കള്ളപ്രവാചകൻമാരെ സൂക്ഷിക്കുക!
ഒരു ബ്രസീലിയൻ ദമ്പതികൾ രാത്രിയിൽ ഉറങ്ങാൻ കിടന്നിരുന്നു, അപ്പോൾ കള്ളൻമാർ തങ്ങളുടെ ഭവനം ഭേദിച്ചുകടക്കുന്നതായി അവർ കേട്ടു. ഭയന്നുപോയ ദമ്പതിമാർക്ക് കിടക്കമുറിയുടെ ജനാലയിലൂടെ പുറത്തിറങ്ങാനും പോലീസിനെ വിളിക്കാനും കഴിഞ്ഞു. എന്നാൽ പിന്നീട് ഭാര്യ ഈ അനുഭവത്തിൽ വളരെ അന്ധാളിച്ചുപോയതിനാൽ ആ വീട്ടിൽ കിടന്നുറങ്ങാൻ കഴിയാതെ അവളുടെ അമ്മയുടെ വീട്ടിലേക്കു പോകേണ്ടിവന്നു.
വീടു കൊള്ളയടിക്കപ്പെടുകയോ ഏതെങ്കിലും വിധത്തിൽ കവർച്ചക്കിരയാകുകയോ ചെയ്തിട്ടുള്ള ഏതൊരാളും അവളോട് സഹതപിക്കും. അങ്ങനെയുള്ള ഒരു അനുഭവം പേടിപ്പെടുത്തുന്നതായിരിക്കാൻ കഴിയും. കൂടുതൽ കൂടുതലാളുകൾ ഈ വിധത്തിൽ കഷ്ടപ്പെടുന്നത് അസന്തുഷ്ടംതന്നെ. എന്നിരുന്നാലും ഇതിനേക്കാൾ വളരെ ഗുരുതരമായ മോഷണത്തിന്റെ ഒരു രൂപമുണ്ട്.
മോഷണത്തിന്റെ ഈ ഗൗരവമേറിയ രൂപമെന്താണ്, മോഷ്ടാക്കൾ ആരാണ്? യേശുക്രിസ്തു നമ്മുടെ കാലത്തെക്കുറിച്ചു സംസാരിച്ചുകൊണ്ട് “കള്ളപ്രവാചകൻമാർ പലരും വന്ന് അനേകരെ തെററിക്കും” എന്നു പറഞ്ഞപ്പോൾ അതുസംബന്ധിച്ച് അവൻ കുറെ വിവരങ്ങൾ നൽകി. (മത്തായി 24:11) കള്ളപ്രവാചകൻമാർ മോഷ്ടാക്കളാണ്. ഏതു വിധത്തിൽ? അവർ എന്താണ് മോഷ്ടിക്കുന്നത്? അവരുടെ മോഷണം അവരുടെ പ്രവചിക്കലിനോട് ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് സംഗതി പൂർണ്ണമായി മനസ്സിലാക്കുന്നതിന്, ബൈബിളനുസരിച്ച് പ്രവചിക്കൽ എന്താണെന്ന് നാം ആദ്യമേ അറിയേണ്ടതാവശ്യമാണ്.
പ്രവചിക്കലിന്റെ അർത്ഥം
നിങ്ങൾ പ്രവചിക്കലിനെക്കുറിച്ചു ചിന്തിക്കുമ്പോൾ, ഒരുപക്ഷേ നിങ്ങളുടെ മനസ്സിലേക്ക് ആദ്യം വരുന്നത് ഭാവിയെക്കുറിച്ചുള്ള മുൻകൂട്ടിപ്പറയലാണ്. തീർച്ചയായും ഇത് പുരാതനകാലത്തെ പ്രവാചകൻമാരുടെ വേലയുടെ ഒരു വശമായിരുന്നു. എന്നാൽ അതല്ലായിരുന്നു അവരുടെ മുഖ്യ ജോലി. ദൃഷ്ടാന്തത്തിന്, ഒരു ദർശനത്തിൽ “കാററിനോടു പ്രവചിക്കുക” എന്ന് യെഹെസ്ക്കേൽ പ്രവചാകനോടു പറയപ്പെട്ടപ്പോൾ അവൻ കേവലം ദൈവത്തിൽനിന്നുള്ള ഒരു കല്പന വിളംബരംചെയ്താൽ മതിയായിരുന്നു. (യെഹെസ്ക്കേൽ 37:9, 10) യേശു പുരോഹിതൻമാരുടെ മുമ്പാകെ വിചാരണയിലായിരുന്നപ്പോൾ അവനെ തുപ്പുകയും അടിക്കുകയും ചെയ്തു, അവന്റെ പീഡകർ “ക്രിസ്തുവേ, ഞങ്ങളോടു പ്രവചിക്കുക. നിന്നെ അടിച്ചതാരാണ്?” എന്ന് പരിഹാസപൂർവം പറയുകയുണ്ടായി. ഭാവിയെക്കുറിച്ച് മുൻകൂട്ടിപ്പറയാൻ അവർ അവനോട് ആവശ്യപ്പെടുകയല്ലായിരുന്നു. അവനെ അടിച്ചിരുന്നതാരാണെന്ന് ദൈവശക്തിയാൽ തിരിച്ചറിയിക്കാൻ അവർ അവനെ വെല്ലുവിളിക്കുകയായിരുന്നു.—മത്തായി 26:67, 68.
യഥാർത്ഥത്തിൽ “പ്രവചിക്കുക” അല്ലെങ്കിൽ “പ്രവചനം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂല ബൈബിൾഭാഷാപദങ്ങൾ നൽകുന്ന മുഖ്യ ആശയം അടിസ്ഥാനപരമായി ഒരു സംഗതി സംബന്ധിച്ച ദൈവത്തിന്റെ മനസ്സ് എന്താണെന്ന് അറിയിക്കുക അല്ലെങ്കിൽ പ്രവൃത്തികളുടെ പുസ്തകം പ്രസ്താവിക്കുന്നതുപോലെ, “ദൈവത്തിന്റെ മഹനീയ കാര്യങ്ങൾ” പറയുക എന്നതാണ്. (പ്രവൃത്തികൾ 2:11) ഈ അർത്ഥത്തിലാണ് കള്ളപ്രവാചകൻമാരാൽ അനേകർ കൊള്ളയടിക്കപ്പെടുന്നത്.
എന്നാൽ കള്ളപ്രവാചകൻമാർ ആരാണ്, അവർ എന്താണ് മോഷ്ടിക്കുന്നത്? ഈ ചോദ്യത്തിന് ഉത്തരം പറയുന്നതിന് ഇസ്രയേൽ ജനതയുടെ ചരിത്രത്തിൽ യിരെമ്യാവിന്റെ കാലത്തേക്ക് നമുക്ക് പിന്തിരിഞ്ഞുനോക്കാം. നാം ഇത് അടുത്ത ലേഖനത്തിൽ ചെയ്യുന്നതായിരിക്കും. (w92 2⁄1)