വിദഗ്ദ്ധരായ ഉപദേശകർ—അവരുടെ സഹോദരൻമാർക്ക് ഒരു അനുഗ്രഹം
“ആദിയിലെന്നപോലെ ഞാൻ നിങ്ങൾക്കുവേണ്ടി ന്യായാധിപൻമാരെയും, ആരംഭത്തിലെന്നപോലെ നിങ്ങൾക്കുവേണ്ടി ഉപദേശകരെയും തിരികെ വരുത്തും.”—യെശയ്യാവ് 1:26.
1, 2. (എ) സദൃശവാക്യങ്ങൾ 12:15-ഉം 19:20-ഉം ബുദ്ധിയുപദേശത്തിന്റെ മൂല്യത്തെ പ്രകടമാക്കുന്നതെങ്ങനെ? (ബി) നാം ബുദ്ധിയുപദേശം സ്വീകരിക്കണമെങ്കിൽ എന്താണ് ആദ്യം ആവശ്യമായിരിക്കുന്നത്, ഏതനുഭവം ഇതു പ്രകടമാക്കുന്നു?
റെററി ക്രിസ്തീയ മാതാപിതാക്കളുടെ പുത്രിയാണ്. സ്കൂളിൽ അവൾക്ക് ഒരു യുവ സുഹൃത്ത് ഉണ്ടായിരുന്നു. അവളും “സത്യത്തിൽ” ആയിരുന്നു. എന്നാൽ പ്രാഥമിക സ്കൂളവസാനമായപ്പോഴേക്ക് തന്റെ സുഹൃത്ത് മുമ്പത്തേതുപോലെ തന്റെ വിശ്വാസത്തിൽ അത്ര ഉത്സാഹവതിയല്ലെന്ന് റെററി കണ്ടെത്തി. അവർ ഒരുമിച്ച് ഹൈസ്കൂളിൽ പുരോഗമിക്കവേ, അവളുടെ സുഹൃത്ത് ക്രിസ്തീയ യോഗങ്ങളിൽ ക്രമഹീനയായിത്തീരുകയും വാച്ച്ടവർ സൊസൈററിയേയും സഭയേയും കുററംപറയാൻ തുടങ്ങുകയും ചെയ്തു. റെററി തന്റെ സുഹൃത്തിനെക്കുറിച്ച് തീവ്രമായി പ്രാർത്ഥിച്ചു. ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ ശക്തയായി നിലകൊള്ളാൻ ശ്രമിക്കുന്നതിന് നിരന്തരം അവളെ ബുദ്ധിയുപദേശിക്കുകയും ചെയ്തു. ഒടുവിൽ റെററിയുടെ ശ്രമങ്ങൾക്കു പ്രതിഫലം കിട്ടി. പത്താം തരത്തിലെത്തിയതോടെ അവളുടെ സുഹൃത്ത് വീണ്ടും ക്രമമായി യോഗങ്ങൾക്കു ഹാജരാവുകയും ഒടുവിൽ സ്നാനമേൽക്കുകയും ചെയ്തു. അവൾക്ക് എന്തോരനുഗ്രഹം! വിശ്വസ്ത യുവ സുഹൃത്തായിരുന്ന റെററിക്ക് എന്തോരു പ്രതിഫലം!
2 ഈ അനുഭവത്തിന്റെ വീക്ഷണത്തിൽ ക്രിസ്ത്യാനികൾക്ക് കാലാകാലങ്ങളിൽ അന്യോന്യം ബുദ്ധിയുപദേശം കൊടുക്കേണ്ടതിന്റെ ആവശ്യകതയെ ആർക്കെങ്കിലും സംശയിക്കാൻ കഴിയുമോ? ബൈബിൾ നമ്മേ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു: “ബുദ്ധിയുപദേശം ശ്രദ്ധിക്കുകയും ശിക്ഷണം സ്വീകരിക്കുകയും ചെയ്യുക, നിന്റെ ഭാവിയിൽ നീ ജ്ഞാനിയായിത്തീരേണ്ടതിനുതന്നെ.” (സദൃശവാക്യങ്ങൾ 19:20; 12:15) റെററിയുടെ സുഹൃത്ത് ബുദ്ധിയുപദേശം അനുസരിച്ചു. എന്നാൽ വർഷങ്ങളിൽ അവൾക്കു സഹായം കൊടുത്തുകൊണ്ടിരിക്കാനുള്ള സ്നേഹവും സ്ഥിരോദ്യമവും ധൈര്യവും റെററിക്കില്ലായിരുന്നെങ്കിലോ? അതെ, നമ്മിലാരെങ്കിലും “ബുദ്ധിയുപദേശം ശ്രദ്ധിക്കണ”മെങ്കിൽ ഒരു ഉപദേശകൻ ഉണ്ടായിരിക്കണം. അതാരായിരിക്കണം?
ബുദ്ധിയുപദേശം—ആരാൽ?
3. ക്രിസ്തീയസഭയിൽ സമയോചിതമായ ബുദ്ധിയുപദേശം കൊടുക്കുന്നതിന് യഹോവ പ്രദാനം ചെയ്തിരിക്കുന്നത് ആരെയാണ്?
3 നമ്മുടെ കാലത്ത് യഹോവയാം ദൈവം തന്റെ ജനത്തിന് ഉപദേശകരെ പ്രദാനം ചെയ്യുമെന്ന് വാഗ്ദത്തം ചെയ്തു. “ഞാൻ . . . ആരംഭത്തിലെന്നപോലെ നിങ്ങൾക്കുവേണ്ടി ഉപദേശകരെ തിരികെ വരുത്തും” എന്ന് അവൻ പറഞ്ഞു. (യെശയ്യാവ് 1:26) ക്രിസ്തീയ സഭയിലെ നിയമിത മൂപ്പൻമാരിൽ ഈ വാഗ്ദത്തം മുഖ്യമായി നിറവേററപ്പെടുന്നു. ഉപദേശം പഠിപ്പിക്കലിന്റെ ഒരു രൂപമാണ്, മൂപ്പൻമാർ പ്രാഥമികമായി “പഠിപ്പിക്കാൻ യോഗ്യരാ”ണ്. (1 തിമൊഥെയോസ് 3:2) അപ്പോസ്തലനായ പൗലോസ്, “ഒരു മനുഷ്യൻ ഏതെങ്കിലും തെററായ നടപടി, അതിനെക്കുറിച്ച് അറിയുന്നതിനു മുമ്പ് ചെയ്യുന്നുവെങ്കിലും ആത്മീയയോഗ്യതകളുള്ള നിങ്ങൾ അങ്ങനെയുള്ള ഒരു മനുഷ്യനെ സൗമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്താൻ ശ്രമിക്കുക” എന്നു പറഞ്ഞപ്പോൾ അവന്റെ മനസ്സിൽ മുഖ്യമായി മൂപ്പൻമാരെയാണ് വിചാരിച്ചത്. (ഗലാത്യർ 6:1) എന്നാൽ ബുദ്ധിയുപദേശം കൊടുക്കാൻ കഴിവുള്ളത് മൂപ്പൻമാർക്കു മാത്രമാണോ?
4, 5. (എ) മൂപ്പൻമാർക്കു മാത്രമല്ല ബുദ്ധിയുപദേശം കൊടുക്കുവാൻ കഴിയുന്നതെന്നു പ്രകടമാക്കുന്ന ചില തിരുവെഴുത്തു ദൃഷ്ടാന്തങ്ങളേവ? (ബി) മൂപ്പൻമാരല്ലാത്ത ക്രിസ്ത്യാനികൾ ബുദ്ധിയുപദേശം കൊടുക്കുന്ന ആധുനിക നാളിലെ ചില മാതൃകാസാഹചര്യങ്ങളേവ?
4 അല്ല. റെററി ഒരു മൂപ്പനല്ലായിരുന്നു. എന്നിരുന്നാലും അവളുടെ ബുദ്ധിയുപദേശം ഒടുവിൽ സൽഫലങ്ങൾ കൈവരുത്തി. സിറിയൻ സേനാപതിയായിരുന്ന നയമാനെക്കുറിച്ചും ഓർക്കുക. അയാൾ ഒരു യിസ്രായേല്യ ബാലികയിൽനിന്ന് ലഭിച്ച നല്ല കുറെ വിവരങ്ങളനുസരിച്ചും അനന്തരം അയാളുടെ സേവകരുടെ ഉപദേശമനുസരിച്ചും പ്രവർത്തിച്ചു. നാബാലിന്റെ ഭാര്യയായിരുന്ന അബീഗയിലിന്റെ സമയോചിത ബുദ്ധിയുപദേശത്താൽ ദാവീദ് രക്തപാതകം വരുത്തിക്കൂട്ടുന്നതിൽനിന്ന് രക്ഷപ്പെട്ടു. യുവാവായിരുന്ന എലീഹൂവിന് ഇയ്യോബിനും അവന്റെ മൂന്ന് “ആശ്വാസകർ”ക്കും വേണ്ടി കൂറേ ജ്ഞാനോപദേശം ഉണ്ടായിരുന്നു.—1 ശമുവേൽ 25:23-35; 2 രാജാക്കൻമാർ 5:1-4, 13, 14 ഇയ്യോബ് 32:1-6.
5 സമാനമായി, ഇന്ന്, ബുദ്ധിയുപദേശം മൂപ്പൻമാരുടെ മാത്രം പ്രത്യേകാവകാശമല്ല. മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് ക്രമമായി ബുദ്ധിയുപദേശം കൊടുക്കുന്നു. റെററിയെപ്പോലെയുള്ള യുവജനങ്ങൾ തങ്ങളുടെ സമപ്രായക്കാരെ ബുദ്ധിയുപദേശിക്കുന്നതിൽ മിക്കപ്പോഴും വിജയിക്കുന്നു. വിശേഷിച്ച് ഇളയ സ്ത്രീകളെ “നൻമ ഉപദേശിക്കുന്നവർ” ആയിരിക്കാൻ, പക്വതയുള്ള സ്ത്രീകളെ ബൈബിൾ വിശേഷാൽ പ്രോത്സാഹിപ്പിക്കുന്നു. (തീത്തോസ് 2:3-5) യഥാർത്ഥത്തിൽ, ഒരു പൊതു അർത്ഥത്തിൽ ഈ വിധത്തിൽ അന്യോന്യം സഹായിക്കാനുള്ള കടപ്പാട് നമുക്കെല്ലാമുണ്ട്. “നിങ്ങൾ യഥാർത്ഥത്തിൽ ചെയ്തുകൊണ്ടിരിക്കുന്നതുപോലെ, അന്യോന്യം ആശ്വസിപ്പിച്ചും അന്യോന്യം കെട്ടുപണിചെയ്തുംകൊണ്ടിരിക്കുക” എന്ന് അപ്പോസ്തലനായ പൗലോസ് പറഞ്ഞു.—1 തെസ്സലോനീക്യർ 5:11.
ക്രിസ്തീയ ബുദ്ധിയുപദേശത്തിന്റെ ലക്ഷ്യങ്ങൾ
6. ക്രിസ്തീയ ബുദ്ധിയുപദേശത്തിന്റെ ചില ലക്ഷ്യങ്ങളേവ?
6 ക്രിസ്തീയ ബുദ്ധിയുപദേശത്തിന്റെ ചില ലക്ഷ്യങ്ങൾ എന്തൊക്കെയാണ്? പുരോഗതി പ്രാപിക്കാനും ശരിയായ വഴിയിൽ തുടരാനും ആരെയെങ്കിലും സഹായിക്കുക, പ്രശ്നങ്ങൾ പരിഹരിക്കുക, പ്രയാസങ്ങൾ തരണം ചെയ്യുക, ഒരുപക്ഷേ ഒരു തെററായ ഗതി തിരുത്തുക എന്നിവയാണവ. “സകല ദർഘക്ഷമയോടും പഠിപ്പിക്കൽ വൈദഗ്ദ്ധ്യത്തോടും കൂടെ ശാസിക്കുക, താക്കീതു ചെയ്യുക, ഉദ്ബോധിപ്പിക്കുക” എന്ന് പറഞ്ഞുകൊണ്ട് പൗലോസ് തിമൊഥെയോസിനെ പ്രോത്സാഹിപ്പിച്ചപ്പോൾ അവൻ ഏതെങ്കിലും രൂപങ്ങളിലുള്ള ബുദ്ധിയുപദേശിക്കലിനെയാണ് പരാമർശിച്ചത്. (2 തിമൊഥെയോസ് 4:1, 2) മുറിപ്പെടാതെ കാര്യംഗ്രഹിക്കാൻ കഴിയത്തക്കവണ്ണം ആരെയെങ്കിലും ബുദ്ധിയുപദേശിക്കുന്നത് യഥാർത്ഥത്തിൽ ഒരു വൈദഗ്ദ്ധ്യമാണ്.
7, 8. (എ) ക്രിസ്തീയ സഭയിൽ ബുദ്ധിയുപദേശം പ്രതീക്ഷിക്കപ്പെടുന്ന ചില സാഹചര്യങ്ങളേവ? (ബി) ഏത് അവസരങ്ങളിൽ ഒരു ക്രിസ്ത്യാനി ബുദ്ധിയുപദേശം പ്രതീക്ഷിക്കാതിരുന്നേക്കാമെങ്കിലും അതാവശ്യമായിരിക്കാം?
7 എപ്പോഴാണ് ബുദ്ധിയുപദേശം കൊടുക്കേണ്ടത്? മാതാപിതാക്കൾക്ക് തങ്ങളുടെ മക്കളെ ബുദ്ധിയുപദേശിക്കാനുള്ള അവസരം നിരന്തരമുണ്ട്, കുട്ടികൾ ഇത് ഏറെക്കുറെ പ്രതീക്ഷിക്കുന്നുമുണ്ട്. (സദൃശവാക്യങ്ങൾ 6:20; എഫേസ്യർ 6:4) സഭയിൽ, ഒരു വിദ്യാർത്ഥി ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ ഒരു പ്രസംഗം ചെയ്തുകഴിയുമ്പോൾ ബുദ്ധിയുപദേശം പ്രതീക്ഷിക്കുന്നു. ഒരു പുതിയ രാജ്യ പ്രസാധകൻ ഒരു ക്രിസ്തീയ ശുശ്രൂഷകനെന്നനിലയിൽ പക്വതയിലേക്കു പുരോഗമിക്കുമ്പോൾ സഹായവും ബുദ്ധിയുപദേശവും പ്രതീക്ഷിക്കുന്നു. (1 തിമൊഥെയോസ് 4:15) ചിലപ്പോൾ സഹായവും ബുദ്ധിയുപദേശവും തേടുന്ന വ്യക്തികൾ സഭയിലെ മൂപ്പൻമാരെയോ മററുള്ളവരേയോ സമീപിക്കുന്നു.
8 എന്നിരുന്നാലും, ബുദ്ധിയുപദേശം പ്രതീക്ഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യാത്തവർക്ക് ചില സമയങ്ങളിൽ അതുകൊടുക്കേണ്ടതുണ്ട്. ഒരുപക്ഷെ, റെററിയുടെ സുഹൃത്തിനെപ്പോലെ, ഒരാൾ യഹോവയുടെ സേവനത്തിലുള്ള തീക്ഷ്ണത നഷ്ടപ്പെട്ട് ‘അകന്നു മാറുക’യായിരിക്കാം. (എബ്രായർ 2:1) സഭയിൽ ഒരു വ്യക്തിക്ക് മറെറാരു വ്യക്തിയുമായി ഗൗരവമുള്ള ഒരു വ്യക്തിപരമായ ഭിന്നത ഉണ്ടായിരിക്കാം. (ഫിലിപ്യർ 4:2) അല്ലെങ്കിൽ ഒരാൾക്ക് ഉചിതമായ ചമയമോ വസ്ത്രധാരണമോ സംബന്ധിച്ച്, അല്ലെങ്കിൽ സുഹൃത്തുക്കളുടെയോ സംഗീതത്തിന്റെയോ തെരഞ്ഞെടുപ്പു സംബന്ധിച്ച്, സഹായം ആവശ്യമായിരിക്കാം.—1 കൊരിന്ത്യർ 15:33; 1 തിമൊഥെയോസ് 2:9.
9, 10. (എ) ക്രിസ്തീയ ബുദ്ധിയുപദേശം കൊടുക്കുന്നതിന് ധൈര്യം ആവശ്യമായിരിക്കാവുന്നതെന്തുകൊണ്ട്? (ബി) എന്നിരുന്നാലും, ഒരു ക്രിസ്ത്യാനി, ആവശ്യമെങ്കിൽ ബുദ്ധിയുപദേശം കൊടുക്കേണ്ടതെന്തുകൊണ്ട്?
9 യഹൂദയിലെ ആസാരാജാവിന് ഹനാനി പ്രവാചകൻ ബുദ്ധിയുപദേശം കൊടുത്തപ്പോൾ ആസാ “അവനെ കാരാഗൃഹത്തിലാക്ക”ത്തക്കവണ്ണം നീരസപ്പെട്ടു. (2 ദിനവൃത്താന്തം 16:7-10) ആ നാളുകളിൽ ഒരു രാജാവിനെ ബുദ്ധിയുപദേശിക്കുന്നതിന് ഒരു വ്യക്തി ധൈര്യമുള്ളവനായിരിക്കേണ്ടിയിരുന്നു. ഇക്കാലത്തും, ഉപദേശകർ ധൈര്യമുള്ളവരായിരിക്കേണ്ടതുണ്ട്, എന്തുകൊണ്ടെന്നാൽ ബുദ്ധിയുപദേശിക്കൽ പ്രാരംഭത്തിൽ നീരസം വരുത്തിക്കൂട്ടിയേക്കാം. പരിചയ സമ്പന്നനായ ഒരു ക്രിസ്ത്യാനി ഒരു ഇളയ സഹകാരിക്ക് ആവശ്യമായ ബുദ്ധിയുപദേശം കൊടുക്കാതെ പിൻമാറിനിന്നു. കാരണം? അയാൾ വിശദീകരിച്ചു: “ഈ സമയംവരെ ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്, ആ നില തുടരാൻ ഞാൻ ആഗ്രഹിക്കുന്നു!” യഥാർത്ഥത്തിൽ, ആവശ്യമുള്ളപ്പോൾ സഹായം കൊടുക്കുന്നതിൽനിന്ന് പിൻമാറി നിൽക്കുന്നത് ഒരു നല്ല സുഹൃത്തിന്റെ ലക്ഷണമല്ല.—സദൃശവാക്യങ്ങൾ 27:6; യാക്കോബ് 4:17 താരതമ്യപ്പെടുത്തുക.
10 യഥാർത്ഥത്തിൽ, ഉപദേശകൻ വിദഗ്ദ്ധനാണെങ്കിൽ സാധാരണയായി ദുർവിചാരങ്ങൾ കുറയ്ക്കാൻ കഴിയുമെന്നും ബുദ്ധിയുപദേശത്തിന്റെ ലക്ഷ്യം നേടാൻ കഴിയുമെന്നും അനുഭവം തെളിയിച്ചിട്ടുണ്ട്. ഒരു വിദഗ്ദ്ധ ഉപദേശകനായിരിക്കുന്നതിന് എന്താണാവശ്യമായിരിക്കുന്നത്? ഇതിന് ഉത്തരം പറയുന്നതിന് നമുക്കു രണ്ടു ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കാം, ഒന്നു നല്ലതും ഒന്നു ചീത്തയും.
പൗലോസ്—ഒരു വിദഗ്ദ്ധ ഉപദേശകൻ
11. പൗലോസ് മിക്കപ്പോഴും വളരെ തുറന്നു സംസാരിച്ചെങ്കിലും മിക്ക കൊരിന്ത്യരും അവന്റെ ബുദ്ധിയുപദേശം സ്വീകരിച്ചതെന്തുകൊണ്ട്?
11 ബുദ്ധിയുപദേശം കൊടുക്കുന്നതിന് അപ്പോസ്തലനായ പൗലോസിന് അനേകം അവസരങ്ങൾ ഉണ്ടായിരുന്നു. ചിലപ്പോൾ അവന് ശക്തമായ കാര്യങ്ങൾ പറയാനുണ്ടായിരുന്നു. (1 കൊരിന്ത്യർ 1:10-13; 3:1-4; ഗലാത്യർ 1:6; 3:1) എന്നിരുന്നാലും, അവന്റെ ബുദ്ധിയുപദേശം ഫലപ്രദമായിരുന്നു, എന്തുകൊണ്ടെന്നാൽ ആരിലേക്ക് അവൻ അതു തിരിച്ചുവിട്ടുവോ അവരെ പൗലോസ് സ്നേഹിച്ചിരുന്നുവെന്ന് അവർക്കറിയാമായിരുന്നു. അവൻ കൊരിന്ത്യരോടു പറഞ്ഞപ്രകാരം: “വളരെയധികം ക്ലേശത്തിൽനിന്നും ഹൃദയവേദനയിൽനിന്നും അനേകം കണ്ണുനീരോടെ ഞാൻ നിങ്ങൾക്ക് എഴുതി, നിങ്ങൾ സങ്കടപ്പെടേണ്ടതിനല്ല, പിന്നെയോ നിങ്ങളോട് വിശേഷതരമായി എനിക്കുള്ള സ്നേഹം നിങ്ങളറിയേണ്ടതിനുതന്നെ.” (2 കൊരിന്ത്യർ 2:4) സ്നേഹം . . . സ്വാർത്ഥതാൽപ്പര്യങ്ങൾ അന്വേഷിക്കുന്നില്ലാ”ത്തതുകൊണ്ട് സ്വാർത്ഥപരമായ ആന്തരങ്ങളോടെയല്ല ബുദ്ധിയുപദേശം നൽകപ്പെട്ടതെന്ന് കൊരിന്ത്യർക്കറിയാമായിരുന്നതുകൊണ്ട് അവരിൽ മിക്കവരും പൗലോസിന്റെ ബുദ്ധിയുപദേശം സ്വീകരിച്ചു. കൂടാതെ, അവൻ വ്യക്തിപരമായ പ്രകോപനത്തിൽനിന്നല്ല സംസാരിക്കുന്നതെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു, എന്തുകൊണ്ടെന്നാൽ “സ്നേഹം . . . പ്രകോപിതമാകുന്നില്ല. അത് ദ്രോഹത്തിന്റെ കണക്കു സൂക്ഷിക്കുന്നില്ല.”—1 കൊരിന്ത്യർ 13:4, 5.
12. ഏതു ഗുണം ഒരു ക്രിസ്തീയ ഉപദേശകന് നല്ലഫലങ്ങൾ കിട്ടുക കൂടുതൽ എളുപ്പമാക്കിത്തീർക്കും? വിശദീകരിക്കുക.
12 ഇന്നും, ബുദ്ധിയുപദേശിക്കുന്നയാൾ നമ്മെ സ്നേഹിക്കുന്നുവെന്നും വ്യക്തിപരമായ പ്രകോപനം നിമിത്തമല്ല സംസാരിക്കുന്നതെന്നും അയാൾക്ക് സ്വാർത്ഥപരമായ ആന്തരങ്ങളില്ലെന്നും നമുക്കറിയാമെങ്കിൽ ശക്തമായ ബുദ്ധിയുപദേശം പോലും സ്വീകരിക്കുക വളരെ എളുപ്പമാണ്. ദൃഷ്ടാന്തമായി, ഒരു മൂപ്പൻ സഭയിലെ യുവപ്രായക്കാരോട് സംസാരിക്കുന്ന ഏക സമയം അയാൾ അവരെ വിമർശിക്കുമ്പോഴാണെങ്കിൽ ചെറുപ്പക്കാർ അടിക്കടി കുററപ്പെടുത്തപ്പെടുകയാണെന്ന് അനായാസം വിചാരിച്ചേക്കാം. എന്നാൽ മൂപ്പന് യുവാക്കളോട് ഒരു നല്ല ബന്ധമുണ്ടെങ്കിലോ? അയാൾ അവരെ വയൽസേവനത്തിന് കൂട്ടിക്കൊണ്ടുപോകുകയും രാജ്യഹാളിൽ സമീപിക്കാവുന്നവനായിരിക്കുകയും (അവരുടെ മാതാപിതാക്കളുടെ സമ്മതത്തോടെ) ചിലപ്പോഴൊക്കെ അവരെ ഒരുപക്ഷെ തന്റെ വീട്ടിലേക്കു ക്ഷണിച്ചുകൊണ്ടു അവരുടെ പ്രശ്നങ്ങളെയും പ്രത്യാശകളെയും സംശയങ്ങളെയും കുറിച്ച് തന്നോടു സംസാരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെങ്കിലോ? അപ്പോൾ, അയാൾ അവർക്കു ബുദ്ധിയുപദേശം കൊടുക്കേണ്ടതുള്ളപ്പോൾ, അത് ഒരു സുഹൃത്തിൽനിന്നു വരുന്നുവെന്നറിഞ്ഞുകൊണ്ട് യുവാക്കൾ അതു സ്വീകരിക്കാൻ കൂടുതൽ സാദ്ധ്യതയുണ്ട്.
സൗമ്യതയും താഴ്മയും
13. (എ) ആത്യന്തികമായി ക്രിസ്തീയ ബുദ്ധിയുപദേശം എന്തിൽ അധിഷ്ഠിതമായിരിക്കണം? (ബി) തന്നിമിത്തം, ക്രിസ്തീയസഭയിൽ ബുദ്ധിയുപദേശം കൊടുക്കുന്നവർ എന്തു ചെയ്യുന്നതൊഴിവാക്കണം?
13 പൗലോസിന്റെ ബുദ്ധിയുപദേശം വിജയപ്രദമായിരുന്നതിന് മറെറാരു കാരണമുണ്ട്. അവൻ സ്വന്തം അഭിപ്രായങ്ങളിലല്ല, ദൈവികജ്ഞാനത്തിലാണ് ആശ്രയിച്ചത്. അവൻ ഉപദേശകനായ തിമൊഥെയോസിനെ ഓർമ്മിപ്പിച്ചതുപോലെ: “എല്ലാതിരുവെഴുത്തും ദൈവ നിശ്വസ്തവും പഠിപ്പിക്കലിനും ശാസിക്കലിനും കാര്യങ്ങൾ നേരെയാക്കുന്നതിനും നീതിയിൽ ശിക്ഷണം കൊടുക്കുന്നതിനും പ്രയോജനകരവുമാകുന്നു.” (2 തിമൊഥെയോസ് 3:16; 1 കൊരിന്ത്യർ 2:1, 2 താരതമ്യപ്പെടുത്തുക.) അതുപോലെ, ഇന്നത്തെ ക്രിസ്തീയ ഉപദേശകർ തങ്ങൾ പറയുന്നതിനെ തിരുവെഴുത്തുകളിൽ അടിസ്ഥാനപ്പെടുത്തുന്നു. കുടുംബത്തിൽ മാതാപിതാക്കൾ തങ്ങളുടെ മക്കളെ ബുദ്ധിയുപദേശിക്കുന്ന ഓരോ സമയത്തും ബൈബിളുദ്ധരിക്കുന്നില്ലെന്നുള്ളതു സത്യംതന്നെ. എന്നിരുന്നാലും, ക്രിസ്തീയ മാതാപിതാക്കൾ അനുസരണത്തേയോ ശുചിത്വത്തെയോ മററുള്ളവരോടുള്ള താൽപ്പര്യത്തേയോ സമയനിഷ്ഠയേയോ മറെറന്തിനെയെങ്കിലുമോ പ്രോത്സാഹിപ്പിച്ചാലും അവർ പറയുന്നതിന് തിരുവെഴുത്തുപരമായ ഒരു അടിസ്ഥാനം ഉണ്ടായിരിക്കണം. (എഫേസ്യർ 6:1; 2 കൊരിന്ത്യർ 7:1; മത്തായി 7:12; സഭാപ്രസംഗി 3:1-8) സഭക്കുള്ളിൽ, നമ്മുടെ സ്വന്തം വീക്ഷണങ്ങളോ അഭിരുചികളോ മററുള്ളവരുടെമേൽ അടിച്ചേൽപ്പിക്കാതിരിക്കാൻ നാം ശ്രദ്ധാലുക്കളായിരിക്കണം. തങ്ങൾക്കു ശക്തമായ വികാരങ്ങളുള്ള ചില ആശയങ്ങളെ പിന്താങ്ങുന്നതായി തോന്നിക്കാൻ മൂപ്പൻമാർ തിരുവെഴുത്തുകളെ വളയ്ക്കുന്നത് ഒഴിവാക്കണം. (മത്തായി 4:5, 6 താരതമ്യപ്പെടുത്തുക.) അവർ കൊടുക്കുന്ന ഏതു ബുദ്ധിയുപദേശത്തിനും ഒരു യഥാർത്ഥ ബൈബിൾ കാരണം ഉണ്ടായിരിക്കണം.—സങ്കീർത്തനം 119:105.
14, 15. .(എ) ബുദ്ധിയുപദേശം സ്വീകരിക്കുക കൂടുതൽ എളുപ്പമാക്കിത്തീർക്കുന്ന മറെറാരു ഗുണം പറയുക. (ബി) ഒരു ഉപദേശകൻ ഈ ഗുണം വികസിപ്പിച്ചെടുക്കുന്നത് വളരെ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
14 സൗമ്യതയുടെ ആത്മാവിൽ കൊടുക്കപ്പെടുന്നുവെങ്കിൽ ബുദ്ധിയുപദേശം കൂടുതൽ ഫലപ്രദവുമായിരിക്കും. പൗലോസിന് ഇതറിയാമായിരുന്നു. അതുകൊണ്ടാണ് ഒരു തെററായ നടപടി, അതിനെക്കുറിച്ച് അറിയുന്നതിനു മുമ്പ് സ്വീകരിക്കുന്നവനെക്കുറിച്ചു പറഞ്ഞപ്പോൾ “അങ്ങനെയുള്ള ഒരു മനുഷ്യനെ സൗമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്താൻ ശ്രമിക്കുന്നതിന്” യോഗ്യതയുള്ളവരെ പൗലോസ് പ്രോത്സാഹിപ്പിച്ചത്. (ഗലാത്യർ 6:1) “സകലമനുഷ്യരോടും സകല സൗമ്യതയും പ്രദർശിപ്പിച്ചുകൊണ്ട് ആരെക്കുറിച്ചും ദ്രോഹപൂർവ്വം സംസാരിക്കാതിരിക്കാനും വഴക്കാളിയാകാതിരിക്കാനും ന്യായബോധമുള്ളവനായിരിക്കാനും” മററുള്ളവരെ ഓർമ്മിപ്പിക്കാൻ അവൻ തീത്തോസിനെയും ഉപദേശിച്ചു.—തീത്തോസ് 3:1, 2; 1 തിമൊഥെയോസ് 6:11.
15 സൗമ്യതയുടെ ആവശ്യം എന്താണ്? എന്തുകൊണ്ടെന്നാൽ അനിയന്ത്രിത വികാരങ്ങൾ പകരുന്നവയാണ്. കോപവാക്കുകൾ കൂടുതൽ കോപവാക്കുകൾക്ക് പ്രകോപനം സൃഷ്ടിക്കുന്നു. കോപം തിളച്ചുമറിയുമ്പോൾ ന്യായവാദം ചെയ്യുക പ്രയാസമാണ്. ബുദ്ധിയുപദേശം കൊടുക്കപ്പെടുന്നയാൾ കോപത്തോടെ പ്രതികരിച്ചാലും ബുദ്ധിയുപദേശം കൊടുക്കുന്നയാൾ അങ്ങനെ ചെയ്യുന്നതിന് അതു കാരണമായിരിക്കുന്നില്ല. മറിച്ച്, ഉപദേശകന്റെ സൗമ്യമനോഭാവം കാര്യങ്ങളെ ശാന്തമാക്കാൻ സഹായിച്ചേക്കാം. “ഒരു ഉത്തരം സൗമ്യമായിരിക്കുമ്പോൾ ക്രോധം അകററിക്കളയുന്നു.” (സദൃശവാക്യങ്ങൾ 15:1) ഉപദേശകൻ ഒരു പിതാവോ ഒരു മൂപ്പനോ മററാരെങ്കിലുമോ ആയിരുന്നാലും ഇതു സത്യമാണ്.
16. ഒരുവൻ ബുദ്ധിയുപദേശം കൊടുക്കുമ്പോൾ എല്ലായ്പ്പോഴും ആദരവുള്ളവനായിരിക്കേണ്ടതെന്തുകൊണ്ട്?
16 ഒടുവിൽ, ഇളയ മൂപ്പനായിരുന്ന തിമൊഥെയോസിനോട് പൗലോസ് പറഞ്ഞതും പരിചിന്തിക്കുക: “ഒരു പ്രായമേറിയ പുരുഷനെ കഠിനമായി വിമർശിക്കരുത്. മറിച്ച്, അയാളോട് ഒരു പിതാവിനെപ്പോലെയും പ്രായക്കുറവുള്ള പുരുഷൻമാരോട് സഹോദരൻമാരെപ്പോലെയും പ്രായമേറിയ സ്ത്രീകളോട് അമ്മമാരെപ്പോലെയും ഇളയ സ്ത്രീകളോട് സകല നിർമ്മലതയോടുംകൂടെ സഹോദരിമാരെപ്പോലെയും ഇടപെടുക.” (1 തിമൊഥെയോസ് 5:1, 2) എത്ര വിശിഷ്ടമായ ഉപദേശം! ഒരു പ്രായക്കുറവുള്ള മൂപ്പൻ, ഒരുപക്ഷേ പ്രായമേറിയ ഒരു സ്ത്രീയുടെ മകനായിരിക്കാൻ തക്ക ഇളപ്പമുള്ള ഒരു മൂപ്പൻ, അങ്ങനെയുള്ള ഒരു സ്ത്രീയെ കഠിന വിമർശനത്തോടെ അല്ലെങ്കിൽ അനാദരവോടെതന്നെ ബുദ്ധിയുപദേശിക്കുന്നുവെങ്കിൽ അവർ എന്തു വിചാരിക്കുമെന്ന് സങ്കൽപ്പിക്കുക. ഉപദേശകൻ ഒരു നിമിഷം ഇങ്ങനെ ചിന്തിക്കുന്നതു വളരെ നന്നായിരിക്കും: ‘ഈ വ്യക്തിയുടെ പ്രായവും വ്യക്തിത്വവും പരിഗണിക്കുമ്പോൾ, ഈ ബുദ്ധിയുപദേശം കൊടുക്കുന്നതിനുള്ള ഏററവും സ്നേഹപൂർവ്വകവും ഫലപ്രദവുമായ മാർഗ്ഗം എന്തായിരിക്കും?’—ലൂക്കോസ് 6:31; കൊലോസ്യർ 4:6.
പരീശൻമാരുടെ ബുദ്ധിയുപദേശം
17, 18. പരീശൻമാർ കൊടുത്ത ബുദ്ധിയുപദേശം സഹായകമായിരിക്കാഞ്ഞതിന്റെ ഒരു കാരണം എന്തായിരുന്നു?
17 ഇപ്പോൾ പൗലോസിന്റെ നല്ല ദൃഷ്ടാന്തം വിട്ടിട്ട് ഒരു ചീത്ത ദൃഷ്ടാന്തം—യേശുവിന്റെ നാളിലെ യഹൂദ മത നേതാക്കളുടെ ദൃഷ്ടാന്തം—പരിചിന്തിക്കുക. അവർ വളരെയധികം ബുദ്ധിയുപദേശം കൊടുത്തിരുന്നു, എന്നാൽ സാധാരണയായി ആ ജനതക്ക് അതിൽനിന്ന് പ്രയോജനം കിട്ടിയിരുന്നില്ല. എന്തുകൊണ്ട്?
18 അനേകം കാരണങ്ങൾ ഉണ്ടായിരുന്നു. ഒന്ന് എടുക്കാം: യേശുവിന്റെ ശിഷ്യൻമാർ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈകൾ കഴുകാഞ്ഞതുകൊണ്ട് പരീശൻമാർ യേശുവിനെ ശാസിച്ചതു പരിചിന്തിക്കുക. തീർച്ചയായും, മിക്ക മാതാക്കളും ഭക്ഷണത്തിനു മുമ്പ് കൈകഴുകാൻ തങ്ങളുടെ കുട്ടികളെ ബുദ്ധിയുപദേശിക്കുന്നു. ഒരു ശുചിത്വ നടപടിയെന്ന നിലയിൽ അത് വളരെയധികം അഭികാമ്യമാണ്. എന്നാൽ പരീശൻമാർക്ക് മുഖ്യമായി ശുചിത്വത്തിലായിരുന്നില്ല താൽപ്പര്യം. അവരെ സംബന്ധിച്ച് കൈകഴുകൽ ഒരു പാരമ്പര്യമായിരുന്നു. യേശുവിന്റെ ശിഷ്യൻമാർ ഈ പാരമ്പര്യം അനുസരിക്കാഞ്ഞതിൽ അവർ അസ്വസ്ഥരായിരുന്നു. എന്നിരുന്നാലും, യേശു അവർക്കു തുടർന്നു കാണിച്ചുകൊടുത്തതുപോലെ, അവരുടെ ശ്രദ്ധ പതിയേണ്ടിയിരുന്ന വളരെ വലിയ പ്രശ്നങ്ങളുണ്ടായിരുന്നു. ദൃഷ്ടാന്തമായി, “നിന്റെ അപ്പനേയും നിന്റെ അമ്മയേയും ബഹുമാനിക്കുക” എന്ന പത്തു കല്പനകളിലെ അഞ്ചാമത്തേത് അനുസരിക്കുന്നത് ഒഴിവാക്കുന്നതിനുള്ള ഒരു മാർഗ്ഗമെന്നനിലയിൽ ചിലർ പരീശപാരമ്പര്യത്തെ ഉപയോഗിക്കുകയായിരുന്നു. (പുറപ്പാട് 20:12; മത്തായി 15:1-11) സങ്കടകരമെന്നു പറയട്ടെ, ശാസ്ത്രിമാരും പരീശൻമാരും “നീതി, കരുണ, വിശ്വസ്തത എന്നിങ്ങനെ ന്യായപ്രമാണത്തിലെ ഘനമേറിയ കാര്യങ്ങളെ അവഗണിക്ക”ത്തക്കവണ്ണം വിശദാംശങ്ങളിൽ അത്ര കുരുങ്ങിപ്പോയിരുന്നു.—മത്തായി 23:23.
19. ആധുനികനാളിലെ ക്രിസ്ത്യാനികൾക്ക് സ്വന്തം കാര്യം സാധിക്കുന്നതിന്റെ കെണിയിൽ വീഴുന്നതൊഴിവാക്കാൻ എങ്ങനെ കഴിയും?
19 ഇന്നത്തെ ഉപദേശകർ ഇതേ തെററു ചെയ്യാതിരിക്കാൻ ശ്രദ്ധാലുക്കളായിരിക്കണം. അവർ സ്വന്തം കാര്യം കാണുന്നതൊഴിവാക്കുകയും “ഘനമേറിയ കാര്യങ്ങൾ” മറക്കത്തക്കവണ്ണം വിശദാംശങ്ങളിൽ വളരെയധികം ഉൾപ്പെടാതിരിക്കുകയും വേണം. ചെറിയ കാര്യങ്ങളിൽ നാം സ്നേഹത്തിൽ “അന്യോന്യം പൊറുക്കു”ന്നതിൽ തുടരാൻ പ്രോത്സാഹിപ്പിക്കപ്പെടുന്നു. (കൊലോസ്യർ 3:12, 13) എന്തെങ്കിലും ഒരു പ്രശ്നമാക്കുന്നതൊഴിവാക്കേണ്ടതെപ്പോഴെന്നും യഥാർത്ഥത്തിൽ ബുദ്ധിയുപദേശം ആവശ്യമുള്ളതെപ്പോഴെന്നും വിവേചിക്കാനുള്ള പ്രാപ്തി ഒരുവൻ “ആത്മീയയോഗ്യതക”ളിൽ എത്തുന്നതിന് സഹായിക്കുന്ന ഒരു സംഗതിയാണ്.—ഗലാത്യർ 6:1.
20. ബുദ്ധിയുപദേശം കൊടുക്കുന്ന സംഗതിയിൽ വ്യക്തിപരമായ മാതൃക വളരെ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
20 മററുചിലതും ആ ഒന്നാം നൂററാണ്ടിലെ മതോപദേശകരെ ഫലപ്രദരല്ലാതാക്കി. “ഞാൻ ചെയ്യുന്നതുപോലെയല്ല, ഞാൻ പറയുന്നതുപോലെ ചെയ്യുക” എന്ന നയമാണ് അവർ പിന്തുടർന്നത്. യേശു അവരെ സംബന്ധിച്ച് ഇങ്ങനെ പറഞ്ഞു: “ന്യായപ്രമാണത്തിൽ അവഗാഹമുള്ള നിങ്ങൾക്ക് ഹാ കഷ്ടം, എന്തുകൊണ്ടെന്നാൽ നിങ്ങൾ വഹിപ്പാൻ പ്രയാസമുള്ള ചുമടുകൾ മനുഷ്യരുടെമേൽ കയററിവെക്കുന്നു, എന്നാൽ നിങ്ങൾതന്നെ നിങ്ങളുടെ വിരലുകളിൽ ഒന്നുകൊണ്ട് ചുമടുകളെ തൊടുന്നില്ല!” (ലൂക്കോസ് 11:46) എത്ര സ്നേഹരഹിതം! ഇന്ന്, ബുദ്ധിയുപദേശം കൊടുക്കുന്ന മാതാപിതാക്കളോ മൂപ്പൻമാരോ മററുള്ളവരോ, മററുള്ളവരോടു ചെയ്യാൻ പറയുന്നതു തങ്ങൾതന്നെ ചെയ്യുന്നുണ്ടെന്ന് വളരെ തിട്ടമുള്ളവരായിരിക്കണം. നാം ശരിയായ ദൃഷ്ടാന്തം വെക്കുന്നില്ലെങ്കിൽ വയൽശുശ്രൂഷയിൽ തിരക്കുള്ളവരായിരിക്കാൻ നമുക്കു മററുള്ളവരെ എങ്ങനെ പ്രോത്സാഹിപ്പിക്കാൻ കഴിയും? അല്ലെങ്കിൽ നമ്മുടെ സ്വന്തം ജീവിതത്തെ ഭൗതിക വസ്തുക്കളാണു ഭരിക്കുന്നതെങ്കിൽ നമുക്ക് ഭൗതികത്വത്തിനെത്തിരെ എങ്ങനെ മുന്നറിയിപ്പു കൊടുക്കാൻ കഴിയും?—റോമർ 2:21, 22; എബ്രായർ 13:7.
21. (എ) പരീശൻമാർ ആളുകളെ ദണ്ഡിപ്പിച്ചതെങ്ങനെ? (ബി) പരീശൻമാരുടെ നയങ്ങൾ ക്രിസ്തീയ ഉപദേശകർക്ക് ഒരു മുന്നറിയിപ്പായി ഉതകേണ്ടതെങ്ങനെ?
21 യഹൂദനേതാക്കൻമാർ ക്രൂരപീഡന നയങ്ങൾ ഉപയോഗിച്ചതുകൊണ്ടും ഉപദേശകരെന്നനിലയിൽ അവർ പരാജയപ്പെട്ടു. ഒരു സന്ദർഭത്തിൽ അവർ യേശുവിനെ അറസ്ററു ചെയ്യാൻ ആളയച്ചു. യേശുവിന്റെ പഠിപ്പിക്കൽ രീതിയിൽ അതിയായി മതിപ്പുളവായ ആ മനുഷ്യർ അവനെ കൂടാതെ മടങ്ങിച്ചെന്നപ്പോൾ പരീശൻമാർ അവരെ ശകാരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “നിങ്ങളും വഴിതെററിക്കപ്പെട്ടിട്ടില്ല, ഉവ്വോ? ഭരണാധികാരികളോ പരീശൻമാരിലോ ഒരുവൻപോലും അവനിൽ വിശ്വസിച്ചിട്ടില്ല, ഉണ്ടോ? ന്യായപ്രമാണം അറിയാത്ത ഈ ജനക്കൂട്ടം ശപിക്കപ്പെട്ട ജനമാകുന്നു.” (യോഹന്നാൻ 7:45-49) ഇത് ശകാരത്തിന്—സ്വേച്ഛാധികാരത്തിനും ചീത്തവിളിക്കും—ഉള്ള ഉചിതമായ അടിസ്ഥാനമായിരുന്നോ? ക്രിസ്തീയ ഉപദേശകർ അത്തരം ബുദ്ധിയുപദേശം സംബന്ധിച്ച് ഒരിക്കലും കുററക്കാരാകാതിരിക്കട്ടെ! അവർ മററുള്ളവരെ ദണ്ഡിപ്പിക്കുന്നത് കർശനമായി ഒഴിവാക്കേണ്ടതാണ്, അല്ലെങ്കിൽ ‘ഞാൻ ഒരു മൂപ്പൻ ആയതുകൊണ്ട് നിങ്ങൾ എന്നെ അനുസരിക്കണം!’ എന്ന ധാരണ കൊടുക്കുന്നത് ഒഴിവാക്കണം. അല്ലെങ്കിൽ ഒരു സഹോദരിയോടു സംസാരിക്കുമ്പോൾ ‘ഞാൻ ഒരു സഹോദരൻ ആയതുകൊണ്ട് നിങ്ങൾ എന്നെ അനുസരിക്കണം’ എന്ന് അവർ വ്യഞ്ജിപ്പിക്കാതിരിക്കട്ടെ.
22. (എ) ക്രിസ്ത്യാനികൾ എങ്ങനെ, എന്തുകൊണ്ട്, ബുദ്ധിയുപദേശം കൊടുക്കണം? (ബി) വേറെ ഏതു ചോദ്യം പരിചിന്തിക്കേണ്ടതുണ്ട്?
22 അതെ, ബുദ്ധിയുപദേശിക്കൽ നമ്മളെല്ലാം—വിശേഷാൽ നിയമിത മൂപ്പൻമാർ—ഇടയ്ക്കിടെ സഹക്രിസ്ത്യാനികളോടു കടപ്പെട്ടിരിക്കുന്ന സ്നേഹത്തിന്റെ ഒരു പ്രവൃത്തിയാണ്. ഏതെങ്കിലും മുടക്കു ന്യായം പറഞ്ഞ് ബുദ്ധിയുപദേശം കൊടുക്കാവുന്നതല്ല. എന്നാൽ ആവശ്യമായിരിക്കുമ്പോൾ ധൈര്യപൂർവ്വം അതു കൊടുക്കേണ്ടതാണ്. അതിന് തിരുവെഴുത്തുപരമായ ഒരു അടിസ്ഥാനം ഉണ്ടായിരിക്കണം, സൗമ്യതയുടെ ആത്മാവിൽ കൊടുക്കുകയും വേണം. മാത്രവുമല്ല, നമ്മെ സ്നേഹിക്കുന്ന ഒരാളിൽനിന്ന് ബുദ്ധിയുപദേശം സ്വീകരിക്കുന്നത് വളരെയേറെ എളുപ്പമാണ്. എന്നാൽ ബുദ്ധിയുപദേശം കൊടുക്കുമ്പോൾ എന്താണ് പറയേണ്ടതെന്ന് അറിയുക പ്രയാസമായിരിക്കാൻ കഴിയും. അതുകൊണ്ട് ഫലപ്രദമായ ഒരുവിധത്തിൽ നമുക്ക് എങ്ങനെ ബുദ്ധിയുപദേശം കൊടുക്കാൻ കഴിയും? അടുത്ത ലേഖനത്തിൽ ഇതു പരിചിന്തിക്കപ്പെടും. (w86 9/15)
നിങ്ങൾക്കു വിശദീകരിക്കാൻ കഴിയുമോ?
◻ ക്രിസ്തീയ ബുദ്ധിയുപദേശം കൊടുക്കാനുള്ള പദവിയും ഉത്തരവാദിത്തവും ആർക്കാണുള്ളത്?
◻ ബുദ്ധിയുപദേശം കൊടുക്കുന്നതിന് ധൈര്യം ആവശ്യമായിരിക്കാവുന്നതെന്തുകൊണ്ട്?
◻ പൗലോസ് കൊരിന്ത്യ ക്രിസ്ത്യാനികളെ സ്നേഹിച്ചുവെന്ന വസ്തുത അവർക്ക് അവന്റെ ബുദ്ധിയുപദേശം സ്വീകരിക്കുന്നത് കൂടുതൽ എളുപ്പമാക്കിത്തീർത്തതെന്തുകൊണ്ട്?
◻ ക്രിസ്തീയ ഉപദേശകൻ സൗമ്യപ്രകൃതനും താഴ്മയുള്ളവനുമായിരിക്കേണ്ടതെന്തുകൊണ്ട്?
◻ ഒരു ക്രിസ്ത്യാനിക്ക് തന്റെ ബുദ്ധിയുപദേശത്തെ ഞെരുക്കുന്നതെന്നു തോന്നിക്കുന്നതൊഴിവാക്കാൻ എങ്ങനെ കഴിയും?
[25-ാം പേജിലെ ചിത്രം]
“സകല മനുഷ്യരോടും സകല സൗമ്യതയും പ്രദർശിപ്പിച്ചുകൊണ്ട് ന്യായബോധമുള്ളവരായിരിക്കുന്നതിന്” മററുള്ളവരെ ഓർമ്മിപ്പിക്കാൻ പൗലോസ് തീത്തോസിനെ പ്രോത്സാഹിപ്പിച്ചു