കർത്താവിന്റെ ദിവസം നിങ്ങൾക്ക് എന്തു കൈവരുത്തും?
“നിന്റെ ശത്രുക്കളുടെ മദ്ധ്യേ കീഴടക്കിക്കൊണ്ടു പുറപ്പെടുക.”—സങ്കീർത്തനം 110:2.
1-3. (എ) കർത്താവിന്റെ ദിവസത്തിന്റെ തുടക്കം പോരാട്ടത്തിന്റെ ഒരു സമയമായിരിക്കുന്നതെന്തുകൊണ്ട്, യേശുവിന്റെ വിജയങ്ങളിൽ ചിലത് ഏവയാണ്? (ബി) യേശു തന്റെ “ജയിച്ചടക്കൽ പൂർത്തീകരിക്കുന്ന”തെങ്ങനെ?
യേശു 1914-ൽ ദൈവരാജ്യത്തിന്റെ രാജാവായി അവരോധിക്കപ്പെട്ടു, കർത്താവിന്റെ ദിവസം തുടങ്ങി. ഉടൻതന്നെ, പുതിയ രാജാവ് പിശാചായ സാത്താനിൽനിന്നും അവന്റെ ഭൂമിയിലെ ഏജൻറൻമാരിൽനിന്നുമുള്ള ശക്തമായ എതിർപ്പിനെ അഭിമുഖീകരിച്ചു. (സങ്കീർത്തനം 2:1-6) അതുകൊണ്ട്, കർത്താവിന്റെ ദിവസത്തിന്റെ ഈ പ്രാരംഭവർഷങ്ങൾ ഒരു പോരാട്ടത്തിന്റെ സമയമാണ്. അതിൽ യേശു ‘അവന്റെ ശത്രുക്കളുടെ മദ്ധ്യേ കീഴടക്കിക്കൊണ്ടു’ പുറപ്പെട്ടിരിക്കുന്നു.—സങ്കീർത്തനം 110:2.
2 പുതിയ രാജാവിന്റെ ദിഗ്വിജയങ്ങൾ മതിപ്പുളവാക്കുന്നവയായിരുന്നു. 1914-നു ശേഷം, സാത്താൻ നവജാത രാജ്യത്തെ “വിഴുങ്ങിക്കളയാൻ” ശ്രമിച്ചു. എന്നാൽ പകരം അവൻ അവജ്ഞയോടെ സ്വർഗ്ഗത്തിൽനിന്ന് എറിയപ്പെട്ടു. (വെളിപ്പാട് 12:1-12) അനന്തരം അവൻ അഭിഷിക്തരുടെ ശേഷിപ്പിനെതിരെ ‘യുദ്ധം ചെയ്തു.’ എന്നാൽ അവർ 1919-ൽ ‘എഴുന്നേററുനിൽക്കു’ന്നതിനെയോ യേശുക്രിസ്തുവിന്റെ കൈയിൽനിന്ന് “ചെറിയ ചുരുൾ” സ്വീകരിക്കുന്നതിനെയോ തടയാൻ അവൻ പ്രാപ്തനായില്ല. (വെളിപ്പാട് 10:8-11; 11:11, 12; 12:17) അവൻ 1,44,000-ത്തിന്റെ അവസാന അംഗങ്ങളെ ശേഖരിക്കുന്നതിനെയും “[യഹോവയുടെ] ആലയത്തിൽ പകലും രാവും വിശുദ്ധസേവനം അർപ്പിക്കുന്ന” (സകല ജനതകളിൽനിന്നുമുള്ള) മഹാപുരുഷാരത്തെ കൂട്ടിച്ചേർക്കുന്നതിനെയും തടയുന്നതിനും തുല്യമായി അശക്തനായിരുന്നു.—വെളിപ്പാട് 7:1-3, 9-15.
3 തീർച്ചയായും, 1914 മുതൽ യേശു ‘ജയിച്ചടക്കിക്കൊണ്ടു പുറപ്പെട്ടിരിക്കുന്നു.’ എന്നിരുന്നാലും, വളരെയധികം ചെയ്യാൻ ശേഷിച്ചിട്ടുണ്ട്. യേശു ഇനിയും തന്റെ “ജയിച്ചടക്കൽ പൂർത്തീകരി”ക്കേണ്ടതുണ്ട്. സാത്താന്റെ ലോകവ്യവസ്ഥിതിയുടെ സകല കണികകളെയും നീക്കംചെയ്യുന്നതിന് അവൻ ഇനിയും നടപടിയെടുക്കേണ്ടതുണ്ട്. (വെളിപ്പാട് 6:1, 2; 19:11-21) ഈ സുപ്രധാന പ്രവൃത്തി വ്യക്തികളെന്ന നിലയിൽ നമുക്ക് എന്തു കൈവരുത്തും?
മഹാബാബിലോന്റെ പരസ്യമായ ഉരിയൽ
4. വെളിപ്പാടിൽ വ്യാജമതം വർണ്ണിക്കപ്പെട്ടിരിക്കുന്നതെങ്ങനെ?
4 വ്യാജമതത്തിന്റെ അവസാനത്തോടെ സാത്താന്റെ ലോകത്തിന്റെ നാശം തുടങ്ങുന്നു. വെളിപ്പാട് ക്രൈസ്തവലോകം ഉൾപ്പെടെയുള്ള വ്യാജമതത്തിന്റെ മുഴു ലോകസാമ്രാജ്യത്തെയും മഹാബാബിലോൻ എന്ന ഒരു വേശ്യയായി വർണ്ണിക്കുന്നു. അവൾക്ക് ഭൂമിയിലെ രാജാക്കൻമാരോട് ബന്ധങ്ങളുണ്ട്. അവൾ തന്റെ ദുർവൃത്തികൊണ്ട് മനുഷ്യവർഗ്ഗത്തെ മത്തരാക്കുന്നു. അവൾതന്നെ ധിക്കാരപൂർവം രക്തം, ദൈവദാസൻമാരുടെ രക്തം, കുടിച്ച് മത്തുപിടിച്ചിരിക്കുന്നു. (വെളിപ്പാട് 17:1-6) വെളിപ്പാട് വെറുക്കത്തക്ക ഈ വൃദ്ധവേശ്യയുടെ അന്തത്തെയും വർണ്ണിക്കുന്നു. നമ്മുടെ പൊതുയുഗത്തിനുമുമ്പ് ഏഴാം നൂററാണ്ടിൽ സ്ഥിതിചെയ്തിരുന്ന മറെറാരു മതവേശ്യക്ക് എന്തു സംഭവിച്ചുവെന്ന് നാം പരിഗണിക്കുമ്പോൾ ഇതു എന്തു കൈവരുത്തുമെന്ന് നമുക്ക് മെച്ചമായി മനസ്സിലാക്കാൻ കഴിയും.
5, 6. അവിശ്വസ്ത യരൂശലേം ഒരു വേശ്യയെന്ന് വിളിക്കപ്പെട്ടതെന്തുകൊണ്ട്, ഇത് യഹോവയുടെ കൈയാൽ അവളുടെമേൽ എന്തു ന്യായവിധി വരുത്തി?
5 ഈ വേശ്യ യരൂശലേം നഗരമായിരുന്നു. അവൾ ഭൂമിയിലെ യഹോവയുടെ ആരാധനയുടെ കേന്ദ്രമാണെന്ന് സങ്കൽപ്പിക്കപ്പെട്ടിരുന്നു, എന്നാൽ ദൈവം അവളോട് ഇങ്ങനെ പറഞ്ഞു: “നീ ചൊരിഞ്ഞിരിക്കുന്ന രക്തത്താൽ നീ കുററക്കാരിയായിരിക്കുന്നു.” (യെഹെസ്ക്കേൽ 22:4) അവൾ ആത്മീയമായി ശുദ്ധയായിരിക്കുമെന്നും വിചാരിക്കപ്പെട്ടിരുന്നു, എന്നാൽ അവൾ ജനതകളുമായി ഇടകലർന്ന് തന്നേത്തന്നെ വേശ്യയാക്കിത്തീർത്തിരുന്നു. “ഹാ, ഞാൻ നിനക്കെതിരെ എത്ര ക്രോധംനിറഞ്ഞവനായിരിക്കുന്നു” എന്ന് യഹോവ അവളോടു പറഞ്ഞു, “ഒരു സ്ത്രീയുടെ, ഒരു ഉദ്ധതയായ വേശ്യയുടെ, വേലയായ ഈ കാര്യങ്ങളെല്ലാം നീ ചെയ്തതുകൊണ്ടുതന്നെ!”—യെഹെസ്ക്കേൽ 16:30; 23:1-21; യാക്കോബ് 4:4.
6 അപ്പോൾ, ഈ വേശ്യയുടെ മേലുള്ള യഹോവയുടെ ന്യായവിധി പരിചിന്തിക്കുക: “നീ ആരുമായി ഉല്ലസിച്ചോ, ആ വികാരതീക്ഷ്ണതയോടെ നിന്നെ സ്നേഹിച്ച എല്ലാവരെയും [ജനതകളെ] ഇതാ ഞാൻ കൂട്ടിച്ചേർക്കുന്നു . . . , അവർ നിന്റെ വസ്ത്രങ്ങൾ ഉരിഞ്ഞ് നിന്റെ മനോഹരവസ്തുക്കൾ എടുക്കുകയും നിന്നെ നഗ്നയും വിവസ്ത്രയുമാക്കുകയും ചെയ്യും. അവർ നിന്റെ വീടുകളെ തീകൊണ്ടു ചുട്ടെരിക്കേണ്ടതാണ്.” (യെഹെസ്ക്കേൽ 16:37, 39, 41; 23:25-30) എന്തു സംഭവിച്ചുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ക്രി.മു. 607-ൽ ബാബിലോന്യർ വരുകയും യരുശലേമിനെ ഉരിയുകയുംചെയ്തു. അവളുടെ ജനവും അവളുടെ ധനവും ബാബിലോനിലേക്കു കൊണ്ടുപോകപ്പെട്ടു. നഗരം നശിപ്പിക്കപ്പെട്ടു, ആലയം ചുട്ടെരിക്കപ്പെട്ടു, ദേശം ശൂന്യമാക്കപ്പെട്ടു.—2 ദിനവൃത്താന്തം 36:17-21.
7. മഹാബാബിലോന്റെ അന്തം എന്തായിരിക്കും?
7 മഹാബാബിലോന് സമാനമായ ചിലതു സംഭവിക്കും. വെളിപ്പാട് ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “ഇവർ [മഹാബാബിലോൻ ആത്മീയ വേശ്യാവൃത്തിയിലേർപ്പെട്ട ആധുനിക “രാജാക്കൻമാർ” അഥവാ ഭരണാധികാരികൾ] വേശ്യയെ ദ്വേഷിക്കുകയും അവളെ ശൂന്യയും നഗ്നയുമാക്കി അവളുടെ മാംസളഭാഗങ്ങൾ തിന്നുകയും അവളെ പൂർണ്ണമായി തീകൊണ്ടു ദഹിപ്പിക്കുകയും ചെയ്യും.” (വെളിപ്പാട് 17:2, 16) പുരാതന യരൂശലേമിന്റെ ദൃഷ്ടാന്തത്തിൽനിന്ന് ഇതിന്റെ അർത്ഥമെന്തായിരിക്കുമെന്ന് നമുക്കറിയാം. വ്യാജമതം അവളെ മുമ്പു ‘സ്നേഹിച്ചിരുന്ന’ ദേശീയ ഗവൺമെൻറുകളാൽ നശിപ്പിക്കപ്പെടും. അവളുടെ ധനം ഉരിയപ്പെടും, അവൾ ദഹിപ്പിക്കപ്പെടും, പൂർണ്ണമായി നശിപ്പിക്കപ്പെടും. ഒരു വെറുക്കത്തക്ക സ്ഥാപനത്തിന്റെ സമുചിതമായ അന്തം!
ആകാശങ്ങൾ ഇരുളുന്നു
8. മനുഷ്യവർഗ്ഗത്തിന് മഹോപദ്രവം ഏതു തരം സമയമായിരിക്കും?
8 മഹാബാബിലോൻ നശിപ്പിക്കപ്പെടുന്നതോടെ നാം യേശു പ്രവചിച്ചിരുന്ന “മഹോപദ്രവ”ത്തിൽ പ്രവേശിച്ചിരിക്കും. (മത്തായി 24:21; വെളിപ്പാട് 7:14) ആ കാലത്തെക്കുറിച്ച് വെളിപ്പാട് പറയുന്നു: “ഒരു വലിയ ഭൂകമ്പം ഉണ്ടായി; സൂര്യൻ കരിമ്പടംപോലെ കറുത്തു, മുഴു ചന്ദ്രനും രക്തംപോലെയായി, ആകാശത്തിലെ നക്ഷത്രങ്ങൾ ഭൂമിയിലേക്കു വീണു.” (വെളിപ്പാട് 6:12, 13) ഈ വലിയ ഭൂകമ്പം യെഹെസ്ക്കേൽ പ്രവചിച്ചിരുന്ന “ഇസ്രായേൽമണ്ണിലെ” “വലിയ കമ്പനം” ആണ്. (യെഹെസ്ക്കേൽ 38:18, 19; യോവേൽ 3:14-16) അത് ഈ ദുഷ്ട വ്യവസ്ഥിതിയുടെ അന്തിമ നാശമാണ്. ആ സമയത്ത് അക്ഷരീയ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങൾക്കും എന്തെങ്കിലും സംഭവിക്കുമോ?
9, 10. ഈജിപ്ററിന്റെ കാര്യത്തിൽ യെഹെസ്ക്കേൽ എന്തു പ്രവചിച്ചു, ഇത് എങ്ങനെ നിവർത്തിക്കപ്പെട്ടു?
9 ഇസ്രായേലിന്റെ വലിയ ദക്ഷിണ അയൽരാജ്യമായിരുന്ന ഈജിപ്ററിന്റെ വരാനിരുന്ന പതനത്തെക്കുറിച്ച് മുന്നറിയിപ്പു കൊടുത്തുകൊണ്ട് യെഹെസ്ക്കേൽ പറഞ്ഞു: “നീ [ഫറവോൻ] കെട്ടുപോകുമ്പോൾ ഞാൻ ആകാശങ്ങളെ മൂടുകയും അവയിലെ നക്ഷത്രങ്ങളെ ഇരുളാക്കുകയും ചെയ്യും. സൂര്യനെ സംബന്ധിച്ചാണെങ്കിൽ, മേഘങ്ങൾ കൊണ്ട് ഞാൻ അതിനെ മൂടും, ചന്ദ്രൻതന്നെ വെളിച്ചം പ്രകാശിപ്പിക്കുകയില്ല. ആകാശങ്ങളിലെ സകല പ്രകാശഗോളങ്ങളും—നീ നിമിത്തം ഞാൻ അവയെ ഇരുളാക്കും, നിന്റെ ദേശത്തു ഞാൻ ഇരുട്ടു വരുത്തും’ എന്നാണ് പരമാധികാര കർത്താവാം യഹോവയുടെ അരുളപ്പാട്.”—യെഹെസ്ക്കേൽ 32:7, 8.
10 ഫറവോനും അവന്റെ സൈന്യവും നിപതിച്ചപ്പോൾ അക്ഷരീയ ആകാശങ്ങൾ ഇരുണ്ടില്ല. എന്നാൽ ഈജിപ്ററിന്റെ ഭാവി വളരെ ഇരുണ്ടുപോയി. ബൈബിൾ പണ്ഡിതനായ സി. എഫ്. കീൽ പ്രസ്താവിക്കുന്ന പ്രകാരം, “[ഫറവോന്റെ വീഴ്ചയെ തുടർന്നുള്ള] ഇരുട്ട് തികച്ചും നിരാശാജനകമായ സാഹചര്യങ്ങളുടെ ഒരു ആലങ്കാരിക ചിത്രീകരണമാണ്.” ഒരു സ്വതന്ത്ര ലോകശക്തിയെന്ന നിലയിൽ എന്നേക്കുമായി അസ്തമിച്ചുപോയ ഈജിപ്ററ് ഒരു ലോകശക്തിക്കു പിന്നാലെ മറെറാന്നിനാൽ ഭരിക്കപ്പെട്ടു! ഇന്ന്, പുരാതന ഫറവോന്യലോകശക്തിയുടെ പ്രദേശത്തിലധികവും ഒരു അറബിജനതയാലാണ് ഭരിക്കപ്പെടുന്നത്.
11. (എ) ഈജിപ്ററിനു സംഭവിച്ചതിനാൽ മുൻചിത്രീകരിക്കപ്പെട്ടതെന്ത്? (ബി) മഹോപദ്രവത്തിൽ സാത്താന്റെ ലോകത്തിന് ഭാവി തികച്ചും ഇരുണ്ടതായിരിക്കുന്നതെങ്ങനെ?
11 എന്നാൽ യെഹെസ്ക്കേലിന്റെ പ്രവചനത്തിൽ കീൽ കൂടുതലായ ഒരു അർത്ഥം കണ്ടു. അദ്ദേഹം എഴുതുന്നു: “ഈ ലോകശക്തിയുടെ [ഈജിപ്ററിന്റെ] മറിച്ചിടീൽ അന്ത്യ ന്യായവിധിദിവസത്തിലെ ഭക്തികെട്ട സകല ലോകശക്തികളുടെയും മറിച്ചിടീലിന്റെ സൂചനയും നാന്ദിയുമാകുന്നു.” ഇത് തത്വത്തിൽ സത്യമാണ്. വെളിപ്പാട് പ്രകടമാക്കുന്ന പ്രകാരം മഹോപദ്രവത്തിൽ ഭക്തികെട്ട മനുഷ്യവർഗ്ഗത്തിന്റെ പ്രതീക്ഷകൾ ഈജിപ്ററിന്റേതുപോലെ ഇരുണ്ടതായിരിക്കും. അത് പകൽ സൂര്യൻ വെളിച്ചം കൊടുക്കാത്തതുപോലെയും രാത്രിയിലെ ആകാശത്തിൽ ചന്ദ്രനിൽനിന്നുള്ള ഊഷ്മളമായ യാതൊരു പ്രകാശവുമില്ലാത്തതുപോലെയും നക്ഷത്രങ്ങളുടെ ഹിതകരമായ യാതൊരു സ്ഫുരണവും ഇല്ലാത്തതുപോലെയും ആയിരിക്കും. യഹോവയുടെ രാജാവിനെ ബഹുമാനിക്കാൻ വിസമ്മതിക്കുന്നവർ വെള്ളക്കുതിരപ്പുറത്തിരിക്കുന്നവൻ തന്റെ ജയിച്ചടക്കൽ പൂർത്തീകരിക്കുമ്പോൾ മാന്യമായ ഒരു ശവസംസ്ക്കാരം പോലുമില്ലാതെ നശിച്ചുപോകും. (വെളിപ്പാട് 19:11, 17-21; യെഹെസ്ക്കേൽ 39:4, 17-19) ഭക്തികെട്ട മനുഷ്യർ “പർവതങ്ങളോടും പാറക്കൂട്ടങ്ങളോടും: ‘ഞങ്ങളുടെമേൽ വീഴുകയും സിംഹാസനത്തിലിരിക്കുന്നവന്റെ മുഖത്തുനിന്നും കുഞ്ഞാടിന്റെ ക്രോധത്തിൽനിന്നും ഞങ്ങളെ മറയ്ക്കുകയും ചെയ്യുക, എന്തുകൊണ്ടെന്നാൽ അവരുടെ വലിയ ക്രോധദിവസം വന്നിരിക്കുന്നു, ആർക്കു നിൽക്കാൻകഴിയും?’” എന്നു വിളിച്ചുപറയുന്നത് അതിശയമല്ല.—വെളിപ്പാട് 6:16, 17; മത്തായി 24:30.
നടന്നുകൊണ്ടിരിക്കുന്ന യുദ്ധം!
12. കർത്താവിന്റെ ദിവസത്തിൽ സാത്താൻ യേശുക്രിസ്തുവിനോടുള്ള തന്റെ വിദ്വേഷം പ്രകടമാക്കിയിരിക്കുന്നതെങ്ങനെ?
12 എന്നാൽ ഈ കാലങ്ങളിലെ ക്രിസ്ത്യാനികളെ സംബന്ധിച്ചെന്ത്? കൊള്ളാം, അവർ സാത്താനും വെള്ളക്കുതിരപ്പുറത്തിരിക്കുന്നവനും തമ്മിലുള്ള നിലക്കാത്ത യുദ്ധത്താൽ അതിയായി ബാധിക്കപ്പെട്ടിരിക്കുന്നു. യേശുവിനെ വ്യക്തിപരമായി ദ്രോഹിക്കാൻ സാത്താനു കഴിയാത്തതുകൊണ്ട് അവൻ അഭിഷിക്തരിൽ ശേഷിച്ചവരുടെമേൽ തന്റെ ക്രോധത്തിന്റെ പൂർണ്ണശക്തി ചൊരിഞ്ഞിരിക്കുകയാണ്—കുറേക്കൂടെ അടുത്ത കാലത്ത് അവർക്കു ചുററും കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്ന ചെമ്മരിയാടുകളുടെ മഹാപുരുഷാരത്തിൻമേലും. യേശു മുന്നറിയിപ്പു നൽകിയതുപോലെ, ഇവർ “[അവന്റെ] നാമം നിമിത്തം സകല ജനതകളാലുമുള്ള വിദ്വേഷത്തിന്റെ ലക്ഷ്യങ്ങ”ളായിരിക്കുന്നു. (മത്തായി 24:9) സാത്താൻ കൂട്ടംകൂടിയുള്ള ആക്രമണം, തടവ്, ദണ്ഡനം, കൊല, എന്നിങ്ങനെ തന്റെ സ്വാധീനത്തിലുള്ള സകല ആയുധങ്ങളും അവർക്കെതിരെ യുദ്ധംചെയ്യാൻ ഉപയോഗിച്ചിരിക്കുന്നു.—2 തിമൊഥെയോസ് 3:12.
13. ദൈവജനത്തിനെതിരായ തന്റെ യുദ്ധത്തിൽ സാത്താൻ വഞ്ചന ഉപയോഗിച്ചിരിക്കുന്നതെങ്ങനെ?
13 സാത്താൻ വിദഗ്ദ്ധമായി വഞ്ചനയേയും ഉപയോഗിച്ചിരിക്കുന്നു. (എഫേസ്യർ 6:11) “ധനത്തിന്റെ വഞ്ചനാത്മകമായ ശക്തി” ഉപയോഗിച്ചുകൊണ്ട് അവൻ തങ്ങളുടെ വിശുദ്ധസേവനം മന്ദീഭവിപ്പിക്കാനോ നിർത്താൻപോലുമോ ചിലരെ പ്രലോഭിപ്പിച്ചിട്ടുണ്ട്. (മത്തായി 13:22; 1 തിമൊഥെയോസ് 6:9, 10) അവൻ മററു ചിലരെ അശുദ്ധിയിലേക്കും ദുർമ്മാർഗ്ഗത്തിലേക്കും ആകർഷിച്ചിരിക്കുന്നു. (1 കൊരിന്ത്യർ 5:1, 2) അനേകർ “ജീവിതോൽക്കണ്ഠകൾ” നിമിത്തം ഭാരിച്ച സമ്മർദ്ദത്തിൻകീഴിലാണ്, അവരെ ‘ഭാരപ്പെടുത്താൻ’ ശ്രമിക്കുന്നതിന് സാത്താൻ ഇതിനെ മുതലെടുക്കുന്നു. (ലൂക്കോസ് 21:34) മററു കേസുകളിൽ, അവൻ “കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങ”ളിൽനിന്ന് വ്യതിചലിപ്പിക്കാൻ വ്യക്തിത്വഭിന്നതകളെയൊ മത്സരപ്രവണതകളെയോ ഉപയോഗിച്ചിട്ടുണ്ട്.—ഫിലിപ്യർ 1:10; 1 കൊരിന്ത്യർ 1:11, 12; യാക്കോബ് 4:1-3.
14, 15. സാത്താനെതിരായ നമ്മുടെ പോരാട്ടത്തിൽ നമുക്കെങ്ങനെ ജയിച്ചടക്കാൻ കഴിയും?
14 അതുകൊണ്ട്, ക്രിസ്ത്യാനികൾക്ക് കർത്താവിന്റെ ദിവസത്തിൽ സഹിഷ്ണുത നട്ടുവളർത്തേണ്ടിവന്നിട്ടുണ്ട്. ചിലർ പരാജയപ്പെട്ടിരിക്കുന്നു, ഓരോ പരാജയവും സാത്താന് ഒരു ചെറിയ വിജയമായിരുന്നിട്ടുണ്ട്. (1 പത്രോസ് 5:8) എന്നാൽ മിക്കവരും യേശുവിന്റെ വാഗ്ദത്തം കേട്ടനുസരിച്ചിരിക്കുന്നു: “അവസാനത്തോളം സഹിച്ചിരിക്കുന്നവനാണ് രക്ഷിക്കപ്പെടുന്നത്.” (മത്തായി 24:13) യഹോവയിൽനിന്നുള്ള സഹായത്താൽ അവർ വിജയിക്കുകയും അവന്റെ ഹൃദയത്തിന് സന്തോഷം കൈവരുത്തുകയും ചെയ്തിരിക്കുന്നു.—സദൃശവാക്യങ്ങൾ 27:11; 1 യോഹന്നാൻ 2:13, 14.
15 തീർച്ചയായും, നമ്മിലാരും നാം വിട്ടുമാറുന്നതു കാണുന്നതിലുള്ള സംതൃപ്തി സാത്താനു കൊടുക്കാനാഗ്രഹിക്കുന്നില്ല! അതുകൊണ്ട്, നമുക്ക് പൗലോസിന്റെ ബുദ്ധിയുപദേശം അനുസരിക്കുകയും സത്യവും നീതിയും വിശ്വാസവുംകൊണ്ട് സായുധരാകുകയുംചെയ്യാം—തീക്ഷ്ണതയോടെ സുവാർത്ത പ്രസംഗിച്ചുകൊണ്ടും നമ്മുടെ വിശ്വാസത്തെ ശക്തമാക്കി നിർത്താൻ പഠനംനടത്തിക്കൊണ്ടുംതന്നെ. നമുക്ക് നിരന്തരം പ്രാർത്ഥിക്കുകയും ഉണർന്നിരിക്കുകയുംകൂടെ ചെയ്യാം. ആ വിധത്തിൽ, നാം “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുററാരോപണത്തിന് വിധേയരല്ലാ”യിരിക്കും. (1 കൊരിന്ത്യർ 1:8; എഫേസ്യർ 6:10-18; 1 തെസ്സലോനീക്യർ 5:17; 1 പത്രോസ് 4:7) എന്നാൽ, കർത്താവിന്റെ ദിവസം നമുക്ക് സമൃദ്ധമായ അനുഗ്രഹത്തിന്റെ ഒരു ഉറവായിരിക്കും.
അത്ഭുതകരമായ സേവനപദവികൾ
16. ഏഴ് ഇടികൾ പറഞ്ഞത് എഴുതാതിരിക്കാൻ യോഹന്നാനോടു പറയപ്പെട്ടതെന്തുകൊണ്ട്, 1919-ൽ അഭിഷിക്തക്രിസ്ത്യാനികൾക്ക് ഇതെന്തർത്ഥമാക്കി?
16 വെളിപ്പാട് 10:3, 4-ൽ “ഏഴു ഇടികൾ” അവയുടെ സ്വന്തം നാദം മുഴക്കുന്നതു താൻ കേട്ടതായി യോഹന്നാൻ പറയുന്നു. താൻ കേട്ടത് എഴുതിവെക്കാൻ അവൻ ആഗ്രഹിച്ചു, എന്നാൽ അവൻ ഇങ്ങനെ റിപ്പോർട്ടുചെയ്യുന്നു: “സ്വർഗ്ഗത്തിൽനിന്നുള്ള ഒരു ശബ്ദം ‘ഏഴു ഇടികൾ സംസാരിച്ച കാര്യങ്ങൾ മുദ്രയിടുക, അവ എഴുതരുത്’ എന്ന് പറയുന്നതു ഞാൻ കേട്ടു.” തെളിവനുസരിച്ച് അങ്ങനെയുള്ള വിവരങ്ങൾ പുറത്തുവിടാനുള്ള സമയം അപ്പോൾ വന്നിരുന്നില്ല. പകരം, ചെറിയ ചുരുൾ എടുത്ത് തിന്നാൻ യോഹന്നാനോടു പറയപ്പെട്ടു. ഏഴ് ഇടികൾ യഹോവയുടെ ഉദ്ദേശ്യങ്ങളുടെ ഒരു പൂർണ്ണമായ വെളിപ്പെടുത്തലിനെ പ്രതിനിധാനംചെയ്യുന്നതായി കാണപ്പെടുന്നു. (സങ്കീർത്തനം 29:3; യോഹന്നാൻ 12:28, 29; വെളിപ്പാട് 4:5) അന്ന് 1919-ൽ അഭിഷിക്തക്രിസ്ത്യാനികൾ ആലങ്കാരികമായി ചെറിയ ചുരുൾ തിന്നപ്പോൾ അത് അവർക്ക് യഹോവയുടെ ഉദ്ദേശ്യങ്ങളുടെ പൂർണ്ണഗ്രാഹ്യം ലഭിക്കുന്നതിനുള്ള സമയമല്ലായിരുന്നു. (ദാനിയേൽ 12:8, 9 താരതമ്യപ്പെടുത്തുക.) എന്നാൽ അവർ തങ്ങൾക്കു ലഭിച്ച ഗ്രാഹ്യത്തോടെ നിർഭയം മുന്നേറുകയും കൂടുതൽ പ്രകാശനത്തിന് തങ്ങൾ അർഹരാണെന്ന് തെളിയിക്കുകയുംചെയ്തു.
17. യഹോവ തന്റെ ജനത്തിന് 1919 മുതലുള്ള വർഷങ്ങളിൽ നൽകിയ പുതിയ ഉൾക്കാഴ്ചകളിൽ ചിലതേവ?
17 പിന്നീട്, പല വർഷങ്ങളിൽ അവർക്ക് ക്രമാനുഗതമായി യഹോവയുടെ ഇഷ്ടത്തിന്റെ വ്യക്തതയേറിയ ഗ്രാഹ്യം കൊടുക്കപ്പെട്ടു. ദൃഷ്ടാന്തമായി, യേശുവിന്റെ ഉപമയിലെ ചെമ്മരിയാടുകൾ അർമ്മഗെദ്ദോനു മുമ്പുതന്നെ കോലാടുകളിൽനിന്ന് വേർതിരിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന് അവർ തിരിച്ചറിയാനിടയായി. (മത്തായി 25:31-46) 1914-ലെ രാജ്യത്തിന്റെ ജനനം വെളിപ്പാട് 12-ന്റെ നിവൃത്തിയായിട്ടാണെന്ന് അവർ കണ്ടു. അവർ യഹോവയുടെ നാമത്തിന്റെ പ്രാധാന്യം സംബന്ധിച്ച് ആഴമേറിയ ഒരു വിലമതിപ്പിലേക്കു വന്നു. വെളിപ്പാട് 7-ാം അദ്ധ്യായത്തിലെ മഹാപുരുഷാരം യഥാർത്ഥത്തിൽ ആരാണെന്ന് അവർ മനസ്സിലാക്കി. ഈ തുടർച്ചയായ വെളിപ്പാടുകൾ ദൈവജനത്തിന് എന്തു ഉറപ്പുനൽകി!—സദൃശവാക്യങ്ങൾ 4:18; 2 പ്രതോസ് 1:19.
18. കർത്താവിന്റെ ദിവസത്തിൽ യഹോവയുടെ ജനം ഏത് മുന്തിയ സേവനപദവികളിൽ പങ്കുപററിയിരിക്കുന്നു, ഇത് നമ്മുടെ ഹൃദയങ്ങളിൽ ഏതു ബോധം കെട്ടുപണിചെയ്യുന്നു?
18 അതേസമയം, യഹോവ തന്റെ ഭൗമികദാസൻമാരെ മുന്തിയ സേവനപദവികൾ ഭരമേൽപ്പിച്ചു. ഒരു ഗംഭീരദർശനത്തിൽ ദൂതൻമാർ മനുഷ്യവർഗ്ഗത്തിനുവേണ്ടി നിത്യസുവാർത്ത ഘോഷിക്കുന്നത് യോഹന്നാൻ കണ്ടു, മഹാബാബിലോന്റെ വീഴ്ച വിളംബരംചെയ്തുകൊണ്ടും കാട്ടുമൃഗത്തിന്റെ അടയാളം സ്വീകരിക്കുന്നതിനെതിരെ മുന്നറിയിപ്പുകൊടുത്തുകൊണ്ടുംതന്നെ. (വെളിപ്പാട് 14:6-10) നിസ്സംശയമായി ദൂതൻമാർ ഈ ദിവ്യസേവനപദവികൾക്ക് മേൽനോട്ടം വഹിച്ചെങ്കിലും ഭൂമിയിലെ യഹോവയുടെ സാക്ഷികളായ മനുഷ്യരായിരുന്നു യഥാർത്ഥത്തിൽ മനുഷ്യവർഗ്ഗത്തോട് ഈ സന്ദേശങ്ങൾ പ്രസ്താവിച്ചത്. യേശു “ഭൂമിയിലെ വിള” കൊയ്യുന്നതും യോഹന്നാൻ കാണുകയുണ്ടായി. (വെളിപ്പാട് 14:14-16) എന്നാൽ ഭൂമിയിലെ യേശുവിന്റെ പ്രജകളുടെ രാജ്യപ്രസംഗവേലയും ശിഷ്യരാക്കൽവേലയും മുഖേനയായിരുന്നു അവൻ ഈ വിള കൊയ്തത്. (മത്തായി 24:14; 28:19, 20) അത്തരം മർമ്മപ്രധാനമായ സേവനപദവികളിൽ ദൂതൻമാരോടും യേശുക്രിസ്തുവിനോടുതന്നെയും ചേർന്ന് പങ്കെടുക്കുന്നത് എന്തോരു പദവിയാണ്! അങ്ങനെ ചെയ്യുമ്പോൾ നാം യഥാർത്ഥത്തിൽ വിശ്വസ്ത ആത്മീയ ജീവികളടങ്ങുന്ന യഹോവയുടെ വലിയ അദൃശ്യ സ്വർഗ്ഗീയസ്ഥാപനത്തോട് ചേർച്ചയിലായിരിക്കുന്നതായി നമുക്കു തോന്നുന്നു.
ദിവ്യസംരക്തണം
19. (എ) ദൈവജനത്തോടുള്ള സാത്താന്റെ ശത്രുതയുടെ പരമകാഷ്ഠ എന്തായിരിക്കും? (ബി) അന്തിമ പരകോടിയായ പോരാട്ടത്തിൽ ആർ വിജയിക്കും?
19 ഈ ലോകത്തിന്റെ അവസാനം സമീപിക്കുമ്പോൾ സാത്താൻ ക്രിസ്ത്യാനികളുടെമേൽ അധികമധികം സമ്മർദ്ദം വരുത്തും. അവന്റെ ശത്രുതയുടെ പരമകാഷ്ഠ യെഹെസ്ക്കേൽ 38ഉം 39ഉം അദ്ധ്യായങ്ങളിൽ വർണ്ണിക്കപ്പെട്ടിരിക്കുന്നു. അവിടെ അവൻ മാഗോഗിലെ ഗോഗ് എന്ന് പ്രാവചനികമായി വിളിക്കപ്പെട്ടിരിക്കുന്നു. ഈ നിശ്വസ്തപ്രവചനമനുസരിച്ച്, സാത്താൻ ദൈവജനത്തെ എന്നെന്നേക്കുമായി നശിപ്പിക്കാൻ ശ്രമിക്കുന്നതിന് ഒരു സമഗ്രമായ ആക്രമണം നടത്തും. അവൻ വിജയിക്കുമോ? വെളിപ്പാട് ഉത്തരം പറയുന്നു: “പത്തു കൊമ്പുകൾ [ആധുനിക “രാജാക്കൻമാർ” അഥവാ ഭരണാധികാരികൾ] . . . കുഞ്ഞാടിനോടു പോരാടും, എന്നാൽ താൻ കർത്താധികർത്താവും രാജാധിരാജാവുമാകയാൽ കുഞ്ഞാട് അവരെ ജയിച്ചടക്കും. കൂടാതെ, അവനോടുകൂടെ വിളിക്കപ്പെട്ടവരും തെരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായവർ അങ്ങനെ ചെയ്യും.” (വെളിപ്പാട് 17:12, 14) വിശ്വസ്തക്രിസ്ത്യാനികൾ ജേതാവായ തങ്ങളുടെ വലിയ രാജാവിനോട് വിശ്വസ്തരായി നിലകൊള്ളുന്നുവെങ്കിൽ, അവർ ജയിച്ചടക്കുമെന്നു തീർച്ചയാണ്. ഗോഗിന്റെ സൈന്യങ്ങൾ പൂർണ്ണമായി നശിപ്പിക്കപ്പെടും.—യെഹെസ്ക്കേൽ 39:3, 4, 17-19; വെളിപ്പാട് 19:17-21.
20. കർത്താവിന്റെ ദിവസം മഹോപദ്രവത്തിൽ വിശ്വസ്ത ക്രിസ്ത്യാനികൾക്ക് എന്ത് അനുഗ്രഹങ്ങൾ കൈവരുത്തും?
20 അങ്ങനെ, കർത്താവിന്റെ ദിവസം ദൈവജനത്തിന് രക്ഷ കൈവരുത്തുന്നു. മഹോപദ്രവത്തിൽ ജീവനോടെയിരിക്കുന്ന അഭിഷിക്തരിൽ പെട്ടവർക്ക് തങ്ങളുടെ സ്വർഗ്ഗീയപദവിക്ക് ഉറപ്പു ലഭിക്കും, അവർ തങ്ങളുടെ ജീവിതഗതി വിശ്വസ്തമായി പൂർത്തീകരിക്കാൻ ദൃഢനിശ്ചയമുള്ളവരായിരിക്കും. (വെളിപ്പാട് 7:1-3; 2 തിമൊഥെയോസ് 4:6-8) മഹാപുരുഷാരവും അതിജീവിക്കും, യേശു “അവരെ ജീവജലത്തിന്റെ ഉറവുകളിലേക്ക് വഴിനടത്തും. ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും.” (വെളിപ്പാട് 7:14, 17) വിശ്വസ്തമായ സഹനത്തിന് എന്തോരു വിശിഷ്ട പ്രതിഫലം!
21. കർത്താവിന്റെ ദിവസത്തിൽ മഹോപദ്രവത്തിനുശേഷം ഭൂമിയിൽ എന്തു സംഭവിക്കും?
21 ഇപ്പോൾ കർത്താവിന്റെ ദിവസം ഒരു അത്ഭുതകരമായ ഘട്ടത്തിലേക്കു പ്രവേശിക്കുന്നു: ക്രിസ്തുയേശുവിന്റെ ആയിരവർഷവാഴ്ചയിലേക്ക്. (വെളിപ്പാട് 20:6, 11-15) വെളിപ്പാടിലും യെഹെസ്ക്കേലിലും പ്രവചിക്കപ്പെട്ടിരിക്കുന്ന ജീവജലനദി യഹോവയുടെ സിംഹാസനത്തിൽനിന്ന് മനുഷ്യവർഗ്ഗത്തിലേക്കു പ്രവഹിക്കും, അതിൽനിന്നു കുടിക്കുന്നവർ ക്രമേണ മാനുഷപൂർണ്ണതയിലേക്ക് ഉയർത്തപ്പെടും. (യെഹെസ്ക്കേൽ 47:1-12; വെളിപ്പാട് 22:1, 2) ഹേഡീസ് ശൂന്യമാക്കപ്പെടും, മരിച്ചുപോയ ശതകോടികൾക്ക് ഈ നദിയിൽനിന്നു കുടിക്കുന്നതിനുള്ള അവസരം ലഭിക്കും.—യോഹന്നാൻ 5:28, 29.
22. ക്രിസ്തുവിന്റെ ആയിരവർഷവാഴ്ചയുടെ അവസാനത്തിൽ മനുഷ്യവർഗ്ഗത്തിനുവേണ്ടി എന്തു സുപ്രധാന സംഭവങ്ങൾ കാത്തിരിക്കുന്നു?
22 ആയിരം വർഷത്തിന്റെ അവസാനത്തിൽ മനുഷ്യവർഗ്ഗം പൂർണ്ണതയിലേക്ക് ഉയർത്തപ്പെട്ടിരിക്കും. സാത്താന് ഭൗമികരംഗത്ത് അന്തിമമായി പ്രത്യക്ഷപ്പെടുന്നതിന് എത്ര ഉചിതമായ സമയം! അവൻ ഒരിക്കൽകൂടി മനുഷ്യവർഗ്ഗത്തെ വഞ്ചിക്കാൻ ശ്രമിക്കും, അന്നുപോലും ചിലർ അവനെ അനുഗമിക്കും. അവർ അർത്ഥവത്തായി “ഗോഗും മാഗോഗും” എന്നു വിളിക്കപ്പെടുന്നു, എന്തുകൊണ്ടെന്നാൽ അവർ യെഹെസ്ക്കേലിന്റെ പ്രവചനത്തിലെ ‘ഗോഗിന്റെ കൂട്ടം’ പ്രകടമാക്കിയ അതേ ദുരാത്മാവു പ്രകടമാക്കും. അവർ സാത്താനോടും അവന്റെ ഭൂതങ്ങളോടുംകൂടെ പ്രതീകാത്മക തീപ്പൊയ്കയിലേക്ക് എറിയപ്പെടുമ്പോൾ അവരുടെ മത്സരാത്മാവ് സകല നിത്യതയിലേക്കുമായി തുടച്ചുനീക്കപ്പെടും. (വെളിപ്പാട് 20:7-10; യെഹെസ്ക്കേൽ 39:11) ആ അന്തിമ പരിശോധനയിൽ വിശ്വസ്തരായി നിലകൊള്ളുന്നവർക്ക് യഥാർത്ഥത്തിൽ അനുഗൃഹീതമായ ഒരു ഭാവി കാത്തിരിക്കുന്നു. അന്ന് പൂർണ്ണരാക്കപ്പെട്ട മനുഷ്യവർഗ്ഗം യഹോവയുടെ നീതിയുള്ള സാർവത്രികസ്ഥാപനവുമായി ഒന്നായിത്തീരും. യഹോവയാം ദൈവംതന്നെ “സകലർക്കും സകലവുമായിത്തീരും”!—1 കൊരിന്ത്യർ 15:24, 28; വെളിപ്പാട് 20:5.
23. നാം ജീവിക്കുന്ന കാലത്തിന്റെ വീക്ഷണത്തിൽ നമ്മിലോരോരുത്തരും പൗലോസിന്റെ ഏതു ബുദ്ധിയുപദേശം അനുസരിക്കുന്നത് ഏററം ഉചിതമാണ്?
23 നാം സഹിച്ചുനിൽക്കുന്നുവെങ്കിൽ സങ്കൽപ്പത്തിനതീതമായ എന്തനുഗ്രഹങ്ങളാണ് നമുക്കായി കാത്തിരിക്കുന്നത്! കർത്താവിന്റെ ദിവസം ഇപ്പോൾ നന്നായി നീങ്ങിക്കൊണ്ടിരിക്കുന്നുവെന്നോർക്കുക. അത്ഭുതകരങ്ങളായ കാര്യങ്ങൾ ഇപ്പോൾത്തന്നെ സംഭവിച്ചുതുടങ്ങിയിരിക്കുന്നു. അപ്പോൾ പൗലോസിന്റെ വാക്കുകൾ സമുചിതമാണ്: “നമുക്ക് നൻമചെയ്യുന്നതിൽ മടുത്തുപോകാതിരിക്കാം, എന്തെന്നാൽ നാം ക്ഷീണിച്ചുപോകുന്നില്ലെങ്കിൽ തക്ക കാലത്തു കൊയ്യും.” (ഗലാത്യർ 6:9) തീർച്ചയായും ഈ കർത്താവിന്റെ ദിവസത്തിൽ “നൻമചെയ്യുന്നതിൽ മടുത്തുപോകാതിരിക്കാം.” നാം സഹിച്ചുനിൽക്കുന്നുവെങ്കിൽ ഈ ദിവസം നമ്മിലോരോരുത്തർക്കും നിത്യപ്രയോജനങ്ങൾ കൈവരുത്തും. (w88 10/15)
നിങ്ങൾക്കു വിശദീകരിക്കാൻ കഴിയുമോ?
◻ സാത്താന്റെ ലോകത്തിന്റെ നാശത്തിന്റെ ആദ്യഘട്ടം എന്താണ്?
◻ യേശു തന്റെ ശത്രുക്കളുടെ “ജയിച്ചടക്കൽ പൂർത്തീകരിക്കുന്ന”ത് എങ്ങനെ?
◻ സാത്താൻ കർത്താവിന്റെ ദിവസത്തിൽ യഹോവയുടെ സാക്ഷികൾക്കെതിരെ പോരാടിയിരിക്കുന്നതെങ്ങനെ?
◻ ദൈവജനം 1919 മുതൽ എന്തു ശ്രദ്ധേയമായ അനുഗ്രഹങ്ങൾ ആസ്വദിച്ചിരിക്കുന്നു?
◻ കാലത്തിന്റെ നീരൊഴുക്കിൽ നാം എവിടെയാണെന്നുള്ള വീക്ഷണത്തിൽ നിങ്ങൾ വ്യക്തിപരമായി എന്തു ചെയ്യാൻ നിശ്ചയം ചെയ്തിരിക്കുന്നു?
[16-ാം പേജിലെ ചിത്രം]
പുരാതന യരൂശലേമിനു സംഭവിച്ചത് പെട്ടെന്നുതന്നെ മഹാബാബിലോന് എന്തു സംഭവിക്കുമെന്ന് പ്രകടമാക്കുന്നു