ലക്ഷ്യത്തിലേക്ക് മുന്നേറുക!
ഫിലിപ്പിയരിൽനിന്നുള്ള വിശേഷാശയങ്ങൾ
അപ്പോസ്തലനായ പൗലോസ് ഫിലിപ്പിയിലെ ക്രിസ്ത്യാനികൾ നിത്യജീവന്റെ സമ്മാനത്തിനായി ലക്ഷ്യത്തിലേക്ക് മുന്നേറാൻ ആഗ്രഹിച്ചു. അതുകൊണ്ട് അവൻ റോമിലെ തന്റെ ആദ്യ തടവുവാസകാലത്ത് ക്രി.വ. ഏതാണ്ട് 60ലോ 61ലോ അവർക്കെഴുതി. അവന്റെ ലേഖനം ഏതാണ്ട് 10 വർഷം മുമ്പ് അവൻ ഫിലിപ്പിയിൽ സ്ഥാപിച്ചിരുന്ന ഒരു സഭക്ക് അയക്കപ്പെട്ടു. ഫിലിപ്പി മാസിഡോണിലെ ഫിലിപ്പ് (മഹാനായ അലക്സാണ്ടറിന്റെ പിതാവ്) സ്ഥാപിച്ച ഒരു നഗരമായിരുന്നു. ക്രി. വ. ഒന്നാം നൂററാണ്ടായപ്പോഴേക്ക് അത് ഇപ്പോൾ വടക്കൻ ഗ്രീക്കിന്റെയും തെക്കൻ യൂഗോസ്ലാവ്യയുടെയും ഭാഗമായിരിക്കുന്ന “മാസിഡോണിയാ ഡിസ്ട്രിക്ടിലെ മുഖ്യ നഗര”മായിത്തീർന്നിരുന്നു.—പ്രവൃത്തികൾ 16:11, 12.
ഫിലിപ്പ്യ വിശ്വാസികൾ ദരിദ്രരെങ്കിലും ഔദാര്യമുള്ളവരായിരുന്നു. അവർ ഒന്നിലധികം പ്രാവശ്യം പൗലോസിന്റെ ആവശ്യങ്ങൾക്കുവേണ്ടി എന്തെങ്കിലും അയച്ചുകൊടുത്തിരുന്നു. (ഫിലി. 4:14-17) എന്നാൽ അവന്റെ ലേഖനം ഒരു നന്ദിക്കുറിപ്പിനേക്കാൾ വളരെ കവിഞ്ഞതായിരുന്നു. അത് പ്രോത്സാഹനം കൊടുക്കുകയും സ്നേഹം പ്രകടമാക്കുകയും ബുദ്ധിയുപദേശം പ്രദാനം ചെയ്യുകയും ചെയ്തു.
ക്രിസ്തീയ ഗുണങ്ങൾ പ്രകടം
പൗലോസിന്റെ ലേഖനം ഫിലിപ്പ്യ വിശ്വാസികളോടുള്ള തന്റെ സ്നേഹത്തിന്റെ തെളിവോടെ ആരംഭിച്ചു. (1:1-30) സുവാർത്തയുടെ വ്യാപനത്തിനായുള്ള അവരുടെ സംഭാവനക്ക് അവൻ യഹോവക്കു നന്ദികൊടുക്കുകയും അവരുടെ സ്നേഹം വർദ്ധിക്കാൻ പ്രാർത്ഥിക്കുകയും ചെയ്തു. അവന്റെ തടവുവാസം അവർ ‘ദൈവവചനം നിർഭയം പ്രസംഗിക്കാൻ കൂടുതൽ ധൈര്യം’ പ്രകടമാക്കാൻ ഇടയാക്കിയതിൽ പൗലോസ് സന്തുഷ്ടനായിരുന്നു. അവൻ ക്രിസ്തുവിനോടുകൂടെയായിരിക്കാൻ ആഗ്രഹിച്ചുവെങ്കിലും പിന്നെയും അവരെ ശുശ്രൂഷിക്കാൻ തനിക്കു കഴിയുമെന്ന് അവൻ വിചാരിച്ചു. “സുവാർത്തയുടെ വിശ്വാസത്തിനുവേണ്ടി ഒപ്പംനിന്നു പോരാടു”ന്നതിൽ അവർ തുടരാൻ പൗലോസ് ആഗ്രഹിച്ചു.
അടുത്തതായി മനോഭാവത്തെയും നടത്തയെയും സംബന്ധിച്ച് ബുദ്ധിയുപദേശം നൽകപ്പെട്ടു. (2:1-30) മററുള്ളവരിൽ വ്യക്തിപരമായ താൽപ്പര്യം പ്രകടമാക്കാനും ക്രിസ്തുവിന്റേതുപോലെയുള്ള താഴ്മ പ്രകടമാക്കാനും ഫിലിപ്പിയർ പ്രോത്സാഹിപ്പിക്കപ്പെട്ടു. അവർ “ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുകയായിരുന്നു.” “ജീവന്റെ വചനത്തിൻമേൽ ഒരു ദൃഢമായ പിടി” നിലനിർത്താനും അവർ പ്രോത്സാഹിപ്പിക്കപ്പെട്ടു. പൗലോസ് തിമൊഥെയോസിനെ അവരുടെ അടുക്കലേക്കയക്കാൻ ആശിക്കുകയും താൻതന്നെ താമസിയാതെ അവിടെ ചെല്ലുമെന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്തു. കഠിനരോഗം ബാധിച്ചിരുന്ന എപ്പഫ്രൊദിത്തോസിനെ സംബന്ധിച്ച് അവർക്ക് ഉറപ്പുകൊടുക്കാനായിരുന്നു പൗലോസ് ഈ വിശ്വസ്തദാസനെ അയക്കുന്നത്.
ലക്ഷ്യത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുക
ലക്ഷ്യത്തിലേക്ക് മുന്നേറവെ ഫിലിപ്പിയർ എവിടെ തങ്ങളുടെ വിശ്വാസമർപ്പിക്കണമെന്ന് അടുത്തതായി അപ്പോസ്തലൻ അവർക്ക് കാണിച്ചുകൊടുത്തു. (3:1-21) അത് ചിലർ ചെയ്തുകൊണ്ടിരുന്നതുപോലെ ജഡത്തിലൊ പരിച്ഛേദനയിലൊ അല്ല പിന്നെയൊ യേശുക്രിസ്തുവിൽ അർപ്പിക്കപ്പെടണം. പൗലോസ് “ക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ മികച്ച മൂല്യം” ഹേതുവായി തന്റെ ജഡിക സാക്ഷ്യപത്രങ്ങളെ ചവർ എന്നു പരിഗണിച്ചു. അപ്പോസ്തലൻ “ക്രിസ്തുയേശു മുഖാന്തരമുള്ള ദൈവത്തിന്റെ മേൽപ്പോട്ടുള്ള വിളിയുടെ സമ്മാനമാകുന്ന ലാക്കിലേക്ക് ഓടുകയായിരുന്നു.” ഇതേ മാനസികഭാവമുള്ളവരായിരിക്കാൻ അവൻ ഫിലിപ്പിയരെ പ്രോൽസാഹിപ്പിച്ചു.
പൗലോസിന്റെ അവസാനബുദ്ധിയുപദേശത്തിന്റെ ബാധകമാക്കൽ ലക്ഷ്യവും സമ്മാനവും ദൃഷ്ടിപഥത്തിൽ നിർത്തുന്നതിന് ഫിലിപ്പിയരെ സഹായിക്കുമായിരുന്നു. (4:1-23) തങ്ങളുടെ ഉൽക്കണ്ഠകൾ പ്രാർത്ഥനയിൽ ദൈവത്തെ ഭരമേൽപ്പിക്കാനും തങ്ങളുടെ മനസ്സുകളെ ഉദാത്തചിന്തകളാൽ നിറക്കാനും അവൻ അവരെ പ്രോൽസാഹിപ്പിച്ചു. പൗലോസ് വീണ്ടും അവരുടെ ഔദാര്യത്തിനുവേണ്ടി അവരെ അനുമോദിക്കുകയും ആശംസകളോടെയും കർത്താവായ യേശുക്രിസ്തുവിന്റെ അനർഹദയ അവർ പ്രകടമാക്കുന്ന ആത്മാവോടുകൂടെ ഇരിക്കാനുള്ള അഭിലാഷത്തോടെയും ഉപസംഹരിപ്പിക്കുകയും ചെയ്തു.
ഫിലിപ്പിയർക്കുള്ള പൗലോസിന്റെ ലേഖനം ഔദാര്യത്തെയും സ്നേഹത്തെയും താഴ്മയെയും പ്രോൽസാഹിപ്പിക്കുന്നു. അത് ക്രിസ്തുവിലുള്ള വിശ്വാസത്തിനും ദൈവത്തോടുള്ള ഹൃദയംഗമമായ പ്രാർത്ഥനക്കും ഉൽസാഹിപ്പിക്കുന്നു. തീർച്ചയായും പൗലോസിന്റെ വാക്കുകൾ നിത്യജീവനാകുന്ന സമ്മാനത്തിന്റെ ലാക്കിലേക്ക് മുന്നേറിക്കൊണ്ടിരിക്കാൻ യഹോവയുടെ സാക്ഷികളെ സഹായിക്കുന്നു. (w90 11⁄15)
[31-ാം പേജിലെ ചതുരം/ചിത്രം]
ലക്ത്യത്തിലേക്ക്: “പിന്നിലെ കാര്യങ്ങൾ വിസ്മരിച്ചുകൊണ്ടും മുമ്പിലുള്ള കാര്യങ്ങളിലേക്കാഞ്ഞുകൊണ്ടും ക്രിസ്തുയേശു മുഖാന്തരമുള്ള ദൈവത്തിന്റെ മേൽപ്പോട്ടുള്ള വിളിയുടെ സമ്മാനമാകുന്ന ലക്ഷ്യത്തിലേക്ക് ഞാൻ ഓടുകയാകുന്നു” എന്ന് പൗലോസ് എഴുതി. (ഫിലിപ്പിയർ 3:13, 14) അപ്പോസ്തലൻ ഓട്ടത്തിലേർപ്പെട്ടിരിക്കുന്ന ഒരുവനെപ്പോലെ തീവ്രയത്നം ചെയ്യുകയായിരുന്നു. അവൻ പിമ്പോട്ടുനോക്കി സമയവും ശ്രമവും പാഴാക്കാതെ തന്റെ ലക്ഷ്യത്തിലേക്ക് മുന്നേറി.—ഫിനിഷ്ലൈൻ കടക്കാൻ കഠിനശ്രമം ചെയ്യുന്ന ഒരു ഓട്ടക്കാരനെപ്പോലെതന്നെ. പൗലോസിനും മററ് അഭിഷിക്തക്രിസ്ത്യാനികൾക്കും സമ്മാനം ദൈവത്തോടുള്ള വിശ്വസ്തതയുടെ ഒരു ഭൗമികഗതി പൂർത്തിയാക്കിയശേഷം പുനരുത്ഥാനത്തിലൂടെ ലഭിക്കുന്ന സ്വർഗ്ഗീയജീവനായിരുന്നു. നമ്മുടെ പ്രത്യാശകൾ സ്വർഗ്ഗീയമൊ ഭൗമികമൊ ആയിരുന്നാലും നമുക്ക് ദൈവത്തോടുള്ള നിർമ്മലത പാലിക്കുകയും അവന്റെ സാക്ഷികളെന്ന നിലയിൽ ലക്ഷ്യത്തിലേക്കു മുന്നേറുകയും ചെയ്യാം.—2 തിമൊഥെയോസ് 4:7.