ഇന്ത്യയിൽ മത സ്വാതന്ത്ര്യം മാനിക്കപ്പെടുന്നു
ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയാറ് ഓഗസ്ററ് 11-ലെ ന്യൂഡെൽഹിയിലുണ്ടായ സുപ്രീംകോടതി വിധി ദശലക്ഷങ്ങളെ അത്ഭുതസ്തബ്ധരാക്കി. ദേശീയത കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത്, മിക്കവാറും അറിയപ്പെടാതെ കിടക്കുന്ന ഒരു മത ന്യൂനപക്ഷത്തിന്റെ സ്വാതന്ത്ര്യം മാനിക്കപ്പെടുമെന്ന് ആരുംതന്നെ പ്രതീക്ഷിച്ചില്ല. എന്നാൽ, ഇന്ത്യയുടെ ആത്യുന്നത കോടതി, വസ്തുതകളുടെ ഒരു സൂക്ഷ്മ പരിശോധനയ്ക്കുശേഷം, യഹോവയുടെ സാക്ഷികളുടെ കുട്ടികളെ ദേശീയ ഗാനാലാപനത്തിന് നിർബ്ബന്ധിക്കാൻ സാദ്ധ്യമല്ല എന്ന് തീർപ്പു കല്പിച്ചു. ഒരു നാഴികക്കല്ലായ വിധിയിൽ കോടതി ഇപ്രകാരം പ്രസ്താവിച്ചു:
“ഈ കേസിൽ, ഈ മൂന്നു കുട്ടികളെ അവർ മനസ്സാക്ഷിപരമായി പുലർത്തുന്ന മതവിശ്വാസം നിമിത്തം ദേശീയ ഗാനം ആലപിക്കപ്പെടുമ്പോൾ ആദരപൂർവ്വം എഴുന്നേററ് നിൽക്കുന്നുണ്ടെങ്കിൽ തന്നെയും അസംബ്ലി സമയത്ത് ദേശീയ ഗാനാലപത്തിൽ പങ്കുചേരുന്നില്ല എന്ന കാരണത്താൽ സ്കൂളിൽ നിന്ന് ബഹിഷ്ക്കരിച്ചിരിക്കുന്നത്, ‘മനസ്സാക്ഷിയുടെ സ്വാതന്ത്ര്യത്തിനും, സ്വതന്ത്രമായി മതം സ്വീകരിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും’ ഉള്ള അവരുടെ മൗലീക അവകാശത്തിന്റെ ലംഘനമാണെന്ന് ഞങ്ങൾക്ക് ബോദ്ധ്യമായിരിക്കുന്നു.”
ഇന്ത്യൻ സുപ്രീംകോടതിയുടെ ജസ്ററിസ് ഒ. ചിന്നപ്പറെഡഡിയും ജസ്ററിസ് എം. എം. ദത്തും ആയിരുന്നു യഹോവയുടെ സാക്ഷികളുടെ ഈ പ്രശസ്തമായ ദേശീയഗാന കേസിന്റെ വാദം കേട്ടത്.
ഈ വിവാദം ഉയർന്നു വന്ന വിധം
ഇന്ത്യയിലെ 8,000 വരുന്ന യഹോവയുടെ സാക്ഷികളിൽ ഏതാണ്ട് പകുതിയും ഈ വിസ്തൃതമായ രാഷ്ട്രത്തിന്റെ തെക്കേ അററത്ത് സ്ഥിതി ചെയ്യുന്ന കൊച്ചു സംസ്ഥാനമായ കേരളത്തിലാണ് കാണപ്പെടുന്നത്. അവിടെ മിക്ക വിദ്യാലയങ്ങളിലും ദേശീയ ഗാനം ദിവസേന ആലപിക്കാറുണ്ട്. വിവാദവിഷയമായ ഈ പ്രത്യേക സ്കൂളിലെ രീതി, സകല വിദ്യാർത്ഥികളും ഒരു സംഘമായി ദേശീയഗാനം പാടണമെന്നുള്ളതായിരുന്നു. എന്നിരുന്നാലു, യഹോവയുടെ സാക്ഷികളുടെ കുട്ടികൾ, മററുള്ളവർ പാടിയപ്പോൾ വെറുതെ നിൽക്കുമായിരുന്നു. സുപ്രീംകോടതി വിധി പറയുന്നതുപോലെ: “ആരും കാര്യമാക്കിയില്ല. ആരുംതന്നെ വേവലാതിപ്പെട്ടില്ല. ആരും അതിനെ അനാദരമായിട്ടോ ദേശസ്നേഹവിരുദ്ധമായിട്ടോ കരുതിയില്ല. ആ കുട്ടികളെ സമാധാനത്തിൽ അവരുടെ വിശ്വാസങ്ങൾക്ക് വിട്ടിരുന്നു.” ഇതായിരുന്നു, വർഷങ്ങളായുണ്ടായിരുന്ന അവസ്ഥ.
അങ്ങനെയിരിക്കെ 1985 ജൂലൈ വന്നു ചേർന്നു. സംസ്ഥാന നിയമനിർമ്മാണ സഭയിലെ ഒരംഗം, ആരെങ്കിലും ദേശീയഗാനം ആലപിക്കുന്നതിന് വിസമ്മതിക്കുന്നത് ദേശഭക്തിവിരുദ്ധമാണെന്ന് താൻ വീക്ഷിക്കുന്നതായി ഒരു വിരുദ്ധവാദം ഉന്നയിച്ചു. അതിനെ തുടർന്ന് ഒരു ചർച്ച നടന്നു. അതിന്റെ വിവരങ്ങൾ രാജ്യത്തെ നിരവധി പ്രമുഖ പത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
അന്നുവരെ യഹോവയുടെ സാക്ഷികളുടെ കുട്ടികളോട് അനുകമ്പ കാണിച്ചിരുന്ന കേരളത്തിലെ മിക്ക വിദ്യാലയങ്ങളിലെയും അധികാരികൾ, നിയമസഭയിലെ ഈ വിരുദ്ധവാദവും എതിർപ്രചരണവും നിമിത്തം ഭയചകിതരായി. അതിന്റെ ഫലമായി, യഹോവയുടെ സാക്ഷികളുടെ കുട്ടികൾ ഒന്നൊന്നായി സ്കൂളുകളിൽ നിന്നും ബഹിഷ്ക്കരിക്കപ്പെട്ടു.
കുട്ടികൾ നിയമാനുസൃതം സംസ്ഥാനത്തിനെതിരെ
സ്കൂളിൽ നിന്നും ബഹിഷ്ക്കരിക്കപ്പെട്ട ബിജോ. ബിനുമോൾ, ബിന്ദു എന്നീ മൂന്നു കുട്ടികളുടെ പിതാവായ വി. ജെ. ഇമ്മാനുവൽ നിയമപരിഹാരം തേടി. നിയമം തന്റെ പക്ഷത്താണെന്ന് മി. ഇമ്മാനുവലിന് ദൃഢമായ ബോദ്ധ്യമുണ്ടായിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ 25(1)-ാം വകുപ്പ് പ്രകാരം, “സകല വ്യക്തികളും മനസ്സാക്ഷിയുടെ സ്വാതന്ത്ര്യത്തിനും, സ്വതന്ത്രമായി മതം സ്വീകരിക്കുന്നതിനും, ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശത്തിനും തുല്യമായി അർഹരാണ്” എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
ഒടുവിൽ കേരള ഹൈക്കോടതിയുടെ ഒരു ഡിവിഷൻ ബഞ്ച് ഈ കേസിന്റെ വാദം കേട്ടു. പക്ഷേ കോടതി വി. ജെ. ഇമ്മാനുവലിന്റെ അപ്പീൽ തള്ളിക്കളഞ്ഞു. ഇത് ഒരു കനത്ത ആഘാതമായിരുന്നു. കാരണം, ഇന്ത്യൻ ഭരണഘടന, ദേശീയ ഗാനത്തോട് ആദരവ് പ്രകടമാക്കുന്നതിന് അത് പാടണം എന്ന് അനുശാസിക്കുന്നില്ല. പൗരൻമാർ “ഭരണഘടനയ്ക്കു കീഴ്പ്പെടുകയും, അതിന്റെ ആദർശങ്ങളെയും തത്വസംഹിതയേയും ദേശീയ പതാകയേയും ദേശീയഗാനത്തേയും ആദരിക്കുകയും ചെയ്യുക,” എന്നു മാത്രമേ അത് പ്രസ്താവിക്കുന്നുള്ളു. എല്ലാ ഇന്ത്യൻ പൗരൻമാരും ദേശീയഗാനം ആലപിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന മറെറാരു നിയമവും ഇല്ലതാനും.
ഈ കേസിന് ഇന്ത്യൻ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചു. കേരള ഹൈക്കോടതിയെ മറികടന്നുകൊണ്ട് സുപ്രീംകോടതി വിധി ഇങ്ങനെ പ്രസ്താവിച്ചു: “ഹൈക്കോടതി സ്വയം വഴിതെററി, ഒരു സ്പർശരേഖാഗതിയിലൂടെ പോകുകയാണുണ്ടായത്. അവർ ദേശീയ ഗാനത്തിന്റെ ഓരോ പദത്തേയും ആശയത്തേയും സൂക്ഷ്മമായി വിശകലനം ചെയ്തിട്ട്, ആരുടെയെങ്കിലും മതവികാരത്തെ വൃണപ്പെടുത്തുന്ന യാതൊരു പദവും ആശയവും ദേശീയഗാനത്തിലില്ല എന്ന നിഗമനത്തിലെത്തിച്ചേർന്നു.” എങ്കിലും, സുപ്രീംകോടതി കൃത്യമായി കുറിക്കൊണ്ടത്പോലെ, “അതല്ല പ്രശ്നം.”
പ്രശ്നം മതപരമായ ഒന്നാണ്, അതായത്, തങ്ങളുടെ ആരാധനാസ്വാതന്ത്ര്യം നിലനിർത്താനുള്ള വ്യക്തികളുടെ അവകാശം. യഹോവയുടെ സാക്ഷികൾ ഒരു രാജ്യത്തെയും ദേശീയഗാനം പാടാറില്ല. അത്തരം ഗാനങ്ങൾ ഫലത്തിൽ സംഗീതം പകർന്ന കീർത്തനങ്ങളോ പ്രാർത്ഥനകളോ ആയതുകൊണ്ട് യഹോവയുടെ സാക്ഷികൾ മനസ്സാക്ഷിപൂർവ്വം അത് പാടുന്നതിന് വിസമ്മതിക്കുന്നു. “തങ്ങളുടെ ദൈവമായ യഹോവയോടുള്ള പ്രാർത്ഥനകളിലൊഴികെ മററു യാതൊരു ആചാരങ്ങളിലും പങ്കുകൊള്ളാൻ തങ്ങളുടെ മതം അവരെ അനുവദിക്കുന്നില്ല എന്ന സത്യസന്ധമായ വിശ്വാസവും ബോദ്ധ്യവും നിമിത്തം അവർ പാടുന്നതിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നു,” എന്ന് ഇന്ത്യൻ സുപ്രീംകോടതി വ്യക്തമായി വിശദീകരിക്കുകയുണ്ടായി.
ഇന്ത്യൻ ഭരണഘടന “സംസാരത്തിനും അഭിപ്രായത്തിനും ഉള്ള സ്വാതന്ത്ര്യം” ഉറപ്പു നൽകുന്നു, അതിൽ മൗനമായിരിക്കാനുള്ള സ്വാതന്ത്ര്യവും ഉൾപ്പെടുന്നു. അതായിരുന്നു ആ കുട്ടികൾ സ്കൂളിൽ രാവിലെ അസംബ്ലി സമയത്ത് ചെയ്തുകൊണ്ടിരുന്നത്—അവർ മൗനമവലംബിച്ചു. എന്നിട്ടും, കേരള വിദ്യാഭ്യാസ അധികൃതർ ഫലത്തിൽ മൗനത്തിനെതിരെ ഒരു നിരോധനം കൊണ്ടുവന്നു. അതുകൊണ്ട് അത്തരം ഒരു നിരോധനം ഭരണഘടന ഉറപ്പു തരുന്ന അവകാശങ്ങൾക്ക് ചേർച്ചയിലായിരുന്നോ എന്ന ചോദ്യം ഉയർന്നു വന്നു.
ഈ വിഷയത്തിൽ സുപ്രീംകോടതി ഇങ്ങനെ നിഗമനം ചെയ്തു: “ആരെയെങ്കിലും ദേശീയ ഗാനം പാടുന്നതിന് നിർബ്ബന്ധിക്കുന്ന ഒരു നിയമവ്യവസ്ഥയും ഉണ്ടായിരിക്കുന്നില്ല എന്ന് ഞങ്ങൾ ഇതേസമയം തന്നെ പ്രസ്താവിച്ചുകൊള്ളട്ടെ. മാത്രമല്ല, ദേശീയഗാനം ആലപിക്കപ്പെടുമ്പോൾ ആദരപൂർവ്വം എഴുന്നേററു നിൽക്കുന്ന ഒരു വ്യക്തി പാടുന്നതിൽ പങ്കുചേരാതിരിക്കുന്നത് ദേശീയഗാനത്തോടുള്ള അനാദരവാണെന്ന് ഞങ്ങൾ കരുതുന്നില്ല.”
മുമ്പേ കുറിക്കൊണ്ടത് പോലെ, ഭരണഘടന അനുസരിച്ച്, സർവ്വ പൗരന്റെയും കടമ ‘ദേശീയഗാനത്തെ ആദരിക്കുക’ എന്നതാണ് അത്തരം ആദരവ് സംബന്ധിച്ച് 1971-ലെ പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ററു നാഷണൽ ഓണർ ആക്ട് ഇപ്രകാരം പറയുന്നു: “ദേശീയഗാനാലാപത്തെ മനഃപൂർവ്വം തടസ്സപ്പെടുത്തുകയോ അഥവാ അത്തരം ആലപനത്തിലേർപ്പെട്ടിരിക്കുന്ന ഏതെങ്കിലും യോഗത്തെ ശല്യപ്പെടുത്തുകയോ ചെയ്യുന്ന ഏതൊരുവനും മൂന്ന് വർഷം വരെ തടവിനോ പിഴയൊടുക്കുന്നതിനോ രണ്ടിനും കൂടിയോ ശിക്ഷിക്കപ്പെടുന്നതാണ്. യഹോവയുടെ സാക്ഷികളുടെ കുട്ടികൾ, എന്നിരുന്നാലും, ഒരിക്കലും ആരെയും ദേശീയഗാനം പാടുന്നതിൽ നിന്നും തടഞ്ഞിട്ടില്ല. അവർ ഒരിക്കലും അത്തരം ആലപനത്തിലേർപ്പെട്ടിരിക്കുന്ന ഒരു യോഗത്തെയും ശല്യപ്പെടുത്തിയിട്ടുമില്ല.
ദേശീയ ഐക്യത്തിന് ഒരു ഭീഷണിയോ?
സംസ്ഥാനത്തിന്റെ വാദമുഖങ്ങളിൽ ഒന്ന്, ദേശീയഗാനം പാടുന്നത് രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും അത്യന്താപേക്ഷിതമാണ് എന്നതായിരുന്നു. അപ്പോൾ, നിർബ്ബന്ധത്താലുള്ള ഒരു ദേശീയഗാനത്തിന്റെ ആലാപനം ഒരു രാഷ്ട്രത്തിന്റെ ഐക്യത്തിനോ അതിന്റെ പൗരൻമാരുടെ അഖണ്ഡതയ്ക്കോ യഥാർത്ഥത്തിൽ സംഭാവന ചെയ്യുന്നുണ്ടോ?
രസകരമെന്ന് പറയട്ടെ, ഇന്ത്യൻ ദേശീയ ഗാനം ഒരു സംസ്ഥാനത്തിന്റെ ഭാഷയിൽ മാത്രമുള്ളതാണ്, അതുകൊണ്ട് തന്നെ അതു പാടുന്ന ഭൂരിഭാഗം ഇന്ത്യാക്കാരും അത് മനസ്സിലാക്കുന്നില്ല. അങ്ങനെ, ഭൂരിപക്ഷത്തെ സംബന്ധിച്ചിടത്തോളവും, ദേശീയഗാനം പാടുകയെന്നത് പ്രായേണ അർത്ഥം അറിയാതുള്ളതും അടിസ്ഥാനപരമായി കേവലം ഒരു ചടങ്ങുമാണ്. യഹോവയുടെ സാക്ഷികൾ അത്തരം ചടങ്ങുകളിൽ പങ്കുചേരാറില്ല. അവർ തങ്ങളുടെ ദൈവമായ യഹോവയോട് മാത്രമേ പ്രാർത്ഥിക്കുകയുള്ളു.
സുപ്രീംകോടതിവിധി യഹോവയുടെ സാക്ഷികൾക്ക് അനുകൂലമായി ഭവിച്ചാൽ അതിന് രാഷ്ട്രത്തിന്റെ സുരക്ഷിതത്വത്തിന് ഭീഷണിയായിത്തീരാൻ കഴിയും എന്നും വാദിക്കപ്പെടുകയുണ്ടായി. പക്ഷേ ഇന്ത്യയിലുള്ള യഹോവയുടെ സാക്ഷികൾ കേവലം 8000 പേർ മാത്രം വരുന്ന ഒരു ന്യൂനപക്ഷമാണ്. അങ്ങനെ ചെറിയ ഒരു സമൂഹം 80 കോടി ജനങ്ങളുള്ള ഒരു രാഷ്ട്രത്തിന് ഭീഷണിയായിത്തിരുമോ? കൂടാതെ യഹോവയുടെ സാക്ഷികൾ, അവർ വസിക്കുന്ന ദേശത്തെ ഗവൺമെൻറുകളുടെ നിയമങ്ങളോടുള്ള അവരുടെ സത്യസന്ധതയ്ക്കും അനുസരണത്തിനും ലോകവ്യാപകമായി ശ്രദ്ധേയരാണ്.
നൈജീറിയായിൽ ഒരു അഭിഭാഷകൻ പറയുകയുണ്ടായി: ‘സാക്ഷികൾ നികുതി കൊടുക്കുകയും നിയമം അനുസരിക്കുകയും ചെയ്യുന്ന പൗരൻമാരാണ്. ചില പദവികളുടെ നഷ്ടം സഹിച്ചുകൊണ്ടുപോലും അനുസരിക്കുന്നിടത്തോളം തന്റെ മതത്തോട് സത്യസന്ധത പാലിക്കാൻ കഴിയുന്ന ഏതൊരു സാക്ഷിയും മിക്ക മററു കാര്യങ്ങളിലും അത്രതന്നെ സത്യസന്ധരായിരിക്കും. തന്റെ സഹപ്രവർത്തകർ ദേശീയ ഗാനം പാടുകയും അതേ സമയം സർക്കാരിന്റെ പണം അപഹരിക്കുകയും ചെയ്യുമ്പോൾ സാക്ഷി മോഷ്ടിക്കാതിരിക്കുന്നതിന്റെ കാരണം, ദേശീയഗാനം പാടരുതെന്ന് അവനോട് പറയുന്ന ബൈബിൾ അവൻ മോഷ്ഠിക്കാൻ പാടില്ലെന്നുകൂടി പറഞ്ഞിട്ടുണ്ട് എന്നതാണ്’
ആ നാഴികക്കല്ലായ സുപ്രീംകോടതി വിധിയുടെ അവസാന വാചകം ശ്രദ്ധേയമാണ് അത് ഇങ്ങനെയാണ്: “ഞങ്ങൾ ഇത് കൂട്ടിച്ചേർക്കാൻ ആഗ്രഹിക്കുന്നു: നമ്മുടെ പാരമ്പര്യം സഹിഷ്ണത പഠിപ്പിക്കുന്നു; നമ്മുടെ തത്വശാസ്ത്രം സഹിഷ്ണത പഠിപ്പിക്കുന്നു; നമ്മുടെ ഭരണഘടന സഹിഷ്ണത ആചരിക്കുന്നു; നമുക്ക് അതിൽ മായം കലർത്താതിരിക്കാം.” ഈ ഉൽകൃഷ്ടാശയത്തെ ഗവൺമെൻറും നേതാക്കൻമാരും വിലമതിക്കുമോ? സുപ്രീംകോടതിയുടെ തീരുമാനം അന്തിമമായി നിൽക്കുമോ? കാലമേ തെളിയിക്കൂ. (w87 11/1)
[29-ാം പേജിലെ ചിത്രങ്ങൾ]
ഒരു ദേശഭക്തികരമായ ചടങ്ങിൽ പങ്കുകൊള്ളാൻ ബഹുമാനപൂർവ്വം വിസമ്മതിച്ച മൂന്നു കുട്ടികൾ
ആ മൂന്നു കുട്ടികളുടെ സമർപ്പിത കുടുംബം
ഈ നാലു വ്യക്തികൾ കോടതി കേസിനെക്കുറിച്ച് വായിച്ചിട്ട് ബൈബിൾ പഠിക്കയും സ്നാനമേൽക്കുകയും ചെയ്തു.