നിരോധനത്തിൻ കീഴിൽ യഹോവ ഞങ്ങളെ പരിപാലിച്ചു—ഭാഗം 1
ക്രിസ്തീയ പ്രവർത്തനങ്ങളെ നിരോധിച്ചിട്ടുള്ള രാജ്യങ്ങളിലെ തങ്ങളുടെ സഹോദരൻമാരെക്കുറിച്ച് അറിയാൻ യഹോവയുടെ സാക്ഷികൾ ദശാബ്ദങ്ങളോളം ആഗ്രഹിച്ചിട്ടുണ്ട്. സംഭവിച്ചതിൽ ചിലതു വെളിപ്പെടുത്തുന്ന മൂന്നു ലേഖനങ്ങളിൽ ആദ്യത്തേത് അവതരിപ്പിക്കാൻ ഞങ്ങൾക്കു സന്തോഷമുണ്ട്. ഇവ അന്ന് കിഴക്കൻ ജർമ്മനി എന്നറിയപ്പെട്ടിരുന്നടത്തെ വിശ്വസ്ത ക്രിസ്ത്യാനികളുടെ വ്യക്തിപരമായ വിവരണങ്ങളാണ്.
ആയിരത്തിത്തൊള്ളായിരത്തിനാല്പത്തിനാലിൽ ഞാൻ സ്കോട്ട്ലണ്ടിലെ ഏയ്റിനടുത്തുള്ള കെംനോക്ക് ക്യാമ്പിൽ ഒരു ആശുപത്രിസേവകനായി ജോലിചെയ്യുന്ന ഒരു ജർമ്മൻ യുദ്ധത്തടവുകാരനായിരുന്നു. തദ്ദേശീയരുമായുള്ള സൗഹാർദ്ദം നിയന്ത്രിക്കപ്പെട്ടിരുന്നെങ്കിലും പാളയത്തിനു പുറത്തുപോകാൻ ഞാൻ അനുവദിക്കപ്പെട്ടിരുന്നു. ഒരു ഞായറാഴ്ച ഒന്നു നടക്കാനിറങ്ങിയപ്പോൾ എനിക്ക് ബൈബിളിൽനിന്നുള്ള കാര്യങ്ങൾ വിശദീകരിച്ചുതരാൻ ആത്മാർത്ഥശ്രമം നടത്തിയ ഒരു മനുഷ്യനെ ഞാൻ കണ്ടുമുട്ടി. പിന്നീട് ഞങ്ങൾ മിക്കപ്പോഴും ഒന്നിച്ചായിരുന്നു നടപ്പ്.
കാലക്രമത്തിൽ അയാൾ എന്നെ ഒരു വീട്ടിലെ ഒരു യോഗത്തിനായി ക്ഷണിച്ചു. ഞാൻ ഒരു ശത്രുജനതയിലെ അംഗമായിരുന്നതിനാൽ ഇത് അയാളുടെ ഭാഗത്ത് അപകടകരമായിരുന്നു. അയാൾ യഹോവയുടെ സാക്ഷികളിലൊരാളാണെന്ന് ആ സമയത്ത് ഞാൻ അറിഞ്ഞിരുന്നില്ല—സ്പഷ്ടമായി യോഗം അവരുടെ ചെറിയ ബൈബിളദ്ധ്യയന കൂട്ടങ്ങളിലൊന്നായിരുന്നു. ഏറെയൊന്നും ഗ്രഹിച്ചില്ലെങ്കിലും നീണ്ട വെളുത്ത ഒരു ഉടുപ്പു ധരിച്ച ഒരു കുട്ടിയുടെയും ഒരു സിംഹത്തിന്റെയും ഒരു ആട്ടിൻകുട്ടിയുടെയും ചിത്രം ഞാൻ വ്യക്തമായി ഓർക്കുന്നു. യെശയ്യാവ് എന്ന ബൈബിൾപുസ്തകത്തിൽ വർണ്ണിച്ചിരിക്കുന്നപ്രകാരമുള്ള പുതിയ ലോകത്തിന്റെ ഈ ചിത്രം എന്നിൽ ആഴമായ മതിപ്പുളവാക്കി.
ആയിരത്തിത്തൊള്ളായിരത്തിനാല്പത്തിയേഴ് ഡിസംബറിൽ ഞാൻ തടങ്കൽ പാളയത്തിൽനിന്ന് വിമോചിതനായി. ജർമ്മനിയിൽ വീട്ടിലേക്ക് മടങ്ങിവന്ന് ഞാൻ യുദ്ധത്തിനുമുമ്പേ എനിക്കറിയാമായിരുന്ന മാർഗിററിനെ വിവാഹംചെയ്തു. ഞങ്ങൾ പോളണ്ടിന്റെയും ചെക്കോസ്ലോവേക്യയുടെയും അതിർത്തികളോടടുത്തുള്ള ത്സിററാവോയിൽ താമസംതുടങ്ങി. ഏതാനും ദിവസങ്ങൾക്കുള്ളിൽ യഹോവയുടെ സാക്ഷികളിലൊരാൾ ഞങ്ങളുടെ വാതിലിൽ മുട്ടി. “ഇത് ഞാൻ സ്കോട്ട്ലണ്ടിൽ കണ്ട അതേ കൂട്ടമാണെങ്കിൽ നമുക്ക് അവരോടുകൂടെ ചേരണം” എന്ന് ഞാൻ എന്റെ ഭാര്യയോടു പറഞ്ഞു. അതേ ആഴ്ചയിൽത്തന്നെ ഞങ്ങൾ സാക്ഷികളുമായുള്ള ഞങ്ങളുടെ ആദ്യയോഗത്തിന് ഹാജരായി.
ക്രിസ്തീയയോഗങ്ങൾക്ക് ക്രമമായി ഹാജരാകേണ്ടതിന്റെയും പ്രസംഗവേലയിൽ ഏർപ്പെടേണ്ടതിന്റെയും ആവശ്യം ബൈബിളിൽനിന്ന് പെട്ടെന്നുതന്നെ ഞങ്ങൾ മനസ്സിലാക്കി. യഥാർത്ഥത്തിൽ, സാക്ഷികൾ ബൈബിളിൽനിന്ന് പഠിപ്പിച്ചത് പെട്ടെന്ന് ഞങ്ങളുടെ ജീവിതത്തിലെ അതിപ്രധാനസംഗതിയായിത്തീർന്നു. കാലക്രമത്തിൽ ഞാൻ ഒരു ബൈബിളദ്ധ്യയനകൂട്ടം നടത്താൻ തുടങ്ങി. പിന്നീട്, 1950 ഫെബ്രുവരിയിൽ രണ്ട് സഞ്ചാരക്രിസ്തീയ മേൽവിചാരകൻമാർ “നിങ്ങൾ ഒരിക്കലും സ്നാപനമേൽക്കാൻ ആഗ്രഹിക്കുന്നില്ലേ?” എന്ന് ചോദിച്ചു. അന്ന് ഉച്ചതിരിഞ്ഞുതന്നെ മാർഗിററും ഞാനും ദൈവത്തിനുവേണ്ടിയുള്ള ഞങ്ങളുടെ സമർപ്പണത്തെ സ്നാപനത്താൽ പ്രതീകപ്പെടുത്തി.
കുഴപ്പങ്ങളുടെ തുടക്കം
ത്സിററാവോ ജർമ്മനിയുടെ സോവ്യററ് മേഖലയിലായിരുന്നു, യഹോവയുടെ സാക്ഷികൾക്കു കുഴപ്പമുണ്ടാക്കാനുള്ള ശ്രമങ്ങൾ 1949-ൽ തുടങ്ങിയിരുന്നു. വളരെ പ്രയാസപ്പെട്ട ശേഷമേ ബോട്ട്സണിൽ ഒരു ചെറിയ സമ്മേളനം നടത്തുന്നതിനുള്ള സൗകര്യങ്ങൾ കിട്ടിയുള്ളു. പിന്നീട് വേനൽക്കാലത്ത് ബർലിനിലെ വലിപ്പമേറിയ ഡിസ്ട്രിക്ററ് കൺവെൻഷനിലേക്കുള്ള പ്രത്യേക തീവണ്ടികൾ പെട്ടെന്ന് റദ്ദാക്കപ്പെട്ടു. എന്നിട്ടും ആയിരങ്ങൾ ഹാജരായി.
സഭായോഗങ്ങളെയും അലങ്കോലമാക്കി. ആഭാസൻമാർ കൂകാനും വിസിലടിക്കാനും മാത്രം ഹാജരാകുമായിരുന്നു. ഒരു സന്ദർഭത്തിൽ ഒരു സഞ്ചാരമേൽവിചാരകന്റെ പ്രസംഗം നിർത്താൻ ഞങ്ങൾ മിക്കവാറും നിർബന്ധിതരായി. പ്രസ്സ് ഞങ്ങളെ നാശത്തിന്റെ പ്രവാചകൻമാർ എന്നു വിളിച്ചു. മേഘങ്ങളിൽ എടുക്കപ്പെടാൻ കാത്തിരുന്നുകൊണ്ട് ഞങ്ങൾ കുന്നിൻമുകളിൽ കൂടിവന്നുവെന്നുപോലും പത്രലേഖനങ്ങൾ അവകാശപ്പെട്ടു. സാക്ഷികൾ തങ്ങളുമായി ദുർമ്മാർഗ്ഗത്തിലേർപ്പെടാൻ ശ്രമിച്ചുവെന്നു ചില പെൺകുട്ടികൾ പറഞ്ഞതായി പത്രങ്ങൾ ഉദ്ധരിക്കുകയും ചെയ്തു. ‘യഹോവക്ക് ഒരു സമർപ്പണം നടത്തുന്നവർക്ക് നിത്യജീവൻ ലഭിക്കു’മെന്നുള്ള വിശദീകരണം സാക്ഷികളുമായി ലൈംഗികതയുള്ളവർക്ക് നിത്യജീവൻ ലഭിക്കുമെന്നു പറയാൻ വളച്ചൊടിക്കപ്പെട്ടു.
പിന്നീട് ഞങ്ങൾ യുദ്ധക്കൊതിയൻമാരാണെന്നും കുററമാരോപിക്കപ്പെട്ടു. ദൈവത്തിന്റെ അർമ്മഗെദ്ദോൻ യുദ്ധത്തെക്കുറിച്ച് ഞങ്ങൾ പറഞ്ഞതിനെ ഞങ്ങൾ ആയുധമത്സരത്തെയും യുദ്ധത്തെയും പ്രോൽസാഹിപ്പിച്ചതായി ദുർവ്യാഖ്യാനംചെയ്തു. എത്ര വിഡ്ഢിത്തം! എന്നിരുന്നാലും 1950 ഓഗസ്ററിൽ, ഞാൻ ഒരു പ്രിൻററായി ജോലിചെയ്തിരുന്ന സ്ഥലത്തെ പത്രസ്ഥാപനത്തിൽ രാത്രിഷിഫ്ററിനുവേണ്ടി ഞാൻ ചെന്നപ്പോൾ ഗെയ്ററിങ്കൽ എന്നെ തടഞ്ഞു. “നിങ്ങളെ പിരിച്ചുവിട്ടിരിക്കുകയാണ്” എന്ന് വാച്ച്മാൻ പറഞ്ഞു, അയാളോടുകൂടെ പോലീസും ഉണ്ടായിരുന്നു. “നിങ്ങൾ യുദ്ധത്തിന് അനുകൂലമാണ്.”
വീട്ടിലായിരുന്ന മാർഗിററിന് ആശ്വാസമായി. “മേലാൽ വൈകിയുള്ള ജോലി വേണ്ടല്ലോ,” അവൾ പറഞ്ഞു. ഞങ്ങൾ ഉത്ക്കണ്ഠപ്പെട്ടില്ല. എനിക്ക് താമസിയാതെ മറെറാരു ജോലി കിട്ടി. കരുതാൻവേണ്ടി ഞങ്ങൾ ദൈവത്തിൽ ആശ്രയിച്ചു, അവൻ കരുതി.
ഞങ്ങളുടെ വേല നിരോധിക്കപ്പെടുന്നു
ആയിരത്തിത്തൊള്ളായിരത്തിഅമ്പത് ഓഗസ്ററ് 31ന് ജർമ്മൻ ഡെമോക്രാററിക്ക് റിപ്പബ്ലിക്കിലെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ നിരോധിക്കപ്പെട്ടു. തുടർന്ന് അറസ്ററുകളുടെ ഒരു തിരത്തള്ളൽ ഉണ്ടായി. സാക്ഷികൾ വിചാരണചെയ്യപ്പെട്ടു, ചിലർ മരണത്തിന് വിധിക്കപ്പെട്ടു. നാസികളുടെ കീഴിൽ ദുരിതമനുഭവിച്ച ത്സിററാവോയിൽനിന്നുള്ള രണ്ടുപേർ കമ്മ്യൂണിസ്ററുകാരാൽ തടവിലാക്കപ്പെട്ടു.
ഞങ്ങളുടെ സഭയുടെ മേൽനോട്ടം വഹിച്ചിരുന്ന ഒരാൾ അയാളുടെ ഭാര്യയോടുകൂടെ അറസ്ററുചെയ്യപ്പെട്ടു. അവരെ അറസ്ററുചെയ്തവർ അവരുടെ രണ്ടു കൊച്ചുകുട്ടികളെ വീട്ടിൽ നിരാലംബരായി ഒററക്ക് വിട്ടു. വല്യമ്മവല്യപ്പൻമാർ കുട്ടികളെ ഏറെറടുത്തു, ഇന്ന് ഈ രണ്ടു പെൺകുട്ടികളും ദൈവരാജ്യത്തെക്കുറിച്ചു മററുള്ളവരോടു പറയുന്നതിൽ തീക്ഷ്ണതയുള്ളവരാണ്.
കിഴക്കൻ ജർമ്മനിയിലെ സഭയിൽനിന്നുള്ള സന്ദേശവാഹകർ സ്വാതന്ത്ര്യമുള്ള പശ്ചിമമേഖലയിലെ പ്രത്യേക ശേഖരണസ്ഥാനങ്ങളിൽനിന്ന് സാഹിത്യങ്ങൾ എടുത്തുകൊണ്ടുപോകാൻ ബർലിനിലേക്കും തിരിച്ചും സഞ്ചരിച്ചു. ധൈര്യശാലികളായിരുന്ന ഈ സന്ദേശവാഹകരിൽ അനേകർ അറസ്ററുചെയ്യപ്പെടുകയും കോടതിയിൽ വിചാരണക്ക് കൊണ്ടുപോകപ്പെടുകയും തടവുശിക്ഷകൾ കൊടുക്കപ്പെടുകയും ചെയ്തു.
ഒരു ദിവസം അതിരാവിലെ അധികാരികൾ ഞങ്ങളുടെ വീട് പരിശോധിക്കാൻ വന്നെത്തി. അവരുടെ വരവ് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് ഞാൻ സൂക്ഷിച്ചിരുന്ന സകല സഭാരേഖകളും ഒരു കടുന്നൽകൂടിനടുത്ത് ഞങ്ങളുടെ ധാന്യപ്പുരയിൽ വെച്ചിരുന്നു. ഈ കടുന്നലുകൾ എന്നെ ഒരിക്കലും അലട്ടിയിരുന്നില്ല. എന്നാൽ ആ മനുഷ്യർ ആ പ്രദേശത്ത് തെരച്ചിൽ തുടങ്ങിയപ്പോൾ പെട്ടെന്ന് അവരെ ഒരു കടുന്നൽകൂട്ടം വളഞ്ഞു. ഓടിരക്ഷപെടാൻ മാത്രമേ അവർക്കു കഴിഞ്ഞുള്ളു.
ആയിരത്തിത്തൊള്ളായിരത്തിനാല്പത്തൊൻപതിൽ നടത്തപ്പെട്ട കൺവെൻഷനുകൾ മുഖേന യഹോവ ഞങ്ങളെ നിരോധനത്തിനുവേണ്ടി ഒരുക്കിയിരുന്നു. വ്യക്തിപരമായ പഠനവും യോഗഹാജരും ഞങ്ങളുടെ പ്രസംഗപ്രവർത്തനവും ശക്തിപ്പെടുത്തുന്നതിനും അതുപോലെതന്നെ പിന്തുണക്കും പ്രോൽസാഹനത്തിനുമായി അന്യോന്യം ആശ്രയിക്കുന്നതിനും പരിപാടി ഞങ്ങളെ ശക്തമായി ഉപദേശിച്ചിരുന്നു. ഇത് യഥാർത്ഥത്തിൽ വിശ്വസ്തരായി നിലകൊള്ളാൻ ഞങ്ങളെ സഹായിച്ചു. അങ്ങനെ, ആളുകൾ മിക്കപ്പോഴും ഞങ്ങളെ വിമർശിക്കുകയും പുലഭ്യംപറയുകയും ചെയ്തെങ്കിലും ഞങ്ങൾ ഒട്ടും ഗൗനിച്ചില്ല.
നിരോധനത്തിൻകീഴിൽ യോഗങ്ങൾ നടത്തൽ
നിരോധനം പ്രഖ്യാപിച്ചതിനെ തുടർന്ന് ഞങ്ങളുടെ സഭായോഗങ്ങൾ എങ്ങനെ തുടരാമെന്ന് ചർച്ചചെയ്യാൻ ഞാൻ രണ്ടു സഹ സാക്ഷികളെ കണ്ടു. യോഗങ്ങൾക്ക് സന്നിഹിതരായിരിക്കുമ്പോഴത്തെ അറസ്ററ് തടവുശിക്ഷ കൈവരുത്തിയേക്കാമെന്നുള്ളതുകൊണ്ട് ഹാജരാകൽ അപകടകരമായിരുന്നു. ഞങ്ങൾ ഞങ്ങളുടെ പ്രദേശത്തെ സാക്ഷികളെ സന്ദർശിച്ചു. ചിലർ അസ്വസ്ഥരായിരുന്നു, എന്നാൽ യോഗങ്ങൾക്ക് ഹാജരാകേണ്ടതിന്റെ ആവശ്യകത ഓരോരുത്തരും തിരിച്ചറിഞ്ഞത് പ്രോൽസാഹജനകമായിരുന്നു.
ഒരു ധാന്യപ്പുര ഉണ്ടായിരുന്ന ഒരു താത്പര്യക്കാരൻ ഒരു യോഗസ്ഥലമായി ഉപയോഗിക്കാൻ അതു തന്നു. ധാന്യപ്പുര എല്ലാവർക്കും കാണത്തക്കവണ്ണം ദൃശ്യമായി ഒരു വയലിൽ നിന്നിരുന്നെങ്കിലും കുററിക്കാടുകളാൽ മറയ്ക്കപ്പെട്ട ഒരു വഴിയിലേക്കു തുറക്കുന്ന ഒരു പിൻവാതിൽ അതിനുണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങളുടെ വരവും പോക്കും നിരീക്ഷിക്കപ്പെട്ടില്ല. ശീതകാലം മുഴുവൻ ആ പഴയ ധാന്യപ്പുരയിലായിരുന്നു മെഴുകുതിരിവെളിച്ചത്തിൽ ഞങ്ങളുടെ യോഗങ്ങൾ നടത്തിയിരുന്നത്, 20പേർ ഹാജരുണ്ടായിരുന്നു. ഞങ്ങളുടെ വീക്ഷാഗോപുര മാസികയുടെ പഠനത്തിനും സേവനയോഗത്തിനും വേണ്ടി ഞങ്ങൾ ഓരോ വാരത്തിലും കൂടിവന്നു. ഞങ്ങൾ ആത്മീയമായി സജീവരായി നിലകൊള്ളേണ്ടതുണ്ടെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് പരിപാടി ഞങ്ങളുടെ സാഹചര്യത്തിന് അനുയോജ്യമാക്കപ്പെട്ടു. അതേ താത്പര്യക്കാരനെ സത്യത്തിലെ ഞങ്ങളുടെ പുതിയ സഹോദരനായി സ്വാഗതംചെയ്തതിൽ ഞങ്ങൾ പെട്ടെന്ന് പുളകിതരായി.
ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളുടെ മദ്ധ്യത്തിൽ കോടതിശിക്ഷകൾ കൂടുതൽ ലഘുവായിത്തീർന്നു, ചിലർ തടവിൽനിന്ന് മോചിപ്പിക്കപ്പെടുകയും ചെയ്തു. അനേകർ പശ്ചിമജർമ്മനിയിലേക്ക് നാടുകടത്തപ്പെട്ടു. എന്നെ സംബന്ധിച്ചാണെങ്കിൽ, പശ്ചിമജർമ്മനിയിൽനിന്നുള്ള ഒരു സഹോദരന്റെ സന്ദർശനത്തെ തുടർന്ന് കാര്യങ്ങൾക്ക് അപ്രതീക്ഷിതമായി മാററംഭവിച്ചു.
എന്റെ ആദ്യത്തെ വലിയ നിയമനം
ആ സഹോദരൻ തന്നേത്തന്നെ ഹാൻസ് എന്നു വിളിച്ചു. ഞങ്ങളുടെ സംഭാഷണത്തെ തുടർന്ന് ബർലിനിലെ ഒരു മേൽവിലാസക്കാരനെ സന്ദർശിക്കാൻ എന്നോട് ആവശ്യപ്പെട്ടു. ഡോർബെല്ലിൽ കോഡുനാമം കണ്ടശേഷം ഞാൻ അകത്തേക്ക് ക്ഷണിക്കപ്പെട്ടു. രണ്ടുപേർ എന്നോടു ചേരുകയും എന്നെ ഉല്ലാസപ്രദവും എന്നാൽ വളരെ സാമാന്യവുമായ ഒരു ചർച്ചയിൽ ഉൾപ്പെടുത്തുകയും ചെയ്തു. അനന്തരം അവരുടെ ഉദ്ദേശ്യത്തിലേക്കു വന്നു: “നിങ്ങൾക്ക് ഒരു പ്രത്യേക നിയമനം തന്നാൽ നിങ്ങൾ അതു സ്വീകരിക്കുമോ?”
“തീർച്ചയായും,” അതായിരുന്നു എന്റെ ഉത്തരം.
“വളരെ നല്ലത്,” അവർ പറഞ്ഞു, “അതുമാത്രമാണ് ഞങ്ങൾ അറിയാനാഗ്രഹിച്ചത്. വീട്ടിലേക്ക് സുരക്ഷിതമായി യാത്ര ചെയ്യുക.”
മൂന്നാഴ്ച കഴിഞ്ഞ് ബർലിനിലേക്കു മടങ്ങാൻ എന്നോട് ആവശ്യപ്പെട്ടു. വീണ്ടും ഞാൻ ആ മുറിയിലെത്തി. ത്സിററാവോയിക്കു ചുററുമുള്ള പ്രദേശത്തിന്റെ ഒരു പടം എന്റെ കൈയിൽ തന്നിട്ട് സഹോദരൻമാർ വിഷയത്തിലേക്കു കടന്നു. “ഞങ്ങൾക്ക് ഈ പ്രദേശത്ത് സാക്ഷികളുമായി സമ്പർക്കമില്ല. ഞങ്ങൾക്കുവേണ്ടി സമ്പർക്കം പുനഃസ്ഥാപിക്കാൻ നിങ്ങൾക്ക് കഴിയുമോ?”
“തീർച്ചയായും ഞാൻ ചെയ്യാം,” എന്നായിരുന്നു എന്റെ സത്വര മറുപടി. അത് റീസാ മുതൽ ത്സിററാവോ വരെ 100 കിലോമീററർ നീണ്ടുകിടക്കുന്നതും 50 കിലോമീററർവരെ വീതിയുള്ളതുമായ ഒരു വലിയ പ്രദേശമായിരുന്നു. എനിക്ക് ഒരു സൈക്കിൾ മാത്രമേ ഉണ്ടായിരുന്നുള്ളു. വ്യക്തികളായ സാക്ഷികളുമായുള്ള സമ്പർക്കം സ്ഥാപിക്കപ്പെട്ടപ്പോൾ ഓരോരുത്തരും അയാളുടെ സ്വന്തം സഭയിൽ സംയോജിപ്പിക്കപ്പെട്ടു, ആ സഭ സാഹിത്യവും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിന് ബർലിനിലേക്ക് ക്രമമായി ഒരു പ്രതിനിധിയെ അയച്ചു. ഈ പ്രവർത്തനരീതി അധികാരികൾ ഏതെങ്കിലും ഒരു സഭയെ പീഡിപ്പിക്കുമ്പോൾ മററു സഭകളെ അപകടപ്പെടുത്തുന്നതിനെ തടഞ്ഞു.
യഹോവയിൽ ആശ്രയിക്കുക
പീഡനം ഗണ്യമാക്കാതെ, ബൈബിൾനിർദ്ദേശങ്ങളോടുള്ള അനുസരണത്തിൽ ദൈവരാജ്യത്തെക്കുറിച്ചുള്ള നമ്മുടെ സന്ദേശവുമായി വീടുതോറും പോകുന്നത് ഞങ്ങൾ ഒരിക്കലും നിർത്തിയിട്ടില്ല. (മത്തായി 24:14; 28:19, 20; പ്രവൃത്തികൾ 20:20) നേരത്തെ ഞങ്ങൾക്കറിയാവുന്ന വ്യക്തികളുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ മേൽവിലാസക്കാരെ സന്ദർശിച്ചു. ഞങ്ങൾ ചില അതിശയകരമായ അനുഭവങ്ങൾ ആസ്വദിച്ചു. ചുവടെ ചേർത്തിരിക്കുന്നതു വിശദമാക്കുന്നതുപോലെ, ചില സമയങ്ങളിൽ ഞങ്ങളുടെ തെററുകൾപോലും അനുഗ്രഹങ്ങളായി പരിണമിച്ചു.
എന്റെ ഭാര്യക്കും എനിക്കും സന്ദർശിക്കുന്നതിന് ഒരു മേൽവിലാസം നൽകപ്പെട്ടു, എന്നാൽ ഞങ്ങൾ മറെറാരു വീട്ടിലാണ് സന്ദർശനം നടത്തിയത്. വാതിൽ തുറന്നപ്പോൾ കോട്ടുതൂക്കുന്ന റാക്കിൽ ഒരു പോലീസ് യൂണിഫോം കിടക്കുന്നതു കണ്ടു. മാർഗിററിന്റെ മുഖം വിളറി; എന്റെ ഹൃദയം തുടിച്ചു. ഇത് തടവു കൈവരുത്താം. പെട്ടെന്നുള്ള ഒരു പ്രാർത്ഥനക്കു മാത്രമേ സമയമുണ്ടായിരുന്നുള്ളു.
“നിങ്ങൾ ആരാണ്?” ആ മനുഷ്യൻ ഉപചാരപൂർവം ചോദിച്ചു. ഞങ്ങൾ ശാന്തമായി നിലകൊണ്ടു.
“എനിക്ക് എവിടെ വെച്ചോ താങ്കളെ അറിയാം എന്ന് എനിക്കുറപ്പുണ്ട്, എന്നാൽ എവിടെവെച്ചെന്ന് ഇപ്പോൾ എനിക്ക് ചിന്തിക്കാൻ കഴിയില്ല. അതെ, താങ്കൾ ഒരു പോലീസുകാരനാണ്. താങ്കളെ ഡ്യൂട്ടിസമയത്ത് ഞാൻ കണ്ടിട്ടുണ്ടായിരിക്കണം,” മാർഗിററ് പറഞ്ഞു.
ഇതിന് സാന്ത്വനപ്പെടുത്തുന്ന ഒരു ഫലമുണ്ടായിരുന്നു, അയാൾ സൗഹാർദ്ദപൂർവകമായ ഒരു സ്വരത്തിൽ ചോദിച്ചു. “നിങ്ങൾ യഹോവയുടെ ആണോ?”
“അതെ,” ഞാൻ സംഭാഷണത്തിൽ ചേർന്നു. “ഞങ്ങൾ സാക്ഷികളാണ്. താങ്കളുടെ വാതിൽക്കൽ മുട്ടുന്നതിന് ധൈര്യമാവശ്യമാണെന്ന് താങ്കൾ സമ്മതിക്കേണ്ടതാണ്. ഞങ്ങൾക്ക് താങ്കളിൽ വ്യക്തിപരമായ താത്പര്യമുണ്ട്.”
അയാൾ ഞങ്ങളെ വീട്ടിലേക്കു ക്ഷണിച്ചു. ഞങ്ങൾ പല പ്രാവശ്യം അയാളെ സന്ദർശിക്കുകയും ഒരു ബൈബിളദ്ധ്യയനം തുടങ്ങുകയും ചെയ്തു. കാലക്രമത്തിൽ ഈ മനുഷ്യൻ നമ്മുടെ ക്രിസ്തീയ സഹോദരനായിത്തീർന്നു. ആ അനുഭവം യഹോവയിലുള്ള ഞങ്ങളുടെ ആശ്രയത്തെ എത്ര ബലിഷ്ഠമാക്കി!
സഹോദരിമാർ മിക്കപ്പോഴും സന്ദേശവാഹകരായി പ്രവർത്തിച്ചിട്ടുണ്ട്, അത് അവർ യഹോവയിൽ സമ്പൂർണ്ണമായി ആശ്രയിക്കാൻ ആഹ്വാനം ചെയ്തു. മാർഗിററ് ഒരിക്കൽ സാഹിത്യം കൊണ്ടുവരാൻ ബർലിനിലേക്ക് യാത്രചെയ്തപ്പോൾ വാസ്തവമതായിരുന്നു. അവ പ്രതീക്ഷിച്ചതിൽ കൂടുതലുണ്ടായിരുന്നു. അമിതഭാരം കയററിയ കനമേറിയ സൂട്ട്കേയ്സ് കെട്ടുന്നതിന് ഒരു അയ ഉപയോഗിക്കപ്പെട്ടു. മാർഗിററ് തീവണ്ടിയിൽ കയറുന്നതുവരെ എല്ലാം കുഴപ്പമില്ലാതെ നീങ്ങി. അപ്പോഴാണ് ഒരു അതിർത്തിയുദ്യോഗസ്ഥൻ വന്നത്.
“ഇത് ആരുടേതാണ്, അതിൽ എന്താണുള്ളത്?” സൂട്ട്കേയ്സിലേക്കു ചൂണ്ടിക്കൊണ്ട് അയാൾ ആവശ്യപ്പെട്ടു.
“അത് അലക്കാനുള്ള എന്റെ തുണികളാണ്,” മാർഗിററ് മറുപടി പറഞ്ഞു.
സംശയംതോന്നി അത് അഴിക്കാൻ അയാൾ ആജ്ഞാപിച്ചു. സാവധാനത്തിലും ധൃതികൂട്ടാതെയും മാർഗിററ് ഒരു സമയത്ത് ഓരോന്നായി കെട്ടഴിച്ചുകൊണ്ട് സൂട്ട്കേയ്സ് ചുററിക്കെട്ടിയിരുന്ന അയച്ചരട് അഴിച്ചെടുക്കാൻ തുടങ്ങി. അതിർത്തിയുദ്യോഗസ്ഥന്റെ ജോലി ഒരു നിശ്ചിത ദൂരം മാത്രം തീവണ്ടിയിൽ സഞ്ചരിച്ചിട്ട് ഇറങ്ങി തിരിച്ചുപോകാൻ മറെറാരു തീവണ്ടിയിൽ കയറേണ്ടതാവശ്യമാക്കിത്തീർത്തതിനാൽ അയാൾ അതിയായി അക്ഷമനായി. ഒടുവിൽ, മൂന്നു കെട്ടുകൾ മാത്രം ശേഷിക്കെ അയാൾ വേണ്ടെന്നുവെക്കുകയും “പൊയ്ക്കോ, നിങ്ങളുടെ തുണിക്കെട്ടും എടുത്തോ” എന്ന് അലറുകയും ചെയ്തു.
യഹോവയുടെ വ്യക്തിപരമായ പരിപാലനം
സാധാരണയായി ഞാൻ ഇരുട്ടിന്റെ മറവിൽ സഭാകാര്യങ്ങളിൽ ശ്രദ്ധിച്ചതുകൊണ്ട് നാലു മണിക്കൂറിൽ കൂടുതൽ ഉറങ്ങിയിരുന്നില്ല. അങ്ങനെയുള്ള പ്രവർത്തനത്തിന്റെ ഒരു രാത്രി കഴിഞ്ഞപ്പോഴാണ് ഒരു ദിവസം രാവിലെ ഉദ്യോഗസ്ഥൻമാർ ഞങ്ങളുടെ വാതിലിൽ മുട്ടിയത്. അവർ ഒരു പരിശോധന നടത്താനാണ് വന്നത്. എന്തെങ്കിലും ഒളിച്ചുവെക്കാൻ സമയം തീരെ വൈകിപ്പോയിരുന്നു.
ഉദ്യോഗസ്ഥൻമാർ രാവിലെ മുഴുവൻ സമയവും ചെലവഴിച്ച് പൂർണ്ണമായി തെരച്ചിൽ നടത്തി, എന്തെങ്കിലും ഒളിച്ചുവെച്ചിട്ടുണ്ടോയെന്നറിയാൻ കക്കൂസ് പോലും പരിശോധിച്ചു. എന്റെ ജായ്ക്കററു പരിശോധിക്കുന്നതിനെക്കുറിച്ച് ആരും ചിന്തിച്ചില്ല, അത് കോട്ട്റാക്കിൽ തൂങ്ങിക്കിടക്കുകയായിരുന്നു. ഞാൻ ധൃതിയിൽ അതിന്റെ പോക്കററുകളിൽ പ്രമാണങ്ങൾ ഒളിച്ചുവെച്ചിരുന്നു. ഉദ്യോഗസ്ഥൻമാർ അന്വേഷിച്ചുകൊണ്ടിരുന്ന പ്രമാണങ്ങളാൽത്തന്നെ പോക്കററുകൾ വീർത്തിരുന്നു, എന്നാൽ അവർ വെറുംകൈയോടെ മടങ്ങി.
മറെറാരു സന്ദർഭത്തിൽ, 1961 ഓഗസ്ററിൽ, ഞാൻ ബർലിനിൽ ആയിരുന്നു. അത് ബർലിൻമതിൽ കെട്ടുന്നതിനു മുമ്പത്തെ എന്റെ അവസാനത്തെ സാഹിത്യശേഖരണമായി പരിണമിച്ചു. ഞാൻ ത്സിററാവോയിലേക്കു മടങ്ങാൻ ഒരുങ്ങവേ ബർലിൻ റയിൽവേസ്റേറഷൻ ആൾക്കൂട്ടത്താൽ നിറഞ്ഞിരുന്നു. തീവണ്ടി വന്നു, സകലരും കയറിപ്പററാൻ പ്ലാററ്ഫോമിലൂടെ ഓടി. പെട്ടെന്ന് ജനക്കൂട്ടത്തിൽപെട്ട് ഞാൻ തീവണ്ടിയിൽ ആളില്ലാഞ്ഞ ഒരു ഭാഗത്ത് എത്തി. ഞാൻ കയറിയ ഉടനെ ഗാർഡ് പുറത്തുനിന്ന് കതകുകൾ അടച്ചു. ഞാൻ ഒരു ഭാഗത്ത് ഒററക്ക് നിന്നു, മററു യാത്രക്കാർ തീവണ്ടിയുടെ ശേഷിച്ച ഭാഗത്ത് കടന്നുകൂടി.
ഞങ്ങൾ ത്സിററാവോയിലേക്കു തിരിച്ചു. കുറേ സമയത്തേക്ക് ഞാൻ കമ്പാർട്ട്മെൻറിൽ ഒററക്കായിരുന്നു. അങ്ങനെയിരിക്കെ തീവണ്ടി നിന്നു, എന്റെ ഭാഗത്തേക്കുള്ള കതകുകൾ തുറന്നു. ഡസൻകണക്കിന് സോവ്യററ് ഭടൻമാർ കയറി. സോവ്യററ് പട്ടാളത്തിനുവേണ്ടി വേർതിരിച്ചിട്ടിരുന്ന ഒരു ഭാഗത്താണ് ഞാൻ യാത്രചെയ്യുന്നതെന്ന് അപ്പോൾ മാത്രമാണ് ഞാൻ തിരിച്ചറിഞ്ഞത്. ഞാൻ അപ്രത്യക്ഷമായിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചു. എന്നിരുന്നാലും, എന്തെങ്കിലും പിശകുള്ളതായി പടയാളികൾ കണ്ടതായി തോന്നിയില്ല.
ഞങ്ങൾ ത്സിററാവോയിലേക്കുള്ള യാത്ര തുടർന്നു, അവിടെ വാതിൽ തുറന്നപ്പോൾ പടയാളികൾ പുറത്തുചാടി. അവർ സ്റേറഷനിലുള്ള സകല യാത്രക്കാരെയും പരിശോധിച്ചുതുടങ്ങി. നിർബാധം വിടപ്പെട്ടത് ഞാൻ മാത്രമായിരുന്നു. ഞാൻ ഒരു ഉയർന്ന ഉദ്യോഗസ്ഥനാണെന്നു വിചാരിച്ച് പടയാളികളിൽ അനേകർ എന്നെ സല്യൂട്ടുചെയ്യുകപോലും ചെയ്തു.
ആ സാഹിത്യങ്ങൾ എത്ര വിലപ്പെട്ടവയാണെന്ന് പിന്നീടുമാത്രമേ ഞങ്ങൾ തിരിച്ചറിഞ്ഞുള്ളു, കാരണം ബർലിൻമതിലിന്റെ നിർമ്മാണം താത്ക്കാലികമായി ഞങ്ങളുടെ വിതരണ മാർഗ്ഗത്തെ തടസ്സപ്പെടുത്തി. എന്നിട്ടും, ആ സാഹിത്യങ്ങൾ പല മാസങ്ങളിലെ ഞങ്ങളുടെ ആവശ്യങ്ങൾക്കുതകാൻ വേണ്ടത്ര ഉണ്ടായിരുന്നു. ഇതിനിടയിൽ, ഞങ്ങളോടു സമ്പർക്കംപുലർത്താനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ കഴിഞ്ഞു.
ബർലിൻ മതിലിന്റെ 1961-ലെ ആഗമനം കിഴക്കൻജർമ്മനിയിൽ ഞങ്ങൾക്ക് മാററങ്ങൾ കൈവരുത്തി. എന്നിരുന്നാലും, യഹോവ, എല്ലായ്പ്പോഴും ആയിരിക്കുന്നതുപോലെ, സംഭവങ്ങൾക്കു മുൻകടന്നു പ്രവർത്തിച്ചു. അവൻ നിരോധനത്തിൻകീഴിൽ ഞങ്ങളെ പരിപാലിക്കുന്നതിൽ തുടർന്നു.—ഹെർമ്മൻ ലാവ്ബേ പറഞ്ഞത്.
[6-ാം പേജിലെ ഹെർമ്മന്റെയും മാർഗിററിന്റെയും ചിത്രം]
[27-ാം പേജിലെ ചിത്രം]
ഞങ്ങൾ ബോട്സണിൽ ഒരു ചെറിയ സമ്മേളനം ആസ്വദിച്ചു