ഗൊവാഹീറോ ഇൻഡ്യാക്കാർ അനുകൂലമായി പ്രതികരിക്കുന്നു
ഒരു വലിയ വൃക്ഷത്തിന്റെ തണലിൽ നിലം മുട്ടിക്കിടക്കുന്ന കറുത്ത കുപ്പായമണിഞ്ഞിരിക്കുന്ന പ്രായമായ ആ സ്ത്രീ മറെറാരു ലോകത്തു നിന്നാണെന്ന് തോന്നി. ഞങ്ങൾക്ക് അപരിചിതമായ ഒരു ഭാഷയിലാണ് അവർ സംസാരിച്ചതും. “വീണ്ടും മടങ്ങി വരിക”, അവർ ഉൽസാഹപൂർവ്വം പറഞ്ഞു. അവർക്കു ചുററുമിരുന്ന അവരുടെ വംശത്തിൽപ്പെട്ട മറെറാരു 50 ആളുകളുടെ നേരെ ചൂണ്ടിക്കൊണ്ട് അവർ തുടർന്നു: “നിങ്ങൾ വരണമെന്ന് ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നു, എല്ലാ ആഴ്ചയിലും മടങ്ങി വരിക!”
ഈ ആളുകൾ ആരായിരുന്നു? അവർ ഞങ്ങളെ മുമ്പൊരിക്കലും കണ്ടിട്ടില്ലായിരുന്നെങ്കിലും ഞങ്ങൾ മടങ്ങി വരണമെന്ന് അവർക്കിത്ര താൽപ്പര്യമുള്ളത് എന്തുകൊണ്ടായിരുന്നു? വടക്കുകിഴക്കൻ കൊളംബിയായിലും അതിനടുത്ത വെനസ്വേലയിലുമായി കിടക്കുന്ന ലാ ഗ്വാഹീർ ഉപദ്വീപിൽ അധിവസിക്കുന്ന ഗൊവാഹീറോ ഇൻഡ്യാക്കാർക്കിടയിൽ ഞങ്ങൾ ചെലവഴിച്ച ഒരു ദിവസത്തെപ്പററി നിങ്ങളോട് പറയാൻ ഞങ്ങളെ അനുവദിക്കുക.
ആദ്യ ധാരണകൾ
വെനസ്വേലയുടെ തലസ്ഥാന നഗരിയായ കാരക്കാസിൽ നിന്ന് യാത്രയാരംഭിച്ച ഞങ്ങൾ ആദ്യം ചെന്നത് മാരക്കയീബോയിലായിരുന്നു. ഞങ്ങൾ ആ പട്ടണത്തെ സമീപിച്ചപ്പോൾ നീണ്ട വർണ്ണഭംഗിയുള്ള കുപ്പായങ്ങളണിഞ്ഞ മൂന്നു യുവതികൾ നടന്നു നീങ്ങുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. അവരുടെ ലക്ഷണങ്ങൾ സാധാരണ വെനസ്വേലക്കാരുടേതിൽ നിന്നും വ്യത്യസ്തമായിരുന്നു—പൊങ്ങിയ കവിളെല്ലുകൾ, തവിട്ടു നിറം, ചുരുൾച്ചയില്ലാത്ത കറുത്ത മുടി. ആയാസരഹിതവും സുന്ദരവുമായ അവരുടെ നടത്തം നിരീക്ഷിച്ച ഞങ്ങളുടെ കൗതുകം ഗൊവാഹീറോ ഇൻഡ്യാക്കാരെ ആദ്യം ദർശിച്ച മാത്രയിൽ തന്നെ ഉണർത്തപ്പെട്ടു.
ലാ ഗ്വാഹീർ ഉപദ്വീപിലേക്കുള്ള ഞങ്ങളുടെ യാത്രയുടെ ദിവസം പൊട്ടിവിടർന്നത് ശാന്തവും പ്രസന്നവുമായിട്ടായിരുന്നു. പ്രഭാതസൂര്യന്റെ കിരണങ്ങൾക്ക് ചൂടേറുന്നതിനു മുമ്പ് ഞങ്ങൾ 50 പേർ ഒരു ബസ്സിൽ യാത്രയാരംഭിച്ചു. വെനസ്വേലയിലെ വിദൂരകോണുകളിൽ ബൈബിൾ ദൂത് എത്തിക്കാനുള്ള ഈ രാജ്യവ്യാപക പ്രചരണത്തിൽ ഒരു പങ്കുണ്ടായിരിക്കുന്നതിൽ ഞങ്ങളെല്ലാവരും ഉത്തേജിതരായിരുന്നു. കൊളംബിയയുടെ അതിർത്തിയിലുള്ള പാരഗ്വാക്കോൺ എന്ന പട്ടണത്തിലേക്കായിരുന്നു ഞങ്ങളുടെ യാത്ര.
മാരക്കയീബോ നഗരത്തെ പിന്നിലാക്കിക്കൊണ്ട് പല ചെറുപട്ടണങ്ങളും ഗ്രാമങ്ങളും കടന്നു ഞങ്ങൾ യാത്രചെയ്തു. ഓരോന്നിലും ഓരോ ചന്തസ്ഥലവും നെയ്തെടുത്ത പാദരക്ഷകളും മാൻറാസ് എന്നു വിളിക്കപ്പെടുന്ന നീണ്ട വർണ്ണഭംഗിയുള്ള കുപ്പായങ്ങളും വിൽക്കുന്ന ഏതാനും കടകളും ഉണ്ടായിരുന്നു. ഓരോ ഗ്രാമത്തിന്റെയും നടുവിൽ വൃത്തിയുള്ള ഒരു തുറസ്സായ സ്ഥലവും മങ്ങിയ നിറമണിഞ്ഞ ഒരു പള്ളിയും ഉണ്ടായിരുന്നു. രംഗം മൊത്തത്തിൽ വളരെ ആകർഷകമായി കാണപ്പെട്ടു. ആളുകൾക്കെല്ലാം തന്നെ ഇൻഡ്യൻ വംശജരുടെ ലക്ഷണങ്ങളായിരുന്നു. അവർ വളരെ വ്യത്യസ്തരായിരിക്കുന്നതായി ഞങ്ങൾക്ക് തോന്നിയെങ്കിലും ഇവർ വെനസ്വേലയിലെ ആദ്യത്തെ നിവാസികളിൽ ചിലരാണെന്ന് ഞങ്ങൾ ഞങ്ങളെത്തന്നെ അനുസ്മരിപ്പിക്കേണ്ടിയിരുന്നു.
വീടുകൾ അന്വേഷിച്ച്
ഒടുവിൽ ഞങ്ങൾ ഞങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു. റോഡിന്റെ വശത്ത് ഒരു താഴ്ന്ന മതിലിനോട് ചേർത്ത് പടർന്നു പന്തലിച്ചു നിന്ന ഒരു വൃക്ഷത്തിന്റെ തണലിൽ ഞങ്ങളുടെ ബസ്സ് നിറുത്തി. മതിലിനപ്പുറം ആ ഗ്രാമത്തിലെ സ്കൂളായിരുന്നു—ഞായറാഴ്ചയായിരുന്നതിനാൽ അത് അടഞ്ഞു കിടന്നു.
ഞങ്ങൾ രണ്ടു സംഘങ്ങളായി തിരിഞ്ഞ് എതിർ ദിശകളിൽ വീടുകൾ തേടി പുറപ്പെട്ടു. അന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് സ്കൂൾ മുററത്ത് ഗൊവാഹീറോ ഭാഷയിൽ നടത്തപ്പെടുന്ന ഒരു ബൈബിൾ പ്രസംഗത്തിന് ഞങ്ങൾ കണ്ടു മുട്ടുന്നവരെയെല്ലാം ക്ഷണിക്കണമായിരുന്നു. ഒരു ഗൊവാഹീറോ ഇൻഡ്യാക്കാരിയായിരുന്ന എവലിൻഡ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഇത് ഞങ്ങളെ കൂടുതൽ സ്വീകാര്യരാക്കുമെന്ന് ഞങ്ങൾ പ്രത്യാശിച്ചു, എന്തുകൊണ്ടെന്നാൽ ഞങ്ങൾക്കു സ്പാനീഷ് ഭാഷ സംസാരിക്കാൻ കഴിയുമായിരുന്നെങ്കിലും ഗൊവാഹീറോ ഭാഷ ഞങ്ങൾക്ക് ഒട്ടും തന്നെ അറിയാൻ പാടില്ലായിരുന്നു.
ഗ്രാമത്തിൽ നിന്ന് പുറത്തു കടന്നശേഷം ഞങ്ങൾക്ക് ഒരു ഭവനത്തിൽ നിന്ന് മറെറാന്നിലേക്ക് വളരെയധികം നടക്കാനുണ്ടായിരുന്നു. ഇരുവശങ്ങളിലും കുററിച്ചെടികൾ ഇടതൂർന്നു വളർന്ന, നേരെയുള്ള ഒരു റോഡിലൂടെ ഞങ്ങൾ നടന്നു നീങ്ങിയപ്പോൾ ഏതാണ്ട് പത്തു വയസ്സുള്ള ഒരു കൊച്ചു പയ്യൻ ഞങ്ങളോട് ചേന്നു നടക്കുകയും തുറന്ന കൗതുകത്തോടെ ഞങ്ങളെ തുറിച്ചു നോക്കുകയും ചെയ്തു. എവലിൻഡ അവനെ നോക്കി പുഞ്ചിരിക്കുകയും ഞങ്ങൾ ആ പ്രദേശം സന്ദർശിക്കുന്നതിന്റെ ഉദ്ദേശ്യം ഗൊവാഹീറോ ഭാഷയിൽ വിശദീകരിക്കുകയും ചെയ്തു. അവന്റെ പേര് ഓമർ എന്നായിരുന്നു, ഞങ്ങൾ അവനെ പ്രസംഗത്തിന് വരാൻ ക്ഷണിച്ചശേഷം അവൻ അവിടെ നിന്ന് പാഞ്ഞുപോയി.
റോഡിൽ നിന്നു വിട്ട്, അടുത്ത ദിവസത്തെ മഴകൊണ്ട് അപ്പോഴും കുതിർന്നു കിടന്ന ഒരു മൺപാതയിലൂടെ ഞങ്ങൾ നീങ്ങി. കൊളംബിയക്കും വെനസ്വേലക്കുമിടക്ക് കള്ളക്കടത്തുകാർ ഉപയോഗിക്കുന്ന ഒരു പാതയാണ് ഇതെന്ന് ഞങ്ങൾക്ക് മനസ്സിലായി. തഴച്ചുവളരുന്ന സസ്യലതാദികളുടെ സൗരഭ്യം അന്തരീക്ഷത്തിൽ നിറഞ്ഞുനിന്നു. ഈർപ്പമുള്ള ഉഷ്ണം അൽപ്പം അസ്വസ്ഥതക്ക് ഇടയാക്കിയെങ്കിലും അത് ഞങ്ങളുടെ ഉൽസാഹത്തെ കെടുത്തിയില്ല. ഏതായാലും ഉഷ്ണമേഖലാപ്രദേശത്തെ കുററിച്ചെടികൾക്കിടയിലൂടെയുള്ള ആ പാത പെട്ടെന്ന് ഒരു തുറസ്സായ സ്ഥലത്ത്, ഒരു ഗൊവാഹീറോ വീട്ടുമുററത്ത് എത്തി നിന്നപ്പോൾ ഞങ്ങൾ എല്ലാ അസ്വസ്ഥതയും മറന്നു.
ഗൊവാഹീറോക്കാരുമായി മുഖാമുഖം
വെള്ളയും കറുത്തതും തവിട്ടുനിറമുള്ളതുമായ പുള്ളികളുള്ള ഏതാണ്ട് ഒരു ഡസൻ കോലാടുകൾ സംതൃപ്തരായി അയവിറക്കിക്കൊണ്ട് അവിടെ ഒരു മരത്തണലിൽ കിടക്കുന്നുണ്ടായിരുന്നു. രണ്ടു മരങ്ങൾക്കിടയിൽ വലിച്ചുകെട്ടിയിരുന്ന ഒരു തുണിത്തൊട്ടിലിൽ കിടന്ന് ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു. മററ് രണ്ട് കൊച്ചുകുട്ടികൾ അടുത്തു തന്നെ കളിച്ചു നടന്നു. കുഴമണ്ണും മുളയും കൊണ്ട് നിർമ്മിച്ചതും ഓലമേഞ്ഞ മേൽക്കൂരയോടുകൂടിയതുമായ വീടിനു ചുററുമുള്ള മരക്കൊമ്പുകളിൽ കമ്പി വലിച്ചുണ്ടാക്കിയ വേലിക്കെട്ടിനു പുറത്തായിട്ടായിരുന്നു ആ സ്ത്രീ കിടന്നിരുന്നത്. അവിടെ മറച്ചുകെട്ടില്ലാത്ത ഏതാനും ചില കുടിലുകളും കൂടെ ഉണ്ടായിരുന്നു. അവയിലൊന്ന് അടുക്കളയാണെന്നത് വ്യക്തമായിരുന്നു. അതിനുള്ളിൽ കുട്ടകം പോലുള്ള ചില വലിയ പാത്രങ്ങൾക്ക് നടുവിലായി തീ കത്തുന്നുണ്ടായിരുന്നു. അടുത്തുതന്നെ ഉണങ്ങാനായി ചില ആട്ടിൻ തോലുകൾ തൂക്കിയിട്ടിരുന്നു.
ഞങ്ങൾ നടന്നടുക്കുന്നതു കണ്ടപ്പോൾ ഗെയിററിനടുത്തു നിന്ന പുരുഷൻ മുന്നോട്ടു വന്നു തുണിതൊട്ടിലിൽ കിടന്ന സ്ത്രീയുടെ അടുത്തായി രണ്ടു സ്ററൂളുകൾ നീക്കിയിട്ടു തന്നു. എവലിൻഡ അവരുടെ ഭാഷയിൽ ആ പുരുഷനെയും സ്ത്രീയെയും അഭിവാദ്യം ചെയ്യുകയും ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക! എന്ന ലഘുപത്രിക ഉപയോഗിച്ച് ഭാവിയെ സംബന്ധിച്ചുള്ള തിരുവെഴുത്തുപരമായ പ്രത്യാശ വിശദീകരിക്കുകയും ചെയ്തു. ആ പ്രദേശത്തെ സമാധാനപൂർണ്ണമായ ചുററുപാടുകൾ, അന്താരാഷ്ട്ര പ്രശ്നങ്ങളോ ആൾപെരുപ്പമുള്ള പട്ടണങ്ങളിലെ വർദ്ധിച്ചുവരുന്ന കുററകൃത്യങ്ങളോ ഒന്നും അവിടെ ഉപയോഗിക്കാൻ പററിയ വിഷയങ്ങളല്ല എന്ന് ഞങ്ങളെ ബോദ്ധ്യപ്പെടുത്തി. ഗൊവാഹീറോ ഇൻഡ്യാക്കാർ സ്വഭാവത്താലെ തന്നെ അപരിചിതരോട് അടുപ്പം കാണിക്കാൻ മടിയുള്ളവരായതുകൊണ്ട് ആദ്യം തന്നെ ഊഷ്മളമായ വികാരങ്ങളും വ്യക്തിയിൽ യഥാർത്ഥ താൽപ്പര്യവും പ്രകടമാക്കുന്നത് പ്രധാനമാണെന്ന് ഞങ്ങളുടെ കൂട്ടത്തിൽപെട്ട ഒരാൾ നേരത്തെതന്നെ വിശദീകരിച്ചുതന്നിരുന്നു. “ഞങ്ങൾ മിക്കപ്പോഴും കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതിയെപ്പററിയും വിളവെടുപ്പിനെപ്പററിയും അടുത്തകാലത്ത് മഴ ലഭിച്ചോ എന്നും മററും അന്വേഷിക്കുന്നു,” അവർ പറഞ്ഞു. “ദൈവരാജ്യത്തെപ്പററി സംസാരിക്കാനും യഹോവ പെട്ടെന്നു തന്നെ എല്ലാ കഷ്ടപ്പാടും അവർ വിശേഷാൽ ഭയപ്പെടുന്ന പിശാചായ സാത്താനെയും നീക്കിക്കളയുമെന്ന് കാണിച്ചുകൊടുക്കാനും അത് ഞങ്ങൾക്ക് വഴിതുറന്നുതരുന്നു.”
എവലിൻഡ സംസാരിച്ചപ്പോൾ അവരുടെ ശ്രോതാക്കൾ യോജിപ്പു പ്രകടമാക്കി, താമസിയാതെ മറെറാരു സ്ത്രീയും ഏതാനും കുട്ടികളും അവിടെ എത്തി. ഗൊവാഹീറോ നിയമം ഒരു പുരുഷന് ഒന്നിലധികം ഭാര്യമാരുണ്ടായിരിക്കാൻ അനുവദിക്കുന്നുണ്ടെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഇവിടെയും അങ്ങനെയായിരിക്കുമോ? ഇത് മാരക്കയീബോയിൽ വസിക്കുന്ന ഗൊവാഹീറോക്കാരി 21 വയസ്സുള്ള യെന്നി എന്ന സുന്ദരിയെക്കുറിച്ച് ഞങ്ങൾ ചിന്തിക്കാനിടയാക്കി. ധനാഢ്യനായ ഒരു ഗൊവാഹീറോ അവൾക്ക് ഒരു നല്ല വധു-വില നൽകാൻ തയ്യാറായിരുന്നു. അവളുടെ മാതാപിതാക്കൾക്ക് തമ്മിൽ അഭിപ്രായഭിന്നതയുണ്ടായി. അവർ യഹോവയുടെ സാക്ഷികളായിരുന്നില്ല. ആ വിവാഹം നടത്തിക്കൊടുക്കുന്നതിന് അമ്മക്ക് സമ്മതമായിരുന്നെങ്കിലും സാദ്ധ്യമല്ല എന്നു തന്നെ അപ്പൻ പറഞ്ഞു. വിവാഹാർത്ഥി നേരെത്തെതന്നെ യെന്നിയുടെ സഹോദരിയെ വിവാഹം കഴിച്ചിരുന്നു!
എവലിൻഡ സംസാരം പൂർത്തിയാക്കിയപ്പോൾ ആ മനുഷ്യൻ ഒരു ലഘുപത്രിക വാങ്ങി. അയാളുടെ പിമ്പിൽ നിന്ന സ്ത്രീയും ഒരെണ്ണം ആവശ്യപ്പെടുകയും ഞങ്ങൾ കൊടുക്കുകയും ചെയ്തു. അതിനോടകം ഞങ്ങളുടെകൂടെ ഉണ്ടായിരുന്നവർ മുന്നോട്ട് പോയിരുന്നു. അതുകൊണ്ട് ഉച്ചതിരിഞ്ഞുള്ള പ്രസംഗത്തിന് ആ കുടുംബത്തെ ക്ഷണിച്ചിട്ടു ഞങ്ങൾ പോന്നു, അപരിചിതമായ ആ സ്ഥലത്ത് ഒററപ്പെട്ടു പോകാൻ ഞങ്ങൾ ആഗ്രഹിച്ചില്ല.
ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു സാക്ഷി തന്റെ അനുഭവം വിവരിച്ചു. തുണിത്തൊട്ടിലിൽ കിടന്നു ഒരു മനുഷ്യൻ ശ്രദ്ധാപൂർവം തന്റെ പ്രസംഗം കേട്ടുകൊണ്ടിരുന്നപ്പോൾ അയാളുടെ ഭാര്യ ധാന്യപ്പൊടി ചേർത്തു തയ്യാറാക്കിയ രണ്ടു ഗ്ലാസ്സ് ചീച്ചാ കൊണ്ടുവന്നു. നമ്മുടെ സഹോദരൻ നന്ദിപൂർവം അത് സ്വീകരിക്കുകയും കുടിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഗൊവാഹീറോക്കാരി മഗാളി ആ പാനീയം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ചു. സാധാരണയായി ധാന്യം അരക്കുന്നത് വായിലിട്ട് ചവച്ചാണ്! സഹോദരൻ വിളറിയതു കണ്ടപ്പോൾ അവൾക്ക് തന്റെ പൊട്ടിച്ചിരി അടക്കാൻ കഴിഞ്ഞില്ല.
ബൈബിൾ ദൂതുമായി തന്റെ വീടു സന്ദർശിക്കാൻ നമ്മുടെ ഒരു സഹോദരൻ നടത്തിയ ശ്രമത്തിൽ മതിപ്പു തോന്നിയ മറെറാരു മാന്യനായ ഇൻഡ്യാക്കാരൻ [ഗൊവാഹീറോ ഇൻഡ്യൻ] തന്റെ തൊട്ടിലിൽ നിന്നു ചാടിയിറങ്ങി. ഒരു ഷർട്ടു എടുത്തു ധരിച്ചുകൊണ്ട് അയാൾ തന്നെ സഹോദരങ്ങൾ കാണാതിരുന്ന ഒരു വീട്ടിലേക്ക് അവരെ വഴികാണിച്ചുകൊണ്ടുപോയി.
ഞങ്ങളുടെ സുഹൃത്തുക്കളിൽ ചിലർ മറെറാരു വീട്ടുമുററത്ത് മുതിർന്നവരുമായി സംസാരിച്ചുകൊണ്ടു നിന്നപ്പോൾ നഗ്നരായ ഒരു പററം കൊച്ചു കുട്ടികൾ ഉന്തിയ വയറുമായി ഒരു മരത്തണലിൽ ശാന്തരായി നിൽക്കുന്നത് ഞങ്ങൾ നിരീക്ഷിച്ചു. ഇത് വികല പോഷണവും വിരശല്യവും മൂലമാണെന്ന് ഞങ്ങൾക്ക് മനസ്സിലായി. ഇവിടെ പല ആളുകൾക്കും പൈപ്പു വെള്ളമോ ഇലക്ട്രിസിററിയോ ഇല്ല. അതിന്റെ അർത്ഥം തീർച്ചയായും റെഫ്രിജെറേറററോ ഫാനോ ലൈറേറാ ഒന്നും ഇല്ലായെന്നുതന്നെ.
അപ്രതീക്ഷിതമായ ആൾക്കൂട്ടം
ഉച്ചവരെയുള്ള സമയം വേഗം കടന്നുപോയി. ഉച്ചഭക്ഷണത്തിനായി ഞങ്ങൾ ബസ്സിനടുത്തേക്ക് മടങ്ങിയപ്പോൾ ക്ഷണിക്കപ്പെട്ടവരിൽ എത്രപേർ ഉച്ചകഴിഞ്ഞുള്ള ബൈബിൾ പ്രസംഗം കേൾക്കാൻ വരുമെന്ന് ഞങ്ങൾ ചിന്തിച്ചു.
ഉച്ചകഴിഞ്ഞ് 2:45 ആയപ്പോൾ പ്രാദേശിക ഭാഷയിൽ ഒരു 45 മിനിററ് പ്രസംഗം തയ്യാറാക്കിയിരുന്ന ഞങ്ങളുടെ ഗൊവാഹീറോ സഹോദരന് സദസ്സായി ബസ്സിൽവന്ന ഞങ്ങൾ മാത്രമെ ഉണ്ടായിരിക്കുകയുള്ളോ എന്ന് ഞങ്ങൾ സംശയിച്ചു. എന്നാൽ അങ്ങനെയായിരുന്നില്ല! ആദ്യം ഒരു കൊച്ചു കുടുംബം മടിച്ചുമടിച്ചു സ്കൂൾ മുററത്തേക്ക് വന്നു. എല്ലാവരുംകൂടെ അവരെ സ്വാഗതം ചെയ്തപ്പോൾ അവർക്ക് ആശ്ചര്യം തോന്നിയിരിക്കണം. അടുത്ത ഏതാനും മിനിററുകൾക്കുള്ളിൽ കുറെ അധികം പേർ വന്നെത്തി. അവരിൽ പലരും വളരെ ദൂരം നടന്നാണ് വന്നത് എന്ന് വ്യക്തമായിരുന്നു. മുററത്ത് ഒരു ഡസ്സൻ ആടുകളോടൊപ്പം ജീവിച്ചിരുന്ന കുടുംബവും വന്നിട്ടുണ്ടായിരുന്നു! തുണിത്തൊട്ടിലിൽ കിടന്ന സ്ത്രീ നല്ല ഫാഷനിലുള്ള കറുത്ത മാൻറാ ധരിച്ചപ്പോൾ കാഴ്ചക്ക് എത്ര വ്യത്യസ്തയായിരുന്നെന്നോ! ഞങ്ങൾ വഴിയിൽ കണ്ട കൊച്ചു ഓമറും വന്നിട്ടുണ്ടായിരുന്നു, അവൻ ഒററക്കേ ഉണ്ടായിരുന്നുള്ളു എന്നു തോന്നുന്നു. കൂടുതലാളുകൾ വന്നപ്പോൾ സ്കൂൾ മുററത്ത് ഒരു ബഞ്ചുപോലെ ഇരിക്കാൻ ഉപയോഗിച്ചിരുന്ന സിമൻറിട്ട നടയിൽ നിറയെ ആളുകളായി. അപ്പോൾ സൗഹൃദ ഭാവക്കാരനായിരുന്ന ഞങ്ങളുടെ ബസ്സ് ഡ്രൈവർ പ്രസംഗസമയത്ത് ആളുകൾക്ക് ഇരിക്കാൻ വേണ്ടി ബസ്സിന്റെ സീററുകൾ ഇളക്കി എടുത്തു തുടങ്ങി.
എഡ്വാർഡോ ബൈബിൾ പ്രസംഗം നടത്തിയപ്പോൾ മൊത്തം 55 ഗൊവാഹീറോ ഇൻഡ്യാക്കാർ ഇരുന്നു ശ്രദ്ധിച്ചു. എന്നാൽ അവർ തികച്ചും നിശബ്ദരായിരുന്നില്ല. പ്രസംഗകൻ പറഞ്ഞ ഏതെങ്കിലും ആശയത്തോട് യോജിക്കാൻ കഴിഞ്ഞാൽ മൂളിയോ മുക്കുറയിട്ടോ അവർ തങ്ങളുടെ യോജിപ്പ് പ്രകടിപ്പിച്ചു. ദുഷ്ടതയുടെ ആസന്നമായിരിക്കുന്ന അന്ത്യത്തെപ്പററി അദ്ദേഹം സംസാരിച്ചപ്പോൾ തുടക്കത്തിൽ പരാമർശിക്കപ്പെട്ട പ്രായമേറിയ സ്ത്രീ അതിനോട് യോജിച്ചു. “അതെ, വളരെയധികം ദുഷ്ടതയുണ്ട്,” എല്ലാവർക്കും കേൾക്കാവുന്ന സ്വരത്തിൽ അവർ വിളിച്ചു പറഞ്ഞു. “വാസ്തവത്തിൽ, കുറെ ദുഷ്ടൻമാർ ഇവിടെത്തന്നെ ഇരിപ്പുണ്ട്. അതുകൊണ്ട് അവർ ഇത് ശ്രദ്ധിക്കുന്നുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” എഡ്വാർഡോ സഹോദരൻ നയപൂർവ്വം ആ അഭിപ്രായപ്രകടനം അംഗീകരിക്കുകയും പ്രസംഗം തുടരുകയും ചെയ്തു.
പ്രസംഗം കഴിഞ്ഞപ്പോൾ ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ ഒരു ഫോട്ടോ എടുത്തു. ഗൊവാഹീറോക്കാർക്ക് അതിഷ്ടമായി, അടുത്ത ചിത്രത്തിന് അവരുടെ ജീവിതം ആസ്വദിക്കുക ലഘുപത്രിക ഉയർത്തിപ്പിടിക്കണമോ എന്ന് അവർ ചോദിച്ചു. തുടർന്ന് ചിലർ സാവകാശം പിരിഞ്ഞുപോയി. എന്നാൽ ഏതാണ്ട് പകുതിയോളം പേർ ഞങ്ങൾ ബസ്സിൽ കയറുന്നതു നോക്കി നിന്നു. മടങ്ങി വരുമെന്ന് അവർ ഞങ്ങളെക്കൊണ്ട് വാഗ്ദാനം ചെയ്യിക്കുകയും പിന്നെ ബസ്സ് ദൃഷ്ടിപഥത്തിൽ നിന്ന് മറയുന്നതുവരെ അവിടെ നിന്നുകൊണ്ട് കൈവീശുകയും ചെയ്തു.
മടങ്ങിപ്പോരുമ്പോൾ, ഈ ആളുകൾക്ക് ദൈവരാജ്യത്തിന്റെ സുവാർത്ത എത്തിക്കാൻ കഴിഞ്ഞത് ഒരു പദവിയായിരുന്നു എന്നു വിചാരിക്കാതിരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. അനേകരുടെയും സംഗതിയിൽ അവർ ആദ്യമായിട്ടായിരുന്നു അത് കേട്ടത്. മാരക്കയീബോയിലെ സാക്ഷികൾ അപ്പോൾതന്നെ അടുത്ത സന്ദർശനത്തെപ്പററി സംസാരിച്ചു തുടങ്ങിയിരുന്നു. ഈ കഥക്ക് ഒരു അനന്തര കഥ ഉണ്ടായിരിക്കുമോ?
വിജയകരമായ ഒരു അനുബന്ധം
രണ്ടാഴ്ച കഴിഞ്ഞ് സഹോദരൻമാർ തിരിച്ചെത്തി. വളരെയധികം സാഹിത്യം സമർപ്പിക്കുകയും താൽപ്പര്യക്കാർക്ക് മടക്കസന്ദർശനം നടത്തുകയും ഭവന ബൈബിൾ അദ്ധ്യയനങ്ങൾ ആരംഭിക്കുകയും ചെയ്തു. മാത്രവുമല്ല തുറസ്സായ സ്ഥലത്തു നടത്തപ്പെട്ട രണ്ടാമത്തെ പരസ്യയോഗത്തിന് 79 ഇൻഡ്യാക്കാർ ഹാജരായി. ആ സന്ദർഭത്തിൽ, അടുത്തുതന്നെ ഒരു സർക്കീട്ട് സമ്മേളനമുള്ളതുകൊണ്ട് ഇനിയും രണ്ടാഴ്ച കഴിഞ്ഞല്ല മൂന്നാഴ്ച കഴിഞ്ഞേ തങ്ങൾ മടങ്ങി വരികയുള്ളു എന്ന് സഹോദരങ്ങൾ വിശദീകരിച്ചു. അതുകേട്ടപ്പോൾ ആ ഇൻഡ്യാക്കാർക്ക് ഭയമായിരുന്നു, “അതിനു മുമ്പേ ഞങ്ങൾ മരിച്ചുപോയേക്കും,” അവരിൽ ഒരാൾ പറഞ്ഞു. സർക്കീട്ട് സമ്മേളനം എന്നു പറഞ്ഞാൽ എന്താണ് എന്ന് അവർ അന്വേഷിച്ചു. അതേപ്പററി കേട്ടപ്പോൾ വളരെ നല്ലതാണെന്ന് തോന്നിയതിനാൽ അവിടെ ആയിരിക്കാൻ തങ്ങൾക്കും ആഗ്രഹമുണ്ടെന്ന് അവർ തീരുമാനിച്ചു! അതിനുള്ള ക്രമീകരണങ്ങൾ ചെയ്യപ്പെട്ടു. അവരിൽ 34 പേർക്ക് മാരക്കയീബോയിലെ സമ്മേളനത്തിൽ സംബന്ധിക്കാൻ കഴിഞ്ഞു. ഗൊവാഹീറോ സംസാരിക്കുന്ന സഹോദരങ്ങൾ സ്പാനീഷ് ഭാഷയിലുള്ള പരിപാടി മനസ്സിലാക്കാൻ അവരെ സഹായിച്ചു.
“സകല മനുഷ്യരും . . . സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാ”നാണ് യഹോവ ആഗ്രഹിക്കുന്നത്. (1 തിമൊഥെയോസ് 2:3, 4) ലാ ഗ്വാഹീർ ഉപദ്വീപിലെ സത്യാന്വേഷികളായ ഇൻഡ്യാക്കാർക്കിടയിൽ ഇത്ര അനുകൂലമായ പ്രതികരണം കണ്ടെത്താൻ കഴിഞ്ഞത് എന്തൊരു സന്തോഷമായിരുന്നു!
[26-ാം പേജിലെ ചിത്രം]
ബൈബിൾ സത്യങ്ങളാൽ ധന്യമാക്കപ്പെട്ട ജീവിതങ്ങൾ
ഈറിസ്, മാർഗ്ഗരീത്ത എന്ന രണ്ടു കൗമാരപ്രായക്കാരായ ഗൊവാഹീറോ ഇൻഡ്യാക്കാരികൾക്ക് ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക! എന്ന ലഘുപത്രിക വളരെ ഇഷ്ടമായി. എന്നാൽ അവർക്ക് ഒരു പ്രശ്നമുണ്ടായിരുന്നു. അവർക്ക് വായിക്കാൻ അറിഞ്ഞുകൂടാ. അവരെ സന്ദർശിച്ച സാക്ഷി എഴുത്തും വായനയും പഠിക്കുക എന്ന ചെറുപുസ്തകമുപയോഗിച്ച് അവരെ പഠിപ്പിക്കാൻ തയ്യാറായി. പെട്ടെന്നു തന്നെ യഹോവ എന്ന് എഴുതാനും ശരിയായി ഉച്ചരിക്കാനും കഴിഞ്ഞതിൽ ആ പെൺകുട്ടികൾ പുളകംകൊണ്ടു.
പുരോഗതി കൈവരുത്തിയപ്പോൾ ബൈബിൾ വച്ചുനീട്ടുന്ന അത്ഭുതകരമായ പ്രത്യാശയിൽ അവർ ആശ്ചര്യപ്പെട്ടു. സകല മനുഷ്യവർഗ്ഗവും സ്വാതന്ത്ര്യം ആസ്വദിക്കും എന്ന വാഗ്ദാനത്തിലാണ് അവർ ഏറെ ആകൃഷ്ടരായത്. “കൗമാരപ്രായക്കാരായ ഞങ്ങൾക്ക് ഇവിടെ ജീവിതം വളരെ ദുഃഖകരമാണ്,” അവർ വിശദീകരിച്ചു. “വളരെ ചെറുപ്പത്തിലെ ഞങ്ങളെ വിവാഹം ചെയ്തു കൊടുക്കുന്നു, ബലാൽസംഗം ചെയ്യപ്പെടാനുള്ള അപകടവും എല്ലായ്പ്പോഴുമുണ്ട്.”
മാരക്കയീബോയിലെ സർക്കീട്ട് സമ്മേളനത്തിൽ സംബന്ധിച്ചത് ഈറിസിനും മാർഗ്ഗരീത്താക്കും ഒരു വലിയ അനുഭവമായിരുന്നു. അവരുടെ ഹൃദയങ്ങളിലെ സന്തോഷം അവരുടെ മുഖങ്ങളിൽ പ്രതിഫലിച്ചു കാണാമായിരുന്നു, പ്രത്യേകിച്ചും ഗീതങ്ങൾ ആലപിക്കപ്പെട്ടപ്പോൾ. സാക്ഷികൾ അദ്ധ്യയനത്തിനു വരുമ്പോൾ അവർ എല്ലായ്പ്പോഴും വാതിൽക്കൽ ആകാംക്ഷാപൂർവം കാത്തു നിൽക്കുമായിരുന്നു, അവരുടെ ഗ്രാമത്തിൽ നടത്തപ്പെട്ട ഒററ പരസ്യപ്രസംഗത്തിനുപോലും അവർ ഹാജരാകാതിരുന്നതുമില്ല. യഹോവയാം ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള അറിവിനാൽ തങ്ങളുടെ ജീവിതം യഥാർത്ഥത്തിൽ ധന്യമാക്കപ്പെട്ടതായി ഈ പെൺകുട്ടികൾ കരുതുന്നു.