കുതിരക്കാരുടെ മർമ്മത്തിൻ പൊരുൾ തിരിക്കൽ
അപ്പോക്കാലിപ്സിലെ കുതിരക്കാരുടെ മർമ്മത്തിൻ പൊരുൾ തിരിക്കാൻ ആർക്കാണ് കഴിയുക? ബൈബിളിൽ ദാനിയേൽ 2:47-ൽ യഹോവയാം ദൈവത്തെ “രഹസ്യങ്ങൾ വെളിപ്പെടുത്തുന്നവൻ” എന്ന് വിളിച്ചിരിക്കുന്നു. കുതിരക്കാരുടെ ദർശനം അടങ്ങുന്ന ബൈബിൾ നിശ്വസ്തമാക്കിയ ഒരുവൻ അവനായതുകൊണ്ട് നമുക്കാവശ്യമായ ഉത്തരങ്ങൾ നൽകാൻ അവന് കഴിയും. അതുകൊണ്ട് വിവരത്തിനായി അവന്റെ വെളിപ്പെടുത്തപ്പെട്ട വചനത്തിൽ അന്വേഷിക്കുന്നതിലൂടെ ആ ഭിന്ന വർണ്ണങ്ങളോടുകൂടിയ കുതിരകളുടെയും അവയുടെ സവാരിക്കാരുടെയും അർത്ഥത്തിന്റെ ചുരുളഴിക്കാൻ നമുക്ക് കഴിയും.—ആമോസ് 3:7; 2 തിമൊഥെയോസ് 3:16; 2 പത്രോസ് 1:21.
വെളിപ്പാടിന്റെ അഥവാ അപ്പോക്കാലിപ്സിന്റെ ആദ്യമൂന്നു വാക്യങ്ങൾ മർമ്മത്തിന്റെ പൂട്ടു തുറക്കാൻ സഹായിക്കുന്ന താക്കോൽ നമുക്ക് നൽകുന്നു. അവ കാണിക്കുന്നത് ഈ ദർശനപരമ്പരക്ക് യോഹന്നാൻ അപ്പോസ്തലൻ ഈ കാര്യങ്ങളെല്ലാം കാണുകയും എഴുതുകയും ചെയ്ത ക്രി. വ. 96 എന്ന വർഷത്തിനിപ്പുറമുള്ള ഭാവികാലവുമായിട്ടാണ് ബന്ധമുള്ളത് എന്നാണ്. “കർത്താവിന്റെ ദിവസം” ആരംഭിച്ചതിന് ശേഷം സംഭവിക്കാനുള്ളതാണ് ഈ ദർശനങ്ങളിലെ സംഗതികളെല്ലാം എന്ന വെളിപ്പാട് 1:10-ലെ പ്രസ്താവനയോട് ഇത് യോജിക്കുന്നു.—1 കൊരിന്ത്യർ 1:8, 5:5 ഇവ താരതമ്യം ചെയ്യുക.
ഇത് മനസ്സിൽ പിടിച്ചുകൊണ്ട് നമുക്ക് കുതിരകളെയും സവാരി ചെയ്യുന്നവരെയും പരിശോധിക്കാം. വെള്ളക്കുതിരയെയും കുതിരക്കാരനെയും കുറിച്ച് തുടക്കത്തിലേതന്നെ ശരിയായ ഗ്രാഹ്യം ഉണ്ടായിരിക്കുക മർമ്മപ്രധാനമാണ്. അങ്ങനെ ആയാൽ മററു കുതിരക്കാരുടെ അർത്ഥം യഥാവിധം യോജിച്ചുകൊള്ളും.
വ്യാഖ്യാനങ്ങൾ പരിശോധിക്കപ്പെടുന്നു
വെള്ളക്കുതിരയെയും അതിന്റെ കുതിരക്കാരനെയും കുറിച്ചുള്ള ഒരു വ്യഖ്യാനം അവർ ഒന്നുകിൽ സുവിശേഷത്തിന്റെയോ അല്ലെങ്കിൽ സാമ്രാജ്യത്വത്തിന്റെയോ വിജയത്തെ പ്രതിനിധാനം ചെയ്യുന്നു എന്നതാണ് എന്ന് കഴിഞ്ഞ ലേഖനത്തിൽ കുറിക്കൊള്ളുകയുണ്ടായി. പക്ഷെ ലോകം ക്രിസ്തുവിനെയും അവനെ ചുററിയുള്ള ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെയും സംബന്ധിച്ച് സുവിശേഷ (സുവാർത്ത) ത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടില്ല കൂടാതെ നിശ്ചയമായും സാമ്രാജ്യത്വം ജൈത്രയാത്ര നടത്തുകയും ചെയ്തിട്ടില്ല. മറിച്ച് അത് ഈ നൂററാണ്ടിൽ തകരുകയാണ്, ശിഥിലമായിത്തീരുകയാണ്.
വെള്ളക്കുതിര ഒന്നാം നൂററാണ്ടിലെ സുവിശേഷ വിജയത്തെയും വിശ്വാസ പരിശുദ്ധിയെയും പ്രതിനിധാനം ചെയ്യുന്നുവെന്ന വ്യാഖ്യാനം സംബന്ധിച്ചെന്ത്? ഇത് ദർശനം ഭാവിയിൽ സംഭവിക്കാനിരുന്ന കാര്യങ്ങളെക്കുറിച്ചായിരുന്നു എന്ന വസ്തുതയെ അവഗണിക്കുന്നു. ഒരു നാടുകടത്തപ്പെട്ട തടവുകാരനെന്ന നിലയിൽ പത്മോസ് ദ്വീപിൽ വച്ച് അപ്പോസ്തലനായ യോഹന്നാൻ നമ്മുടെ പൊതുയുഗത്തിന്റെ 96-ാം ആണ്ടിൽ ആയിരുന്നു ആ ദർശനം എഴുതിയത് എന്നതുകൊണ്ട് സാദ്ധ്യതയനുസരിച്ച് ഒന്നാം നൂററാണ്ടിനോട് ബന്ധപ്പെട്ട എന്തിനെയെങ്കിലും അത് പ്രതിനിധീകരിക്കാൻ ഇടയില്ല.
മറെറാരു വിശദീകരണം, വെള്ളക്കുതിര ക്രിസ്തു എന്ന വ്യക്തിയെ അല്ല മറിച്ച് ക്രിസ്ത്യൻ ആദർശത്തെയാണ് അവതരിപ്പിക്കുന്നതെന്നും അവന്റെ രാജ്യം ‘നമ്മുടെ മദ്ധ്യേ’ അതായത് നമ്മുടെ ഹൃദയങ്ങളിൽ ഉണ്ട് എന്നുമുള്ളതായിരുന്നു. പക്ഷെ ക്രിസ്തുവിന്റെ ആദർശവും ക്രിസ്ത്യാനിത്വവും വെളിപ്പാടിന്റെ എഴുത്തിന് ശേഷമുള്ള ഭാവിയിൽ എന്നെങ്കിലും ആയിരുന്നില്ല തുടക്കം കുറച്ചത്. മറിച്ച് ആ ആദർശത്തിന് ക്രിസ്ത്യാനികളുടെ ഇടയിൽ യോഹന്നാൻ ഇത് എഴുതുന്നതിന് മുമ്പ് തന്നെയുണ്ടായിരുന്ന പ്രഭാവത്തിന് സമൃദ്ധമായ തെളിവുണ്ട്.
കൂടാതെ “ദൈവരാജ്യം നിങ്ങളുടെ മദ്ധ്യത്തിൽ ഉണ്ട്” എന്ന് യേശു പറഞ്ഞപ്പോൾ അവൻ കപടഭക്തരായ മതപരീശൻമാർ ഉന്നയിച്ച ഒരു ചോദ്യത്തിന് ഉത്തരം നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു. യേശു തന്റെ വിശ്വസ്ത അനുഗാമികളോട് സംസാരിക്കുകയും ദൈവരാജ്യം അവരുടെ ഹൃദയത്തിൽ ഉള്ള എന്തോ ആണ് എന്ന അർത്ഥത്തിൽ നിങ്ങളുടെ മദ്ധ്യേ ഉണ്ട് എന്നു പറയുകയും അല്ലായിരുന്നു. പ്രത്യുത അവിശ്വസിച്ച പരീശൻമാരോട് ഭാവിയിലെ ദൈവരാജ്യത്തിന്റെ പ്രതിനിധി എന്ന നിലയിൽ അവൻ, യേശു ആ സന്ദർഭത്തിൽ അവരുടെ ഇടയിൽ സാന്നിദ്ധ്യവാൻ ആണ് എന്ന് പറയുകയായിരുന്നു.—ലൂക്കോസ് 17:21; ജറുസലേം ബൈബിളും ദി ന്യൂ ഇംഗ്ലീഷ് ബൈബിളും കാണുക.
വെളുത്ത കുരിരപ്പുറത്തെ സവാരിക്കാരൻ എതിർക്രിസ്തു ആണ് എന്ന ആശയത്തെക്കുറിച്ച് എന്തു പറയാം? വെള്ളക്കുതിരയുടെ കുതിരക്കാരനെപ്പററിപ്പറയപ്പെട്ടിരിക്കുന്നതുപോലെ “കീഴടക്കാനും കീഴടക്കൽ പൂർത്തീകരിക്കാനുമായി അവൻ പുറപ്പെട്ടു” എന്ന് എതിർക്രിസ്തുവിനെക്കുറിച്ച് പറയാനാകുമാറ് അവൻ അത്തരം കടന്നാക്രമണങ്ങൾ നടത്തുമെന്ന് ബൈബിൾ ഒരിടത്തും പറയുന്നില്ല. (വെളിപ്പാട് 6:2) വെള്ളക്കുതിരപ്പുറത്തേറിയിരിക്കുന്നവൻ ആരായിരുന്നാലും അവൻ സമ്പൂർണ്ണമായി കീഴടക്കിക്കൊണ്ട് സവാരി നടത്തും. എന്ന് വ്യക്തമാണ്. അവന്റെ കീഴടക്കൽ സംരംഭത്തിന് പരാജയം നേരിടുകയില്ല. അവന്റെ ശത്രുക്കളേവരും നശിപ്പിക്കപ്പെടും.
ബൈബിൾ സൂചനകൾ തിരിച്ചറിയാൻ സഹായിക്കുന്നു
അതേ ദർശന പരമ്പരയിൽ തന്നെ പിന്നീട്, വെള്ളക്കുതിരപ്പുറത്തെ സവാരിക്കാരനെപ്പററി തെററാത്ത തിരിച്ചറിവ് “രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവൻ” നൽകുന്നു. വെളിപ്പാട് 19:11-16-ൽ ഒരു വെള്ളക്കുതിരയെ വീണ്ടും കാണുന്നു. ഈ പ്രാവശ്യം സവാരിക്കാരനെ വ്യക്തമായി തിരിച്ചറിയിച്ചുകൊണ്ട് തന്നെ.
ഈ പ്രാവചനിക ദർശനങ്ങളിൽ ഒരു വെള്ളക്കുതിരയെ രണ്ടുപ്രാവശ്യം കാണുന്നു എന്നത് അത് ഒരേ കുതിരയാണ് എന്ന് അവിടെ അതിന്റെ വ്യത്യസ്ത ധർമ്മങ്ങളെ അഥവാ പ്രവൃത്തികളെ ചിത്രീകരിക്കുക ആയിരുന്നുവെന്നും സൂചിപ്പിക്കുന്നു. രണ്ടാമത്തെ രംഗത്ത് സവാരിക്കാരന്റെ പേർ പറഞ്ഞിരിക്കുന്നു. അവനെ “വിശ്വസ്തനും സത്യവാനും,” “ദൈവവചനം” “രാജാധിരാജാവും കർത്താധികർത്താവും” എന്നും ആണ് വിളിച്ചിരിക്കുന്നത്.
ആ സ്ഥാനപ്പേരുകൾ വെള്ളക്കുതിരപ്പുറത്തെ സവാരിക്കാരൻ ആർ എന്നുള്ളതിൽ യാതൊരു സംശയവും അവശേഷിപ്പിക്കുന്നില്ല. അതു കർത്താവായ യേശുക്രിസ്തു അല്ലാതെ മററാരുമല്ല! (വെളിപ്പാട് 17:14 താരതമ്യം ചെയ്യുക) പക്ഷെ അവന്റെ ജീവിതത്തിന്റെ ഏതു കാലത്താണത്? അത് വെളിപ്പാടിലെ ദർശനങ്ങൾ നൽകപ്പെട്ട ഒന്നാം നൂററാണ്ടിന്റെ അന്ത്യത്തിന് കുറെക്കാലങ്ങൾക്ക് ശേഷം ആയിരിക്കേണ്ടിയിരുന്നു. അവന് ഇപ്പോൾ ഒരു രാജകിരീടവും ലഭിച്ചു എന്നതും ശ്രദ്ധിക്കുക അതുകൊണ്ട് ഭാവിയിലൊരിക്കൽ യേശുക്രിസ്തു രാജാവ് അഥവാ ഭരണാധികാരി എന്നനിലയിലുള്ള അവന്റെ പ്രത്യേക റോളിന് ആരംഭമിടേണ്ടതുണ്ടായിരുന്നു. ആ നിലയിൽ അവൻ “കീഴടക്കുന്നതിനും കീഴടക്കൽ പൂർത്തിയാക്കുന്നതിനും വേണ്ടി” സവാരി ചെയ്യുന്ന, ഒരു വില്ലുപേറിയ യോദ്ധാവ് എന്ന പോലെ ചിത്രീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
ഇത് ഭാവിതന്നെ ആയിരിക്കണം എന്ന് കാണിക്കുന്ന മറെറാരു വസ്തുത ഇതാണ്: “അപ്പോക്കാലിപ്സിലെ ദർശനത്തിന്റെ സമയത്ത് യേശു തന്റെ ദൗമിക ജീവിതം പൂർത്തികരിച്ച, മരിച്ചവരിൽ നിന്ന് പുനരുത്ഥാനം പ്രാപിച്ച്, സ്വർഗ്ഗാരോഹണം ചെയ്തു കഴിഞ്ഞിട്ട് 60-ൽ അധികം വർഷങ്ങൾ കഴിഞ്ഞിരുന്നു. അവൻ സ്വർഗ്ഗത്തിലേക്ക് മടങ്ങിപ്പോയപ്പോൾ തന്റെ ശത്രുക്കൾ തനിക്ക് “പാദപീഠമാ”കുന്ന ആ ഭാവി സമയം വരെ ദൈവത്തിന്റെ വലത്തുഭാഗത്ത് കാത്തിരിക്കുന്നതിന് യേശുവിനോട് നിർദ്ദേശിക്കപ്പെട്ടു.—എബ്രായർ 10:12, 13.
സവാരി തുടങ്ങുന്നു
അതുകൊണ്ട് യേശുക്രിസ്തു ദൈവരാജ്യത്തിന്റെ സ്വർഗ്ഗീയ രാജാവായി സിംഹാസനസ്ഥനാകുന്ന ഏതോ ഭാവികാല സമയത്താണ് വെള്ളക്കുതിരപ്പുറത്തെ സവാരി ആരംഭിക്കേണ്ടിയിരുന്നത്. ആ സമയത്ത് ദൈവം ഈ ആജ്ഞയുമായി അവനെ അയക്കും. “കീഴടക്കിക്കൊണ്ട് നിന്റെ ശത്രുക്കൾക്കു മദ്ധ്യേ പുറപ്പെടുക.” (സങ്കീർത്തനം 110:2) പക്ഷെ ഇത് എന്നാണ് സംഭവിക്കുക?
സ്വർഗ്ഗീയ രാജാവ് എന്ന നിലയിലുള്ള യേശുക്രിസ്തുവിന്റെ കീരീടധാരണം സങ്കീർത്തനം 45:3-7-ൽ വിവരിക്കപ്പെട്ടിട്ടുണ്ട്. പിന്നീട് എബ്രായർ 1:8, 9-ൽ പൗലോസ് അപ്പോസ്തലൻ ഈ സങ്കീർത്തനത്തിൽ നിന്നുദ്ധരിക്കുകയും 6ഉം 7ഉം വാക്യങ്ങൾ ദൈവപുത്രനായ യേശുക്രിസ്തുവിനു ബാധകമാക്കുകയും ചെയ്തു. യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച വിശദാംശങ്ങളും തിരുവെഴുത്തു തെളിവുകളും സ്വർഗ്ഗത്തിൽ യേശുവിന്റെ രാജാഭിഷേകം 1914 എന്ന വർഷത്തിലെ “ജാതികളുടെ നിയമിതകാലങ്ങളുടെ അന്ത്യത്തിങ്കൽ നടന്നുവെന്ന് കാണിക്കുന്നു.—ലൂക്കോസ് 21:24.a
അതുകൊണ്ട് കുതിരക്കാരുടെ സവാരിയെ 1914 എന്ന വർഷത്തിന് മുമ്പ് വക്കുന്ന ഏതു വ്യാഖ്യാനവും ശരിയായിരിക്കാൻ കഴിയുകയില്ല. മാത്രമല്ല വെള്ളക്കുതിരയുടെ സവാരിക്കാരൻ ആണ് മുന്നിൽ എന്നതുകൊണ്ട് പിൻതുടരുന്ന മററു കുതിരകളും സവാരിക്കാരും അവന്റെ സവാരി തുടങ്ങുന്നതിനോടനുബന്ധിച്ചോ കുറെ സമയം കഴിഞ്ഞോ സംഭവിക്കേണ്ടുന്ന സംഭവങ്ങളെ കാണിക്കുന്നു. അതുകൊണ്ട് ഈ 4 കുതിരക്കാരുടെയും സവാരി 1914-ലെ അന്ത്യകാലത്തിന്റെ തുടക്കത്തിന് ശേഷമാണ് സംഭവിക്കേണ്ടത്. അന്നു മുതൽക്കാണ് അന്ത്യകാലത്തിന്റെ തെളിവുകൾ കാണപ്പെട്ടുകൊണ്ടിരിക്കുന്നത്.—ദാനിയേൽ 12:4; 2 തിമൊഥെയോസ് 3:1-5, 13.
മററ കുതിരക്കാരും സവാരിക്കാരും
രണ്ടാം കുതിര “തിളങ്ങുന്ന ചുവപ്പോ” “തീ നിറമോ” ഉള്ളതാണ് (വെളിപ്പാട് 6:3, 4 ഒരു അമേരിക്കൻ ഭാഷാന്തരം) അവർ “അന്യോന്യം കൊല്ലുമാറ് അവരുടെ ഇടയിൽ നിന്ന് സമാധാനം എടുത്തുകളയുന്നതിന്” അതിന്റെ സവാരിക്കാരന് അധികാരം ലഭിച്ചു. അവന് “ഒരു വലിയ വാളും നൽകപ്പെട്ടു. സർവ്വമാനുഷ ചരിത്രത്തിലെയും ഏററവും ഹീനയുദ്ധമായ ആദ്യത്തെ ആഗോളയുദ്ധത്തിന്റെ ആരംഭം 1914 കണ്ടപ്പോൾ ഇത് സത്യമെന്നു തെളിഞ്ഞു. അന്നേതന്നെ അതിനെ മഹായുദ്ധം എന്നു വിളിച്ചിരുന്നു. കേവലം 21 വർഷങ്ങൾക്കുശേഷം രണ്ടാം ലോകമഹായുദ്ധം തുടങ്ങി. അതു ഒന്നാം ലോക മഹായുദ്ധത്തെക്കാൾ വിനാശകാരി ആയിരുന്നു.അന്നു മുതൽക്ക് നിരന്തരമായ യുദ്ധങ്ങൾ ഉണ്ടായിരുന്നു. ആയിരത്തിത്തൊള്ളായിരത്തി പതിനാലിനെത്തുടർന്ന് യുദ്ധങ്ങൾ മൊത്തത്തിൽ ഏതാണ്ട് പത്തുകോടി ആളുകളുടെ ജീവൻ അപഹരിച്ചിട്ടുണ്ട്.
മൂന്നാം കുതിര കറുത്ത ഒന്നാണ്. അതിന്റെ സവാരിക്കാരന് ഒരു ത്രാസ്സും കൈയ്യിൽ ഉണ്ട്. (വെളിപ്പാട് 6:5, 6) വെറും ഒരിടങ്ങഴി കോതമ്പോ മൂന്നിടങ്ങഴി വിലകുറഞ്ഞ യവമോ വാങ്ങാൻ ഒരു മുഴുദിവസത്തെയും കൂലിവേണ്ടിവരും എന്ന് ഒരു ശബ്ദം വിളിച്ചറിയിക്കുന്നു. ഇത് മുമ്പെത്തെക്കാളും വലിയതോതിലുള്ള ഭക്ഷ്യക്ഷാമങ്ങളെ യുക്തമായി വർണ്ണിക്കുന്നു. ഇത് 1914 ന് ശേഷം സത്യമായി ഭവിച്ചു. ഒന്നാം ലോകമഹായുദ്ധത്തിന്റെ പൊട്ടിപ്പുറപ്പെടലോടുകൂടി ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചു കയറി. ദശലക്ഷങ്ങൾ പട്ടിണിമൂലം മരിച്ചു. അന്നു മുതൽ ഭക്ഷ്യക്ഷാമങ്ങൾ മുടക്കമില്ലാതെ തുടർന്നുകൊണ്ടിരിക്കുന്നു. ഇന്ന് ഒരു 45 കോടി ആളുകൾ മുഴുപട്ടിണിയുടെ അളവോളം വിശപ്പനുഭവിക്കുന്നവരാണ് എന്നും 100 കോടിയോളം പേർക്ക് ഭക്ഷിക്കാൻ വേണ്ടത് ലഭിക്കുന്നില്ല എന്നും നിർണ്ണയം ചെയ്യപ്പെട്ടിരിക്കുന്നു. ഈ അടുത്ത വർഷങ്ങളിൽ എത്യോപ്യയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന വിധത്തിൽ ഉള്ള ക്ഷാമവും രൂക്ഷമായ ജീവനാശവും ഈ മ്ലാനചിത്രത്തിന് കൂടുതൽ വിഷാദഭാവം പകരുകയാണ്.
നാലാം കുതിരയെ സംബന്ധിച്ചിടത്തോളം അത് രോഗാതുരമായ “വിളറിയ” ഒന്നാണെന്ന് നാം നിരീക്ഷിക്കുന്നു. സവാരിക്കാരന്റെ പേർ “മരണം” എന്നാണ്. (വെളിപ്പാട് 6:7, 8) ഭക്ഷ്യക്ഷാമങ്ങളും ഭക്ഷ്യദൗർലഭ്യങ്ങളും യുദ്ധവും അക്രമവും പകർച്ചവ്യാധികളും രോഗങ്ങളും പോലുള്ള അസ്വാഭാവിക കാരണങ്ങളാൽ 1914 മുതൽ ഉണ്ടായിട്ടുള്ള മരണങ്ങളുടെ വർദ്ധിച്ച സംഖ്യയെ അത് പ്രതീകപ്പെടുത്തുന്നു. ഒന്നാം ലോക മഹായുദ്ധത്തിന്റെ സമാപ്തിയോടെ ലോകവ്യാപകമായി പൊട്ടിപ്പുറപ്പെട്ട സ്പാനിഷ് ഇൻപ്ലുവൻസാ 2 കോടിയിലധികം മരണങ്ങൾക്ക് ഇടവരുത്തി. ഇന്ന് ഹൃദ്രോഗവും അർബ്ബുദവും മററനവധിരോഗങ്ങളും അകാലമൃത്യുവിലൂടെ ദശലക്ഷങ്ങളുടെ ജീവൻ അപഹരിക്കുന്നു.
ഈ കുതിരകളും കുതിരക്കാരും പ്രതീകവത്കരിച്ച സംഭവങ്ങളെ നമ്മുടെ കാലങ്ങളെ സംബന്ധിച്ചുള്ള ഒരു സമാന്തര പ്രവചനത്തിൽ യേശുവും കുറിക്കൊള്ളുകയുണ്ടായി നാമിന്ന് ജീവിക്കുന്ന “വ്യവസ്ഥിതിയുടെ സമാപന”കാലത്ത് “ജാതിജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കു”മ്പോൾ ആഗോളയുദ്ധം ഉണ്ടാകും എന്ന് അവൻ പറഞ്ഞു. “അധർമ്മത്തിന്റെ വർദ്ധനവും” “ഒന്നിന് പുറകെ ഒന്നായി വിവിധ സ്ഥലങ്ങളിൽ മഹാമാരിയും ഭക്ഷ്യദൗർലഭ്യങ്ങളും ഉണ്ടാകും.” എന്നവൻ മുൻകൂട്ടിപ്പറഞ്ഞു.—മത്തായി 24:3-12; ലൂക്കോസ് 21:10, 11.
ഒരു അഞ്ചാം കുതിരയുണ്ടായിരുന്നോ?
വെളിപ്പാട് 6:8 ഇങ്ങനെ വായിക്കുന്നു: “കൂടാതെ ഞാൻ കണ്ടു, നോക്കൂ! ഒരു വിളറിയ കുതിര; അതിൻമേലിരിക്കുന്നവന് മരണം എന്നു പേർ. ഹേഡീസ് അവന്റെ തൊട്ടുപിന്നാലെ അവനെ പിന്തുടർന്നുകൊണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ആദ്യത്തെ നാലു കഥാപാത്രങ്ങളും കുതിരപ്പുറത്തു സവാരി ചെയ്യുന്നതായി വർണ്ണിച്ചിരിക്കെ അഞ്ചാമനും കുതിരപ്പുറത്തേറിയിരിക്കില്ലേ? എന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ബൈബിൾ അത് പറയുന്നില്ല. ഹേഡിസിനോടുള്ള ബന്ധത്തിൽ വെളിപ്പാട് 6:8-ൽ “കുതിര” എന്നതിനുള്ള പദം ഗ്രീക്ക് പാഠത്തിൽ പ്രത്യക്ഷപ്പെടുന്നേ ഇല്ല. അതുകൊണ്ട് അഞ്ചാം കഥാപാത്രത്തോടുള്ള ബന്ധത്തിൽ മിക്ക ബൈബിൾ പരിഭാഷകളും “കുതിര” എന്ന പദം ഉൾപ്പെടുത്തുന്നില്ല ആ സ്ഥിതിക്ക്, മനുഷ്യവർഗ്ഗത്തിന്റെ പൊതു ശവക്കുഴിയായ ഹേഡിസ് മുമ്പേ പോകുന്ന മൂന്നു കുതിരകളുടെയും സവാരിക്കാരുടെയും ഇരകളെ ശേഖരിച്ചുകൊണ്ട് അവരെ പിൻതുടരുകയാണ് എന്ന് കുറിക്കൊണ്ടാൽ മതി.
ദർശനം നിങ്ങളെ എങ്ങനെ ബാധിക്കുന്നു?
അപ്പോക്കാലിപ്സിലെ നാലു കുതിരക്കാരുടെ സവാരിയിൽ ദർശനത്തിന് നാടകീയമായ നിവൃത്തി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്ത് ജീവിക്കുകയെന്നത് തീർച്ചയായും പുളകപ്രദമായ ഒരു അനുഭവം ആണ്. പക്ഷെ ഇത് ആത്മപരിശോധന ആവശ്യമാക്കിത്തീർക്കുന്ന ഒരു ഗൗരവപൂർവ്വകമായ കാലയളവ് കൂടിയാണ്. അതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ഭൂമുഖത്തുള്ള ഏതോരുവനും പ്രതീകാത്മക ഈ സവാരിയാൽ ബാധിക്കപ്പെടുന്നു. അതെ നിങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരും എല്ലാം ഉൾപ്പെടുന്നു. എങ്ങനെ?
ഈ ചോദ്യം ഈ പ്രതിപാദ്യവിഷയത്തിന്റെ ഒരു ഗൗരവപൂർവ്വകമായ വശം രംഗത്തുകൊണ്ടുവരുന്നു. അത് വീക്ഷാഗോപുരത്തിന്റെ അടുത്ത ലക്കം ചർച്ചചെയ്യും. “അവരുടെ സവാരി നിങ്ങളെ എങ്ങനെ ബാധിക്കുന്നു”? എന്നായിരിക്കും ശീർഷകം നിങ്ങളെ പിടിച്ചിരുത്തുന്ന ആ ഉത്തരം നഷ്ടമാക്കരുത്. (w86 1/1)
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ച നിങ്ങൾക്ക് ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകത്തിന്റെ 134-141 പേജുകൾ കാണുക.
[5-ാം പേജിലെ ചിത്രം]
1914—“രാജാധിരാജാവ്” തന്റെ വെള്ളക്കുതിരപ്പുറത്ത് ആരൂഢനായി മുന്നേറുന്നു
[7-ാം പേജിലെ ചിത്രം]
ഹേഡീസ് 1914 മുതൽ യുദ്ധം, ക്ഷാമം, മഹാമാരി എന്നിവക്ക് പിറകെയായി അതിന്റെ ഭീകരമായ കൊയ്ത്ത് നടത്തിയിരിക്കുന്നു