ഏക മനസ്സോടെ യഹോവയെ സേവിക്കുക
“അന്ന് ഞാൻ ജനങ്ങൾക്ക് ഒരു ശുദ്ധമായ ഭാഷ കൊടുക്കും, അവരെല്ലാം യഹോവയെ ഏകമനസ്സോടെ സേവിക്കുന്നതിന് അവന്റെ നാമത്തെ വിളിച്ചപേക്ഷിക്കേണ്ടതിനു തന്നെ.”—സെഫന്യാവ് 3:9 അമേരിക്കൻ പ്രമാണ ഭാഷാന്തരം.
1, 2.(എ) യഹോവ ഇപ്പോൾ ഏത് പ്രവചനത്തിന്റെ നിവൃത്തി കൈവരുത്തുകയാണ്? (ബി) ഈ പ്രവചനം ഏത് ചോദ്യങ്ങൾ ഉയർത്തുന്നു?
മനുഷ്യർക്കു മാത്രമായി ഒരിക്കലും നേടാൻ സാധിക്കാത്ത ചിലത് യഹോവയാം ദൈവം ചെയ്തുകൊണ്ടിരിക്കയാണ്. ഭിന്നിച്ച ഈ ലോകത്തിൽ ഏകദേശം 3,000 ഭാഷകൾ സംസാരിക്കപ്പെടുന്നുണ്ട്, എന്നാൽ ദൈവം ഇപ്പോൾ ഈ പ്രവചനത്തിന്റെ നിവൃത്തി കൈവരുത്തിക്കൊണ്ടിരിക്കയാണ്: “ജനങ്ങളെല്ലാം യഹോവയെ തോളോടുതോൾ ചേർന്ന് സേവിക്കേണ്ടതിന്, അവർ യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കേണ്ടതിന്, ഞാൻ അവർക്ക് ഒരു ശുദ്ധമായ ഭാഷയിലേക്കുള്ള മാററം നൽകും.”—സെഫന്യാവ് 3:9.
2 ഈ “ശുദ്ധമായ ഭാഷ” എന്താണ്? ആരാണ് അതു സംസാരിക്കുന്നത്? ‘ദൈവത്തെ തോളോടുതോൾ ചേർന്ന് സേവിക്കുക’ എന്നാൽ അർത്ഥമെന്ത്?
അവർ “ശുദ്ധമായ ഭാഷ” സംസാരിക്കുന്നു
3.“ശുദ്ധമായ ഭാഷ” എന്താണ്, അത് സംസാരിക്കുന്നവർ ഭിന്നിച്ചിരിക്കാത്തത് എന്തുകൊണ്ട്?
3 ക്രി. വ. 33-ലെ പെന്തക്കോസ്തു ദിവസം ദൈവത്തിന്റെ പരിശുദ്ധാത്മാവ് യേശു ക്രിസ്തുവിന്റെ ശിഷ്യൻമാരുടെ മേൽ പകരപ്പെടുകയും അവർ പഠിച്ചിട്ടില്ലാത്ത ഭാഷകളിൽ സംസാരിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്തു. ഇത് “ദൈവത്തിന്റെ മഹനീയ കാര്യങ്ങളെ”ക്കുറിച്ച് അനേകം ഭാഷക്കാരോട് പറയാൻ അവരെ പ്രാപ്തരാക്കി. അങ്ങനെ യഹോവ എല്ലാ വംശീയ പശ്ചാത്തലങ്ങളിലും പെട്ട ആളുകളെ ഐക്യത്തിൽ വരുത്തിത്തുടങ്ങി. (പ്രവൃത്തികൾ 2:1-21, 37-42) പിന്നീട് വിശ്വാസികളായ വിജാതീയർ യേശുവിന്റെ അനുഗാമികളായിതീർന്നപ്പോൾ തീർച്ചയായും ദൈവദാസൻമാർ ഒരു ബഹുഭാഷാ, ബഹുവർഗ്ഗ, ജനമായിരുന്നു. അവർ ഒരിക്കലും ലൗകിക പ്രതിബന്ധങ്ങളാൽ ശിഥിലമായിരുന്നിട്ടില്ല, എന്തുകൊണ്ടെന്നാൽ അവർ എല്ലാം “ശുദ്ധമായ ഭാഷ” സംസാരിക്കുന്നു. ഇത് സെഫന്യാവ് 3:9-ൽ മുൻകൂട്ടിപ്പറഞ്ഞിരുന്ന തിരുവെഴുത്തു സത്യമാകുന്ന പൊതു ഭാഷയാണ്. (എഫേസ്യർ 4:25) “ശുദ്ധമായ ഭാഷ” സംസാരിക്കുന്നവർ ഭിന്നിപ്പ് കൂടാതെ “ഏകമനസ്സിലും ഏകചിന്താഗതിയിലും ഉചിതമായി ഐക്യപ്പെട്ടി”രിക്കുന്നതിനാൽ “യോജിപ്പിൽ സംസാരിക്കുന്നു.”—1 കൊരിന്ത്യർ 1:10.
4.സെഫന്യാവ് 3:9 ബഹുഭാഷാ, ബഹുവർഗ്ഗ സഹകരണത്തിലേക്ക് വിരൽചൂണ്ടുന്നതെങ്ങനെ, അത് ഇന്ന് എവിടെ കണ്ടെത്തപ്പെടുന്നു?
4 ഈ “ശുദ്ധമായ ഭാഷ” യഹോവയെ “തോളോടു തോൾ ചേർന്ന്,” അക്ഷരീയമായി ‘ഏകതോളോടെ’ സേവിക്കാൻ സകല ജനതകളിലും വർഗ്ഗങ്ങളിലും പെട്ടവരെ പ്രാപ്തരാക്കാനായിരുന്നു. അവർ ദൈവത്തെ “ഏക മനസ്സോടെ” സേവിക്കും. (ദി ന്യൂ ഇംഗ്ലീഷ് ബൈബിൾ) “ഏക അഭിപ്രായത്തോടെ” (ദി ന്യൂ അമേരിക്കൻ ബൈബിൾ) അല്ലെങ്കിൽ “ഏക കണ്ഠമായ സമ്മതത്തോടെയും ഏക സംഘടിത തോളോടെയും”. (ആംപ്ലിഫൈഡ് ബൈബിൾ). മറെറാരു വിവർത്തനം ഇങ്ങനെ വായിക്കപ്പെടുന്നു: “അന്നു ഞാൻ സകല ജനങ്ങളും യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കുകയും അവന്റെ സേവനത്തിൽ സഹകരിക്കയും ചെയ്യേണ്ടതിന് അവരുടെയെല്ലാം അധരങ്ങളെ ശുദ്ധീകരിക്കും.” (ബയിംഗ്ടൻ) അങ്ങനെയുള്ള ദൈവസേവനത്തിലെ ബഹുഭാഷാ, ബഹുവർഗ്ഗ സഹകരണം യഹോവയുടെ സാക്ഷികളുടെയിടയിൽ മാത്രമേ കാണപ്പെടുന്നുള്ളു.
5.യഹോവയുടെ സാക്ഷികൾ ഏത് മനുഷ്യഭാഷയെയും എങ്ങനെ ഉപയോഗിക്കാൻ പ്രാപ്തരാണ്?
5 യഹോവയുടെ സാക്ഷികളെല്ലാം തിരുവെഴുത്തു സത്യമാകുന്ന “ശുദ്ധമായ ഭാഷ” സംസാരിക്കുന്നതുകൊണ്ട് ഏത് മനുഷ്യഭാഷയെയും അതിശ്രേഷ്ഠമായി ഉപയോഗിക്കാൻ അവർ പ്രാപ്തരാണ്—ദൈവത്തെ സ്തുതിക്കുന്നതിനും രാജ്യസുവാർത്ത ഘോഷിക്കുന്നതിനും തന്നെ. (മർക്കോസ് 13:10; തീത്തോസ് 2:7, 8; എബ്രായർ 13:15) അങ്ങനെ “ശുദ്ധമായ ഭാഷ” സകല വംശീയ സംഘങ്ങളിലുംപെട്ട ആളുകളെ ഏക മനസ്സോടെ യഹോവയെ സേവിക്കാൻ പ്രാപ്തരാക്കുന്നത് എത്ര ഗംഭീരമാണ്!
6.യഹോവ ജനങ്ങളെ വീക്ഷിക്കുന്നതെങ്ങനെ, എന്നാൽ ഒരു ക്രിസ്ത്യാനിയുടെ ഹൃദയത്തിൽ ഒരളവിലുള്ള പക്ഷപാതിത്വം തങ്ങിനിൽക്കുന്നെങ്കിൽ എന്ത് സഹായകമാണ്?
6 പത്രോസ് കൊർന്നേല്യോസിനോടും മററ് വിജാതീയരോടും സാക്ഷീകരിച്ചുകൊണ്ടിരുന്നപ്പോൾ അവൻ പറഞ്ഞു: “ദൈവം പക്ഷപാതിത്വമുള്ളവനല്ലെന്നും, എന്നാൽ ഏതു ജനതയിലും അവനെ ഭയപ്പെട്ട് നീതി പ്രവർത്തിക്കുന്നവൻ അവന് സ്വീകാര്യനാണെന്നും ഞാൻ സുനിശ്ചിതമായി ഗ്രഹിക്കുന്നു.” (പ്രവൃത്തികൾ 10:34, 35 ബൈ) മററ് വിവർത്തനങ്ങളനുസരിച്ച്, യഹോവ “ആളുകളെ ആദരിക്കുന്നവനല്ല,” “ആളുകൾക്കിടയിൽ വിവേചന കാണിക്കുന്നില്ല,” “പക്ഷപാതിത്വം കാട്ടുന്നില്ല.” (എംഫാററക് ഡയഗ്ലട്ട്; ഫിലിപ്സ്; ന്യൂ ഇൻറർനാഷനൽ വേർഷൻ) യഹോവയുടെ ദാസൻമാരെന്ന നിലയിൽ നാം എല്ലാ വംശീയ സംഘങ്ങളിലുംപെട്ട ആളുകളെ യഹോവ വീക്ഷിക്കുന്നതുപോലെ വീക്ഷിക്കേണ്ടതാണ്. എന്നാൽ ഒരു ക്രിസ്ത്യാനിയുടെ ഹൃദയത്തിൽ ഒരളവിലുള്ള പക്ഷപാതിത്വം തങ്ങിനിൽക്കുന്നെങ്കിൽ എന്ത്? അപ്പോൾ നമ്മുടെ നിഷ്പക്ഷനായ ദൈവം സകല ജനതകളിലും ഗോത്രങ്ങളിലും ജനങ്ങളിലും ഭാഷകളിലുംപെട്ട തന്റെ ദാസൻമാരോട് ഇടപെടുന്നതെങ്ങനെയെന്ന് കുറിക്കൊള്ളുന്നത് സഹായകമാണ്.—1984 നവംബർ 8-ലെ എവേക്കിന്റെ 3-11 പേജുകൾ കാണുക.
അവർ അഭികാമ്യരാണ്
7.ദൈവത്തോടുള്ള ഒരു ബന്ധം സംബന്ധിച്ച് ഒരു ക്രിസ്ത്യാനി ഏതു ജനതയിലും അല്ലെങ്കിൽ വർഗ്ഗത്തിലുംപെട്ട മറെറാരാളോട് വ്യത്യസ്തനല്ലാതിരിക്കുന്നതെങ്ങനെ?
7 നിങ്ങൾ യഹോവയുടെ സ്നാനമേററ ഒരു സാക്ഷിയാണെങ്കിൽ ഒരു കാലത്ത് നിങ്ങൾ ഈ ദുഷ്ടവ്യവസ്ഥിതിയിൽ നടക്കുന്ന ‘മ്ലേച്ഛകാര്യങ്ങൾ നിമിത്തം നെടുവീർപ്പിട്ട് കര’ഞ്ഞിരിക്കാൻ ഇടയുണ്ട്. (യെഹെസ്ക്കേൽ 9:4) നിങ്ങൾ ‘നിങ്ങളുടെ പാപങ്ങളിൽ മരിച്ചിരുന്നു,’ എന്നാൽ ദൈവം യേശുക്രിസ്തു മുഖേന നിങ്ങളെ കരുണാപൂർവ്വം തന്നിലേക്ക് അടുപ്പിച്ചു. (എഫേസ്യർ 2:1-5; യോഹന്നാൻ 6:44) ഈ കാര്യങ്ങളിൽ നിങ്ങൾ ഇപ്പോൾ നിങ്ങളുടെ സഹവിശ്വാസികളായിരുന്നവരിൽ നിന്ന് വ്യത്യാസപ്പെട്ടിരുന്നില്ല. അവരും ദുഷ്ടതയിൽ ദു:ഖിച്ചിരുന്നു, ‘തങ്ങളുടെ പാപങ്ങളിൽ മരിച്ചിരുന്നു,’ യേശുക്രിസ്തുവിലൂടെയുള്ള ദൈവത്തിന്റെ കരുണക്ക് പാത്രീഭൂതരായിത്തീരുകയും ചെയ്തു. നമ്മുടെ വർഗ്ഗമോ ദേശീയതയോ ഏതായിരുന്നാലും നമ്മിൽ ഏതൊരാൾക്കും യഹോവയാം ദൈവത്തിന്റെ സാക്ഷികൾ എന്ന നിലയിൽ അവന്റെ മുമ്പാകെ ഒരു പദവി ഇപ്പോഴുള്ളത് വിശ്വാസത്താൽ മാത്രമാണ്.—റോമർ 11:20.
8.ഇപ്പോൾ ഹഗ്ഗായി 2:7-ന് നിവൃത്തി ഉണ്ടാകുന്നതെങ്ങനെ?
8 വ്യത്യസ്ത ദേശീയത്വങ്ങളോടുകൂടിയ സഹവിശ്വാസികളെ നാം എങ്ങനെ വീക്ഷിക്കണമെന്ന് കാണാൻ ഹഗ്ഗായി 2:7-ലെ പ്രാവചനിക വചനങ്ങൾ നമ്മെ സഹായിക്കുന്നു. അവിടെ യഹോവ ഇങ്ങനെ പ്രഖ്യാപിച്ചു: “ഞാൻ സകല ജനതകളെയും ഇളക്കും, സകല ജനതകളിലെയും അഭികാമ്യർ വരേണ്ടതാണ്; ഞാൻ ഈ ആലയത്തെ മഹത്വംകൊണ്ട് നിറക്കും.” മുൻകൂട്ടി പറയപ്പെട്ട നിർമ്മല മതത്തിന്റെ ഈ ഉയർത്തൽ ദൈവത്തിന്റെ യഥാർത്ഥ ആലയത്തിൽ, അവന്റെ ആരാധനാ മണ്ഡലത്തിൽ, നടന്നുകൊണ്ടിരിക്കയാണ്. (യോഹന്നാൻ 4:23, 24) എന്നാൽ “സകല ജനതകളിലെയും അഭികാമ്യർ” ആരാണ്? അവർ രാജ്യ പ്രസംഗവേലയോട് അനുകൂലമായി പ്രതികരിക്കുന്ന ആയിരിക്കണക്കിനുള്ള നീതിപ്രേമികളാണ്. അവർ സകല ജനതകളിൽ നിന്നും വർഗ്ഗങ്ങളിൽനിന്നും ‘യഹോവയുടെ ആലയമുള്ള പർവ്വതത്തിലേക്ക്’ തടിച്ചുകൂടുകയും അവന്റെ സ്നാപനമേററ സാക്ഷികളും സാർവ്വദേശീയ പുരുഷാരത്തിന്റെ” ഭാഗവുമായി തീരുകയുമാണ്. (യെശയ്യാ 2:2-4; വെളിപ്പാട് 7:9) യഹോവയുടെ ഭൗമികസ്ഥാപനത്തിന്റെ ഭാഗമെന്ന നിലയിൽ അവനെ സ്തുതിക്കുന്നവർ നിർമ്മലരും സൻമാർഗ്ഗനിഷ്ഠയുള്ളവരും ദൈവഭക്തിയുള്ളവരുമായ ആളുകളാണ്—തീർച്ചയായും അത്യന്തം അഭികാമ്യർ. ആ സ്ഥിതിക്ക്, തീർച്ചയായും സ്വർഗ്ഗത്തിലെ നമ്മുടെ പൊതു പിതാവിന് സ്വീകാര്യരായ ഈ സകല അഭികാമ്യരോടും സഹോദരപ്രീതികാണിക്കാൻ ഓരോ സത്യക്രിസ്ത്യാനിയും ആഗ്രഹിക്കേണ്ടതാണ്.
അവരുടെ വ്യക്തിത്വം പുതുതാണ്
9.കഴിഞ്ഞകാലത്ത് നാം വിദേശീയരെ മാനിച്ചിരുന്നില്ലെങ്കിലും ഇപ്പോൾ നാം ക്രിസ്ത്യാനികളായിരിക്കുന്ന സ്ഥിതിക്ക് കാര്യങ്ങൾ വ്യത്യസ്തമായിരിക്കേണ്ടതെന്തുകൊണ്ട്?
9 ഭൂമിയിലെങ്ങുമുള്ള നമ്മുടെ ആത്മീയ സഹോദരീസഹോദരൻമാർ ‘പഴയ വ്യക്തിത്വത്തെ അതിന്റെ ആചാരങ്ങളോടെ ഉരിഞ്ഞ് കളഞ്ഞ് പുതിയ വ്യക്തിത്വം ധരിക്കാനുള്ള’ ബുദ്ധ്യുപദേശം അനുസരിച്ചിട്ടുള്ളതുകൊണ്ടും അവർ അഭികാമ്യരാണ്. “അതിനെ സൃഷ്ടിച്ചവന്റെ പ്രതിച്ഛായപ്രകാരം അത് സൂക്ഷ്മപരിജ്ഞാനത്താൽ പുതുതാക്കപ്പെട്ടുകൊണ്ടിരിക്കുന്നു, അവിടെ യവനനോ യഹൂദനോ ഇല്ല, പരിച്ഛേദനയോ അഗ്രചർമ്മമോ ഇല്ല, വിദേശിയോ സിഥിയനോ അടിമയോ സ്വതന്ത്രനോ ഇല്ല, എന്നാൽ ക്രിസ്തു സകലവും സകലത്തിലും ആകുന്നു.” (കൊലോസ്യർ 3:9-11) ഒരു വ്യക്തി മുമ്പ് ഒരു യഹൂദനെയോ ഒരു യവനനെയോ തനിക്ക് അന്യനായ മററുള്ളവരെയോ മാനിച്ചിരുന്നില്ലെങ്കിൽ താൻ ഇപ്പോൾ ഒരു ക്രിസ്ത്യാനിയായിരിക്കുന്നതുകൊണ്ട് കാര്യങ്ങൾ വ്യത്യസ്തമായിരിക്കേണ്ടതാണ്. വർഗ്ഗമോ ദേശീയതയോ സംസ്കാരമോ എന്തായിരുന്നാലും “പുതിയ വ്യക്തിത്വം” ഉള്ളവർ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ഫലം നട്ടുവളർത്തുകയും പ്രകടമാക്കുകയും ചെയ്യുന്നു—സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നൻമ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം എന്നിവതന്നെ. (ഗലാത്യർ 5:22, 23) ഇത് അവരെ യഹോവയുടെ സഹാരാധകർക്ക് പ്രിയങ്കരരാക്കിത്തീർക്കുന്നു.
10.ഏതെങ്കിലും വർഗ്ഗത്തിലോ ജനതയിലോപെട്ട സഹവിശ്വാസികളെക്കുറിച്ച് മൊത്തത്തിൽ പ്രതികൂലമായ പ്രസ്താവനകൾ ചെയ്യാൻ പ്രലോഭിപ്പിക്കപ്പെടുന്നുവെങ്കിൽ തീത്തോസ് 1:5-12-ന് നമ്മെ എങ്ങനെ സഹായിക്കാൻ കഴിയും?
10 യഹോവയുടെ ദാസൻമാരിൽനിന്ന് വ്യത്യസ്തരായി, ചില ലൗകിക മനുഷ്യർ തങ്ങളുടെതല്ലാത്ത വംശ പശ്ചാത്തലത്തിൽപെട്ട ആളുകളെ സംബന്ധിച്ച് അവജ്ഞയോടെ സംസാരിക്കുന്നു. എന്തിന്, തന്റെ സ്വന്തം ജനത്തെ സംബന്ധിച്ച് ക്രേത്യനായ ഒരു പ്രവാചകൻ ഇങ്ങനെ പറഞ്ഞു: “ക്രേത്യർ എല്ലായ്പ്പോഴും അസത്യവാദികളും ഹിംസ്രമൃഗങ്ങളും തൊഴിലില്ലാത്ത പെരുവയറൻമാരും ആകുന്നു”! ക്രേത്ത ദ്വീപിലെ ക്രിസ്ത്യാനികളുടെ ഇടയിലുണ്ടായിരുന്ന വ്യാജോപദേഷ്ടാക്കൻമാരെ നിശബ്ദരാക്കേണ്ടതാവശ്യമായിത്തീർന്നപ്പോൾ അപ്പോസ്തലനായ പൗലോസ് ആ വാക്കുകൾ ഓർത്തു. എന്നാൽ പൗലോസ് തീർച്ചയായും: ‘ക്രേത്തയിലെ എല്ലാ ക്രിസ്ത്യാനികളും നുണപറയുന്നവരും ഉപദ്രവകാരികളും മടിയരും പെരുവയറൻമാരും’ ആണെന്ന് പറയുകല്ലായിരുന്നു. (തീത്തോസ് 1:5-12) അല്ല, എന്തെന്നാൽ ക്രിസ്ത്യാനികൾ മററുള്ളവരെ ഇടിച്ച് സംസാരിക്കുന്നില്ല. തന്നെയുമല്ല, ആ ക്രേത്ത ക്രിസ്ത്യാനികളുടെ ഭൂരിപക്ഷവും “പുതിയ വ്യക്തിത്വം” ധരിച്ചിരുന്നു. ചിലർ മൂപ്പൻമാരായുള്ള നിയമനത്തിന് ആത്മീയ യോഗ്യത നേടിയിരുന്നു. ഇത് ഒരു പ്രത്യേക വർഗ്ഗത്തിലോ ദേശീയതയിലോപെട്ട നമ്മുടെ ആത്മീയ സഹോദരീസഹോദരൻമാരെ സംബന്ധിച്ച് മൊത്തത്തിൽ പ്രതികൂലമായ പ്രസ്താവനകൾ ചെയ്യാൻ നാം പ്രലോഭിപ്പിക്കപ്പെടുന്നുവെങ്കിൽ ഗൗരവമായ ചിന്ത അർഹിക്കുന്നു.
മററള്ളവരെ ശ്രേഷ്ഠരെന്ന് പരിഗണിക്കുക
11.ഒരു ക്രിസ്ത്യാനിയുടെ ഹൃദയത്തിൽ ഏതെങ്കിലും തരത്തിലുള്ള പക്ഷപാതിത്വം സ്ഥിതിചെയ്യുന്നുവെങ്കിൽ അയാൾക്ക് എന്തു ചെയ്യാൻ കഴിയും?
11 മറിച്ച് ഒരു ക്രിസ്ത്യാനി ഒരു വർഗ്ഗത്തോടൊ ദേശീയതയോടെ പക്ഷപാതിത്വം കാട്ടുന്നുവെങ്കിൽ അയാൾ വാക്കുകളാലോ പ്രവൃത്തികളാലോ ഇത് വെളിപ്പെടുത്താൻ ഇടയുണ്ട്. ക്രമത്തിൽ, ഇത് വിശേഷിച്ച് വിവിധ വംശീയ പശ്ചാത്തലങ്ങളിൽപ്പെട്ട ആളുകൾ ചേർന്നുണ്ടായിരിക്കുന്ന ഒരു സഭയിൽ വ്രണിത വികാരങ്ങൾക്ക് ഇടയാക്കിയേക്കാം. തീർച്ചയായും യാതൊരു ക്രിസ്ത്യാനിയും ദൈവജനത്തിന്റെ ഐക്യത്തിൻമേൽ അത്തരമൊരു ഭാരം വെക്കാൻ ആഗ്രഹിക്കുകയില്ല. (സങ്കീർത്തനം 133:1-3) അതുകൊണ്ട് ഒരു ക്രിസ്ത്യാനിയുടെ ഹൃദയത്തിൽ അൽപ്പമെങ്കിലും പക്ഷപാതിത്വം സ്ഥിതിചെയ്യുന്നുണ്ടെങ്കിൽ അയാൾക്ക് ഇങ്ങനെ നന്നായി പ്രാർത്ഥിക്കാൻ കഴിയും. ദൈവമേ എന്നെ ശോധന ചെയ്കയും എന്റെ ഹൃദയത്തെ അറിയുകയും ചെയ്യേണമേ. എന്നെ പരിശോധിക്കയും എന്റെ അസ്വസ്ഥ ചിന്തകളെ അറികയും എന്നിൽ വേദനാകരമായ ഏതെങ്കിലും രീതി ഉണ്ടോ എന്ന് കാണുകയും അനിശ്ചിത കാലത്തിന്റെ പാതയിൽ എന്നെ നയിക്കുകയും ചെയ്യേണമേ.”—സങ്കീർത്തനം 139:23, 24.
12.നാം നമ്മേക്കുറിച്ചുതന്നെയോ നമ്മുടെ വംശപശ്ചാത്തലത്തിൽപെട്ട മററുള്ളവരെക്കുറിച്ചോ പൊങ്ങച്ചം പറയരുതാത്തതെന്തുകൊണ്ട്?
12 യേശുക്രിസ്തുവിന്റെ ബലിനിമിത്തമല്ലായിരുന്നെങ്കിൽ ദൈവത്തിങ്കൽ യാതൊരു നിലപാടും ഉണ്ടായിരിക്കാൻ കഴിയാത്ത അപൂർണ്ണമനുഷ്യരാണ് നാം എന്നുള്ള പ്രായോഗിക വീക്ഷണം സ്വീകരിക്കുന്നത് നല്ലതാണ്. (1 യോഹന്നാൻ 1:8-2:2) അപ്പോൾ, നമ്മെ മററുള്ളവരിൽനിന്ന് വ്യത്യസ്തരാക്കുന്നതെന്താണ്? നമുക്ക് ലഭിച്ചതല്ലാതെ മറെറാന്നുമില്ലാത്തതിനാൽ നാം നമ്മിൽതന്നെയോ നമ്മുടെ വംശപശ്ചാത്തലത്തിലുള്ള മററുള്ളവരെയോ കുറിച്ച് പൊങ്ങച്ചം പറയുന്നതെന്തിന്?—1 കൊരിന്ത്യർ 4:6, 7 താരതമ്യപ്പെടുത്തുക.
13.നമുക്ക് സഭയുടെ ഐക്യത്തിന് എങ്ങനെ സംഭാവന ചെയ്യാൻ കഴിയും, ഫിലിപ്യർ 2:1-11-ൽ നിന്ന് എന്ത് പഠിക്കാൻ കഴിയും?
13 നാം മററുള്ളവരുടെ നല്ല ഗുണങ്ങൾ അംഗീകരിക്കയും അവയോട് വിലമതിപ്പ് പ്രകടിപ്പിക്കുകയുമാണെങ്കിൽ നമുക്ക് സഭയുടെ ഐക്യത്തിന് സംഭാവന ചെയ്യാൻ കഴിയും. യഹൂദനായിരുന്ന അപ്പോസ്തലനായ പൗലോസ് വിജാതീയ ഫിലിപ്യരോട് ഇങ്ങനെ പറഞ്ഞപ്പോൾ നമുക്കെല്ലാം ചിന്തക്ക് വക നൽകി: “മൽസരത്തിൽനിന്നോ അഹന്തയിൽനിന്നോ യാതൊന്നും ചെയ്യാതെ, മനസ്സിന്റെ എളിമയോടെ മററുള്ളവർ നിങ്ങളെക്കാൾ ശ്രേഷ്ഠരെന്ന് പരിഗണിച്ചുകൊണ്ട്, ദേഹിയിൽ ഏകീഭവിച്ച് മനസ്സിൽ ഏകചിന്ത പുലർത്തുന്നതിനാൽ നിങ്ങൾ ഏക മനസ്സിലും ഒരേ സ്നേഹത്തിലും ഇരിക്കുന്നതിൽ എന്റെ സന്തോഷത്തെ പൂർണ്ണമാക്കുക.” ഏത് വർഗ്ഗത്തിലും ദേശീയതയിലുംപെട്ട സമസൃഷ്ടികളോട് നാം പ്രകടിപ്പിക്കേണ്ട ഉചിതമായ മനോഭാവം യേശുക്രിസ്തു കാട്ടിത്തന്നു. അവൻ ശക്തനായ ഒരു ആത്മീയ ജീവി ആയിരുന്നെങ്കിലും അവൻ “മനുഷ്യരുടെ സാദൃശ്യത്തിലായി” സകല ഗോത്രത്തിലും ജനതയിലുംപെട്ട പാപപൂർണ്ണരായ മനുഷ്യർക്കുവേണ്ടി ദണ്ഡനസ്തംഭത്തിലെ മരണത്തോളം തന്നെത്തന്നെ താഴ്ത്തി. (ഫിലിപ്യർ 2:1-11) യേശുവിന്റെ അനുഗാമികൾ എന്ന നിലയിൽ, അപ്പോൾ നാം, മററുള്ളവർ നമ്മെക്കാൾ ശ്രേഷ്ഠരാണെന്ന് സമ്മതിച്ചുകൊണ്ട് സ്നേഹവും താഴ്മയും സഹാനുഭൂതിയും ഉള്ളവരായിരിക്കേണ്ടതല്ലേ?
ശ്രദ്ധിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക
14.മററുള്ളവരെ നമ്മേക്കാൾ ശ്രേഷ്ഠരെന്ന് പരിഗണിക്കാൻ നാം എങ്ങനെ സഹായിക്കപ്പെട്ടേക്കാം?
14 മററുള്ളവർ സംസാരിക്കുമ്പോൾ നാം യഥാർത്ഥത്തിൽ ശ്രദ്ധിക്കുകയും അവധാനപൂർവ്വം അവരുടെ നടത്തയെ നിരീക്ഷിക്കുകയുമാണെങ്കിൽ മററുള്ളവരെ ശ്രേഷ്ഠരെന്ന് പരിഗണിക്കാൻ നാം സഹായിക്കപ്പെടും. ദൃഷ്ടാന്തമായി, ഒരുപക്ഷേ, മറെറാരു വർഗ്ഗത്തിൽപ്പെട്ട ഒരു സഹമൂപ്പൻ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ ഫലപ്രദമായ ബുദ്ധ്യുപദേശം കൊടുക്കുന്നതിലുള്ള പ്രാപ്തിയിൽ നമ്മേക്കാൾ മികച്ചു നിൽക്കുന്നതായി നാം സത്യസന്ധമായി സമ്മതിക്കേണ്ടതുണ്ടായിരിക്കാം. അവശ്യം അയാളുടെ ഭാഷാശൈലിയോ സംസാരരീതിയോ അല്ല, പിന്നെയോ അയാളുടെ ആത്മീയതയാണ് യോഗ്യതയുള്ള രാജ്യപ്രഘോഷകരായിത്തീരാൻ സഹവിശ്വാസികളെ സഹായിക്കുന്നതിൽ നല്ലഫലങ്ങൾ ലഭിക്കാൻ അയാളെ പ്രാപ്തനാക്കുന്നതെന്ന് നാം തിരിച്ചറിഞ്ഞേക്കാം. യഹോവ അയാളുടെ ശ്രമങ്ങളെ അനുഗ്രഹിക്കുന്നു എന്നത് സ്പഷ്ടമാണ്.
15.നാം സഹാരാധകരുടെ പ്രസ്താവനകൾ ശ്രദ്ധിക്കുമ്പോൾ നാം എന്ത് കുറിക്കൊണ്ടേക്കാം?
15 നാം നമ്മുടെ സഹോദരീസഹോദരൻമാരുമായി സംഭാഷണം നടത്തുകയോ യോഗങ്ങളിലെ അവരുടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കുകയോ ചെയ്യുമ്പോൾ, അവരിൽ ചിലർക്ക് ചില തിരുവെഴുത്തു സത്യങ്ങൾ സംബന്ധിച്ച് നമ്മേക്കാൾ മെച്ചമായ ഗ്രാഹ്യമുണ്ടെന്ന് നാം ഗ്രഹിച്ചേക്കാം. അവരുടെ സഹോദരപ്രീതി ഏറെ ശക്തമായി കാണപ്പെടുന്നുവെന്നോ അവർക്ക് കൂടുതൽ വിശ്വാസമുള്ളതായി തോന്നുന്നുവെന്നോ അവർ യഹോവയിലുള്ള വർദ്ധിച്ച ആശ്രയത്തിന്റെ തെളിവ് നൽകുന്നുവെന്നോ നാം തിരിച്ചറിഞ്ഞേക്കാം. അതുകൊണ്ട് അവർ നമ്മുടെ വംശപശ്ചാത്തലത്തിൽപെട്ടവരായിരുന്നാലും അല്ലെങ്കിലും, അവർ നമ്മെ സ്നേഹത്തിനും സൽപ്രവൃത്തികൾക്കും പ്രചോദിപ്പിക്കുകയും നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമാക്കാൻ സഹായിക്കുകയും നമ്മുടെ സ്വർഗ്ഗീയ പിതാവിൽ കൂടുതൽ ആശ്രയിക്കാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. (സദൃശവാക്യങ്ങൾ 3:5, 6; എബ്രായർ 10:24, 25, 39) യഹോവ അവരിലേക്ക് അടുത്തു ചെന്നിരിക്കുന്നുവെന്ന് പ്രകടമാണ്, നാമും അങ്ങനെ ആയിരിക്കണം.—യാക്കോബ് 4:8 താരതമ്യപ്പെടുത്തുക.
അനുഗ്രഹിക്കപ്പെടുകയും പുലർത്തപ്പെടുകയും ചെയ്യുന്നു
16, 17.ഏത് ദേശീയതയിലോ വർഗ്ഗത്തിലോ പെട്ട തന്റെ ദാസൻമാരെ അനുഗ്രഹിക്കുന്നതിൽ യഹോവ പക്ഷപാതിത്വമുള്ളവനല്ലെന്നുള്ള വസ്തുതയെ ദൃഷ്ടാന്തീകരിക്കുക.
16 ഏത് ദേശീയതയിലും അഥവാ വർഗ്ഗത്തിലുംപെട്ട തന്റെ ദാസൻമാരെ അനുഗ്രഹിക്കുന്നതിൽ യഹോവ പക്ഷപാതിത്വമുള്ളവനല്ല. ഉദാഹരണത്തിന്, ബ്രസീൽ രാജ്യത്തെക്കുറിച്ച് പരിചിന്തിക്കുക. 1920-ാം ആണ്ടോട് അടുത്ത് ബ്രസീലിലെ ജനങ്ങൾ ആദ്യമായി രാജ്യസന്ദേശം കേട്ടത് വിദേശമിഷനറിമാരിൽ നിന്നായിരുന്നില്ല, പിന്നെയോ എട്ട് ബ്രസീലിയൻ നാവികരിൽനിന്നായിരുന്നു. ദൈവത്തിന്റെ അനുഗ്രഹം പ്രകടമായിരുന്നു, എന്തെന്നാൽ 1987 സേവന വർഷമായതോടെ 14,13,02,000 നിവാസികളുള്ള ആ രാജ്യത്ത് 2,16,216 രാജ്യപ്രഘോഷകരുടെ ഒരു അത്യുച്ചമുണ്ടായിരുന്നു—654 പേർക്ക് ഒരു പ്രസാധകൻ എന്ന അനുപാതം.
17 ദിവ്യ അനുഗ്രഹത്തിന്റെ മറെറാരു ദൃഷ്ടാന്തം പരിഗണിക്കുക. ട്രിനിഡാഡ് എന്നാ കരീബിയൻ ദ്വീപിൽ നിന്നുള്ള യഹോവയുടെ കറുത്ത രണ്ട് സാക്ഷികൾ 1923 ഏപ്രിലിൽ പശ്ചിമാഫ്രിക്കയിൽ രാജ്യസന്ദേശം ഘോഷിക്കാനയക്കപ്പെട്ടു. അങ്ങനെയാണ് ഡബ്ളിയു. ആർ. ബ്രൗൺ സഹോദരനും സഹോദരിയും അവിടെ വർഷങ്ങളോളം സേവിക്കാനിടയായത്. അദ്ദേഹം “ബൈബിൾ ബ്രൗൺ” എന്ന് അറിയപ്പെട്ടു. “അവർ നടുകയും” മററുള്ളവരും ആ വിസ്തൃതമായ പ്രദേശത്ത് പ്രവർത്തിക്കവേ “ദൈവം വളർത്തിക്കൊണ്ടിരിക്കയും” ചെയ്തു. (1 കൊരിന്ത്യർ 3:5-9) ഇന്ന് ഘാനായിലെ രാജ്യപ്രഘോഷകരുടെ എണ്ണം 32,000-ത്തിലധികമാണ്. നൈജീരിയായിൽ തന്നെ 1,33,800-ൽ കൂടുതൽ ഉണ്ട്.
18, 19.നമ്മുടെ നിഷ്പക്ഷനായ ദൈവം എല്ലാ വർഗ്ഗങ്ങളിലും ജനതകളിലുംപെട്ട ദാസൻമാരെ പുലർത്തുന്നതിന്റെ ദൃഷ്ടാന്തങ്ങൾ നൽകുക.
18 യഹോവ സകല ജനതകളിലും വർഗ്ഗങ്ങളിലുംപെട്ട തന്റെ ദാസൻമാരെ അനുഗ്രഹിക്കുന്നു എന്ന് മാത്രമല്ല അവരെ പുലർത്തുകയും ചെയ്യുന്നു. ഉദാഹരണത്തിന്, യഹോവയുടെ രണ്ട് ജാപ്പനീസ് സാക്ഷികളുടെ സംഗതി പരിചിന്തിക്കുക. 1939 ജൂൺ 21-ാം തീയതി കാററ്സോമ്യൂറായും അയാളുടെ ഭാര്യയും അന്യായമായി അറസ്ററ് ചെയ്യപ്പെടുകയും ജയിലിൽ അടക്കപ്പെടുകയും അവരുടെ 5 വയസ്സുള്ള ആൺകുട്ടിയിൽനിന്ന് വേർപെടുത്തപ്പെടുകയും ചെയ്തു. അവനെ അവന്റെ വല്യമ്മ പരിപാലിക്കേണ്ടി വന്നു. മ്യൂറാ സഹോദരി 8 മാസങ്ങൾക്കു ശേഷം മോചിതയായി, എന്നാൽ വിസ്തരിക്കപ്പെടുന്നതിനുമുമ്പ് മ്യൂറാ സഹോദരൻ രണ്ട് വർഷത്തിലധികം ജയിലിൽ സൂക്ഷിക്കപ്പെട്ടിരുന്നു. അയാൾ ദുഷ്പെരുമാററം സഹിച്ചു. അയാൾ കുററക്കാരനെന്ന് കണ്ടെത്തപ്പെടുകയും 5 വർഷത്തെ തടവുശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്തു. ഹിറോഷിമയിലെ തടവിൽ ദൈവം തിരുവെഴുത്തുകളിലൂടെ അയാളെ പുലർത്തി. അവ നിലക്കാത്ത ആശ്വാസവും ശക്തിയും പ്രദാനം ചെയ്തു. അത്ഭുതം എന്ന് തോന്നുന്ന ഒരു സംഭവത്താൽ മ്യൂറാ സഹോദരൻ 1945 ഓഗസ്ററ് ആറാം തീയതി രക്ഷപെട്ടു. അന്ന് അണുബോംബ് സ്ഫോടനം അയാളുടെ കാരാഗൃഹത്തെ തകർത്തിരുന്നു. രണ്ട് മാസം കഴിഞ്ഞ് അയാൾക്ക് ജപ്പാന്റെ വടക്കൻ ഭാഗത്ത് തന്റെ ഭാര്യയോടും മകനോടും വീണ്ടും ചേരാൻ കഴിഞ്ഞു.
19 രണ്ടാം ലോകമഹായുദ്ധകാലത്ത് യഹോവയുടെ സാക്ഷികൾ അനേകം രാജ്യങ്ങളിൽ ഉഗ്രമായ പീഡനം അനുഭവിച്ചു. ഉദാഹരണത്തിന്, ജർമ്മനിയിലെയും നെതർലാൻറ്സിലെയും തടങ്കൽ പാളയങ്ങളിൽ കഷ്ടപ്പെട്ട ഒരു ജർമ്മൻ സഹോദരനായിരുന്നു റോബർട്ട് എ. വിംഗ്ളർ. അയാൾ തന്റെ സഹസാക്ഷികളെ ഒററിക്കൊടുക്കയില്ലാഞ്ഞതുകൊണ്ട് അയാളെ തിരിച്ചറിയാൻ കഴിയാത്തവിധം അയാൾ മൃഗീയമായി പ്രഹരിക്കപ്പെട്ടു. എല്ലാത്തരം കുഴപ്പങ്ങളിലും ഒരുവനെ സഹായിക്കുമെന്നുള്ള യഹോവയുടെ വാഗ്ദത്തങ്ങളെക്കുറിച്ചുള്ള ചിന്തകൾ, ഇതെല്ലാം സഹിക്കുന്നതിനുള്ള ശക്തിയും ആശ്വാസവും എനിക്ക് പകർന്നുതന്നു. . . . ശനിയാഴ്ച രഹസ്യപോലീസ് എന്നെ മർദ്ദിച്ചു. അടുത്ത തിങ്കളാഴ്ച വീണ്ടും അവർ എന്നെ ചോദ്യം ചെയ്യാനിരിക്കയായിരുന്നു. ഇനി എന്ത് സംഭവിക്കും, ഞാൻ എന്ത് ചെയ്യണമായിരുന്നു? ഞാൻ യഹോവയുടെ വാഗ്ദത്തങ്ങളിലാശ്രയിച്ചുകൊണ്ട് പ്രാർത്ഥനയിൽ അവനിലേക്ക് തിരിഞ്ഞു. രാജ്യവേലക്കുവേണ്ടിയും എന്റെ ക്രിസ്തീയ സഹോദരൻമാരുടെ സംരക്ഷണത്തിനുവേണ്ടിയും ദിവ്യാധിപത്യ യുദ്ധതന്ത്രം പ്രയോഗിക്കേണ്ടതാണെന്ന് എനിക്ക് അറിയാമായിരുന്നു. ഇതെല്ലാം സഹിക്കുന്നത് എനിക്കൊരു വലിയ പീഡാനുഭവമായിരുന്നു. 17-ാമത്തെ ദിവസം തികച്ചും ഞാൻ പരിക്ഷീണനായി. എന്നാൽ യഹോവയുടെ ശക്തിയിൽ ഈ പീഡാനുഭവം സഹിക്കുന്നതിനും നിർമ്മലതപാലിക്കുന്നതിനും എനിക്ക് കഴിഞ്ഞതിൽ ഞാൻ അവന് നന്ദികൊടുത്തു.—സങ്കീർത്തനം 18:35; 55:22; 94:18.
നമ്മുടെ സഹോദരവർഗ്ഗത്തോട് നന്ദിയുള്ളവർ
20.ഏത് വർഗ്ഗത്തിലും ജനതയിലുംപെട്ട സഹവിശ്വാസികളോടുള്ള നമ്മുടെ ബഹുമാനത്തെ എങ്ങനെ വർദ്ധിപ്പിക്കാൻ കഴിയും?
20 യഹോവ ഏത് ജനതയിലും വർഗ്ഗത്തിലും പെട്ട തന്റെ സാക്ഷികളെ അനുഗ്രഹിക്കുകയും പുലർത്തുകയും ചെയ്യുന്നുവെന്നതിന് സംശയമില്ല, അവൻ പക്ഷപാതിത്വമുള്ളവനല്ല. അവന്റെ സമർപ്പിത ദാസരെന്നനിലയിൽ പക്ഷപാതിത്വം കാണിക്കാൻ നമുക്ക് കാരണമോ ഒഴികഴിവോ ഇല്ല. മാത്രവുമല്ല ഏത് വർഗ്ഗത്തിലും ജനതയിലും പെട്ട നമ്മുടെ സഹോദരീസഹോദരൻമാരോടുള്ള നമ്മുടെ ബഹുമാനം, അവർ നമ്മേക്കാൾ ശ്രേഷ്ഠരായിരിക്കുന്ന വിധങ്ങളെക്കുറിച്ച് നാം പരിചിന്തിക്കുന്നുവെങ്കിൽ, വർദ്ധിക്കുന്നതായിരിക്കും. അവരും സ്വർഗ്ഗീയ ജ്ഞാനം ബാധകമാക്കുന്നു, അത് പക്ഷപാതിത്വപരമായ വ്യത്യാസങ്ങൾ കാണിക്കാതെ വിശിഷ്ട ഫലം ഉളവാക്കുന്നു. (യാക്കോബ് 3:13-18) അതെ, അവരുടെ ദയയും ഔദാര്യവും സ്നേഹവും മററ് ദൈവികഗുണങ്ങളും നമുക്ക് നല്ല ദൃഷ്ടാന്തങ്ങൾ പ്രദാനം ചെയ്യുന്നു.
21.നാം എന്തു ചെയ്യാൻ ദൃഢനിശ്ചയം ഉള്ളവരായിരിക്കണം?
21 അപ്പോൾ നമ്മുടെ ബഹുവർഗ്ഗ, ബഹുദേശീയ സഹോദരവർഗ്ഗത്തോട് നാം എത്ര നന്ദിയുള്ളവരായിരിക്കണം! നമ്മുടെ സ്വർഗ്ഗീയ പിതാവിന്റെ അനുഗ്രഹത്തോടും സഹായത്തോടും കൂടെ നമുക്ക് സഹോദരപ്രീതിയിലും പരസ്പരമുള്ള ബഹുമാനത്തിലും “അവനെ തോളോടു തോൾ ചേർന്ന് സേവിക്കാം.” തീർച്ചയായും യഹോവയെ ഏക മനസ്സോടെ സേവിക്കയെന്നത് നമ്മുടെ ആത്മാർത്ഥമായ ആഗ്രഹവും ദൃഢനിശ്ചയവും ആയിരിക്കേണ്ടതാണ്. (w88 5/15)
നിങ്ങളുടെ അഭിപ്രായങ്ങൾ എന്താണ്?
□ “ശുദ്ധമായ ഭാഷ” എന്ത് ചെയ്യാൻ എല്ലാവംശീയ പശ്ചാത്തലത്തിലും പെട്ട യഹോവയുടെ ദാസൻമാരെ പ്രാപ്തരാക്കുന്നു?
□ ഇന്ന് ഹഗ്ഗായി 2:7 നിവർത്തിക്കപ്പെടുന്നതെങ്ങനെ, ഇത് മററ് ദൈവദാസൻമാരെ സംബന്ധിച്ച നമ്മുടെ വീക്ഷണത്തെ എങ്ങനെ ബാധിക്കണം?
□ ഫിലിപ്യർ 2:3-ന് ഏതു വർഗ്ഗത്തിലും ജനതയിലും പെട്ട ആളുകളോടുള്ള നമ്മുടെ ബന്ധത്തെ എങ്ങനെ ബാധിക്കാൻ കഴിയും?
□ നാം ശ്രദ്ധിക്കയും നിരീക്ഷിക്കയുമാണെങ്കിൽ മററ് ദേശീയ പശ്ചാത്തലങ്ങളിൽപെട്ട സഹവിശ്വാസികളെ സംബന്ധിച്ച് നാം എന്ത് തിരിച്ചറിയും?
[9-ാം പേജിലെ ചിത്രങ്ങൾ]
സകല വർഗ്ഗങ്ങളിലും ജനതകളിലുംപെട്ട ആളുകൾ യഹോവയെ ഏകമനസ്സോടെ സ്തുതിക്കുന്നു
[10-ാം പേജിലെ ചിത്രങ്ങൾ]
അവധാനപൂർവ്വം ശ്രദ്ധിക്കയും നിരീക്ഷിക്കയും ചെയ്യുക. യഹോവയുടെ മററ് സാക്ഷികളുടെ വാക്കുകളിലും പ്രവൃത്തികളിലും പ്രകടമാകുന്ന വിശ്വാസത്താലും സ്നേഹത്താലും നിങ്ങൾ വികാരാധീനരാകും