ഒരു ആഗോള സന്തോഷം
“നോക്കൂ! എന്റെ സ്വന്തം ദാസൻമാർ ഹൃദയത്തിന്റെ നല്ല അവസ്ഥനിമിത്തം സന്തോഷത്തോടെ ഘോഷിക്കും.” (യെശയ്യാവ് 65:14) യഹോവ തന്റെ പ്രവാചകനായ യെശയ്യാവിലൂടെ അപ്രകാരം പറഞ്ഞു, അവന്റെ വാക്കുകൾക്ക് യഹോവയുടെ സാക്ഷികളുടെയിടയിൽ എത്ര മഹത്തായ നിവൃത്തിയുണ്ടായിക്കൊണ്ടിരിക്കുന്നു! അവരുടെ ഹൃദയസന്തോഷം എവിടെനിന്ന് വരുന്നു? അവർ യഹോവയാം ദൈവത്തെ ഐക്യത്തിൽ ആരാധിക്കുന്നതിൽനിന്ന്. അവൻ “സന്തുഷ്ടനായ ദൈവ”മാണ്, അവനെ ആരാധിക്കുന്നവർ “യഹോവയിൽ സന്തുഷ്ടർ” ആണ്. (1 തിമൊഥെയോസ് 1:11; സെഖര്യാവ് 10:7) ഈ സന്തുഷ്ട ഭക്തി അവർ ഒരുമിച്ച് രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുകയും തങ്ങളുടെ ദൈവത്തിന് ഒരു ആഗോള സ്തുതിഘോഷം ഉയർത്തുകയും ചെയ്യുമ്പോൾ അവരെ ഒരു ജനതയെന്ന നിലയിൽ ഐക്യപ്പെടുത്തുന്നു.—വെളിപ്പാട് 7:9, 10.
“ആർക്കും എടുത്തുകളയാൻ കഴിയാത്ത ഒരു സന്തോഷം”
നിശ്ചയമായും, ദൈവത്തിന്റെ നാമവും രാജ്യവും പ്രസിദ്ധമാക്കുന്നത് യഹോവയുടെ സാക്ഷികൾക്ക് സ്ഥിരമായ സന്തോഷത്തിന്റെ ഒരു ഉറവിടമാണ്. (മർക്കോസ് 13:10) അവർ സങ്കീർത്തനക്കാരന്റെ വാക്കുകൾക്ക് ചെവികൊടുക്കുന്നു: “അവന്റെ വിശുദ്ധനാമത്തിൽ പ്രശംസിക്കുക. യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.”—സങ്കീർത്തനം 105:3.
മിക്കപ്പോഴും ഇതു ചെയ്യുന്നതിന് അവർ തടസ്സങ്ങളെ തരണം ചെയ്യുന്നു. സ്പെയിനിൽ ഇസിഡ്രൊ, യഹോവക്കു തന്നെത്തന്നെ സമർപ്പിച്ചു, അയാൾ അവനെക്കുറിച്ച് മററുള്ളവരോടു സംസാരിക്കാൻ ആഗ്രഹിച്ചു. എന്നാൽ അയാൾക്ക് ഒരു ട്രക്ക് ഡ്രൈവർ എന്ന നിലയിൽ രാത്രിയിലെ ദീർഘയാത്രയും പകലത്തെ ഉറക്കവും മൂലം പരിമിതമായ സമയമെ ലഭിച്ചിരുന്നുള്ളു. ഇസിഡ്രൊ മററു ട്രക്കുകാരോടു സംസാരിക്കാൻ ആഗ്രഹിച്ചു, എന്നാൽ അയാൾക്ക് അത് എങ്ങനെ ചെയ്യാൻ കഴിയുമായിരുന്നു?
അയാൾ മററു ഡ്രൈവർമാരോടു സംസാരിക്കുന്നതിന് ഉപയോഗിക്കാൻ കഴിയുന്ന ഒരു സിബി (സിററിസൻ ബാൻഡ്) റേഡിയോ തന്റെ ട്രക്കിൽ ഘടിപ്പിച്ചു. അയാൾ പെട്ടെന്ന് വളരെക്കുറച്ച് ഉപയോഗിക്കപ്പെടുന്ന 13-ാം ചാനൽ കണ്ടുപിടിക്കുകയും അത് ഉപയോഗപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തു. തീർച്ചയായും സിബി റേഡിയോയിൽക്കൂടി തങ്ങൾക്കു ബൈബിളിനെക്കുറിച്ചു സംസാരിക്കാമെന്ന് അയാൾ മററു ഡ്രൈവർമാരോടു ആദ്യം നിർദ്ദേശിച്ചപ്പോൾ തികച്ചും നിഷേധാത്മക പ്രതികരണമാണുണ്ടായത്. എന്നാൽ ചിലർ ശ്രദ്ധിച്ചു. വാർത്ത പരന്നു, ആ സ്പാനീഷ് ട്രക്കുകാരിൽ അധികമധികം പേർ 13-ാം ചാനലിലേക്ക് തിരിഞ്ഞു. അടുത്തകാലത്ത് കുറഞ്ഞപക്ഷം ഒരാൾ തന്റെ ബൈബിൾപഠനം പുരോഗമിപ്പിക്കാൻ നടപടി എടുക്കുന്നതായി ഇസിഡ്രോ മനസ്സിലാക്കി.
ഇററലിയിൽ ഒരാൾ ബസ്സിൽവെച്ചു നടത്തിയ സംസാരത്തിലൂടെ യഹോവയുടെ സാക്ഷികളെ സംബന്ധിച്ച് കേട്ടു. അയാളുടെ ഭാര്യ ഒരു സ്നേഹിത മുഖാന്തരം അവരെ കണ്ടുമുട്ടി. രണ്ടുപേരും ബൈബിൾ പഠിക്കുകയും അവർ പഠിച്ചത് മററുള്ളവരുമായി പങ്കുവെക്കാൻ ആകാംക്ഷയുള്ളവരായിത്തീരുകയും ചെയ്തു. അവർ വളരെ ആകാംക്ഷയുള്ളവരായിരുന്നതിനാൽ തങ്ങൾക്ക് മററുള്ളവരോട് രാജ്യത്തിന്റെ സുവാർത്ത പറയാൻ കൂടുതൽ സമയം ചെലവഴിക്കാൻ കഴിയേണ്ടതിന് ആ മനുഷ്യൻ തന്റെ സ്ഥാപനത്തിലെ ഒരു ജോലിക്കയററം നിരസിക്കുകയും ഭാര്യ നല്ല ശമ്പളമുള്ള ഒരു ജോലി ഉപേക്ഷിക്കുകയും ചെയ്തു. അത് തക്ക വിലയുള്ളതായിരുന്നോ? അതെ. ആ മനുഷ്യൻ പറയുന്നു: “എന്റെ ഭാര്യയും ഞാനും സത്യം അറിഞ്ഞശേഷം ദൈവോദ്ദേശ്യത്തെക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനത്തിൽ എത്തിച്ചേരാൻ 20 ആളുകളെ സഹായിച്ചതിലുള്ള സന്തോഷം അനുഭവിച്ചിരിക്കുന്നു. സായാഹ്നം വന്നെത്തുമ്പോൾ യഹോവയുടെ സേവനത്തിൽ ഒരു പകൽ ചെലവഴിച്ചശേഷം വീട്ടിൽ തിരിച്ചെത്തുന്ന സമയത്ത് എനിക്കു ക്ഷീണം അനുഭവപ്പെടുന്നു എന്നതു സത്യം തന്നെ. എന്നാൽ ഞാൻ സന്തുഷ്ടനാണ്, ആർക്കും എടുത്തുകളയാൻ കഴിയാത്ത ഒരു സന്തോഷം എനിക്കു പ്രദാനം ചെയ്തതിൽ ഞാൻ യഹോവക്ക് നന്ദി കൊടുക്കുന്നു.”
“ഭൂമിയുടെ അതിവിദൂരഭാഗത്തേക്ക്”
ദൈവത്തിന്റെ സന്തുഷ്ട ജനതയിൽപെട്ടവർ “ഭൂമിയുടെ അതിവിദൂരഭാഗത്തു” പോലും എവിടെയായിരുന്നാലും സമാനമായ ഒരു തീക്ഷ്ണത പ്രകടമാക്കുന്നു. (പ്രവൃത്തികൾ 1:8) ഉത്തര ഗ്രീൻലൻഡിനേക്കാൾ വിദൂരത്തിലുള്ള സ്ഥലങ്ങൾ ഏറെയില്ല. എന്നിരുന്നാലും അവിടെപ്പോലും ആർക്ടിക് വൃത്തത്തിന് 450 കിലോമീററർ വടക്കാണ് 19 പേരുള്ള ഇലുലിസാററ് എന്ന ചെറിയ സഭ സ്ഥിതിചെയ്യുന്നത്. അവരും ആ ഇററലിക്കാരായ ദമ്പതികളെപ്പോലെ ഒരേ സുവാർത്ത പ്രസംഗിക്കുന്നു. അവർ കഴിഞ്ഞ വർഷം ഏഴു ഗ്രീൻലണ്ടുകാർ യഹോവക്കുള്ള തങ്ങളുടെ സമർപ്പണത്തിന്റെ അടയാളമായി സ്നാപനമേററത് കണ്ടതിൽ പുളകിതരായി.
ഗ്രീൻലണ്ടിൽനിന്ന് അനേകായിരം കിലോമീററർ അകലെ ഇൻഡ്യൻമഹാസമുദ്രത്തിലെ ഉപോഷ്ണമേഖലാദ്വീപായ മൗറിഷ്യസിലെ അഞ്ചിനിക്ക് സമാനമായ സന്തോഷം ഉണ്ട്. അഞ്ചിനിക്ക് ആദ്യം കാര്യങ്ങൾ പ്രയാസകരമായിരുന്നു. മൗറിഷ്യസിൽ ഇൻഡ്യൻ വംശജയും അവിവാഹിതയുമായ ഒരു ഹിന്ദു പെൺകുട്ടി ക്രിസ്തീയ യോഗങ്ങളിൽ ഹാജരാകുന്നതും ദൈവത്തെ സംബന്ധിച്ച് പരസ്യമായി പ്രസംഗിക്കുന്നതും ഉചിതമായ പ്രവർത്തനങ്ങളായി വീക്ഷിക്കപ്പെടുന്നില്ല. എന്നാൽ അഞ്ചിനി നിറുത്താതെ പ്രവർത്തിച്ചുകൊണ്ടിരുന്നു. ഇപ്പോൾ, അവൾ തന്റെ ക്രിസ്തീയഗതി തുടങ്ങിയശേഷം ഒൻപതു വർഷം കഴിഞ്ഞ്, അവളുടെ ബന്ധുക്കളിൽ ചിലരും ബൈബിൾ പഠിച്ചുകൊണ്ടിരിക്കുന്നു.
അഞ്ചിനിയോടുള്ള ബന്ധത്തിൽ ലോകത്തിന്റെ മറുഭാഗത്ത് ഹോണ്ടുറാസിലെ എമിലിയോയെക്കുറിച്ചു പറയേണ്ടിയിരിക്കുന്നു. എമിലിയൊ ജോലിസ്ഥലത്ത് സഹജോലിക്കാർ ബൈബിൾ ചർച്ചചെയ്യുന്നത് കേൾക്കുകയും തന്നെയും ഉൾപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു. അയാൾക്ക് വായിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും ബൈബിൾവാക്യങ്ങൾ വായിക്കുമ്പോൾ സന്തോഷത്തോടെ ശ്രദ്ധിച്ചു. ക്രിസ്തീയ സത്യം എമിലിയോയുടെ ഹൃദയത്തിൽ തുളച്ചുകയറിയപ്പോൾ അയാൾ തന്റെ അധാർമ്മിക ജീവിതരീതി ഉപേക്ഷിക്കുകയും അമിതമായ കുടി നിർത്തുകയും ചെയ്തു. യഹോവയുടെ സാക്ഷികൾ അയാളെ വായിക്കാനും എഴുതാനും പഠിപ്പിച്ചു, അയാൾ ഇപ്പോൾ ദൈവത്തിന്റെ സന്തുഷ്ടജനതയിൽ പെട്ട ഒരു ശുശ്രൂഷകനാണ്.
ഹോണ്ടുറാസിന് ആയിരക്കണക്കിനു കിലോമീറററുകൾ വടക്കുപടിഞ്ഞാറ് അലാസ്കായിൽ ഒരു എസ്കിമൊ മാതാവ് ഇതേ ക്രിസ്തീയ സത്യം പഠിച്ചു. ഈ സ്ത്രീ വളരെ ഒററപ്പെട്ട ഒരു ഗ്രാമത്തിലാണ് വസിച്ചിരുന്നത്, യഹോവയുടെ സാക്ഷികളുമായുള്ള അവളുടെ ഏക സമ്പർക്കം തപാൽവഴിയായിരുന്നു. അതുകൊണ്ട് അവൾ തപാൽമാർഗ്ഗം പഠിച്ചു, അവളുടെ സംശയങ്ങൾ തപാൽമാർഗ്ഗം ചോദിച്ചു, ഇപ്പോൾ അവൾക്കറിയാവുന്നത് അവളുടെ അയൽക്കാരുമായി അവൾ തീക്ഷ്ണതയോടെ പങ്കുവെക്കുന്നു. ഇവപോലുള്ള ദൃഷ്ടാന്തങ്ങൾ ധാരാളം പറയാൻകഴിയും. ഗോളത്തിനു ചുററും സൗമ്യഹൃദയരായവർ “യഹോവയെ സന്തോഷത്തോടെ സേവിക്കുന്നതിനുവേണ്ടി” വന്നുകൊണ്ടിരിക്കുന്നു.—സങ്കീർത്തനം 100:2.
“നിങ്ങളുടെയിടയിൽത്തന്നെ സ്നേഹമുണ്ടായിരിക്കുക”
ഇവരെയെല്ലാം ആകർഷിക്കുന്ന ഒരു സംഗതി ദൈവത്തിന്റെ സന്തുഷ്ട ജനതയിൽ സ്ഥിതിചെയ്യുന്ന സ്നേഹമാണ്. യേശു ഇപ്രകാരം പറഞ്ഞു: “നിങ്ങൾക്ക് നിങ്ങളുടെ ഇടയിൽ സ്നേഹം ഉണ്ടെങ്കിൽ അതിനാൽ നിങ്ങൾ എന്റെ ശിഷ്യരാണ് എന്ന് എല്ലാവരും അറിയും.” (യോഹന്നാൻ 13:35) ഈ യഥാർത്ഥ ക്രിസ്ത്യാനികളുടെ ദൈനംദിന ജീവിതത്തിൽ ക്രിസ്തീയ സ്നേഹം കാണപ്പെടുന്നു, പ്രത്യേകിച്ച് ആപത്ഘട്ടങ്ങളിൽ.
നിർഭാഗ്യകരമെന്നു പറയട്ടെ, യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം നിരോധിച്ചിരിക്കുന്ന ഒരു ആഫ്രിക്കൻ രാജ്യത്ത് ഒരു ഗുരുതരമായ വരൾച്ച ഉണ്ടായി. പതിനായിരം ആളുകൾ മരിച്ചു, കന്നുകാലികൾ മുഴുവനായും നശിച്ചു. സാക്ഷികൾ എങ്ങനെ അതിജീവിച്ചു? സസ്യങ്ങളുടെ വേരുകളും ഒരിനം പേരക്കായുടെ അവശിഷ്ടങ്ങൾ പാകപ്പെടുത്തിയതും തിന്ന്! എന്നാൽ ദൈവസഹായത്താൽ, അപ്രതീക്ഷിതമായി 25 ടൺ ദുരിതാശ്വാസ സാമഗ്രികൾ അയക്കുന്നതിനുള്ള അനുവാദം മററു രാജ്യങ്ങളിലെ സാക്ഷികൾക്കു ലഭിച്ചതിനാൽ അവരുടെ പരിതാപകരമായ അവസ്ഥക്ക് നാടകീയമായി ആശ്വാസമുണ്ടായി. വാസ്തവത്തിൽ, നിരോധനം ഉണ്ടായിരുന്നിട്ടും ഈ വസ്തുക്കളുടെ സുരക്ഷിതമായ വിതരണം ഉറപ്പുവരുത്തുന്നതിന് ഒരു മിലിറററി അകമ്പടി പ്രദാനം ചെയ്യപ്പെട്ടു!
യഥാർത്ഥത്തിൽ ആ ആഫ്രിക്കൻ സാക്ഷികൾ യെശയ്യാവിന്റെ വാക്കുകളുടെ നിവൃത്തി അനുഭവിച്ചുകൊണ്ട് തങ്ങളുടെ സഹോദരങ്ങൾക്ക് തങ്ങളോടുള്ള സ്നേഹത്തിന്റെ തെളിവ് ലഭ്യമായതിൽ അത്യന്തം സന്തോഷിച്ചു: “നോക്കൂ! യഹോവയുടെ കൈകൾ രക്ഷിക്കാൻ കഴിയാതവണ്ണം അത്ര കുറുകിയിട്ടില്ല, അവന്റെ ചെവി കേൾക്കാൻ കഴിയാതവണ്ണം അത്ര തടിച്ചതായിത്തീർന്നിട്ടുമില്ല.”—യെശയ്യാവ് 59:1.
സമാധാനമുള്ള ഒരു ജനം
ദൈവത്തിന്റെ സന്തുഷ്ട ജനതയിലെ അംഗങ്ങൾ ഈ ലോകത്തിലെ സമരപ്രിയരുടെ വഴികൾ ഉപേക്ഷിക്കയും ‘തങ്ങളുടെ വാളുകളെ കൊഴുക്കളായി അടിച്ചുതീർക്കുകയും’ ചെയ്തിരിക്കുന്നതിനാലും അതിലേക്ക് സൗമ്യഹൃദയികൾ ആകർഷിക്കപ്പെടുന്നു. (യെശയ്യാവ് 2:4) എൽ സാൽവഡോറിൽ ഒരു വിമുക്തഭടന്റെ ഭവനം തന്റെ മിലിറററി സേവനത്തിന്റെ സ്മാരകങ്ങളാൽ നിറയപ്പെട്ടിരുന്നു. എന്നാൽ അയാൾ യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ അയാൾ സമാധാന താൽപ്പര്യങ്ങൾ വളർത്തി. ക്രമേണ, അയാൾ തന്റെ ഭവനത്തിൽനിന്ന് യുദ്ധത്തോട് ബന്ധപ്പെട്ട എല്ലാ വസ്തുക്കളും നീക്കംചെയ്യുകയും തീക്ഷ്ണതയോടെ പ്രസംഗവേല ഏറെറടുക്കുകയും ചെയ്തു.
ഗവൺമെൻറ് വിരുദ്ധ സൈന്യങ്ങൾ തന്റെ ഗ്രാമത്തിന്റെ നിയന്ത്രണം ഏറെറടുത്തപ്പോൾ, അയാൾ തടവുകാരനായി പിടിക്കപ്പെട്ടു—അയാളെ ഒരു മുൻ പട്ടാളക്കാരനായി ആരോ ഒററിക്കൊടുത്തുവെന്നു സ്പഷ്ടം. എന്നിരുന്നാലും, താൻ മേലാൽ ഒരു പടയാളിയല്ലെന്നും പിന്നെയോ യഹോവയുടെ സാക്ഷികളിലൊരാളാണെന്നും അയാൾ വിശദീകരിച്ചു. വിദ്ധ്വംസകപ്രവർത്തകർ അയാളുടെ വീട്ടിൽ ആയുധങ്ങൾ സൂക്ഷിച്ചിട്ടുള്ളതായി കുററമാരോപിച്ചു. എന്നാൽ ഒരു തെരച്ചിൽ യാതൊന്നും വെളിപ്പെടുത്തിയില്ല. വിദ്ധ്വംസകപ്രവർത്തകരുടെ ചുമതലക്കാരൻ അപ്പോൾ അയാളെക്കുറിച്ച് അയൽക്കാരോടു ചോദിച്ചു. “അയാൾ ദിവസവും ബൈബിൾ പ്രസംഗിച്ചുകൊണ്ട് തെരുവിലൂടെ അങ്ങുമിങ്ങും നടക്കുകയാണ്” എന്നായിരുന്നു ഒരു ഉത്തരം. ആ മനുഷ്യൻ വിമോചിതനായി. അയാളുടെ തീക്ഷ്ണത അയാളെ രക്ഷിച്ചുവെന്നതിനു സംശയമില്ല.
ഒരു ആഫ്രിക്കൻരാജ്യത്തുനിന്നുള്ള ഒരു റിപ്പോർട്ട് യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിച്ച രണ്ടു പടയാളികളെക്കുറിച്ചു പറയുന്നു. ഒരാൾ ഗവൺമെൻറ്സൈന്യത്തിൽ സേവിച്ചിരുന്നു. മറേറയാൾ വിമതർക്കുവേണ്ടി പോരാടി. ഒടുവിൽ, ഇരുവരും “തങ്ങളുടെ വാളുകളെ കൊഴുക്കളായി അടിച്ചുതീർക്കാൻ” തീരുമാനിക്കുകയും പട്ടാളത്തിൽനിന്ന് രാജിവെക്കുകയും ചെയ്തു. അവർ ആദ്യമായി ക്രിസ്തീയ മീററിംഗുകൾക്കു ഹാജരായപ്പോൾ, ഗവൺമെൻറ്വിരുദ്ധ പടയാളി മറേറയാളോട് “തനിക്ക് ഇവിടെ എന്താണ് കാര്യം?” എന്നു ചോദിച്ചു. “തനിക്ക് എന്താണിവിടെ കാര്യം?” എന്നു മറേറയാൾ മറുപടി പറഞ്ഞു. “പിന്നീട്, തങ്ങൾക്ക് സമാധാനത്തിൽ ഒന്നിച്ചുവരാൻ കഴിഞ്ഞതുകൊണ്ട് അവർ അന്യോന്യം ആശ്ലേഷിച്ചുകൊണ്ട് സന്തോഷാശ്രു പൊഴിച്ചതായി റിപ്പോർട്ട് ഉപസംഹരിക്കുന്നു. ഈ മുൻ പട്ടാളക്കാർ രണ്ടു പേരും “എന്റെ രക്ഷയുടെ ദൈവമായ ദൈവമേ, എന്നെ രക്തപാതകത്തിൽനിന്ന് വിടുവിക്കേണമേ, എന്റെ നാവ് നിന്റെ നീതിയെക്കുറിച്ച് സന്തോഷപൂർവം പറയേണ്ടതിനുതന്നെ”യെന്ന് ദൈവത്തോടു പ്രാർത്ഥിച്ചുവെന്നതിനു സംശയമില്ല.—സങ്കീർത്തനം 51:14.
“നീ എന്റെ ക്ലേശം കണ്ടിരിക്കുന്നു”
“നീ എന്റെ ക്ലേശം കണ്ടിരിക്കുന്നതിനാൽ ഞാൻ നിന്റെ സ്നേഹദയയിൽ സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യും; നീ എന്റെ ദേഹിയുടെ ദുഃഖങ്ങൾ അറിഞ്ഞിരിക്കുന്നു.” (സങ്കീർത്തനം 31:7) സങ്കീർത്തനക്കാരൻ അങ്ങനെ പ്രാർത്ഥിച്ചു. തങ്ങളുടെ ക്ലേശങ്ങളെ നേരിടുന്നതിന് ദൈവവചനം തങ്ങളെ സഹായിക്കുന്നതുകൊണ്ട് ഇന്ന് അനേകർ സന്തോഷിക്കുന്നുണ്ട്. ഫ്രാൻസിൽ മാനസികരോഗമുള്ള ഒരു സ്ത്രീയുമായി യഹോവയുടെ സാക്ഷികളിലൊരാൾ ഒരു അദ്ധ്യയനം നടത്തുന്നുണ്ട്. ഈ സ്ത്രീ കുറേ നാളായി മനോരോഗചികിൽസയിലായിരുന്നു. എന്നാൽ അത് സഹായകമായിരുന്നില്ല. അവർ പഠനം തുടങ്ങി ഒരു വാരം കഴിഞ്ഞപ്പോൾ മനോരോഗചികിത്സാവിദഗ്ദ്ധൻ ചോദിച്ചു: “ഈ സ്ത്രീ ബൈബിളിൽനിന്ന് നിങ്ങൾക്കു വിശദീകരിച്ചുതരുന്നത് നിങ്ങൾക്ക് യഥാർത്ഥത്തിൽ മനസ്സിലാകുന്നുണ്ടോ?” അതുകൊണ്ട് അടുത്തയാഴ്ചയിൽ സാക്ഷി അയാളുടെ ആഫീസിൽ പോകുകയും അയാളുടെ സാന്നിദ്ധ്യത്തിൽ സ്ത്രീയുമായി ബൈബിൾ പഠനം നടത്തുകയും ചെയ്തു.
പഠനത്തിനുശേഷം, മനോരോഗവിദഗ്ദ്ധൻ സാക്ഷിയോട് ഇങ്ങനെ പറഞ്ഞു: “പല വർഷങ്ങളിൽ ഞാൻ എന്റെ രോഗികളുടെ മതങ്ങളിൽ താത്പര്യമെടുത്തിട്ടുണ്ട്, എന്നാൽ യാതൊരു മതവും യഥാർത്ഥ സഹായം വാഗ്ദാനംചെയ്തിരുന്നില്ലെന്ന് ഞാൻ കണ്ടെത്തിയിരുന്നു. നിങ്ങളുടെ സംഗതിയിൽ, ഏതായാലും, കാര്യങ്ങൾ വ്യത്യസ്തമാണ്. ശ്രീമതി പീ വാരത്തിൽ രണ്ടു പ്രാവശ്യം എന്നെ കാണാൻ വരുന്നുണ്ട്, അവർ അതിന് എനിക്ക് കൂലി തരുന്നുണ്ട്. എന്നാൽ നിങ്ങളുടെ ബൈബിൾ പഠിപ്പിക്കലിനാലും സദുപദേശത്താലും സൗജന്യമായി മെച്ചപ്പെട്ട വേലയാണ് ചെയ്യുന്നത്. അവർക്ക് നല്ല പുരോഗതിയുണ്ട്. അതു തുടരുക, നിങ്ങൾക്ക് ആവശ്യമുണ്ടാകുന്ന പക്ഷം എന്റെ പൂർണ്ണ സഹകരണത്തിന് ഞാൻ ഉറപ്പുനൽകുകയാണ്.”
ബൈബിൾ ഇങ്ങനെ പറയുന്നു: “സന്തോഷഘോഷം അറിയുന്ന ജനം സന്തുഷ്ടമാകുന്നു. യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടന്നുകൊണ്ടേയിരിക്കുന്നു. അവർ ദിവസംമുഴുവൻ നിന്റെ നാമത്തിൽ സന്തോഷമുള്ളവരാണ്.” (സങ്കീർത്തനം 89:15, 16) ഈ സങ്കീർത്തനം സത്യമാണെന്ന് യഹോവയുടെ സാക്ഷികളിലോരോരുത്തർക്കുമറിയാം. അവരുടെ വായ്കളിൽനിന്ന് യഹോവയുടെ സ്തുതിക്കായി ഒരു ആഗോള സന്തോഷഘോഷമുയർന്നുകൊണ്ടിരിക്കുന്നു. ജനതകളിൽനിന്ന് കൂടുതൽ കൂടുതൽ ആളുകൾ അവരോടൊത്ത് ദൈവത്തെ സ്തുതിക്കാൻ ഒഴുകിവരുന്നുണ്ട്. അവരുമായി സഹവസിക്കുകയും ആ സന്തോഷം അനുഭവിക്കുകയും ചെയ്തുകൂടേ? (w91 1⁄1)
[7-ാം പേജിലെ ചിത്രം]
പൂർവയൂറോപ്പിലെ യഹോവയുടെ സാക്ഷികൾ തങ്ങളുടെ സ്വന്തം ഭാഷകളിൽ “വീക്താഗോപുരം” സ്വീകരിക്കുന്നതിനും പഠിക്കുന്നതിനും കിട്ടിയ തങ്ങളുടെ പുതിയ സ്വാതന്ത്ര്യത്തിൽ സന്തോഷിക്കുന്നു