യഹോവ നൽകിയിരിക്കുന്ന ഉൾക്കാഴച
“ജനത്തിന്റെ ഇടയിൽ ഉൾക്കാഴ്ചയുള്ളവരെ സംബന്ധിച്ചാണെങ്കിൽ, അവർ അനേകർക്ക് ഗ്രാഹ്യം നൽകും.”—ദാനിയേൽ 11:33.
1, 2. (എ) ഇസ്രായേല്യർ ദൈവത്തിന്റെ സ്നേഹദയ അനുഭവിച്ചറിഞ്ഞിരുന്നെങ്കിലും അവർ മത്സരപൂർവം പെരുമാറിയതെന്തുകൊണ്ട്? (ബി) നാം എന്തു ചെയ്യുന്നതു പ്രയോജനകരമാണ്? (യിരെമ്യാവ് 51:10)
ഏകസത്യദൈവം യഹോവയാണെന്ന് പുരാതന യിസ്രായേൽജനത്തിന് അറിയാമായിരുന്നു. അവരുടെ പൂർവപിതാക്കൻമാരുമായുള്ള അവന്റെ ഇടപെടലുകളെക്കുറിച്ച് അവരോടു പറയപ്പെട്ടിരുന്നു. അവർ വ്യക്തിപരമായി അവന്റെ സ്നേഹദയ അനുഭവിച്ചറിഞ്ഞിരുന്നു. എന്നാൽ ഒന്നിലധികം അവസരങ്ങളിൽ അവർ ഉൾക്കാഴ്ചയുടെ തികഞ്ഞ അഭാവത്തോടെ പ്രവർത്തിച്ചു. അവർ യഹോവയോടും അവന്റെ പ്രതിനിധികളോടും “മത്സരപൂർവം പെരുമാറി.” എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവൻ തങ്ങൾക്കുവേണ്ടി ചെയ്തിരുന്നതിനെ അവർ “ഓർത്തില്ല.” (സങ്കീർത്തനം 106:7, 13) അവർ ഈ കാര്യങ്ങൾ അറിഞ്ഞില്ലെന്നല്ല; അവർ വിലമതിപ്പോടെ ഈ കാര്യങ്ങളെക്കുറിച്ചു വിചിന്തനം ചെയ്യുന്നതിൽ പരാജയപ്പെട്ടു. തത്ഫലമായി, അവർ “ഹാനികരമായ കാര്യങ്ങൾ മോഹിക്കുന്ന ആളുകൾ” ആണെന്ന് തെളിഞ്ഞു.—1 കൊരിന്ത്യർ 10:6.
2 നമ്മുടെ നാളിൽ, യഹോവ തന്റെ സാക്ഷികളെ ഒരു വ്യതിരിക്ത ജനമായി വേർതിരിച്ചിരിക്കുന്ന ഒരു മുഖ്യ വിധം അവന്റെ ദൃശ്യസ്ഥാപനം മുഖേന നൽകിയിരിക്കുന്ന ഉൾക്കാഴ്ച മുഖേനയാണ്. അങ്ങനെയുള്ള ഉൾക്കാഴ്ചയുടെ ചില ദൃഷ്ടാന്തങ്ങൾ പുനരവലോകനം ചെയ്യുന്നതിനാൽ യഹോവ തന്റെ ജനത്തെ നടത്തുന്നതുസംബന്ധിച്ചുള്ള നമ്മുടെ സ്വന്തം വിലമതിപ്പിനെ ബലിഷ്ഠമാക്കാൻ കഴിയും. ഇവയിൽ ഒന്നിൽ നമ്മുടെ വിശ്വാസത്തിന്റെ ഉൾക്കാമ്പുതന്നെ ഉൾപ്പെട്ടിരിക്കുന്നു—ദൈവത്തിന്റെതന്നെ താദാത്മ്യം.
ദൈവം ഒരു ത്രിത്വമാണോ?
3. നൂറിൽപരം വർഷംമുമ്പ് ദൈവത്തിന്റെ താദാത്മ്യംസംബന്ധിച്ച സത്യം തിരിച്ചറിയാൻ യഹോവയുടെ ദാസൻമാരെ പ്രാപ്തരാക്കിയതെന്ത്? (1 കൊരിന്ത്യർ 8:5, 6)
3 ത്രിത്വത്തിലുള്ള വിശ്വാസം പ്രഖ്യാപിക്കാത്തവർ പാഷണ്ഡികളാണെന്ന് ക്രൈസ്തവലോകം തീവ്രമായി വാദിച്ചിട്ടുണ്ട്. എന്നാൽ അവരെ പേടിക്കുന്നതിനു പകരം, നിശ്വസ്തരല്ലാത്ത മനുഷ്യരുടെ പാരമ്പര്യങ്ങളും വിശ്വാസപ്രമാണങ്ങളുമല്ല, പിന്നെയോ വിശുദ്ധതിരുവെഴുത്തുകളാണ് സത്യമെന്തെന്ന് വിവേചിക്കുന്നതിനുള്ള അളവുകോൽ നൽകുന്നതെന്ന് യഹോവയുടെ ദാസൻമാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ അടിസ്ഥാനത്തിൻമേൽ കെട്ടുപണിചെയ്തുകൊണ്ട് 1882-ൽതന്നെ ഈ സമർപ്പിത ബൈബിൾവിദ്യാർത്ഥികൾ വീക്ഷാഗോപുരത്തിൽ ഇങ്ങനെ വ്യക്തമായി പ്രസ്താവിച്ചിരുന്നു: “ഞങ്ങൾ യഹോവയാം ദൈവത്തിലും യേശുവിലും പരിശുദ്ധാത്മാവിലും വിശ്വസിക്കുന്നുവെന്നിരിക്കെ, അവർ ഒരു ആളായ മൂന്നു ദൈവങ്ങളാണെന്ന്, അല്ലെങ്കിൽ ചിലർ പറയുന്നതുപോലെ, മൂന്ന ആളുകളായുള്ള ഒരു ദൈവമാണെന്ന് ഉള്ള ഉപദേശത്തെ ഞങ്ങൾ തികച്ചും തിരുവെഴുത്തുവിരുദ്ധമെന്ന നിലയിൽ തള്ളിക്കളയുന്നുവെന്ന് ഞങ്ങളുടെ വായനക്കാർക്ക് അറിവുണ്ട്.”—യോഹന്നാൻ 5:19; 14:28; 20:17.
4. (എ) ഉപരിതലത്തിനടിയിലേക്കു ചുഴിഞ്ഞിറങ്ങിയതിനാൽ ത്രിത്വോപദേശത്തിന്റെ അടിസ്ഥാനവും അങ്ങനെയുള്ള ഒരു ഉപദേശത്തിന്റെ ഫലവും സംബന്ധിച്ച് യഹോവയുടെ ജനം എന്ത് തിരിച്ചറിഞ്ഞു? (ബി) യഹോവ തന്റെ ദാസൻമാർക്ക് അങ്ങനെയുള്ള ഉൾക്കാഴ്ച നൽകിയതെന്തുകൊണ്ട്?
4 ഈ ബൈബിൾസത്യപ്രേമികൾ ഉപരിതലത്തിനടിയിലേക്കു ചുഴിഞ്ഞിറങ്ങുകയും ത്രിത്വവിശ്വാസത്തിന്റെ വേരുകൾ അക്രൈസ്തവമതങ്ങളിലാണെന്ന് കാണുകയും ചെയ്തിരുന്നു. ചില ബൈബിൾവാക്യങ്ങൾ ത്രിത്വത്തിന്റെ ആശയത്തെ പിന്താങ്ങുന്നതായി തോന്നുമ്പോൾ അത് വിവർത്തകരുടെ മുൻവിധിയോടുകൂടിയ വീക്ഷണങ്ങൾ നിമിത്തമാണെന്നും ഏററവും പഴക്കമുള്ള മൂലഭാഷാകൈയെഴുത്തുപ്രതികളിലുള്ളതു നിമിത്തമല്ലെന്നുംകൂടെ അവർ തിരുവെഴുത്തുകളുടെ ശ്രദ്ധാപൂർവമായ പഠനത്താൽ തിരിച്ചറിയാനിടയായിട്ടുണ്ട്. യേശുവിനെ അയഥാർത്ഥമാംവിധം പ്രകടമായി ബഹുമാനിക്കുന്ന ഈ ഉപദേശം യഥാർത്ഥത്തിൽ അവന്റെ ഉപദേശങ്ങൾക്കു വിരുദ്ധമാണെന്നും യഹോവയെ അപമാനിക്കുന്നുവെന്നും അവർ തിരിച്ചറിഞ്ഞു. അങ്ങനെ, മുകളിൽ പരാമർശിച്ച വീക്ഷാഗോപുര ലക്കം ഇങ്ങനെ പ്രസ്താവിച്ചു: “സത്യാനേഷികൾ എന്ന നിലയിൽ നമ്മോടും നമ്മുടെ പിതാവിന്റെ വചനത്തോടും നാം സത്യസന്ധമായി പെരുമാറേണ്ടതാവശ്യമാണ്, അതിനാണ് നമ്മെ യഥാർത്ഥത്തിൽ ജ്ഞാനികളാക്കാൻ കഴിയുന്നത്. അതുകൊണ്ട്, നിശ്വസ്തരല്ലാത്ത മനുഷ്യരുടെയും ദുഷിച്ച വ്യവസ്ഥിതികളുടെയും പാരമ്പര്യങ്ങളെയും വിശ്വാസപ്രമാണങ്ങളെയും അവഗണിച്ചുകൊണ്ട് നമ്മുടെ കർത്താവിൽനിന്നും അപ്പോസ്തലൻമാരിൽനിന്നും ലഭിച്ച സാരവത്തായ വചനങ്ങളുടെ രൂപത്തെ നമുക്ക് മുറുകെ പിടിക്കാം.” അവർ യഥാർത്ഥത്തിൽ സത്യത്തെ സ്നേഹിക്കുകയും ഇഷ്ടപ്പെട്ട ഏതാനും ചില വാക്യങ്ങൾക്കുമാത്രമല്ല, പിന്നെയോ മുഴു ദൈവവചനത്തിനും ശ്രദ്ധകൊടുക്കുകയും ചെയ്തതുകൊണ്ട് യഹോവ അവർക്ക് ഉൾക്കാഴ്ച നൽകി. അത് അവരെ തെററാത്ത വിധം ക്രൈസ്തവലോകത്തിൽനിന്നു വേർതിരിച്ചു.—2 തിമൊഥെയോസ് 3:16, 17; പുതിയലോകഭാഷാന്തരം റഫറൻസ ബൈബിൾ, പേജ് 1580, സെക്ഷൻ 6ബി. കാണുക.
ദൈവനാമത്തിന്റെ ഉചിതമായ സ്ഥാനം
5. ദൈവത്തിന്റെ വ്യക്തിപരമായ നാമം ബൈബിൾ വിവർത്തനങ്ങളിൽനിന്ന് വിട്ടുകളയുന്നതുസംബന്ധിച്ച പ്രവണതക്കു പിമ്പിൽ എന്താണുണ്ടായിരുന്നിട്ടുള്ളത്? (വെളിപ്പാട് 22:18, 19)
5 രണ്ടാമത്തെ ഒരു ദൃഷ്ടാന്തം പരിചിന്തിക്കുക: ഒട്ടേറെ ബൈബിൾ ഭാഷാന്തരങ്ങൾ ദൈവത്തിന്റെ വ്യക്തിപരമായ നാമത്തെ മറയ്ക്കുകയോ പൂർണ്ണമായും വിട്ടുകളയുകയോ ചെയ്തപ്പോൾ വാച്ച്ററവർ സൊസൈററി ആ നാമത്തിന്റെ പ്രാധാന്യത്തിന് പൂർവാധികം ഊന്നൽ കൊടുത്തു. യഹോവ എന്ന നാമത്തിന്റെ നീക്കൽ സുവിശേഷത്തെ കൂടുതൽ സാർവലൗകികമായി ആകർഷകമാക്കുമെന്ന് ക്രൈസ്തവലോകം വാദിച്ചു. എന്നാൽ വിശുദ്ധ തിരുവെഴുത്തുകളിൽനിന്ന് എല്ലാററിലുംവെച്ച് ഏററം പ്രധാനപ്പെട്ട നാമത്തെ നീക്കംചെയ്യാനുള്ള പദ്ധതിയുടെ പിമ്പിൽ ആരാണുള്ളതെന്ന് യഹോവയുടെ അഭിഷിക്തദാസൻമാർ തിരിച്ചറിഞ്ഞു. (യിരെമ്യാവ് 23:27 താരതമ്യപ്പെടുത്തുക.) സത്യദൈവത്തിന്റെ നാമത്തെ മനുഷ്യസ്മരണയിൽനിന്ന് മായിച്ചുകളയാൻ പിശാചാണ് ഇതിനു പ്രേരണകൊടുത്തതെന്ന് ദൈവജനം തിരിച്ചറിഞ്ഞു.
6. ക്രൈസ്തവലോകത്തിന്റെ പ്രവർത്തനഗതിക്കു വിരുദ്ധമായി, ദൈവനാമത്തെ മഹിമപ്പെടുത്താൻ അവന്റെ യഥാർത്ഥ ദാസൻമാർ എന്തു ചെയ്തു? (പ്രവൃത്തികൾ 15:14)
6 വീക്ഷാഗോപുരം അതിന്റെ പ്രസിദ്ധീകരണത്തിന്റെ ആദ്യവർഷം (1879) മുതൽതന്നെ ക്രൈസ്തവലോകം പിന്തുടരുന്ന ഗതിക്കു വിരുദ്ധമായി യഹോവ എന്ന ദിവ്യനാമത്തിനു പ്രാമുഖ്യത കൊടുത്തു. ഈ മാസിക 1926-ൽ “യഹോവയെ ആർ ബഹുമാനിക്കും?” എന്ന ലേഖനം വിശേഷവൽക്കരിച്ചു. (സങ്കീർത്തനം 135:21) വാച്ച്ററവർ സൊസൈററിയോടു ബന്ധപ്പെട്ടിരുന്ന ബൈബിൾവിദ്യാർത്ഥികൾ 1931-ൽ യഹോവയുടെ സാക്ഷികൾ എന്ന പേർ സ്വീകരിച്ചു. (യെശയ്യാവ് 43:10-12) അവർ യഹോവയുടെ നാമവിശുദ്ധീകരണത്തിന്റെ വലിയ പ്രാധാന്യം കുറേക്കൂടെ പൂർണ്ണമായി മനസ്സിലാക്കാനും ഇടയായി. (യെശ. 12:4, 5) 1944-ൽ അവർ ബൈബിളിന്റെ അമേരിക്കൻ പ്രമാണഭാഷാന്തരം പ്രസിദ്ധപ്പെടുത്താൻ തുടങ്ങി. അതിൽ യഹോവയെന്ന നാമം 6,800-ൽപരം പ്രാവശ്യം ഉൾപ്പെടുത്തുന്നു. എന്നിരുന്നാലും, ബൈബിൾ പ്രസിദ്ധീകരണത്തോടുള്ള ബന്ധത്തിൽ, ഏററവും മുന്തിനിൽക്കുന്നത് പുതിയലോകഭാഷാന്തരത്തിന്റെ 1950 മുതലുള്ള ഉല്പാദനമാണ്. അത് ദിവ്യനാമത്തിന് എബ്രായ തിരുവെഴുത്തുകളിലും ക്രിസ്തീയ ഗ്രീക്ക്തിരുവെഴുത്തുകളിലും അതിന്റെ ഉചിതമായ സ്ഥാനം കൊടുക്കുന്നു.
7. ദൈവനാമത്തിനും അതിനോടു ബന്ധപ്പെട്ട സകലത്തിനും കൊടുക്കപ്പെട്ടിരിക്കുന്ന ദൃഢത അനേകരെ പ്രയോജനകരമായി ബാധിച്ചിരിക്കുന്നതെങ്ങനെ?
7 ദൈവത്തിന്റെ വ്യക്തിപരമായ നാമത്തിനു കൊടുക്കപ്പെട്ടിരിക്കുന്ന ഊന്നൽ ഗോളത്തിനു ചുററുമുള്ള ദശലക്ഷക്കണക്കിനു നീതിപ്രേമികൾക്ക് ഒരു ആമോദമായിരുന്നിട്ടുണ്ട്. അത് സത്യദൈവത്തെ ഒരു യഥാർത്ഥ ആളായി മനസ്സിലാക്കാൻ അവരെ സഹായിച്ചിരിക്കുന്നു. അവർ അവന്റെ വഴികളെ അറിയാനിടയായപ്പോൾ, ബുദ്ധിപൂർവം അഥവാ ഉൾക്കാഴ്ചയോടെ വർത്തിക്കാൻ അവർക്കു കഴിഞ്ഞിട്ടുണ്ട്.—മീഖാ 4:2, 5.
മനുഷ്യദേഹി അമർത്യമാണോ?
8. യഹോവയുടെ സാക്ഷികൾ തങ്ങളുടെ ആധുനികചരിത്രത്തിന്റെ പ്രാരംഭകാലത്ത് ദേഹിയെയും മരിച്ചവരുടെ അവസ്ഥയെയും സംബന്ധിച്ച് എന്തു പഠിച്ചു?
8 ഇനി മൂന്നാമതൊരു ദൃഷ്ടാന്തം: യഹോവയുടെ ദാസൻമാരുടെ ആധുനികനാളിലെ ചരിത്രത്തിന്റെ ഒരു പ്രാരംഭഘട്ടത്തിൽ ദൈവവചനത്തോടുള്ള സ്നേഹം പ്രധാനപ്പെട്ട മററു സത്യങ്ങൾ സംബന്ധിച്ച് അവരുടെ കണ്ണു തുറന്നു. ഒരു നൂററാണ്ടിൽപരം മുമ്പ്, ദേഹി മനുഷ്യരുടെ ഉള്ളിൽ വസിക്കുന്ന, ബുദ്ധിശക്തിയുള്ളതും വേർപെടുത്താവുന്നതുമായ ഏതെങ്കിലും ആത്മാവല്ല, പിന്നെയൊ അത് വ്യക്തിതന്നെയാണ് എന്ന് “വിശ്വസ്തനും വിവേകിയുമായ അടിമ” ശരിയായിത്തന്നെ മനസ്സിലാക്കി. (മത്തായി 24:45-47) 1880-ൽ വീക്ഷാഗോപുരം ബൈബിളിൽ ഷീയോൾ എന്നും ഹേഡീസ് എന്നും ലിപ്യന്തരംചെയ്തിരിക്കുന്ന മൂലഭാഷാപദങ്ങളെ വിശകലനം ചെയ്യുകയും അവ ശവക്കുഴിയെ അർത്ഥമാക്കുന്നുവെന്ന് നിഗമനംചെയ്യുകയുംചെയ്തു. ഗീഹെന്നായിൽ ഇടപ്പെടുന്ന ആളുകൾ ദണ്ഡിപ്പിക്കപ്പെടുന്നില്ല, പിന്നെയോ നശിപ്പിക്കപ്പെടുകയാണെന്നും അതു ചൂണ്ടിക്കാട്ടി.—പുതിയലോകഭാഷാന്തരം റഫറൻസ ബൈബിളിന്റെ 1573-5 വരെ പേജുകളും കാണുക.
9. വീക്ഷാഗോപുരം 1894-ൽ മനുഷ്യദേഹികൾ സഹജമായി അമർത്യമാണെന്നുള്ള ഉപദേശത്തിന്റെ ഉത്ഭവം സംബന്ധിച്ച് എന്തു പറഞ്ഞു?
9 വീക്ഷാഗോപുരം 1894-ൽ ഈ ചോദ്യം ഉന്നയിച്ചു: “അപ്പോൾ സകല മനുഷ്യജീവികൾക്കും നൈസർഗ്ഗികമായി, സഹജമായി, അമർത്യതയുണ്ടെന്നുള്ള പ്രചാരമുള്ള ഉപദേശം എവിടെനിന്നു വന്നു?” ഉൾക്കാഴ്ചയോടെ അത് ഇങ്ങനെ ഉത്തരംപറഞ്ഞു: “ചരിത്രത്തിന്റെ ഏടുകൾ പരിശോധിക്കുമ്പോൾ, മാനുഷികാമർത്യതയുടെ ഉപദേശം ദൈവത്തിന്റെ നിശ്വസ്തസാക്ഷികളാൽ പഠിപ്പിക്കപ്പെടുന്നില്ലെങ്കിലും അത് സകല പുറജാതിമതങ്ങളുടെയും സാരാംശം തന്നെയാണെന്ന് നാം കണ്ടെത്തുന്നു. . . . അതുകൊണ്ട്, സോക്രട്ടീസും പ്ലേറേറായുമാണ് ഈ ഉപദേശം ആദ്യം പഠിപ്പിച്ചതെന്നുള്ളതു സത്യമല്ല: അവരെക്കാൾ മുമ്പുതന്നെ അതു പഠിപ്പിച്ച ഒരാളുണ്ടായിരുന്നു, അവരെക്കാൾ പ്രാപ്തനായ ഒരാൾതന്നെ. എന്നിരുന്നാലും അവർ ആ ഉപദേശത്തെ മിനുക്കിയെടുത്തു . . . അതിൽനിന്ന് ഒരു തത്വശാസ്ത്രം ഉളവാക്കുകയും അങ്ങനെ അവരുടെ കാലത്തും അതിനുശേഷവുമുള്ള പരിഷ്കൃതവർഗ്ഗത്തിന് കൂടുതൽ വശ്യവും സ്വീകാര്യവുമാക്കിത്തീർക്കുകയുംചെയ്തു. ഈ വ്യാജോപദേശത്തിന്റെ ആദ്യരേഖ മനുഷ്യന് അറിവുള്ള ഏററവും പഴക്കമുള്ള ചരിത്രത്തിൽ—ബൈബിളിൽ—കാണപ്പെടുന്നു. വ്യാജോപദേശകൻ സാത്താനായിരുന്നു.”a
10. ദേഹിയെയും മരിച്ചവരുടെ അവസ്ഥയെയും സംബന്ധിച്ച മതപരമായ ഭോഷ്കുകളിൽനിന്ന് ഏതു ദുഷ്ഫലങ്ങൾ ഉണ്ടായിരിക്കുന്നു, യുക്തിബോധമുള്ള ആളുകളെ സഹായിക്കാൻ എന്തു ചെയ്യപ്പെട്ടു?
10 സകല മനുഷ്യർക്കും ഒരു അമർത്യദേഹി ഉണ്ടെന്നും ദുഷ്ടൻമാർ ഒരു നരകാഗ്നിയിൽ എന്നേക്കും ദണ്ഡിപ്പിക്കപ്പെടുമെന്നുമുള്ള വ്യാജം പ്രചരിപ്പിച്ചതിനാൽ സാത്താൻ ദൈവനാമത്തെ തെററിദ്ധരിപ്പിക്കുകയും ദുഷിക്കുകയും ചെയ്തിരിക്കുന്നു. വീക്ഷാഗോപുരത്തിന്റെ ആദ്യത്തെ പത്രാധിപരായിരുന്ന സി.ററി റസ്സൽ അതു തിരിച്ചറിഞ്ഞു. ബുദ്ധിശാലികളായ ആളുകൾ നിത്യദണ്ഡനത്തിന്റെ ഉപദേശത്തെ ത്യജിക്കുന്നതായും എന്നാൽ സങ്കടകരമായി ബൈബിളിനെയുംകൂടെ ത്യജിക്കുന്നതായും അദ്ദേഹം കണ്ടു. കാരണം ആ യുക്തിരഹിതമായ ഉപദേശത്തിന്റെ ഉറവ് അതാണെന്ന് അവർ വിചാരിച്ചു. റസ്സൽസഹോദരൻ പ്രസ്താവിച്ച പ്രകാരം, യുക്തിബോധമുള്ള മനുഷ്യരുടെ മനസ്സുകളിൽനിന്ന് അന്ധകാരയുഗങ്ങളിലെ പുക നീക്കം ചെയ്യുന്നതിന് അദ്ദേഹം “നരകത്തിലേക്കും തിരിച്ചും! അവിടെ ആരാണുള്ളത്” എന്ന ശ്രദ്ധേയമായ പരസ്യപ്രസംഗംചെയ്തു.
11. (എ) ആത്മവിദ്യ മുൻപന്തിയിലേക്കു വന്നുകൊണ്ടിരുന്നപ്പോൾ ‘വിശ്വസ്ത അടിമ’വർഗ്ഗം ഏതു മുന്നറിയിപ്പു മുഴക്കി? (ബി) ഈ മുന്നറിയിപ്പിൽനിന്ന് ആർക്കു പ്രയോജനം കിട്ടിയിരിക്കുന്നു, എങ്ങനെ?
11 അത് ആത്മവിദ്യ മുൻപന്തിയിലേക്കു വന്നുകൊണ്ടിരുന്ന ഒരു യുഗമായിരുന്നു. എന്നാൽ തന്റെ വചനം മുഖാന്തരം യഹോവയാം ദൈവം സാദ്ധ്യമാക്കിയ ഉൾക്കാഴ്ച ആളുകൾ ആശയവിനിമയംചെയ്തുകൊണ്ടിരുന്ന പരേതാത്മാക്കൾ എന്നു സങ്കൽപ്പിക്കപ്പെട്ടിരുന്നവർ ഭൂതങ്ങളാണെന്ന് ‘വിശ്വസ്ത അടിമ’വർഗ്ഗം തിരിച്ചറിഞ്ഞു. ആത്മാചാര നടപടികളിൽ ഇടപെടുന്നതിന്റെ അപകടത്തെക്കുറിച്ച് പരമാർത്ഥഹൃദയികളുടെ കണ്ണു തുറക്കുന്നതിന് പൊതു പ്രസംഗങ്ങളിലും ലിഖിതരൂപത്തിലും ശക്തിമത്തായ വാദങ്ങൾ സമർപ്പിക്കപ്പെട്ടു. (ആവർത്തനം 18:10-12; യെശയ്യാവ് 8:19) യഹോവ തന്റെ ദാസൻമാർക്കു നൽകിയിട്ടുള്ള ഈ ഉൾക്കാഴ്ചയുടെ ഫലമായി ഗോളത്തിനു ചുററും അനേകായിരക്കണക്കിനാളുകൾ മരിച്ചവരെയുള്ള ഭയത്തിൽനിന്നും ആത്മാചാരനടപടികളിൽനിന്നും ആത്മാചാരത്തോടു ബന്ധപ്പെട്ട അധഃപതിപ്പിക്കുന്ന ആചാരങ്ങളിൽനിന്നും വിമോചിതരാക്കപ്പെട്ടിരിക്കുന്നു.
ഒരു പ്രക്ഷുബ്ധലോകത്തിലെ ക്രിസ്തീയ നടത്ത
12, 13. (എ) ദാനിയേൽ 11:32, 33 വിശദീകരിക്കുക. (ബി) “ഉൾക്കാഴ്ചയുള്ളവരാൽ” പ്രദാനംചെയ്യപ്പെട്ട ഗ്രാഹ്യത്തിനടിസ്ഥാനമായിരുന്ന ചില അടിസ്ഥാന ബൈബിൾസത്യങ്ങളേവ?
12 ദൈവദാസൻമാർ നാലാമതൊരു സംഗതിയോടുള്ള ബന്ധത്തിലും ഉൾക്കാഴ്ച പ്രകടമാക്കുമെന്ന് പ്രവാചകനായ ദാനിയേൽ സൂചിപ്പിച്ചു—നിഷ്പക്ഷത എന്ന മർമ്മപ്രധാനമായ വിവാദവിഷയംസംബന്ധിച്ചുതന്നെ. ലോകത്തിലെ പ്രമുഖ രാഷ്ട്രീയഘടകങ്ങൾ തമ്മിലുള്ള പോരാട്ടത്തെ സവിസ്തരം വർണ്ണിച്ച ശേഷം ദാനിയേൽ 11:32, 33 ഇങ്ങനെ പറയുന്നു: “ഉടമ്പടിക്കെതിരായി ദുഷ്ടമായി പ്രവർത്തിക്കുന്നവരെ അവൻ ചക്കരവാക്കുകൾകൊണ്ട് വിശ്വാസത്യാഗത്തിലേക്കു നയിക്കും.” അതായത്, വടക്കിന്റെ സർവാധിപത്യരാജാവ് ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരെങ്കിലും ലോകത്തെ സ്നേഹിക്കുന്നവരും അതിന്റെ അംഗീകാരം ആഗ്രഹിക്കുന്നവരുമായവരെ വിശ്വാസത്യാഗത്തിലേക്കു നയിക്കുന്നു, തന്നിമിത്തം സർവഭൂമിയിലും യേശുക്രിസ്തു രാജാവായിരിക്കുന്ന ഒരു രാജ്യത്തിനുവേണ്ടിയുള്ള ഉടമ്പടിയോടു പുച്ഛത്തോടെ പെരുമാറുന്നു. “എന്നാൽ”, ദാനിയേൽ തുടരുന്നു, “തങ്ങളുടെ ദൈവത്തെ അറിയുന്ന ജനത്തെ സംബന്ധിച്ചിടത്തോളം അവർ വിജയിക്കുകയും ഫലകരമായി പ്രവർത്തിക്കുകയും ചെയ്യും. ജനത്തിന്റെ ഇടയിൽ ഉൾക്കാഴ്ചയുള്ളവരെ സംബന്ധിച്ചാണെങ്കിൽ, അവർ അനേകർക്ക് ഗ്രാഹ്യം നൽകും.”
13 മിക്കപ്പോഴും നമ്മെ ചുററിയുള്ള പ്രക്ഷുബ്ധാവസ്ഥകളോട് ഇടപെടാനാവശ്യമായിരിക്കുന്ന ഉൾക്കാഴ്ച അടിസ്ഥാന ബൈബിൾസത്യങ്ങളോടുള്ള വിലമതിപ്പിലാണ് അടിസ്ഥാനപ്പെട്ടിരിക്കുന്നത്. യഹോവയുടെ മാർഗ്ഗനിർദ്ദേശത്താൽ ‘വിശ്വസ്ത അടിമ’ വർഗ്ഗം ഈ സത്യങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. അവയിൽ ഒന്ന്, യേശു സൂചിപ്പിച്ചതുപോലെ, ഈ ലോകത്തിന്റെ അദൃശ്യ ഭരണാധികാരി പിശാചായ സാത്താനാണെന്നുള്ളതാണ്. (ലൂക്കോസ് 4:5-8; യോഹന്നാൻ 12:31) ഈ സത്യത്തിനു ചേർച്ചയായി, ഏതെങ്കിലുമൊരു ഘടകമല്ല, പിന്നെയോ “[സത്യക്രിസ്തീയസഭക്കു പുറത്തുള്ള] മുഴു ലോകവും ദുഷ്ടനായവന്റെ അധികാരത്തിൽ കിടക്കുന്നു”വെന്ന് 1 യോഹന്നാൻ 5:19 കൂട്ടിച്ചേർക്കുന്നു. (വെളിപ്പാട് 12:9) തന്റെ അനുഗാമികൾ “ലോകത്തിന്റെ ഭാഗമല്ലാ”യിരിക്കുമെന്ന് യേശു പറഞ്ഞതുകൊണ്ട് ഇത് അവരുടെ ഭാഗത്ത് ക്രിസ്തീയ നിഷ്പക്ഷത ആവശ്യമാക്കിത്തീർക്കുന്നു.—യോഹന്നാൻ 17:16.
14. (എ) യഹോവയുടെ ദാസൻമാരുടെ ശ്രദ്ധ 1939-ലും 1941-ലും ഏതു കാലോചിത കാര്യങ്ങളിലേക്കു തിരിച്ചുവിടപ്പെട്ടു? (ബി) അങ്ങനെയുള്ള ഉൾക്കാഴ്ച ജ്ഞാനപൂർവം പ്രവർത്തിക്കാൻ യഹോവയുടെ സാക്ഷികളെ സഹായിച്ചിരിക്കുന്നതെങ്ങനെ?
14 രണ്ടാം ലോകമഹായുദ്ധത്തിന്റെ മേഘങ്ങൾ യൂറോപ്പിൽ ഇരുണ്ടതോടെ, 1939 നവംബർ 1-ലെ വീക്ഷാഗോപുരത്തിൽ ക്രിസ്തീയനിഷ്പക്ഷതയുടെ വിവാദവിഷയം ദീപ്തിമത്താക്കപ്പെട്ടത് സമയോചിതമായിരുന്നു. ഈ സംഗതിയോടു ബന്ധപ്പെട്ടതാണ് മറെറാരു മൗലികസത്യം—സാർവത്രികപരമാധികാരമാകുന്ന വിവാദവിഷയത്തിന്റെ പ്രാധാന്യവും ഈ വിവാദവിഷയത്തിനു പരിഹാരം വരുത്തുന്നതിൽ മശിഹൈകരാജ്യത്തിന്റെ പങ്കും. ഉചിതമായി, ഈ വിവാദവിഷയം യു. എസ്. എ. യിലെ സെൻറ് ലൂയിസ്, മിസൗറിയിൽ 1941-ൽ നടന്ന യഹോവയുടെ സാക്ഷികളുടെ ഒരു കൺവെൻഷനിലെ ഒരു പ്രസംഗത്തിലും അടുത്ത വർഷം പുതിയലോകം എന്ന പുസ്തകത്തിലും വിശേഷവൽക്കരിക്കപ്പെട്ടു. ഈ വിഭജിത, യുദ്ധബാധിത ലോകത്തിൽ അങ്ങനെയുള്ള ദൈവികമായ ഉൾക്കാഴ്ച യഹോവയുടെ ദാസൻമാർക്ക് എന്തോരു സംരക്ഷണമാണ് നൽകിയിരിക്കുന്നത്! ക്രൈസ്തവലോകത്തിലെ മതവ്യവസ്ഥിതികൾ ഗവൺമെൻറുകളെ മറിച്ചിടാൻ സാർവദേശീയപോരാട്ടത്തിലും ഗറില്ലാ പ്രസ്ഥാനങ്ങളിലും കുടുങ്ങാൻ തങ്ങളേത്തന്നെ അനുവദിച്ചതുനിമിത്തം ശിഥിലമായിരിക്കുന്നുവെങ്കിലും, എല്ലാ രാജ്യങ്ങളിലുമുള്ള യഹോവയുടെ സാക്ഷികൾ മനുഷ്യവർഗ്ഗത്തിന്റെ ഏക പ്രത്യാശയെന്ന നിലയിൽ ദൈവരാജ്യത്തെ പ്രസിദ്ധമാക്കുന്നതിന് തങ്ങളേത്തന്നെ അർപ്പിക്കുന്നതിൽ ഒററക്കെട്ടായി തുടർന്നിരിക്കുന്നു. “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യമായി നിവസിതഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും” എന്ന് യേശു മുൻകൂട്ടിപ്പറഞ്ഞ ജീവരക്താകരമായ വേലയിൽ അവർ തിരക്കോടെ ഏർപ്പെട്ടിരിക്കുന്നു.—മത്തായി 24:14.
ബൈബിൾപ്രവചനങ്ങളുടെ നിവൃത്തി
15. യഹോവയുടെ ദാസൻമാർക്ക് ഉൾക്കാഴ്ചയുണ്ടായിരുന്നിട്ടുള്ളതെന്തുകൊണ്ട്?
15 യഹോവയുടെ ദാസൻമാർക്ക് അങ്ങനെയുള്ള ഉൾക്കാഴ്ച ഉണ്ടായിട്ടുള്ളത് എന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ അവർക്ക് ലിഖിത ദൈവവചനത്തിൽ പൂർണ്ണ വിശ്വാസമുണ്ട്. അവർ അത് അനുസരിക്കുന്നു. യഹോവയുടെ ആത്മാവ് അവരുടെമേലുണ്ട്. ഇത് മർമ്മപ്രധാനമായ ബൈബിൾ പ്രവചനങ്ങൾ മനസ്സിലാക്കാനും അവരെ പ്രാപ്തരാക്കിയിരിക്കുന്നു. ഇതാണ് നാം പരിചിന്തിക്കാൻ പോകുന്ന അഞ്ചാമത്തെ പോയിൻറ്.
16, 17. (എ) യഹോവയുടെ സാക്ഷികൾ ഉപയോഗിക്കുന്ന തീയതികൾ ചിലപ്പോൾ ലൗകികചരിത്രകാരൻമാർ നൽകുന്നവയിൽനിന്ന് വ്യത്യസ്തമായിരിക്കുന്നതെന്തുകൊണ്ട്? (ബി) അർത്ഥഹ്ശഷ്ടാവിന്റെ 20-ാം വർഷവും ബാബിലോന്യരാലുള്ള യരൂശലേമിന്റെ നാശത്തിന്റെ സമയവും കുറിക്കുന്നതുസംബന്ധിച്ച് ബൈബിളിലുള്ള തങ്ങളുടെ വിശ്വാസം യഹോവയുടെ സാക്ഷികൾക്കു പ്രയോജനംചെയ്തിരിക്കുന്നതെങ്ങനെ?
16 ഭൂഗർഭശാസ്ത്രജ്ഞൻമാർ കുഴിച്ചെടുത്തിട്ടുള്ള ശിഥിലമായിപ്പോയ ചില ഇഷ്ടികകളിൽ കണ്ടവ സംബന്ധിച്ച തങ്ങളുടെ വ്യാഖ്യാനത്തിൽ ആശ്രയിച്ചുകൊണ്ട് ചില ലൗകികചരിത്രകാരൻമാർ അർത്ഥഹ്ശഷ്ടാവ് ലോംഗിമാനസിന്റെ രാജത്വത്തിന്റെ ഒന്നാമാണ്ട് ക്രി. മു. 464 ആണെന്നും നെബുഖദ്നേസർ രണ്ടാമന്റെ രാജത്വത്തിന്റെ ഒന്നാമാണ്ട് ക്രി.മു. 604 ആണെന്നും നിഗമനംചെയ്തിട്ടുണ്ട്. അതു സത്യമാണെങ്കിൽ അർത്ഥഹ്ശഷ്ടാവിന്റെ 20-ാമാണ്ട് ക്രി.മു. 445-ൽ തുടങ്ങും, ബാബിലോന്യരാലുള്ള യരൂശലേമിന്റെ ശൂന്യമാക്കലിന്റെ (നെബുഖദ്നേസറിന്റെ വാഴ്ചയുടെ 18-ാമാണ്ടിലേത്) തീയതി ക്രി.മു. 587-ൽ തുടങ്ങും. എന്നാൽ പ്രവചനനിവൃത്തി കണക്കു കൂട്ടുമ്പോൾ ഒരു ബൈബിൾവിദ്യാർത്ഥി ആ തീയതികൾ ഉപയോഗിക്കുന്നുവെങ്കിൽ അയാൾ കേവലം കുഴഞ്ഞുപോകും.
17 ബൈബിളിനോടു ബന്ധപ്പെട്ട ഭൂഗർഭശാസ്ത്രജ്ഞൻമാരുടെ കണ്ടുപിടുത്തങ്ങളിൽ യഹോവയുടെ സാക്ഷികൾക്ക് താല്പര്യമുണ്ടായിരുന്നിട്ടുണ്ട്. എന്നിരുന്നാലും, ഈ കണ്ടുപിടുത്തങ്ങളുടെ വ്യാഖ്യാനം ബൈബിളിലെ വ്യക്തമായ പ്രസ്താവനകൾക്കു വിരുദ്ധമായിരിക്കുമ്പോൾ, കാലഗണനയോടു ബന്ധപ്പെട്ടതാണെങ്കിലും മറേറതെങ്കിലും വിഷയത്തോടു ബന്ധപ്പെട്ടതാണെങ്കിലും, നമ്മൾ വിശുദ്ധതിരുവെഴുത്തുകൾക്കു പറയാനുള്ളതിനെ ദൃഢവിശ്വാസത്തോടെ സ്വീകരിക്കുന്നു. തത്ഫലമായി, അർത്ഥഹ്ശഷ്ടാവിന്റെ 20-ാം ആണ്ടിൽ തുടങ്ങിയ പ്രാവചനിക കാലഘട്ടം ക്രി.മു. 455 മുതൽ എണ്ണേണ്ടതാണെന്നും അങ്ങനെ മശിഹായായുള്ള യേശുവിന്റെ അഭിഷേകത്തിനുള്ള സമയമെന്ന നിലയിൽ ക്രി.വ. 29ലെ ശരത് കാലത്തിലേക്ക് ദാനിയേൽ 9:24-27 വിശ്വസനീയമായി വിരൽചൂണ്ടിയെന്നും യഹോവയുടെ ദാസൻമാർ ദീർഘനാളായി തിരിച്ചറിഞ്ഞിട്ടുണ്ട്.b അതേ കാരണത്താൽ, “ഏഴു കാലങ്ങളെ”സംബന്ധിച്ച ദാനിയേൽ 4-ാം അദ്ധ്യായത്തിലെ പ്രവചനം ക്രി.മു. 607-606-ൽ എണ്ണിത്തുടങ്ങിയെന്നും ഭരിക്കുന്ന രാജാവായി ക്രിസ്തു സിംഹാസനസ്ഥനാക്കപ്പെട്ട വർഷമെന്ന നിലയിൽ അത് ക്രി.വ. 1914ന്റെ ശരൽക്കാലത്തെ ചൂണ്ടിക്കാട്ടിയെന്നും ഈ ലോകം അതിന്റെ അന്ത്യകാലത്തിലേക്കു പ്രവേശിച്ചുവെന്നും അവർ തിരിച്ചറിഞ്ഞിരിക്കുന്നു.c എന്നാൽ വിശുദ്ധ തിരുവെഴുത്തുകളുടെ നിശ്വസ്തതയിലുള്ള തങ്ങളുടെ വിശ്വാസത്തിൽ അവർ ചഞ്ചലിച്ചിരുന്നുവെങ്കിൽ അവർ ഈ പുളകപ്രദങ്ങളായ പ്രവചനനിവൃത്തികൾ ഗ്രഹിക്കുമായിരുന്നില്ല. അങ്ങനെ അവർ പ്രകടമാക്കിയിട്ടുള്ള ഉൾക്കാഴ്ച ദൈവവചനത്തിലുള്ള അവരുടെ ആശ്രയത്തോടു നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു.
18. യഹോവയുടെ ദാസൻമാരുടെ ആത്മീയാവസ്ഥ സംബന്ധിച്ച് യെശയ്യാവ് 65:13, 14 എന്തു വാഗ്ദാനം ചെയ്യുന്നു?
18 തന്റെ വിശ്വസ്തദാസൻമാരുടെ ആത്മീയാവസ്ഥയും, പ്രചാരത്തിലുള്ള ഏതിനും അനുകൂലമായി തിരുവെഴുത്തുകളെ തള്ളിക്കളയുന്ന വ്യക്തികളുടെയും സമൂഹങ്ങളുടെയും ആത്മീയാവസ്ഥയും തമ്മിലുള്ള വ്യത്യാസം കാണിച്ചുകൊണ്ട് യഹോവ പറയുന്നു: “നോക്കൂ! എന്റെ സ്വന്തം ദാസൻമാർ ഭക്ഷിക്കും, എന്നാൽ നിങ്ങൾതന്നെ വിശന്നുനടക്കും. നോക്കൂ! എന്റെ സ്വന്തം ദാസൻമാർ കുടിക്കും. എന്നാൽ നിങ്ങൾതന്നെ ദാഹിച്ചുനടക്കും. നോക്കൂ! എന്റെ സ്വന്തം ദാസൻമാർ സന്തോഷിക്കും, എന്നാൽ നിങ്ങൾതന്നെ ലജ്ജ അനുഭവിക്കും. നോക്കൂ! എന്റെ സ്വന്തം ദാസൻമാർ ഹൃദയത്തിന്റെ നല്ല അവസ്ഥ നിമിത്തം സന്തോഷപൂർവം ആർപ്പിടും, എന്നാൽ നിങ്ങൾതന്നെ ഹൃദയവേദനനിമിത്തം മുറവിളിക്കും, ചൈതന്യത്തിന്റെ വെറും തകർച്ചനിമിത്തം നിങ്ങൾ ഓളിയിടും.”—യെശയ്യാവ് 65:13, 14.
19. (എ) “വിശ്വസ്തനും വിവേകിയുമായ അടിമ” മുഖ്യമായി ഏതു മുഖാന്തരത്താൽ തിരുവെഴുത്തുകളുടെ വിശദീകരണങ്ങൾ നൽകുന്നു? (ബി) ഏതു തരം പഠനപരിപാടി ആത്മീയാഹാരത്തിൽനിന്ന് പൂർണ്ണപ്രയോജനം കിട്ടാൻ നമ്മെ പ്രാപ്തരാക്കും?
19 ഹ്രസ്വമായ ഈ ചരിത്രാവലോകനം തെളിയിച്ചിരിക്കുന്നതുപോലെ, യഹോവയുടെ “വിശ്വസ്തനും വിവേകിയുമായ അടിമ” മർമ്മപ്രധാനമായ തിരുവെഴുത്തുസത്യങ്ങളുടെ വിശദീകരണങ്ങൾ നമുക്കു നൽകിയിട്ടുള്ളത് വീക്ഷാഗോപുരത്തിന്റെ പംക്തികളിലൂടെയാണ്. ആത്മീയാഹാരം പകുത്തുകൊടുക്കുന്നതിന് “അടിമവർഗ്ഗം” ഉപയോഗിച്ചിരിക്കുന്ന മുഖ്യ ഉപകരണം വീക്ഷാഗോപുരമാണ്. നിങ്ങൾ അതിൽനിന്ന് പൂർണ്ണപ്രയോജനം നേടുന്നുണ്ടോ? നിങ്ങൾ ഓരോ ലക്കവും വായിക്കുന്നുണ്ടോ? നിങ്ങളുടെ പഠനപരിപാടിയിൽ, ഉദ്ധരിച്ചിട്ടില്ലെങ്കിലും സൂചിപ്പിച്ചിട്ടുള്ള തിരുവെഴുത്തുകൾ എടുത്തുനോക്കുന്നത് ഉൾപ്പെടുന്നുവോ? നിങ്ങൾ പഠിച്ചിട്ടുള്ളവ നിങ്ങളുടെ മനോഭാവത്തെയും നിങ്ങളുടെ ആഗ്രഹങ്ങളെയും നിങ്ങളുടെ അനുദിനപ്രവർത്തനങ്ങളെയും നിങ്ങളുടെ ജീവിതലക്ഷ്യങ്ങളെയും എങ്ങനെ ബാധിക്കണമെന്ന് പരിചിന്തിച്ചുകൊണ്ട്, അതിനോടുള്ള വിലമതിപ്പു കെട്ടുപണിചെയ്തുകൊണ്ട്, അതുസംബന്ധിച്ചു ധ്യാനിക്കുന്നതും നിങ്ങൾ ശീലമാക്കുന്നുണ്ടോ? നിങ്ങൾ അങ്ങനെ ചെയ്യുന്നത് യഹോവ മാത്രം നൽകിയിരിക്കുന്ന യഥാർത്ഥമായ ഉൾക്കാഴ്ചയിൽ അധിഷ്ഠിതമായ തീരുമാനങ്ങൾ ചെയ്യുന്നതിൽ ഒരു വലിയ ഘടകമായിരിക്കാൻ കഴിയും. (w89 3⁄15)
[അടിക്കുറിപ്പുകൾ]
a ജഡത്തിൽ ഹവ്വ മരിക്കുകയേയില്ല എന്ന് വിശ്വസിക്കുന്നതിലേക്ക് സാത്താൻ അവളെ നയിച്ചു. (ഉൽപത്തി 3:1-5) അതുകൊണ്ട് കുറച്ച് കാലങ്ങൾക്കുശേഷം അവൻ മനുഷ്യർക്ക് ജഡത്തിന്റെ മരണാനന്തരവും ജീവിക്കുന്ന അമർത്യമായ ഒരു ദേഹി ഉണ്ടെന്ന വ്യാജ പഠിപ്പിക്കലിന് പ്രാരംഭമിട്ടു. വാച്ച്ടവർ സെപ്ററംബർ 15, 1957, പേജ് 575 കാണുക.
b തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴച വാല്യം 2, പേജുകൾ 614-16, 899-901.
c “നിന്റെ രാജ്യം വരേണമേ,” പേജുകൾ 195-201.
നിങ്ങൾ എന്ത ഓർക്കുന്നു?
◻ ദൈവം ഒരു ത്രിത്വമാണോ, നിങ്ങൾ അങ്ങനെ ഉത്തരം പറയുന്നതെന്തുകൊണ്ട്?
◻ ദൈവനാമം ഉചിതമായി എവിടെ വരേണ്ടതാണ്?
◻ മനുഷ്യദേഹി അമർത്യമാണോ?
◻ യഹോവ ഒരു പ്രക്ഷുബ്ധലോകത്തിലെ ക്രിസ്തീയനടത്ത സംബന്ധിച്ച് എന്ത് ഉൾക്കാഴ്ച നൽകിയിരിക്കുന്നു?
◻ ബൈബിൾപ്രവചനങ്ങളുടെ നിവൃത്തിസംബന്ധിച്ച് യഹോവയുടെ സാക്ഷികൾക്ക് എന്ത് ഉൾക്കാഴ്ച ലഭിച്ചിരിക്കുന്നു?
[8-ാം പേജിലെ ചിത്രം]
“വിശ്വസ്തനും വിവേകിയുമായ അടിമ വീക്ഷാഗോപുരം മുഖേന തിരുവെഴുത്തുകളുടെ അർത്ഥം സംബന്ധിച്ചും നമ്മുടെ നാളിലെ അവയുടെ പ്രയുക്തത സംബന്ധിച്ചും ഉൾക്കാഴ്ച നൽകുന്നു