പോളണ്ടിൽ “അഭികാമ്യരെ” കൂട്ടിച്ചേർക്കുന്നു
പോളണ്ട് ഒരു കത്തോലിക്കാ രാജ്യമാണെന്ന് പറയപ്പെടുന്നു. ഔദ്യോഗിക കണക്കുകളനുസരിച്ച് ജനസംഖ്യയിൽ 93 ശതമാനവും കത്തോലിക്കാ സഭയിൽപ്പെട്ടവരാണ്. എന്നിരുന്നാലും അടുത്ത കാലത്ത് അവിടെ ഉണ്ടായിട്ടുള്ള രാഷ്ട്രീയവും സാമൂഹികവുമായ മാററങ്ങൾ ജനങ്ങളുടെമേലും അവരുടെ മതജീവിതത്തിൻമേലും ഒരു ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ 50 ശതമാനം പേർ മാത്രമെ തങ്ങൾ മതനിഷ്ഠയുള്ള കത്തോലിക്കരായിരിക്കുന്നതായി കണക്കാക്കുന്നുള്ളു എന്നാണ് സർവ്വേകൾ സൂചിപ്പിക്കുന്നത്.
ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയൊൻപത് മേയ് മാസത്തിൽ യഹോവയുടെ സാക്ഷികൾ പോളണ്ടിൽ ഒരു മതസ്ഥാപനമെന്ന നിലയിൽ നിയമപരമായി അംഗീകരിക്കപ്പെട്ടു. അതിനുശേഷം ഏതാണ്ട് 11,000 പുതിയവർ രാജ്യസുവാർത്തയുടെ പ്രസംഗകരായി അവരുടെ അണികളിൽ ചേർന്നിരിക്കുന്നു. ഇപ്പോൾ 1,300-ലധികം സഭകളിലായി 1,06,000-ലധികം രാജ്യപ്രസംഗകർ സഹവസിക്കുന്നുണ്ട്, ക്രിസ്തുവിന്റെ മരണത്തിന്റെ 1991-ലെ സ്മാരകാചരണത്തിന് 2,00,422 പേർ ഹാജരാവുകയും ചെയ്തു. അപ്രകാരം, മുൻകൂട്ടിപ്പറയപ്പെട്ട ‘ജനതകളിലെ അഭികാമ്യരു’ടെ കൂട്ടിച്ചേർപ്പ് പോളണ്ടിൽ നടന്നുകൊണ്ടിരിക്കുന്നു. (ഹഗ്ഗായി 2:7) അടുത്തകാലത്ത്, പത്രങ്ങളിൽ തലക്കെട്ടുകൾ പിടിച്ചുപററിയ, യഹോവയുടെ സാക്ഷികളുടെ അന്താരാഷ്ട്ര സമ്മേളനങ്ങൾ പോളണ്ടിൽ നടത്തപ്പെട്ടു. എന്നാൽ ആ രാജ്യത്തെ കുറച്ചുകൂടെ ചെറിയ പട്ടണങ്ങളുടെ ഒരു പരിശോധന ആ രാജ്യത്ത് കൂട്ടിച്ചേർക്കൽ വേല എങ്ങനെ നടക്കുന്നു എന്നതു പ്രത്യേകിച്ച് പ്രകടമാക്കും.
പയനിയർമാർ വഴി തുറക്കുന്നു
വിസ്ററുല നദി ബാൾട്ടിക് സമുദ്രത്തിലേക്ക് പതിക്കുന്ന സ്ഥാനത്തിന് അടുത്തായി സ്ഥിതിചെയ്യുന്നതും 10,000-ത്തോട് അടുത്ത് ജനസംഖ്യയുള്ളതുമായ ഒരു പട്ടണമാണ് ഷ്ററൂം. പ്രസംഗവേലയെ സംബന്ധിച്ചിടത്തോളം ഈ പട്ടണം ദീർഘകാലമായി പാറപോലുള്ള ഒരു പ്രദേശമായി കണക്കാക്കപ്പെട്ടിരുന്നു. 1987-ൽ ആ പ്രദേശത്ത് വെറും എട്ടും പ്രസംഗകർ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നിരുന്നാലും പയനിയർമാർ അഥവാ മുഴുസമയ രാജ്യപ്രസംഗകർ സ്ഥലത്തെത്തിയപ്പോൾ കാര്യങ്ങൾക്കു മാററം വന്നു തുടങ്ങി. ഒരു സിനിമാ തീയേറററിൽ വച്ചു നടത്തപ്പെട്ട അഞ്ചാമത്തെ മീററിംഗിന് താൽപ്പര്യക്കാരായ 100 പേർ ഹാജരായി. രണ്ടു വർഷത്തെ കഠിനാദ്ധ്വാനത്തിനുശേഷം ഒരു സഭ രൂപവൽക്കരിക്കപ്പെട്ടു. ഇപ്പോൾ അവിടെയുള്ള 90 പ്രസംഗകർക്ക് സ്വന്തം രാജ്യഹാളുണ്ട്. അവരുടെ മീററിംഗുകൾക്ക് 150 പേർ ക്രമമായി ഹാജരാകുന്നു.
പ്രതീക്ഷിച്ചതുപോലെ, പെട്ടെന്നുതന്നെ കത്തോലിക്കാസഭയിൽ നിന്ന് എതിർപ്പുണ്ടായി. സഭയിലെ ഒരു “വിശിഷ്ട” ഒരു കന്യാസ്ത്രീ യഹോവയുടെ സാക്ഷികൾ വ്യാജോപദേശം പഠിപ്പിക്കുന്നതായി ആരോപിച്ചുകൊണ്ട് അവരെ ദുഷിക്കുന്ന ചില പ്രസംഗങ്ങൾ നടത്തി. എന്നാൽ മിക്കപ്പോഴും സംഭവിക്കാറുള്ളതുപോലെ അത് ഒരു തിരിച്ചടിയായി. അവരുടെ പ്രസംഗങ്ങൾ വസ്തുതകൾ മനസ്സിലാക്കുന്നതിന് ആളുകൾ ആഗ്രഹിക്കാനിടയാക്കിയതേയുള്ളു. അവരിൽ അനേകർ സത്യം പഠിച്ചു, ഇപ്പോൾ സാധാരണ പയനിയർമാരായി പ്രവർത്തിക്കുകയും ചെയ്യുന്നു! അവർ പറയുന്നു: ‘സത്യം പഠിച്ചുകൊണ്ടിരുന്നപ്പോൾ ഞങ്ങൾ വിചാരിച്ചത് സാക്ഷികളായിരിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും അവരെ പഠിപ്പിക്കുന്നവരെപ്പോലെ ആയിത്തീരണമെന്നാണ്, അതിന്റെ അർത്ഥം ഒരു പയനിയർ ആകണമെന്ന്.’ അതുകൊണ്ട് പയനിയർ ആത്മാവ് സഭയെ മുഴുവൻ ബാധിച്ചിരിക്കുന്നു.
അതിന്റെ ഫലമായി, ഇപ്പോൾ ആ പ്രദേശത്ത് ഏതാണ്ട് 180 ഭവന ബൈബിളദ്ധ്യയനങ്ങൾ നടത്തപ്പെട്ടുകൊണ്ടിരിക്കുന്നു. നിങ്ങൾക്ക് ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകമുപയോഗിച്ചു ചിലർ വായിക്കാൻ പോലും പഠിപ്പിക്കപ്പെട്ടിരിക്കുന്നു. അതേസമയം, അവർ സത്യം പഠിച്ചിരിക്കുന്നു. സ്ഥലത്തെ ജയിലിൽ നിന്നുള്ള ഒരു കൂട്ടം അന്തേവാസികൾ തെരുവു വൃത്തിയാക്കാൻവേണ്ടി പുറത്തുവരുമ്പോൾ അവരുമായി ക്രമമായ അടിസ്ഥാനത്തിൽ 10 മിനിററ് നേരത്തെ ബൈബിൾ അദ്ധ്യയനങ്ങൾ നടത്തപ്പെടുന്നു. കടന്നുപോയ ഒരു സ്ത്രീ സാക്ഷിയെ ചീത്ത വിളിച്ചപ്പോൾ അവരിൽ ഒരാൾ സാക്ഷിയുടെ സംരക്ഷണത്തിനെത്തി. അയാൾ സഹോദരിയുടെ അടുത്തു വന്ന് എന്നേക്കും ജീവിക്കാൻ പുസ്തകം വാങ്ങി ഉയർത്തിപ്പിടിച്ചുകൊണ്ട് ചീത്തപറഞ്ഞ സ്ത്രീയോടു ചോദിച്ചു: “നിങ്ങൾക്കു വായിക്കാൻ അറിഞ്ഞുകൂടെ? ഇവിടെ എന്താണ് എഴുതിയിരിക്കുന്നത്? നിങ്ങൾക്ക് ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും! നിങ്ങൾ അങ്ങനെയൊരു സംഗതി ഒരിക്കലും കേട്ടിട്ടില്ലേ? നിങ്ങൾ ദൈവത്തെയും അവന്റെ ആരാധകരെയും നിന്ദിക്കുന്നത് എന്തുകൊണ്ടാണ്?”
പട്ടണത്തിലെ സംസാരം
ഒരു കാലത്ത് പോളണ്ടിന്റെ കീർത്തപെട്ട തലസ്ഥാനമായിരുന്ന ക്രുഷ്വീററ്സ കത്തോലിക്കരുടെ ഒരു ശക്തി കേന്ദ്രമാണ്. ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറിന്റെ മദ്ധ്യത്തിൽ പോലും അതിലെ 9,300 നിവാസികളിൽ ഏതാനും പേരേ സാക്ഷികളായി ഉണ്ടായിരുന്നുള്ളു. എന്നാൽ രാജ്യപ്രഘോഷകരുടെ ശ്രമങ്ങളുടെമേൽ യഹോവയുടെ സമൃദ്ധമായ അനുഗ്രഹമുണ്ടായി.
തങ്ങളുടെ ആത്മീയ നേതാക്കൻമാരുടെ കപടഭക്തി മനസ്സിലാക്കിക്കൊണ്ട് കൂടുതൽ കൂടുതൽ ആളുകൾ—പ്രത്യേകിച്ചും ചെറുപ്പക്കാർ—ഉത്തരങ്ങൾക്കുവേണ്ടി യഹോവയുടെ സാക്ഷികളിലേക്ക് തിരിഞ്ഞു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ 20 ഭവന ബൈബിളദ്ധ്യയനങ്ങൾ ആരംഭിച്ചു. ഇടവക വികാരി യഹോവയുടെ സാക്ഷികളെ ദുഷിച്ചുകൊണ്ട് ചില പ്രസംഗങ്ങൾ നടത്തി, എന്നാൽ അത് അവരുടെ മീററിംഗുകളിൽ സംബന്ധിക്കുന്നതിൽ നിന്ന് ആത്മാർത്ഥതയുള്ള ആളുകളെ പിന്തിരിപ്പിച്ചില്ല. കടകളിലും പാർക്കുകളിലും എന്തിന് പള്ളിയിൽ പോലും സാക്ഷികൾ മുഖ്യസംസാര വിഷയമായി. ഏതാണ്ട് അരവർഷം കഴിഞ്ഞപ്പോൾ രണ്ടു വലിയ പുസ്തകാദ്ധ്യയനകൂട്ടങ്ങൾ രൂപവൽക്കരിക്കപ്പെട്ടു. ഇപ്പോൾ ക്രുഷ്വീററ്സയിൽ യഹോവയുടെ 35 ആരാധകരുടെ വളരെ തീക്ഷ്ണതയുള്ള ഒരു സഭ ഉണ്ട്. അവർ 75 ഭവന ബൈബിൾ അദ്ധ്യയനങ്ങൾ നടത്തുന്നു; ഒരിക്കൽ വ്യാജമതത്തിന്റെ അടിമകളായിരുന്ന “അഭികാമ്യരെ” കൊണ്ടുവരുന്നതിൽ അവർ തിരക്കോടെ ഏർപ്പെടുന്നു.
അവരിൽ ഒരാൾ, ഒരു ശക്തമായ കത്തോലിക്കാ കുടുംബത്തിലെ അംഗമായിരുന്നു, 23 വയസ്സുകാരൻ ബൊഗ്ദാൻ. അയാൾ അനുസ്മരിക്കുന്നു: “ഞാൻ മദ്യപിക്കുകയും പുകവലിക്കുകയും ഒരു അധാർമ്മിക ജീവിതം നയിക്കുകയും ചെയ്തിരുന്നു. ഞാൻ ഒരു തെമ്മാടിയും അരാജക പക്ഷക്കാരനുമായിട്ടാണ് അറിയപ്പെട്ടിരുന്നത്, അത് ആർക്കും ഒരു പ്രശ്നമായിരുന്നില്ല. എന്നാൽ ഞാൻ ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ എന്റെ അമ്മ വിഷം കുടിക്കുമെന്ന് ഭീഷണിപ്പെടുത്തി. ആ സമ്മർദ്ദത്തെ ചെറുത്തു നിൽക്കാൻ കഴിയാതെ ഞാൻ യഹോവയുടെ സാക്ഷികളുമായുള്ള സകല ബന്ധങ്ങളും വിച്ഛേദിച്ചു. പിന്നീട്, പ്രത്യേക പയനിയർമാരുടെ സ്നേഹപൂർവകമായ സഹായത്തോടെ എല്ലാ ദുശ്ശീലങ്ങളിൽ നിന്നും മോചിതനാകാൻ എനിക്കു സാധിച്ചു. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂററിയൊന്നിലെ ‘സ്വാതന്ത്ര്യ സ്നേഹികൾ‘ ഡിസ്ട്രിക്ററ് കൺവെൻഷനിൽ വച്ച് സ്നാപനമേററ ശേഷം മുഴുസമയ ശുശ്രൂഷ ഞാൻ എന്റെ ജീവിത ലക്ഷ്യമായി തെരഞ്ഞെടുത്തിരിക്കുന്നു, അന്നുമുതൽ സഹായ പയനിയറിംഗ് നടത്തിക്കൊണ്ടുമിരിക്കുന്നു.”
ഇരുപത്തിയൊന്നു വയസ്സുള്ള സ്വാവോമീർ ആത്മവിദ്യയിലും സാത്താൻ സേവയിലും കുരുങ്ങിയിരുന്നു, എന്നാൽ ബൈബിൾ അത്തരം നടപടികളെ കുററം വിധിക്കുന്നു എന്നു മനസ്സിലാക്കിയപ്പോൾ അയാൾ അവ ഉപേക്ഷിച്ചു. “എന്നാൽ സാത്താൻ വിട്ടുപോകാൻ തയ്യാറല്ലായിരുന്നു,” എന്ന് അയാൾ പറയുന്നു. “ഒരു രാത്രിയിൽ ആരും സ്വിച്ചിടാതെ തന്നെ റെക്കാർഡ് പ്ലേയർ പ്രവർത്തിച്ചു തുടങ്ങി, വീട്ടിൽ നിന്നും പിശാചാരാധനയോട് ബന്ധപ്പെട്ട സകലതും ഞാൻ നീക്കം ചെയ്തിരുന്നെങ്കിലും ഞാൻ സാത്താന്യ സംഗീതം കേട്ടു. ഞാൻ യഹോവയോട് പ്രാർത്ഥിക്കുകയും ആത്മീയ സമനില വീണ്ടെടുക്കാൻ അവൻ എന്നെ സഹായിക്കുകയും ചെയ്തു. എന്റെ മാതാപിതാക്കളുടെ നിർബ്ബന്ധത്തിനു വഴങ്ങി ഞാൻ ഒരു മനോരോഗ വിദഗ്ദ്ധന്റെ അടുക്കൽ പോകാറുണ്ടായിരുന്നു. എന്നിൽ വന്ന സമൂലമായ മാററങ്ങൾ അദ്ദേഹം തിരിച്ചറിയുകയും ഞാൻ ആരോഗ്യവാനാണ് എന്ന നിഗമനത്തിൽ എത്തുകയും ചെയ്തു. ‘യഹോവയുടെ സാക്ഷികളാൽ സൗഖ്യമാക്കപ്പെട്ടിരിക്കുന്നു’ എന്ന് അദ്ദേഹം എന്റെ ചാർട്ടിൽ എഴുതി വച്ചു.”
ലോകത്തിന്റെ ആത്മാവിനെ ചെറുക്കൽ
ക്രുഷ്വീററ്സയുടെ തെക്കു പടിഞ്ഞാറാണ് ഷ്റോഡ ഷ്ലോൺസ്ക. ഒൻപതിനായിരം നിവാസികളുള്ള ഈ കൊച്ചു പട്ടണത്തിലും “അഭികാമ്യർ” പ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. നാലു വർഷം മുമ്പ് അവിടെ നമ്മുടെ ആത്മീയ സഹോദരിമാരിൽ ഒരാൾ മാത്രമേ ജീവിക്കുന്നുണ്ടായിരുന്നുള്ളു. എന്നിരുന്നാലും ഇന്ന് അവിടത്തെ രാജ്യപ്രസംഗകരുടെ എണ്ണം 47 ആയി ഉയർന്നിരിക്കുന്നു. സാക്ഷികളിൽ അനേകരും ഒരു കാലത്ത് ആത്മവിദ്യ, മയക്കുമരുന്നാസക്തി, അധാർമ്മികത എന്നിവയുടെ കെണിയിൽ കുരുങ്ങിക്കിടക്കുകയായിരുന്നു. ആളുകളെ ആത്മീയമായി സഹായിക്കാതെ അവരെ കുററം വിധിക്കുക മാത്രം ചെയ്യുന്ന സഭയിൽ നിലനിന്നിരുന്ന ആത്മീയ ശൂന്യാവസ്ഥയായിരുന്നു ഇതിന്റെ മുഖ്യകാരണം എന്ന് അവർ വിചാരിക്കുന്നു. സാക്ഷികൾ ജനങ്ങൾക്ക് യഥാർത്ഥ ആശ്വാസം വച്ചു നീട്ടുന്നു.
സഭകളിലെ ചെറുപ്പക്കാർ സ്കൂളിനെ പ്രസംഗവേല ചെയ്യുന്നതിനുള്ള വ്യക്തിപരമായ പ്രദേശമാക്കുന്നു. “‘നീ നിന്റെ യൗവ്വനം പാഴാക്കുകയാണ്,’ എന്ന് എന്റെ സഹപാഠികൾ മിക്കപ്പോഴും എന്നോട് പറയുന്നു,” 18 വയസ്സുകാരി കാഴാ റിപ്പോർട്ടു ചെയ്യുന്നു. “എന്നാൽ ഞാൻ അനേകം കുഴപ്പങ്ങളെ ഒഴിവാക്കിയിരിക്കുന്നു, എന്റെ ജീവിതം അർത്ഥപൂർണ്ണമായിത്തീരുകയും ചെയ്തിരിക്കുന്നു. സ്കൂളിൽ ഞാൻ പല ബൈബിൾ അദ്ധ്യയനങ്ങൾ നടത്തുന്നു, എന്റെ ഗൃഹപാഠവും വ്യക്തിപരമായ പഠനവും അവഗണിക്കുന്നതുമില്ല. ഞാൻ ‘എന്റെ യൗവ്വനം പാഴാക്കുകയാണ്’ എന്നു പറയുന്ന പെൺകുട്ടികൾ ഇപ്പോൾ തന്നെ അമ്മമാരാണ്. പ്രശ്നങ്ങളുടെ ഭാരം താങ്ങാൻ കഴിയാതെ കഷ്ടപ്പെടുകയാണ്.”
സ്ഥലത്തെ സ്കൂളുകളിൽ വാച്ച്ടവർ പ്രസിദ്ധീകരണങ്ങൾ വളരെ ജനപ്രീതി നേടിയിരിക്കുന്നു. ഉദാഹരണത്തിന്, തങ്ങളുടെ ഉപന്യാസങ്ങൾ എഴുതുന്നതിന് നമ്മുടെ എവേക്! മാസികയുടെ ലളിതമായ ശൈലി മാതൃകയാക്കാൻ പോളിഷ് ഭാഷ പഠിപ്പിക്കുന്ന ഒരു അദ്ധ്യാപിക അവരുടെ വിദ്യാർത്ഥികളോടു പറഞ്ഞു. സഹായ പയനിയറായ എവാ സ്കൂളും യഹോവയുടെ സാക്ഷികളും എന്ന ലഘുപത്രിക വളരെ സഹായകമാണെന്ന് കണ്ടെത്തിയിരിക്കുന്നു. “ഈ പ്രസിദ്ധീകരണം ഞാൻ യഥാർത്ഥത്തിൽ വിലമതിക്കുന്നു. എന്റെ അദ്ധ്യാപകർക്ക് അത് നന്നേ പരിചിതമാണ്. വലിയ കൺവെൻഷനുകൾക്ക് ഹാജരാകുന്നതിനുവേണ്ടി സ്കൂളിൽ നിന്ന് അവധി ലഭിക്കാൻ എനിക്ക് ഒരിക്കലും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.” യുവജനങ്ങളുടെ ഭാഗത്തെ അത്തരം നല്ല മനോഭാവം യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു.—സദൃശവാക്യങ്ങൾ 27:11.
കടുത്ത കുററവാളികൾ മാററം വരുത്തുന്നു
ഷ്റോഡ ഷ്ലോൺസ്കക്ക് കിഴക്കായിട്ടാണ് ഷെൽററ്സ ഒപ്പോൾസ്കിയ, അവിടെ രണ്ടു ജയിലുകൾ ഉണ്ട്. ഒന്ന് കൊടിയ കുററവാളികൾക്കു വേണ്ടിയുള്ളതും വലിയ സുരക്ഷിതത്വ ഏർപ്പാടുകളുള്ളതുമാണ്. അവിടത്തെ ജയിൽപുള്ളികൾക്ക് സത്യം എത്തിച്ചുകൊടുക്കുന്നതിനുവേണ്ടി സാക്ഷികൾ ഈ ശിക്ഷാ സ്ഥാപനങ്ങൾ ക്രമമായി സന്ദർശിക്കുന്നു, ജയിൽപുള്ളികളിൽ അനേകരും വ്യാജമതലോകസാമ്രാജ്യമായ മഹാബാബിലോന്റെയും കൂടെ അടിമകളായിരുന്നവരാണ്.—വെളിപ്പാട് 18:1-5.
സാക്ഷികൾ ജയിലിൽ കഴിയുന്ന വ്യക്തികളോടൊത്തും ചില ചെറിയ കൂട്ടങ്ങളോടൊത്തും ബൈബിൾ പഠിക്കുന്നു. അവരിൽ ചിലർ ഇതിനോടകം സ്നാപനമേററിരിക്കുന്നു. അവർ തങ്ങളുടെ ശിക്ഷയുടെ കാലാവധി അവിടെ തികക്കണമെങ്കിലും അവർ മററു ജയിൽ പുള്ളികളോടു തിരക്കോടെ സുവാർത്ത പ്രസംഗിക്കുന്നു. സ്നാപനത്തിന് ഒരുങ്ങുന്ന ഒരു തടവുകാരൻ വളരെ ശ്രദ്ധേയമായ മാററങ്ങൾ വരുത്തിയതിനാൽ ആഴ്ചയിൽ ഒരിക്കൽ വീട്ടിൽ പോകാൻ ജയിൽ അധികൃതർ അയാളെ അനുവദിച്ചു. ജയിലിൽ നിന്ന് കുററവാളികളായിട്ടല്ല, യഹോവയുടെ സാക്ഷികളായി പുറത്തുവരാനുള്ള തങ്ങളുടെ തീരുമാനം അറിയിച്ചുകൊണ്ടു മററു ചിലർ തങ്ങളുടെ കുടുംബങ്ങൾക്ക് കത്തുകൾ അയച്ചിരിക്കുന്നു.
കത്തോലിക്കാ പുരോഹിതൻമാർ അവിടെ വരാറുണ്ടായിരുന്നെന്നും എന്നാൽ അവർ യാതൊന്നും നേടിയില്ല എന്നും ആ ജയിലുകളിൽ ഒന്നിലെ മുഖ്യ ഉദ്യോഗസ്ഥൻ പരാതിപ്പെട്ടു. അദ്ദേഹം സാക്ഷികളോടു ചോദിച്ചു: “ഈ ആളുകൾക്കു മാററം വരുത്താനും അവരെ പുനരധിവസിപ്പിക്കാനും നിങ്ങളെ പ്രാപ്തരാക്കുന്നത് എന്താണ്?” ഒരു തടവുകാരൻ തന്റെ കുടുംബത്തിന് എഴുതിയ കത്ത് അതിനുള്ള മറുപടി നൽകുന്നു: “ഇവിടെ ജയിലിൽ യഹോവയുടെ സാക്ഷികൾ, പെട്ടെന്നുതന്നെ ഭൂമിയുടെമേൽ ഭരണം നടത്താൻ പോകുന്ന പുതിയ ഗവൺമെൻറായ ദൈവരാജ്യത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വിശിഷ്ടമായ വാഗ്ദത്തം എന്നോട് പറഞ്ഞിരിക്കുന്നു. ഇവിടെ ബൈബിളിന്റെ വെളിച്ചത്തിൽ എന്റെ മുൻജീവിതഗതി അപഗ്രഥിക്കാൻ എനിക്ക് സമയം ലഭിച്ചു. കൈപ്പേറിയ തീരുമാനങ്ങളിലെത്തിയ ശേഷം ഒരു സ്വതന്ത്ര മനുഷ്യനായിരിക്കുന്നതിനും ദൈവരാജ്യത്തിന്റെ ഒരു പ്രജയായി എന്നെത്തന്നെ കണ്ടെത്തുന്നതിനുമുള്ള ആഗ്രഹം എന്നെ പിടികൂടിയിരിക്കുന്നു. ഇന്ന് ഞാൻ യഹോവയുടെ സ്നാപനമേററ സാക്ഷികളിൽ ഒരാളാണ്.”
മറേറ തുറുങ്കിൽ, അനേകർ കൊലപാതകത്തിന് 25 വർഷത്തെ ശിക്ഷ അനുഭവിക്കുകയാണ്. പന്ത്രണ്ടുപേരുമായി ഒരു ക്രമമായ ബൈബിളദ്ധ്യയനം നടത്തപ്പെടുന്നുണ്ട്. അവരിലൊരാൾ തന്റെ ജീവനെ യഹോവക്കു സമർപ്പിക്കുകയും സ്നാപനമേൽക്കുകയും ചെയ്തു. മററുള്ളവർ ഈ പടികൾ സ്വീകരിക്കാൻ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ്. യഹോവയുടെ സാക്ഷികൾ ഉപയോഗിക്കുന്ന വിദ്യാഭ്യാസരീതികളുടെ നല്ല ഫലങ്ങളെ വിലമതിച്ചുകൊണ്ട് മുഖ്യജയിലുദ്യോഗസ്ഥൻമാർ പറഞ്ഞു: “എനിക്ക് 12 കുററപ്പുള്ളികളല്ലുള്ളത്. എനിക്ക് 600 പേരുണ്ട്. അവരെ പുനരധിവസിപ്പിക്കാൻ ദയവായി എന്നെ സഹായിക്കുക. നിങ്ങൾക്കാവശ്യമുള്ളതെല്ലാം ഞാൻ തരാം. എന്നാൽ ദയവായി പരിപാടി തയ്യാറാക്കുക. അവരെ പരിപാലിക്കുക!”
സഹോദരൻമാർ അങ്ങനെതന്നെ ചെയ്തു. ജീവിതത്തിന്റെ ഉദ്ദേശ്യം, ഭാവി പ്രത്യാശ, തെററായ നടത്ത ഉപേക്ഷിക്കുന്നതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള ഒരു ബൈബിൾ പരിപാടി അവർ അവതരിപ്പിച്ചു. മുൻപ് ജയിലിലായിരുന്ന, എന്നാൽ പിന്നീട് സാക്ഷിയാവുകയും കാലക്രമത്തിൽ ഒരു സഭയിൽ മൂപ്പനായി നിയമിതനാവുകയും ചെയ്ത ഒരു സഹോദരന്റെ അനുഭവങ്ങളും അവർ പറഞ്ഞു. സത്യം പഠിക്കാനിടയായ ഒരു മുൻ വജ്രമോഷ്ടാവിന്റെയും ഒരു മയക്കുമരുന്നു ദുരുപയോഗിയുടെയും ജീവചരിത്രത്തിൽ നിന്നുള്ള സവിശേഷഭാഗങ്ങളും സാക്ഷികൾ അവതരിപ്പിച്ചു.a സന്നിഹിതരായിരുന്ന 20 തടവുകാർ പരിപാടി വളരെ രസകരമെന്ന് കണ്ടെത്തുകയും അനേകം ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. ചിലർ ബൈബിൾ അദ്ധ്യയനം ആവശ്യപ്പെടുക പോലും ചെയ്തു.
വിശ്വാസവും സഹിഷ്ണുതയും പരിശോധിക്കപ്പെടുന്നു
ഉക്രെയിനിന്റെ അതിർത്തിയോടടുത്ത് 12,000 ആളുകൾ അധിവസിക്കുന്ന ഒരു കൊച്ചു പട്ടണമാണ് ലുബാക്കുഫ്. അവിടെയുണ്ടായിരുന്ന 12 പ്രസംഗകരെ സഹായിക്കാൻ 1988-ൽ പയനിയർമാർ അവിടെ എത്തിയപ്പോൾ അവിടത്തെ സുവിശേഷവേലക്ക് ആക്കംകൂടി. ഇപ്പോൾ അവിടെ 72 സജീവ പ്രസംഗകരുണ്ട്, പുതുതായി പണിയപ്പെട്ട രാജ്യഹാളിൽ 1991-ലെ സ്മാരകാചരണത്തിന് 150പേർ ഹാജരായി.
ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂററിഒന്ന് ജൂണിൽ പോപ്പ് ജോൺപോൾ II-ാമൻ ലുബാക്കുഫ് സന്ദർശിച്ചു. എന്നാൽ ആളുകളിൽ യഥാർത്ഥ വിശ്വാസം ഉത്തേജിപ്പിക്കുന്നതിന് അത് യാതൊരു പ്രകാരത്തിലും സഹായിച്ചില്ല. അവരിൽ അനേകരും ജീവിതത്തിന്റെ ഉദ്ദേശ്യം, ഭാവിപ്രത്യാശ എന്നിവ സംബന്ധിച്ചുള്ള സംശയങ്ങളാലും ചോദ്യങ്ങളാലും ശല്യം അനുഭവിക്കുന്നു. വൈദികരിൽ നിന്നു തൃപ്തികരമായ ഉത്തരങ്ങൾ ലഭിക്കാൻ കഴിയാത്തപ്പോൾ അവർ യഹോവയുടെ സാക്ഷികളിലേക്ക് തിരിയുന്നു. ആദ്യമൊക്കെ സ്വന്തം മതത്തിന് പുറംതിരിഞ്ഞു കളയുന്നതിന് അവർക്ക് മനസ്സാക്ഷിക്കുത്ത് അനുഭവപ്പെടുമെങ്കിലും അവർ പഠിക്കുന്ന ബൈബിൾ സത്യങ്ങൾ തങ്ങൾ ശരിയായ തീരുമാനമാണ് എടുത്തിരിക്കുന്നത് എന്നു കാണാൻ അവരെ സഹായിക്കുന്നു.
ഇപ്പോൾ ഒരു സാധാരണ പയനിയറായിരിക്കുന്ന ഒണോറാററയുടെ അനുഭവം തന്നെ ഒരു ഉദാഹരണമാണ്. ഏകദേശം ഒരു വർഷം മുമ്പ് കുമ്പസാരത്തിനിടയിൽ ദൈവത്തിന്റെ പേരെന്താണ് എന്ന് അവൾ പുരോഹിതനോട് ചോദിച്ചു. “ദൈവം സ്നേഹമാകുന്നു—അതാണ് അവന്റെ ഏററം സുന്ദരമായ നാമം,” പുരോഹിതൻ മറുപടി പറഞ്ഞു. ഒരു നിമിഷം കഴിഞ്ഞ് അയാൾ കൂട്ടിച്ചേർത്തു: “നീ ഒരു തൊട്ടി തെളിഞ്ഞ വെള്ളംപോലെയാണ്, ആരോ അതിലേക്ക് മഷി ഒഴിച്ചിരിക്കുന്നു. അതു ഇനിയും തിരിച്ചെടുക്കാനാവില്ല.” അവൾക്ക് അങ്ങനെ ഉത്തരം കിട്ടി. “ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീരുമെന്ന് അപ്പോൾ തന്നെ ഞാൻ തീരുമാനിച്ചു,” ഒണോറാററ പറയുന്നു. “അതും തിരിച്ചെടുക്കാനാവില്ല.”
ലുബാക്കുഫിൽ സത്യം പഠിച്ച എല്ലാവർക്കും തന്നെ ശക്തമായ, എന്തിന് ഭ്രാന്തമായ എതിർപ്പിനെ നേരിടേണ്ടിവന്നു. എന്നാൽ അത് ബൈബിൾ സത്യം ആശ്ലേഷിക്കുന്നതിൽ നിന്നും യഹോവക്കുവേണ്ടി തങ്ങളുടെ നിലപാട് സ്വീകരിക്കുന്നതിൽ നിന്നും അവരെ തടഞ്ഞില്ല.
എൽഴബിയററ വിവരിക്കുന്നു: “ആദ്യം വീട്ടിൽവച്ച് അവർ [എന്റെ മാതാപിതാക്കൾ] എന്നെ അടിച്ചു. പിന്നീട് അവർ രാജ്യഹാളിലേക്ക് തള്ളിക്കയറി വന്നു. . . . അവർ എന്നെ പിടിച്ച് വീട്ടിൽ കൊണ്ടുപോയി ഒരു മുട്ടവടികൊണ്ട് “നീതി നടപ്പാക്കാൻ” തുടങ്ങി. യഹോവയുടെ സാക്ഷികളോടൊപ്പം സഹവസിക്കുന്നതിന്റെ പേരിൽ മാത്രം ഉള്ളങ്കാൽ മുതൽ നെറുകംതലവരെ എനിക്ക് അടിയും തൊഴിയും കിട്ടി. എന്നെ വളരെ കഠിനമായി പ്രഹരിച്ചതിനാൽ എനിക്ക് അടിയന്തിര വൈദ്യസഹായം ആവശ്യമായി വരികയും എന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. യഹോവ എന്നെ സഹായിക്കുകയും ഞാൻ സുഖംപ്രാപിക്കുകയും ചെയ്തു. എന്റെ കുടുംബം എന്നെ പുറന്തള്ളി. ഞാൻ ഇതേപ്പററി പുരോഹിതനോട് പറഞ്ഞപ്പോൾ, ‘ഏതാനും അടികൊണ്ടതിന്റെ പേരിൽ പരാതി പറയാൻ വന്നിരിക്കുകയാണോ?’ എന്നു ചോദിച്ചുകൊണ്ട് അദ്ദേഹം എന്നെ പരിഹസിച്ചു.”
മറെറാരു സഹോദരി ഇപ്രകാരം അനുസ്മരിക്കുന്നു: “എല്ലാ വർഷവും കുരിശിന്റെ വഴിയിലൂടെ മുട്ടിൻമേൽ നീന്താൻ ഞാൻ ചെൻസ്ററക്കോവക്കു പോകുമായിരുന്നു, അത് ആത്മാർത്ഥതയുള്ള എല്ലാ കത്തോലിക്കരുടെയും കടമയായി ഞാൻ കണക്കാക്കി. എന്റെ മുട്ടിൻമേൽ ഇപ്പോഴും അതിന്റെ വടുക്കളുണ്ട്.” 18-ാമത്തെ വയസ്സിൽ അവൾ സത്യം പഠിക്കുകയും താൻ ഇനി തിരിച്ച് പള്ളിയിലേക്കില്ല എന്ന് പുരോഹിതനോടും കുടുംബാംഗങ്ങളോടും പറയുകയും ചെയ്തു. അവൾ കഠിനമായി മർദ്ദിക്കപ്പെട്ടു—“പ്രഹരം വളരെ കഠിനമായിരുന്നതിനാൽ എന്റെ തലച്ചോറിന് ക്ഷതമേററു,” അവൾ റിപ്പോർട്ടു ചെയ്യുന്നു. “എന്നാൽ ആശുപത്രിയിൽ എന്റെ നില മെച്ചപ്പെട്ടതുകൊണ്ട് എനിക്ക് ‘സ്വാതന്ത്ര്യ സ്നേഹികൾ’ ഡിസ്ട്രിക്ററ് കൺവെൻഷനിൽ സംബന്ധിക്കാൻ കഴിഞ്ഞു. മതഭ്രാന്തില്ലാത്ത ആളുകൾക്കിടയിലെ യഥാർത്ഥ ഐക്യവും സ്നേഹവും കണ്ടപ്പോൾ സന്തോഷം കൊണ്ട് ഞാൻ കണ്ണീർ വാർത്തു—ചെൻസ്ററക്കോവയിൽ ഞാൻ അത് ഒരിക്കലും കണ്ടിരുന്നില്ല. യഹോവയുടെ നൻമ അനുഭവിച്ചറിയാൻ കഴിഞ്ഞതിലും അവനിൽ ആശ്രയിക്കാൻ പഠിച്ചതിലും ഞാൻ എത്ര സന്തുഷ്ടയാണ്.” യഹോവയുടെമേൽ തങ്ങളുടെ ഭാരങ്ങളെ വയ്ക്കുന്നവരെ അവൻ ശക്തിപ്പെടുത്തുകയും പിന്താങ്ങുകയും ചെയ്യുന്നു.—സങ്കീർത്തനം 55:22.
മററ് രാജ്യങ്ങളിലെന്നപോലെ ഈ കത്തോലിക്കാരാജ്യത്തിലും മഹാബാബിലോന്റെ തടങ്കലിൽ കഴിഞ്ഞിരുന്ന അനേകർ “അവളെ വിട്ടുപോരാനുള്ള” ആഹ്വാനത്തിന് ചെവി കൊടുത്തുകൊണ്ടിരിക്കുന്നു. അത് യഹോവയുടെ ഇഷ്ടമാണെങ്കിൽ നിർഭയരായ അവന്റെ ജനം പോളണ്ടിൽ ഉടനീളം ചിതറിക്കിടക്കുന്ന “അഭികാമ്യരെ” കൂട്ടിച്ചേർക്കുന്ന വേല ഇനിയും തുടരും. തീർച്ചയായും ഇനിയും അനേകർ “‘വരിക!’ ദാഹിക്കുന്ന ഏവനും വരട്ടെ; ഇച്ഛിക്കുന്ന ഏവനും ജീവജലം സൗജന്യമായി വാങ്ങട്ടെ” എന്ന ആഹ്വാനത്തോട് പ്രതികരണം കാട്ടും.—വെളിപ്പാട് 18:4; 22:17.
[അടിക്കുറിപ്പ്]
a ആയിരത്തിത്തൊള്ളായിരത്തിഎൺപത്തിമൂന്ന് ഒക്ടോബർ 8, എവേക്! പേജുകൾ 16-19ഉം 1987 നവംബർ 22, എവേക്! പേജുകൾ 21-3ഉം കാണുക.
[24-ാം പേജിലെ ഭൂപടം]
[പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.]
പോളണ്ട്
ഷ്ററൂം
ക്രുഷ്വീററ്സ
പൊസ്നാൻ
വാർസ്സോ
ഷ്റോഡ ഷ്ലോൺസ്ക
സെസ്റേറാക്കോവ
ഷെൻററ്സ ഒപ്പോൾസ്കിയ
ലുബാക്കുഫ്
[26-ാം പേജിലെ ചിത്രം]
പോളണ്ടിലെ ക്രുഷ്വീററ്സയിൽ രാജ്യദൂത് പ്രസംഗിക്കുന്നു