യിരെമ്യാവ് ദൈവത്തിന്റെ ന്യായവിധികളറിയിക്കുന്ന ജനപ്രീതിയില്ലാത്ത പ്രവാചകൻ
“ഞാൻ നിന്നെ ഉദരത്തിൽ നിർമ്മിച്ചതിനുമുമ്പേ ഞാൻ നിന്നെ അറിഞ്ഞു . . . ഞാൻ നിന്നെ ജനതകൾക്കുള്ള പ്രവാചകനാക്കി.”—യിരെമ്യാവ് 1:5.
1. (എ) പിന്തിരിഞ്ഞു നോക്കുമ്പോൾ ചിലർ യിരെമ്യാവിനെ വീക്ഷിക്കുന്നതെങ്ങനെയാണ്? (ബി) അവൻ തന്നേത്തന്നെ എങ്ങനെ വീക്ഷിച്ചു?
“പ്രവാചകൻമാരുടെ സമൂഹത്തിൽ പോലും യിരെമ്യാവ് ഒരു മല്ലനെപ്പോലെ തലയുയർത്തിനിൽക്കുന്നു.” ഒരു ബൈബിൾ പണ്ഡിതന്റെ ആ പ്രസ്താവന, യഹൂദക്കും ജനതകൾക്കും വേണ്ടിയുള്ള ഒരു പ്രവാചകനായി സേവിക്കാൻ യിരെമ്യാവിന് യഹോവയിൽനിന്ന് ആദ്യമായി നിയോഗം ലഭിച്ചപ്പോൾ തന്നേക്കുറിച്ചുതന്നെ അവനുണ്ടായിരുന്ന അഭിപ്രായത്തിന് കടകവിരുദ്ധമായിരിക്കുന്നു. അവന്റെ മറുപടി ഇതായിരുന്നു: “അയ്യോ, പരമാധികാരിയാം കർത്താവായ യഹോവേ, സംസാരിക്കാൻ യഥാർത്ഥത്തിൽ എനിക്കറിഞ്ഞുകൂടാ, എന്തുകൊണ്ടെന്നാൽ ഞാൻ ഒരു ബാലനല്ലോ.” സ്പഷ്ടമായി, യിരെമ്യാവ് തന്റെ യുവത്വത്തെക്കുറിച്ച് വളരെ ബോധവാനായിരുന്നു. ശത്രു ജനതകളെ അഭിമുഖീകരിക്കുന്നതിന്റെ വെല്ലുവിളി വളരെ കടുത്തതാണെന്നു തോന്നി. യഹോവ മറിച്ചാണു വിചാരിച്ചത്.—യിരെമ്യാവ് 1:6.
2. യഹോവ യിരെമ്യാവിൽ ധൈര്യം പകർന്നതെങ്ങനെ?
2 യുവാവായിരുന്ന യിരെമ്യാവുമായുള്ള യഹോവയുടെ സംഭാഷണത്തിൽനിന്ന് അവൻ യഹോവ ജനനത്തിന് ഉത്തരവാദിത്തം വഹിച്ച ചുരുക്കം ചില മനുഷ്യരിൽ ഒരുവനായിരുന്നുവെന്ന് വ്യക്തമാണ്. ഗർഭധാരണം മുതൽ അവൻ യിരെമ്യാവിൽ പ്രത്യേക താൽപ്പര്യമെടുത്തതെന്തുകൊണ്ടായിരുന്നു? എന്തുകൊണ്ടെന്നാൽ അവന് ഒരു പ്രത്യേക നിയോഗം കൊടുക്കാൻ യഹോവക്ക് ഉദ്ദേശ്യമുണ്ടായിരുന്നു. തന്നിമിത്തം, “നീ ഗർഭാശയത്തിൽനിന്ന് പുറത്തുവരാൻ പുറപ്പെടുന്നതിന് മുമ്പ് ഞാൻ നിന്നെ വിശുദ്ധീകരിച്ചു” എന്ന് അവനു പറയാൻ കഴിഞ്ഞു. (യിരെമ്യാവ് 1:5) അനന്തരം അവൻ ആ യുവാവിനോട് ഇങ്ങനെ കല്പിച്ചു: “‘ഞാൻ ഒരു ബാലൻ മാത്രമാണ്’ എന്നു പറയരുത്. ഞാൻ നിന്നെ അയയ്ക്കുന്ന എല്ലാവരുടെയും അടുക്കൽ നീ പോകണം; ഞാൻ നിന്നോട് കല്പിക്കുന്ന സകലവും നീ പ്രസ്താവിക്കണം. അവരുടെ മുഖങ്ങൾ നിമിത്തം ഭയപ്പെടരുത്, എന്തെന്നാൽ ‘നിന്നെ വിടുവിക്കാൻ ഞാൻ നിന്നോടു കൂടെയുണ്ട്’ എന്നാണ് യഹോവയുടെ അരുളപ്പാട്.” ഈ നിയോഗത്തോട് അർദ്ധ ഹൃദയത്തോടുകൂടിയ ഒരു സമീപനത്തിന് ഇടമില്ലായിരുന്നു. പകരം, അത് ധൈര്യവും യഹോവയിലുള്ള ആശ്രയവും ആവശ്യമാക്കിത്തീർത്തു.—യിരെമ്യാവ് 1:7, 8.
3. യിരെമ്യാവിന്റെ ദൗത്യം തികച്ചും ഒരു വെല്ലുവിളിയായിരുന്നതെന്തുകൊണ്ട്?
3 യഹോവയിൽനിന്ന് നേരിട്ട് അങ്ങനെയൊരു നിയോഗം ലഭിച്ചതിൽ ഈ യുവാവ് എത്ര വികാരതരളിതനും ഒരുപക്ഷേ ആകുലനും ആയിരുന്നിരിക്കണം! എന്തോരു നിയോഗം! “കാൺമിൻ, പിഴുതുമാററാനും പൊളിക്കാനും നശിപ്പിക്കാനും ഇടിച്ചുകളയാനും പണിയാനും നടാനും ഈ ദിവസം ഞാൻ നിന്നെ ജനതകളുടെമേലും രാജ്യങ്ങളുടെമേലും നിയോഗിച്ചിരിക്കുന്നു.” തീർച്ചയായും ക്രി. മു. ഏഴാം നൂററാണ്ടിലെ ആ പ്രസ്താവനകളുടെ യഹൂദയിലെ രംഗപശ്ചാത്തലം ഈ ഇളം പ്രവാചകന്റെമേൽ വമ്പിച്ച ഉത്തരവാദിത്തം കൈവരുത്തി. അതിന്റെ വിശുദ്ധനഗരമായ യെരൂശലേമിലും അതിലെ ആലയത്തിലും ഒരു മാന്ത്രിക രക്ഷയെപ്പോലെ ആശ്രയിച്ച അഹംഭാവവും അലംഭാവവുമുണ്ടായിരുന്ന ഒരു ജനതയെയാണ് അവൻ അഭിമുഖീകരിക്കേണ്ടിയിരുന്നത്. യെരൂശലേമിലെ അവന്റെ 40 വർഷ പ്രാവചനിക ശുശ്രൂഷ പൂർത്തീകരിക്കുമളവിൽ അവൻ അഞ്ചു വ്യത്യസ്ത രാജാക്കൻമാരുടെ (യോശീയാവ്, യഹോവാഹാസ്, യഹോയാക്കീം, യഹോയാക്കീൻ, സെദക്യാവ്) വാഴ്ചക്കാലത്ത് തന്റെ സന്ദേശം അവതരിപ്പിക്കണമായിരുന്നു. അവൻ യഹൂദ്യ ജനതയോടും ബാബിലോന്യ ജനതയോടും ജനപ്രീതിയില്ലാത്ത കുററവിധികൾ അറിയിക്കണമായിരുന്നു.—യിരെമ്യാവ് 1:10; 51:41-64.
യിരെമ്യാവ് നമ്മിൽ താത്പര്യമുളവാക്കേണ്ടതെന്തുകൊണ്ട്?
4, 5. (എ) യിരെമ്യാവിന്റെ നാളിലെ സംഭവങ്ങൾ നമുക്കു താത്പര്യമുള്ളതായിരിക്കുന്നതെന്തുകൊണ്ട്? (റോമർ 15:4) (ബി) ഏതു പ്രത്യേക പ്രയുക്തതയിൽ നമുക്കു താൽപ്പര്യമുണ്ട്?
4 എന്നാൽ ക്രി. വ. 20-ാം നൂററാണ്ടിന്റെ അവസാനത്തോടടുത്ത് ഇവിടെ ജീവിക്കുന്ന നമ്മളുമായി അന്നത്തെ ആ സംഭവങ്ങൾക്ക് എന്തു ബന്ധമാണുള്ളത് എന്നു നാം ചോദിച്ചേക്കാം. അപ്പോസ്തലനായ പൗലോസ് കൊരിന്തിലെ സഭക്കെഴുതിയ തന്റെ ലേഖനത്തിൽ യിസ്രായേലിന്റെ ചരിത്രത്തിൽ കുറെ പുനരവലോകനം ചെയ്യുമ്പോൾ ഉത്തരം നൽകുന്നു: അവൻ എഴുതി: “അവർ മോഹിച്ചതുപോലെ നാം ഹാനികരമായ കാര്യങ്ങൾ മോഹിക്കാതിരിക്കാൻ, ഇപ്പോൾ ഈ കാര്യങ്ങൾ നമുക്കു ദൃഷ്ടാന്തങ്ങളായിത്തീർന്നു. വ്യവസ്ഥിതിയുടെ അവസാനങ്ങൾ വന്നെത്തിയിരിക്കുന്ന നമുക്ക് ഒരു മുന്നറിയിപ്പിനായി അവ എഴുതപ്പെട്ടു.”—1 കൊരിന്ത്യർ 10:6, 11.
5 യിസ്രായേലിലും യഹൂദയിലും നടന്ന സംഭവങ്ങൾ ഈ അന്ത്യകാലത്തെ സത്യക്രിസ്തീയ സഭക്ക് മുന്നറിയിപ്പിൻ ദൃഷ്ടാന്തമായി ഉതകുന്നു. ഭാവി സംഭവങ്ങളുടെ പൂർവ്വവീക്ഷണങ്ങൾ നൽകുന്ന സമാന്തരങ്ങളും മാതൃകകളും കൂടെ നമുക്കു കാണാൻ കഴിയും. (യിരെമ്യാവ് 51:6-8-ഉം വെളിപ്പാട് 18:2, 4-ഉം താരതമ്യപ്പെടുത്തുക.) തന്നിമിത്തം, യിരെമ്യാവിന്റെ പ്രാവചനിക ശുശ്രൂഷക്കും യെരൂശലേമിൽ നടന്ന സംഭവങ്ങൾക്കും ഇന്ന് യഹോവയുടെ സാക്ഷികൾക്ക് ആഴമേറിയ പ്രാധാന്യമുണ്ട്, വിശേഷിച്ച്, ക്രൈസ്തവലോകമണ്ഡലത്തിലെ അവരുടെ പ്രവർത്തനം സംബന്ധിച്ച്. അടുത്ത ലേഖനങ്ങളിൽ നാം അതു കാണാൻ പോകുകയാണ്.
യിരെമ്യാവിന്റെ നിർഭയമായ ദൈവിക ന്യായവിധി പ്രഖ്യാപനം
6. യിരെമ്യാവിന്റെ നിയോഗത്തെ കൂടുതൽ പ്രയാസകരമാക്കിത്തീർത്തതെന്ത്, എന്നിരുന്നാലും, അവന് എന്തു പ്രോത്സാഹനം ലഭിച്ചു?
6 യിരെമ്യാവിനെ അവന്റെ ഭയാവഹമായ ഉത്തരവാദിത്തത്തിനുവേണ്ടി ശക്തീകരിക്കാൻ യഹോവ അവനു കൂടുതലായ ഉറപ്പ് കൊടുത്തു: “നീ എഴുന്നേററ് ഞാൻതന്നെ നിന്നോടു കൽപ്പിക്കുന്ന സകലവും അവരോടു പ്രസ്താവിക്കണം. അവർ നിമിത്തം അശേഷം ഭയപ്പെടരുത് . . . ഇതാ ഞാൻ നിന്നെ സകല ദേശത്തിനും, യഹൂദയിലെ രാജാക്കൻമാർക്കും, അവളുടെ പ്രഭുക്കൻമാർക്കും, അവളുടെ പുരോഹിതൻമാർക്കും, ദേശത്തിലെ ജനങ്ങൾക്കും എതിരെ കോട്ടകെട്ടി ബലവത്താക്കപ്പെട്ട ഒരു നഗരമാക്കിയിരിക്കുന്നു.” യഹൂദയിലെ ഭരണാധിപൻമാരെയും പുരോഹിതൻമാരെയും അഭിമുഖീകരിക്കാൻ യിരെമ്യാവ് കോട്ടകെട്ടി ബലവത്താക്കിയ ഒരു നഗരത്തെപ്പോലെയായിരിക്കേണ്ടിയിരുന്നുവെന്നതിനു സംശയമില്ല. ജനപ്രീതിയില്ലാത്തതും വെല്ലുവിളിപരവുമായ ഒരു സന്ദേശം ജനങ്ങൾക്കു സമർപ്പിക്കുന്നത് ഒരു അനായാസ ജോലിയായിരിക്കുമായിരുന്നില്ല.—യിരെമ്യാവ് 1:17, 18.
7. യഹൂദ ഭരണാധിപൻമാർ യിരെമ്യാവിനോട് എതിർക്കുന്നതെന്തുകൊണ്ട്?
7 “അവർ നിന്നോടു പോരാടുമെന്നു തീർച്ചയാണ്” എന്നു യഹോവ മുന്നറിയിപ്പുകൊടുത്തു. “എന്നാൽ അവർ നിനക്കെതിരെ വിജയിക്കുകയില്ല.” (യിരെമ്യാവ് 1:19) എന്നാൽ യഹൂദൻമാരും അവരുടെ ഭരണാധിപൻമാരും ഈ പ്രവാചകനെതിരെ പോരാടാനാഗ്രഹിക്കുന്നതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവന്റെ ദൂത് അവരുടെ അലംഭാവത്തെയും അവരുടെ ആചാരനിഷ്ഠമായ ആരാധനയെയും ആക്രമിച്ചു. യിരെമ്യാവ് വസ്തുതകൾ മറച്ചുവെക്കാതെ വെട്ടിത്തുറന്നു പറഞ്ഞു: “നോക്കു! യഹോവയുടെ വചനം തന്നെ അവർക്ക് ഒരു നിന്ദയായിത്തീർന്നിരിക്കുന്നു, ആ വചനത്തിൽ അവർക്ക് ഉല്ലസിക്കാൻ കഴിയുന്നില്ല. എന്തെന്നാൽ അവരിൽ ഏററവും ചെറിയവൻ മുതൽ അവരിൽ ഏററവും വലിയവൻ വരെ പോലും ഓരോരുത്തരും തനിക്കുവേണ്ടി അന്യായമായ നേട്ടമുണ്ടാക്കുകയാണ്; പ്രവാചകൻ മുതൽ പുരോഹിതൻ വരെ പോലും [ധാർമ്മികവും ആത്മീയവുമായ മൂല്യങ്ങളുടെ പരിത്രാതാക്കൾ ആയിരിക്കേണ്ടിയിരുന്നവർ] ഓരോരുത്തരും വഞ്ചകമായി പ്രവർത്തിക്കുകയാണ്.”—യിരെമ്യാവ് 6:10, 13.
8. പുരോഹിതൻമാരും പ്രവാചകൻമാരും ജനത്തെ വഞ്ചിച്ചുകൊണ്ടിരുന്നതെങ്ങനെ?
8 ബലികൾ അർപ്പിക്കുന്നതിൽ അവർ ജനതയെ നയിക്കുന്നുണ്ടായിരുന്നുവെന്നതു സത്യംതന്നെ. അവർ സത്യാരാധനയുടെ അംഗവിക്ഷേപങ്ങൾ നടത്തുന്നുണ്ടായിരുന്നു, എന്നാൽ അവരുടെ ഹൃദയം അതിലില്ലായിരുന്നു. കർമ്മാനുഷ്ഠാനമായിരുന്നു ശരിയായ നടത്തയെക്കാൾ അവർക്ക് അർത്ഥവത്തായിരുന്നത്. അതേസമയം, സമാധാനമില്ലാഞ്ഞപ്പോൾ “സമാധാനമുണ്ട്! സമാധാനമുണ്ട്!” എന്നു പറഞ്ഞുകൊണ്ട് യഹൂദമതനേതാക്കൻമാർ ജനതയെ ഒരു തെററായ സുരക്ഷിതത്വബോധത്തിലേക്ക് മയക്കുകയായിരുന്നു. (യിരെമ്യാവ് 6:14;8:11) അതെ, ജനം ദൈവവുമായി സമാധാനത്തിലാണെന്നു വിശ്വസിക്കാൻ തക്കവണ്ണം അവർ അവരെ കബളിപ്പിക്കുകയായിരുന്നു. തങ്ങൾ വിശുദ്ധനഗരവും അതിലെ ആലയവുമുള്ള യഹോവയുടെ രക്ഷിത ജനമായിരുന്നതുകൊണ്ട് വ്യാകുലപ്പെടാൻ യാതൊന്നുമില്ലെന്ന് അവർക്കു തോന്നി. എന്നാൽ യഹോവ അങ്ങനെയാണോ സാഹചര്യത്തെ വീക്ഷിച്ചത്?
9. യിരെമ്യാവ് ആരാധകർക്ക് അവരുടെ ആലയത്തെ സംബന്ധിച്ച് എന്തു മുന്നറിയിപ്പു കൊടുത്തു?
9 ആലയ പടിവാതിൽക്കൽ പൊതുജനത്തിന് പൂർണ്ണമായും കാണാവുന്നതുപോലെ നിന്നുകൊണ്ട് അവിടെ വന്നെത്തുന്ന ആരാധകരോടു തന്റെ ദൂത് പ്രസംഗിക്കാൻ യഹോവ യിരെമ്യാവിനോടു കല്പിച്ചു. അവന് അവരോട് ഇങ്ങനെ പറയേണ്ടതുണ്ടായിരുന്നു: “അവ യഹോവയുടെ ആലയമാകുന്നു, യഹോവയുടെ ആലയം, യഹോവയുടെ ആലയം, എന്നു പറയുന്ന വ്യാജവാക്കുകളിൽ നിങ്ങൾ ആശ്രയിക്കരുത് . . . അതിന് തീർച്ചയായും യാതൊരു പ്രയോജനവുമുണ്ടായിരിക്കയില്ല.” യഹൂദൻമാർ തങ്ങളുടെ ആലയത്തെക്കുറിച്ച് പൊങ്ങച്ചം പറഞ്ഞപ്പോൾ, അവർ വിശ്വാസത്താലല്ല, കാഴ്ചയാൽ നടക്കുകയായിരുന്നു. അവർ അപ്പോൾത്തന്നെ “സ്വർഗ്ഗങ്ങൾ എന്റെ സിംഹാസനമാകുന്നു, ഭൂമി എന്റെ പാദപീഠമാകുന്നു. അപ്പോൾ നിങ്ങൾക്ക് എവിടെയാണ് എനിക്കുവേണ്ടി ആലയം പണിയാൻ കഴിയുന്നത്?” എന്ന യഹോവയുടെ മുന്നറിയിപ്പിൻ വാക്കുകൾ മറന്നുകഴിഞ്ഞിരുന്നു. അവരുടെ ആലയം എത്ര മഹത്വപൂർണ്ണമായിരുന്നാലും, ഈ വിസ്തൃതമായ അഖിലാണ്ഡത്തിന്റെ പരമാധികാരിയാം കർത്താവായ യഹോവ തീർച്ചയായും അതിന്റെ അതിരുകൾക്കുള്ളിൽ ഒതുങ്ങിയിരുന്നില്ല.—യിരെമ്യാവ് 7:1-8; യെശയ്യാവ് 66:1.
10, 11. യിരെമ്യാവ് അപലപിച്ച ജനതയുടെ ആത്മീയാവസ്ഥ എന്തായിരുന്നു, ക്രൈസ്തവലോകത്തിലെ സാഹചര്യം അല്പമെങ്കിലും മെച്ചമാണോ? (2 തിമൊഥെയോസ് 3:5)
10 യിരെമ്യാവു നിശിതമായ തന്റെ പരസ്യമായ ശാസന തുടർന്നു: “മോഷണവും കൊലപാതകവും വ്യഭിചാരം ചെയ്യലും കള്ളസത്യം ചെയ്യലും ബാലിന് ധൂപാർപ്പണവും നിങ്ങൾ അറിഞ്ഞിരുന്നില്ലാത്ത മററു ദൈവങ്ങളുടെ പിന്നാലെയുള്ള നടപ്പും ആകാമോ? . . . ഈ വെറുക്കത്തക്ക കാര്യങ്ങളെല്ലാം ചെയ്യുമ്പോൾ ‘നമ്മൾ തീർച്ചയായും വിടുവിക്കപ്പെടു’മെന്ന് നിങ്ങൾക്കു പറയാമോ?” തങ്ങൾ ആലയത്തിലേക്ക് യാഗങ്ങൾ കൊണ്ടുവരുന്നടത്തോളം കാലം ദൈവം ഏതുതരം നടത്തയേയും പൊറുക്കുമെന്ന് അവന്റെ ‘തെരഞ്ഞെടുക്കപ്പെട്ട ജനം’ എന്നനിലയിൽ യഹൂദൻമാർ വിചാരിച്ചു. എന്നിരുന്നാലും, ലാളിച്ചു വഷളാക്കിയ ഒരു ഏകജാതകുട്ടിയെ അതിയായി ലാളിക്കുന്ന ഒരു വികാരജീവിയായ പിതാവിനെപ്പോലെ അവനെ അവർ മനസ്സിലാക്കിയെങ്കിൽ അവർ കർക്കശമായ ഒരു ബോധോദയത്തിലേക്കു നീങ്ങുകയായിരുന്നു.—യിരെമ്യാവ് 7:9, 10; പുറപ്പാട് 19:5, 6.
11 യഹൂദയുടെ ആരാധന യഹോവയുടെ ദൃഷ്ടിയിൽ തീരെ അധഃപതിച്ചിരുന്നതുകൊണ്ട് ഈ ശക്തമായ ചോദ്യം ഉന്നയിക്കാൻ കഴിയുമായിരുന്നു: “എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന ഈ ആലയം നിങ്ങളുടെ ദൃഷ്ടികളിൽ കേവലം കൊള്ളക്കാരുടെ ഒരു ഗുഹയായിത്തീർന്നിരിക്കുന്നുവോ?” ഏതാണ്ട് 700 വർഷങ്ങൾക്കുശേഷം, യിരെമ്യാവിനെക്കാൾ വലിപ്പമേറിയ പ്രവാചകനായിരുന്ന യേശു തന്റെ കാലത്തെ പുനർനിർമ്മിത ആലയത്തിൽ നടത്തപ്പെട്ടിരുന്ന ചൂഷണത്തെയും വ്യാപാരത്തെയും കുററംവിധിക്കുന്നതിന് ഇതേ വാക്കുകൾ ഉപയോഗിച്ചപ്പോൾ സാഹചര്യം മെച്ചമായിരുന്നില്ല. നാം കാണാൻ പോകുന്നതുപോലെ, ഇന്നത്തെ ക്രൈസ്തവലോകത്തിലെ സാഹചര്യം ഒട്ടും മെച്ചമല്ല.—യിരെമ്യാവ് 7:11; മത്തായി 16:14; മർക്കോസ് 11:15-17.
കാവൽക്കാർ അവഗണിക്കപ്പെടുന്നു, വിപത്ത് മുൻകൂട്ടിപ്പറയപ്പെടുന്നു
12. യഹോവ യഹൂദൻമാരുടെ അടുക്കലേക്ക് അയച്ച പ്രവാചകൻമാരോട് അവർ എങ്ങനെ പ്രതികരിച്ചു?
12 യിസ്രായേലിന്റെയും യഹൂദയുടെയും തെററായ ഗതിയെക്കുറിച്ച് അവർക്കു മുന്നറിയിപ്പു കൊടുക്കുന്നതിന് ദൈവത്താൽ ഉപയോഗിക്കപ്പെട്ട ആദ്യ പ്രവാചകൻ യാതൊരു പ്രകാരത്തിലും യിരെമ്യാവായിരുന്നില്ല. മുമ്പ് നൂറോ അധികമോ വർഷങ്ങളിൽ, ഈ ജനതക്കു മുന്നറിയിപ്പുകൊടുക്കാൻ യെശയ്യാവ്, മീഖാ, ഹോശെയാ, ഒബേദ് എന്നീ പ്രവാചകൻമാർ കാവൽക്കാരായി അയയ്ക്കപ്പെട്ടിരുന്നു. (യെശയ്യാവ് 1:1; മീഖാ 1:1; ഹോശെയാ 1:1; 2 ദിനവൃത്താന്തം 28:6-9) ഭൂരിപക്ഷവും എങ്ങനെ പ്രതികരിച്ചിരുന്നു? “ഞാൻ നിങ്ങൾക്ക് കാവൽക്കാരെ എഴുന്നേൽപ്പിച്ചു, ‘കാഹളനാദം ശ്രദ്ധിക്കുക!’ എന്നാൽ ‘ഞങ്ങൾ ശ്രദ്ധിക്കാൻ പോകുന്നില്ല’ എന്ന് അവർ പറഞ്ഞുകൊണ്ടിരുന്നു.” (യിരെമ്യാവ് 6:17; 7:13, 25, 26) അവർ യിരെമ്യാവിനെ ശ്രദ്ധിക്കാൻ വിസമ്മതിച്ചു. പകരം, അവർ അവനെ പീഡിപ്പിക്കുകയും അവന്റെ വായടക്കാൻ ശ്രമിക്കുകയും ചെയ്തു. തന്നിമിത്തം അവരുടെ ധിക്കാരത്തിനും അവിശ്വാസത്തിനും അവർ വില ഒടുക്കണമെന്ന് യഹോവ തീരുമാനിച്ചു.—യിരെമ്യാവ് 20:1, 2; 26:8, 11; 37:15; 38:6.
13. ദൈവം ജനതയെ ന്യായംവിധിക്കുന്നതിന്റെ അടിസ്ഥാനമെന്താണ്?
13 തന്റെ സന്ദേശവാഹകരെ ജനത നിരസിച്ചതിനോടുള്ള പ്രതികരണമായി, യഹോവ ഭൂമിയിലെ ജനതകൾക്കായി ഒരു ആഹ്വാനം പുറപ്പെടുവിച്ചുകൊണ്ട് പറഞ്ഞു: “ഭൂമിയേ കേൾക്ക! ഈ ജനത്തിന്റെ ആലോചനകളുടെ ഫലമായി ഞാൻ അവരുടെമേൽ അനർത്ഥം വരുത്തുകയാണ്, എന്തുകൊണ്ടെന്നാൽ അവർ എന്റെ സ്വന്തം വചനങ്ങളെത്തന്നെ ശ്രദ്ധിച്ചില്ല; എന്റെ നിയമത്തെയും—അതും അവർ നിരസിച്ചുകൊണ്ടിരുന്നു.” ജനത അനർത്ഥം അനുഭവിക്കേണ്ടിയിരുന്നതെന്തുകൊണ്ട്? അവരുടെ തെററായ ആലോചനകളിൽ അധിഷ്ഠിതമായ അവരുടെ തെററായ പ്രവർത്തനങ്ങൾ നിമിത്തം. അവർ യഹോവയുടെ വചനങ്ങളെയും നിയമത്തെയും തള്ളിക്കളയുകയും തങ്ങളുടെ സ്വന്തം സ്വാർത്ഥ ജഡിക പ്രവണതകളെ അനുസരിക്കുകയും ചെയ്തു.—യിരെമ്യാവ് 6:18, 19; യെശയ്യാവ് 55:8, 9; 59:7.
14. അവരുടെ വ്യാജാരാധന എത്രത്തോളം പോയി? (2 ദിനവൃത്താന്തം 33:1-9 താരതമ്യപ്പെടുത്തുക.)
14 യഹോവയുടെ ക്രോധം വരുത്തിക്കൂട്ടുമാറ് അവർ യഹൂദയിൽ എന്താണു ചെയ്തുകൊണ്ടിരുന്നത്? അവർ “ആകാശരാജ്ഞി”ക്ക് ബലിയപ്പങ്ങൾ ചുട്ടുപോന്നു. അവർ യഹോവയെ മുഷിപ്പിക്കാൻ കരുതിക്കൂട്ടി മററു ദൈവങ്ങൾക്ക് പാനീയബലി പകർന്നു. തന്നിമിത്തം യഹോവ ചോദിക്കുന്നു: “അവർ എന്നെയാണോ പ്രകോപിപ്പിക്കുന്നത്? . . . അവർ സ്വന്ത ലജ്ജക്കായി തങ്ങളേത്തന്നെയല്ലേ ഉപദ്രവിക്കുന്നത്?” (യിരെമ്യാവ് 7:18, 19, പുതിയ അന്തർദ്ദേശീയ പരിഭാഷ) എന്നിരുന്നാലും, അവരുടെ ദൈവദൂഷണപരമായ ദുഷ്പ്രവൃത്തികൾ ഇതിലും അധമനിലകളിലേക്ക് അധഃപതിച്ചു—അവർ യഹോവയുടെ നാമം വഹിച്ച മ്ലേച്ഛ വിഗ്രഹങ്ങൾ വീട്ടിൽ സ്ഥാപിച്ചു. അവർ യെരൂശലേമിനു പുറത്ത്, ഹിന്നോം താഴ്വരയിൽ “തങ്ങളുടെ പുത്രൻമാരെയും പുത്രിമാരെയും തീയിൽ ദഹിപ്പിക്കേണ്ടതിന്” യാഗപീഠങ്ങൾ പണിതു. സത്യാരാധനയോടുള്ള അവരുടെ പുച്ഛത്തിന് അവർ എന്തു വില ഒടുക്കും?—യിരെമ്യാവ് 7:30, 31.
യഹൂദാ വില ഒടുക്കുന്നു
15. യിരെമ്യാവിന് യഹൂദക്കുവേണ്ടി എന്തു ദുർവാർത്ത ഉണ്ടായിരുന്നു?
15 ക്രി. മു. 632 ആയപ്പോഴേക്ക് അശ്ശൂർ കൽദയരുടെയും മേദ്യരുടെയും മുമ്പാകെ നിലംപതിച്ചു. ഈജിപ്ററ് യഹൂദക്ക് തെക്കായി ഒരു ചെറിയ ശക്തിയായി ചുരുങ്ങി; യഹൂദയുടെ യഥാർത്ഥ ഭീഷണി വടക്കേ ആക്രമണ മാർഗ്ഗത്തിലൂടെ വരുമായിരുന്നു. അങ്ങനെ യിരെമ്യാവു തന്റെ സഹ യഹൂദൻമാർക്ക് കുറേ ദുർവാർത്ത കൊടുക്കേണ്ടിവന്നു: “നോക്കൂ! വടക്കേ ദേശത്തുനിന്ന് ഒരു ജനം വരുന്നു . . . അത് ക്രൂരമായ ഒന്നാണ്, അവർക്ക് സഹതാപമുണ്ടായിരിക്കയില്ല . . . സീയോൻപുത്രിയേ, അത് നിനക്കെതിരെ ഒരു യോദ്ധാവിനെപ്പോലെ, യുദ്ധ സന്നാഹം ചെയ്തിരിക്കുന്നു.” അന്ന് ഉയർന്നുവന്നുകൊണ്ടിരുന്ന ലോകശക്തി ബാബിലോനായിരുന്നു. വിശ്വാസമില്ലാഞ്ഞ യഹൂദയെ ശിക്ഷിക്കുന്നതിനുള്ള ദൈവത്തിന്റെ ഉപകരണം അതായിരിക്കും.—യിരെമ്യാവ് 6:22, 23; 25:8, 9.
16. യിരെമ്യാവ് ആ ജനതക്കുവേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്നതിൽ കാര്യമില്ലാഞ്ഞതെന്തുകൊണ്ട്?
16 തന്റെ ദേശക്കാർക്കുവേണ്ടി യിരെമ്യാവ് മാദ്ധ്യസ്ഥം വഹിക്കാൻ ശ്രമിക്കുന്നതിൽ എന്തെങ്കിലും കാര്യമുണ്ടായിരുന്നോ? ഒരുപക്ഷേ, സത്യാരാധന സംബന്ധിച്ച് ഒരു വിട്ടുവീഴ്ച ആകാമായിരുന്നോ? പക്ഷേ, യഹോവ അർദ്ധ നടപടികളെ അംഗീകരിക്കുകയും തന്റെ ജനത്തോടു ക്ഷമിക്കുകയും ചെയ്യുമോ? യഹോവയുടെ നിലപാടു വ്യക്തമായിരുന്നു. “ഈ ജനത്തിനുവേണ്ടി പ്രാർത്ഥിക്കരുത്, . . . എന്തെന്നാൽ ഞാൻ നിങ്ങളെ ശ്രദ്ധിക്കയില്ല” എന്ന് കുറഞ്ഞപക്ഷം മൂന്നവസരങ്ങളിൽ അവൻ യിരെമ്യാവിനോടു കല്പിച്ചു. സമാന്തര നിവൃത്തിയിൽ ഈ ഗൗരവമായ മുന്നറിയിപ്പ് ക്രൈസ്തവലോകത്തിന് അശുഭസൂചകമാണ്.—യിരെമ്യാവ് 7:16; 11:14; 14:11.
17, 18. ഒടുവിൽ യഹൂദക്കെതിരെ ദൈവത്തിന്റെ ന്യായവിധി നടപ്പിലാക്കപ്പെട്ടതെങ്ങനെ?
17 യഹൂദക്ക് കാര്യങ്ങൾ എങ്ങനെ കലാശിച്ചു? യിരെമ്യാവു മുഖേന യഹോവ മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെതന്നെ. യഹോയാക്കീം രാജാവിന്റെ വാഴ്ചക്കാലത്ത് യഹൂദാ ശക്തമായ ബാബിലോന്റെ ഒരു സമാന്തര രാജ്യമായിത്തീർന്നു. മൂന്നുവർഷം കഴിഞ്ഞു യഹോയാക്കീം മത്സരിച്ചു. ഈ മൗഢ്യമായ പ്രവർത്തനം ബാബിലോന്യരുടെ കൈകളാൽ അതിലും വലിയ അപമാനത്തിലേക്കു നയിച്ചു. അവർ യെരൂശലേം നഗരത്തെ ഉപരോധിച്ചു. ഈ സമയമായപ്പോഴേക്ക് യഹോയാക്കീം മരിച്ചു. അവന്റെ പുത്രനായ യഹോയാക്കീൻ അവന്റെ പിൻഗാമിയായി. ബാബിലോന്യ ഉപരോധം യഹൂദയെ മുട്ടുകുത്തിച്ചു. യഹോയാക്കീനും മുഴു രാജകീയ കുടുംബവും യഹൂദ സമുദായത്തിന്റെ ഉന്നത തുറകളിലുള്ളവരും ബാബിലോനിലെ പ്രവാസത്തിലേക്കു കൊണ്ടുപോകപ്പെട്ടു.—2 രാജാക്കൻമാർ 24:5-17.
18 വിശുദ്ധ ആലയത്തിനും അതിലെ വിലയേറിയ സകല വിശുദ്ധ ആഭരണങ്ങൾക്കും എന്തു സംഭവിച്ചു? അവ തീർച്ചയായും യഹൂദക്ക് ഒരു ഭാഗ്യകരമായ രക്ഷയായി ഉതകിയില്ല. നെബുഖദ്നേസ്സർ “യഹോവയുടെ ആലയത്തിലെ സകല നിക്ഷേപങ്ങളും അവിടെനിന്ന് കൊണ്ടുപോരുകയും യിസ്രായേൽ രാജാവായ ശലോമോൻ യഹോവയുടെ ആലയത്തിൽ നിർമ്മിച്ചിരുന്ന സകല സ്വർണ്ണ ഉപകരണങ്ങളും തുണ്ടുതുണ്ടായി മുറിക്കുകയും ചെയ്തു.” (2 രാജാക്കൻമാർ 24:13) ഒടുവിൽ യെരൂശലേമിൽ ശേഷിച്ചതിനെ ഭരിക്കാൻ വിടപ്പെട്ട ബാബിലോന്യ നിയമിത രാജാവായ സെദക്യാവും തന്റെ മേൽക്കോയ്മകൾക്കെതിരെ മത്സരിച്ചു. അതായിരുന്നു നെബുഖദ്നേസ്സറിന് അവസാനമായി നേരിടേണ്ടിയിരുന്ന നിസ്സാരമായ മത്സരം. യെരൂശലേം നഗരം വീണ്ടും ഉപരോധിക്കപ്പെടുകയും ക്രി. മു. 607-ൽ അത് നെബൂസരദാന്റെ മുമ്പാകെ തോൽക്കുകയും പൂർണ്ണമായി നശിപ്പിക്കപ്പെടുകയും ചെയ്തു.—യിരെമ്യാവ് 34:1, 21, 22; 52:5-11.
19, 20. മുൻകൂട്ടി പറയപ്പെട്ട അനർത്ഥത്തോട് യഹൂദക്കും യിരെമ്യാവിനുമുണ്ടായിരുന്ന മനോഭാവങ്ങളിലെ വൈരുദ്ധ്യമെന്തായിരുന്നു, അതിന്റെ ഫലമെന്തായിരുന്നു?
19 ‘തെരഞ്ഞെടുക്കപ്പെട്ട ജനത്തിന്’ എത്ര അനർത്ഥകരമായ വിപത്ത്! എന്നാൽ യിരെമ്യാവിന്റെ ന്യായവിധി പ്രഖ്യാപനങ്ങൾ എത്ര വ്യക്തമായി നീതീകരിക്കപ്പെട്ടു. യഹൂദൻമാർ തങ്ങൾക്കു ദോഷം ഭവിക്കുകയില്ലെന്ന് വിശ്വസിച്ചുകൊണ്ട് ഒരു ഭാവനാലോകത്തിൽ ജീവിച്ചിരുന്നുവെങ്കിലും “അനർത്ഥം ഓളിയിടുന്ന” യിരെമ്യാവ് യഥാർത്ഥത്തിൽ ഒരു പരാജിത സ്വപ്നക്കാരനല്ല, പിന്നെയോ ഒരു യാഥാർത്ഥ്യവാദിയായിരുന്നുവെന്ന് വാസ്തവത്തിൽ തെളിയുകയുണ്ടായി. (യിരെമ്യാവ് 38:4, യിരെമ്യാവിന്റെ പുസ്തകത്തിൽ “അനർത്ഥം” എന്ന പദം 64 പ്രാവശ്യം വരുന്നുണ്ടെന്ന് കുറിക്കൊള്ളുക.) യഹോവയുടെ ന്യായവിധി എത്ര ശരിയായിരുന്നു: “നീ അവരോട് ഇങ്ങനെ പറയണം, ‘ഈ ജനതയിലെ ആളുകളാണ് അതിന്റെ ദൈവമായ യഹോവയുടെ ശബ്ദം അനുസരിച്ചിട്ടില്ലാത്തതും ശിക്ഷണം സ്വീകരിച്ചിട്ടില്ലാത്തതും. വിശ്വസ്തത നശിച്ചിരിക്കുന്നു, അത് അവരുടെ വായിൽനിന്ന് ഛേദിക്കപ്പെട്ടിരിക്കുന്നു.’ ഞാൻ യഹൂദയിലെ നഗരങ്ങളിൽനിന്നും യെരൂശലേമിലെ വീഥികളിൽനിന്നും ആഹ്ലാദത്തിന്റെ ശബ്ദവും ആനന്ദത്തിന്റെ ശബ്ദവും നിലച്ചുപോകാനിടയാക്കും . . . എന്തെന്നാൽ ദേശം ഒരു ശൂന്യസ്ഥലം മാത്രമായിത്തീരും!”—യിരെമ്യാവ് 7:28, 34.
20 തങ്ങളുടെ ദൈവത്തോടുള്ള പ്രാർത്ഥനയും അവനുമായി അവർക്കുണ്ടായിരുന്ന പ്രത്യേക ബന്ധവും അവരുടെ രക്ഷക്ക് ഉറപ്പു നൽകിയിരുന്നില്ലെന്ന് അഹംഭാവികളും അലംഭാവികളുമായിരുന്ന യഹൂദൻമാർ ഈ ശോകാത്മകമായ വിധത്തിൽ തിരിച്ചറിയേണ്ടിവന്നു. പ്രവചനം പ്രസ്താവിച്ച പ്രകാരം: “സമാധാനത്തിനായുള്ള ഒരു പ്രത്യാശിക്കൽ ഉണ്ടായിരുന്നു, എന്നാൽ പ്രയോജനമുണ്ടായില്ല; സൗഖ്യമാക്കലിന്റെ ഒരു സമയത്തിനായി, എന്നാൽ നോക്കു! ഭീതി! കൊയ്ത്തു കഴിഞ്ഞു പോയിരിക്കുന്നു, വേനൽ അവസാനിച്ചിരിക്കുന്നു; എന്നാൽ നമ്മെ സംബന്ധിച്ചാണെങ്കിൽ നാം രക്ഷിക്കപ്പെട്ടിട്ടില്ല.” (യിരെമ്യാവ് 8:15, 20) യഹൂദയെ സംബന്ധിച്ചിടത്തോളം അത് കണക്കുചോദ്യത്തിന്റെ ഒരു സമയമായിരുന്നു. എന്നാൽ ഭയമുണ്ടായിരുന്ന പ്രവാചകനായിരുന്ന യിരെമ്യാവ് അവന്റെ ജീവിതവൃത്തിയിലുടനീളം സംരക്ഷിക്കപ്പെടുകയും അവന്റെ നിയമനം പൂർത്തിയാക്കാൻ അനുവദിക്കപ്പെടുകയും ചെയ്തു. അവൻ തന്റെ നാളുകൾ പ്രവാസത്തിൽ അവസാനിപ്പിച്ചു, അവമാനിതരായ ജനതയോടുകൂടെ ബാബിലോനിലല്ല, പിന്നെയോ ഈജിപ്ററിൽ. അവൻ നിർഭയമായും വിശ്വസ്തമായും 65-ലധികം വർഷം ദൈവത്തിന്റെ ന്യായവിധികൾ പ്രഖ്യാപിച്ചിരുന്നു.
21. വേറെ ഏതു ചോദ്യങ്ങൾ നമുക്കു താൽപ്പര്യമുള്ളവയാണ്?
21 ഇപ്പോൾ, യിരെമ്യാവിന്റെ ഈ ജീവിതത്തിനും ശുശ്രൂഷക്കും നമ്മുടെ നാളുകളോട് എന്തു സംബന്ധമുണ്ടെന്ന് അറിയുന്നതിൽ നാം തൽപ്പരരാണ്. ഈ 20-ാം നൂററാണ്ടിൽ യിരെമ്യാവിന്റെ പകർപ്പ് ആരായിരിക്കും? യഹൂദയുടെയും യെരൂശലേമിന്റെയും പകർപ്പോ? വടക്കുനിന്നു വരുന്ന ഭീഷണിയോട് ഒക്കുന്നതെന്താണ്? നമ്മുടെ അടുത്ത ലേഖനം ഈ ചോദ്യങ്ങളിൽ ചിലതു പരിശോധിക്കും. (w88 4/1)
നിങ്ങൾ ഓർക്കുന്നുവോ?
◻ യിരെമ്യാവ് അവന്റെ നിയോഗത്തോട് എങ്ങനെ പ്രതികരിച്ചു?
◻ നാം യിരെമ്യാവിന്റെ നാളിലെ സംഭവങ്ങളിൽ തൽപ്പരരായിരിക്കുന്നതെന്തുകൊണ്ട്?
◻ യിരെമ്യാവ് ഏതു മതാവസ്ഥയെ അപലപിച്ചു, യഹൂദൻമാർ എന്തിലായിരുന്നു ആശ്രയിച്ചത്?
◻ യെരൂശലേമിനും യഹൂദക്കുമുണ്ടായ അന്തിമഫലം എന്തായിരുന്നു?
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലേക്ക് ജൂൺ 12 മുതൽ ഒക്ടോബർ 16 വരെ പ്രതിവാര ബൈബിൾ വായനകൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഈ രണ്ട് അദ്ധ്യയന ലേഖനങ്ങളും 1988 ജൂൺ മാസികയിൽ വരുന്ന മൂന്നാമത്തെ അദ്ധ്യയന ലേഖനവും പ്രവാചകന്റെ എഴുത്തുകൾ മനസ്സിലാക്കാനുള്ള ഒരു നല്ല പശ്ചാത്തലം പ്രദാനം ചെയ്യും
[23-ാം പേജിലെ ആകർഷകവാക്യം]
യിരെമ്യാവ് യഹൂദനേതാക്കളോടും ജനത്തോടും നിർഭയം ദൈവത്തിന്റെ ന്യായവിധികൾ പ്രഖ്യാപിച്ചു
[24-ാം പേജിലെ ചിത്രം]
സ്ത്രീകൾ ആകാശ രാജ്ഞിക്ക് അപ്പം ചുട്ടു