ഈ ലോകത്തിന്റെ “വായു” ശ്വസിക്കുന്നതു മാരകം!
“നിങ്ങൾ നിങ്ങളുടെ ലംഘനങ്ങളിലും പാപങ്ങളിലും മരിച്ചവരായിരുന്നിട്ടും നിങ്ങളെയാണ് ദൈവം ജീവിപ്പിച്ചത്, അവയിൽ നിങ്ങൾ ഒരു കാലത്ത് . . . വായുവിന്റെ അധികാരത്തിന്റെ ഭരണാധിപനനുസൃതമായി നടന്നു.”
1. വായു മലിനീകരണം മനുഷ്യർക്കു മാരകമായിത്തീർന്നിരിക്കുന്നതെങ്ങനെ?
ശുദ്ധവായു ശ്വസിക്കൽ! ഒരുവൻ വീർപ്പുമുട്ടിക്കുന്ന ഒരു മുറിയിലായിരുന്നശേഷം അത് എത്ര നവോൻമേഷപ്രദമായിരിക്കും! എന്നാൽ തുറസ്സായ വിസ്തൃതസ്ഥലങ്ങളിൽപോലും മലിനീകരണം ഇന്ന് ഒരു വലിയ പ്രശ്നമാണ്. അന്തരീക്ഷത്തിലേക്ക് ചാമ്പുന്ന വിഷങ്ങൾ അനേകം രാജ്യങ്ങളിൽ ഭയാവഹമായ അളവുകളിലായിട്ടുണ്ട്. വിഷപ്പുകകളും റേഡിയോ ആക്ടീവ് ധൂളിയും രോഗഹേതുകമായ അണുക്കളും ചില വൈറസുകളുമെല്ലാം വായുവിലൂടെയാണ് സഞ്ചരിക്കുന്നത്. നമ്മുടെ സ്നേഹവാനായ സ്രഷ്ടാവ് വളരെ ഉദാരമായി പ്രദാനം ചെയ്തിരിക്കുന്ന ജീവൻ നിലനിർത്തുന്ന വായു മമനുഷ്യന്റെ അത്യാഗ്രഹവും അശ്രദ്ധയും നിമിത്തം കൂടുതൽ കൂടുതൽ മാരകമായിത്തീരുകയാണ്.
2. ഏതു ദുഷിച്ച “വായു” നാം ശ്വസിച്ചേക്കാവുന്ന മലിനീകൃത വായുവിനേക്കാൾ അപകടകരമാണ്?
2 എന്നിരുന്നാലും, വായു മലിനീകരണം പോലെ അപകടകരമായിരിക്കെ, അതിനെക്കാൾ മാരകമായ മലിനീകൃത “വായു”വിന്റെ ഒരു രൂപമുണ്ട്. അത് ചെർനോബിലിലെ (യു.എസ്.എസ്.ആർ) ന്യൂക്ലിയർ അപകടത്താലുണ്ടായ മലിനവായുവോ, കാലിഫോർണിയാ (യു.എസ്.എ.) ലോസ് ആഞ്ചലീസിലെ ഹിമധൂമിക നിറഞ്ഞ വായുവോ അല്ല. അല്ല, നാം അതിലേറെ മാരകമായ “വായു” ശ്വസിക്കുന്ന അപകടത്തിലാണ്. അപ്പോസ്തലനായ പൗലോസ് സഹക്രിസ്ത്യാനികളോടു പിൻവരുന്നപ്രകാരം പറഞ്ഞപ്പോൾ അതിനെക്കുറിച്ചു സൂചിപ്പിച്ചു: “നിങ്ങൾ നിങ്ങളുടെ ലംഘനങ്ങളിലും പാപങ്ങളിലും മരിച്ചവരായിരുന്നിട്ടും നിങ്ങളെയാണു ദൈവം ജീവിപ്പിച്ചത്, അവയിൽ നിങ്ങൾ ഒരു കാലത്ത് ഈ ലോകവ്യവസ്ഥിതിക്കനുസൃതമായി, അനുസരണക്കേടിന്റെ പുത്രൻമാരിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവായ വായുവിന്റെ അധികാരത്തിന്റെ ഭരണാധിപനനുസൃതമായി, നടന്നു.”—എഫേസ്യർ 2:1, 2.
3, 4. (എ) “വായുവിന്റെ അധികാരത്തിന്റെ ഭരണാധിപൻ” ആരാണ്? (ബി) എഫേസ്യർ 2:1, 2-ലെ “വായു” ഭൂതങ്ങളുടെ വാസസ്ഥലമല്ലാത്തതെന്തുകൊണ്ട്?
3 ഈ “വായു” എന്താണ്? അതിന് “അധികാരം” അഥവാ ശക്തി ഉണ്ടെന്നും അതിൻമേൽ ഒരു ഭരണാധിപൻ” ഉണ്ടെന്നും പൗലോസ് പ്രകടമാക്കുന്നു. ഈ ഭരണാധിപൻ ആരാണെന്നുള്ളതിൽ സംശയമില്ല. അവൻ പിശാചായ സാത്താനാണ്, യേശുക്രിസ്തു അവനെയാണ് “ഈ ലോകത്തിന്റെ ഭരണാധിപൻ” എന്നു വിളിച്ചത്. (യോഹന്നാൻ 12:31) ഇത് തിരിച്ചറിഞ്ഞുകൊണ്ട്, പൗലോസ് ഇവിടെ യഹൂദ്യമോ വിജാതീയമോ ആയ ഉറവുകളിൽനിന്ന് കടം വാങ്ങിയെന്നും പിശാചിനു നിയന്ത്രണമുള്ള ഭൂതങ്ങളുടെ വാസസ്ഥലമായിട്ടാണ് വായുവിനെക്കുറിച്ചു പറഞ്ഞിരിക്കുന്നതെന്നും ചില ബൈബിൾ പണ്ഡിതൻമാർ വിചാരിക്കുന്നു. അനേകം ബൈബിൾ ഭാഷാന്തരങ്ങൾ ഈ വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നു. എന്നാൽ ഈ “വായു” “ദുഷ്ടാത്മസേനകൾ” വസിക്കുന്ന “സ്വർഗ്ഗീയ സ്ഥലങ്ങൾ” അല്ല.—എഫേസ്യർ 6:11, 12.
4 പൗലോസ് എഫേസൂസിലെ ക്രിസ്ത്യാനികൾക്കെഴുതിയപ്പോൾ, സാത്താനും ഭൂതങ്ങളും അപ്പോഴും സ്വർഗ്ഗത്തിലായിരുന്നു, ദൈവപ്രീതിക്കു പുറത്തായിരുന്നെങ്കിലും. അവർ ഭൂമിയുടെ പരിസരത്തിലേക്ക് പിന്നീട് എറിയപ്പെടാനിരിക്കുകയായിരുന്നു. (വെളിപ്പാട് 12:7-10) കൂടാതെ, വായു ആത്മീയ ജീവികളെക്കാളധികം മനുഷ്യരോടാണു ബന്ധപ്പെട്ടിരിക്കുന്നത്. അതനുസരിച്ച്, ദൈവക്രോധത്തിന്റെ കലശം “വായു”വിൻമേൽ ഒഴിക്കപ്പെട്ടപ്പോൾ അതിന്റെ ഫലം അനുഭവിക്കേണ്ടിയിരുന്നത് മനുഷ്യസമുദായമായിരുന്നു.—വെളിപ്പാട് 16:17-21.
5. ഇവിടെ ചർച്ചചെയ്യുന്ന “വായു” എന്താണ്, അതിന് ആളുകളുടെമേൽ എന്തു ഫലമുണ്ട്?
5 തന്നിമിത്തം, ദൈവത്തിൽനിന്നന്യപ്പെട്ട ആളുകൾ പ്രതിഫലിപ്പിക്കുന്ന പൊതു ആത്മാവിനെ, സ്വാർത്ഥതയുടെയും അനുസരണക്കേടിന്റെയും പ്രമുഖ മനോഭാവത്തെ, ചിത്രീകരിക്കാൻ പൗലോസ് അക്ഷരീയ വായുവിനെ അഥവാ അന്തരീക്ഷത്തെ ഉപയോഗിക്കുന്നതായി തോന്നുന്നു. അതും “അനുസരണക്കേടിന്റെ പുത്രൻമാരിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവും” “ലോകത്തിന്റെ ആത്മാവും” ഒന്നുതന്നെയാണ്. (എഫേസ്യർ 2:2; 1 കൊരിന്ത്യർ 2:12) ശ്വസിക്കുന്നതിന് സജ്ജമായി അക്ഷരീയവായു എല്ലായിടത്തുമുള്ളതുപോലെ, “ലോകത്തിന്റെ ആത്മാവ്” എല്ലായ്പ്പോഴും ഉണ്ട്. ശൈശവം മുതൽ ശവക്കുഴിവരെ ആളുകൾ തങ്ങളുടെ അഭിലാഷങ്ങളും ആശകളും അതിമോഹങ്ങളും നിറവേററാൻ ശ്രമിക്കുമ്പോൾ അവർ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വിധത്തെ അതു ബാധിക്കുകയും സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നു.
6. (എ) ഈ ലോകത്തിന്റെ “വായു”വിന്റെ ശക്തി തീവ്രമാകുന്നതെങ്ങനെ, അത് അധികാരം പ്രയോഗിക്കുന്നതെങ്ങനെ? (ബി) ഈ “വായു”വിന്റെ ശ്വസിക്കലിന് പിശാചിന്റെ മത്സരഗതി അനുകരിക്കാൻ ഒരുവനെ പ്രേരിപ്പിക്കാൻ കഴിയുന്നതെങ്ങനെ?
6 അപൂർണ്ണമനുഷ്യസമുദായത്തിൽ സ്വാർത്ഥതയുടെയും മത്സരത്തിന്റെയും ഈ ആത്മാവാണ് മുന്തിനിൽക്കുന്നത്. ഈ “വായു” ശ്വസിക്കുമ്പോൾ, സമപ്രായക്കാരുടെ സമ്മർദ്ദത്താലും ഇന്ദ്രിയ സുഖത്തിന്റെ സദാവർദ്ധിക്കുന്ന വിശപ്പിനാലും അതിന്റെ മാരകശക്തി തീവ്രമാകുകയാണ്. അങ്ങനെ, അതിന് ആളുകളുടെമേൽ ഗണ്യമായ “അധികാര”മുണ്ട്. (റോമർ 6:12-14) താരതമ്യപ്പെടുത്തുക.) തീർച്ചയായും, ദുഷ്ടമായ സകലതിന്റെയും കാരണഭൂതൻ പിശാചാണ്. (യോഹന്നാൻ 8:44) തന്നിമിത്തം, അവൻ തന്റെ സ്വന്തം മത്സരഗതിയെ അനുകരിക്കാൻ സ്വാധീനിക്കുകയും അങ്ങനെ ഈ സാമുദായികാത്മാവിനെ അഥവാ “വായു”വിനെ പ്രചോദിപ്പിക്കുകയും രൂപപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. ഈ ദുഷ്ടശക്തിയുടെ അഥവാ “അധികാര”ത്തിന്റെ “ഭരണാധിപൻ” എന്നനിലയിൽ സാത്താൻ ആളുകളുടെ ചിന്തയെ നിയന്ത്രിക്കാൻ അതിനെ ഉപയോഗിക്കുന്നു. അതിന്റെ മൂലകങ്ങൾ ജഡികമോഹങ്ങളെ തൃപ്തിപ്പെടുത്തുന്നതിലും ലോകതാൽപര്യങ്ങൾ പിന്തുടരുന്നതിലും ആളുകളെ വ്യാപൃതരാക്കത്തക്കവിധം രൂപപ്പെടുത്തപ്പെട്ടിരിക്കുന്നതുകൊണ്ട് അവർക്ക് ദൈവത്തെ അറിയാനും “ജീവദായകമായ ആത്മാവായ” അവന്റെ പരിശുദ്ധാത്മാവിനു കീഴ്പ്പെടാനും സമയമോ ചായ്വോ ഇല്ല. (യോഹന്നാൻ 6:63) ആത്മീയമായി പറഞ്ഞാൽ അവർ മരിച്ചവരാണ്.
7. (എ) ക്രിസ്ത്യാനികൾ ഒരു കാലത്ത് “ക്രോധത്തിന്റെ മക്കൾ” ആയിരുന്നതെങ്ങനെ? (ബി) നാം ക്രിസ്ത്യാനികളായിത്തീർന്നപ്പോൾ എന്തു രൂപാന്തരം നടന്നു?
7 ദൈവവചനത്തിലെ സത്യം പഠിക്കുകയും അവന്റെ നീതിയുള്ള പ്രമാണങ്ങളോട് അനുരൂപപ്പെടുകയും ചെയ്യുന്നതിനു മുമ്പ് ക്രിസ്ത്യാനികളും ഈ മലിനീകൃത “വായു”വിന്റെ അധികാരത്തിൻ കീഴിൽ അഥവാ നിയന്ത്രണത്തിൻ കീഴിൽ ആയിരുന്നു. “അതെ, അവരുടെ [ലോകരുടെ] ഇടയിൽ നമ്മളെല്ലാം ഒരു കാലത്ത് ജഡത്താലും ചിന്തകളാലും ഇച്ഛിക്കപ്പെട്ട ആഗ്രഹങ്ങൾക്കനുയോജ്യമായി വർത്തിച്ചു, നാം സ്വാഭാവികമായി, ശേഷിച്ചവരെപ്പോലെ ക്രോധത്തിന്റെ മക്കൾ ആയിരുന്നു.” എന്നാൽ ക്രിസ്ത്യാനികളായിക്കഴിഞ്ഞപ്പോൾ നാം ഈ ലോകത്തിന്റെ മാരകമായ “വായു” ശ്വസിക്കുന്നതു നിർത്തി. നാം ‘നമ്മുടെ മുൻപെരുമാററഗതിയോട് അനുരൂപപ്പെടുന്ന പഴയ വ്യക്തിത്വത്തെ നീക്കിക്കളയുകയും യഥാർത്ഥനീതിയിലും ഭക്തിയിലും ദൈവേഷ്ടപ്രകാരം സൃഷ്ടിക്കപ്പെട്ട പുതിയ വ്യക്തിത്വം ധരിക്കുകയും ചെയ്തു.’—എഫേസ്യർ 2:3; 4:22-24.
8. നമ്മുടെ ഇന്നത്തെ സാഹചര്യം മരുഭൂമിയിലെ യിസ്രായേൽ ജനതയുടേതിനോടു സമാനമായിരിക്കുന്നതെങ്ങനെ?
8 ഇപ്പോഴത്തെ അപകടം ഈ ലോകത്തിലെ മലിനമായ വായുവിൽനിന്ന് രക്ഷപ്പെട്ടശേഷം അതിലേക്ക് തിരികെ പോകാൻ നാം വശീകരിക്കപ്പെട്ടേക്കാമെന്നതാണ്. ഇവിടെ നാം “അന്ത്യകാല”ത്ത് ബഹുദൂരം വന്നെത്തിയിരിക്കുകയാണ്, നാം പുതിയ ലോകത്തിന്റെ കവാടത്തിങ്കൽതന്നെയാണ്. (ദാനിയേൽ 12:4) തീർച്ചയായും, യിസ്രായേല്യരെപ്പോലെ അവരുടെ അതേ കെണികളിൽ വീണ് നഷ്ടമനുഭവിക്കാൻ നാം ആഗ്രിക്കുന്നില്ല. അവർ ഈജിപ്ററിൽനിന്ന് അത്ഭുതകരമായി വിടുവിക്കപ്പെടുകയും വാഗ്ദത്ത ദേശത്തിന്റെ അതിർത്തിയിലെത്തുകയും ചെയ്തശേഷം ആയിരങ്ങൾ “മരുഭൂമിയിൽ നിലംപരിചാക്കപ്പെട്ടു.” എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ചിലർ വിഗ്രഹാരാധികളായി, മററുചിലർ ദുർവൃത്തിയിലേർപ്പെട്ടു, വേറെ ചിലർ പിറുപിറുപ്പിനാലും പരാതിയാലും യഹോവയെ പരീക്ഷിച്ചു. പൗലോസ് ഇങ്ങനെ പറഞ്ഞുകൊണ്ട് ഒരു ശക്തമായ ആശയം സ്ഥാപിക്കുന്നു: “അവ ദൃഷ്ടാന്തങ്ങളായി അവർക്കു സംഭവിച്ചുകൊണ്ടിരുന്നു, വ്യവസ്ഥിതികളുടെ അവസാനങ്ങൾ വന്നെത്തിയിരിക്കുന്ന നമുക്ക് ഒരു മുന്നറിയിപ്പിനായി അവ എഴുതപ്പെട്ടു.”—1 കൊരിന്ത്യർ 10:1-11.
9. (എ) നമുക്ക് ലോകത്തിലായിരിക്കാനും അതിന്റെ ഭാഗമല്ലാതിരിക്കാനും എങ്ങനെ കഴിയും? (ബി) ലോകത്തിന്റെ മരണകരമായ അന്തരീക്ഷത്തിലേക്കു തിരികെ വലിച്ചെടുക്കപ്പെടാതിരിക്കാൻ നാം എങ്ങനെയായിരിക്കണം?
9 യേശു തന്റെ ശിഷ്യൻമാരെ സംബന്ധിച്ച് ഇങ്ങനെ പ്രാർത്ഥിച്ചു: “ഞാൻ ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെ അവർ ലോകത്തിന്റെ ഭാഗമല്ല. അവരെ ലോകത്തിൽനിന്ന് എടുക്കണം എന്നു ഞാൻ അപേക്ഷിക്കുന്നില്ല, എന്നാൽ ദുഷ്ടനായവൻ നിമിത്തം അവരെ കാവൽ ചെയ്യണമെന്നത്രെ.” (യോഹന്നാൻ 17:14, 15) യഹോവ നമ്മെ കാത്തുസൂക്ഷിക്കും, എന്നാൽ അവൻ നമുക്കു ചുററും ഒരു “വേലി” കെട്ടുന്നില്ല, അവൻ ഈ ലോകത്തിലെ “വായു”വിൽനിന്ന് നമ്മെ അത്ഭുതകരമായി മറയ്ക്കുന്നതുമില്ല. (ഇയ്യോബ് 1:9, 10) അതുകൊണ്ട് സാത്താന്റെ ലോകത്തിലായിരിക്കുന്നതും എന്നാൽ അതിന്റെ ഭാഗമല്ലാതിരിക്കുന്നതും, അതിന്റെ മലിന “വായു”വിനാൽ ചുററപ്പെട്ടിരിക്കുന്നതും, എന്നാൽ അതു ശ്വസിക്കാതിരിക്കുന്നതുമാണ് നമ്മുടെ വെല്ലുവിളി. നാം ലൗകിക പ്രസിദ്ധീകരണങ്ങൾ വായിക്കുമ്പോഴും റെറലിവിഷൻ കാണുമ്പോഴും അല്ലെങ്കിൽ വിനോദസ്ഥലങ്ങളിൽ പോകുമ്പോഴും നാം ലോകത്തിന്റെ “വായു”വുമായി സമ്പർക്കത്തിലാക്കപ്പെടാനിടയുണ്ട്. ജോലിയിലും സ്കൂളിലും മററു പ്രകാരത്തിലും ലോക ജനങ്ങളുമായി കുറെ സമ്പർക്കം ഒഴിവാക്കാവുന്നതല്ലെങ്കിലും, ഈ ലോകത്തിന്റെ മാരകമായ അന്തരീക്ഷത്തിലേക്ക് തിരികെ വലിച്ചെടുക്കപ്പെടാതെ സൂക്ഷിക്കാൻ നാം ജാഗ്രതയുള്ളവരായിരിക്കണം.—1 കൊരിന്ത്യർ 15:33, 34.
10, 11. (എ) നാം യഹോവയുടെ ആത്മീയ പരദീസയിലായിരിക്കുന്നത് “പുകവലിപാടില്ലാത്ത” ഒരു സ്ഥലത്ത് ഇരിക്കുന്നതിനോട് താരതമ്യപ്പെടുത്താവുന്നതെങ്ങനെ? (ബി) ഈ ലോകത്തിന്റെ “വായു” പടലങ്ങൾ കണ്ടുപിടിക്കപ്പെടുന്നുവെങ്കിൽ എന്തു നടപടികൾ സ്വീകരിക്കണം?
10 നമ്മുടെ സാഹചര്യത്തെ “പുകവലിക്കാവുന്ന” സ്ഥലവും “പുകവലി പാടില്ലാത്ത” സ്ഥലവുമുള്ള ഒരു റസ്റേറാറൻറിൽ നാം ഇരിക്കുന്നതിനോടു താരതമ്യപ്പെടുത്താവുന്നതാണ്. യഹോവയുടെ ആത്മീയ പരദീസയിലെ ക്രിസ്ത്യാനികളെന്ന നിലയിൽ നാം ഉചിതമായി “പുകവലി പാടില്ലാത്ത” വിഭാഗത്തിലാണ്, ലോകത്തിന്റെ ആത്മാവിൽനിന്ന് അകലെയാണ്. തീർച്ചയായും, നാം മനഃപൂർവ്വം “പുകവലിക്കാവുന്ന” സ്ഥലത്ത് ഇരിക്കുകയില്ല. അത് മൗഢ്യമായിരിക്കും. എന്നാൽ നാം ഒരു റസ്റേറാറൻറിൽ “പുകവലി പാടില്ലാത്ത” സ്ഥലത്തിരിക്കുമ്പോൾ മിക്കപ്പോഴും എന്താണു സംഭവിക്കുക? പുകനിറഞ്ഞ മലിനവായു ഒഴുകിവരുകയും നമുക്ക് അതിന്റെ പടലങ്ങൾ ലഭിക്കുകയും ചെയ്യുന്നു! ഇതു സംഭവിക്കുമ്പോൾ ഈ മലിനവായു ആകർഷകമാണെന്ന് നാം കണ്ടെത്തുന്നുവോ? അതോ, കഴിവതുംവേഗം അവിടെനിന്നു പോകാൻ നാം ശ്രമിക്കുന്നില്ലേ?
11 എന്നാൽ ഈ ലോകത്തിന്റെ “വായു”വിന്റെ പടലങ്ങൾ നിങ്ങളുടെ നേരേ വരുമ്പോൾ നിങ്ങൾ എന്തുചെയ്യുന്നു? ഈ ചീത്ത സ്വാധീനത്തിൽനിന്നു പുറത്തുകടക്കാൻ നിങ്ങൾ സത്വര നടപടി സ്വീകരിക്കുന്നുവോ? നിങ്ങൾ അവിടെത്തന്നെകഴിയുകയും അതു ശ്വസിക്കുകയുമാണെങ്കിൽ നിങ്ങളുടെ ചിന്തയെ ബാധിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. നിങ്ങൾ ഈ “വായു” എത്ര ദീർഘമായി ശ്വസിക്കുന്നുവോ അത്രയധികമായി നിങ്ങൾ അതിനോടുള്ള സഹിഷ്ണുത വളർത്തുന്നു. തന്നെയുമല്ല, കാലക്രമത്തിൽ ഗന്ധം വെറുക്കത്തക്കതായിരിക്കാതെ, ആകർഷകവും മദിപ്പിക്കുന്നതും അഭിലഷണീയവുമായിത്തീരുന്നു. നിങ്ങൾ നിയന്ത്രിക്കാൻ പോരാടിക്കൊണ്ടിരുന്ന ഒരു രഹസ്യാഗ്രഹത്തെ അത് ശക്തമാക്കിയേക്കാം.
12. ഈ ലോകത്തിന്റെ “വായു”വിന്റെ എളുപ്പം കണ്ടുപിടിക്കപ്പെടാത്ത വശങ്ങളാൽ ബാധിക്കപ്പെടുന്നതൊഴിവാക്കാൻ എന്താണാവശ്യമായിരിക്കുന്നത്?
12 ഈ ലോകത്തിന്റെ “വായു”വിലെ ചില പ്രദൂഷകങ്ങൾ അനായാസം കണ്ടുപിടിക്കപ്പെടുന്നില്ല, കാർബൺഡയോക്സൈഡ് പോലെ അക്ഷരീയ വായുവിലുള്ള ചില മലിനവസ്തുക്കൾ ഗന്ധമില്ലാത്തതും രുചിയില്ലാത്തതുമായിരിക്കുന്നതുപോലെതന്നെ. അപ്പോൾ നമ്മെ കീഴടക്കുന്നതുവരെ നാം മാരകമായ പുക കണ്ടുപടിക്കാതിരുന്നേക്കാമെന്നതാണ് അപകടം. അതുകൊണ്ട്, ഈ ലോകത്തിലെ അനുവാദാത്മക മനോഭാവങ്ങളാലോ ദൈവത്തിന്റെ നീതിപ്രമാണങ്ങളോടുള്ള അനുസരണക്കേടിനാലോ ഒരു മരണക്കെണിയിലേക്കു നയിക്കപ്പെടാതിരിക്കാൻ നാം ജാഗ്രത പുലർത്തേണ്ടതുണ്ട്. “പാപത്തിന്റെ വഞ്ചകശക്തിയാൽ നിങ്ങളിൽ ആരും കഠിനപ്പെടാതിരിക്കേണ്ടതിന് . . . അനുദിനം അന്യോന്യം പ്രബോധിപ്പിച്ചുകൊണ്ടിരിക്കുക” എന്ന് പൗലോസ് തന്റെ സഹക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചു.—എബ്രായർ 3:13; റോമർ 12:1.
ഈ ലോകത്തിന്റെ “വായു” എന്തിനാൽ നിർമ്മിതം?
13. (എ) നാം ജാഗ്രതപുലർത്തേണ്ട ഈ ലോകത്തിന്റെ “വായു”വിന്റെ ഒരു രൂപമെന്താണ്? (ബി) ഈ “വായു”യഹോവയുടെ ജനത്തിൽ ചിലരെ ബാധിച്ചിരിക്കുന്നുവെന്നു സ്പഷ്ടമായിരിക്കുന്നതെങ്ങനെ?
13 ഈ ലോകത്തിന്റെ “വായു”വിന്റെ ശക്തമായ സ്വാധീനത്താൽ, നാം തിരിച്ചറിയുന്നതിനു മുമ്പുതന്നെ, നാം ഏതു പൊതു മനോഭാവങ്ങൾ സ്വീകരിച്ചുതുടങ്ങിയേക്കാം? ഒന്ന് അസാൻമാർഗ്ഗിക കാര്യങ്ങളെ താലോലിക്കാനുള്ള ചായ്വാണ്. ലൈംഗികതയും സൻമാർഗ്ഗവും സംബന്ധിച്ച ഈ ലോകത്തിലെ ആശയങ്ങൾ നമ്മുടെയെല്ലാം ചുററുമുണ്ട്. അനേകർ പറയുന്നു: ‘ദുർവൃത്തിയിലേർപ്പെടുന്നതും വിവാഹം കൂടാതെ മക്കളെ പ്രസവിക്കുന്നതും സ്വവർഗ്ഗരതിയിലേർപ്പെടുന്നതും ശരിയാണ്. സാധാരണഗതിയിലുള്ളതും സ്വാഭാവികവുമായതും മാത്രമേ നാം ചെയ്യുന്നുള്ളു.’ ഈ “വായു” അഥവാ ലൗകിക ആത്മാവ് യഹോവയുടെ ജനത്തെ ബാധിച്ചിട്ടുണ്ടോ? നിർഭാഗ്യവശാൽ 1986-ലെ സേവനവർഷത്തിൽ 37,426 പേരെ ക്രിസ്തീയസഭയിൽനിന്ന് പുറത്താക്കേണ്ടിവന്നു, അവരിൽ ഭൂരിപക്ഷവും ലൈംഗികദുർമ്മാർഗ്ഗത്തിലേർപ്പെട്ടതുകൊണ്ടായിരുന്നു. ദുർമ്മാർഗ്ഗം നിമിത്തം ശാസിക്കപ്പെട്ടെങ്കിലും ആത്മാർത്ഥമായി അനുതപിച്ചതു നിമിത്തം പുറത്താക്കപ്പെടാഞ്ഞവരുടെ കൂടിയ സംഖ്യ ഇതിൽ ഉൾപ്പെടുന്നില്ല.—സദൃശവാക്യങ്ങൾ 28:13.
14. ചില ക്രിസ്ത്യാനികൾ സാൻമാർഗ്ഗികമായി വഴിപിഴച്ചുപോകുന്നതെന്തുകൊണ്ട്, ഏതു തിരുവെഴുത്തു ബുദ്ധിയുപദേശം ത്യജിക്കുന്നതിനാൽ?
14 ലൈംഗിക ദുർമ്മാർഗ്ഗത്തിന് അടിപ്പെടുന്നവരുടെ സംഗതിയിൽ എന്തു സംഭവിക്കുന്നു? വസ്തുതകൾ അറിയപ്പെടുമ്പോൾ, മിക്കപ്പോഴും അവർ ഈ ലോകത്തിന്റെ മാരകമായ “വായു” വീണ്ടും ശ്വസിക്കാൻ തുടങ്ങിയിരുന്നതായി കണ്ടെത്തപ്പെടുന്നു. ലോക മനോഭാവങ്ങൾ അവരുടെ നിലവാരങ്ങളെ താഴ്ത്താൻ അവർ അനുവദിച്ചിരിക്കുന്നു. ദൃഷ്ടാന്തത്തിന്, മുമ്പൊക്കെ അവർ കാണാതെ ഇറങ്ങിപ്പോരുമായിരുന്ന ചലച്ചിത്രങ്ങൾ അവർ കണ്ടുതുടങ്ങിയേക്കാം. അതിലും മോശമായി, വീട്ടിലെ വീഡിയോയിൽ അവർ വ്യക്തമായും ക്രിസ്ത്യാനിക്ക് അയോഗ്യമായ ചലച്ചിത്രങ്ങൾ കണ്ടേക്കാം. അധാർമ്മിക കാര്യങ്ങളുടെ അത്തരം താലോലിക്കൽ ഈ തിരുവെഴുത്തു നിർദ്ദേശത്തിന് കടകവിരുദ്ധമാണ്: “വിശുദ്ധജനത്തിന് യോഗ്യമാംവിധം, ദുർവൃത്തിയും ഏതുതരം അശുദ്ധിയും അല്ലെങ്കിൽ അത്യാഗ്രഹവും നിങ്ങളുടെ ഇടയിൽ പറയപ്പെടുകപോലുമരുത്; ലജ്ജാവഹമായ നടത്തയോ മൗഢ്യമായ സംസാരമോ അസഭ്യതമാശയോ പാടില്ല.”—എഫേസ്യർ 5:3, 4.
15. ലൈംഗിക ദുർമ്മാർഗ്ഗത്തെ താലോലിക്കാനുള്ള പ്രലോഭനം ആകസ്മികമായി തുടക്കമിട്ടേക്കാവുന്നതെങ്ങനെ?
15 ദുർവൃത്തിയിലേർപ്പെടാനുള്ള നേരിട്ടുള്ള ഏതു നിർദ്ദേശത്തെയും നിങ്ങൾ പെട്ടെന്നു തള്ളിക്കളഞ്ഞേക്കാമെന്നതു സത്യംതന്നെ. എന്നാൽ ജോലിസ്ഥലത്തോ സ്കൂളിലോ ആരെങ്കിലും നിങ്ങളുമായി മേളാങ്കിക്കാനോ ശാരീരികമായ ഒരു വിധത്തിൽ നിങ്ങളോടു അമിതമായി അടുക്കാനോ ശ്രമിക്കുകയോ ഒരു സല്ലാപദിവസത്തിനായി വെളിയിൽ പോകാൻ നിങ്ങളെ ക്ഷണിക്കുകയോ ചെയ്താൽ നിങ്ങൾ എങ്ങനെ വർത്തിക്കുന്നു? ഈ ലോകത്തിന്റെ “വായു” പടലങ്ങൾ അങ്ങനെ നിങ്ങളിലേക്ക് ഒഴുകിവന്നിരിക്കുന്നു. ആ ശ്രദ്ധ ആസ്വദിക്കാൻ, അതിനെ പ്രോത്സാഹിപ്പിക്കാൻ, നിങ്ങൾ നിങ്ങളേത്തന്നെ അനുവദിക്കുന്നുവോ? മൂപ്പൻമാരിൽനിന്നു ലഭിച്ചിട്ടുള്ള റിപ്പോർട്ടുകളനുസരിച്ച്, മിക്കപ്പോഴും ദുഷ്പ്രവൃത്തിക്കു തുടക്കമിടുന്നത് അങ്ങനെയുള്ള അശ്രദ്ധവിധങ്ങളിലാണ്. “ഇന്നു നീ എത്ര അഴകുള്ളവളാണ്” എന്ന് ഒരു ലോക മനുഷ്യൻ ഒരു ക്രിസ്തീയ വനിതയോടു പറഞ്ഞേക്കാം. വിശേഷിച്ച് ആ വനിതക്ക് കുറെ ഏകാന്തത തോന്നുന്നുണ്ടെങ്കിൽ അതു കേൾക്കുക അവൾക്ക് ഉല്ലാസപ്രദമായിരിക്കാം. അതിനെക്കാൾ ഗുരുതരമായി, അനുചിതമായി സ്പർശിക്കാനുള്ള ശ്രമങ്ങളോടു ചിലർ ബുദ്ധിപൂർവ്വം പ്രതികരിച്ചിട്ടില്ല. അവർ എതിർക്കുന്നതായുള്ള തോന്നലുളവാക്കിയിട്ടുണ്ട്, എന്നാൽ ആ ലോക മനുഷ്യൻ അതു തുടർന്നു ചെയ്യാൻ പ്രോത്സാഹിതനാകത്തക്കവണ്ണം അർദ്ധഹൃദയത്തോടെയാണ്. ഒരു ക്രിസ്തീയ വനിതയുടെ നേർക്കുള്ള അത്തരം അസാൻമാർഗ്ഗിക മുന്നേററങ്ങൾ ദൂഷിതമായ വായു പ്രവാഹം പോലെ തുടരുന്നുവെങ്കിലോ? തനിക്ക് അയാളുടെ ശ്രദ്ധ വേണ്ടെന്നോ അതു സ്വീകാര്യമല്ലെന്നോ അവൾ അയാളോടു ദൃഢമായി പറയേണ്ടതാണ്. അവൾ ഈ “വായു” ശ്വസിക്കുന്നതിൽ തുടരുകയാണെങ്കിൽ അവളുടെ ചെറുത്തുനിൽപ്പ് പൊളിയാനിടയുണ്ട്. ഒരു ബുദ്ധിഹീനമായ വിവാഹത്തിലേക്കല്ലെങ്കിൽ, ദുർമ്മാർഗ്ഗത്തിലേക്ക് അവൾ നയിക്കപ്പെടാനിടയുണ്ട്.—സദൃശവാക്യങ്ങൾ 5:3-14 താരതമ്യപ്പെടുത്തുക; 1 കൊരിന്ത്യർ 7:39.
16. “ക്രിസ്തുവിന്റെ ഒരു സൗരഭ്യവാസന” ആയിരിക്കാൻ എന്താവശ്യമാണ്?
16 അതുകൊണ്ട് ഈ ലോകത്തിന്റെ അസാൻമാർഗ്ഗികവും മാരകവുമായ “വായു”വിനെ പെട്ടെന്നു ത്യജിക്കുക. അതിന്റെ ആകർഷകമായ ഗന്ധത്തിനു കീഴ്പ്പെട്ട് യഹോവയുടെ നാമത്തിനും സ്ഥാപനത്തിനും നിന്ദ വരുത്തുന്നതിനുപകരം നിങ്ങളുടെ ദൈവിക മനോഭാവത്താലും നടത്തയാലും നിങ്ങളുടെ ദൈവത്തിന് ഒരു ഉല്ലാസപ്രദമായ സൗരഭ്യമായിത്തീരുക. പൗലോസ് അത് ഇങ്ങനെ പ്രസ്താവിച്ചു: “എന്തെന്നാൽ രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിച്ചുപോകുന്നവരുടെ ഇടയിലും ഞങ്ങൾ ദൈവത്തിന് ക്രിസ്തുവിന്റെ ഒരു സൗരഭ്യവാസനയാകുന്നു; ഒടുവിൽ പറഞ്ഞവർക്ക് മരണത്തിൽനിന്ന് മരണത്തിലേക്ക് പ്രസരിക്കുന്ന ഒരു വാസന; ആദ്യം പറഞ്ഞവർക്ക് ജീവനിൽനിന്ന് ജീവനിലേക്കു പ്രസരിക്കുന്ന ഒരു വാസന.” (2 കൊരിന്ത്യർ 1:15, 16) അനേകർ ക്രിസ്തീയ മാർഗ്ഗത്തെ അസ്വീകാര്യമായി തള്ളിക്കളയുന്നുവെങ്കിലോ? (1 പത്രോസ് 4:1-5) ലോകം അതിന്റെ സ്വന്തവഴിയേ പോകുകയും തകർന്ന ഭവനങ്ങളുടെയും അവിഹിതജനങ്ങളുടെയും എയ്ഡ്സ് പോലുള്ള ലൈംഗിക പകർച്ചവ്യാധികളുടെയും വൈകാരികവും ശാരീരികവുമായ എണ്ണമററ മററു ദുരിതങ്ങളുടെയും രൂപത്തിൽ അതിന്റെ ദുഷ്ഫലങ്ങൾ കൊയ്യുകയും ചെയ്യട്ടെ. നിങ്ങൾ അനേകം വേദനകളിൽനിന്ന് ഒഴിഞ്ഞുപോകുമെന്നു മാത്രമല്ല, നിങ്ങൾക്കു ദൈവത്തിന്റെ പ്രീതി ലഭിക്കുകയും ചെയ്യും. മാത്രവുമല്ല, ചിലർക്കെങ്കിലും നിങ്ങളുടെ നല്ല നടത്തയിലും നിങ്ങൾ പ്രസംഗിക്കുന്ന രാജ്യ സന്ദേശത്തിലും മതിപ്പുളവാകുകയും “ജീവനിൽനിന്ന് ജീവനിലേക്കു പ്രസരിക്കുന്ന” വാസനയാൽ ആകർഷിക്കപ്പെടുകയും ചെയ്യും.
ലോക സ്റൈറലുകളാകുന്ന “വായു”
17. വസ്ത്രധാരണത്തിന്റെയും ചമയത്തിന്റെയും സ്റൈറലുകൾ ഒരുവൻ ഈ ലോകത്തിന്റെ ആത്മാവിനാൽ സ്വാധീനിക്കപ്പെട്ടിരിക്കുന്നുവെന്നു വെളിപ്പെടുത്തിയേക്കാവുന്നതെങ്ങനെ?
17 ഈ ലോകത്തിന്റെ “വായു”വിന്റെ മറെറാരു വശം വസ്ത്രധാരണത്തിന്റെയും ചമയത്തിന്റെയും സ്റൈറലുകളോടു ബന്ധപ്പെട്ടതാണ്. തങ്ങളേത്തന്നെ ലൈംഗികമായി ആകർഷകമാക്കാനാണ് ലോകത്തിലെ അനേകർ വസ്ത്രം ധരിക്കുന്നത്. കൗമാരത്തിലെത്തിയിട്ടില്ലാത്തവർ പോലും ലൈംഗികതക്ക് ഊന്നൽ കൊടുത്തുകൊണ്ട് പ്രായമുള്ളവരെപ്പോലെ മേക്കപ്പ് ചെയ്യാൻ ആഗ്രഹിക്കുന്നു. ഈ വിപുലവ്യാപകമായ “വായു”വിനാൽ അഥവാ മനോഭാവത്താൽ നിങ്ങൾ ബാധിക്കപ്പെട്ടിട്ടുണ്ടോ? വിപരീത ലിംഗവർഗ്ഗത്തിൽപ്പെട്ടവരുടെ താത്പര്യങ്ങളെ അനുചിതമായി ഉണർത്താൻ, തൃഷ്ണ വർദ്ധിപ്പിക്കാൻ, വികാരഭരിതരാക്കാൻ, ആണോ നിങ്ങൾ വസ്ത്രം ധരിക്കുന്നത്? അങ്ങനെയെങ്കിൽ, നിങ്ങൾ തീയുമായി കളിക്കുകയാണ്. ഈ “വായു” ശ്വസിക്കുന്നത് നിങ്ങളുടെ വിനയത്തിന്റെ ആത്മാവിനെ, നിർമ്മലരായിരിക്കാനുള്ള നിങ്ങളുടെ ആഗ്രഹത്തെ, ഞെരുക്കും. (മീഖാ 6:8) ലോകത്തിന്റെ ആത്മാവുള്ളവർ നിങ്ങളിലേക്ക് ആകർഷിക്കപ്പെടും; നിങ്ങളുടെ പ്രവർത്തനങ്ങളിൽനിന്ന് നിങ്ങൾ ദുർമ്മാർഗ്ഗത്തിൽ അവരോടു ചേരാൻ തയ്യാറാണെന്നുള്ള സന്ദേശം അവർക്കു ലഭിക്കും. എന്നാൽ ദൈവദൃഷ്ടിയിൽ വഷളായതു ചെയ്യാൻ നിങ്ങളെ വശീകരിക്കുന്നതിന് അങ്ങനെയുള്ള “വായു”വിനെ അനുവദിക്കുന്നതിനാൽ ഈ ദിശയിൽ തുടക്കമിടുന്നതെന്തിന്?
18. നാം യഹോവയെ പ്രതിനിധാനം ചെയ്യുന്നുവെന്ന് എപ്പോഴും ഓർക്കുന്നത് വസ്ത്രത്തിന്റെയും ചമയത്തിന്റെയും സ്റൈറലുകൾ തെരഞ്ഞെടുക്കുന്നതിൽ നമ്മെ എങ്ങനെ സഹായിക്കും?
18 വിനയമുള്ളവരായിരിക്കുന്നതിന്, നാം അലക്ഷ്യമായോ അനാകർഷകമായോ വസ്ത്രം ധരിക്കേണ്ടതില്ല. യഹോവയുടെ സാക്ഷികളിൽ ബഹുഭൂരിപക്ഷവും വസ്ത്രമണിയുകയും ചമയുകയും ചെയ്യുന്നവിധം പരിചിന്തിക്കുക. അവർ ഈ ലോകത്തിന്റെ അങ്ങേയററത്തെ സ്റൈറലുകൾ ഒഴിവാക്കുകയും തങ്ങളേത്തന്നെ ആകർഷകമായി അവതരിപ്പിക്കുകയും ചെയ്യുന്നു, അഖിലാണ്ഡത്തിന്റെ പരമാധികാരിയായ യഹോവയെ പ്രതിനിധാനം ചെയ്യുന്ന ശുശ്രൂഷകരാണ് തങ്ങളെന്ന് ഓർത്തുകൊണ്ടുതന്നെ. അവരുടെ എളിയ സ്റൈറലുകളെ പഴയലോകം വിമർശിച്ചുകൊള്ളട്ടെ. ഈ ലോകത്തിന്റെ മനോഭാവങ്ങൾ തങ്ങളുടെ ക്രിസ്തീയ നിലവാരങ്ങളെ താഴ്ത്താൻ അനുവദിക്കുന്നതിന് അവർ മുതിരാതിരിക്കട്ടെ. “തന്നിമിത്തം ജനതകൾ തങ്ങളുടെ നിഷ്പ്രയോജനത്വത്തിൽ നടക്കുന്നതുപോലെ നിങ്ങൾ മേലാൽ നടക്കാതിരിക്കാൻ ഞാൻ കർത്താവിൽ ഇതു പറയുകയും സാക്ഷീകരിക്കുകയും ചെയ്യുന്നു . . . അവർ സകല ധാർമ്മിക ബോധവും വിട്ട് സകലതരം അശുദ്ധിയും പ്രവർത്തിക്കാൻ ദുർന്നടത്തക്കു തങ്ങളേത്തന്നെ ഏൽപ്പിച്ചുകൊടുത്തു”വെന്ന് അപ്പോസ്തലനായ പൗലോസ് എഴുതി. (എഫേസ്യർ 4:17-19) പക്വതയുള്ള ക്രിസ്ത്യാനി വിനയാന്വിതമായി വസ്ത്രം ധരിക്കും, ജനതകൾ നടക്കുന്നതുപോലെയല്ല.—1 തിമൊഥെയോസ് 2:9, 10.
19. ഈ ലോകത്തിന്റെ “വായു”വിന്റെ രണ്ടു മുഖ്യവശങ്ങൾ പരിചിന്തിച്ച സ്ഥിതിക്ക് അതു ശ്വസിക്കുന്നതിന്റെ അപകടം സംബന്ധിച്ച് ഇപ്പോൾത്തന്നെ എന്തു സ്പഷ്ടമാണ്?
19 ഇത്രത്തോളം നാം ഈ ലോകത്തിന്റെ “വായു”വിന്റെ രണ്ടു വശങ്ങൾ മാത്രമാണു പരിചിന്തിച്ചത്. എന്നാൽ ഈ “വായു” ആത്മീയാരോഗ്യത്തിന് വളരെ ഹാനികരമാണെന്ന് നാം കണ്ടിരിക്കുന്നു. പിശാചും അവന്റെ വ്യവസ്ഥിതിയും ക്രിസ്ത്യാനികളുടെ നേരേ തുടർച്ചയായി അടിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ മാരകമായ “വായു”വിന്റെ മററു സവിശേഷതകൾ അടുത്തലേഖനത്തിൽ ഞങ്ങൾ പരിചിന്തിക്കുന്നതായിരിക്കും, ക്രിസ്ത്യാനികൾ അതിന് അടിപ്പെടുമെന്നാണ് അവർ ആശിക്കുന്നത്. അങ്ങനെയുള്ള “വായു” നാം ഒഴിവാക്കുന്നത് എത്ര പ്രധാനമാണ്, എന്തുകൊണ്ടെന്നാൽ ഈ ലോകത്തിന്റെ ആത്മാവിനെ ഉൾക്കൊള്ളുന്നത് മരണത്തിന്റെ നീരാവി ശ്വസിക്കുന്നതുപോലെയാണ്! (w87 9/15)
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ഈ ലോകത്തിന്റെ “വായു” എന്താണ്, ആർ അതിനെ ഭരിക്കുന്നു?
◻ ലോകത്തിന്റെ “വായു”വിന് ആളുകളുടെമേൽ എന്ത് അധികാരമുണ്ട്?
◻ ക്രിസ്ത്യാനികൾ “പുകവലി പാടില്ലാത്ത” ഒരു സ്ഥലത്ത് ആണെന്നു പറയാവുന്നതെന്തുകൊണ്ട്?
◻ അസാൻമാർഗ്ഗിക കാര്യങ്ങൾ താലോലിക്കുന്നതു സംബന്ധിച്ച് ഈ ലോകത്തിന്റെ “വായു”വിന് യഹോവയുടെ ജനത്തെ ബാധിക്കാൻ കഴിയുന്നതെങ്ങനെ?
◻ വസ്ത്രവും ചമയവും സംബന്ധിച്ച് ഈ ലോകത്തിന്റെ “വായു”വിനാൽ സ്വാധീനിക്കപ്പെടുന്നതൊഴിവാക്കാൻ വിനയത്തിന് നമ്മെ സഹായിക്കാൻ കഴിയുന്നതെങ്ങനെ?
[10-ാം പേജിലെ ചിത്രം]
ഈ ലോകത്തിന്റെ മാരകമായ “വായു”ശ്വസിക്കുന്നതിനു നിങ്ങൾ വിസമ്മതിക്കുന്നുവോ?
[13-ാം പേജിലെ ചിത്രം]
ഈ ലോകത്തിന്റെ “വായു”വിന്റെ പടലങ്ങൾ നിങ്ങളുടെ നേരെ ഒഴുകിവരുമ്പോൾ നിങ്ങൾ എന്തു ചെയ്യുന്നു?