യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന യുവാക്കൾ
“എന്നെ നിന്ദിക്കുന്നവന് ഞാൻ മറുപടി കൊടുക്കേണ്ടതിന് . . . എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുക.”—സദൃശവാക്യങ്ങൾ 27:11.
1. നാം നമ്മുടെ ജീവിതം നയിക്കുന്ന വിധത്താൽ നമ്മുടെ മാതാപിതാക്കളും നമ്മുടെ സ്രഷ്ടാവും എങ്ങനെ ബാധിക്കപ്പെടുന്നു?
നിങ്ങൾ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും നിങ്ങൾ ജീവിക്കുന്ന വിധം ഒരു വ്യത്യസ്ത ഫലം ഉളവാക്കുന്നു. ദൃഷ്ടാന്തമായി, അതു നിങ്ങളുടെ മാതാപിതാക്കളിൽ ഒരു വ്യത്യസ്ത ഫലം ഉളവാക്കുന്നു. “ഒരു ജ്ഞാനിയായ പുത്രനാണ് ഒരു പിതാവിനെ സന്തോഷിപ്പിക്കുന്നതു്, ഒരു മൂഢനായ പുത്രൻ അവന്റെ അമ്മയുടെ ദുഃഖമാണ്.” എന്ന് ബൈബിൾ വിശദീകരിക്കുന്നു. (സദൃശവാക്യങ്ങൾ 10:1; 23:24, 25) എന്നാൽ കൂടുതൽ പ്രധാനമായി, നിങ്ങളുടെ ജീവിതരീതിക്കു നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവത്തെ സന്തുഷ്ടനോ ദുഃഖിതനോ ആക്കാൻ കഴിയും. “മകനേ, എന്നെ നിന്ദിക്കുന്നവന് ഞാൻ ഒരു ഉത്തരം കൊടുക്കേണ്ടതിന് ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുക.”—സദൃശവാക്യങ്ങൾ 27:11
2. യേശു ഏതു മർമ്മപ്രധാനമായ വിവാദവിഷയം ഉന്നയിച്ചു, നാം എങ്ങനെ ഉൾപ്പെട്ടിരിക്കുന്നു?
2 തീർച്ചയായും യഹോവയെ നിന്ദിക്കുന്നവൻ പിശാചായ സാത്താനാണ്. ഏദൻ തോട്ടത്തിൽ ദൈവത്തിൽ നിന്ന് മറുപടി ആവശ്യമാക്കിത്തീർത്ത ഒരു മർമ്മപ്രധാനമായ വിവാദ വിഷയം സാത്താൻ ഉന്നയിച്ചു. പ്രത്യക്ഷത്തിൽ അനായാസം ഹവ്വയെയും പിന്നീട് ആദാമിനെയും കൊണ്ട് ദൈവനിയമം ലംഘിപ്പിക്കാൻ പിശാചിനു കഴിഞ്ഞപ്പോൾ അവൻ യഹോവയെ വെല്ലുവിളിച്ചു എന്നതിനു തെളിവുണ്ട്. ഫലത്തിൽ സാത്താൻ ഇങ്ങനെ തറപ്പിച്ചു പറഞ്ഞു: ‘എനിക്കു ഒരു അവസരം തരികമാത്രം ചെയ്താൽ നിന്നെ സേവിക്കുന്നതിൽ നിന്ന് ആരെയും അകറ്റാൻ എനിക്കു കഴിയും.’ (ഇയ്യോബ് 1:6-12) അതുകൊണ്ട് സാത്താന്റെ വെല്ലുവിളിക്ക് ഉത്തരം കൊടുക്കേണ്ടതിന് തന്റെ പുത്രൻ തനിക്ക് ഒരു “മറുപടി” നൽകണമെന്ന ഹൃദയോദ്ദീപകമായ അഭ്യർത്ഥന യഹോവ ചെയ്തു.
3. യഹോവയുടെ അഭ്യർത്ഥന വിശേഷിച്ച് യേശുവിന് ബാധകമാകുന്നതെങ്ങനെ, വേറെ ആരും ദൈവഹൃദയത്തെ സന്തോഷിപ്പിച്ചിരിക്കും?
3 എന്നിരുന്നാലും “മകനേ,” എന്നു വിളിച്ചുകൊണ്ട് വിശേഷിച്ച് ആരിലേക്കാണ് യഹോവ ഈ അഭ്യർത്ഥന തിരിച്ചുവിട്ടത്? യേശുക്രിസ്തു ദൈവത്തിന്റെ ഏകജാത പുത്രനായിരിക്കുന്നതിനാൽ അവൻ അനുപമമായ ഒരു വിധത്തിൽ ദൈവത്തിന്റെ മകനാണ്. (യോഹന്നാൻ 1:14) തന്നെയുമല്ല, തന്റെ സ്രഷ്ടാവിനെ നിരാശപ്പെടുത്തിയ ആദാമിനു പുറമെ ഭൂമിയിൽ നടന്ന ഏക പൂർണ്ണ മനുഷ്യൻ യേശു ആണ്. അതുകൊണ്ട് ദൈവത്തോട് വിശ്വസ്തത പാലിക്കാൻ കഴിയുമെന്ന് പൂർണ്ണമായ അർത്ഥത്തിൽ തെളിയിക്കാൻ പ്രാപ്തനായിരുന്ന ഏക മനുഷ്യൻ അവനായിരുന്നു. (1കൊരിന്ത്യർ 15:45)
അതുകൊണ്ട് യഹോവയുടെ അഭ്യർത്ഥന വിശേഷാൽ ബാധകമാകുന്നത് യേശുവിനാണ്. യേശു തന്റെ പിതാവിനെ നിരാശപ്പെടുത്തിയില്ല. പരിശോധിക്കപ്പെടുമ്പോൾ മനുഷ്യർ വിശ്വസ്തമായി ദൈവത്തെ സേവിക്കുകയുല്ലെന്നുള്ള സാത്താന്റെ വീമ്പോടുകൂടിയ വെല്ലുവിളിക്ക് തന്റെ വിശ്വസ്തഗതിയാൽ യേശു ദൈവത്തിന് ഉത്തരം കൊടുത്തു. (എബ്രായർ 2:14; 12:2) മാത്രവുമല്ല, ക്രിസ്തുവിനോടുകൂടെ സ്വർഗ്ഗത്തിൽ വാഴാനുള്ള എല്ലാവും ദൈവത്തോട് മരണത്തോളമുള്ള തങ്ങളുടെ വശ്വസ്തതയാൽ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിച്ചിരിക്കും.—വെളിപ്പാട് 22:10.
4. നിങ്ങളുടെ ജീവിതം കൊണ്ട് എന്ത് ചെയ്യണമെന്ന് നിശ്ചയിക്കുമ്പോൾ ഏത് മർമ്മപ്രധാനമായ സംഗതി നിങ്ങൾ പരിചിന്തിക്കണം?
4 കുട്ടികളായ നിങ്ങൾ ഉൾപ്പടെ, ഇന്ന് നമ്മെ സംബന്ധിച്ചെന്ത്? മനുഷ്യർ ദൈവത്തോട് വിശ്വസ്തരായിരിക്കുമോ ഇല്ലയോ എന്ന ഈ വിവാദ വിഷയത്തിൽ നിങ്ങൾ ഉൾപ്പെടുന്നുണ്ടോ? തീർച്ചയായും! (സങ്കീർത്തനം 147:11; 148:12, 13) നിങ്ങൾ അതു തിരിച്ചറിയാതിരുന്നേക്കാം, എന്നാൽ നിങ്ങൾ നിങ്ങളുടെ ജീവിതം കൊണ്ടു ചെയ്യുന്നത് വിവാദവിഷയത്തിൽ ഒന്നുകിൽ ദൈവത്തിന്റെ പക്ഷത്തെയോ അല്ലെങ്കിൽ സാത്താനെയോ പിന്താങ്ങന്നു. അത് ഒന്നുകിൽ യഹോവയെ അല്ലെങ്കിൽ സാത്താനെ സന്തോഷിപ്പിക്കുന്നു. യഥാർഥത്തിൽ, യഹോവയടെ ക്ഷണം അല്ലെങ്കിൽ അഭ്യർഥന വ്യക്തിപരമായി നിങ്ങളിലേക്ക് തിരിച്ചുവിട്ടിരിക്കുന്നതായും വീക്ഷിക്കാൻ കഴിയും : മകനേ, [അല്ലെങ്കിൽ മകളേ] എന്നെ നിന്ദിക്കുന്നവന് ഞാൻ ഒരു മറുപടി കൊടുക്കേണ്ടതിന് ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുക.”(സദൃശവാക്യങ്ങൾ 27:11) നിങ്ങളുടെ സ്രഷ്ടാവിനെ സന്തോഷിപ്പിക്കുകയെന്നത് നിങ്ങൾക്ക് വെക്കാൻ കഴിയുന്ന സംതൃപ്തികരമായ ഒരു ലാക്കല്ലേ?
അത് ജ്ഞാനമായിരിക്കുന്നതിന്റെ കാരണം
5. യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നത് ജ്ഞാനമായിരിക്കുന്നതെന്തുകൊണ്ട്?
5 “ജ്ഞാനിയായി”രിക്കാൻ യഹോവ പ്രോത്സാഹിപ്പിക്കുന്നതു ശ്രദ്ധിക്കുക. നാം യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുമ്പോൾ നാം ജ്ഞാനമുള്ളവരായിരിക്കുന്നത് എന്തുകൊണ്ട്? എന്തുകൊണ്ടന്നാൽ യഹോവ നമുക്കുവേണ്ടി ഏറ്റം നല്ലതു മാത്രം ആഗ്രഹിക്കുന്ന സ്നേഹവാനായ ഒരു പിതാവാണ്, അവൻ നമ്മോട് ചെയ്യാൻ ആവശ്യപ്പെടുന്ന എന്തും നമ്മുടെ നന്മക്കുവേണ്ടിയാണ്. യെശയ്യാവ് 48:17,18 പറയുന്ന പ്രകാരം “നിനക്കുതന്നെ പ്രയോജനംചെയ്യാൻ നിന്നെ പഠിപ്പിക്കുന്നവനും നീ നടക്കേണ്ടുന്ന വഴിയിൽ നിന്നെ നടത്തുന്നവനുമായ നിന്റെ ദൈവമായ യഹോവയാണ് ഞാൻ. അപ്പോൾ നിന്റെ സമാധാനം ഒരു നദിപോലെതന്നെയും നിന്റെ നീതി സമുദ്രത്തിലെ തിരമാലകൾ പോലെയും ആയിത്തീരും.”
6. (എ) നിങ്ങൾ ജീവിതം ആസ്വദിക്കാൻ യഹോവ ആഗ്രഹിക്കുന്നുവെന്നു എന്തു പ്രകടമാക്കുന്നു? (ബി) നിങ്ങൾക്ക് ഏതു പരണതഫലങ്ങൾ ഒഴിവാക്കാൻ കഴിയുകയില്ല?
6 ഒരു സ്നേഹവാനായ പിതാവെന്ന നിലയിൽ യഹോവ തന്റെ വിലയേറിയ ദാനമായ ജീവൻ നിങ്ങൾ പൂർണ്ണമായി ആസ്വദിക്കണമെന്നാഗ്രഹിക്കുന്നു. അതുകൊണ്ട് അവൻ പറയുന്നു: “യുവാവേ, നിന്റെ യുവത്വത്തിൽ സന്തോഷിക്കുക, നിന്റെ യൗവന നാളുകളിൽ നിന്റെ ഹൃദയം നിനക്ക് നന്മ ചെയ്യട്ടെ. നിന്റെ ഹൃദയത്തിന്റ വഴികളിലും നിന്റെ കണ്ണകൾ കാണുന്ന കാര്യങ്ങളിലും നടന്നു കൊള്ളുക.” തീർച്ചയായും ഇത് നിങ്ങൾ ചെയ്യാനാഗ്രഹിക്കുന്ന ഉല്ലാസപ്രദമായ ഏതു കാര്യവും ചെയ്യാനുള്ള ഒരു ക്ഷണമല്ല. തുടർന്നുള്ള മുന്നറിയിപ്പിനാൽ ഇതു പ്രകടമാക്കുന്നു: “എന്നാൽ ഇവയെല്ലാം നിമിത്തം ദൈവം നിന്നെ ന്യായവിധിയിലേക്കു വരുത്തുമെന്ന് അറിയുക.” (സഭാപ്രസംഗി 11:9) അതെ, നിങ്ങൾക്ക് നിങ്ങളുടെ പ്രവൃത്തികളുടെ പരിണതഫലങ്ങൾ ഒഴിവാക്കാൻ കഴിയുകയില്ല, നിങ്ങൾ ചെയ്യുന്നതിന് ദൈവം നിങ്ങളെ ഉത്തരവാദികളാക്കും. ഈ ചട്ടം തീർച്ചയാണ്: “ഒരു മനുഷ്യൻ എന്തുതന്നെ വിതക്കുന്നവോ അത് അയാൾ കൊയ്യുകയും ചെയ്യും.”—ഗലാത്യർ 6:7.
7, 8. (എ) നിങ്ങൾക്ക് ശല്യം നീക്കാനും വിപത്ത് ഒഴിവാക്കാനും എങ്ങനെ സാധിക്കും? (ബി) ബാല്യവും നവയൗവനവും വ്യർത്ഥമായിരിക്കുന്നതെപ്പോൾ?
7 ഈ കാരണത്താൽ യഹോവ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “അതുകൊണ്ട് നിന്റെ ഹൃദയത്തിൽ നിന്ന് ശല്യം [അഥവാ വ്യസനഹേതു] നീക്കുകയും നിന്റെ ജഡത്തിൽനിന്നു വിപത്ത് ഒഴിവാക്കുകയും ചെയ്യുക; എന്തെന്നാൽ ബാല്യവും നവയൗവനവും വ്യർത്ഥമത്രേ.” (സഭാപ്രസംഗി 11:10) തീർച്ചയായും, പിൽക്കാലത്ത് വ്യസനഹേതുവായ പ്രശ്നങ്ങൾക്കിടയാക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കുന്നത് ജ്ഞാനമാണ്. ഹാ, നിങ്ങൾക്ക് നഷ്ടം ഭവിക്കുകയാണെന്ന്-നിങ്ങൾക്ക് മത്തു പിടിക്കുകയോ അവിഹിത ലൈംഗികതയില്ലാതിയുന്നവർ ഉണ്ടായിരിക്കും. എന്നാൽ അവർ എത്ര മൂഢരാണ്! ദുർവൃത്തിയിൽ ഏർപ്പെട്ടശേഷം ഒരു യുവ വിദ്യാർഥി കണ്ണുനീർ പൊഴിച്ചുകൊണ്ട് അതിനുശേഷം ഞാൻ വ്യാകുലനാണ് എന്ന് വിലപിക്കുകയുണ്ടായി.
8 അതുകൊണ്ട്, യുവാക്കളേ, അനിയന്ത്രിതമോ സ്വാർഥപരമോ ആയ ജീവിതം നയിക്കുന്ന യുവാക്കൾ അനുഭവിക്കുന്ന തരം ഉൽക്കണ്ഠയുടെ അഥവാ വ്യസനത്തിന്റെ ഏതു കാരണവും നിങ്ങളുടെ ഹൃദയത്തിൽ നിന്നു നീക്കാനുള്ള ദൈവത്തിന്റെ ബുദ്ധ്യുപദേശം ജ്ഞാനപൂർവ്വം അനുസരിക്കുക. 17-ാം നൂറ്റാണ്ടിലെ ഒരു ഉപന്യാസകർത്താവ് ഇങ്ങനെ പ്രസ്താവിച്ചു: “മനുഷ്യവർഗ്ഗത്തിലെ ഏറിയ പങ്കും തങ്ങളുടെ ആദ്യ വർഷങ്ങളെ തങ്ങളുടെ അവസാന വർഷങ്ങളെ ദുരിതപൂർണ്ണമാക്കാൻ ഉപയോഗിക്കുന്നു.” സത്യം തന്നെ, എന്നാൽ എത്ര ദുഃഖകരം! ഒരു ചെറുപ്പക്കാരൻ തന്റെ ശാരീരിക ഊർജ്ജങ്ങളെയും പ്രാപ്തികളെയും മുതിർന്നശേഷമുള്ള വർഷങ്ങളെ കൂടുതൽ പ്രയാസമാക്കത്തക്കവിധം പാഴാക്കുമ്പോൾ അവന്റെ ബാല്യവും നവ ചൈതന്യവും തീർച്ചയായും വ്യർഥമാണ്! (സദൃശവാക്യങ്ങൾ 22:3) അതുകൊണ്ട് ജ്ഞാനിയായിരിക്കുക “ഇപ്പോൾ നിന്റെ യൗവനനാളുകകളിൽ നിന്റെ മഹാസ്രഷ്ടാവിനെ ഓർത്തുകൊൾക എന്ന കൂടുതലായ ബുദ്ധിയുപദേശം അനുസരിക്കുക.—സഭാപ്രസംഗി 12:1.
9. യഹോവയെ നിങ്ങളുടെ യൗവനത്തിൽ ഓർക്കുന്നതിനാൽ നിങ്ങൾ എന്ത് പ്രയോജനങ്ങൾ അനുഭവിക്കും?
9 നിങ്ങളുടെ യൗവനത്തിൽ യഹോവയെ ഓർക്കുന്നതിനാൽ നിങ്ങൾ യഥാർത്ഥത്തിൽ പ്രയോജനം നേടും. നിങ്ങൾ ശല്യവും അനർത്ഥകരമായ പ്രയാസങ്ങളും ഒഴിവാക്കുമെന്നു മാത്രമല്ല ഇപ്പോൾത്തന്നെ നിങ്ങൾ നിങ്ങളുടെ മഹാസ്രഷ്ടാവിന്റെ സേവനത്തിൽ സന്തുഷ്ടവും പ്രതിഫലദായകവുമായ ജീവിതം ആസ്വദിക്കും. കൂടാതെ, നിങ്ങൾ നിത്യതയിലെല്ലാം നിങ്ങൾക്ക് പ്രയോജനം ചെയ്യുന്ന നിക്ഷേപങ്ങൾ സ്വർഗ്ഗത്തിൽ ജ്ഞാനപൂർവ്വം സ്വരൂപിക്കുന്നതായിരിക്കും. (മത്തായി 6:19-21) ഇപ്പോൾ യഹോവയുടെ ഇഷ്ടം ചെയ്തുകൊണ്ട് നിങ്ങൾ അവനെ ഓർക്കുന്നെങ്കിൽ അവൻ “നിങ്ങളുടെ ഹൃദയത്തിലെ അപേക്ഷകളോ”ടെ നിങ്ങൾക്ക് പ്രതിഫലം നൽകുകയും നിങ്ങളെ ഓർക്കുകയും ചെയ്യും. അതെ, സന്തുഷ്ടവും സമ്പൂർണ്ണവുമായ പരദീസയിലെ നിത്യജീവിതം നിങ്ങളുടേതായിരിക്കും!—സങ്കീർത്തനം 37:4; 133:3; ലൂക്കോസ് 23:43; വെളിപ്പാട് 21:3, 4.
നിങ്ങൾ യഹോവയെക്കുറിച്ച് എങ്ങനെ വിചാരിക്കുന്നു?
10. (എ) ദൈവത്തെ സേവിക്കാനുള്ള നിങ്ങളുടെ തീരുമാനം കേവലം ബുദ്ധിപൂർവ്വമായിരിക്കുന്നതിന്റെ ഒരു വിരക്തമായ കണക്കുകൂട്ടലായിരിക്കാൻ പാടില്ലാത്തതെന്തുകൊണ്ട് (ബി) യഹോവ കൂടുതലായ എന്ത് അഭ്യർത്ഥന നടത്തുന്നു?
10 എന്നിരുന്നാലും യഹോവയെ സേവിക്കാനുള്ള നിങ്ങളുടെ തീരുമാനം കേവലം ജ്ഞാനപൂർവ്വകമായതിന്റെ ഒരു നിർവികാരമായ കണക്കുകൂട്ടലായിരിക്കാവുന്നതല്ല. നിങ്ങൾ നിങ്ങളുടെ വ്യക്തിപരമായ പ്രയോജനത്തെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളുവെങ്കിൽ സാത്താൻ ഒടുവിൽ യഹോവയെ സേവിക്കുന്നതിൽ നിന്ന് നിങ്ങളെ അകറ്റാൻ ഏതെങ്കിലും സ്വർത്ഥപ്രവണതയെ ആകർഷകമാക്കുന്നതിന് പ്രാപ്തനായേക്കാം. അതുകൊണ്ട് വെറുതെ ജ്ഞാനിയായിരിക്കാനല്ല യഹോവ നിങ്ങളെ ക്ഷണിക്കുന്നത്. അല്ല, അവനുവേണ്ടിയുള്ള വ്യക്തിപരമായ ഒരു സമർപ്പണത്തിനും കൂടെയാണ് അവൻ അഭ്യർത്ഥിക്കുന്നത്. യേശു പറഞ്ഞു: “നീ നിന്റെ ദൈവമായ യഹോവയെ നിന്റെ മുഴു ഹൃദയത്തോടെ സ്നേഹിക്കേണ്ടതാണ്.” (മത്തായി 22:37) യഹോവയെ മുഴു ഹൃദയത്തോടെ സ്നേഹിക്കുക എന്നതിന്റെ അർത്ഥമെന്താണെന്ന് നിങ്ങൾക്കറിയാമോ?
11. (എ) യഹോവക്ക് ഹൃദയം കൊടുക്കുന്നതിന്റെ അർത്ഥമെന്ത്? (ബി) ശരിയായ ഹൃദയപ്രേരണക്ക് യോസേഫിന്റെ അനുഭവം ചിത്രീകരിക്കുന്നതെങ്ങനെ?
11 നിങ്ങളുടെ ഹൃദയം നിങ്ങളുടെ ആന്തരിക വ്യക്തിത്വത്തെയും പ്രേരണകളെയും മനോഭാവങ്ങളെയും ആഴമായ വികാരങ്ങളെയും നിങ്ങളുടെ ചിന്താപ്രാപ്തികളെയും പരാമർശിക്കുന്നു. അങ്ങനെ യഹോവയെ നിങ്ങളുടെ മുഴുഹൃദയത്തോടെ സ്നേഹിക്കുന്നതിന്റെ അർത്ഥം അവനെ ഉറ്റു സ്നേഹിക്കുകയെന്നും സാത്താന്റെ നിന്ദ സംബന്ധിച്ച് അവന് ഒരു മറുപടി കൊടുത്തുകൊണ്ട് അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കാൻ ജീവിതത്തിൽ എല്ലാറ്റിനുമുപരിയായി ഇഷ്ടപ്പെടുകയെന്നുമാണ്. അത്തരം ആന്തരിക വിവേകവും ദൈവത്തോടുള്ള സ്നേഹത്തിന്റെയും താത്പര്യത്തിന്റെയും അഗാധമായ വികാരങ്ങളും അവന്റെ ഇഷ്ടം ചെയ്യുന്നതിന് അതിശക്തമായ പ്രേരണ നൽകും, മറ്റു പ്രകാരത്തിൽ ചെയ്യുന്നത് വളരെ ആകർഷകമായി തോന്നുമ്പോൾ പോലും. യുവാവായ യോസേഫിന് യഹോവയോട് അത്തരം സ്നേഹമുണ്ടായിരുന്നതുകൊണ്ട് ഒരു പ്രമുഖ സ്ത്രീ “എന്നോടുകൂടെ ശയിക്ക” എന്നു പറഞ്ഞു ക്ഷണിച്ചപ്പോൾ യോസേഫ് ഇങ്ങനെ ഉത്തരം പറഞ്ഞു:“എനിക്ക് എങ്ങനെ ഈ വഷളത്തം ചെയ്യാനും യഥാർഥത്തിൽ ദൈവത്തിനെതിരെ പാപം ചെയ്യാനും കഴിയും?”—ഉല്പത്തി 39:7-9.
12. (എ) നിങ്ങൾ യഹോവക്ക് ഹൃദയം കൊടുത്തിരിക്കുന്നുവെന്ന് പ്രകടമാക്കുന്നതെങ്ങനെ? (ബി) നിങ്ങൾ യഹോവക്ക് നിങ്ങളുടെ ഹൃദയം കൊടുത്തിട്ടില്ലെങ്കിൽ നിങ്ങൾ ഏത് ചോദ്യങ്ങൾ പരിചിന്തിക്കണം?
12 നിങ്ങൾ യഹോവയെ പ്രാർത്ഥനയിൽ സമീപിച്ച് നിങ്ങൾ അവനുള്ളവരായിരിക്കാനാഗ്രഹിക്കുന്നുവെന്നും അവനെ എന്നേക്കും സേവിക്കാൻ ആഗ്രഹിക്കുന്നുവെന്നും അവനോട് പറയുമ്പോൾ നിങ്ങൾ യഹോവയെ മുഴു ഹൃദയത്തോടെ സ്നേഹിക്കുന്നുവെന്ന് പ്രകടമാക്കുകയാണ് ചെയ്യുന്നത്. ഈ വിധത്തിൽ നിങ്ങൾ യഹോവക്കു നിങ്ങളെത്തന്നെ സമർപ്പിക്കുന്നു. നിങ്ങൾ ഇതു ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ എന്തുകൊണ്ട്? നിങ്ങളെ പിന്നോക്കം നിർത്തുന്നതെന്താണ്? യഹോവയും സാത്താനും തമ്മിലുള്ള വലിയ വിവാദവിഷയം മനസ്സിലാക്കാനും വിലമതിക്കാനും തക്ക പ്രായം നിങ്ങൾക്കുണ്ടോ? നിങ്ങൾ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നുവോ? തീർച്ചയായും നിങ്ങൾ നിങ്ങുടെ പൂർണ്ണഹൃദയത്തോടെ യഹോവയെ സ്നേഹിക്കാൻ സാത്താൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾ സ്വാർത്ഥതയോടെ “സ്വന്തം കാര്യം ചെയ്യാൻ,” നിങ്ങളെത്തന്നെ പ്രസാദിപ്പിക്കാൻ അവൻ ആഗ്രഹിക്കുന്നു. നിങ്ങൾ ആരെ സന്തോഷിപ്പിക്കും? യഹോവയേയോ സാത്താനേയോ? ഇതു ഗൗരവമായി പരിചിന്തിക്കുക.
13. നിങ്ങൾ സമർപ്പിച്ച് സ്നാനമേറ്റ ആളാണെങ്കിൽ നിങ്ങൾ നിങ്ങളോടുതന്നെ ഏതു ചോദ്യങ്ങൾ ചോദിക്കണം?
13 നിങ്ങൾ നിങ്ങളെത്തന്നെ ദൈവത്തിനു സമർപ്പിക്കുകയും അതിനെ ജലസ്നാനത്താൽ ലക്ഷ്യപ്പെടുത്തകയും ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ഹൃദയം യഥാർത്ഥത്തിൽ ദൈവത്തിനുള്ളതാണെന്ന് നിങ്ങളുടെ ജീവിതഗതി പ്രകടമാക്കുന്നുവോ? നിങ്ങളുടെ താത്പര്യങ്ങൾ, നിങ്ങളുടെ പ്രതീക്ഷകൾ, എവിടെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്? ഒരു പുതിയ കാർ വാങ്ങുന്നതിലാണോ? വസ്ത്രങ്ങളോ മറ്റു ഭൗതിക വസ്തുക്കളോ വാങ്ങാൻ പണമുണ്ടാക്കുന്നതിലാണോ? ആരുടെ താത്പര്യങ്ങളാണ് ഒന്നാമതു വരുന്നത്- നിങ്ങളുടെ സ്വന്തമോ യഹോവയുടേതോ? നിങ്ങളുടെ ഹൃദയം യഹോവക്ക് കൊടുക്കാനുള്ള അവന്റെ അഭ്യർഥനകൾക്കു നിങ്ങൾ യഥാർഥത്തിൽ ചെവി കൊടുത്തിട്ടുണ്ടോ?
14. (എ) യുവാക്കൾക്ക് ഏതു വിലപ്പെട്ട ആസ്തിയുണ്ട്? (ബി) ഒരു യുവാവ് തന്റെ സ്രഷ്ടാവിനെ ഓർക്കാത്തത് സങ്കടകരമായിരിക്കുന്നതെന്തുകൊണ്ട്?
14 പ്രായമുള്ളവർക്ക് കൂടുതൽ അനുഭവപരിചയവും പൊതുവെ കൂടുതൽ ജ്ഞാനവുമുണ്ടെങ്കിലും യുവാക്കൾക്ക് ദൈവത്തെ പ്രസാദിപ്പിക്കാൻ ഉപയോഗിക്കാൻ കഴിയുന്ന വിലയേറിയ ഒരു ആസ്തിയുണ്ട്. “യുവാക്കന്മാരുടെ ഭൂഷണം അവരുടെ ബലമാണ്” എന്ന് ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 20:29) അതുകൊണ്ട് ആ ബലം ഇപ്പോൾ ഉപയോഗിക്കുക. വാർദ്ധ്യക്യത്തിന്റെ അനർത്ഥനാളുകൾ വന്നുതുടങ്ങുന്നതിനു മുമ്പ് നിങ്ങളുടെ സ്രഷ്ടാവിനെ ഓർക്കുക. അന്ന് ശരീരം ദുർബലമാകുകയും അതിന്റെ അവയവങ്ങൾ തകരുകയും ശരിയായി പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നു. തന്റെ യൗവനത്തിൽ സ്രഷ്ടാവിനെ ഓർക്കാതിരിക്കുന്നതിനാൽ വാർദ്ധക്യത്തിൽ സ്വയം ദൈവത്തിനു ശുപാർശചെയ്യാൻ ഒരു വ്യക്തിക്ക് യാതൊന്നുമില്ലാത്തത് എത്ര ദുഃഖകരമാണ്! അതാണ് “ഏറ്റവും വലിയ മായ!” (സഭാപ്രസംഗി 12:1-8) അതുകൊണ്ട് നിങ്ങൾക്ക് ബലവും ഊർജ്ജസ്വലതയുമുള്ളപ്പോൾ ജ്ഞാനപൂർവ്വം നിങ്ങളുടെ സ്രഷ്ടാവിനെ ഓർക്കുക. ദൈവസേവനത്തിന്റെ ഒരു വിശ്വസ്ത രേഖ കെട്ടുപണിചെയ്യുക. അവൻ നിങ്ങളെ നിത്യജീവനായി അനുകൂലമായി ന്യായം വിധിച്ചുകൊണ്ട് ഓർക്കുന്നതായിരിക്കും.—എബ്രായർ 6:10-12; സഭാപ്രസംഗി 12:13, 14.
അവർ ദൈവത്തിന്റെ ഹൃദയത്തെ സന്തോഷിപ്പിച്ചു
15. ദൈവസേവനത്തിന് തങ്ങളുടെ ബലം ഉപയോഗിച്ച യുവാക്കളുടെ ഏതു ബൈബിൾ ദൃഷ്ടാന്തങ്ങളണ്ട്?
15 തങ്ങളുടെ ഭൂഷണത്തെ-ബലത്തെ-ദൈവസേവനത്തിന് ഉപയോഗിച്ച യുവാക്കളുടെ ദൃഷ്ടാന്തങ്ങൾ കൊണ്ട ബൈബിൾ നിറഞ്ഞിരിക്കുകയാണ്. വേഗതയും ചുണയുമുള്ള യുവാക്കളായിരുന്നു വാഗ്ദത്തദേശം ഒറ്റുനോക്കിയത്. (യോശുവ 6:22, 23; 2:15, 16, 23) ദാവീദ് തന്നെ 20-കളിൽ ആയിരുന്നപ്പോൾ നാബാലിൽനിന്ന് ഉപകാരത്തിന് അഭ്യർഥിക്കാനുള്ള ദൗത്യവുമായി അവൻ “പത്തു യുവാക്കന്മാരെ” അയച്ചു. (1 ശമുവേൽ 25:4, 5) ആക്രമണഭീഷണിയിൻ കീഴിൽ നാടുവാഴിയായ നെഹമ്യാവിന്റെ നേതൃത്വത്തിൽ യഹൂദന്മാർ യരുശലേമിന്റെ മതിലുകൾ പുനർനിർമ്മിച്ചപ്പോൾ, അപകടകരമായ കഠിന വേല ചെയ്തതാരായിരുന്നു? “എന്റെ യുവാക്കളിൽ പകുതിപേർ വേലയിൽ സജീവമായി ഏർപ്പെടുകയും പകുതിപേർ കുന്തങ്ങളും പരിചകളും വില്ലുകളും കവചങ്ങളും പിടിക്കുകയും ചെയ്തു.” എന്ന് നെഹമ്യാവ് വിശദീകരിച്ചു. (നെഹമ്യാവ് 4:16) അനന്യാസും സഫീറയും കള്ളം പറഞ്ഞതുകൊണ്ട് ദൈവം അവരെ നിഗ്രഹിച്ചപ്പോൾ യുവാക്കന്മാരാണ് അവരെ പുറത്തുകൊണ്ടുപോയി അടക്കം ചെയ്തത്.—പ്രവൃത്തികൾ 5:5, 6, 10.
16. കഴിഞ്ഞ കാലത്ത് യുവജനങ്ങൾ ഏത് ആത്മീയ പ്രവർത്തനത്തിൽ പങ്കെടുത്തിട്ടുണ്ട്?
16 ആവശ്യമുള്ളത് ഏത് സേവനമായാലും യുവാക്കൾ തങ്ങളെത്തന്നെ ലഭ്യമാക്കുമ്പോൾ അത് യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു. എന്നിരുന്നാലും, ശാരീരികബലത്തെയും ഓജസ്സിനെയുംകാൾ കൂടുതൽ ആവശ്യമാക്കിത്തീർക്കുന്ന ആത്മീയ പ്രവർത്തനത്തിൽ യുവാക്കൾ ഉൾപ്പെട്ടിട്ടുണ്ട്. “ഞാൻ പ്രായക്കുറവുള്ളവനാണ്” എന്ന് എലീഹൂ സമ്മതിച്ചു പറഞ്ഞു. എന്നിരുന്നാലും ഈയ്യോബിനെ തിരുത്താൻ യഹോവ അവനെ ഉപയോഗിച്ചു. (ഇയ്യോബ് 32:4-6) ശമുവേൽ ശീലോയിലെ യഹോവയുടെ സമാഗമന കൂടാരത്തിൽ സേവനമനുഷ്ഠിച്ചുതുടങ്ങിയപ്പോൾ അവൻ ഒരു “ബാലൻ” മാത്രമായിരുന്നു. (1 ശമുവേൽ 2:18) നയമാന്റെ വീട്ടിലെ ഒരു അടിമ ആയിരുന്നിട്ടുപോലും യഹോവയുടെ പ്രവാചകനു ചെയ്യാൻ കഴിയുന്നതിനെക്കുറിച്ച് നിർഭയം ഘോഷിച്ചത് “ഒരു കൊച്ചു ബാലിക” ആയിരുന്നു. (2 രാജാക്കന്മാർ 5:2-4) യഹോവ യിരെമ്യാവിനെ ഒരു പ്രവാചകനായി നിയോഗിച്ചപ്പോൾ “ഞാൻ ഒരു ബാലൻ മാത്രമാണ്” എന്ന് യിരെമ്യാവ് പറഞ്ഞു. (യിരമ്യാവ് 1:5, 6) “ഈ കുട്ടികളെ സംബന്ധിച്ച്, നാലു പേരെ” സംബന്ധിച്ച്-ദാനീയേലും അവന്റെ മൂന്ന് എബ്രായ കൂട്ടുകാരും-ബാബിലോന്യ പ്രവാസത്തിൽ അവർ യഹോവയുടെ എത്ര പ്രമുഖരായ ദാസന്മാരായിരുന്നു! (ദാനീയേൽ, 1-ഉം 3-ഉം അദ്ധ്യായങ്ങൾ) പൗലോസിന്റെ അനന്തരവനായ ഒരു യുവാവ് തന്റെ അമ്മാവനുവേണ്ടി സധൈര്യം പ്രവർത്തിച്ചു. (പ്രവൃത്തികൾ 23:16-21) ഇനി തിമൊഥെയോസ് എന്ന പയ്യൻ ഉണ്ടായിരുന്നു. അവൻ ശൈശവം മുതൽ തിരുവെഴുത്തുകൾ പഠിക്കുകയും തന്റെ യൗവനത്തെ യഹോവയുടെ സേവനത്തിൽ ഉപയോഗിക്കുകയും ചെയ്തു.—2 തിമൊഥെയോസ് 3:25; ഫിലിപ്യർ 2:19-23; 1 കൊരിന്ത്യർ 4:17.
ഇന്ന് ദൈവത്തിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു
17. യഹോവയെ പ്രസാദിപ്പിക്കുന്ന യുവാക്കളെ ഇന്ന് കണ്ടെത്താൻ നാം പ്രതീക്ഷിക്കേണ്ടതെന്തുകൊണ്ട്, നാം കണ്ടെത്തുന്നുണ്ടോ?
17 തങ്ങളുടെ വിശ്വസ്ത സേവനത്താൽ ദൈവഹൃദയത്തെ സന്തോഷിപ്പിച്ചിട്ടുള്ളത് കഴിഞ്ഞ കാലത്തെ യുവാക്കൾ മാത്രമല്ല. “അന്ത്യനാളുകളിൽ ഞാൻ എന്റെ ആത്മാവിൽ കുറെ സകലജഡത്തിന്മേലും പകരും നിന്റെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും, നിന്റെ യുവാക്കന്മാർ ദർശനങ്ങൾ കാണും” എന്ന് ദൈവം പറയുന്നു. (പ്രവൃത്തികൾ 2:17; യോവേൽ 2:28) അതുകൊണ്ട് ഈ അന്ത്യ നാളുകളിൽ യഹോവയെ പ്രസാദിപ്പിക്കുന്ന അനേകം യുവ ക്രിസ്ത്യാനികളെ കാണാൻ നാം ഉചിതമായി പ്രതീക്ഷിക്കേണ്ടതാണ്. നാം കാണുന്നുണ്ട്! യുവസാക്ഷികൾ തെറ്റില്ലാത്തവരല്ല, നമ്മിലാരും തെറ്റില്ലാത്തവരല്ല. എന്നാൽ അനേകം യുവസാക്ഷികൾ ക്രിസ്ത്യാനികളെന്ന നിലയിൽ നന്നായി പ്രവർത്തിക്കുന്നു. അവർ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നതിൽ തൽപ്പരരാണ്—സദൃശവാക്യങ്ങൾ 27:11; 3:1, 2
18, 19. ഇന്ന് ഏതു വേല ചെയ്യേണ്ട ആവശ്യമുണ്ട്, യുവാക്കൾ അതിന് വളരെ അനുയോജ്യരായിരിക്കുന്നതെന്തുകൊണ്ട്?
18 ഈ അന്ത്യ നാളുകളിൽ യഹോവയുടെ ഇഷ്ടം തന്റെ രാജ്യത്തെക്കുറിച്ച് ഒരു വലിയ ആഗോള സാക്ഷ്യം കൊടുക്കണമെന്നാണ്, അതിൽ വമ്പിച്ച ശ്രമം ഉൾപ്പെട്ടിരിക്കുന്നു. (മത്തായി 24:14) ആരാധനക്കുള്ള രാജ്യഹാളുകളും, അതുപോലെതന്നെ സർക്കീട്ട് സമ്മേളനങ്ങൾക്കുള്ള വലിയ കെട്ടിടങ്ങളും നിർമ്മിക്കേണ്ടതുണ്ട്. അനേകം രാജ്യങ്ങളിൽ ബൈബിൾ സാഹിത്യം പ്രസിദ്ധീകരിക്കുന്നതിന് കൂടുതൽ ഫാക്ടറി സ്ഥലം ആവശ്യമാണ്. കൂടാതെ ബഥേൽ ഭവന വസതികളും കൂടുതലായി ആവശ്യമുണ്ട്. ഈ പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്തതുന്നതിന് ഭാരിച്ച നിർമ്മാണവേല ആവശ്യമാണ്. നെഹമ്യാവിന്റെ നാളിലെ മതിൽപണിയുടെ കാര്യത്തിലെന്നപോലെ, ശേഷിയും ശേമുഷിയുമുള്ള യുവാക്കളാണ് വേലയിലധികവും ചെയ്യുന്നത്.
19 ഓരോ വർഷവും ആയിരക്കണക്കിന് ലക്ഷം ടൺ ബൈബിൾ സാഹിത്യം അച്ചടിക്കുന്നതിനും ബയൻഡ് ചെയ്യുന്നതിനും കയറ്റിയയ്ക്കുന്നതിനും ആവശ്യമായ ഭാരിച്ച കായികാദ്ധ്വാനത്തിൽ ഏറിയ പങ്കും ചെയ്യുന്നത് അങ്ങനെയുള്ള ചെറുപ്പക്കാരാണ്. യഥാർഥത്തിൽ വാച്ച്ടവർ കൃഷിയിടങ്ങൾ ഉൾപ്പെടെയുള്ള യഹോവയുടെ സാക്ഷികളുടെ ന്യൂയോർക്കിലെ മുഖ്യ സ്ഥാനത്ത് 25 വയസ്സും അതിൽ കുറവുമുള്ള 1400-ൽ പരം യുവാക്കളുണ്ട് അവരുടെ സേവനം വാരത്തിൽ അവർ ചെയ്യുന്ന കായികാദ്ധ്വാനത്തിൽ പരിമിതപ്പെട്ടിരിക്കുന്നില്ല; വാരാന്ത്യത്തിൽ അവർ വീടുതോറുമുള്ള പ്രസംഗ പ്രവർത്തനത്തിലും പ്രാദേശിക സഭകളിലെ ക്രിസ്തീയ യോഗങ്ങളിലും പങ്കെടുക്കുന്നു. അവർ യഹോവയുടെ ഹൃദയത്തെ എത്ര സന്തോഷിപ്പിക്കുന്നു!
20. (എ) പയനിയർ ശുശ്രൂഷയിൽ യുവാക്കൾക്ക് എന്തു പങ്കുണ്ട്? (ബി) മുഴു സമയ ശുശ്രൂഷ ചെയ്യാത്ത യുവജനങ്ങൾ തങ്ങളോടുതന്നെ ഏതു ചോദ്യങ്ങൾ ചോദിക്കണം?
20 ഐക്യനാടുകളിൽ ഈ യുവാക്കളോടൊത്ത് നിരന്തര പയനിയർ ശുശ്രൂഷകരായി സേവിക്കുന്ന ഇതേ പ്രായക്കാരായ 12,700-ൽ പരം മറ്റുള്ളവർ ഉണ്ട്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ വേറെ പതിനായിരക്കണക്കിന് ചെറുപ്പക്കാർ കൂടെ പയനിയർ വേല ചെയ്യുന്നുണ്ട്. നിങ്ങൾ ഇതുവരെയും മുഴു സമയ ശുശ്രൂഷയിൽ പ്രവേശിക്കാത്ത ഒരു യുവാവാണെങ്കിൽ, കേവലം നല്ല ശമ്പളമുള്ള ഒരു ലൗകികജോലി നേടുകയും അനന്തരം വിവാഹം കഴിച്ച് ഒരു കുടുംബം വളർത്താൻ തീരുമാനിക്കുകയും ചെയ്യുന്നതിനു പകരം, യഹോവയെ ജീവിതത്തിൽ ഒന്നാമത് വക്കുന്ന ലാക്കുകൾ വക്കാൻ നിങ്ങൾക്ക് കഴിയുമോ? വലിയ സാർവ്വത്രിക പ്രശ്നം നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ? നമ്മുടെ മഹാസ്രഷ്ടാവിന്റെ നാമം സകല നിന്ദയിൽ നിന്നും വിമുക്തമായിത്തീർന്നു കാണാൻ നിങ്ങൾ യഥാർത്ഥത്തിൽ കാംക്ഷിക്കുന്നവോ? അങ്ങനെയെങ്കിൽ യഹോവയുടെ സേവനത്തതിൽ നിങ്ങളാലാവത് ചെയ്യുന്നത് ഉചിതമല്ലേ? അതിൽ കുറഞ്ഞപക്ഷം നിങ്ങളിൽ അനേകർക്കും കൂടെ ബഥേൽ ഭവനങ്ങളിൽ സേവിക്കുന്നതിനോ പയനിയർ വേലയിൽ ഏർപ്പെടുന്നതിനോ സന്നദ്ധരാകുന്നത് ഉൾപ്പെടുകയില്ലേ?
21. (എ) യഹോവയിൽ നിന്നുള്ള ഏത് ക്ഷണത്തിന് നിങ്ങൾ ചെവികൊടുക്കണം, എങ്ങനെ? (ബി) യെശയ്യാവിനെപ്പോലെ അനേകം ചെറുപ്പക്കാർ കൂടെ യഹോവയുടെ ക്ഷണത്തിന് ചെവികൊടുക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
21 ശ്രദ്ധിക്കൂ! സാത്താന്റെ ദുഷ്ടനിന്ദനകൾക്കു യഹോവക്ക് ഒരു മറുപടി കൊടുക്കാൻ യഹോവ നിങ്ങളെ ക്ഷണിക്കുകയാണ്, അതെ, യഹോവ അഭ്യർഥിക്കുകയാണ്. “ഞാൻ ആരെ അയയ്ക്കും ആർ നമുക്കുവേണ്ടി പോകും?” എന്ന് യഹോവ ചോദിക്കുന്നത് യെശയ്യാവിനെപ്പോലെ കേൾക്കാൻ നിങ്ങൾക്ക് കഴിയുമോ? യെശയ്യാവ് പറഞ്ഞതുപോലെ ,ജ്ഞാനിയായി “ഞാനിതാ! എന്നെ അയക്കേണമേ” എന്നു പറഞ്ഞു ചെവി കൊടുക്കരുതോ? (യെശയ്യാവ് 6:8) ചെറുപ്പക്കാരായ നിങ്ങളിൽ അനേകർ കൂടെ ചെവി കൊടുക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, എന്തുകൊണ്ടെന്നാൽ ദൈവവചനം ഇങ്ങനെ വാഗ്ദത്തം ചെയ്യുന്നു: “നിന്റെ സേനാ ദിവസത്തിൽ നിന്റെ ജനം സ്വമേധയാ തങ്ങളെത്തന്നെ അർപ്പിക്കും. . . നിനക്ക് നിന്റെ യുവാക്കന്മാരുടെ [യുവതികളുടെയും] സമൂഹം മഞ്ഞുതുള്ളികൾ പോലെതന്നെ. . . വരുന്നു.” (സങ്കീർത്തനം 110:3; 148:12, 13) നിങ്ങൾ തീർച്ചയായും ചെവി കൊടുക്കുമ്പോൾ, നിങ്ങൾ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നതായി അവൻ നിരീക്ഷിക്കുന്നുവെന്നും അതംഗീകരിക്കുന്നുവെന്നും അറിയുന്നതിന്റെ സന്തോഷം നിങ്ങൾക്ക് അനുഭവിക്കാൻ കഴിയും
പുനരവലോകന ചതുരം
◻ നമ്മുടെ ജീവിതരീതി യഹോവക്ക് പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
◻ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നത് ജ്ഞാനമായിരിക്കുന്നതെന്തുകൊണ്ട്?
◻ നാം നമ്മുടെ ഹൃദയം യഹോവക്ക് കൊടുത്തിരിക്കുന്നുവെന്ന് എങ്ങനെ പ്രകടമാക്കാൻ കഴിയും?
◻ കഴിഞ്ഞ കാലത്ത് ആർ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിച്ചു, എങ്ങനെ?
◻ ഇന്ന് ആർ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു, എങ്ങനെ?
[26-ാം പേജിലെ ചിത്രങ്ങൾ]
യെരൂശലേമിന്റെ മതിലുകൾ പുനർനിർമ്മിക്കാൻ സഹായിച്ചുകൊണ്ട് യുവാക്കൾ ദൈവത്തിന്റെ ഹൃദയത്തെ സന്തോഷിപ്പിച്ചു