വിശ്വസ്തത—വിലയെന്ത്?
“വിശ്വസ്തതയുള്ള ഒരുവനോട് നീ വിശ്വസ്തമായി പ്രവർത്തിക്കും.”—സങ്കീർത്തനം 18:25.
1, 2. (എ) വിശ്വസ്തത എന്നാലെന്താണ്, അതിന്റെ വിവിധവശങ്ങൾ നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു? (ബി) നമ്മുടെ വിശിഷ്ടമാതൃകയെന്ന നിലയിൽ യഹോവയിങ്കലേക്ക് തിരിയുന്നത് നല്ലതായിരിക്കുന്നതെന്തുകൊണ്ട്?
സത്യസന്ധത, ധർമ്മം, സ്നേഹം, കടപ്പാട്, കൂറ്. ഈ വാക്കുകൾക്ക് പൊതുവായിട്ട് എന്തുണ്ട്? അവ വിശ്വസ്തതയുടെ വ്യത്യസ്ത വശങ്ങളാണ്. വിശ്വസ്തത ഹൃദയംഗമമായ ഭക്തിയിൽനിന്ന് സംജാതമാകുന്ന ഒരു ദൈവികഗുണമാണ്. എന്നിരുന്നാലും അനേകമാളുകളെ സംബന്ധിച്ചടത്തോളം ഇന്ന് വിശ്വസ്തതക്ക് വലിയ അർത്ഥമൊന്നുമില്ല. ഒരു വിവാഹഇണയോടുള്ള വിശ്വസ്തത, പ്രായംചെന്ന കുടുംബാംഗങ്ങളോടുള്ള കടപ്പാടുകൾ, ഒരു തൊഴിലാളിക്ക് തൊഴിലുടമയോടുള്ള കൂറ്—ഇവയെല്ലാം ആകസ്മികവും മിക്കപ്പോഴും വിട്ടുവീഴ്ചചെയ്യപ്പെടുന്നതും ആണ്. കൂടാതെ, വിശ്വസ്തതകളിൽ ഒരു പരസ്പരസംഘട്ടനം സംജാതമായാൽ എന്തു സംഭവിക്കും? അടുത്ത കാലത്ത് ഇംഗ്ലണ്ടിൽ ഒരു അക്കൗണ്ടൻറ് അയാളുടെ കമ്പനിയുടെ സമ്പദ്സ്ഥിതി സംബന്ധിച്ച് ടാക്സ് ഇൻസ്പെക്ടർമാരോട് സത്യം പറഞ്ഞു, അയാളുടെ ജോലി നഷ്ടപ്പെട്ടു.
2 വിശ്വസ്തതയെ സംബന്ധിച്ച് കേവലം സംസാരിക്കുന്നത് എളുപ്പമാണ്, എന്നാൽ യഥാർത്ഥ വിശ്വസ്തത ഭയപൂർണ്ണമായ വിട്ടുവീഴ്ച ഉൾപ്പെടാത്ത പ്രവൃത്തികളാൽ പിന്താങ്ങപ്പെടണം. അപൂർണ്ണമനുഷ്യരെന്ന നിലയിൽ നാം മിക്കപ്പോഴും ഇതിൽ പരാജയപ്പെടുന്നു. അതുകൊണ്ട്, വിജയപൂർവം ചോദ്യംചെയ്യാനാവാത്ത വിശ്വസ്തതയോടുകൂടിയ ഒരുവന്റെ, യഹോവയാം ദൈവത്തിന്റെ തന്നെ, ദൃഷ്ടാന്തം നാം പരിചിന്തിക്കുന്നത് നല്ലതാണ്.
വിശ്വസ്തത ദൃഷ്ടാന്തീകരിക്കപ്പെടുന്നു
3. ഉൽപ്പത്തി 3:15-ൽ പറഞ്ഞിരുന്ന തന്റെ ഉദ്ദേശ്യത്തോട് യഹോവ വിശ്വസ്തനായിരുന്നുവെന്ന് തെളിയിച്ചിരിക്കുന്നതെങ്ങനെ?
3 ആദാം പാപംചെയ്തപ്പോൾ, യഹോവ അതുവരെ ജനിക്കാതിരുന്ന മാനുഷകുടുംബത്തെ വീണ്ടെടുക്കുന്നതിനുള്ള തന്റെ ഉദ്ദേശ്യം വ്യക്തമായി വെളിപ്പെടുത്തി. ഈ പ്രവർത്തനത്തിനുള്ള അടിസ്ഥാനം അവന് തന്റെ മാനുഷസൃഷ്ടിയോടുള്ള സ്നേഹമായിരുന്നു. (യോഹന്നാൻ 3:16) തക്കസമയത്ത്, ഉൽപ്പത്തി 3:15-ൽ മുൻകൂട്ടിപ്പറയപ്പെട്ടിരുന്ന വാഗ്ദത്തസന്തതിയായിരുന്ന യേശുക്രിസ്തു മറുവിലയാഗമാണെന്ന് തെളിഞ്ഞു, യഹോവക്കു തന്റെ വെളിപ്പെടുത്തപ്പെട്ട ഉദ്ദേശ്യം നടപ്പിലാക്കാതെ പിൻമാറുന്നത് അചിന്തനീയമായിരുന്നു. യേശുവിന്റെ യാഗം അംഗീകരിക്കുന്നതിൽ, നമ്മുടെ വിശ്വാസം നിരാശയിലേക്ക് നയിക്കയില്ല.—റോമർ 9:33.
4. യഹോവ യേശുവിനോട് വിശ്വസ്തനെന്നു തെളിയിച്ചതെങ്ങനെ, എന്തു ഫലത്തോടെ?
4 യേശുവിനോടുള്ള യഹോവയുടെ വിശ്വസ്തത അവൻ ഭൂമിയിലുണ്ടായിരുന്ന സമയത്ത് പുത്രനെ വളരെയധികം ബലപ്പെടുത്തി. താൻ മരണത്തെ അഭിമുഖീകരിക്കേണ്ടതാണെന്ന് യേശുവിന് അറിയാമായിരുന്നു, അവൻ അവസാനത്തോളം തന്റെ ദൈവത്തോട് വിശ്വസ്തനായി നിലകൊള്ളുമെന്ന് ദൃഢനിശ്ചയം ചെയ്തിരുന്നു. അവന്റെ മാനുഷപൂർവ അസ്തിത്വത്തെസംബന്ധിച്ച പൂർണ്ണതയേറിയ അറിവ് അവന്റെ സ്നാപനവും പരിശുദ്ധാത്മാവിനാലുള്ള അഭിഷേകവും നടന്ന സമയത്ത് അവന് വെളിപ്പെടുത്തപ്പെട്ടു. അവന്റെ ഒററിക്കൊടുക്കലിന്റെ രാത്രിയിൽ ‘ലോകം ഉണ്ടാകുന്നതിനുമുമ്പ് അവന് യഹോവയുടെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ’ പുനഃസ്ഥാപിക്കണമേ എന്ന് അവൻ പ്രാർത്ഥിച്ചു. (യോഹന്നാൻ 17:5) ഇത് എങ്ങനെ സാധ്യമായിത്തീരുമായിരുന്നു? യഹോവ തന്റെ വിശ്വസ്ത പുത്രനെ ദ്രവത്വം കാണാൻ ശവക്കുഴിയിൽ ഉപേക്ഷിക്കാതിരിക്കുന്നതിനാൽ മാത്രം. യഹോവ അവനെ മരണാവസ്ഥയിൽനിന്ന് അമർത്യതയിലേക്ക് ഉയർത്തിക്കൊണ്ട്, “നീ എന്റെ ദേഹിയെ ഷീയോളിൽ ഉപേക്ഷിക്കയില്ല” എന്ന് സങ്കീർത്തനം 16:10-ൽ രേഖപ്പെടുത്തിയിരുന്ന പ്രവചനം വിശ്വസ്തമായി നിവർത്തിച്ചു.—പ്രവൃത്തികൾ 2:24-31; 13:35; വെളിപ്പാട് 1:18.
5. മററ് ഏതു വിശ്വസ്ത പ്രവൃത്തികൾക്ക് യേശുവിനോടുള്ള യഹോവയുടെ വാഗ്ദാനങ്ങളോടു ബന്ധമുണ്ട്?
5 യേശുവിന്റെ പുനരുത്ഥാനത്തെ തുടർന്ന് ‘അവന്റെ ശത്രുക്കളെ തന്റെ പാദങ്ങൾക്ക് ഒരു പീഠമെന്നപോലെ വെക്കും’ എന്നുള്ള യഹോവയുടെ പ്രഖ്യാപനത്തിൽ തനിക്ക് ആശ്രയിക്കാൻ കഴിയുമെന്ന് അവന് അറിയാമായിരുന്നു. (സങ്കീർത്തനം 110:1) സ്വർഗ്ഗത്തിലെ രാജ്യസ്ഥാപനത്തോടെ, “ജനതകളുടെ നിയമിതകാലങ്ങളുടെ” അവസാനത്തിൽ, 1914-ൽ ആ സമയം വന്നെത്തി. ശത്രുക്കളുടെമേലുള്ള യേശുവിന്റെ വാഗ്ദത്തംചെയ്യപ്പെട്ട സ്വാധീനശക്തി സാത്താന്റെയും അവന്റെ ഭൂതങ്ങളുടെയും സ്വർഗ്ഗത്തിൽനിന്നുള്ള നിഷ്ക്കാസനത്തോടെ തുടങ്ങി. അത് അവർ ആയിരം വർഷത്തേക്ക് അഗാധത്തിൽ അടയ്ക്കപ്പെടുകയും “ഭൂരാജാക്കൻമാരും അവരുടെ സൈന്യങ്ങളും നശിപ്പിക്കപ്പെടുകയും” ചെയ്തുകഴിയുമ്പോൾ അതിന്റെ പാരമ്യത്തിലെത്തും.—ലൂക്കോസ് 21:24; വെളിപ്പാട് 12:7-12; 19:19; 20:1-3.
6. ദൈവം നമുക്ക് ഏത് ഉറപ്പുള്ള പ്രത്യാശ നീട്ടിത്തരുന്നു, നമുക്ക് അതിനുവേണ്ടി എങ്ങനെ വിലമതിപ്പ് കാണിക്കാൻ കഴിയും?
6 സങ്കീർത്തനക്കാരൻ ഇപ്രകാരം പ്രോൽസാഹിപ്പിച്ചു: “യഹോവയിൽ പ്രത്യാശിക്കുകയും അവന്റെ വഴി അനുസരിക്കുകയും ചെയ്യുക, ഭൂമിയെ കൈവശപ്പെടുത്താൻ അവൻ നിന്നെ ഉയർത്തും.” (സങ്കീർത്തനം 37:34) യഹോവ തന്റെ വാക്കു പാലിക്കുന്നതിൽ തുടരുമെന്നും “അവന്റെ വഴി അനുസരിക്കുന്ന” പുരുഷൻമാരെയും സ്ത്രീകളെയും കുട്ടികളെയും ഈ ദുഷ്ടലോകത്തിന്റെ അന്ത്യത്തിലൂടെതന്നെ അവൻ രക്ഷിക്കുമെന്നും നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. മൂല എബ്രായയിലെ ആ പദപ്രയോഗം യഹോവയെ സേവിക്കുന്നതിലുള്ള ശുഷ്കാന്തിയുടെയും വിശ്വസ്തതയുടെയും ആശയം നൽകുന്നു. അതുകൊണ്ട്, നമുക്ക് നൽകപ്പെട്ട സേവന പദവികളെ ഉപേക്ഷിക്കുന്നതിനും ക്ഷീണിതരായിത്തീരുന്നതിനുമുള്ള സമയമല്ല ഇത്. ഇത് നമ്മുടെ ദൈവത്തിന്റെയും അവന്റെ രാജ്യത്തിന്റെയും വിശ്വസ്തസേവനത്തിൽ നാം തീവ്രയത്നംചെയ്യുന്നതിനുള്ള സമയമാണ്. (യെശയ്യാവ് 35:3, 4) നമ്മെ പ്രോത്സാഹിപ്പിക്കാൻ നല്ല ദൃഷ്ടാന്തങ്ങൾ ഉണ്ട്. അവയിൽ ചിലത് നമുക്ക് പരിഗണിക്കാം.
ഗോത്രപിതാക്കൾ വിശ്വസ്തത പ്രതിഫലിപ്പിക്കുന്നു
7, 8. (എ) യഹോവ നോഹക്കും അവന്റെ കുടുംബത്തിനും ഏതു വേല നിയമിച്ചുകൊടുത്തു? (ബി) ഭൂവ്യാപകമായ ജലപ്രളയസമയത്ത് നോഹയുടെ കുടുംബാംഗങ്ങൾ ദൈവത്തിന്റെ സംരക്ഷണത്തിന് അർഹരാണെന്ന് എങ്ങനെ തെളിയിച്ചു?
7 യഹോവ ഒരു ദുഷ്ടമാനുഷസമുദായത്തെ ജലപ്രളയത്താൽ നശിപ്പിക്കാൻ ഉദ്ദേശിച്ചപ്പോൾ ഗോത്ര കുടുംബത്തലവനായിരുന്ന നോഹയുടെ കുടുംബത്തിന്റെ സംരക്ഷണത്തിനുംവേണ്ടി യഹോവ അവനുമായി ഒരു ഉടമ്പടി ചെയ്തു. (ഉൽപ്പത്തി 6:18) നോഹ ഈ ദിവ്യ സംരക്ഷണത്തിന്റെ പ്രതീക്ഷസംബന്ധിച്ച് നന്ദിയുള്ളവനായിരുന്നു, എന്നാൽ അവനും അവന്റെ കുടുംബവും അതിന് അർഹരാണെന്ന് തെളിയിക്കേണ്ടിയിരുന്നു. എങ്ങനെ? യഹോവ കൽപ്പിച്ചത് ചെയ്യുന്നതിനാൽ. അവർ ആദ്യം പെട്ടകംപണിയുടെ ബൃഹത്തായ വേലയെ അഭിമുഖീകരിച്ചു. അതു പൂർത്തിയായപ്പോൾ, നോഹക്ക് മൃഗലോകത്തിന്റെ പ്രതിനിധികളെക്കൊണ്ടും ദീർഘകാലം അവയെ പുലർത്തുന്നതിനാവശ്യമായ ആഹാരസാധനങ്ങൾ കൊണ്ടും അതു നിറക്കേണ്ടിയിരുന്നു. എന്നാൽ അതുമാത്രമായിരുന്നില്ല. ദീർഘിച്ച ഒരുക്കകാലത്ത് വരാനിരുന്ന ദിവ്യന്യായവിധിയേക്കുറിച്ചുള്ള മുന്നറിയിപ്പു നൽകിക്കൊണ്ട് ഒരു അഭൂതപൂർവമായ പ്രസംഗവേലയിൽ തന്റെ കഴിവിന്റെ പരമാവധി നോഹ പ്രവർത്തിച്ചുകൊണ്ടിരുന്നു.—ഉൽപ്പത്തി, 6, 7 അദ്ധ്യായങ്ങൾ; 2 പത്രോസ് 2:5.
8 “ദൈവം നോഹയോടു കൽപ്പിച്ചിരുന്നതെല്ലാമനുസരിച്ച് അവൻ ചെയ്തുതുടങ്ങി. അങ്ങനെതന്നേ അവൻ ചെയ്തു”വെന്ന് ബൈബിൾ നമ്മോടു പറയുന്നു. (ഉൽപ്പത്തി 6:22; 7:5) നോഹയും അവന്റെ കുടുംബവും അവരുടെ നിയമനങ്ങൾ നിർവഹിക്കുന്നതിൽ വിശ്വസ്തരെന്ന് തെളിയിച്ചു. അവരുടെ ആത്മത്യാഗപരമായ മനോഭാവം അവരുടെ സമയം പ്രയോജനകരമായി ചെലവഴിച്ചു എന്ന് അർത്ഥമാക്കി, എന്നാൽ വേല കഠിനവും പ്രസംഗപ്രവർത്തനം വിഷമകരവുമായിരുന്നു. പ്രളയത്തിനുമുമ്പ് കുട്ടികളെ ജനിപ്പിക്കാതിരുന്നത് നോഹയുടെ പുത്രൻമാരും അവരുടെ ഭാര്യമാരും അവർക്കു ചെയ്യാനുണ്ടായിരുന്ന നിയമിതവേലയിൽ കേന്ദ്രീകരിക്കുന്നതിനും അവരുടെ പ്രവർത്തനത്തെ സംയോജിപ്പിക്കുന്നതിനും സഹായിച്ചു. ആ വിപൽക്കരമായ പ്രളയം ഒരു ദുഷ്ടലോകത്തിന് നീതിപൂർവകമായ അറുതി വരുത്തി. നോഹയും അവന്റെ ഭാര്യയും മൂന്നു പുത്രൻമാരും അവരുടെ ഭാര്യമാരും മാത്രം അതിജീവിച്ചു. നാം ഓരോരുത്തരും നോഹയിൽനിന്ന്, ശേമിലൂടെയോ ഹാമിലൂടെയോ, യാഫേത്തിലൂടെയോ ഉത്ഭവിച്ചവരാകയാൽ അവർ ദൈവത്തോടും അവന്റെ മാർഗ്ഗനിർദ്ദേശങ്ങളോടും വിശ്വസ്തരായിരുന്നതിൽ നമുക്ക് സന്തോഷമുള്ളവരായിരിക്കാൻ കഴിയും.—ഉൽപ്പത്തി 5:32; 1 പത്രോസ് 3:20.
9. (എ) യഹോവ അബ്രാഹാമിനെ പരിശോധിച്ചത് അവന്റെ വിശ്വസ്തതയുടെ ഒരു പരിശോധനയായിരുന്നതെങ്ങനെ? (ബി) ഇതിൽ ഇസ്ഹാക്ക് വിശ്വസ്തത പ്രകടിപ്പിച്ചതെങ്ങനെ?
9 ഇസ്ഹാക്കിനെ ഒരു യാഗമായി അർപ്പിക്കാൻ അബ്രഹാം തയ്യാറായപ്പോൾ അവൻ യഹോവയുടെ കൽപ്പനയോടുള്ള വിശ്വസ്തമായ അനുസരണത്തിൽ പ്രവർത്തിക്കുകയായിരുന്നു. അത് അവന്റെ വിശ്വസ്തതയുടെ എന്തോരു പരീക്ഷയായിരുന്നു! എന്നുവരികിലും അബ്രാഹാമിന്റെ കൈ തടഞ്ഞുകൊണ്ട് യഹോവ ഇങ്ങനെ പറഞ്ഞു: “നീ നിന്റെ പുത്രനെ, നിന്റെ ഏകപുത്രനെ, എന്നിൽനിന്ന് പിൻവലിക്കാഞ്ഞതിനാൽ നീ ദൈവഭയമുള്ളവനാകുന്നു എന്ന് ഞാൻ ഇപ്പോൾ അറിയുകതന്നെ ചെയ്യുന്നു.” എങ്കിലും അതിനുമുമ്പ് എന്താണു സംഭവിച്ചത് എന്ന് നാം പരിചിന്തിക്കുന്നത് നല്ലതാണ്. മോറിയാ മലയിലേക്കുള്ള മൂന്നു ദിവസത്തെ യാത്രക്കിടയിൽ അബ്രാഹാമിന് തീർച്ചയായും കാര്യങ്ങൾ തൂക്കിനോക്കുന്നതിനും തീരുമാനം മാററുന്നതിനും ആവശ്യമായ സമയം ഉണ്ടായിരുന്നു. യാഗത്തിനുള്ള വിറകു ചുമക്കുകയും കൈയും കാലും കെട്ടപ്പെടാൻ സ്വയം അനുവദിക്കുകയുംചെയ്ത ഇസ്ഹാക്കിനെക്കുറിച്ചെന്ത്? അവന്റെ വിശ്വസ്തഗതി അവന്റെ ജീവനഷ്ടം വരുത്തുമെന്ന് കാണപ്പെട്ടെങ്കിലും അവന്റെ പിതാവായ അബ്രാഹാമിനോടുള്ള അവന്റെ വിശ്വസ്തതയിൽ അവൻ പതറുകയൊ അവൻ നിർവഹിക്കേണ്ടിയിരുന്ന പങ്കിനെ ചോദ്യം ചെയ്യുകയൊ ചെയ്തില്ല.—ഉൽപ്പത്തി 22:1-18; എബ്രായർ 11:17.
ക്രിസ്തീയ വിശ്വസ്തത
10, 11. ആദിമക്രിസ്ത്യാനികൾ വിശ്വസ്തതയുടെ എന്തു ദൃഷ്ടാന്തങ്ങൾ നൽകുന്നു?
10 യഹോവ എല്ലായ്പ്പോഴും യഥാർത്ഥ വിശ്വസ്തതയോടെ പ്രവർത്തിച്ചിരിക്കുന്നു. “ദൈവത്തിന്റെ അനുകാരികളായിത്തീരുക” എന്ന് അപ്പോസ്തലനായ പൗലൊസ് പ്രോൽസാഹിപ്പിക്കുന്നു. (എഫേസ്യർ 5:1, 2) ഗോത്രപിതാക്കൻമാർ പ്രതികരിച്ചതുപോലെ ക്രിസ്ത്യാനികളും പ്രതികരിക്കണമായിരുന്നു. പിൻവരുന്ന അനുഭവം കാണിക്കുന്നതുപോലെ ആദിമക്രിസ്ത്യാനികൾ വിശ്വസ്താരാധനയുടെ ഉത്തമദൃഷ്ടാന്തങ്ങൾ വെച്ചിരുന്നു.
11 കോൺസ്ററൻറയ്ൻ ചക്രവർത്തിയുടെ പിതാവായിരുന്ന റോമൻചക്രവർത്തി കോൺസ്ററാൻറിയസ് I-ാമന് പ്രത്യക്ഷത്തിൽ യേശുക്രിസ്തുവിന്റെ അനുഗാമികളോട് ആഴമായ ബഹുമാനമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൊട്ടാരത്തോടു ബന്ധപ്പെട്ടിരുന്ന ക്രിസ്ത്യാനികളുടെ വിശ്വസ്തത പരിശോധിക്കാൻ, അവർ വിഗ്രഹങ്ങൾക്ക് യാഗം അർപ്പിക്കാൻ സമ്മതിച്ചെങ്കിലേ അവർക്കു തന്റെ സേവനത്തിൽ തുടരാൻ സാധ്യമാകൂ എന്ന് അദ്ദേഹം അവരോടു പറഞ്ഞു. വിസമ്മതം അവരുടെ പിരിച്ചുവിടലിലേക്കും തന്റെ കൈയാലുള്ള പ്രതികാരത്തിലേക്കും നയിക്കുമെന്ന് അവരോടു പറയപ്പെട്ടു. ഈ ലളിതവും തന്ത്രപൂർവകവുമായ നീക്കത്താൽ തങ്ങളുടെ വിശ്വസ്തതയിൽ ഒരിക്കലും വിട്ടുവീഴ്ചചെയ്യുകയില്ലാത്തവരെ തിരിച്ചറിയാൻ കോൺസ്ററാൻറിയസ് ആഗ്രഹിച്ചു. ദൈവത്തോടും അവന്റെ തത്വങ്ങളോടും വിശ്വസ്തരെന്നു തെളിയിച്ചവരെ ചക്രവർത്തിയുടെ സേവനത്തിൽ നിലനിർത്തി, ചിലർ ആശ്രയയോഗ്യരായ ഉപദേശകർപോലുമായിത്തീർന്നു. ദൈവത്തിന്റെ കൽപ്പനയോട് അവിശ്വസ്തരായിരുന്നവർ ലജ്ജാകരമായി പിരിച്ചുവിടപ്പെട്ടു.
12. ക്രിസ്തീയമേൽവിചാരകൻമാർ എപ്രകാരം വിശ്വസ്തത പ്രകടമാക്കണം, ഇത് സഭയുടെ ക്ഷേമത്തിന് അത്യാവശ്യമായിരിക്കുന്നതെന്തുകൊണ്ട്?
12 വിശ്വസ്തത എല്ലാ ക്രിസ്ത്യാനികളുടെയും ജീവിതത്തിന്റെ സ്വഭാവമായിരിക്കണമെങ്കിലും, അത് തീത്തോസ് 1:8-ൽ ഒരു ക്രിസ്തീയമേൽവിചാരകനായിരിക്കുന്ന ഒരു പുരുഷന് ആവശ്യമായിരിക്കുന്ന യോഗ്യതകളുടെ പട്ടികയിൽ പ്രത്യേകാൽ പരാമർശിച്ചിരിക്കുന്നു. ഇവിടെ “വിശ്വസ്തൻ” എന്നു ഭാഷാന്തരം ചെയ്തിരിക്കുന്ന ഹോസിയോസ എന്ന ഗ്രീക്കുവാക്ക്, “ഏത് മനുഷ്യനിർമ്മിത നിയമങ്ങൾക്കും മുമ്പിലായിരുന്നിട്ടുള്ളതും ആയിരിക്കുന്നതുമായ നിത്യനിയമങ്ങൾ അനുസരിക്കുന്ന മനുഷ്യനെ” വർണ്ണിക്കുന്നു എന്ന് വില്യം ബർക്ലേ പറയുന്നു. മൂപ്പൻമാർ ദൈവത്തിന്റെ നിയമങ്ങളോട് അനുസരണത്തിന്റെ അത്തരത്തിലുള്ള വിശ്വസ്തമായ നിലപാട് സ്വീകരിക്കുന്നത് അത്യാവശ്യമാണ്. ഈ ശരിയായ മാതൃക സഭ വളരുന്നതിനും ഒരു സംഘമെന്ന നിലയിൽ അതിനെയോ അതിലെ ഓരോരോ അംഗങ്ങളെയോ ഭീഷണിപ്പെടുത്തിയേക്കാവുന്ന എല്ലാ പരിശോധനകളെയും സമ്മർദ്ദങ്ങളെയും അഭിമുഖീകരിക്കത്തക്കവണ്ണം ശക്തിപ്രാപിക്കുന്നതിനും സഹായിക്കും. (1 പത്രോസ് 5:3) യഹോവയോടുള്ള തങ്ങളുടെ വിശ്വസ്തതയിൽ ഒരിക്കലും വിട്ടുവീഴ്ചചെയ്യാതിരിക്കാൻ നിയമിത മൂപ്പൻമാർക്ക് ആട്ടിൻകൂട്ടത്തോട് വലിയ ഉത്തരവാദിത്തമുണ്ട്, എന്തുകൊണ്ടെന്നാൽ സഭ “അവരുടെ വിശ്വാസത്തെ അനുകരിക്കാൻ” ബുദ്ധിയുപദേശിക്കപ്പെട്ടിരിക്കുന്നു.—എബ്രായർ 13:7.
വിശ്വസ്തത—എന്തു വില?
13. “എല്ലാ മനുഷ്യർക്കും തങ്ങളുടെ വിലയുണ്ട്” എന്ന മൗലികതത്വത്തിന്റെ അർത്ഥമെന്ത്, ഏതു ദൃഷ്ടാന്തങ്ങൾ ഇതിനെ പിന്താങ്ങുന്നതായി തോന്നിക്കുന്നു?
13 “എല്ലാ മനുഷ്യർക്കും അവരുടെ വിലയുണ്ട്,” എന്നത് 18-ാം നൂററാണ്ടിലെ ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന സർ റോബർട്ട് വാൾപോൾ പറഞ്ഞതായി കരുതപ്പെടുന്ന ഒരു മൗലികതത്വമാണ്. അത്, ചരിത്രത്തിലുടനീളം വിശ്വസ്തത മിക്കപ്പോഴും സ്വാർത്ഥ ലാഭത്തിനുവേണ്ടി വിൽക്കപ്പെട്ടിരുന്നുവെന്ന വസ്തുതയെ നന്നായി സംക്ഷേപിക്കുന്നു. അബദ്ധത്തിൽ തന്റെ വിശ്വസ്തസ്നേഹിതനായി ഹെൻട്രി ഫിലിപ്സിനെ സ്വീകരിച്ച ബൈബിൾവിവർത്തകനായ വില്യം ടിൻഡെയിലിന്റെ സംഗതി പരിചിന്തിക്കുക. 1535-ൽ ഫിലിപ്സ് അവിശ്വസ്തമായി ടിൻഡെയിലിനെ അദ്ദേഹത്തിന്റെ ശത്രുക്കൾക്ക് ഒററിക്കൊടുത്തു, അത് ടിൻഡെയിലിന്റെ പെട്ടെന്നുള്ള തടവിലേക്കും അകാല മരണത്തിലേക്കും നയിച്ചു. സാധ്യതയനുസരിച്ച് ഇംഗ്ലീഷ്രാജാവിന്റെയൊ ഇംഗ്ലീഷ് കത്തോലിക്കരുടെയൊ ഒരു ഏജൻറായിരുന്ന ഫിലിപ്സിന്, “അയാളുടെ യൂദാ-പണിക്ക് നല്ല കൂലി കൊടുക്കപ്പെട്ടു” എന്ന് ഒരു ചരിത്രകാരൻ പറയുന്നു. തീർച്ചയായും ആ ചരിത്രകാരൻ യേശുക്രിസ്തുവിനെ ഒററിക്കൊടുത്തതിനുള്ള കൂലിയായി 30 വെള്ളിനാണയങ്ങൾ സ്വീകരിച്ച യൂദാസ് ഇസ്കരിയോത്തയെ പരാമർശിക്കുകയായിരുന്നു. എന്നിരുന്നാലും നാം ഈ ദൃഷ്ടാന്തങ്ങളിൽനിന്ന് ഒരു വ്യക്തിയുടെ വിശ്വസ്തതക്കുള്ള “വില” എല്ലായ്പ്പോഴും പണമാണെന്ന് നിഗമനം ചെയ്യരുത്. അങ്ങനെയല്ല.
14. യഹോവയോടുള്ള യോസേഫിന്റെ വിശ്വസ്തത പരീക്ഷിക്കപ്പെട്ടതെങ്ങനെ, എന്തു ഫലത്തോടെ?
14 പൊത്തിഫേറിന്റെ ഭാര്യ “[തന്നോടു]കൂടെ ശയിക്കാൻ” യോസേഫിനെ അലട്ടിയപ്പോൾ യഹോവയോടുള്ള അവന്റെ വിശ്വസ്തത പരിശോധിക്കപ്പെട്ടു. അവൻ എന്തു ചെയ്യും? ഉൾപ്പെട്ടിരുന്ന തത്വങ്ങൾ അപ്പോൾത്തന്നെ വ്യക്തമായി അറിയാമായിരുന്ന ഒരു മനസ്സോടുകൂടെ യോസേഫ്, തനിക്ക് ഒരിക്കലും “ഈ വലിയ തിൻമ ചെയ്യുന്നതിനും യഥാർത്ഥത്തിൽ ദൈവത്തിനെതിരെ പാപം ചെയ്യുന്നതിനും” കഴിയുകയില്ലെന്നുള്ള ദൃഢനിശ്ചയത്തോടെ ആ വീട്ടിൽനിന്ന് ഓടിപ്പോയി. ലൈംഗിക ഉല്ലാസത്തിന്റെ സാദ്ധ്യതക്ക് യോസേഫിന് തന്റെ ദൈവമായ യഹോവയോടുണ്ടായിരുന്ന വിശ്വസ്തതയെ കീഴടക്കാൻ കഴിഞ്ഞില്ല.—ഉൽപ്പത്തി 39:7-9.
15. അബ്ശാലോം അവിശ്വസ്തത പ്രകടമാക്കിയതെങ്ങനെ, എന്തു ഫലത്തോടെ?
15 എന്നിരുന്നാലും, മററു അപകടങ്ങൾ ഉണ്ട്, സ്ഥാനമോഹത്തിന് വിശ്വസ്തതക്ക് തുരങ്കംവെക്കാൻ കഴിയും. അതായിരുന്നു തന്റെ പിതാവായ ദാവീദ്രാജാവിനെതിരെയുള്ള അബ്ശാലോമിന്റെ മത്സരത്തിന്റെ പിന്നിലെ പ്രേരകഘടകം. ഉപായത്താലും ഉപജാപത്താലും അബ്ശാലോം സ്വയം ജനങ്ങളുടെ പ്രീതിക്ക് പാത്രീഭവിപ്പിക്കാൻ ശ്രമിച്ചു. ക്രമേണ, തന്റെ പിതാവിന്റെ വിശ്വസ്ത പിന്തുണക്കാരുമായി ഏററുമുട്ടുന്നതിന് അയാൾ ഒരു സൈന്യത്തെ സംഘടിപ്പിച്ചു. യോവാബിന്റെ കൈയാലുള്ള അബ്ശാലോമിന്റെ മരണം അവന്റെ പിതാവായ ദാവീദിനോടുള്ള അവന്റെ അവിശ്വസ്തതക്ക് അവസാനം വരുത്തി, എന്നാൽ ദിവ്യാധിപത്യക്രമീകരണത്തെ തകിടംമറിക്കാനുള്ള ശ്രമത്തിന് എന്തു വിലയാണ് ഒടുക്കേണ്ടിവന്നത്!—2 ശമുവേൽ 15:1-12; 18:6-17.
വിലയില്ലാത്ത വിശ്വസ്തത
16. രണ്ടു കൊരിന്ത്യർ 11:3 സാത്താന്റെ ഉദ്ദേശ്യങ്ങൾ സംബന്ധിച്ച് എന്തു വെളിപ്പെടുത്തുന്നു?
16 ഓരോരുത്തനും അവന്റെ വിലയുണ്ടെന്ന് സാത്താൻ അവകാശപ്പെടുന്നെങ്കിലും, അബ്ശാലോമിനെസംബന്ധിച്ച് ഇത് സത്യവുമായിരുന്നെങ്കിലും, യോസേഫിനെസംബന്ധിച്ച് അത് സത്യമായിരുന്നില്ല; അത് യഹോവയുടെ വിശ്വസ്താരാധകരെസംബന്ധിച്ച് ഒരിക്കലും സത്യമായിരുന്നിട്ടില്ല. എന്നിരുന്നാലും സാത്താൻ, നമ്മുടെ സ്രഷ്ടാവിനോടുള്ള നമ്മുടെ വിശ്വസ്തതയെ നാം ലംഘിക്കാനിടയാക്കുന്നതിന് ഏതു വാഗ്ദാനവും നൽകും. “സർപ്പം അതിന്റെ ഉപായത്താൽ ഹവ്വായെ വഴിപിഴപ്പിച്ചതുപോലെ ഏതെങ്കിലും വിധത്തിൽ” നമ്മെ യഹോവയോടുള്ള നമ്മുടെ വിശ്വസ്തതയും അവന്റെ ആരാധനയും സംബന്ധിച്ച് വിട്ടുവീഴ്ചചെയ്യുന്നതിലേക്ക് നയിക്കത്തക്കവണ്ണം നമ്മുടെ ചിന്ത ദുഷിപ്പിക്കപ്പെടുമോയെന്ന് അപ്പോസ്തലനായ പൗലോസ് ഭയം പ്രകടമാക്കി.—2 കൊരിന്ത്യർ 11:3.
17. ചിലർ വിലയേറിയ സേവനപദവികൾ എന്തിനുവേണ്ടി വിററുകളഞ്ഞു?
17 നാം നമ്മോടുതന്നെ ഇപ്രകാരം ചോദിക്കുന്നത് ഉചിതമാണ്: ‘ഞാൻ എന്റെ സ്രഷ്ടാവിനെ വിശ്വസ്തമായി സേവിക്കുന്നതിനുള്ള പദവിക്കായി ഞാൻ സ്വീകരിക്കേണ്ട എന്തെങ്കിലും വിലയുണ്ടോ? യോസേഫിൽനിന്ന് വ്യത്യസ്തമായി യഹോവയുടെ സമർപ്പിതദാസൻമാരായിരുന്ന ചിലർ തീരെ കുറഞ്ഞത് ആവശ്യപ്പെട്ടുവെന്നത് ദുഃഖകരമായ ഒരു വസ്തുതയാണ്. ചില മൂപ്പൻമാർപോലും വിശുദ്ധസേവനത്തിന്റെ വിലതീരാത്ത പദവികളെ താൽക്കാലികമായ അധാർമ്മിക ഇന്ദ്രിയ സുഖാസ്വാദനത്തിനുവേണ്ടി വിററുകളഞ്ഞിട്ടുണ്ട്. മൂപ്പൻമാരാണെങ്കിലും അല്ലെങ്കിലും അങ്ങനെ ചെയ്യുന്ന അനേകർക്കും പ്രതിവിധിയില്ലാത്ത വിധത്തിൽ കുടുംബ ഐക്യവും, സഭയുടെ സ്നേഹവും ആദരവും, യഹോവയുടെ അംഗീകാരവും നഷ്ടപ്പെട്ടിരിക്കുന്നു—യഹോവതന്നെയാണ് വിശ്വസ്തത പാലിക്കുന്നതിനും സാത്താനിൽനിന്നുള്ള ഏതു പ്രലോഭനത്തെയും ചെറുക്കുന്നതിനുമുള്ള ബലം പ്രദാനം ചെയ്യാൻ കഴിവുള്ള ഏകൻ.—യെശയ്യാവ് 12:2; ഫിലിപ്പിയർ 4:13.
18. ഒന്ന് തിമൊഥെയോസ് 6:9, 10-ലെ മുന്നറിയിപ്പ് ശ്രദ്ധിക്കുന്നത് പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
18 മററു ചിലർ, ബൈബിളിന്റെ വ്യക്തമായ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും, ലൗകികവ്യാപാരങ്ങളിൽ മുന്നേറാനുള്ള അതിമോഹപരമായ ദൃഢനിശ്ചയത്തിൽ, “അനേകം വേദനകളോടെ തങ്ങളേത്തന്നെ മുറിവേൽപ്പിച്ചിരിക്കുന്നു.” (1 തിമൊഥെയോസ് 6:9, 10) പൗലോസ് പരാമർശിച്ച ദേമാസ് എന്ന ക്രിസ്ത്യാനി ഈ കാരണത്താൽ താൽക്കാലികമായോ സ്ഥിരമായോ നഷ്ടപ്പെട്ടു. (2 തിമൊഥെയോസ് 4:10) വിപൽക്കരമായ ഫലങ്ങളോടെയല്ലാതെ യഹോവയോടുള്ള വിശ്വസ്തതയിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാൻ കഴികയില്ല. “ദൈവം പരിഹസിക്കപ്പെടേണ്ട ഒരുവനല്ല. എന്തുകൊണ്ടെന്നാൽ ഒരു മനുഷ്യൻ എന്തുതന്നേ വിതച്ചാലും അത് അവൻ കൊയ്യുകയുംചെയ്യും.”—ഗലാത്യർ 6:7.
19, 20. (എ) അമിതമായ ടെലിവിഷൻ കാഴ്ചയോട് ബന്ധപ്പെട്ട ചില അപകടങ്ങൾ എന്തെല്ലാമാണ്? (ബി) ഒരു സാക്ഷിക്കുടുംബം ഏതു മാതൃക വെച്ചിരിക്കുന്നു?
19 ചിലപ്പോൾ ആദായകരമായ വില വളരെ തന്ത്രപൂർവമായ ഒരു വിധത്തിൽ പ്രത്യക്ഷമാകുന്നു. ദൃഷ്ടാന്തത്തിന് ഐക്യനാടുകളിൽനിന്നുള്ള ഒരു റിപ്പോർട്ട്, അനേകം കുടുംബങ്ങൾ തങ്ങൾ ഉണർന്നിരിക്കുന്ന സമയത്തിന്റെ പകുതിയോളം ടെലിവിഷൻ കാണാൻ ഉപയോഗിക്കുന്നു എന്ന് പറയുന്നു—ചെറുപ്പക്കാർ പ്രത്യേകിച്ചും ആസക്തരാണ്. ഒരു ക്രിസ്ത്യാനി ലൈംഗികതയും അക്രമവും സഹിതമുള്ള റെറലിവിഷനാൽ മുഖ്യമായി പോഷിപ്പിക്കപ്പെടുന്നുവെങ്കിൽ അയാൾക്ക് പെട്ടെന്നുതന്നെ തന്റെ ക്രിസ്തീയ തത്വങ്ങൾക്ക് തുരങ്കംവെക്കാൻ കഴിയും. അതിന് എളുപ്പത്തിൽ അയാളെ അവിശ്വസ്തതയിലേക്ക് നയിച്ചുകൊണ്ട് യഹോവയിൽനിന്ന് വേർപെടുത്താൻ കഴിയും. അത്തരം ചീത്ത സഹവാസം പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുകതന്നെ ചെയ്യും. (1 കൊരിന്ത്യർ 15:33) തിരുവെഴുത്തുകൾ നമ്മെ യഹോവയുടെ വചനം പഠിക്കുന്നതിനും ധ്യാനിക്കുന്നതിനും സമയമെടുക്കാൻ ഉപദേശിക്കുന്നുവെന്ന് നാം മറക്കരുത്. ഒരു ടെലിവിഷൻ സ്ക്രീനിന്റെ മുമ്പിൽ വിശ്രമിച്ചുകൊണ്ട് അമിതമായി ചെലവഴിക്കുന്ന സമയം, യഹോവയുടെ ഒരു വിശ്വസ്താരാധകനെന്ന നിലയിൽ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം സമ്പാദിക്കുന്നതിന് ഉപയോഗിക്കാൻ കഴിയുന്ന സമയത്തിന് ന്യായമായി പകരമാകുമോ? ഇന്ന് സത്യത്തിന്റെ പരിജ്ഞാനത്തിൽ വന്നുകൊണ്ടിരിക്കുന്ന അനേകർക്കും ഈ കാര്യംസംബന്ധിച്ച് തങ്ങളുടെ ചിന്തയിൽ വലിയ ക്രമീകരണങ്ങൾ വരുത്തേണ്ടതുണ്ടായിരുന്നു.—1 തിമൊഥെയോസ് 4:15, 16; 2 തിമൊഥെയോസ് 2:15.
20 ററക്കാഷി ഇംഗ്ലണ്ടിൽ പാർക്കുന്ന ഒരു ജാപ്പനീസ് വ്യാപാരിയാണ്. അയാൾ മിക്ക വൈകുന്നേരങ്ങളിലും തന്റെ കുടുംബത്തോടൊത്ത് മൂന്നു മുതൽ നാലുവരെ മണിക്കൂറുകൾ ടെലിവിഷൻ വീക്ഷിച്ചുകൊണ്ട് ചെലവഴിച്ചിരുന്നു. നാലുവർഷം മുമ്പ് അയാളും അയാളുടെ ഭാര്യയും സ്നാപനമേററശേഷം, വ്യക്തിപരവും കുടുംബപരവുമായ ബൈബിളദ്ധ്യയനത്തിന് പ്രാമുഖ്യത കൊടുക്കേണ്ടതുണ്ടെന്ന് അയാൾ തീരുമാനിച്ചു. അയാളുടെ ടെലിവിഷൻ കാഴ്ച ഒരു ദിവസം ശരാശരി കേവലം 15ഓ 30ഓ മിനിററായി കുറച്ചുകൊണ്ട് അയാൾ തന്റെ കുടുംബത്തിൽ നല്ല നേതൃത്വം വഹിച്ചു. ററക്കാഷിക്ക് രണ്ടു ബൈബിളുകൾ—ഒന്ന് ഇംഗ്ലീഷും മറേറത് ജാപ്പനീസും— ഉപയോഗിച്ച് പഠിക്കേണ്ടതുണ്ടായിരുന്നെങ്കിലും അയാളുടെ ആത്മീയ വളർച്ച സത്വരമായിരുന്നു, അയാൾ ഇപ്പോൾ ഒരു ഇംഗ്ലീഷ് ഭാഷാസഭയിൽ ഒരു ശുശ്രൂഷാദാസനായി സേവിക്കുന്നു. അയാളുടെ ഭാര്യ ഒരു സഹായപയനിയറാണ്. “ഞങ്ങളുടെ രണ്ടു ചെറിയ ആൺകുട്ടികളുടെ ആത്മീയത കാത്തുസൂക്ഷിക്കുന്നതിന്, ഓരോ ദിവസവും എന്റെ ഭാര്യയും ഞാനും ടെലിവിഷനിൽ എന്തു കാണാൻ അവരെ അനുവദിക്കുന്നുവെന്നതും ഞാൻ ശ്രദ്ധാപൂർവം നിരീക്ഷിക്കുന്നു” എന്ന് അയാൾ പറയുന്നു. അത്തരം ആത്മശിക്ഷണം പ്രതിഫലദായകമാണ്.
21. നമുക്ക് സാത്താന്റെ തന്ത്രങ്ങളെക്കുറിച്ച് എന്തറിയാം, നമുക്ക് നമ്മെത്തന്നെ എങ്ങനെ സംരക്ഷിക്കാം?
21 നമുക്ക് ഇതിന് ഉറപ്പുണ്ടായിരിക്കാൻ കഴിയും: സാത്താൻ നമ്മുടെ ബലഹീനതകൾ അറിയുന്നു, ഒരു പക്ഷേ നമുക്ക് അവ അറിയാവുന്നതിനേക്കാൾ മെച്ചമായിത്തന്നെ. നാം യഹോവയോടുള്ള കൂറുസംബന്ധിച്ച് വിട്ടുവീഴ്ചചെയ്യാനോ ക്ഷീണിതരാകാനോ ഇടയാക്കാനുള്ള ശ്രമത്തിൽ അവൻ എന്തും ചെയ്യും. (മത്തായി 4:8, 9 താരതമ്യപ്പെടുത്തുക.) അപ്പോൾ നമുക്ക് എങ്ങനെ നമ്മേത്തന്നെ സംരക്ഷിക്കാൻ കഴിയും? നാം മററുള്ളവരുടെ ആത്മീയാവശ്യങ്ങൾക്കുവേണ്ടി ശുശ്രൂഷചെയ്യവേ, നമ്മുടെ സമർപ്പണത്തെ നിരന്തരം നമ്മുടെ മുമ്പിൽ നിർത്തുന്നതിനാലും വൈദഗ്ദ്ധ്യങ്ങൾ വികസിപ്പിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നതിനാലും തന്നെ. യഹോവയുടെ വിശ്വസ്തദാസൻമാരെന്ന നിലയിൽ നാം അവന്റെ സേവനത്തിൽ തിരക്കുള്ളവരായിരിക്കുകയും എല്ലാ സമയത്തും അവന്റെ വിശുദ്ധ വചനത്താൽ നയിക്കപ്പെടുകയും ചെയ്യണം. ഇതിന്, സാത്താന് വാഗ്ദാനംചെയ്യാൻ കഴിയുന്ന യാതൊരു തുകക്കും ദൈവത്തോടുള്ള നമ്മുടെ വിശ്വസ്തതയിൽനിന്ന് നമ്മെ വ്യതിചലിപ്പിക്കാൻ കഴിയുകയില്ലെന്നുള്ള നമ്മുടെ ഉറച്ച തീരുമാനത്തിൽ നിലനിൽക്കാൻ നമ്മെ സഹായിക്കാൻ കഴിയും.—സങ്കീർത്തനം 119:14-16. (w90 8⁄15)
നിങ്ങൾ എങ്ങനെ ഉത്തരംപറയുന്നു?
◻ യഹോവയും യേശുക്രിസ്തുവും വിശ്വസ്തത പ്രകടമാക്കിയിരിക്കുന്നതെങ്ങനെ?
◻ വിശ്വസ്തതയുടെ മററു ചില ബൈബിൾദൃഷ്ടാന്തങ്ങൾ ഏവ?
◻ സാത്താൻ നമുക്ക് എന്ത് വാഗ്ദാനം ചെയ്തേക്കാം, അല്ലെങ്കിൽ എന്തു ചെയ്യാൻ ശ്രമിച്ചേക്കാം?
◻ നമ്മുടെ യഹോവാരാധനയിൽ വിശ്വസ്തരായി നിലനിൽക്കുന്നതിന് നമ്മേത്തന്നെ എങ്ങനെ ശക്തീകരിക്കാൻ കഴിയും?