ക്രിസ്മസ്—ജപ്പാനിൽ ഇത്ര ജനപ്രീതിയുള്ളതെന്തുകൊണ്ട്?
ബുദ്ധ-ഷിന്റോമത രാജ്യമായ ജപ്പാനിൽ ക്രിസ്മസ് ഫാദറിലുള്ള വിശ്വാസം കുട്ടികളുടെ ഇടയിൽ ആഴത്തിലുള്ളതാണ്. 1989-ൽ ജപ്പാൻകാരായ കുട്ടികൾ സ്വീഡനിലെ സാൻറാ വേൾഡിലേക്ക് 1,60,000 എഴുത്തുകളെഴുതി. മറെറാരു രാജ്യവും ഇതിൽ കൂടുതൽ എഴുത്തുകളയച്ചില്ല. അവർ എഴുത്തുകളയച്ചത് 18,000-യെൻ (136 ഡോളർ) വിലയുള്ള “ഗ്രാഫിക് കമ്പ്യൂട്ടർ” കളിപ്പാട്ടമോ അല്ലെങ്കിൽ 12500-യെൻ (95 ഡോളർ) വിലയുള്ള പോർട്ടബിൾ വീഡിയോ ഗെയിമോ കൊണ്ട് തങ്ങളുടെ ഹൃദയാഭിലാഷത്തെ തൃപ്തിപ്പെടുത്താനുള്ള പ്രത്യാശയിലായിരുന്നു.
ചെറുപ്പക്കാരായ ജാപ്പനീസ് പെൺകുട്ടികൾക്ക് ക്രിസ്മസിന്റെ തലേദിവസം വൈകുന്നേരത്ത് ഒരു ആൺകുട്ടിയുമായുള്ള സാമൂഹ്യസഹവാസത്തിന് പ്രത്യേക അർത്ഥമുണ്ട്. “ചെറുപ്പക്കാരികളിൽ നടത്തിയ ഒരു അവലോകനപ്രകാരം,” മെനിച്ചി ഡെയിലി ന്യൂസ് പറയുന്നു, “ക്രിസ്മസ്തലേന്നിനുവേണ്ടി തങ്ങൾ ഒരു മാസംമുമ്പേ ആസൂത്രണങ്ങൾ ചെയ്തിരുന്നതായി 38 ശതമാനം പറയുകയുണ്ടായി.” ക്രിസ്മസിന്റെ തലേന്ന് യുവാക്കൻമാർ യുവതികളായ തങ്ങളുടെ കൂട്ടുകാരോടുകൂടെയായിരിക്കാൻ ആഗ്രഹിക്കുന്നതിൽ അവർക്ക് ദുരുദ്ദേശ്യങ്ങളുണ്ട്. “നിങ്ങളുടെ കൂട്ടുകാരിയുമായി ശാന്തമായി പ്രാർത്ഥിക്കുന്നത് ഒരു നല്ല ആശയമാണ്” എന്ന് യുവാക്കൾക്കുവേണ്ടിയുള്ള ഒരു മാസിക സൂചിപ്പിച്ചു. “ആചാരത്തിന് അംഗീകാരമുള്ള എവിടെയെങ്കിലും അതു ചെയ്യുക. നിങ്ങളുടെ ബന്ധം പെട്ടെന്ന് കൂടുതൽ അടുത്തതായിത്തീരും.”
ജപ്പാൻകാരായ ഭർത്താക്കൻമാർ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിക്ക് ഒരു “അലങ്കാര കേക്ക്” വാങ്ങുന്ന ക്രിസ്മസ് പാരമ്പര്യത്താൽ ഏതോ മാന്ത്രികശക്തി ആവാഹിക്കാനും പ്രത്യാശിക്കുന്നു. സാൻറാക്ലോസിന്റെ റോൾ അഭിനയിക്കുന്നത് വർഷത്തിന്റെ ശേഷിച്ച ഭാഗത്ത് കുടുംബത്തെ അവഗണിക്കുന്നതിന് പരിഹാരമാകുമെന്ന് സങ്കൽപ്പിക്കപ്പടുന്നു.
തീർച്ചയായും അക്രൈസ്തവ ജപ്പാൻകാരുടെ ഇടയിൽ ക്രിസ്മസ് വേരുപിടിച്ചിരിക്കുകയാണ്. യഥാർഥത്തിൽ ഒരു സൂപ്പർമാർക്കററ്ശൃംഖല അവലോകനം നടത്തിയവരിൽ 78 ശതമാനം തങ്ങൾ ക്രിസ്മസിന് എന്തെങ്കിലും വിശേഷമായി ചെയ്യുന്നുവെന്ന് പറയുകയുണ്ടായി. ജനസംഖ്യയുടെ 1 ശതമാനം മാത്രം ക്രിസ്തീയമാണെന്നവകാശപ്പെടുന്ന ഒരു രാജ്യത്ത് ഈ അനുപാതം വളരെ കൂടുതലാണ്. ബുദ്ധമതക്കാരോ ഷിന്റോവിശ്വാസികളോ ആയിരിക്കുന്നതായി അവകാശപ്പെടുമ്പോൾത്തന്നെ അവർക്ക് ഈ “ക്രിസ്തീയ” വിശേഷദിവസം ആസ്വദിക്കുന്നതിൽ നല്ല സുഖാനുഭൂതി തോന്നുന്നു. കീർത്തിപ്പെട്ട ഷിന്റോ ഈസ് ക്ഷേത്രം അതിന്റെ പഞ്ചാംഗത്തിൽ ജാപ്പനീസ് ഉത്സവങ്ങളോടുകൂടെ ഡിസംബർ 25നെ “ക്രിസ്തുവിന്റെ ജൻമദിന”മായി പട്ടികപ്പെടുത്തുന്നു. അക്രൈസ്തവർ ക്രിസ്മസ് കാലത്ത് ആഹ്ലാദപ്രകടനത്തിൽ മുഴുകുന്നത് ഈ ചോദ്യം ഉദിപ്പിക്കുന്നു:
ക്രിസ്മസ് ആരുടെ ആഘോഷമാണ്?
വെബ്സ്റേറഴ്സ് നയൻത് ന്യൂ കൊളീജിയററ് ഡിക്ഷ്ണറി ക്രിസ്മസിനെ “ക്രിസ്തുവിന്റെ ജനനത്തിന്റെ സ്മാരകമാഘോഷിക്കുന്ന . . . ഡിസംബർ 25-ലെ ഒരു ഉത്സവം” എന്ന് നിർവചിക്കുന്നു. അത് “ക്രിസ്ത്യാനികൾ”ക്ക് “ക്രിസ്തുവിന്റെ ജൻമദിനത്തിലെ തങ്ങളുടെ സന്തോഷാനുഭൂതികളിൽ ഐക്യപ്പെടുന്ന”തിനുള്ള ഒരു സമയമാണെന്ന് വീക്ഷിക്കപ്പെട്ടിട്ടുണ്ട്.
ശുദ്ധമേ മതപരമായ ഒരു ഉത്സവമായി ക്രിസ്മസ് ആഘോഷിക്കുന്നവർ, ആഹ്ലാദപ്രകടനംകൊണ്ടും സമ്മാനദാനംകൊണ്ടും ആ ദിവസത്തെ ലൗകികമാക്കുന്നവർ ശല്യക്കാരും ദൈവദൂഷകരുമാണെന്ന് കണ്ടെത്തിയേക്കാം. “ജപ്പാനിൽ തികഞ്ഞ വ്യാപാരലക്ഷ്യമാണ് ആത്യന്തികമായുള്ളത്: ക്രിസ്തു ഇല്ല” എന്ന് ജപ്പാനിൽ വസിക്കുന്ന ഒരു അമേരിക്കക്കാരൻ എഴുതുകയുണ്ടായി. ജാപ്പനീസ് ക്രിസ്മസിനെ സംബന്ധിച്ച് “പാശ്ചാത്യദൃഷ്ടിയിൽ [ജപ്പാനിലെ കമ്പോളങ്ങളിൽ സാധാരണ കാണപ്പെടാത്ത] ററർക്കിക്കോഴിയല്ല, പിന്നെയോ അത്യന്താപേക്ഷിത ഘടകമായ ആത്മാവാണ് ഇല്ലാത്തത്” എന്ന് മറെറാരാൾ പറഞ്ഞു.
അപ്പോൾ ക്രിസ്മസിന്റെ ആത്മാവ് എന്താണ്? അത് ഗാനങ്ങളും കുററിച്ചെടികളും മെഴുകുതിരികളും സഹിതമുള്ള ഒരു പള്ളിശുശ്രൂഷയുടെ അന്തരീക്ഷമാണോ? അനേകരെ സംബന്ധിച്ചും അവ പള്ളിയിലേക്കുള്ള തങ്ങളുടെ വാർഷികതീർത്ഥാടനത്തിനു മാത്രമാണ് ഉപയോഗിക്കപ്പെടുന്നത്. അതോ അനേകരെയും ഉദാരരാക്കാൻ പ്രേരിപ്പിക്കുന്നത് സ്നേഹവും സന്തോഷവും സമ്മാനദാനവുമാണോ? അത് “ഭൂമിയിൽ സമാധാന”ത്തിന്റെ ഏതാനുംചില ദിവസങ്ങൾ ആഘോഷിക്കെ, യുദ്ധമുന്നണിയിൽ കളിയാടുന്ന ശാന്തതയാണോ?
അത്ഭുതകരമായി, ഗാർഹികമുന്നണിയിൽപോലും ക്രിസ്മസ് ആത്മാവ് മിക്കപ്പോഴും സമാധാനം കൈവരുത്തുന്നതിൽ പരാജയപ്പെടുന്നു. ഇംഗ്ലണ്ടിൽ 1987-ൽ നടത്തിയ ഒരു സർവേ അനുസരിച്ച്, ആ വർഷം ക്രിസ്മസ്കാലത്ത് ബ്രിട്ടീഷ് ഭവനങ്ങളുടെ 70 ശതമാനത്തിലും ‘ആഭ്യന്തരയുദ്ധം’ പൊട്ടിപ്പുറപ്പെടും എന്ന് കണക്കാക്കപ്പെട്ടു. പണസംബന്ധമായ യുദ്ധമായിരിക്കും മുഖ്യ കാരണം. അമിതമായ കുടിയും കുടുംബത്തിലെ ഒരുവന്റെ ചുമതല നിറവേററാതിരിക്കുന്നതും പോരാട്ടത്തിലേക്കു നയിക്കുന്നു.
ക്രിസ്മസ് കാലത്ത് ഈയിടെ തന്റെ ഭവനം സന്ദർശിച്ച, ജപ്പാനിൽ വസിക്കുന്ന ഒരു പാശ്ചാത്യൻ “ക്രിസ്മസിന്റെ യഥാർത്ഥ അർത്ഥംസംബന്ധിച്ച് നമുക്ക് എന്തോ നഷ്ടപ്പെടുകയല്ലേ എന്ന് ഞാൻ സംശയിക്കുന്നു” എന്ന് എഴുതി. “വൃക്ഷങ്ങളെ ആരാധിച്ചുകൊണ്ടും മദിരോത്സവങ്ങൾ നടത്തിയും മകരസംക്രാന്തി ആഘോഷിച്ച ആ പുറജാതിയാചാരത്തിലേക്ക്, പണ്ടത്തെ ആ പഴയ രീതിയിലുള്ള ക്രിസ്മസിലേക്ക്, തിരികെ പോകാനുള്ള അതേ ആകാംക്ഷ ഓരോ ഡിസംബർ 25നും എനിക്ക് തോന്നുന്നു. നമുക്ക് ഇപ്പോഴും സകല പുറജാതീയ ബാഹ്യാലങ്കരണങ്ങളും ഉണ്ട്—ഇത്തിൾ, കുററിച്ചെടി, ഫർ മരങ്ങൾ മുതലായവ—എന്നാൽ ക്രിസ്ത്യാനികൾ തട്ടിയെടുത്ത് ഒരു മതപരമായ ഉത്സവമാക്കി മാററിയതുമുതൽ ക്രിസ്മസ് മുമ്പത്തേതുതന്നെയായിരുന്നിട്ടില്ല.”
അനിഷേധ്യമായി, ക്രിസ്മസ് ഒരു പുറജാതീയ വിശേഷദിനമാണ്. ആദിമ ക്രിസ്ത്യാനികൾ “ആരുടെയെങ്കിലും ജനനം ആഘോഷിക്കുന്നത് ഒരു പുറജാതീയ ആചാരമാണ് എന്ന് കരുതിയതുകൊണ്ട്” അത് ആചരിച്ചില്ല എന്ന് ദി വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയാ പറയുന്നു. സാററർനേലിയായുടെയും പുതുവൽസരത്തിന്റെയും പുറജാതീയ ഉത്സവങ്ങളാണ് ആഹ്ലാദപ്രകടനത്തിന്റെയും സമ്മാന കൈമാററത്തിന്റെയും ഉറവ്.
ക്രിസ്മസ് അത്യന്താപേക്ഷിതമായി പുറജാതീയമാണെങ്കിൽ, യഥാർത്ഥ ക്രിസ്ത്യാനികൾ വാസ്തവത്തിൽ ക്രിസ്മസ് ക്രിസ്തീയമാണോ എന്ന ചോദ്യം ചോദിക്കേണ്ടതാണ്. ക്രിസ്തുവിന്റെ ജൻമദിനം ആഘോഷിക്കുന്നതുസംബന്ധിച്ച് ബൈബിൾ എന്തു പറയുന്നുവെന്ന് നമുക്കു കാണാം. (w91 12/15)
[4-ാം പേജിലെ ചതുരം]
ക്രിസ്മസ് ആഘോഷത്തിന്റെ ഉത്ഭവം
പുരാതനത്വത്തിന്റെ മൂടൽമഞ്ഞിൽ കൃത്യമായ വിശദാംശങ്ങൾ നഷ്ടപ്പെട്ടിരിക്കുകയാണെങ്കിലും ക്രി.വ. 336 ആയതോടെ ക്രിസ്മസിന്റെ ഒരു രൂപം റോമാസഭ ആഘോഷിക്കുന്നുണ്ടായിരുന്നു. “സൂര്യദേവന്റെ മഹോത്സവത്തെ പിന്തള്ളാൻ ക്രിസ്മസിന്റെ തീയതി ഉദ്ദേശ്യപൂർവം ഡിസംബർ 25 ആയി ഉറപ്പിച്ചു” എന്ന് ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ വിശദീകരിക്കുന്നു. റോമൻ സാററർനേലിയായുടെയും കെൽററിക്ക്, ജർമ്മൻ മകരസംക്രാന്തിയുടെയും ഉത്സവങ്ങളുടെ കാലത്ത് പുറജാതികൾ മദിരോത്സവങ്ങളിൽ ഏർപ്പെട്ടിരുന്നത് അന്നായിരുന്നു. “ഈ ഉത്സവങ്ങളെ ക്രിസ്തീയമാക്കാനുള്ള അവസരത്തെ സഭ തക്കത്തിൽ ഉപയോഗിച്ചു”വെന്ന് ദി ന്യൂ കാക്സ്ററൺ എൻസൈക്ലോപ്പീഡിയാ പറയുന്നു.