രക്തക്കറപുരണ്ട ഒരു ലോകത്തിൽ ക്രിസ്തീയ നിഷ്പക്ഷർ
“മനുഷ്യന്റെ രക്തം ചൊരിയുന്ന ഏവനും, അവന്റെ സ്വന്തം രക്തം മനുഷ്യനാൽ ചൊരിയപ്പെടും എന്തെന്നാൽ ദൈവത്തിന്റെ പ്രതിച്ഛായയിൽ അവൻ മനുഷ്യനെ ഉണ്ടാക്കി.”—ഉല്പത്തി 9:6
1. ആയിരത്തിത്തൊള്ളായിരത്തിപതിനാലുമുതലുള്ള ഏതു ലോക വികാസങ്ങൾ ഉൽക്കണ്ഠയ്ക്കു കാരണം നൽകുന്നു?
ആയിരത്തിത്തൊള്ളായിരത്തിപ്പതിനാലിനുശേഷം നടന്ന യുദ്ധങ്ങളിൽ പത്തു കോടിയിലധികം മനുഷ്യരുടെ രക്തം ചൊരിയപ്പെട്ടു—രക്തക്കടലുകളുണ്ടായി. ഭാവിയിലേക്കു് എന്തു പ്രത്യാശയാണുള്ളതു്? 1945-ൽ ജപ്പാനിലെ രണ്ടു നഗരങ്ങൾക്കു നേരിട്ട നാശം 2,00,000 പേരുടെ ജീവനെ ഹനിക്കുകയും ഒടുവിൽ മഹച്ഛക്തികൾ കൊണ്ടുവന്ന ഒരു പുതിയ ഉപദേശത്തിലേക്കു് നയിക്കുകയും ചെയ്തു. അതു് ഉചിതമായി സുനിശ്ചിത പരസ്പര നാശം എന്നു മുദ്രയടിക്കപ്പെട്ടു. ഇതു് ഭീതിയുടെ സമനിലയ്ക്കുള്ള അടിസ്ഥാനമായിത്തീർന്നു. നമ്മുടെ ഭൂമിയെ പലവട്ടം നശിപ്പിക്കാൻ കഴിയുന്ന ന്യൂക്ലിയർ ആയുധങ്ങളുടെ കൂനകളിന്മേലാണു് അതു കെട്ടിപ്പടുത്തിരിക്കുന്നതു്. അന്തർവാഹിനികൾ ഈ ഭീകരായുധങ്ങളെ സമുദ്രങ്ങളിലേക്കു് എത്തിച്ചിരിക്കുന്നു. അടുത്തകാലത്തു് ശൂന്യാകാശയുദ്ധ ഭീഷണി അപകടത്തെ വ്യാപകമാക്കിയിരിക്കുന്നു. ഭീതിയുടെ സമനിലപോലും ഇപ്പോൾ അടിസ്ഥാനം വരെ കുലുങ്ങിപ്പോയിരിക്കുകയാണു്. ഈ ഭ്രാന്തിൽ നിന്നു് എന്തെങ്കിലും പോംവഴിയുണ്ടോ?
2. ഈ കാലങ്ങളെ സംബന്ധിച്ചു് യേശു എന്തു പ്രവചിച്ചു, എന്നാൽ ക്രിസ്ത്യാനികൾക്കു് എന്തു് ഉറപ്പുണ്ടു്?
2 ഉവ്വ്, ഉണ്ട്. എന്നാൽ അതു് രാഷ്ട്രങ്ങൾ തെരഞ്ഞെടുക്കുന്നതായിരിക്കുകയില്ല. യേശു അവരുടെ ഇപ്പോഴത്തെ വിഷമസ്ഥിതിയെക്കുറിച്ചു പ്രവചിച്ചിരുന്നു. “സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങളും ഭൂമിയിൽ സമുദ്രത്തിന്റെ ഗർജനവും പ്രക്ഷുബ്ധതയും നിമിത്തം പോംവഴി അറിയാത്ത ജനതകളുടെ അതിവേദനയുമുണ്ടായിരിക്കും. അതേ സമയം നിവസിത ഭൂമിമേൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള ഭയത്താലും പ്രതീക്ഷയാലും മനുഷ്യർ മോഹാലസ്യപ്പെടുകയാണ്, എന്തുകൊണ്ടെന്നാൽ ആകാശത്തിന്റെ ശക്തികൾ ഉലയ്ക്കപ്പെടും.” “ഉണർന്നിരിക്കുന്ന” ക്രിസ്ത്യാനികൾ “സംഭവിക്കാൻ നിർണ്ണയിക്കപ്പെട്ടിരിക്കുന്ന ഈ എല്ലാ കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞു പോകുന്നതിൽ വിജയിച്ചേക്കാ”മെന്നു് ഉറപ്പുനൽകിക്കൊണ്ടു് യേശു ആ പ്രവചനം ഉപസംഹരിച്ചു.—ലൂക്കോസ് 21:25,26,36
ദൈവവുമായി സമാധാനം പിന്തുടരുക
3. (എ) രാഷ്ട്രങ്ങൾ “ഈ ലോകത്തിന്റെ ദൈവ”ത്തിന്റെ താത്പര്യങ്ങൾക്കു് സേവചെയ്യുന്നതെങ്ങനെ? (ബി) യഹോവ എങ്ങനെ വിവാദ പ്രശ്നത്തിനു തീരുമാനമുണ്ടാക്കും?
3 രാഷ്ട്രങ്ങൾ വിശേഷാൽ ന്യൂക്ലിയർ ആയുധങ്ങളാൽ സുസജ്ജമായിരിക്കുന്നവ, ലോകാധിത്യത്തിനുവേണ്ടിയുള്ള ഒരു മത്സരത്തിൽ അകപ്പെട്ടിരിക്കുകയാണു്, അതു് ലോകനാശത്തിൽ കലാശിക്കാവുന്നതാണെന്നു് മനസ്സിലാക്കാൻ കഴിയും. അതു് ഈ “ലോകത്തിന്റെ ദൈവ”ത്തിന്റെ താത്പര്യങ്ങൾക്കനുസൃതമായിരിക്കും. “രാഷ്ട്രങ്ങൾ യഹോവക്കും അവന്റെ ക്രിസ്തുവിനും എതിരായി ഒന്നിച്ചുകൂടിയിരിക്കുകയാണെന്നു്,” ക്രിസ്തു ഇപ്പോൾ സ്വർഗ്ഗത്തിൽ സിംഹാസനസ്ഥനാക്കപ്പെട്ടിരിക്കുകയാണു്. യഹോവ ആജ്ഞ കൊടുക്കുമ്പോൾ ക്രിസ്തു ഒരു ഇരുമ്പു ചെങ്കോൽ കൊണ്ടെന്നപോലെ ആ രാഷ്ട്രങ്ങളെ തകർത്തുകളയും. അപ്പോൾ “സമാധാനം നൽകുന്ന ദൈവം താമസിയാതെ സാത്താനെ നിങ്ങളുടെ പാദങ്ങളിൻ കീഴിൽ തകർക്കു”മെന്നുള്ള വാഗ്ദത്തത്തിനു് നിവൃത്തിയുണ്ടാകും.—2 കൊരിന്ത്യർ 4:4, കിംഗ് ജയിംസ് വേർഷൻ; സങ്കീർത്തനം 2:2, 6-9; റോമർ 16:20.
4. നമുക്കു് ദൈവവുമായി എങ്ങനെ സമാധാനം പിന്തുടരാം? (1 പത്രോസ് 3:11)
4 നാം, നമ്മുടെ ഭാഗത്തു്, ആ ദൈവവുമായി സമാധാനം പിന്തുടരാൻ ആഗ്രഹിക്കേണ്ടതാണു്. നമുക്കു് അതു് എങ്ങനെ ചെയ്യാം? നമുക്കു് മനുഷ്യജീവന്റെയും നമ്മുടെ രക്തധമനികളിലൂടെയും സിരകളിലൂടെയും ഒഴുകുന്ന വിലയേറിയ ജീവരക്തത്തിന്റെയും പവിത്രതയെയും സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം ഉണ്ടായിരിക്കണമെന്നതാണു് ഒരു സംഗതി.
5. യഹോവ അനിയന്ത്രിതമായി രക്തച്ചൊരിച്ചിലിനു പ്രതികാരം ചെയ്യുന്നുവെന്നു് ഏതു ദൃഷ്ടാന്തങ്ങൾ സൂചിപ്പിക്കുന്നു?
5 യഹോവയാം ദൈവമാണു് മനുഷ്യന്റെയും നമ്മെ ജീവനുള്ളവരാക്കി നിലനിർത്തിക്കൊണ്ടു് മനുഷ്യശരീരത്തിലേക്കു് പോഷണമെത്തിക്കുന്ന അത്ഭുതകരമായ രക്തപ്രവാഹത്തിന്റെയും സ്രഷ്ടാവു്. മനുഷ്യരക്തം നിർദ്ദാക്ഷിണ്യം ചൊരിയണമെന്നു് ദൈവം ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. കയീൻ ആദ്യ കൊലപാതകം നടത്തിയശേഷം, ഹാബേലിന്റെ രക്തം പ്രതികാരത്തിനായി നിലവിളിക്കുകയാണെന്നു് യഹോവ പ്രഖ്യാപിച്ചു. പിന്നീടു്, കയീന്റെ സന്തതികളിലൊരാളായിരുന്ന ലാമേക്ക് ഒരു കൊലയാളിയായിത്തീരുകയും അവൻതന്നെ കൊല്ലപ്പെടുകയാണെങ്കിൽ, രക്തപാതകത്തിന് പ്രതികാരം ചെയ്യണമെന്നു് കവിതാരൂപത്തിൽ പ്രസ്താവിക്കുകയും ചെയ്തു. കാലക്രമത്തിൽ ഒരു ദുഷിച്ച ലോകം അക്രമംകൊണ്ടു് നിറഞ്ഞു. ആ ഒന്നാമത്തെ മനുഷ്യവർഗ്ഗലോകത്തെ നശിപ്പിക്കുന്നതിനു് യഹോവ പ്രളയം അയച്ചു. സമാധാനകാംക്ഷിയായിരുന്ന നോഹയുടെ കുടുംബം മാത്രമേ അതിജീവിച്ചുള്ളൂ. അവന്റെ പേരിന്റെ അർത്ഥം “വിശ്രമം” എന്നാണു്.—ഉല്പത്തി 4:8-12, 23, 24; 6:13; 7:1.
6. രക്തം സംബന്ധിച്ച ദൈവത്തിന്റെ നിയമമെന്താണു്, ഇതു് ആർക്കു ബാധകമാണു്?
6 യഹോവ പിന്നീടു് രക്തത്തെ സംബന്ധിച്ച തന്റെ വ്യക്തമായ ഇഷ്ടം നോഹയെ അറിയിച്ചു. “മനുഷ്യന്റെ രക്തം ചൊരിയുന്ന ഏവനും അവന്റെ സ്വന്തം രക്തം മനുഷ്യനാൽ ചൊരിയപ്പെടും, എന്തെന്നാൽ ദൈവത്തിന്റെ പ്രതിച്ഛായയിൽ അവൻ മനുഷ്യനെ ഉണ്ടാക്കി.” (ഉല്പത്തി 9:3-6) ഇന്നത്തെ സകല മനുഷ്യവർഗ്ഗവും നോഹയുടെ സന്തതികളാണു്. അതുകൊണ്ട് ജീവനോടുള്ള ആദരവിനെ ഊന്നിപ്പറയുന്ന ഈ ദിവ്യ നിയമം ദൈവാംഗീകാരം ആഗ്രഹിക്കുന്ന സകല മനുഷ്യർക്കും ബാധകമാണു്. പത്തു കല്പനകളിൽ ആറാമത്തേതും “നീ കൊലപാതകം ചെയ്യരുതു്” എന്നു് പ്രഖ്യാപിച്ചു. രക്തപാതകം തക്ക നടപടിക്കും പ്രതിക്രിയയ്ക്കും ആഹ്വാനം ചെയ്യുന്നു.—പുറപ്പാടു 20:13; 21:12; ആവർത്തനം 21:1-9; എബ്രായർ 10:30.
7. (എ) യുദ്ധം ചെയ്യാൻ യഹോവ യിസ്രായേലിനോടു കല്പിച്ചതു് ഉചിതമായിരുന്നതെന്തുകൊണ്ടു്? (ബി) ക്രിസ്ത്യാനികൾ ഇന്നു് ഏതു യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നു?
7 രക്തച്ചൊരിച്ചിലിനെ ഇത്ര വ്യക്തമായി വിലക്കിയിരുന്നതിനാൽ യുദ്ധത്തിലേർപ്പെടാൻ യഹോവ യിസ്രായേലിനെ അനുവദിക്കുകയും കല്പിക്കുകപോലും ചെയ്തതെന്തുകൊണ്ടായിരുന്നു? ഇതു് വിശുദ്ധീകരിക്കപ്പെട്ട യുദ്ധമായിരുന്നുവെന്നും അതു മുഖാന്തരം സകലഭൂമിയുടേയും ന്യായാധിപതിയായ യഹോവ ഭൂതാരാധകരായ ജനതകളെ നിർമ്മൂലനം ചെയ്യുകയായിരുന്നുവെന്നും നാം ഓർക്കേണ്ടതുണ്ടു്. ദൃഷ്ടാന്തമായി കനാന്യർ വാഗ്ദത്തദേശത്തെ അനധികൃതമായി കൈയ്യടക്കിവച്ചിരിക്കുകയായിരുന്നു. അവർ ദൈവത്തിന്റെ വിശുദ്ധ ജനത്തെ അപകടപ്പെടുത്തുമായിരുന്ന ഒരു ഭൂതാവിഷ്ട ദുർമ്മാർഗ്ഗരീതി പിന്തുടരുകയായിരുന്നു. യഹോവ ആ ഹീനരായ മനുഷ്യരെ അവരുടെ പ്രദേശത്തുനിന്നു “ഛർദ്ദിപ്പി”ച്ചു, അതിന് ദിവ്യാധിപത്യ യുദ്ധത്തെ ഉപയോഗിച്ചു. (ലേവ്യപുസ്തകം 18:1-30; ആവർത്തനം 7:1-6, 24) ഇതു് ക്രിസ്ത്യാനിയുടെ ഇന്നത്തെ ആത്മീയ യുദ്ധത്തെ ന്യായീകരിക്കുന്നു.—2 കൊരിന്ത്യർ 10:3-5; എഫെസ്യർ 6:11-18.
8. നിർദ്ദോഷ രക്തം ചൊരിയുന്നതിലുള്ള ദൈവത്തിന്റെ അപ്രീതിയെ പ്രകടമാക്കുന്നതെന്തു്?
8 എന്നിരുന്നാലും, യഹോവ വിവേചനാരഹിതമായ രക്തച്ചൊരിച്ചിൽ അംഗീകരിച്ചിട്ടില്ല. അതുകൊണ്ടു്, ഒരു യഹൂദാ രാജാവിനെക്കുറിച്ചു് ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: “മനശ്ശെ യെരുശലേമിനെ അറുതിമുതൽ അറുതിവരെ നിറക്കുന്നതുവരെ വളരെ വലിയ അളവിൽ ചൊരിഞ്ഞ നിർദ്ദോഷരക്തവുമുണ്ടായിരുന്നു.” മനശ്ശെ പിന്നീടു് അനുതപിക്കുകയും യഹോവയുടെ മുമ്പിൽ തന്നെത്താൻ താഴ്ത്തുകയും ചെയ്തെങ്കിലും ആ രക്തപാതകം അവന്റെ മേലും അവന്റെ രാജവംശത്തിന്മേലും തങ്ങിനിന്നു. മനശ്ശയുടെ ദൈവഭയമുണ്ടായിരുന്ന പൗത്രൻ യോശീയാ രാജാവ് ദേശത്തെ ശുദ്ധീകരിച്ചു സത്യാരാധന പുനഃസ്ഥിതീകരിക്കാൻ സുനിശ്ചിത നടപടി സ്വീകരിച്ചു. എന്നാൽ അവനു് ആ രക്തപാതകം നീക്കാൻ കഴിഞ്ഞില്ല. യോശീയാവിന്റെ പുത്രനായ യെഹോയാക്കീമിന്റെ വാഴ്ചക്കാലത്തു് യഹോവ യഹൂദാജനതയ്ക്കെതിരെ ന്യായവിധി നടത്താൻ അതിനെതിരായി നെബുഖദ്നേസ്സർ രാജാവിനെ വരുത്തുന്നതിനു പുറപ്പെട്ടു. “മനശ്ശെയുടെ പാപങ്ങൾ നിമിത്തം, അവൻ ചെയ്തിരുന്നതെല്ലാമനുസരിച്ചു് തന്റെ ദൃഷ്ടിയിൽ നിന്നു യഹൂദയെ നീക്കം ചെയ്യാൻ അതിനെതിരെ അതു് നടന്നതു് യഹോവയുടെ കല്പനയാൽ മാത്രമായിരുന്നു. അവൻ യരുശലേമിനെ നിർദ്ദോഷരക്തം കൊണ്ടു നിറയ്ക്കത്തക്കവണ്ണവും യഹോവ ക്ഷമിക്കാൻ സമ്മതിക്കാതിരിക്കത്തക്കവണ്ണവും അവൻ ചൊരിഞ്ഞ നിർദ്ദോഷ രക്തം നിമിത്തവുംതന്നെ.”—2 രാജാക്കന്മാർ 24:1-4; 2 ദിനവൃത്താന്തങ്ങൾ 33:10-13
ക്രിസ്ത്യാനികൾക്കുള്ള പ്രമാണം
9. രക്തം ചൊരിയുന്നതു സംബന്ധിച്ചു് യേശു ക്രിസ്ത്യാനികൾക്കു് എന്തു പ്രമാണം വച്ചു?
9 ക്രിസ്ത്യാനിത്വത്തിന്റെ സ്ഥാപകനായ യേശു രക്തച്ചൊരിച്ചിൽ സംബന്ധിച്ചു് ക്രിസ്ത്യാനികൾക്കുള്ള പ്രമാണം വെക്കുമെന്നു പ്രതീക്ഷിക്കാവുന്നതാണു്. അവൻ വെച്ചോ? കൊള്ളാം, അവൻ തന്റെ മരണത്തിന്റെ സ്മാരകം ഏർപ്പെടുത്തിയശേഷം അല്പം കഴിഞ്ഞു തന്റെ ശിഷ്യന്മാരെക്കൊണ്ടു് രണ്ടു വാൾ എടുപ്പിക്കുന്നതിൽ ശ്രദ്ധിച്ചു. എന്തുദ്ദേശ്യത്തിൽ? ഒരു മർമ്മപ്രധാനമായ തത്വം സ്ഥാപിക്കുന്നതിനു്; അതു് എല്ലാ ക്രിസ്ത്യാനികളും അനുസരിക്കേണ്ട ഒന്നാണു്. ഗത്സമേനയിൽ യേശുവിനെ അറസ്റ്റുചെയ്യുന്നതിനു പടക്കൂട്ടം വന്നപ്പോൾ ധൃതഗതിക്കാരനായ പത്രോസ് ഒരു വാൾ വീശി യഹൂദ മഹാപുരോഹിതന്റെ അടിമയായിരുന്ന മാൽക്കസിന്റെ വലത്തെ ചെവി വെട്ടി. ദൈവപുത്രനുവേണ്ടി ഇങ്ങനെ പോരാടുന്നതു് ഒരു ശ്രേഷ്ഠ സംഗതി ആയിരുന്നില്ലേ? യേശു അങ്ങനെ വിചാരിച്ചില്ല. അവൻ ആ അടിമയുടെ ചെവി സൗഖ്യമാക്കുകയും തന്റെ സ്വർഗ്ഗീയ പിതാവു് സഹായാർത്ഥം 12 ലഗ്യോൻ ദൂതന്മാരെ അയക്കാൻ പ്രാപ്തനാണെന്നു് പത്രോസിനെ ഓർമ്മിപ്പിക്കുകയും ചെയ്തു. അവിടെ യേശു ഈ അടിസ്ഥാന തത്വം പ്രസ്താവിച്ചു: “വാൾ എടുക്കുന്നവരെല്ലാം വാളിനാൽ നശിക്കും.—മത്തായി 26:51-53; ലൂക്കോസ് 22:36, 38, 49-51; യോഹന്നാൻ 18:10, 11.
10. (എ) യോഹന്നാൻ 17:14, 16-ലും യോഹന്നാൻ 18:36-ലും ഏതു പ്രധാനതത്വം സ്ഥാപിക്കപ്പെട്ടിരിക്കുന്നു? (ബി) ഏതു പ്രവർത്തനഗതി ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്കു രക്ഷയിൽ കലാശിച്ചു?
10 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ യഹോവയോടുള്ള യേശുവിന്റെ തീവ്രമായ പ്രാർത്ഥന പിന്നീടു് അനുസ്മരിക്കുമായിരുന്നു, അതിൽ അവൻ തന്റെ ശിഷ്യന്മാരെ സംബന്ധിച്ചു് ഇങ്ങനെ പറഞ്ഞു: “ഞാൻ ലോകത്തിന്റെ ഭാഗമല്ലാതിരിക്കുന്നതുപോലെ, അവർ ലോകത്തിന്റെ ഭാഗമല്ല.” അവർ പൊന്തിയോസ് പീലാത്തോസിനോടുള്ള യേശുവിന്റെ വിശദീകരണ ഉത്തരം ഓർക്കും: “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല. എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമായിരുന്നെങ്കിൽ ഞാൻ യഹുദന്മാർക്കു് ഏല്പിക്കപ്പെടാതിരിക്കാൻ എന്റെ സേവകന്മാർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഈ ഉറവിൽനിന്നുള്ളതല്ല. (യോഹന്നാൻ 17:14, 16; 18:36) ആ നാളകളിൽ യഹൂദ വിഭാഗങ്ങൾ വാഗ്രൂപേണയും രക്തം ചൊരിഞ്ഞുകൊണ്ടും അന്യോന്യം പോരാടുകയായിരുന്നു. എന്നാൽ യേശുവിന്റെ ശിഷ്യന്മാർ ആ വിപ്ലവ പ്രസ്ഥാനങ്ങളിൽ ചേർന്നില്ല. ഏതാണ്ടു് 30 വർഷം അവർ യരൂശലേമിൽ കാത്തിരുന്നു. അനന്തരം അവർ പർവ്വതത്തിലേക്കു് ഓടിപ്പോയതിനാൽ യേശുവിന്റെ പ്രാവചനിക അടയാളമനുസരിച്ചു. അവരുടെ നിഷ്പക്ഷ നിലപാടും അവരുടെ ഓട്ടവും അവരുടെ രക്ഷയിൽ കലാശിച്ചു.—മത്തായി 24:15, 16.
11, 12. (എ) കോർന്നലിയോസും സെർഗ്ഗ്യസ് പൗലസും വിശ്വാസികളായിത്തിർന്നപ്പോൾ എന്തു തീരുമാനം ചെയ്യേണ്ടിയിരുന്നു? (ബി) ശരിയായ തീരുമാനം ചെയ്യാൻ അവർക്ക് എവിടെ സഹായം ലഭിക്കുമായിരുന്നു? (സി) ഇത് ഇന്നു നമുക്ക് എന്തു സൂചിപ്പിക്കുന്നു?
11 ‘ശതാധിപനായിരുന്ന കൊർന്നേലിയോസിനെയും സൈപ്രസിലെ സൈനികപിന്തുണയുള്ള ദേശാധിപതിയായിരുന്ന സെർഗ്ഗ്യസ് പൗലസിനെയും സംബന്ധിച്ചെന്തു്? എന്നു ചിലർ ചോദിച്ചേക്കാം. ഇവർ പട്ടാളത്തോടു ബന്ധപ്പെട്ടവവരായിരുന്നില്ലേ? ഉവ്വ്, അവർ ക്രിസ്തീയ സന്ദേശം സ്വീകരിച്ച സമയത്തു്. എന്നാൽ തങ്ങളുടെ പരിവർത്തനത്തിനു ശേഷം കൊർന്നേലിയോസും മറ്റുള്ളവരും എന്തു ചെയ്തുവെന്നു് തിരുവെഴുത്തുകൾ പറയുന്നില്ല. ബുദ്ധിശാലിയായ ഒരു മനുഷ്യനായിരുന്ന സെർഗ്ഗ്യസ് പൗലസ് “യഹോവയുടെ ഉപദേശത്തിൽ വിസ്മയിച്ചു.” അയാൾ തന്റെ പുതുതായി കണ്ടെത്തിയ വിശ്വാസത്തിന്റെ വെളിച്ചത്തിൽ പെട്ടെന്നുതന്നെ തന്റെ ലൗകിക നിലയെ സൂക്ഷ്മമായി പരിശോധിക്കുകയും ശരിയായ തീരുമാനം ചെയ്യുകയും ചെയ്യുമെന്നു് ഇതിനു സംശയമില്ല. കോർന്നലിയോസും അങ്ങനെ ചെയ്യുമായിരുന്നു. (പ്രവൃത്തികൾ 10:1, 2, 44-48; 13:7, 12) അവർ എന്തു് നടപടി സ്വീകരിക്കണമെന്നു് ശിഷ്യന്മാർ അവരോടു പറഞ്ഞതായി രേഖയില്ല. അവരുടെ സ്വന്തം ദൈവവചന പഠനത്തിൽ നിന്നു് അവർക്കു് അതു മനസ്സിലാക്കാൻ കഴിയുമായിരുന്നു.—യെശയ്യാവു് 2:2-4; മീഖാ 4:3
12 അതുപോലെതന്നെ, ഇന്നു ക്രിസ്ത്യാനികൾ ക്രിസ്തീയ നിഷ്പക്ഷതയോടും ബന്ധപ്പെട്ട വിവാദപ്രശ്നങ്ങളിൽ ഏതു നിലപാടു് സ്വീകരിക്കണമെന്നു മറ്റുള്ളവരെ വ്യക്തിപരമായി ഉപദേശിക്കരുതു്. ഓരോരുത്തനും ബൈബിൾ തത്വങ്ങൾ അനുസരിച്ചുള്ള തന്റെ ഗ്രാഹ്യത്തിനനുസൃതമായി മനഃസാക്ഷിപരമായ സ്വന്തം തീരുമാനങ്ങൾ ചെയ്യേണ്ടതാണു്.—ഗലാത്യർ 6:4, 5.
ആധുനിക കാലങ്ങളിൽ
13. ഒന്നാം ലോകമഹായുദ്ധകാലത്തു രക്തപാതകം ഒഴിവാക്കാൻ ശ്രമിച്ചതിൽ ബൈബിൾ വിദ്യാർഥികൾക്കു് എന്തു വിജയം ലഭിച്ചു?
13 സമഗ്രയുദ്ധം ലോകരംഗത്തു് ആക്രമണം നടത്തിയതു് 1914-ൽ ആയിരുന്നു. ജനതകളുടെ മുഴു വിഭവങ്ങളും അവരുടെ മനുഷ്യശക്തിയും യുദ്ധത്തിനു വിനിയോഗിക്കപ്പെട്ടു. അന്നു് യഹോവയുടെ സാക്ഷികൾ ബൈബിൾ വിദ്യാർത്ഥികൾ എന്നാണു് വിളിക്കപ്പെട്ടിരുന്നതു്; അവരിൽ അനേകർ രക്തപാതകം ഒഴിവാക്കാൻ പ്രശംസാർഹമായ ശ്രമം ചെയ്തു. അവർ യേശു പറഞ്ഞിരുന്നതുപോലെതന്നെ കഠിനമായി പീഡിപ്പിക്കപ്പെട്ടു.—യോഹന്നാൻ 15:17-20.
14, 15. (എ) രണ്ടാം ലോകമഹായുദ്ധകാലത്തു യഹോവ എങ്ങനെ മാർഗനിർദേശം നൽകി? (ബി) അന്നു് യഹോവയുടെ സാക്ഷികൾ എന്തു വ്യക്തമായ നിലപാടു സ്വീകരിച്ചു? (സി) ഇതു ലൗകിക മതഭക്തർ ചെയ്തുകൊണ്ടിരുന്നതിൽനിന്നു് വ്യത്യസ്തമായിരുന്നതെങ്ങനെ?
14 ആഗോള പോരാട്ടം വീണ്ടും 1939-ൽ പൊട്ടിപ്പുറപ്പെട്ടപ്പോൾ യഹോവ തന്റെ ദാസന്മാർക്കു് വ്യക്തമായ മാർഗനിർദ്ദേശം നൽകി. യുദ്ധപ്രഖ്യാപനം കഴിഞ്ഞു രണ്ടു മാസത്തിനുള്ളിൽ വീക്ഷാഗോപുരത്തിന്റെ 1939 നവംബർ 1-ലെ ലക്കത്തിൽ “നിഷ്പക്ഷത” എന്ന ശീർഷകത്തോടുകൂടിയ ബൈബിളദ്ധ്യയന വിഷയത്തിന്റെ രൂപത്തിൽ ഈ മാർഗ്ഗ ദർശനം ലഭിച്ചു. അതു് ഈ വാചകത്തോടെ ഉപസംഹരിച്ചു: “കർത്താവിന്റെ പക്ഷത്തുള്ള എല്ലാവരും യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന രാഷ്ട്രങ്ങളുടെ കാര്യത്തിൽ നിഷ്പക്ഷരായിരിക്കും, അവർ ദിവ്യാധിപതിയുടെയും അവന്റെ രാജാവിന്റെയും പക്ഷത്തു പൂർണ്ണമായും നിലയുറപ്പിക്കും.”
15 ഫലമെന്തായിരുന്നു? ഒരു ലോകവ്യാപക സഹോദരവർഗ്ഗമെന്ന നിലയിൽ യഹോവയുടെ സാക്ഷികൾ പരസ്പരയോജിപ്പോടെ മറ്റു രാജ്യങ്ങളിലെ തങ്ങളുടെ സഹോദരന്മാർ ഉൾപ്പെടെയുള്ള നിർദ്ദോഷികളുടെ രക്തം ചൊരിയുന്നതിൽ നിന്നു പിൻമാറിനിന്നു. കത്തോലിക്കരും പ്രോട്ടസ്ററന്റുകാരും ബുദ്ധമതക്കാരും അന്യോന്യം കൊന്നൊടുക്കിക്കൊണ്ടിരുന്നപ്പോൾ യേശുവിന്റെ യഥാർത്ഥ ശിഷ്യന്മാർ അവന്റെ പുതിയ കല്പന അനുസരിക്കുകയായിരുന്നു:“ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും അന്യോന്യം സ്നേഹിക്കുക.”—യോഹന്നാൻ 13:34.
16. (എ) യഹോവയുടെ സാക്ഷികൾ നേരുള്ള പൗരൻമാരാണെന്നു സ്വയം തെളിയിച്ചതെങ്ങനെ? (ബി) സാക്ഷികൾ ദൈവത്തിനുള്ളവ ദൈവത്തിനു തിരികെ കൊടുക്കുന്നതിൽ തുടർന്നതെങ്ങനെ, ചിലപ്പോൾ എന്തു ഫലത്തോടെ?
16 ഈ ക്രിസ്ത്യാനികൾ കൈസർക്കുള്ളവ കൈസർക്കു തിരികെ കൊടുക്കുന്നതിൽ തുടർന്നു. നേരുള്ള പൗരന്മാരെന്ന നിലയിൽ അവർ രാജ്യത്തെ നിയമങ്ങൾ അനുസരിച്ചു. (മത്തായി 22:17-21; റോമർ 13:1-7) എന്നാൽ ഏറെ പ്രധാനമായി അവർ ദൈവത്തിനുള്ളവ അവനു തിരികെ കൊടുത്തു, അവയിൽ അവരുടെ സമർപ്പിത ജീവനും ക്രിസ്തീയാരാധനയും ഉൾപ്പെടുന്നു. അതുകൊണ്ടു് കൈസർ ദൈവത്തിനുള്ളവ ആവശ്യപ്പെട്ടപ്പോൾ അവർ പ്രവൃത്തികൾ 4:19-ലും പ്രവൃ 5:29-ലും പ്രസ്താവിച്ചിരിക്കുന്ന തത്വങ്ങൾക്കനുയോജ്യമായി പ്രവർത്തിച്ചു. വിവാദ പ്രശ്നം രക്തം ചൊരിയുന്നതോ യുദ്ധമില്ലാത്ത സൈനിക ജോലിയോ പകരസേവനമോ ഒരു ദേശീയ പതാക പോലുള്ള ഒരു പ്രതിമയെ നമസ്കരിക്കുന്നതോ ആയാലും വിശ്വസ്ത ക്രിസ്ത്യാനികൾ വിട്ടുവീഴചയില്ലാത്ത നിലപാടു സ്വീകരിച്ചു. ചില കേസുകളിൽ ഈ നിലപാടു നിമിത്തം അവർ വധിക്കപ്പെട്ടു.—മത്തായി 24:9; വെളിപ്പാടു 2:10.
അവർ വിട്ടുവീഴ്ച ചെയ്തില്ല
17. (എ) ഒരു പുസ്തകത്തിൽ പറയുന്നതനുസരിച്ച് യഹോവയുടെ സാക്ഷികളോട് നാസികൾ എങ്ങനെ പെരുമാറി? (ബി) വെല്ലുവിളിയെ നേരിടുന്നതിൽ യഹോവയുടെ സാക്ഷികൾ മറ്റുള്ളവരിൽനിന്നു വ്യത്യസ്തരായിരിക്കുന്നതെങ്ങനെ?
17 ദൈവങ്ങളെയും മനുഷ്യരെയും സംബന്ധിച്ചു് എന്ന അടുത്തകാലത്തെ ഒരു പുസ്തകം ഹിറ്റ്ലറിന്റെ മൂന്നാം റീക്കിന്റെ കാലത്തു് “അങ്ങേയറ്റത്തെ എതിർപ്പു” സഹിച്ച മത സമൂഹം യഹോവയുടെ സാക്ഷികൾ ആയിരുന്നുവെന്നു പ്രസ്താവിച്ചു. അവർ വിട്ടുവീഴ്ച ചെയ്തില്ല. ജർമ്മനിയിലെ മറ്റു മതങ്ങളിൽപെട്ടവർ തങ്ങളുടെ സൈനിക പുരോഹിതന്മാരെ അനുസരിക്കുകയും ജർമ്മൻ സംസ്ഥാനത്തിനു മതസേവനമർപ്പിക്കുകയും “തങ്ങളുടെ വലങ്കൈയിലോ നെറ്റിയിലോ” രാഷ്ട്രീയ കാട്ടുമൃഗത്തിന്റെ “അടയാളം” സ്വീകരിക്കുകയും ചെയ്തു. (വെളിപ്പാടു 13:16) അവർ ജർമ്മൻ രാഷ്ട്രീയ യന്ത്രത്തിനു പിന്തുണയുടെ സജീവ വലങ്കൈ കൊടുക്കുകയും ഹിറ്റ്ലറെ വാഴ്ത്തിക്കൊണ്ടും സ്വസ്ഥികാപതാകയെ വന്ദിച്ചുകൊണ്ടും തങ്ങളുടെ നില വ്യക്തമായി കാണിക്കുകയും ചെയ്തു.
18. (എ) യഹോവയുടെ സാക്ഷികൾ “രാഷ്ട്രീയ ‘നിഷ്പക്ഷർ’” ആയിരുന്നോയെന്ന് ഏതു രേഖ പ്രകടമാക്കുന്നു? (ബി) ഈ ചരിത്രവിവരണം വ്യക്തിപരമായി നമ്മെ ഇന്ന് എങ്ങനെ ബാധിക്കണം?
18 സത്യക്രിസ്ത്യാനികൾ അവിടെ എന്തു നില സ്വീകരിച്ചു? മേൽപ്രസ്താവിച്ച പഠനം ഇങ്ങനെ പ്രസ്താവിച്ചു: “യഹോവയുടെ സാക്ഷികൾ മാത്രമേ ആ ഭരണകൂടത്തെ ചെറുത്തുനിന്നുള്ളു. അവർ പല്ലും നഖവും ഉപയോഗിച്ചു പോരാടുകയും തൽഫലമായി അവരിൽ പകുതിപേർ തടവിലാക്കപ്പെടുകയും ചെയ്തു. നാലിലൊന്നു വധിക്കപ്പെട്ടു. . . . [മറ്റു മതങ്ങളിൽ നിന്നു] വ്യത്യസ്തമായി അവർ ഭൗതിക ലോകത്തിന്റെ അംഗീകാരമോ പ്രതിഫലങ്ങളോ തേടാത്തവരും തങ്ങളെത്തന്നെ അതിന്റെ ഭാഗമായി കരുതാത്തവരുമെന്ന അർത്ഥത്തിൽ അലൗകികരായിരുന്നു. അവർ ഇപ്പോൾത്തന്നെ മറ്റൊരു ലോകത്തിന്റെ—ദൈവത്തിന്റെ ലോകത്തിന്റെ—വകയായിരുന്നുകൊണ്ടു് അവർ രാഷ്ട്രീയമായി നിഷ്പക്ഷരാണു്. . . . അവർ വിട്ടുവീഴ്ച തേടുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്യുന്നില്ല, . . . സൈന്യത്തിൽ സേവിക്കുകയോ വോട്ടു ചെയ്യുകയോ ഹിറ്റ്ലറെ വന്ദിക്കുകയോ ചെയ്യുന്നതു ദൈവത്തിന്റെ അവകാശങ്ങളെക്കാളുപരി ലോകത്തിന്റെതിനെ അംഗീകരിക്കുന്നതിനെ അർത്ഥമാക്കുമായിരുന്നു.” യഹോവയടെ സാക്ഷികളുടെ സമാധാനത്തിന്റെയും അക്രമരാഹിത്യത്തിന്റെയും പിന്തുടരൽ തടങ്കൽ പാളയങ്ങളിൽപോലും അംഗീകരിക്കപ്പെട്ടിരുന്നു. എങ്ങനെ? “കഴുത്തു മുറിയുന്ന കത്തികൾ ഉപയോഗിച്ച് എസ്. എസ്. ഗാർഡുകളെ ക്ഷൗരം ചെയ്യാൻ സാക്ഷികളെ മാത്രമേ അനുവദിച്ചിരുന്നുള്ളു, കാരണം അവരെ മാത്രമേ കൊല്ലുകയില്ലാത്തവർ എന്നു വിശ്വസിക്കാൻ കഴിയുമായിരുന്നുള്ളു.”
19. യഹോവയുടെ സാക്ഷികൾ യേശുവിന്റെ ദൃഷ്ടാന്തത്തെ അനുസരിച്ചിരിക്കുന്നതെങ്ങനെ, എന്തു ഫലത്തോടെ?
19 രണ്ടാം ലോകമഹായുദ്ധകാലത്തു് യഹോവയുടെ സാക്ഷികൾ ക്രിസ്തീയ നിഷ്പക്ഷതയുടെ മുന്തിയ ദൃഷ്ടാന്തമായിരുന്നു. അവർ പരസ്പര യോജിപ്പോടെ ഭൂമിയിലെങ്ങും “ലോകത്തിന്റെ ഭാഗമല്ലാ”തിരിക്കുന്നതിൽ സധീരം യേശുവിന്റെ ദൃഷ്ടാന്തം പിന്തുടർന്നു; അവർ ക്രിസ്തുവിനെപ്പോലെ ഈ രക്തപാതകമുള്ള ലോകത്തെ ജയിച്ചടക്കി.—യോഹന്നാൻ 17:16; 16:33; 1 യോഹന്നാൻ 5:4.
രക്തപാതകത്തിൽ നിന്നു് അഭയം കണ്ടെത്തുന്നു
20. (എ) വ്യാജമതം വിട്ട് ഓടിപ്പോകേണ്ടതു് അടിയന്തിരമായിരിക്കുന്നതെന്തുകൊണ്ടു്? (ബി) ഇന്നു് എവിടെ മാത്രമേ യഥാർഥ അഭയം കണ്ടെത്താൻ കഴിയൂ?
20 മതസംഘടനകൾ കുരിശുയുദ്ധങ്ങളിലും “വിശുദ്ധയുദ്ധങ്ങളിലും മതദണ്ഡനങ്ങളിലും നിർദ്ദോഷ രക്തം ചൊരിഞ്ഞുകൊണ്ടു ചരിത്രത്തിന്റെ ഏടുകളെ രക്തവർണ്ണമാക്കിയിട്ടുണ്ട്. അവ രക്തദാഹികളായ ഏകാധിപതികളുമായി ഉടമ്പടികൾ ഉണ്ടാക്കിയിട്ടുണ്ടു്. സ്വേച്ഛാധിപതികൾ യഹോവയുടെ സാക്ഷികളെ തടവുകളിലും തടങ്കൽപാളയങ്ങളിലും തള്ളിയിട്ടപ്പോൾ അവർ സമ്മതം കൊടുത്തു. അവരിലനേകർ അവിടെ മരണമടഞ്ഞു. വെടിവെച്ചും ശിരഃഛേദനം ചെയ്തും സാക്ഷികളെ വധിച്ച നേതാക്കൾക്കു് അവർ സ്വമേധയാ പിന്തുണ കൊടുത്തു. ഈ മതവ്യവസ്ഥിതികൾക്കു് യഹോവയുടെ നീതിയുള്ള ന്യായവിധിയിൽ നിന്നു രക്ഷപെടാൻ സാദ്ധ്യമല്ല. അതു താമസിക്കയില്ല. ഏതെങ്കിലും നീതിപ്രേമി വ്യാജമതത്തിൽ നിന്നു്—രക്തക്കറയുള്ള മഹാബാബിലോനിൽ നിന്നു്—പുറത്തുവരാനും ദൈവസ്ഥാപനത്തിൽ അഭയം തേടാനും താമസിക്കരുതു്.—വെളിപ്പാടു 18:2, 4, 21, 24.
21. സങ്കേതനഗരങ്ങൾ സംബന്ധിച്ച ദൈവത്തിന്റെ ക്രമീകരണം എന്തിനെ മുൻനിഴലാക്കി?
21 നമ്മിലനേകർ, ദൈവവചനം പഠിക്കുന്നതിനു മുൻപു്, മനുഷ്യരക്തം ചൊരിഞ്ഞിരിക്കാം, അല്ലെങ്കിൽ രക്തപാതകമുള്ള മതസ്ഥാപനങ്ങളിലെയോ രാഷ്ട്രീയ സ്ഥാപനങ്ങളിലെയോ അംഗങ്ങളായിരുന്നിരിക്കാം. ഇതിൽ നമ്മെ യിസ്രായേലിൽ കരുതിക്കൂട്ടിയല്ലാതെ കൊല ചെയ്തവരോടു് താരതമ്യപ്പെടുത്താവുന്നതാണു്. അയാൾക്ക് ആറു നിർദ്ദിഷ്ട നഗരങ്ങളിലൊന്നിലേക്കു് ഓടിപ്പോയി അഭയം കണ്ടെത്താനും ഒടുവിൽ യിസ്രായേലിലെ മഹാപുരോഹിതന്റെ മരണശേഷം വിമോചിതനാകാനും കഴിയുമായിരുന്നു. ഇന്നു് അതിന്റെ അർത്ഥം ദൈവത്തിന്റെ മഹാപുരോഹിതനായ യേശുക്രിസ്തുവിന്റെ സജീവ സേവനത്തിന്റെ പ്രയോജനങ്ങളിൻ കീഴിൽ കഴിയുകയും അവയെ സ്വീകരിക്കുകയും ചെയ്യുകയെന്നാണു്. ദൈവത്തിന്റെ അഭിഷിക്ത ജനത്തോടുള്ള സഹവാസത്തിൽ കഴിയുന്നതിനാൽ ആധുനിക നാളിലെ “രക്തപ്രതികാരക”നായ യേശുക്രിസ്തു രക്തപാതകികളുടെ മേൽ ന്യായവിധി നടത്തുമ്പോൾ നമുക്കു് അതിജീവിക്കാവുന്നതാണു്. ഇപ്പോൾ ദൈവസ്ഥാപനത്തിലേക്കു് ഓടുന്ന “മഹാപുരുഷാരം” മഹാപുരോഹിതനെന്ന നിലയിൽ ക്രിസ്തു തന്റെ വീണ്ടെടുപ്പിൻ വേല പൂർത്തീകരിക്കുന്നതിനോടുള്ള ബന്ധത്തിൽ ‘മരിക്കു’ന്നതുവരെ ആ സങ്കേതത്തിൽ കഴിയേണ്ടതാണു്.—സംഖ്യാപുസ്തകം 35:6-8, 15, 22-25; 1 കൊരിന്ത്യർ 15:22-26; വെളിപ്പാടു 7:9, 14.
22. യെശയ്യാവ് 2:4 സംബന്ധിച്ച് യു.എന്നിലെ രാഷ്ട്രങ്ങൾ ദൈവത്തിന്റെ വിശുദ്ധ ജനതയിൽനിന്നു വ്യത്യസ്തരായിരിക്കുന്നതെങ്ങനെ?
22 യു. എസ്. എ. ന്യൂയോർക്കിലെ യൂ. എൻ. ചുവരിൽ യെശയ്യാവു 2:4 നെ അടിസ്ഥാനപ്പെടുത്തിയുള്ള ഈ വാക്കുകൾ നിങ്ങൾക്കു വായിക്കാവുന്നതാണു്: (കിംഗ് ജയിംസ് വേർഷൻ): “അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും: ജനത ജനതക്കെതിരെ വാളുയർത്തുകയില്ല. അവർ മേലാൽ യുദ്ധം അഭ്യസിക്കുകയുമില്ല.” എന്നാൽ ആ വാക്കുകൾക്കനുയോജ്യമായി ഇന്നു് ആരാണു് പ്രവർത്തിക്കുന്നതു്? ഐക്യരാഷ്ട്രങ്ങൾ എന്നു വിളിക്കപ്പെടുന്നതിലെ അംഗങ്ങളിൽ ഒന്നും അതു ചെയ്യുന്നില്ല. മുപ്പതു ലക്ഷത്തിലധികം വരുന്ന യഹോവയുടെ സാക്ഷികളുടെ സമാധാനാന്വേഷകരായ ആഗോള “ജനത” മാത്രമാണു രക്തക്കറ പുരണ്ട ഒരു ലോകത്തിൽ എങ്ങനെ ക്രിസ്തീയ നിഷ്പക്ഷത പാലിക്കാമെന്നു വ്യക്തമായി പ്രകടമാക്കിയിട്ടുള്ളതു്.
പുനരവലോകനത്തിനുള്ള ചോദ്യങ്ങൾ
◻ നമുക്കു് എങ്ങനെ ദൈവത്തോടു സമാധാനം പിന്തുടരാം?
◻ യഹോവ അനിയന്ത്രിതമായ രക്തച്ചൊരിച്ചിലിനെ എങ്ങനെ വീക്ഷിക്കുന്നു?
◻ ക്രിസ്തീയ നിഷ്പക്ഷത എന്നാൽ എന്തു്?
◻ നിർമ്മലതയുടെ ഏതു നല്ല ദൃഷ്ടാന്തങ്ങൾ നമുക്കുണ്ടു്?
◻ നമുക്കു് രക്ഷക്കുവേണ്ടി എങ്ങനെ അഭയം കണ്ടെത്താം?
[14-ാം പേജിലെ ചതുരം]
വിശ്വസ്തതയുടെയും ധൈര്യത്തിന്റെയും നിർമ്മലതയുടെയും രേഖ
പുതിയ മത പ്രസ്ഥാനങ്ങൾ: സമുദായത്തെ മനസ്സിലാക്കുന്നതിനുള്ള ഒരു കാഴ്ചപ്പാടു് എന്ന പുസ്തകം നാസി പീഡനത്തെ നേരിട്ടതിലുള്ള യഹോവയുടെ സാക്ഷികളുടെ നിർമ്മലതയെക്കുറിച്ചു് കൂടുതലായി ഈ പ്രസ്താവന ചെയ്തു:
“യഹോവയുടെ സാക്ഷികൾ വിട്ടുവീഴ്ച ചെയ്യുന്നതിലുള്ള വിസമ്മതം നിമിത്തം പുതിയ സമുദായം സംബന്ധിച്ച സർവ്വാധിപത്യ ധാരണയ്ക്ക് ഒരു വെല്ലുവിളിയായിത്തീരുന്നു. ഈ അതിജീവനത്തിന്റെ സ്ഥിരതയും നൂതനക്രമത്തിന്റെ ശില്പികളെ പ്രകടമായി അലോസരപ്പടുത്തി. സാക്ഷികൾ എത്രയധികം പീഡിപ്പിക്കപ്പെട്ടോ അത്രയധികമായി അവർ പ്രത്യയശാസ്ത്രപരമായ ഒരു വെല്ലുവിളിയായിത്തീർന്നു. പീഡനത്തിന്റെയും ദണ്ഡനത്തിന്റെയും തടവിന്റെയും പരിഹാസത്തിന്റെയും പണ്ടേയുള്ള രീതികൾ സാക്ഷികളിൽ ആരും നാസി നിലപാടിലേക്കു പരിവർത്തനം ചെയ്യുന്നതിൽ കലാശിച്ചില്ല, യഥാർത്ഥത്തിൽ അവയ്ക്കു പ്രേരിപ്പിച്ചവർക്കെതിരെ അവ തിരിഞ്ഞടിക്കുകയായിരുന്നു.
കൂറു് അവകാശപ്പെട്ട ഈ വിരുദ്ധ കക്ഷികൾ തമ്മിലുള്ള പോരാട്ടം കഠിനമായിരുന്നു, ഭൗതികമായി ശക്തിയേറിയ നാസികൾ തങ്ങളുടെ ബോദ്ധ്യത്തിലുള്ള ദൃഢത സംബന്ധിച്ച് ഉറപ്പുകുറഞ്ഞവരും വേരില്ലാത്തവരും തങ്ങളുടെ ആയിരവർഷഭരണത്തിന്റെ നിലനിൽപ്പിൽ ഉറപ്പുകുറഞ്ഞവരുമായിരുന്നതുകൊണ്ടു് പോരാട്ടം കഠിനതരം പോലുമായിരുന്നു. സാക്ഷികൾക്കു സ്വന്തം വേരുകളെക്കുറിച്ചു് സംശയമില്ലായിരുന്നു, എന്തെന്നാൽ അവരുടെ വിശ്വാസം ഹാബേലിന്റെ കാലം മുതൽ പ്രകടമായിരുന്നു. നാസികൾക്കു മിക്കപ്പോഴും വിഭാഗീയ ക്രിസ്ത്യാനിത്വത്തിൽനിന്നു ഭാഷയും ഭാവനയും കടമെടുത്തുകൊണ്ടു് എതിർപ്പിനെ അടിച്ചമർത്തുകയും പിന്തുണക്കാരെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യേണ്ടിയിരിക്കെ, സാക്ഷികൾക്കു തങ്ങളുടെ അംഗങ്ങളുടെ മരണപര്യന്തം പോലുമുള്ള തികഞ്ഞ, വഴങ്ങാത്ത കൂറിനെക്കുറിച്ചു് ഉറപ്പുണ്ടായിരുന്നു.”
ക്രിസ്തീയ വിശ്വസ്തതയാലുള്ള ഈ ജയിച്ചടക്കൽ പൂർത്തിയാകുന്ന ദിവസം ഒരു സന്തുഷ്ടദിനമായിരിക്കും.(റോമർ 8:35-39) അപ്പോൾ മഹത്വീകരിക്കപ്പെട്ട യേശുക്രിസ്തുവാകുന്ന “സമാധാനപ്രഭു”വിന്റെ രാജ്യഭരണത്തിൻ കീഴിൽ രാജകീയ ഭരണത്തിന്റെ സമൃദ്ധിക്കും സമാധാനത്തിനും അവസാനം ഉണ്ടായിരിക്കുകയില്ല.—യെശയ്യാവു 9:6, 7.
[15-ാം പേജിലെ ചതുരം]
യുവനിർമ്മലതാപാലകർ
ചുവടെ ചേർക്കുന്നതു് ഒരു യൂറോപ്യൻ രാജ്യത്തെ ഒരു നിരീക്ഷകൻ അടുത്തകാലത്തു പ്രസിദ്ധീകരിച്ച ഒരു ഡയറിയിൽ നിന്നു് ഉദ്ധരിച്ചതാണു്. അതു് ലോകത്തിന്റെ ഭാഗമാകാതിരിക്കുന്ന വിവാദ പ്രശ്നത്തെ യുവസാക്ഷികൾ സധൈര്യം അഭിമുഖീകരിച്ചിരിക്കുന്നതെങ്ങനെയെന്നു് സൂചിപ്പിക്കുന്നു.—യോഹന്നാൻ 17:14.
‘1945 മാർച്ച 12: പട്ടാള നിയമ നടപടികൾ ഉണ്ടായിരുന്നു. രണ്ടു യുവ യഹോവാവിശ്വാസികളായിരുന്നു കുറ്റമാരോപിക്കപ്പെട്ടവർ. ആരോപണം: പട്ടാള സേവനത്തിനുള്ള വിസമ്മതം (അവരുടെ മതത്തിന്റെ അന്തഃസത്തപ്രകാരം) 20 വയസ്സുപോലുമാകാത്ത ഇളയവൻ ഒരു ജയിലിൽ 15 വർഷത്തേക്കു് തടവിനു വിധിക്കപ്പെട്ടു. എന്നിരുന്നാലും മൂത്തയാൾ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു. മേലാൽ കുറ്റം ചെയ്യുന്നതിനെ വിലക്കുന്ന ഒരു ദൃഷ്ടാന്തം എന്ന നിലയിൽ സ്വന്തം പട്ടണത്തിൽ വച്ചു് പരസ്യമായി വധിക്കപ്പെടുന്നതിനു് അയാളെ പെട്ടെന്നു് അവിടെ കൊണ്ടുവന്നു. അയാൾ അവിടുത്തെ 14-മത്തെ ഇരയായിരുന്നു. അയാൾ സമാധാനത്തിൽ വിശ്രമിക്കട്ടെ. ഈ കേസ് എന്നെ ആഴമായി ബാധിച്ചിരിക്കുന്നു. യഹോവാവിശ്വാസികൾക്കെതിരെ നിങ്ങൾക്ക് ഇങ്ങനെ പ്രവർത്തിക്കാവുന്നതല്ല. ഈ യുവാവിനെ അവർ ഒരു മുന്നറിയിപ്പിൻ ദൃഷ്ടാന്തമാക്കിയില്ല, പിന്നെയോ ഒരു രക്തസാക്ഷി ആക്കുകയായിരുന്നു. അവൻ ആരോഗ്യമുള്ള ഒരു യുവാവായിരുന്നു. ഞാൻ അവനെക്കുറിച്ചു ദുഃഖിക്കുന്നു.
‘ഉച്ചതിരിഞ്ഞു് ഈ യുവാവിന്റെ വധത്തിന്റെ വിശദാംശങ്ങൾ ഞങ്ങൾ മനസ്സിലാക്കി. ചന്തസ്ഥലത്തു നിരവധിയാളുകളുടെ മുമ്പാകെയാണു് അതു നടന്നതു്. വധത്തിനു മുമ്പ് കൽനിരയിൽ പടയാളികളിൽ ഒരാൾ ലജ്ജിച്ചു തന്നെത്താൻ വെടിവച്ചുകൊന്നു. ആരാച്ചാരെ അയാൾ സഹായിക്കണമെന്നു് ഒരു കേണൽ ആവശ്യപ്പെട്ടതു നിമിത്തമായിരുന്നു അതു്. അയാൾക്കു് അതിനു മനസ്സില്ലായിരുന്നു. പകരം അയാൾ ജീവിതം അവസാനിപ്പിച്ചു. യുവാവു സധൈര്യം മരണം വരിച്ചു. അയാൾ ഒരു വാക്കുപോലും മിണ്ടിയില്ല.’
യഹോവയുടെ പുതിയ വ്യവസ്ഥിതിയിലെ ഒരു സ്ഥാനം നഷ്ടപ്പെടുത്തുന്നതിനുപകരം മരണത്തിന്റെ വേദന അനുഭവിക്കുന്നതിനെ തെരഞ്ഞെടുത്ത അങ്ങനെയുള്ള യുവാക്കൾ പുനരുത്ഥാനത്തിൽ എത്ര സന്തുഷ്ടരായിരിക്കും!—ഹോശെയാ 13:14 താരതമ്യപ്പെടുത്തുക.