശേഷത്തിന്റെയോ അല്ലെങ്കിൽ സാമ്രാജ്യത്വത്തിന്റെയോ വിജയത്തെ’ ആണ് പ്രതിനിധീകരിക്കുന്നത് എന്നാണ് ദി ന്യൂ കാത്തലിക് എൻസൈക്ലോപ്പീഡിയ വിശദീകരിക്കുന്നത്.
ദാനിയേലും വെളിപ്പാടും എന്ന പുസ്തകത്തിൽ ഊരിയ സ്മിത്ത് എന്നദ്ദേഹം പിൻവരുന്ന വ്യാഖ്യാനം നൽകുന്നു: “ഒരു വെളുത്ത കുതിര ഒന്നാം നൂററാണ്ടിലെ . . . സുവിശേഷ വിജയങ്ങളുടെ യുക്തമായ പ്രതീകം ആയിരുന്നു . . . കുതിരയുടെ വെളുപ്പ് ആ യുഗത്തിലെ വിശ്വാസത്തിന്റെ പരിശുദ്ധിയെ ആണ് സൂചിപ്പിക്കുന്നത്.”
ദി എക്സ്പോസിറേറഴ്സ് ബൈബിൾ ഇങ്ങനെ പറയുന്നു: “ഒന്നാം കുതിരയിലൂടെ ക്രിസ്തു എന്ന വ്യക്തിയെ അല്ല പിന്നെയോ ക്രിസ്ത്യൻ ആദർശത്തെയും അതിന്റെ ആദിമകാലത്തെ വിജയകരമായ പുരോഗതിയെയും അതിന്റെ ഭാവി വിജയത്തിൻ വാഗ്ദാനത്തെയും ആണ് നമ്മുടെ മുമ്പാകെ അവതരിപ്പിക്കുന്നത്. . . . ഈ ആദർശം ലോകത്തുണ്ടെന്നും ഈ രാജ്യം നമ്മുടെ മദ്ധ്യേ ഉണ്ടെന്നും ഇതിനെ എതിർക്കുന്നവരെ പരാജയം ഗ്രസിച്ചുകളയും എന്നും ഞങ്ങൾ അറിയുന്നു” പക്ഷെ ക്രിസ്ത്യൻ ജ്യൂ ഫൌണ്ടേഷന്റെ വുഡ്രോ ക്രോർ എന്ന ദേഹത്തിന് തോന്നുന്നത് വെള്ളകുതിരപ്പുറത്തെ കുതിരക്കാരൻ എതിർക്രിസ്തു ആണെന്നാണ്.
കുതിരകളും കുതിരക്കാരും നാലല്ല അഞ്ചാണ് എന്നു ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുകൊണ്ട്, ഈ അനേക വ്യാഖ്യാനങ്ങളിൽ ഏതാണ് ശരി എന്നു നാം എങ്ങനെ അറിയും? ഒരു ശരിയായ ഗ്രാഹ്യം ഉണ്ടെന്ന് നമുക്ക് എങ്ങനെ ഉറപ്പാക്കാം? ഈ വെളിപ്പാടിലെ നിഗൂഢ കുതിരക്കാർ ആരാണ്? അവരുടെ സവാരി എപ്പോൾ തുടങ്ങി? (w86 1/1)